November 23 Monday 2026

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത്ഷായും ജസ്റ്റിസ് ലോയയുടെ മരണവും – കാരവന്‍ റിപ്പോര്‍ട്ടിന്‍റെ പുനര്‍വായന

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷികളായ 92 പേര്‍ വിചാരണ സമയത്ത് കൂട്ടത്തോടെ മൊഴിമാറ്റിയത് ഗൗരവതരമാണെന്നുള്ള നിരീക്ഷണം കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നടത്തിയത്. നിക്ഷ്പക്ഷവും നീതിയുക്തവുമായ വിചാരണയാണോ നടന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി ചില സാക്ഷികളുടെ മൊഴി സ്വയം പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം, കേസിലെ മുഖ്യപ്രതികളിലൊരാളായിരുന്ന കേന്ദ്ര അഭ്യന്തമന്ത്രി അമിത്ഷായെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതിയുടെ നടപടി പുനഃപരിശോധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു.

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട്‌ അന്ന്‌ വിചാരണ നടത്തിയിരുന്ന സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി ജസ്റ്റിസ്‌ ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കാരവണ്‍ മാസിക 2017 നവംബര്‍ 20 ന് ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. സി.എന്‍.എന്‍-ഐ.ബി.എന്‍, ദി വീക്ക്‌ എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകനായ നിരഞ്‌ജന്‍ താക്ലെ തയ്യാറാക്കിയ പ്രസ്തുത റിപ്പോര്‍ട്ട് രണ്ട് ഭാഗങ്ങളായാണ് കാരവന്‍ മാസിക പ്രസിദ്ധീകരിച്ചത്. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷികളുടെ മൊഴിമാറ്റം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായ സാഹചര്യത്തില്‍ കാരവന്‍ മാസിക പുറത്തുവിട്ട റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്.

സൊഹ്‌റാബുദ്ദീന്‍ കേസിന്റെ സവിശേഷത, അതിലെ മുഖ്യ പ്രതിയായി ഉണ്ടായിരുന്നത് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്‌ ഷായാണ്‌ എന്നുള്ളതാണ്‌. ജസ്റ്റിസ്‌ ലോയയുടെ മരണം കൊലപാതകമാകാനുള്ള സാധ്യതയാണ്‌ കാരവണ്‍ ആദ്യ റിപ്പോര്‍ട്ടില്‍ അഴിച്ചിടുന്നത്‌. ഒപ്പം നൂറ്‌ കോടിരൂപ കൈക്കൂലി കൊടുത്ത്‌ ലോയയെ വശത്താക്കാനുള്ള ശ്രമം രണ്ടാമത്തെ റിപ്പോര്‍ട്ടിലും. പ്രസ്‌തുത ശ്രമം നടത്തിയത്‌ ബോംബേ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയ മോഹിത്‌ ഷായാണ്‌ എന്ന്‌ അരോപിക്കുന്നു. ഏറ്റവും സ്‌ഫോടനാത്മകമായ വിവരങ്ങളാണ്‌ കാരവന്‍ റിപ്പോര്‍ട്ടുകളിലൂടെ ലോകമറിഞ്ഞത്‌. പ്രസ്‌തുത റിപ്പോര്‍ട്ടുകളുടെ മലയാള വിവര്‍ത്തനമാണ്‌ ചുവടെ.

ഭാഗം: 01 –

ഒരു കുടുംബം നിശബ്ദത വെടിയുന്നു: സൊഹ്‌റാബുദ്ദീന്‍ കേസിന്റെ വിചാരണക്ക്‌ നേതൃത്വം നല്‍കിയ ജഡ്‌ജിന്റെ മരണത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

2014 ഡിസംബര്‍ 1ന്‌ പുലര്‍ച്ചെ 48 വയസുകാരനായ ജസ്റ്റിസ്‌ ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹം നാഗ്‌പൂറില്‍ വെച്ച്‌ മരണമടഞ്ഞതായ വാര്‍ത്ത അറിഞ്ഞു. സി.ബി.ഐ പ്രത്യേക കോടതിയുടെ ജഡ്‌ജി ആയിരുന്ന ലോയ തന്റെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവിടേക്ക്‌ പോയതാണ്‌. രാജ്യത്തെ ഏറ്റവും പ്രമാദമായ ഒരു കേസായിരുന്നു അക്കാലത്ത്‌ ലോയ കൈകാര്യം ചെയ്‌തിരുന്നത്‌. 2005ല്‍ നടന്ന സൊഹ്‌റാബുദ്ദീന്‍ ഷെയ്‌ക്കിന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്‌. സോഹ്‌റാബ്ദ്‌ദീന്‍ കൊല്ലപ്പെടുന്ന കാലത്ത്‌ ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിയും ലോയ മരിക്കുന്ന കാലത്ത്‌ ബി. ജെ.പി ദേശീയ അധ്യക്ഷനുമായിരുന്ന അമിത്‌ ഷായായിരുന്നു സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കോലപാതക കേസിലെ മുഖ്യപ്രതി. ഹൃദയസ്‌തംഭനം മൂലമാണ്‌ ജഡ്‌ജി മരിച്ചത്‌ എന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. അദ്ദേഹത്തിന്റെ മരണശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട്‌ ഒന്നും സംസാരിച്ചിരുന്നില്ല.

2016 നവംബറിന്‌ ലോയയുടെ മരുമകളായ നുപൂര്‍ ബാലപ്രസാദ്‌ ബിയാനി എന്നെ സമീപിച്ചു. അന്ന്‌ ഞാന്‍ പൂനെ സന്ദര്‍ശിക്കുന്ന സമയമാണ്‌. തന്റെ അമ്മാവന്റെ മരണത്തെ കുറിച്ച്‌ ചില കാര്യങ്ങള്‍ പറയാനുണ്ട്‌ എന്ന്‌ പറഞ്ഞായിരുന്നു അന്ന്‌ അവരെന്നെ സമീപിച്ചത്‌. ഇതിനെ തുടര്‍ന്ന്‌ 2016നും 2017നും ഇടക്ക്‌ നിരവധി കൂടിക്കാഴ്‌ച്ചകള്‍ നടന്നു. അവരുടെ അമ്മയും ലോയയുടെ സഹോദരിയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ ഡോക്ടറുമായ അനുരാധാ ബിയാനിയോടും എനിക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞു. അതുപോലെ മറ്റൊരു സഹോദരിയായ സരിതാ മണ്ഡാനെ, ലോയയുടെ പിതാവ്‌ ഹര്‍കിഷന്‍ എന്നിവരുമായും ഞാന്‍ സംസാരിച്ചു. കൂടാതെ ജഡ്‌ജിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌ മോര്‍ട്ടം ഉള്‍പ്പെടെയുള്ള നയമനടപടികള്‍ പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുമായി സംസാരിക്കുകയും ചെയ്‌തിരുന്നു.

