November 23 Monday 2026

പങ്കാളിത്ത പെൻഷൻ: തിരുത്തേണ്ട നയപരമായ തെറ്റ്‌

ഒരു ക്ഷേമരാഷ്ട്രത്തിന്റെ സ്വഭാവം നിർണയിക്കപ്പെടുന്നത്‌ അതിന്റെ ഖജനാവിൽ എത്ര പണമുണ്ട്‌ എന്നതിനാലല്ല, മറിച്ച്‌ മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ ഏതൊക്കെയാണ്‌ ഭരണകൂടം പൊതു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നത്‌ എന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്‌ ഒരു ഭരണകൂടത്തിന്റെ സാമൂഹികസ്വഭാവം നിർണയിക്കാനാവുക. ഖജനാവ്‌ കാലിയാണെന്നും ചെലവുകൾ കുറയ്‌ക്കണമെന്നുമുള്ള നിരന്തര ചർച്ചകളാൽ സജീവമായ ഒരു രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിൽ ഈ അടിസ്ഥാനം ഏറെ പ്രസക്തമാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, വാർധക്യം, സാമൂഹികസുരക്ഷ എന്നിവയെ വ്യക്തിയുടെ സാമ്പത്തികശേഷിക്കും വിപണിയുടെ ചാഞ്ചാട്ടങ്ങൾക്കും വിട്ടുകൊടുക്കാതെ സാമൂഹിക ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നതാണ്‌ ക്ഷേമരാഷ്ട്രത്തിന്റെ കാതൽ. വയോജനക്ഷേമത്തിനായി പ്രത്യേക വകുപ്പ്‌ രൂപീകരിച്ച്‌ കേരളം മുന്നോട്ടുപോയിട്ടുള്ളതും ഈ സാമൂഹികബോധത്തിന്റെ തുടർച്ചയായാണ്‌.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക വികസനകാഴ്‌ചപ്പാടിലും ഈ ആശയത്തിനായിരുന്നു നിർണായക സ്ഥാനം. അതുകൊണ്ടാണ്‌ 1955ലെ ആവടി കോൺഗ്രസ്‌ സമ്മേളനം ക്ഷേമരാഷ്ട്രവും സാമൂഹികനീതിയിലധിഷ്‌ഠിതമായ സാമ്പത്തികക്രമവും ദേശീയലക്ഷ്യമായി മുന്നോട്ടുവയ്‌ക്കുകയും ദേശീയസമ്പത്തിന്റെ നീതിപൂർവമായ വിതരണം, ആസൂത്രിത വികസനം, അതിൽ ഭരണകൂടത്തിന്റെ നിർണായക പങ്ക്‌ എന്നിവയ്‌ക്ക്‌ പ്രാധാന്യം നൽകുകയും ചെയ്‌തത്‌. വിപണിയെയും സ്വകാര്യ മേഖലയെയും പൂർണമായി നിരാകരിക്കുന്നതായിരുന്നില്ല നെഹ്‌റുവിയൻ മിശ്രസാമ്പത്തിക വ്യവസ്ഥ. എന്നാൽ, പൊതുതാൽപര്യത്തിനുമുകളിൽ വിപണിയെ പ്രതിഷ്‌ഠിക്കുന്നതുമല്ല അതിന്റെ കാഴ്‌ചപ്പാട്‌. സാമ്പത്തികവളർച്ചയുടെ അന്തിമലക്ഷ്യം മനുഷ്യന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തലും സമ്പത്തിന്റെ നീതിപൂർവമായ വിതരണവുമാകണമെന്നായിരുന്നു അതിന്റെ അടിസ്ഥാനദർശനം.

ഈ അടിസ്ഥാനത്തിൽ നിന്നാണ്‌ സർക്കാർ ജീവനക്കാരുടെ പെൻഷനെയും വിലയിരുത്തേണ്ടത്‌. ഒരു നിയമം പാസാകുന്നതുകൊണ്ടോ ഒരു സർക്കാർ ഉത്തരവിറങ്ങുന്നതുകൊണ്ടോ അതിന്റെ ലക്ഷ്യം ജനജീവിതത്തിൽ യാഥാർഥ്യമാകുന്നില്ല. നിയമങ്ങൾക്കും നയങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ജീവൻ നൽകുന്നത്‌ പൊതുസ്ഥാപനങ്ങളും അവയിൽ പ്രവർത്തിക്കുന്ന മനുഷ്യരുമാണ്‌. കേരളത്തിന്റെ ഭൂപരിഷ്‌കരണവും പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സാമൂഹികസുരക്ഷാ സംവിധാനങ്ങളും അധികാരവികേന്ദ്രീകരണവും രാഷ്ട്രീയ പ്രഖ്യാപനങ്ങളുടെ മാത്രം വിജയമല്ല. അവയെ ജനജീവിതത്തിലേക്ക്‌ എത്തിച്ച സിവിൽ സർവീസും അധ്യാപകരുമടക്കമുള്ള മനുഷ്യവിഭവശേഷി കൂടി കേരളത്തിന്റെ സാമൂഹിക വികസനത്തിന്റെ അടിസ്ഥാനഘടകമാണ്‌. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തെയും പെൻഷനെയും കേവല ഭരണച്ചെലവായി മാത്രം കാണുന്നത്‌ പൊതുഭരണത്തെക്കുറിച്ചുള്ള അപൂർണമായ കാഴ്‌ചപ്പാടാണ്‌. മികച്ച പൊതുസേവനം ലഭിക്കണമെങ്കിൽ കഴിവും വൈദഗ്‌ധ്യവുമുള്ള മനുഷ്യരെ പൊതുസേവനത്തിലേക്ക്‌ ആകർഷിക്കാനും നിലനിർത്താനും കഴിയണം. അതിന്‌ മാന്യമായ വേതനവും സേവനവ്യവസ്ഥകളും മാത്രമല്ല, സേവനാനന്തര ജീവിതത്തിലെ ഉറപ്പുള്ള സാമ്പത്തികസുരക്ഷയും ആവശ്യമാണ്‌.

