കേരളത്തിന്റെ സാമൂഹിക നവോത്ഥാനചരിത്രത്തിൽ മതപരിഷ്കരണവും വിദ്യാഭ്യാസപ്രവർത്തനവും സാമൂഹിക അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടവും പരസ്പരം ബന്ധപ്പെട്ട പ്രധാന ധാരകളായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കേരളസമൂഹം ജാതിവ്യവസ്ഥയുടെയും അനാചാരങ്ങളുടെയും അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലായിരുന്ന ഇരുണ്ട കാലഘട്ടത്തിലാണ് വിവിധ സമുദായങ്ങൾക്കുള്ളിൽനിന്നും പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്. ആ കാലഘട്ടത്തിൽ മുസ്ലിം സമുദായത്തിനുള്ളിൽ മതപരിഷ്കരണത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും മതാന്തര സംവാദത്തിന്റെയും സ്ത്രീ വിദ്യാഭ്യാസത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും ആവശ്യകത ശക്തമായി ഉന്നയിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ അഗ്രഗാമിയായിരുന്നു സനാഉല്ലാ മക്തി തങ്ങൾ. ബഹുമുഖ പ്രതിഭയായിരുന്ന മക്തി തങ്ങളുടെ പരിഷ്കരണ പ്രവർത്തനങ്ങൾ മുസ്ലിം സമുദായത്തിന്റെ മതപരവും സാമൂഹികവുമായ ജിവിതത്തിനുള്ളിൽ മാത്രം പരിമിതപ്പെടുന്ന ഒന്നായിരുന്നില്ല. ആധുനിക വിദ്യാഭ്യാസം, ശാസ്ത്രബോധം, ഭാഷാപഠനം, അന്ധവിശ്വാസവിരുദ്ധ ചിന്ത, സ്ത്രികളുടെ വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, ഭാഷാ പരിഷ്കരണം ഗ്രന്ഥരചന ,പത്രപ്രവർത്തനം, ഖുർ ആൻ വിവർത്തനം, മതസംവാദം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ കേരളത്തിലെ വിശാലമായ നവോത്ഥാന മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കേരളത്തിലെ മുസ്ലിം സമൂഹം സാമൂഹികമായും വിദ്യാഭ്യാസപരമായും നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. പരമ്പരാഗത മതപഠനത്തിന് പ്രാധാന്യമുണ്ടായിരുന്നെങ്കിലും ആധുനിക വിദ്യാഭ്യാസത്തോടും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും പല വിഭാഗങ്ങൾക്കിടയിലും വിയോജിപ്പുകൾ നിലനിന്നിരുന്നു. ഭാഷയെന്നാൽ അറബി – മലയാളം ആണെന്നും പഠനമെന്നാൽ ഖുർആൻ പഠനം മാത്രമാണെന്നും വലിയൊരു വിഭാഗം തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സനാഉല്ലാ മക്തി തങ്ങൾ എന്ന സാമൂഹിക പരിഷ്കർത്താവ് കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്ക് ആധുനിക വിദ്യാഭ്യാസവും അറബി – മലയാളം ഭാഷാപരിഷ്കരണവും വിജ്ഞാന പ്രസരണവും അനിവാര്യമാണെന്ന് ശക്തമായി വാദിച്ചുകൊണ്ട് സ്വസമുദായത്തിനുള്ളിൽ പരിഷ്കരണത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രചാരകനായി കടന്നുവരുന്നതും മുസ്ലിം നവോത്ഥാന, സമുദായ പരിഷ്കരണ ചിന്തകരിൽ പ്രധാനിയായി മാറുന്നതും. പാരമ്പരാഗത മതവിശ്വാസത്തെയും ഇസ്ലാമിക പൈതൃകത്തെയും പാടെ ഉപേക്ഷിക്കാതെ തന്നെ ആധുനിക വിദ്യാഭ്യാസത്തെയും പരിഷ്കരണോന്മുഖമായ നവീന ചിന്താധാരയെയും സ്വസമുദായത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സമുദായ പുരോഗതിയിലും കേരള നവോത്ഥാനത്തിലും തികച്ചും നിർണ്ണായകമായ കാൽവെയ്പ്പായിരുന്നു. മതവും ആധുനിക വിദ്യാഭ്യാസവും പരസ്പര വിരുദ്ധങ്ങളാണെന്ന ധാരണയെ ചോദ്യം ചെയ്ത തങ്ങൾ മുസ്ലിം സമൂഹം കാലത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കുകയും പുതിയ വിദ്യാഭ്യാസരിതികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ചിന്തകനും ഗ്രന്ഥകാരനും സാമൂഹിക പരിഷ്കർത്താവായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം വെളിയംകോട് എന്ന ദേശത്ത് 1847-ലാണ് സനാഉല്ലാ മക്തി തങ്ങളുടെ ജനനം. സയ്യിദ് അഹ്മദ് തങ്ങളായിരുന്നു കഥാനായകന്റെ പിതാവ്; മാതാവ് ഷെരീഫാ ബീവിയും. 