ഇവരില്‍ നിന്നുള്ള മൊഴികളില്‍ നിന്നും ലോയയുടെ മരണവുമായി ബന്ധപ്പെട്ട്‌ അങ്ങേയറ്റം അസ്വസ്ഥയുണ്ടാക്കുന്ന ചോദ്യങ്ങളാണ്‌ ഉയര്‍ന്നിരിക്കുന്നത്‌: മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുചെയ്യപ്പെട്ട വിവരങ്ങളിലുള്ള സ്ഥിരതയില്ലായ്‌മയെ കുറിച്ചുള്ള ചോദ്യങ്ങള്‍, അദ്ദേഹത്തിന്റെ മരണത്തിനു ശേഷം നടന്നിട്ടുള്ള നടപടിക്രമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍, കുടുംബത്തിന്‌ അദ്ദേഹത്തിന്റെ മൃതദേഹം കൈമാറുന്ന അവസരത്തില്‍ മൃതദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ എന്നിവയാണവ. ലോയയുടെ മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു കമീഷനെ നിയമിക്കണമെന്ന്‌ അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടും അത്തരത്തിലൊന്ന്‌ ഇതുവരെയും രൂപീകരിച്ചിട്ടില്ല.

2014 നവംബര്‍ 30ന്‌ ലോയ തന്റെ മൊബൈല്‍ ഫോണില്‍ ഭാര്യ ഷാര്‍മിളയെ രാത്രി 11 മണിക്ക്‌ വിളിച്ചിരുന്നു. അന്നത്തെ ദിവസം അദ്ദേഹത്തിനുണ്ടായിരുന്ന തിരക്കുകളെ കുറിച്ചായിരുന്നു 40 മിനിറ്റുകളോളം അദ്ദേഹം അവരോട്‌ സംസാരിച്ചത്‌. തന്റെ സഹപ്രവര്‍ത്തകയായ സപ്‌നാ ജോഷിയുടെ മകളുടെ വിവാഹത്തിന്‌ പങ്കെടുക്കാന്‍ നാഗ്‌പൂരില്‍ പോയതായിരുന്നു അദ്ദേഹം. തുടക്കത്തില്‍ അങ്ങോട്ട്‌ പോകാന്‍ അദ്ദേഹത്തിന്‌ ഉദ്ദേശമുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകരായ മറ്റ്‌ രണ്ട്‌ ജഡ്‌ജിമാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം അങ്ങോട്ട്‌ പോയത്‌. താന്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നും പിന്നീട്‌ ഒരു ചായസല്‍ക്കാരത്തിലും പങ്കെടുത്തിരുന്നുവെന്നാണ്‌ ലോയ തന്റെ ഭാര്യയോട്‌ പറഞ്ഞത്‌. മകന്‍ അനുജിനെ കുറിച്ചും അദ്ദേഹം തിരക്കി. നാഗ്‌പൂരിലെയ്‌ക്ക്‌ തന്നോടൊപ്പം വന്നിരുന്ന ജഡ്‌ജിമാര്‍ക്കൊപ്പം സിവില്‍ ലൈന്‍സ്‌ പ്രദേശത്തെ വി.ഐ.പികള്‍ക്കുള്ള ഒരു സര്‍ക്കാര്‍ ഗസ്റ്റ്‌ ഹൗസ്‌ ആയ രവിഭവനിലാണ്‌ താന്‍ താമസിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോയ നടത്തിയ അവസാനത്തെ അറിയാവുന്ന ഫോണ്‍ കോളും സംഭാഷണവും ഇതായിരുന്നു. അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയായിരുന്നു അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്റെ കുടുംബത്തെ തേടി വന്നത്‌.

2014 ഡിസംബര്‍ 1, അതിരാവിലെ ”’മുംബൈയില്‍ താമസിക്കുന്ന അവന്റെ ഭാര്യയ്‌ക്കും ലത്തൂര്‍ സിറ്റിയിലുള്ള എനിക്കും ധൂലെയിലും ജല്‍ഗാവിലും ഔറംഗാബാദിലുമുള്ള എന്റെ മറ്റ്‌ പെണ്‍മക്കള്‍ക്കും ഫോണ്‍ കാളുകള്‍ വന്നിരുന്നു.” ജഡ്‌ജിയുടെ പിതാവ്‌ ഹര്‍കിഷന്‍ ലോയ എന്നോട്‌ പറഞ്ഞു. 2016 നവംബറില്‍ ലത്തൂര്‍ സിറ്റിയിലെ അദ്ദേഹത്തിന്റെ താമസസ്ഥലമായ ഗേറ്റ്‌ഗാവില്‍ നടന്ന ആദ്യ കൂടിക്കാഴ്‌ച്ചയിലാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌. ”ബ്രിജ്‌ തലേദിവസം രാത്രി മരിച്ചുവെന്നും അദ്ദേഹത്തിന്റെ പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞുവെന്നും മൃതദേഹം ലത്തൂര്‍ ജില്ലയിലെ ഗേറ്റ്‌ഗാവിലേയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌” എന്നുമാണ്‌ തങ്ങളെ അറിയിച്ചത്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ”ഭൂമികിലുക്കം വന്ന്‌ ഞാന്‍ തകര്‍ന്നുപോകുന്നതുപോലെ എനിക്ക്‌ തോന്നി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയസ്‌തംഭനം മൂലമാണ്‌ ലോയ മരിച്ചത്‌ എന്നാണ്‌ കുടുംബത്തെ അറിയിച്ചിരിക്കുന്നത്‌. ”അവന്‌ നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന്‌ നാഗ്‌പൂരിലെ ഒരു സ്വകാര്യ ആശുപത്രിയായ ദാന്ദെ ഹോസ്‌പിറ്റലില്‍ ആട്ടോറിക്ഷയില്‍ കൊണ്ടുപോയെന്നും അവിടെ വെച്ച്‌ ചില ചികിത്സകളൊക്കെ നല്‍കിയെന്നുമാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌.” ഹര്‍കിഷന്‍ പറഞ്ഞു. ”ഒരു നിഗൂഢ ഇടമാണ്‌ അത്‌. ഇ.സി.ജി പോലും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്ന്‌ മനസിലായി.” ലോയയുടെ സഹോദരി ബിയാനി കൂട്ടിച്ചേര്‍ത്തു. പിന്നീട്‌ ”ലോയയെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയായ മെഡിട്രീന ഹോസ്‌പിറ്റലിലേയ്‌ക്ക്‌ കൊണ്ടുപോയി” ഹര്‍ക്കിഷന്‍ പറഞ്ഞു. ”ആ യാത്രയില്‍ അവന്‍ മരിച്ചുവെന്നാണ്‌ പറയുന്നത്‌.” അദ്ദേഹം വ്യക്തമാക്കി.