മാറിയത്‌ പെൻഷൻ മാത്രമായിരുന്നില്ല
2013 ഏപ്രിൽ ഒന്നുമുതൽ കേരള സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക്‌ അന്നത്തെ യു.ഡി.എഫ്‌ സർക്കാർ പങ്കാളിത്ത പെൻഷൻ ബാധകമാക്കി. അതുവരെ കേരള സർവീസ്‌ ചട്ടങ്ങൾ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ സേവനകാലവും ശമ്പളവും അടിസ്ഥാനമാക്കിയുള്ള നിർവചിക്കപ്പെട്ട ആനുകൂല്യമാണ്‌ ജീവനക്കാരന്‌ ലഭിച്ചിരുന്നത്‌. പെൻഷന്റെ അന്തിമ ഉത്തരവാദിത്തം തൊഴിലുടമയായ സർക്കാരിനായിരുന്നു. 2013ലെ പങ്കാളിത്ത പെൻഷൻ അത്‌ ജീവനക്കാരന്റെയും സർക്കാരിന്റെയും നിശ്ചിത വിഹിതം നിക്ഷേപിക്കുന്ന നിർവചിക്കപ്പെട്ട വിഹിത സംവിധാനത്തിലേക്ക്‌ മാറ്റി. ജീവനക്കാരന്റെയും സർക്കാരിന്റെയും വിഹിതത്തിൽ രൂപപ്പെടുന്ന നിധി, അതിന്റെ നിക്ഷേപഫലം, വിരമിക്കുമ്പോഴുള്ള സമാഹൃത തുക, അതിൽനിന്ന്‌ വാർഷികവേതന പദ്ധതിക്കായി മാറ്റിവയ്‌ക്കുന്ന തുക എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്‌ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക്‌ പെൻഷൻ ലഭിക്കുന്നത്‌. അതുകൊണ്ട്‌ ഇവിടെ മാറിയത്‌ പെൻഷൻ കണക്കാക്കുന്ന ഒരു സൂത്രവാക്യം മാത്രമല്ല. ജീവനക്കാരന്റെ വാർധക്യത്തിലെ സാമ്പത്തിക ആവശ്യത്തിന്റെ നിയമപരമായ ഉത്തരവാദിത്തം ആരാണ്‌ ഏറ്റെടുക്കുന്നത്‌ എന്ന അടിസ്ഥാനതത്വമാണ്‌ മാറിയത്‌.

പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട ജീവനക്കാർ വിരമിച്ചുതുടങ്ങിയപ്പോൾ തന്നെ ഈ പദ്ധതിയുടെ പരിമിതികളും വ്യക്തമായിട്ടുണ്ട്‌. കുറഞ്ഞ സേവനകാലം മാത്രം പങ്കാളിത്ത പെൻഷൻ നിക്ഷേപത്തിനായി ലഭിച്ചിട്ടുള്ള പലർക്കും ലഭിക്കുന്നത്‌ നാമമാത്രമായ പെൻഷനാണ്‌. വിരമിച്ച പങ്കാളിത്ത പെൻഷൻ ജീവനക്കാരിൽ സാമൂഹികക്ഷേമ പെൻഷനായ രണ്ടായിരം രൂപയേക്കാൾ കുറഞ്ഞ തുക ലഭിക്കുന്നവർ ഏറെയുണ്ട്‌ എന്ന പ്രശ്‌നം കേരള നിയമസഭയിലും ഉയർന്നിട്ടുണ്ട്‌. സർക്കാർ ഇതുസംബന്ധിച്ച സമഗ്രമായ കണക്ക്‌ പൊതുസമൂഹത്തിനു മുന്നിൽ വെച്ചിട്ടില്ലെങ്കിലും, കുറഞ്ഞ സേവനകാലത്തോടെ വിരമിച്ച ജീവനക്കാർക്ക്‌ വളരെ ചെറിയ പെൻഷൻ ലഭിക്കുന്നു എന്ന യാഥാർഥ്യം പങ്കാളിത്ത പെൻഷന്റെ ആദ്യ അനുഭവങ്ങളിൽ തന്നെ വ്യക്തമാണ്‌. ഇതിന്റെ സാമൂഹികവൈരുധ്യം അതിലും വലുതാണ്‌. വർഷങ്ങളോളം സർക്കാർ സർവീസിൽ ജോലി ചെയ്‌ത ഒരാളുടെ പെൻഷൻ അടിസ്ഥാന സാമൂഹികസുരക്ഷാ പെൻഷനുമായി താരതമ്യം ചെയ്യേണ്ടിവരുന്ന അവസ്ഥ തന്നെ പങ്കാളിത്ത പെൻഷൻ സംവിധാനത്തിന്റെ അപര്യാപ്‌തതയെക്കുറിച്ചുള്ള ഗൗരവമുള്ള ചോദ്യം ഉയർത്തുന്നതാണ്‌.

ഒരു പെൻഷൻ പദ്ധതിയുടെ വിജയം അതിന്റെ നിക്ഷേപനിധി എത്ര വളർന്നു എന്നതുകൊണ്ടോ ഫണ്ട്‌ മാനേജർമാർ എത്ര വരുമാനം ഉണ്ടാക്കി എന്നതുകൊണ്ടോ അളക്കാനാവില്ല. വിരമിക്കുന്ന ജീവനക്കാരന്‌ അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സ്ഥിരവും മതിയായതുമായ സാമ്പത്തികസുരക്ഷ നൽകുന്നുണ്ടോ എന്നതാണ്‌ അതിന്റെ അടിസ്ഥാന വിജയ മാനദണ്ഡം. ആ മാനദണ്ഡത്തിൽ കേരളത്തിലെ പങ്കാളിത്ത പെൻഷന്റെ ആദ്യ അനുഭവങ്ങൾ തന്നെ പദ്ധതിയുടെ ഗുരുതരമായ പരാജയമാണ്‌ വെളിപ്പെടുത്തുന്നത്‌. കുറഞ്ഞ സേവനകാലമാണ്‌ ചെറിയ പെൻഷന്‌ കാരണമെന്ന വിശദീകരണം പ്രശ്‌നത്തിനുള്ള മറുപടിയല്ല, മറിച്ച്‌ കുറഞ്ഞ സേവനകാലത്തോടെ വിരമിക്കുന്ന ഒരു ജീവനക്കാരന്റെ വാർധക്യസുരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനത്തിന്‌ കഴിയുന്നില്ല എന്ന പരിമിതിയുടെ സമ്മതമാണ്‌.

പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയപ്പോൾ നഷ്ടപ്പെട്ടത്‌ പെൻഷൻ മാത്രമല്ല, തൊഴിൽജീവിതം അവസാനിക്കുമ്പോൾ തൊഴിലാളിക്ക്‌ ലഭിക്കേണ്ട നിയമാനുസൃത സേവനാവകാശങ്ങളിലൊന്നായ ഗ്രാറ്റുവിറ്റിയും കൂടിയാണ്‌. സ്വകാര്യ-പൊതു മേഖലകളിൽ ഗ്രാറ്റുവിറ്റി നിയമം ബാധകമാകുമ്പോൾ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ബന്ധപ്പെട്ട സേവനചട്ടങ്ങളാണ്‌ ഈ അവകാശത്തിന്‌ അടിസ്ഥാനമാകുന്നത്‌. കേരള സർവീസ്‌ ചട്ടങ്ങൾ പ്രകാരമുള്ള പഴയ പെൻഷൻ ജീവനക്കാർക്ക്‌ Death-cum-Retirement Gratuity അവരുടെ സേവനാനന്തര അവകാശങ്ങളുടെ ഭാഗമായിരുന്നു. എന്നാൽ, 2013നുശേഷം പങ്കാളിത്ത പെൻഷൻ ബാധകമായ സർക്കാർ ജീവനക്കാർക്ക്‌ ആ DCRG നിഷേധിക്കപ്പെട്ടു. അതായത്‌, ഒരു വശത്ത്‌ ഉറപ്പുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ എടുത്തുമാറ്റുകയും മറുവശത്ത്‌ സേവനകാലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട ഗ്രാറ്റുവിറ്റി നിഷേധിക്കുകയും ചെയ്‌തു. പിന്നീട്‌ സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതിക്ക്‌ പോലും ജീവനക്കാർക്ക്‌ DCRG അനുവദിക്കണമെന്ന്‌ പ്രത്യേകം ശുപാർശ ചെയ്യേണ്ടിവന്നത്‌ ഈ നിഷേധത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പങ്കാളിത്ത പെൻഷനിലേക്കുള്ള സർക്കാർ വിഹിതം 10 ശതമാനത്തിൽനിന്ന്‌ കേന്ദ്ര സർക്കാറിന്‌ സമാനമായി 14 ശതമാനമാക്കണമെന്നും ഈ സമിതി ശുപാർശ ചെയ്‌തിരുന്നു.

നാമമാത്ര പെൻഷനോടൊപ്പം ഗ്രാറ്റുവിറ്റിയും ഇല്ലാത്ത സ്ഥിതി വിരമിച്ച ജീവനക്കാരന്റെ സേവനാനന്തര സാമ്പത്തികസുരക്ഷയ്‌ക്കുള്ള ഇരട്ട തിരിച്ചടിയാണ്‌. ഇവിടെയാണ്‌ പെൻഷനെ സംബന്ധിച്ച ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനദർശനത്തിന്‌ പ്രസക്തിയേറുന്നത്‌. ഡി.എസ്‌. നകരാ കേസുമുതൽ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച തത്വം പെൻഷൻ ഭരണകൂടത്തിന്റെ ഔദാര്യമല്ല എന്നതാണ്‌. അത്‌ കഴിഞ്ഞകാല സേവനത്തിന്റെ അടിസ്ഥാനത്തിൽ നേടിയ അവകാശവും സേവന കാലത്തെ പ്രതിഫലത്തിൽ നിന്ന്‌ മാറ്റിവെക്കപ്പെട്ട ഭാഗവും സാമൂഹികസുരക്ഷയുമാണ്‌. ‘മാറ്റിവെക്കപ്പെട്ട വേതനം’ എന്ന ആശയത്തിന്‌ ഇവിടെ വളരെ വ്യക്തമായ സാമ്പത്തിക അർഥമുണ്ട്‌. ജീവനക്കാരന്റെ തൊഴിൽപ്രതിഫലം മാസശമ്പളത്തിൽ അവസാനിക്കുന്നില്ലെന്നും സേവനാനന്തര സുരക്ഷയും ആ തൊഴിൽബന്ധത്തിന്റെ ഭാഗമാണ്‌ എന്നത്‌ കൂടിയാണത്‌. അതുകൊണ്ടാണ്‌ പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ ജീവനക്കാരന്റെ വാർധക്യത്തിലെ സാമ്പത്തികസുരക്ഷ തൊഴിലുടമയായ സർക്കാരിന്റെ ഉത്തരവാദിത്തമായി നിലകൊണ്ടത്‌.

അങ്ങനെയെങ്കിൽ സർക്കാർ പിന്നീട്‌ നൽകേണ്ട ആ മാറ്റിവെക്കപ്പെട്ട പ്രതിഫലത്തിനായി ജീവനക്കാരന്റെ ഇന്നത്തെ ശമ്പളത്തിൽനിന്നുതന്നെ നിർബന്ധിതമായി പണം പിടിക്കുന്നത്‌ അടിസ്ഥാനപരമായൊരു മാറ്റമാണ്‌. സർക്കാർ മാറ്റിവയ്‌ക്കേണ്ട വേതനത്തിന്റെ ഒരു ഭാഗം ജീവനക്കാരൻ തന്നെ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്‌ പങ്കാളിത്ത പെൻഷൻ സൃഷ്ടിച്ചത്‌. ഇത്‌ കേവലം സർക്കാരും ജീവനക്കാരനും ഓരോ വിഹിതം നൽകുന്ന കണക്കിന്റെ പ്രശ്‌നമല്ല. സാമൂഹികസുരക്ഷയുടെ ഉത്തരവാദിത്തം ഭരണകൂടത്തിൽനിന്ന്‌ വ്യക്തിയിലേക്കും അവിടെനിന്ന്‌ ധനവിപണിയിലേക്കും മാറ്റുന്ന നവഉദാരവത്‌കരണ സാമ്പത്തിക സമീപനത്തിന്റെ ഭാഗമാണ്‌. അതുകൊണ്ടുതന്നെ പങ്കാളിത്ത പെൻഷൻ സർക്കാർ ജീവനക്കാരുടെ മാത്രം പ്രശ്‌നമല്ല. ഭരണകൂടത്തിന്റെ സാമൂഹിക സുരക്ഷാ ഉത്തരവാദിത്തം എവിടെ അവസാനിക്കണം എന്ന വലിയ ചോദ്യമാണ്‌ അത്‌ ഉയർത്തുന്നത്‌.