മരണ സമയത്ത്‌ സൊഹ്‌റാബ്ദ്‌ദീന്‍ കൊലപാതകക്കേസ്‌ മാത്രമാണ്‌ ലോയ കേട്ടുകൊണ്ടിരുന്നത്‌. അതാകട്ടെ രാജ്യത്ത്‌ തന്നെ എല്ലാവരം ഉറ്റുനോക്കിയിരുന്ന എറ്റവും പ്രധാനപ്പെട്ട കേസും. 2012ല്‍ ഈ കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേയ്‌ക്ക്‌ മാറ്റിക്കൊണ്ട്‌ സുപ്രീം കോടതി ഉത്തരവിട്ടു. ‘വിചാരണയുടെ സത്യസന്ധത സംരക്ഷിക്കാന്‍ വിചാരണ സംസ്ഥാനത്തിനു പുറത്ത്‌ നടത്തേണ്ടതുണ്ട്‌ എന്ന്‌ ബോധ്യമായിരിക്കുന്നു” എന്ന പ്രസ്‌താവനയോടെയായിരുന്നു സുപ്രീം കോടതി അത്തരത്തിലൊരു ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. തുടക്കം മുതല്‍ അവസാനം വരേയും ഒരേ ജഡ്‌ജിയായിരിക്കണം വിചാരണ കേള്‍ക്കേണ്ടത്‌ എന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ്‌ ലംഘിച്ചുകൊണ്ട്‌ 2014 മധ്യത്തില്‍ ഈ കേസ്‌ ആദ്യം കേട്ടിരുന്ന ജസ്റ്റിസ്‌ ജെ.ടി ഉത്‌പത്തിനെ സി.ബി.ഐ പ്രത്യേക കോടതിയില്‍ നിന്ന്‌ നീക്കുകയും ലോയയെ നിയമിക്കുകയുമായിരുന്നു.
കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്നുള്ള അമിത്‌ ഷായുടെ അപേക്ഷയില്‍ ജസ്റ്റിസ്‌ ഉത്‌പത്‌ 2014 ജൂണ്‍ 6ന്‌ കര്‍ശനമായ താക്കീത്‌ നല്‍കിയിരുന്നു. അടുത്ത വിചാരണ ദിവസമായ ജൂണ്‍ 20ന്‌ അമിത്‌ഷാ ഹാജരാകാത്തതിനെ തുടര്‍ന്ന്‌ ഉത്‌പത്‌ ജൂണ്‍ 26ലേക്ക്‌ കേസ്‌ കേള്‍ക്കുന്നത്‌ മാറ്റി. എന്നാല്‍, ജൂണ്‍ 25ന്‌ ജഡ്‌ജിയെ ട്രാന്‍സ്‌ഫെര്‍ ചെയ്യുകയായിരുന്നു. മുംബൈയില്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ്‌ ഷാ കോടതിയില്‍ ഹാജരാകാത്തത്‌ എന്ന്‌ ഷാക്ക്‌ ഒഴിവ്‌ അനുവദിച്ചുകൊണ്ട്‌ ലോയ 2014 ഒക്ടോബര്‍ 31ന്‌ ചോദിച്ചു. ഡിസംബര്‍ 15ന്‌ അടുത്ത വിചാരണ വെക്കുകയും ചെയ്‌തു.

ഡിസംബര്‍ 1 ലെ ജസ്റ്റിസ്‌ ലോയയുടെ മരണം എന്നത്തെയും പോലെയുള്ള സാധാരണ വാര്‍ത്തയായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. മാധ്യമശ്രദ്ധ വളരെ കുറച്ചുമാത്രമേ ലഭിക്കുകയും ചെയ്‌തിരുന്നുള്ളു. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ മാത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഇങ്ങനെ പറഞ്ഞത്‌; ”ഹൃദയാഘാതം കൊണ്ടാണ്‌ ലോയ മരിച്ചത്‌. എന്നാല്‍ അദ്ദേഹത്തോട്‌ അടുത്തുള്ള വൃത്തങ്ങള്‍ അറിയിക്കുന്നത്‌ ലോയയുടെ മെഡിക്കല്‍ ഹിസ്റ്ററി വളരെ മെച്ചപ്പെട്ടതായിരുന്നുവെന്നാണ്‌.” എന്നാല്‍ ഡിസംബര്‍ 3ന്‌ ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ എം.പിമാര്‍ പാര്‍ലമെന്റിനു പുറത്ത്‌ പ്രതിഷേധം നടത്തിയത്‌ പെട്ടെന്ന്‌ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അപ്പോള്‍ പാര്‍ലമെന്റില്‍ ശൈത്യകാല സഭ നടക്കുകയായിരുന്നു. ലോയയുടെ മരണത്തില്‍ തന്റെ ഞെട്ടല്‍ രേഖപ്പെടുത്തി അടുത്ത ദിവസം സൊഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ സി.ബി.ഐക്ക്‌ കത്തെഴുതി. എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്നോ, റുബാബുദ്ദീന്റെ കത്തിനെ തുടര്‍ന്നൊ ഒന്നും സംഭവിച്ചില്ല.