എതിർത്ത നയം പത്തുവർഷം തുടർന്നപ്പോൾ
ഈ പശ്ചാത്തലത്തിലാണ്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാരിന്റെ വഞ്ചനാപരമായ നിലപാട്‌ കൂടുതൽ ഗൗരവമായി പരിശോധിക്കപ്പെടേണ്ടത്‌. പങ്കാളിത്ത പെൻഷനെ ശക്തമായി എതിർത്ത ഇടതുപക്ഷം അധികാരത്തിലെത്തിയാൽ അത്‌ പിൻവലിക്കുമെന്ന രാഷ്ട്രീയ പ്രതീക്ഷയാണ്‌ ജീവനക്കാരിൽ സൃഷ്ടിച്ചിരുന്നത്‌. 2016ലെ തെരഞ്ഞെടുപ്പിൽ പദ്ധതി പുനഃപരിശോധിക്കുമെന്ന്‌ എൽ.ഡി.എഫ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, അധികാരത്തിലെത്തിയ ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തയ്യാറായില്ലെന്ന്‌ മാത്രമല്ല, ഏറെക്കാലം തന്ത്രപരമായ മൗനം പാലിക്കുകയും ചെയ്‌തു. ജീവനക്കാരുടെ സമ്മർദം ശക്തമായതോടെയാണ്‌ അധികാരത്തിലെത്തി രണ്ടുവർഷത്തിലധികം കഴിഞ്ഞ്‌ 2018ൽ പുനഃപരിശോധനാ സമിതി രൂപീകരിച്ചത്‌. ആ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ 2021 ഏപ്രിലിലാണ്‌. റിപ്പോർട്ട്‌ പൊതുസമൂഹത്തിനു മുന്നിലെത്തിയത്‌ 2023 നവംബറിൽ സുപ്രീംകോടതി ഇടപെടലിനു ശേഷവും. ഇത്ര പ്രധാനപ്പെട്ട ഒരു നയപ്രശ്‌നത്തെ വർഷങ്ങളോളം സമിതിയിലും റിപ്പോർട്ടിലും കുടുക്കിയതിനെ കേവലം നീട്ടിവെക്കൽ എന്ന വിമർശനത്തിൽ ഒതുക്കാനാവില്ല. ജീവനക്കാരിൽ സൃഷ്ടിച്ച പ്രതീക്ഷയുടെ പശ്ചാത്തലത്തിൽ അതിനെ വഞ്ചനയെന്നുതന്നെ വിലയിരുത്തേണ്ടിവരും.

ഇടത്‌ സർക്കാർ നിയമിച്ച സമിതിക്കും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന്‌ പറയാനുള്ള സാമ്പത്തിക-സാമൂഹിക കാഴ്‌ചപ്പാടുണ്ടായില്ല എന്ന യാഥാർഥ്യവും മുന്നിലുണ്ട്‌. ദീർഘകാല സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി പങ്കാളിത്ത പെൻഷൻ പദ്ധതി തുടരണമെന്ന നിലപാട്‌ സ്വീകരിച്ച സമിതി പോലും ഇത്‌ പിൻവലിക്കുന്നതിന്‌ നിയമപരമായ തടസ്സമില്ലെന്നും സർക്കാർ വിഹിതം ഉയർത്തണമെന്നും DCRG അനുവദിക്കണമെന്നും ശിപാർശ ചെയ്‌തു. എന്നാൽ, രണ്ട്‌ ഭരണകാലങ്ങൾ പൂർത്തിയാക്കിയിട്ടും അടിസ്ഥാന പ്രശ്‌നത്തിന്‌ ഇടതുപക്ഷ സർക്കാർ പരിഹാരമുണ്ടാക്കിയില്ല.

ഇതിലെ രാഷ്ട്രീയ വൈരുധ്യം അതിലും അപ്പുറമാണ്‌. പങ്കാളിത്ത പെൻഷൻ നടപ്പാക്കുകയും ജീവനക്കാരന്റെയും സർക്കാരിന്റെയും വിഹിതം യഥാസമയം നിക്ഷേപിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങൾക്ക്‌ ആ വിഹിതത്തിന്‌ അനുസൃതമായി സാധാരണ കടമെടുപ്പ്‌ പരിധിക്കു മുകളിൽ അധിക കടമെടുപ്പ്‌ സൗകര്യം കേന്ദ്രം അനുവദിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ തുടരുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഈ അധിക ധനകാര്യസൗകര്യം ഇടതുപക്ഷ സർക്കാർ ഉപയോഗിച്ചു. ഒരു വശത്ത്‌ പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന്‌ ജീവനക്കാരോട്‌ പറയുകയും മറുവശത്ത്‌ അതേ സംവിധാനം തുടരുന്നതിലൂടെ ലഭിക്കുന്ന അധിക കടമെടുപ്പ്‌ സൗകര്യം സംസ്ഥാനത്തിന്റെ ധനകാര്യനിർവഹണത്തിന്റെ ഭാഗമാക്കുകയും ചെയ്‌തതിലാണ്‌ കഴിഞ്ഞ സർക്കാരിന്റെ നിലപാടിലെ ഏറ്റവും ഗൗരവമുള്ള രാഷ്ട്രീയ വൈരുധ്യം. പങ്കാളിത്ത പെൻഷനെ എതിർത്ത ഇടതുപക്ഷ സർക്കാർ അതിന്റെ അടിസ്ഥാന സാമ്പത്തികക്രമത്തിൽനിന്ന്‌ പിന്മാറാതെ അതിലൂടെ ലഭിച്ച ധനകാര്യസൗകര്യവും ഉപയോഗിച്ചു.

ഒന്നും രണ്ടും എൽഡിഎഫ്‌ സർക്കാരുകളുടെ ജീവനക്കാരോടുള്ള സമീപനം പെൻഷനിൽ മാത്രം ഒതുങ്ങിയില്ല. വിലക്കയറ്റം മൂലം ശമ്പളത്തിന്റെ വാങ്ങൽശേഷിയിൽ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കേണ്ട ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമാശ്വാസവും ദീർഘകാലം കുടിശ്ശികയാക്കി. പങ്കാളിത്ത പെൻഷൻ പിൻവലിക്കാതിരിക്കുക, ഗ്രാറ്റുവിറ്റി അനുവദിക്കാതിരിക്കുക, അർഹമായ ക്ഷാമബത്തയും ക്ഷാമാശ്വാസവും വർഷങ്ങളോളം കുടിശ്ശികയാക്കുക, പങ്കാളിത്ത പെൻഷൻ സംവിധാനവുമായി ബന്ധപ്പെട്ട അധിക വായ്‌പാസൗകര്യം ഉപയോഗിക്കുക തുടങ്ങിയവയെ ഓരോന്നായി വേർതിരിച്ചുനോക്കുന്നതിനേക്കാൾ ജീവനക്കാരന്റെ സേവനാവകാശങ്ങളെ നിഷേധിച്ച്‌ ധനകാര്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പമാർഗമായി അവരെ തന്നെ പണയം വെക്കുന്ന നയസമീപനത്തെ മുന്നിൽ വെച്ചാണ്‌ കഴിഞ്ഞ പത്തുവർഷത്തെ ഇടതുസർക്കാരിനെ വിലയിരുത്തേണ്ടത്‌.