ലോയയുടെ മരണവുമായി ബന്ധപ്പെട്ട്‌ ഒരു ഫോളോ അപ്പ്‌ സ്റ്റോറികളും പ്രത്യക്ഷപ്പെട്ടതുമില്ല. ലോയയുടെ കുടുംബാംഗങ്ങളുമായി നിരവധി സംഭാഷണങ്ങള്‍ നടന്നു. തുടര്‍ന്ന്‌ സൊഹ്‌റാബുദ്ദീന്‍ കേസ്‌ വിചാരണക്ക്‌ ലോയ അധ്യക്ഷം വഹിച്ചതെങ്ങനെയാണെന്നും അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്ന്‌ എന്താണ്‌ സംഭവിച്ചതെന്നും ഒരു വിറങ്ങലിക്കുന്ന വിവരണം എനിക്ക്‌ രൂപപ്പെടുത്താന്‍ സാധിച്ചു. എല്ലാദിവസവും കാര്യങ്ങള്‍ രേഖപ്പെടുത്തിവെക്കാറുള്ള തന്റെ ഡയറിയുടെ ഒരു കോപ്പി ബിയാനി എനിക്ക്‌ തന്നു. അതില്‍ അവരുടെ സഹോദരന്റെ മരണത്തിനു മുമ്പും ശേഷവുമുള്ള ദിവസങ്ങളിലെ വിവരങ്ങളും ഉണ്ടായിരുന്നു. അതില്‍ സംഭവവുമായി ബന്ധപ്പെട്ട്‌ അവരെ അലട്ടിയിരുന്ന പല വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ഞാന്‍ ലോയയുടെ ഭാര്യയെയും മകനെയും കണ്ടിരുന്നെങ്കിലും സ്വജീവനില്‍ ഭയമുണ്ടെന്ന്‌ പറഞ്ഞ്‌ അവര്‍ സംസാരിക്കാന്‍ തയ്യാറായില്ല.

2014 ഡിസംബര്‍ 1-ന്‌ തനിക്കൊരു കോള്‍ വന്നുവെന്നാണ്‌ ധൂലെയില്‍ താമസിക്കുന്ന ബിയാനി പറഞ്ഞത്‌. ഒരു ജഡ്‌ജാണെന്നും പേര്‌ ബാര്‍ഡെയെന്നാണെന്നും പരിചയപ്പെടുത്തിയ ഒരാളുടെ കോള്‍ ആയിരുന്നു അത്‌. ലത്തൂറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗേറ്റ്‌ ഗാവിലേക്ക്‌ ലോയയുടെ മൃതദേഹം അയച്ചിട്ടുണ്ടെന്നും അവിടേക്ക്‌ പോകണമെന്നുമായിരുന്നു അവരോട്‌ അദ്ദേഹം പറഞ്ഞത്‌. വിളിച്ച അതേ ആള്‍ തന്നെയാണ്‌ ബിയാനിയോടും മറ്റുള്ള കുടുംബാംഗങ്ങളോടും ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞുവെന്നും മരണകാരണം ഹൃദയസ്‌തംഭനമാണെന്നും അറിയിച്ചത്‌. സാധാരണ ഗേറ്റ്‌ഗാവിലുണ്ടാകാറുള്ള ലോയയുടെ പിതാവ്‌ അന്ന്‌ ലത്തൂറിലുള്ള തന്റെ മകളുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്‌. അദ്ദേഹത്തിനും ഫോണ്‍കോള്‍ വന്നിരുന്നു. മകന്റെ മൃതദേഹം ഗേറ്റ്‌ഗാവിലേയ്‌ക്ക്‌ അയച്ചുവെന്നാണ്‌ അദ്ദേഹത്തെയും അറിയിച്ചത്‌. ”മൃതദേഹം ഗേറ്റ്‌ഗാവിലേയ്‌ക്ക്‌ എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേടിയാണ്‌ അച്ഛനോട്‌ പറഞ്ഞത്‌”; ബിയാനി പറഞ്ഞു. ‘ബ്രിജ്‌ ലോയയുടെ മരണം അയാള്‍ എങ്ങനെ എപ്പോള്‍ എന്തുകൊണ്ട്‌ അറിഞ്ഞു എന്ന്‌ ആര്‍ക്കും അറിയില്ല.”

ലോയ മരിച്ചുവെന്ന വാര്‍ത്ത തന്നെ അറിയിക്കുന്നത്‌ അതി രാവിലെ 5 മണിക്ക്‌ ബാര്‍ഡെ ആയിരുന്നുവെന്ന്‌ ഔറംഗാബാദില്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന ലോയയുടെ മറ്റൊരു സഹോദരിയായ സരിതാ മണ്ഡാനെ പറഞ്ഞു. ”നാഗ്‌പൂരില്‍ വെച്ച്‌ ബ്രിജ്‌ മരിച്ചുവെന്നും വേഗം അവിടെ എത്തണമെന്നുമാണ്‌ ഞങ്ങളോട്‌ പറഞ്ഞത്‌.” ഉടനെ തന്റെ മരുമകനെ അവന്‌ അടുത്ത കാലത്ത്‌ അഡ്‌മിഷന്‍ ലഭിച്ച ആശുപത്രിയില്‍ നിന്നും പിക്ക്‌ അപ്പ്‌ ചെയ്യാന്‍ പോയി. ”ആശുപത്രിയില്‍ നിന്നും ഇറങ്ങാന്‍ നേരം ആ മനുഷ്യന്‍, ഈശ്വര്‍ ബഹേടി അവിടേക്ക്‌ വന്നു. ഞങ്ങള്‍ ശാരദാ ഹോസ്‌പിറ്റലിലുണ്ടാകുമെന്ന്‌ അയാള്‍ എങ്ങനെ അറിഞ്ഞുവെന്ന്‌ എനിക്കറിയില്ല.” മണ്ഡാനെ പറയുന്നതനുസരിച്ച്‌ താന്‍ രാത്രി മുഴുവന്‍ ആളുകളോട്‌ ഫോണ്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നുവെന്നും ഇനി നാഗ്‌പൂരിലേയ്‌ക്ക്‌ പോയിട്ട്‌ കാര്യമില്ല എന്നും കാരണം മൃതദേഹം ഗേറ്റ്‌ഗാവിലേയ്‌ക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോയി എന്നുമാണ്‌ ബഹേടി അവരോട്‌ പറഞ്ഞിരിക്കുന്നത്‌. ”താന്‍ എല്ലാത്തിനും സഹകരിക്കാമെന്ന്‌ പറഞ്ഞ്‌ അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.” മണ്ഡാനെ പറഞ്ഞു. (ഈ സ്റ്റോറി പബ്ലിഷ്‌ ചെയ്യുന്നതുവരെയും ഞാന്‍ അയച്ചുകൊടുത്ത ചോദ്യങ്ങള്‍ക്ക്‌ ബഹേട്ടി ഉത്തരം നല്‍കിയിട്ടില്ല.)