ഭരണകാലത്തിന്റെ അവസാനഘട്ടത്തിലാണ്‌ കഴിഞ്ഞ എൽ.ഡി.എഫ്‌ സർക്കാർ Assured Pension Scheme പ്രഖ്യാപിച്ചത്‌. പത്തുവർഷത്തെ ഭരണത്തിന്റെ അവസാന ബജറ്റിലാണ്‌ അടിസ്ഥാനപ്രശ്‌നത്തിന്‌ ഒരു ബദൽ അവതരിപ്പിക്കാൻ ശ്രമിച്ചത്‌. അതാകട്ടെ കേന്ദ്രസർക്കാറിന്റെ UPS ന്റെ കോപ്പിയടിയുമായിരുന്നു. 2026ലെ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ആഴത്തിലുള്ള തോൽവിയെ ഏതെങ്കിലും ഒരു കാരണത്തിലേക്ക്‌ ചുരുക്കാനാവില്ലെങ്കിലും സർക്കാർ ജീവനക്കാരിൽ വളർന്ന അതൃപ്‌തിയെ അതിൽനിന്ന്‌ പൂർണമായി വേർതിരിച്ചുനിർത്താനും കഴിയില്ല.

ഖജനാവ്‌ തകരുമെന്ന വാദം
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനെതിരെ ഉയരുന്ന ഏറ്റവും ശക്തമായ വാദം സാമ്പത്തിക ബാധ്യതയാണ്‌. കേരളത്തിന്റെ ധനകാര്യപ്രശ്‌നങ്ങളെ നിഷേധിച്ചുകൊണ്ടല്ല ഇതിന്‌ മറുപടി നൽകേണ്ടത്‌. പഴയ പെൻഷൻ സംവിധാനത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ ദീർഘകാല ചെലവുണ്ടെന്ന മുന്നറിയിപ്പുകളെയും അവഗണിക്കേണ്ടതില്ല. എന്നാൽ, പങ്കാളിത്ത പെൻഷൻ സർക്കാരിന്‌ ചെലവില്ലാത്ത സംവിധാനമാണെന്ന ധാരണയും വസ്‌തുതാവിരുദ്ധമാണ്‌. CAGയുടെ കണക്കുപ്രകാരം 2024-25ൽ മാത്രം ജീവനക്കാരുടെ വിഹിതമായി 1,131.10 കോടി അടവാക്കപ്പെട്ടപ്പോൾ സർക്കാർ വിഹിതമായി 1,133.24 കോടി പങ്കാളിത്ത പെൻഷനിലേക്കായി നീക്കിവക്കേണ്ടി വന്നിട്ടുണ്ട്‌. 2013 മുതൽ 2025 വരെയുള്ള കാലയളവിൽ ജീവനക്കാരുടെ വിഹിതം 5,449.08 കോടിയും സർക്കാർ വിഹിതം 5,454.60 കോടിയും ചേർന്ന്‌ 10,903.71 കോടി ഈ സംവിധാനത്തിലേക്ക്‌ എത്തിയിട്ടുണ്ട്‌. അതുകൊണ്ട്‌ `ചെലവേറിയ പഴയ പെൻഷനും ചെലവില്ലാത്ത പങ്കാളിത്ത പെൻഷനും’ എന്ന രീതിയിലുള്ള താരതമ്യം തന്നെ അടിസ്ഥാനപരമായി തെറ്റാണ്‌.

ഇന്നത്തെ പെൻഷൻ ചെലവിന്റെ വലിയൊരു ഭാഗം 2013നുമുമ്പ്‌ സർവീസിൽ പ്രവേശിച്ചവരോടുള്ള നിലവിലുള്ള ബാധ്യതയാണ്‌. അതിനൊപ്പം 2013നുശേഷം നിയമിതരായ ജീവനക്കാർക്കായി പങ്കാളിത്ത പെൻഷനിലേക്കുള്ള സർക്കാർ വിഹിതവും നൽകുന്നു. അതായത്‌ ഒരു ദീർഘമായ പരിവർത്തനഘട്ടത്തിൽ പഴയ പെൻഷന്റെ ബാധ്യതയും പുതിയ പദ്ധതിയുടെ സർക്കാർ വിഹിതവും ഒരേസമയം സംസ്ഥാനം വഹിക്കുകയാണ്‌. പഴയ പെൻഷൻ പുനഃസ്ഥാപിച്ചാൽ ദീർഘകാല സാമ്പത്തികബാധ്യത വർധിക്കുമെന്ന്‌ പുനഃപരിശോധനാ സമിതി മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. അതിനെ പൂർണ്ണമായും അവഗണിക്കേണ്ടതില്ലെങ്കിലും 2013നുശേഷമുള്ള ജീവനക്കാരുടെ പ്രായഘടന, വർഷംതോറുമുള്ള വിരമിക്കൽ, പങ്കാളിത്ത പെൻഷനിലെ സർക്കാർ വിഹിതത്തിന്റെ ഭാവിവളർച്ച, പഴയ പെൻഷൻ ബാധ്യത ക്രമേണ കുറയുന്ന തോത്‌, ആയുർദൈർഘ്യം, ശമ്പളവളർച്ച എന്നിവ കണക്കിലെടുത്തുള്ള ഒരു പഠനം നടത്താതെ ‘സ്റ്റാറ്റ്യൂട്ടറിപെൻഷൻ അസാധ്യമാണ്‌’ എന്നു പ്രഖ്യാപിക്കുന്നതും ശാസ്‌ത്രീയമല്ല. അതിലുപരി മറ്റൊരു അടിസ്ഥാനചോദ്യം അവശേഷിക്കുന്നു. പെൻഷന്‌ ചെലവുണ്ട്‌ എന്നതുകൊണ്ട്‌ അത്‌ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലാതാകുമോ ?
പൊതുവിദ്യാഭ്യാസത്തിന്‌ ചെലവുണ്ട്‌. പൊതുജനാരോഗ്യത്തിന്‌ ചെലവുണ്ട്‌. സാമൂഹികസുരക്ഷാ പെൻഷനുകൾക്ക്‌ ചെലവുണ്ട്‌. നിയമവാഴ്‌ചയ്‌ക്കും ദുരന്തനിവാരണത്തിനും പൊതുഭരണത്തിനും ചെലവുണ്ട്‌. അതുകൊണ്ട്‌ അവ സാമ്പത്തിക നഷ്ടങ്ങളാകുന്നില്ല. ഒരു ക്ഷേമരാഷ്ട്രം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളായതിനാലാണ്‌ അവയ്‌ക്കായി പൊതുപണം ചെലവഴിക്കുന്നത്‌. സർക്കാർ ജീവനക്കാരുടെ പെൻഷന്റെയും സ്ഥിതി അടിസ്ഥാനപരമായി വ്യത്യസ്‌തമല്ല. കേരളത്തിലെ ജീവനക്കാരുടെ യഥാർഥ പ്രായഘടന, വിരമിക്കൽ പ്രവണത, ശമ്പളവളർച്ച, ആയുർദൈർഘ്യം, നിലവിലെ പങ്കാളിത്ത പെൻഷൻ വിഹിതം, പഴയ പെൻഷൻ ബാധ്യതയുടെ ക്രമാനുസൃത കുറവ്‌, സംസ്ഥാനത്തിന്റെ വരുമാനവും ചെലവും സംബന്ധിച്ച സ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി ഭാവിയിലെ പെൻഷൻ ബാധ്യതയും അതിന്റെ ബജറ്റ്‌ സ്വാധീനവും ശാസ്‌ത്രീയമായി കണക്കാക്കുന്ന പിൻബലങ്ങളൊന്നുമില്ലതെ സർക്കാർ ഏറ്റെടുക്കേണ്ട പൊതുഭരണ ചിലവുകളെ അനിയന്ത്രിതമായി വെട്ടിച്ചുരുക്കി സാമ്പത്തിക ഉത്തരവാദിത്തത്തിൽ നിന്ന്‌ ഒളിച്ചോടുന്നത്‌ ശരിയായ പ്രവണതയല്ല.

UPS: അടിസ്ഥാനപ്രശ്‌നം അവിടെയും ബാക്കി
പങ്കാളിത്ത പെൻഷന്റെ പരിമിതികൾ വ്യക്തമായ സാഹചര്യത്തിലാണ്‌ കേന്ദ്രസർക്കാർ ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme-UPS) കൊണ്ടുവന്നത്‌. 25 വർഷത്തെ സേവനത്തിന്‌ അവസാന 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം ഉറപ്പുനൽകുകയും 10 വർഷം സേവനം പൂർത്തിയാക്കിയവർക്ക്‌ നിബന്ധനകൾക്ക്‌ വിധേയമായി കുറഞ്ഞത്‌ 10,000 രൂപയെങ്കിലും പെൻഷനായി ഉറപ്പുനൽകുകയും ചെയ്യുന്ന യുപിഎസ്‌ നിലവിലെ പങ്കാളിത്ത പെൻഷനെ അപേക്ഷിച്ച്‌ ഉറപ്പായ കുറഞ്ഞ പെൻഷൻ തുക എന്ന ഒരു പ്രധാന മാറ്റം മുന്നോട്ട്‌ വെക്കുന്നുണ്ട്‌.

എന്നാൽ, UPS പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷന്റെ തിരിച്ചുവരവല്ല. PFRDA തന്നെ അതിനെ ദേശീയ പെൻഷൻ സംവിധാനത്തിനകത്തെ ഒരു ഓപ്‌ഷനായാണ്‌ അവതരിപ്പിക്കുന്നത്‌. ജീവനക്കാരന്റെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ 10 ശതമാനം വിഹിതമെന്ന രീതി തുടരുകയും സർക്കാർ 10 ശതമാനം വ്യക്തിഗത നിധിയിലേക്കും ഏകദേശം 8.5 ശതമാനം സംയുക്ത നിധിയിലേക്കും നൽകുകയും ചെയ്യുന്ന ഒരു രീതിയാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. വ്യക്തിഗത നിധി (Individual Corpus), Benchmark Corpus, നിക്ഷേപ തിരഞ്ഞെടുപ്പ്‌ എന്നിവ തുടരുമ്പോൾ തന്നെ ചില സാഹചര്യങ്ങളിൽ ഉറപ്പുള്ള പെൻഷൻ തുക ആനുപാതികമായി കുറയാനുള്ള സാധ്യതയും ഈ പദ്ധതിയിലുണ്ട്‌. UPS ചില ഉറപ്പുകൾ തിരികെ കൊണ്ടുവരുന്നുണ്ടെങ്കിലും പങ്കാളിത്ത പെൻഷന്റെ അടിസ്ഥാനതത്വം ഉപേക്ഷിക്കുന്നില്ല. ജീവനക്കാരൻ സ്വന്തം പെൻഷനുവേണ്ടി സ്വന്തം ശമ്പളത്തിൽനിന്ന്‌ നിർബന്ധിതമായി വിഹിതം നൽകണം എന്ന അടിസ്ഥാനബാധ്യത തുടരുകയാണ്‌. പെൻഷൻ മാറ്റിവെക്കപ്പെട്ട വേതനമാണെങ്കിൽ ആ വേതനം മാറ്റിവയ്‌ക്കേണ്ട ഉത്തരവാദിത്തം തൊഴിലാളിക്കല്ല, തൊഴിലുടമയ്‌ക്കാണ്‌.