രാത്രിയാണ്‌ ഗേറ്റ്‌ഗാവില്‍ ബിയാനി എത്തിയത്‌. മറ്റ്‌ സഹോദരിമാര്‍ നേരത്തെ കുടുംബവീട്ടില്‍ എത്തിയിരുന്നു. ബിയാനിയുടെ ഡയറിയില്‍ നിന്നും മനസിലാകുന്നത്‌ അവര്‍ അവിടെ എത്തിയ ശേഷം രാത്രി 11.30നാണ്‌ മൃതദേഹം വീട്ടിലെത്തുന്നത്‌ എന്നാണ്‌. നാഗ്‌പൂരില്‍ നിന്നും ആരംഭിച്ച യാത്രയില്‍ മൃതദേഹത്തോടൊപ്പം ലോയയുടെ സഹപ്രവര്‍ത്തകരായ ആരും തന്നെ കൂടെയുണ്ടായിരുന്നില്ല എന്നത്‌ കുടുംബത്തെ ഞെട്ടിപ്പിച്ചു. ”വിവാഹത്തിന്‌ നാഗ്‌പൂരിലേയ്‌ക്ക്‌ പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച ആ രണ്ട്‌ ജഡ്‌ജിമാരും അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം കൂടെയുണ്ടായിരുന്നില്ല എന്നത്‌ ഞങ്ങള്‍ക്കൊരു ഷോക്ക്‌ ആയിരുന്നു. അദ്ദേഹത്തിന്റെ മരണവും പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങളും അറിയിച്ച മിസ്റ്റര്‍ ബാര്‍ഡെയും കൂടെയുണ്ടായിരുന്നില്ല. ആരും തന്നെ അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം വരാതിരുന്നതെന്താണ്‌? ഈ ചോദ്യം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു;” ബിയാനി പറഞ്ഞു. അവരുടെ ഒരു ഡയറിവിവരണം ഇങ്ങനെയായിരിന്നു: ”അദ്ദേഹം ഒരു സി.ബി.ഐ കോടതി ജഡ്‌ജിയാണ്‌. അദ്ദേഹത്തിന്‌ സുരക്ഷ ഉണ്ടായിരിക്കേണ്ടതാണ്‌. ഉചിതമായ വിധത്തില്‍ അദ്ദേഹത്തിന്‌ അകമ്പടിയുണ്ടാകുക എന്നത്‌ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്‌.”

ഏതാനും ചില ജഡ്‌ജിമാര്‍ക്കൊപ്പമാണ്‌ ലോയയുടെ ഭാര്യ ശാര്‍മിളയും മകള്‍ അപൂര്‍വയും മകന്‍ അനുജും മുംബൈയില്‍ നിന്നും ഗേറ്റ്‌ഗാവിലേയ്‌ക്ക്‌ എത്തിയത്‌. ആ ജഡ്‌ജിമാരിലൊരാള്‍ ‘നിരന്തരം അനുജിനോട്‌ പറയുന്നുണ്ടായിരുന്നു ആരോടും ഒന്നും പറയരുത്‌” എന്ന്‌. ബിയാണി എന്നോട്‌ പറഞ്ഞു. ”അനുജിന്‌ വിഷമവും ഭയവും ഉണ്ടായിരുന്നുവെങ്കിലും അവന്‍ അമ്മക്ക്‌ താങ്ങായി സമാധാനത്തോടെ നിലകൊണ്ടു”.
മൃതദേഹം കണ്ടപ്പോള്‍ എന്തൊക്കെയോ അസ്വാഭാവികമായി തോന്നിയതായി ബിയാനി ഓര്‍ക്കുന്നു. ”ഷര്‍ട്ടിന്റെ പുറകുവശത്ത്‌ കഴുത്തിനടുത്തായി രക്തപ്പാടുകളുണ്ടായിരുന്നു.” ”കണ്ണട കഴുത്തിന്‌ താഴെയായിട്ടായിരുന്നു ഉണ്ടായിരുന്നത്‌” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോയയുടെ ”കണ്ണട മൃതദേഹത്തിനു താഴെ ഉടക്കിക്കിടക്കുകയായിരുന്നു”വെന്ന്‌ മണ്ഡനെയും എന്നോട്‌ പറഞ്ഞിരുന്നു.

ബിയാനിയുടെ ഡയറിയിലെ ആ സമയത്തെ ഒരു വിവരണം ഇതാണ്‌; ”അദ്ദേഹത്തിന്റെ കോളറില്‍ രക്തമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബെല്‍റ്റ്‌ എതിര്‍വശത്തേക്ക്‌ തിരിഞ്ഞായിരുന്നു കിടന്നിരുന്നത്‌. പാന്റിന്റെ ക്ലിപ്‌ പൊട്ടിയിരുന്നു. ഇത്‌ വളരെ ദുരൂഹമാണെന്ന്‌ എന്റെ അമ്മാവന്‌വരെ തോന്നിയിരുന്നു.”
ഹര്‍കിഷനും എന്നോട്‌ പറഞ്ഞിരുന്നു, വസ്‌ത്രങ്ങളില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നുവെന്ന്‌. മണ്ഡാനെയും പറയുന്നു, ”കഴുത്തില്‍ രക്തപ്പാടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തലയില്‍ മുറിവുണ്ടായിരുന്നു… പുറകുവശത്ത്‌.” ”മാത്രവുമല്ല ഷര്‍ട്ടിലും രക്തപ്പാടുകളുണ്ടായിരുന്നു.” ഹര്‍കിഷന്‍ പറയുന്നത്‌ ”ഷര്‍ട്ടില്‍ ഇടത്‌ തോളിലും ഇടുപ്പിന്റെ ഭാഗത്തും രക്തക്കറ ഉണ്ടായിരുന്നു.”

എന്നാല്‍, നാഗ്‌പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ നല്‍കിയ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത്‌ പറയുന്നത്‌ ”വസ്‌ത്രത്തിന്റെ അവസ്ഥ: വെള്ളം മൂലമോ മറ്റോ കുതിര്‍ന്നിരുന്നു. രക്തമോ മറ്റോ ചര്‍ദ്ദിച്ചതിലൂടെ ഉണ്ടാകുന്ന വസ്‌തുവോ കൊണ്ട്‌ കറയുണ്ടായുണ്ടായിരുന്നു.” അതില്‍ കയ്യക്ഷരം കൊണ്ട്‌ വെറുതെ ‘ഉഞഥ” എന്ന്‌ എഴുതി ചേര്‍ത്തിരുന്നു. ശരീരത്തിലുണ്ടായിരുന്ന ആ രക്തക്കറ സംശയാസ്‌പതമാണ്‌ എന്ന്‌ ബിയാനി കണ്ടെത്തി. കാരണം ഒരു ഡോക്ടറെന്ന നിലയില്‍ ”എനിക്കറിയാം പോസ്റ്റ്‌ മോര്‍ട്ടത്തില്‍ അത്തരത്തില്‍ രക്തം പുറത്തേക്ക്‌ വരില്ല. കാരണം ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കില്ല.” പുനര്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ”പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കണ്ട എന്ന്‌ പറഞ്ഞ്‌” അവിടെ കൂടിയ ലോയയുടെ സുഹൃത്തുക്കള്‍ ”ഞങ്ങളെ നിരുത്സാഹപ്പെടുത്തി.”
ലോയയുടെ കുടുംബം വളരെ മാനസിക സംഘര്‍ഷത്തിലും ഭയത്തിലുമായിരുന്നു. എന്നിട്ടും മരണാനന്തര ശുശ്രൂഷകള്‍ നടത്താന്‍ നിര്‍ബന്ധിതരായി. ഹര്‍കിഷന്‍ പറഞ്ഞു.