ഭാവിയിലെ പെൻഷന്‌ ഇന്നുതന്നെ കരുതൽ വേണം
ഇവിടെയാണ്‌ സ്റ്റാറ്റ്യൂട്ടറി പെൻഷന്റെ സാമൂഹികസുരക്ഷയും ധനകാര്യസുസ്ഥിരതയും ഒരുമിച്ചുനിർത്താവുന്ന മറ്റൊരു വഴി പരിശോധിക്കേണ്ടത്‌. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുന്നത്‌ വഴി ഭാവിയിലെ മുഴുവൻ പെൻഷൻ ചെലവും അന്നത്തെ നികുതിവരുമാനത്തിൽനിന്ന്‌ മാത്രം കണ്ടെത്തണമെന്ന അർഥമില്ല. പെൻഷന്റെ അവകാശഘടനയും അതിനുള്ള ധനസമാഹരണരീതിയും രണ്ട്‌ വ്യത്യസ്‌ത കാര്യങ്ങളാണ്‌.
അതുകൊണ്ട്‌ കേരളം നിയമപരമായി സംരക്ഷിക്കപ്പെട്ട State Pension Reserve Fund (സംസ്ഥാന പെൻഷൻ സഞ്ചിതനിധി) രൂപീകരിക്കണം. ജീവനക്കാരൻ ഇന്ന്‌ നൽകുന്ന സേവനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഏറ്റെടുക്കുന്ന ഭാവി പെൻഷൻ ബാധ്യത ഓരോ വർഷവും, ദീർഘകാല പെൻഷൻ ബാധ്യതാ പഠനത്തിലൂടെ കണക്കാക്കണം. അതിനനുസരിച്ചുള്ള തുക സർക്കാർ ബജറ്റിൽനിന്ന്‌ വർഷംതോറും ഈ നിധിയിലേക്ക്‌ മാറ്റിവയ്‌ക്കണം. ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന്‌ നിർബന്ധിത വിഹിതം പിടിക്കുന്ന മറ്റൊരു പങ്കാളിത്ത പെൻഷൻ ആകരുത്‌ അത്‌. സർക്കാർ സ്വന്തം ഭാവിബാധ്യത നിറവേറ്റാനായി ഇന്നുതന്നെ പണം മാറ്റിവയ്‌ക്കുന്ന പൊതുനിധിയായിരിക്കണം അത്‌.

ഈ ആശയം ലോകത്തിന്‌ അപരിചിതമല്ല. സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയായ Organisation for Economic Co-operation and Development – OECD യുടെ Pensions at a Glance 2025 പ്രകാരം, OECD രാജ്യങ്ങളിൽ മൂന്നിൽ രണ്ടിലധികവും പൊതുപെൻഷൻ സംവിധാനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി പ്രത്യേകമായി സംരക്ഷിക്കപ്പെട്ട Public Pension Reserve Funds രൂപീകരിച്ചിട്ടുണ്ട്‌. ഇവ ഭാവിയിലെ ജനസംഖ്യാമാറ്റങ്ങളും വരവ്‌-ചെലവ്‌ വ്യത്യാസങ്ങളും നേരിടാനുള്ള ധനകാര്യസംവിധാനങ്ങളായാണ്‌ ഉപയോഗിക്കുന്നത്‌.

കർശനമായ നിയമപരിരക്ഷയോടെ രൂപീകരിക്കുകയാണെങ്കിൽ കേരളത്തിൽ അത്തരമൊരു സംവിധാനത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. സാധാരണ സർക്കാർ ചെലവുകൾക്കായി അതിലെ പണം എടുത്തുപയോഗിക്കാനോ മറ്റുകടമെടുപ്പുകൾക്ക്‌ പണയപ്പെടുത്താനോ കഴിയരുത്‌. സ്വതന്ത്രവും പ്രൊഫഷണലുമായ ഭരണസംവിധാനം, നിയമസഭയുടെ മേൽനോട്ടം, CAG പരിശോധന, സുതാര്യമായ വാർഷിക കണക്കുകൾ, നിശ്ചിത ഇടവേളകളിലെ ഭാവി പെൻഷൻ ബാധ്യത വിലയിരുത്തൽ എന്നിവ ഉറപ്പാക്കണം. നിധിയിലെ പണം ദീർഘകാല നിക്ഷേപങ്ങൾക്ക്‌ ഉപയോഗിക്കുകയും അതിൽനിന്നുള്ള വരുമാനം ഭാവിയിലെ പെൻഷൻ ചെലവിന്റെ ഒരു ഭാഗം വഹിക്കുകയും ചെയ്യാം. എന്നാൽ നിക്ഷേപഫലം കുറഞ്ഞതുകൊണ്ട്‌ ജീവനക്കാരന്റെ പെൻഷൻ കുറയരുത്‌. നിക്ഷേപത്തിന്റെ അപകടസാധ്യത സർക്കാരിന്റേതാവുകയും പെൻഷന്റെ ഉറപ്പ്‌ ജീവനക്കാരന്റേതായിരിക്കുകയും വേണം. മാത്രമല്ല, ഇപ്രകാരമൊരു സംവിധാനം കേരളത്തിൽ ഒരു സാർവത്രിക പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള വിഭവസമാഹരണത്തിലേക്കുള്ള മാതൃക കൂടിയാകും. ഇത്‌ പെൻഷൻ ചെലവ്‌ ഇല്ലാതാക്കുന്ന അത്ഭുതപരിഹാരമല്ല. ഭാവിയിലെ ബാധ്യത മറച്ചുവയ്‌ക്കാതെ ഇന്നുതന്നെ അംഗീകരിച്ച്‌ അതിനായി ഇന്നുമുതൽ വിഭവം മാറ്റിവയ്‌ക്കുന്ന ഉത്തരവാദിത്തമുള്ള ധനകാര്യക്രമമാണ്‌.
പെൻഷൻ ബാധ്യത മുഴുവൻ ഭാവിതലമുറയ്‌ക്ക്‌ കൈമാറരുത്‌ എന്ന വാദത്തിൽ ന്യായമുണ്ട്‌. എന്നാൽ അതിനുള്ള പരിഹാരം ഇന്നത്തെ ജീവനക്കാരനോട്‌ സ്വന്തം പെൻഷനുവേണ്ടി സ്വന്തം ശമ്പളത്തിൽനിന്ന്‌ നിർബന്ധിതമായി വിഹിതം നൽകാൻ പറയുന്നതല്ല. സർക്കാർ ഇന്ന്‌ സ്വീകരിക്കുന്ന സേവനത്തിന്റെ ഭാവിയിലെ ബാധ്യതയ്‌ക്ക്‌ സർക്കാർ ഇന്നുതന്നെ പണം മാറ്റിവയ്‌ക്കുകയാണ്‌ വേണ്ടത്‌.