ലോയയുടെ മരണം ദുരൂഹമായി കാണപ്പെടുന്നതെന്താണെന്നാല്‍ ഒരു പോസ്റ്റ്‌ മോര്‍ട്ടം നടക്കണമെങ്കില്‍ ഒരു പഞ്ചനാമ* തയ്യാറാക്കുകയും ഒരു മെഡിക്കോ ലീഗല്‍ കേസ്‌ ഫയല്‍ ചെയ്യുകയും വേണം എന്നാണ്‌ നിയമ വിദഗ്‌ധര്‍ നിര്‍ദ്ദേശിക്കുന്നത്‌. ”നിയമനടപടിക്രമങ്ങളനുസരിച്ച്‌ മരിച്ച ആളുടെ വസ്‌തുക്കള്‍ എല്ലാം ശേഖരിക്കുകയും സീല്‍ ചെയ്യുകയും ഒരു പഞ്ച്‌നാമയില്‍ അവയെല്ലാം ലിസ്റ്റ്‌ ചെയ്യുകയും അതുപോലെ തന്നെ കുടുംബത്തിനും കൈമാറുകയും ചെയ്യേണ്ടത്‌ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റാണ്‌.” പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അസിം സരോദ്‌ പറഞ്ഞു. കുടുംബത്തിന്‌ പഞ്ച്‌നാമയുടെ ഒരു കോപ്പിയും നല്‍കിയില്ല എന്ന്‌ ബിയാനി പറഞ്ഞു. ലോയയുടെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കപ്പെട്ടു. എന്നാല്‍, അത്‌ തിരികെ നല്‍കിയത്‌ പോലീസ്‌ ആയിരുന്നില്ല, ബഹേട്ടിയായിരുന്നുവെന്ന്‌ മിയാനി പറഞ്ഞു.

”മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ ഞങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ മൊബൈല്‍ തിരികെ ലഭിച്ചത്‌. പെട്ടെന്ന്‌ തന്നെ തരണമെന്ന്‌ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം വിളിച്ച കോളുകളെ കുറിച്ചും സംഭവിച്ച മറ്റ്‌ കാര്യങ്ങളെ കുറിച്ചുമെല്ലാം അതില്‍ വിവരങ്ങളുണ്ടാകും. ഫോണ്‍ കിട്ടിയിട്ട്‌ അതൊക്കെ ഞങ്ങള്‍ക്ക്‌ അറിയണമായിരുന്നു. അതുപോലെ എസ്‌.എം.എസുകളും. ഈ വാര്‍ത്തക്കും ഒന്ന്‌ രണ്ട്‌ ദിവസങ്ങള്‍ക്കു മുന്നെ ഒരു മെസ്സേജ്‌ അതില്‍ വന്നിരുന്നു.’സര്‍ ഇവരില്‍ നിന്നും താങ്കള്‍ സുരക്ഷിതമായ ഇടത്തേക്ക്‌ മാറണം’ എന്ന്‌ പറഞ്ഞുകൊണ്ടുള്ള ഒന്ന്‌. ആ എസ്‌.എം.എസ്‌ ഫോണില്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ മെസ്സേജുകളും ഫോണില്‍ നിന്നും ഡിലീറ്റ്‌ ചെയ്യപ്പെട്ടിരുന്നു.” അവര്‍ പറഞ്ഞു. ലോയയുടെ മരണദിവസത്തിലെയും തുടര്‍ന്നുള്ള പ്രഭാതത്തിലെയും സംഭവങ്ങളെ കുറിച്ച്‌ ബിയാനിക്ക്‌ നിരവധി ചോദ്യങ്ങള്‍ ഉണ്ട്‌. എങ്ങനെയാണ്‌, എന്തുകൊണ്ടാണ്‌ ലോയയെ ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുക? അതും ഏറ്റവും അടുത്ത ആട്ടോറിക്ഷാ സ്റ്റാന്റ്‌ ഉള്ളത്‌ രവി ഭവനില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍. ”രവിഭവന്‌ അടുത്ത്‌ ഓട്ടോറിക്ഷാ സ്റ്റാന്റ്‌ ഒന്നും തന്നെ ഇല്ല. പകല്‍ സമയത്ത്‌ പോലും ആളുകള്‍ക്ക്‌ അവിടെ നിന്ന്‌ ഓട്ടോറിക്ഷ ലഭിക്കില്ല.” ”അപ്പോള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ക്ക്‌ ആ അര്‍ദ്ധരാത്രി എങ്ങനെയാണ്‌ ഓട്ടോറിക്ഷ ലഭിച്ചിട്ടുണ്ടാകുക?” അവര്‍ ചോദിക്കുന്നു.

മറ്റു ചില ചോദ്യങ്ങളും ഉത്തരമില്ലാതെ അവശേഷിക്കുന്നു. ലോയയെ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ എന്തുകൊണ്ടാണ്‌ അറിയിക്കാതിരുന്നത്‌? അദ്ദേഹം മരിച്ച ഉടനെ പോലും അവരെ വിവരമറിയിക്കാത്തതെന്ത്‌? പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനു മുമ്പ്‌ അനുമതി വാങ്ങുകയോ അത്‌ നടത്തുന്നുവെന്ന്‌ ആരെയെങ്കിലും അറിയിക്കുകയോ ചെയ്യാതിരുന്നതെന്ത്‌? ആരാണ്‌ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ നിര്‍ദ്ദേശിച്ചത്‌? എന്തുകൊണ്ട്‌? പോസ്റ്റ്‌ മോര്‍ട്ടം നിര്‍ദ്ദേശിക്കാന്‍ തക്കവിധം ലോയയുടെ മരണത്തില്‍ ദുരൂഹത എന്തായിരുന്നു? ഡാന്ദേ ഹോസ്‌പിറ്റലില്‍ അദ്ദേഹത്തിന്‌ നല്‍കിയ മരുന്നുകളെന്താണ്‌? മന്ത്രിമാര്‍ ഐ.എ.എസ്സുകാര്‍, ഐ.പി.എസ്സുകാര്‍ ജഡ്‌ജിമാര്‍ എന്നിങ്ങനെയുള്ള വി.ഐ.പികള്‍ക്ക്‌ എപ്പോഴും ആതിഥ്യമരുളുന്ന രവിഭവനില്‍ ഒരു വാഹനം പോലും എടുക്കാനില്ലായിരുന്നോ? മഹാരാഷ്ട്ര സംസ്ഥാന അസംബ്ലിയുടെ ശൈത്യകാലസഭ നാഗ്‌പൂരില്‍ തുടങ്ങുന്നത്‌ ഡിസംബര്‍ 7നാണ്‌.