പുതിയ യുഡിഎഫ്‌ തിരഞ്ഞെടുക്കേണ്ട വഴി
2013ൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്‌ യുഡിഎഫ്‌ സർക്കാരാണ്‌. അതിനെ എതിർത്ത്‌ അധികാരത്തിലെത്തിയ എൽഡിഎഫ്‌ പത്തുവർഷം കഴിഞ്ഞിട്ടും ആ തെറ്റ്‌ തിരുത്തിയില്ല. രണ്ടും കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്‌. 2026 ജൂൺ 19ലെ പുതിയ യുഡിഎഫ്‌ സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ മുൻസർക്കാർ പ്രഖ്യാപിച്ച Assured Pension Scheme ൽ അവ്യക്തതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി നിലവിലുള്ള പങ്കാളിത്ത പെൻഷൻ പുനഃസംഘടിപ്പിക്കുമെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇവിടെയാണ്‌ പുതിയ സർക്കാർ ഒരു അടിസ്ഥാന തിരഞ്ഞെടുപ്പ്‌ നടത്തേണ്ടത്‌. പങ്കാളിത്ത പെൻഷനിലെ സർക്കാർ വിഹിതം ഉയർത്തുക, കുറഞ്ഞ പെൻഷൻ ഉറപ്പുനൽകുക, UPS മാതൃകയിലെ ചില സുരക്ഷാഘടകങ്ങൾ ചേർക്കുക എന്നിവ ജീവനക്കാർക്ക്‌ ചില ആശ്വാസങ്ങൾ നൽകാം. എന്നാൽ, അവയൊന്നും അടിസ്ഥാനചോദ്യം പരിഹരിക്കുന്നില്ല. സർക്കാർ ജീവനക്കാരന്റെ വാർധക്യസുരക്ഷയുടെ അന്തിമ ഉത്തരവാദിത്തം സർക്കാർ തന്നെ ഏറ്റെടുക്കുമോ എന്നതാണ്‌ ചോദ്യം.

പുതിയ യു.ഡി.എഫ്‌ സർക്കാരിന്‌ അതിന്റെ മറുപടി കോൺഗ്രസിന്റെ സ്വന്തം ചരിത്രപരമായ സാമ്പത്തികദർശനത്തിൽ കണ്ടെത്താൻ കഴിയും. നെഹ്‌റുവിയൻ മിശ്രസാമ്പത്തിക വ്യവസ്ഥ വിപണിയെ നിരാകരിച്ചിരുന്നില്ല, എന്നാൽ, പൊതുതാൽപര്യത്തിനുമുകളിൽ വിപണിയെ പ്രതിഷ്‌ഠിച്ചിരുന്നുമില്ല. ക്ഷേമരാഷ്ട്രവും സാമൂഹികനീതിയും സമ്പത്തിന്റെ നീതിപൂർവമായ വിതരണവും പൊതുത്തരവാദിത്തവും അതിന്റെ രാഷ്ട്രീയപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട്‌ 2013ലെ തീരുമാനം പുതിയ യുഡിഎഫ്‌ സർക്കാർ സംരക്ഷിക്കേണ്ട പൈതൃകമല്ല. തിരുത്തേണ്ട തെറ്റാണ്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ ഏറ്റവും വലിയ പരാജയം, എതിർത്ത നയം അധികാരത്തിലെത്തിയശേഷം പത്തുവർഷം തുടരുകയും പരിഹാരത്തെ സമിതികളിലും പഠനങ്ങളിലും അവസാനഘട്ട പ്രഖ്യാപനങ്ങളിലും കുടുക്കുകയും ചെയ്‌തതാണ്‌. പുതിയ യുഡിഎഫ്‌ സർക്കാർ അതേ തെറ്റ്‌ `പരിഷ്‌കരണം’ എന്ന പുതിയ പേരിൽ ആവർത്തിക്കരുത്‌.

കേരളത്തിന്റെ സാമൂഹിക വികസനത്തിന്‌ ശക്തമായ പൊതുസ്ഥാപനങ്ങൾ വേണം. ശക്തമായ പൊതുസ്ഥാപനങ്ങൾക്ക്‌ മികച്ച മനുഷ്യവിഭവശേഷി വേണം. മികച്ച മനുഷ്യവിഭവശേഷിയെ പൊതുസേവനത്തിലേക്ക്‌ ആകർഷിക്കാനും അവിടെ നിലനിർത്താനും അവരുടെ തൊഴിൽജീവിതത്തിനൊപ്പം സേവനാനന്തര ജീവിതവും സുരക്ഷിതമാക്കണം. പെൻഷൻ ഔദാര്യമല്ല, മാറ്റിവെക്കപ്പെട്ട വേതനമാണ്‌. ആ വേതനം മാറ്റിവയ്‌ക്കേണ്ടത്‌ ജീവനക്കാരനുമല്ല, തൊഴിലുടമയായ സർക്കാരാണ്‌. അതുകൊണ്ട്‌ കേരളത്തിന്‌ വേണ്ടത്‌ പങ്കാളിത്ത പെൻഷന്റെ മറ്റൊരു പതിപ്പല്ല. പങ്കാളിത്ത പെൻഷൻ പിൻവലിച്ച്‌ കേരള സർവീസ്‌ ചട്ടങ്ങൾ പ്രകാരമുള്ള നിയമാനുസൃത സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം. പങ്കാളിത്ത പെൻഷൻ ജീവനക്കാർക്ക്‌ നിഷേധിക്കപ്പെട്ട ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള സേവനാനന്തര അവകാശങ്ങളും പുനഃസ്ഥാപിക്കണം. അതോടൊപ്പം പെൻഷൻ ബാധ്യത ഭാവിയിലെ ഖജനാവിന്‌ അപ്രതീക്ഷിത ഭാരമാകാതിരിക്കാൻ നിയമപരമായി സംരക്ഷിക്കപ്പെട്ട ഒരു പെൻഷൻ സഞ്ചിതനിധി സർക്കാർ രൂപീകരിക്കണം.

സാമ്പത്തികസുസ്ഥിരതയുടെ പേരിൽ സർക്കാർ സ്വന്തം ഉത്തരവാദിത്തം ജീവനക്കാരന്റെ ചുമലിലേക്ക്‌ മാറ്റുകയല്ല വേണ്ടത്‌. ഭാവിയിലെ ബാധ്യത ഇന്നുതന്നെ തിരിച്ചറിഞ്ഞ്‌ അതിനായി ഇന്നുതന്നെ വിഭവം മാറ്റിവയ്‌ക്കുകയാണ്‌ ഉത്തരവാദിത്തമുള്ള ധനകാര്യനിർവഹണം. അതിലാണ്‌ സാമൂഹികനീതിയും സാമ്പത്തിക അച്ചടക്കവും പരസ്‌പരവിരുദ്ധങ്ങളല്ലെന്ന്‌ തെളിയിക്കപ്പെടുന്നത്‌. അതുതന്നെയാണ്‌ ഒരു ക്ഷേമരാഷ്ട്രത്തിന്റെ വഴി.

 

 

Related