സഭയുടെ തയ്യാറെടുപ്പുകള്‍ക്കായി നൂറുകണക്കിന്‌ ഉദ്യോഗസ്ഥര്‍ സിറ്റിയില്‍ അതിനു മുമ്പേ തന്നെ വന്നിട്ടുണ്ട്‌. നവംബര്‍ 30നും ഡിസംബര്‍ 1നും രവിഭവനിലുണ്ടായിരുന്ന വി.ഐ.പികള്‍ ആരൊക്കെയായിരുന്നു? ”ഇതൊക്കെയും വളരെ ന്യായമായ ചോദ്യങ്ങളാണ്‌” അഭിഭാഷകനായ സരോഡെ പറഞ്ഞു. ”ഡാന്ദേ ഹോസ്‌പിറ്റലില്‍ നടന്ന ചികിത്സയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌ അദ്ദേഹത്തിന്റെ കുടുംബത്തിന്‌ നല്‍കാതിരുന്നത്‌ എന്ത്‌? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആര്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നോ?”
”കുടംബത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കരുതിയാണ്‌ ഈ ചോദ്യങ്ങള്‍ ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നത്‌” ബിയാനി പറഞ്ഞു.

ലോയയെ നാഗ്‌പൂരിലേയ്‌ക്ക്‌ നിര്‍ബന്ധിച്ച്‌ കൂട്ടിക്കൊണ്ട്‌ പോയ ആ ജഡ്‌ജിമാര്‍ ”ഒരു മാസത്തോളമോ ഒന്നര മാസത്തോളമോ” അദ്ദേഹത്തിന്റെ മരണശേഷം വന്നുകണ്ടിരുന്നില്ല എന്നതാണ്‌ ആശയക്കുഴപ്പം കൂട്ടുന്നത്‌. അവര്‍ വന്നതിനു ശേഷമാണ്‌ ലോയയുടെ അവസാന മണിക്കൂറിലെ വിവരങ്ങള്‍ കുടുംബത്തിന്‌ കേള്‍ക്കാനായത്‌. ബിയാനിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌ അവര്‍ രണ്ടുപേരും പറഞ്ഞത്‌ ഇതാണ്‌; അര്‍ദ്ധരാത്രി 12.30 ന്‌ അദ്ദേഹത്തിന്‌ നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന്‌ അവര്‍ അദ്ദേഹത്തെ ഡാന്ദേ ഹോസ്‌പിറ്റലില്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി. അവിടെ അദ്ദേഹം ”തന്നെ പടികളില്‍ പിടിച്ചു കയറിയിരുന്നു. തുടര്‍ന്ന്‌ ചില ചികിത്സകള്‍ ലഭിച്ചു. പിന്നീട്‌ മെഡിട്രീന ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുപോയി. പോകും വഴി അദ്ദേഹം മരണപ്പെട്ടു.”

ഇതിനു ശേഷവും കുറേ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ കിടപ്പുണ്ട്‌. ”ഡാന്ദെ ഹോസ്‌പിറ്റലില്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചതാണ്‌. എന്നാല്‍ അതേ കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ തയ്യാറായില്ല.” ബിയാനി വ്യക്തമാക്കി. നാഗ്‌പൂരിലെ ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജില്‍ വെച്ച്‌ നടന്ന ലോയയുടെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ എനിക്ക്‌ ലഭിച്ചു. ആ രേഖ തന്നെ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്‌.

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഓരോ താളും നാഗ്‌പൂരിലെ സദര്‍ പോലീസ്‌ സ്‌റ്റേഷനിലെ മുതിര്‍ന്ന പോലീസ്‌ ഇന്‍സ്‌പെക്ടര്‍ ഒപ്പ്‌ വെച്ചിട്ടുണ്ട്‌. ഒപ്പം ”മയ്യാത്തച്ച ചുലത്ഭാവു” (മരിച്ചയാളുടെ പിതൃബന്ധത്തിലെ സഹോദരന്‍)വും ഒപ്പ്‌ വെച്ചിട്ടുണ്ട്‌. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ്‌ ഈ വ്യക്തിയായിരിക്കും ശരീരം ഏറ്റുവാങ്ങിയത്‌. ”എനിക്ക്‌ നാഗ്‌പൂരില്‍ ഒരു സഹോദരമോ പിതൃബന്ധത്തിലുള്ള സഹോദരനോ ഇല്ല.” ലോയയുടെ പിതാവ്‌ പറഞ്ഞു. ”റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്ന ഈ ആള്‍ ആരാണ്‌ എന്നതാണ്‌ മറ്റൊരു ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യം.”
കൂടാതെ ശവശരീരം മെഡിട്രീന ഹോസ്‌പിറ്റലില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുന്നത്‌ നാഗ്‌പൂരിലെ സിതാബര്‍ജി പോലീസാണ്‌. പ്രസ്‌തുത പോലീസ്‌ സ്‌റ്റേഷനിലെ പങ്കെജ്‌ എന്ന്‌ പേരുള്ള കോണ്‍സ്റ്റബിളായിരുന്നു ഒപ്പമുണ്ടായിരുന്നത്‌. കോണ്‍സ്റ്റബിളിന്റെ ബാഡ്‌ജ്‌ നമ്പര്‍ 6238 ആണ്‌. 2014 ഡിസംബര്‍ 1 രാവിലെ 10.50 നാണ്‌ ബോഡി കൊണ്ടുവന്നത്‌. പോസ്റ്റ്‌ മോര്‍ട്ടം 10.55 ആരംഭിക്കുകയും ചെയ്‌തു. 11.55 വരെ അത്‌ നീളുകയും ചെയ്‌തു.

പോലീസിന്റെ അഭിപ്രായത്തില്‍ ”ലോയ മരിക്കുന്നത്‌ 1/1/14 0615 മണിക്കൂറിനാണ്‌.” ”04.00 മണിക്ക്‌ അനുഭവപ്പെട്ട നെഞ്ച്‌ വേദനയെ തുടര്‍ന്നാണത്‌.” എന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ”അദ്ദേഹത്തെ ആദ്യം ഡാന്ദേ പോസ്‌പിറ്റലില്‍ കൊണ്ടുപോയിരുന്നു. പിന്നീട്‌ മെഡിട്രിന ഹോസ്‌പിറ്റലിലേക്ക്‌ കൊണ്ടുപോയി. അവിടെ വെച്ചാണ്‌ അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കുന്നത്‌.” റിപ്പോര്‍ട്ടില്‍ മരണ സമയം രേഖപ്പെടുത്തിയിരിക്കുന്ന രാവിലെ 6.15 എന്നാണ്‌. അതും പൊരുത്തക്കേട്‌ നിറഞ്ഞതാണ്‌. കാരണം ലോയയുടെ കുടുംബാംഗങ്ങള്‍ക്ക്‌ കോളുകള്‍ വരുന്നത്‌ പുലര്‍ച്ചെ 5 മണിമുതലാണ്‌. കൂടാതെ എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍ രണ്ട്‌ സ്രോതസുകളില്‍ നിന്നായി അറിയാന്‍ കഴിഞ്ഞത്‌, അതായത്‌ നാഗ്‌പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും സീതാബര്‍ഡി പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌, അര്‍ദ്ധരാത്രിയോടെയാണ്‌ ലോയ മരിച്ചത്‌ എന്നാണ്‌. രാത്രി മൃതദേഹം തങ്ങള്‍ വ്യക്തിപരമായി കണ്ടും എന്നും അവര്‍ പറയുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞതോടെ തന്നെ പോസ്റ്റ്‌ മോര്‍ട്ടം നടന്നു എന്നും അവര്‍ പറഞ്ഞു. കുടുംബത്തിന്‌ പുലര്‍ച്ചെ ഫോണ്‍ കോളുകള്‍ വന്നു എന്നതിലുപരി രാവിലെ 6.15ന്‌ മരണം സംഭവിച്ചു എന്ന്‌ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നതും ഗൗരവമായ ചോദ്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌. ”പോസ്റ്റ്‌ മോര്‍ട്ടം നടന്നപോലെ ശരീരം മുറിച്ചിട്ട്‌ തുന്നിക്കെട്ടാന്‍” സുപ്പീരിയര്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ചതായി പോസ്റ്റ്‌ മോര്‍ട്ടം നടന്ന രഹസ്യമുറിയിലുണ്ടയിരുന്ന ആളും (സോഴ്‌സും) എന്നോട്‌ പറഞ്ഞു.

”ഹൃദയരക്തധമനി സതംഭനം” (coronary artery insufficiency) ആകാം മരണകാരണമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. ഇത്തരത്തിലുള്ള ഹൃദയധമനി സ്‌തംഭനത്തിന്‌ പ്രധാനകാരണം ”സാധാരണയായി പ്രായം കുടുന്നത്‌, കുടുംബത്തില്‍ മുമ്പ്‌ തന്നെ ഉണ്ടായിരിക്കല്‍, പുകവലി, കൂടിയ കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത വണ്ണം, ഡയബറ്റീസ്‌ എന്നിവയൊക്കെയാണ്‌” എന്ന്‌ മുംബൈയിലെ അറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ്‌ ആയ ഹസ്‌മുഖ്‌ രാവത്‌ അഭിപ്രായപ്പെടുന്നു. തന്റെ സഹോദരന്‌ ഇതൊന്നും ഉണ്ടായിരുന്നില്ല എന്ന്‌ ലോയയുടെ സഹോദരിയായ ബിയാനി വ്യക്തമാക്കുന്നു. ”ബ്രിജിന്‌ 48 വയസാണ്‌ ഉണ്ടായിരുന്നത്‌. ഞങ്ങളുടെ രക്ഷകര്‍ത്താക്കള്‍ക്ക്‌ 85-ഉം 80-ഉം വയസ്‌ പ്രായമാണ്‌ ഉള്ളത്‌. അവര്‍ക്കിപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളൊന്നുമില്ല. നല്ല ആരോഗ്യമുള്ളവരാണ്‌. മദ്യവിരോധിയാണ്‌ അദ്ദേഹം. വര്‍ഷങ്ങളായി എല്ലാ ദിവസവും രണ്ട്‌ മണിക്കൂര്‍ ടേബിള്‍ ടെന്നീസ്‌ കളിക്കുമായിരുന്നു. ഡയബറ്റീസോ രക്തസമ്മര്‍ദ്ദമോ ഒന്നും ഉണ്ടായിരുന്നില്ല.” ബിയാനി ഓര്‍മിക്കുന്നു.

തന്റെ സഹോദരന്റെ മരണത്തെ കുറിച്ചുള്ള ഔദ്യോഗിക മെഡിക്കല്‍ വിശദീകരണങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്‌ എന്നാണ്‌ ബിയാനി പറയുന്നത്‌. ”ഞാനൊരു ഡോക്ടറാണ്‌. അസിഡിറ്റി, ചുമ പോലുള്ള ചെറിയ കാര്യങ്ങള്‍ വന്നാല്‍ പോലും അദ്ദേഹം എന്നോട്‌ കണ്‍സള്‍ട്ട്‌ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‌ ഹൃദ്രോഗ സംബന്ധമായ ചരിത്രമൊന്നുമില്ല. ഞങ്ങളുടെ കുടുംബത്തിനുമില്ല.” ബിയാനി കൂട്ടിച്ചേര്‍ത്തു.
(തുടരും)

സൊഹ്‌റാബുദ്ദീൻ കേസിൽ അനുകൂല വിധിയുണ്ടാകാൻ ചീഫ്‌ ജസ്റ്റിസ്‌ മോഹിത്‌ ഷാ എന്റെ സഹോദരന്‌ 100 കോടിരൂപ വാഗ്‌ദാനം ചെയ്‌തു; അന്തരിച്ച ലോയയുടെ സഹോദരി – ഭാഗം 02 ല്‍.

കടപ്പാട്‌: കാരവൻ മാസിക | എഴുതിയത്‌: നിരഞ്‌ജൻ താക്ലെ
റിപ്പോർട്ടുകളുടെ മലയാളം വിവർത്തനം (സ്വതന്ത്ര വിവർത്തനം) : ഷഫീഖ്‌ സുബൈദ അബ്‌ദുൽ ഹഖീം
(ജനപക്ഷം മാസിക  2017 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതിന്‍റെ പുനഃപ്രസിദ്ധീകരണം)

Related