16-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പോർച്ചുഗീസുകാരുടെ അധിനിവേശത്തിനും കിരാതവാഴ്ചയ്ക്കും അധീനപ്പെട്ട പ്രദേശമായിരുന്നു പൊന്നാനിയും വെളിയംകോടും.1800 – ൽ ഇവിടം സന്ദർശിച്ച ഫ്രാൻസിസ് ബുക്കാനൻ അദ്ദേഹത്തിന്റെ സഞ്ചാര ഡയറിയായ “എ ജേർണി ഫ്രം മദ്രാസ്സ് (OY കൺട്രീസ് ഓഫ് മൈസൂർ കാനറ ആൻഡ് മലബാർ ” എന്ന ഗ്രന്ഥത്തിൽ വെളിയംകോട്ടെ ജനജീവിതത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് വെളിയംകോട്ടും പരിസര പ്രദേശങ്ങളിലും വിദ്യാലയങ്ങൾ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മുസ്ലിം സമുദായം സമ്പ്രദായിക വിദ്യാഭ്യാസത്തോട് വേണ്ടത്ര താല്പര്യവും പ്രകടിപ്പിച്ചിരുന്നില്ല. എഴുത്താശാന്മാരുടെ കളരികളിൽ പോലും യാഥാസ്ഥിതിക മുസ്ലിംങ്ങൾ അവരുടെ കുട്ടികളെ എഴുത്തുവിദ്യ അഭ്യസിക്കാൻ അയച്ചിരുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് കഥാപുരുഷൻ സ്വപിതാവിൽ നിന്നും അക്ഷരാഭ്യാസം ആരംഭിക്കുന്നത്. തുടർന്ന് ചാവക്കാട്ടെ ഹയർ എലിമെന്ററി സ്കുളിൽ ചേരുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് വെളിയംകോട്ടെയും മാറഞ്ചേരിയിലെയും പള്ളികളിൽ നടന്നു വന്നിരുന്ന മതപഠനത്തിന് ചേരുകയും പിന്നീട് പൊന്നാനി വലിയപള്ളി ദർസിൽ ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു .ഇക്കാലത്താണ് വിവിധ ഭാഷക്കാരായ സഹപാഠികളുടെ സഹായത്താലും കുടുംബ പൈതൃകത്താലും മക്തി തങ്ങൾ മലയാളം ,ഇംഗ്ലീഷ്, പേർഷ്യൻ ഹിന്ദുസ്ഥാനി , തമിഴ് എന്നി ഭാഷകളിൽ വേണ്ടത്ര അവഗാഹം നേടുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ മക്തി തങ്ങൾ പിതാവിന്റെ പാത പിന്തുടർന്ന് സർക്കാർ സർവീസിൽ എക്സൈസ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു.
18 – ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ബ്രിട്ടിഷുകാരുടെ സ്വാധീനത്തോടെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ക്രിസ്തുമത പ്രചാരണം ശക്തിപ്പെട്ടുകൊണ്ടിരുന്നു. സമൂഹത്തിൽ സ്വീകാര്യത ലഭിക്കാൻ ഇസ്സാം മതത്തിനെതിരെ നിരവധി അപവാദങ്ങൾ ഇക്കാലത്ത് ക്രിസ്ത്യൻ മിഷണറിമാർ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അറബി – മലയാളത്തിലും മറ്റും നിരവധി ലഘുലേഖകളും പുസ്തകങ്ങളും വരെ പ്രസിദ്ധീകരിച്ച് വിതരണം ചെയ്തിരുന്നു. എന്നാൽ, ഇസ്ലാമിനെതിരെ അഴിച്ചുവിട്ട ഈ കുപ്രചരണങ്ങൾക്കെതിരെ യാതൊരു വിധ പ്രതിരോധവും ഉണ്ടാകാതിരുന്നത് എതിരാളികളുടെ ഇടപെടലുകൾക്ക് ശക്തി പകർന്നു. ഈയൊരു സാഹചര്യത്തിലാണ് 1882-ൽ മക്തി തങ്ങൾ സർക്കാർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മുസ്ലിം സമുദായത്തിന്റെ ശാക്തീകരണത്തിനും ഉന്നമനത്തിനുമായുള്ള ഒറ്റയാൾ പോരാട്ടത്തിന് മുന്നിട്ടിറങ്ങുന്നത്. ഹൈന്ദവ – ഇസ്ലാമിക – ക്രൈസ്തവ മതഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന മക്തി തങ്ങൾ യുക്തിസഹമായ പ്രഭാഷണങ്ങളിലൂടെയും വ്യതിരിക്തമായ സാഹിത്യരചനകളിലൂടെയും ഇസ്താമിനെതിരെ മിഷണറിമാർ ഉയർത്തിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കുമെതിരെ മറുപടി നൽകിയതോടെ വിവാദങ്ങൾ കെട്ടടങ്ങുകയും മുസ്ലിം സമുദായത്തിനുള്ളിൽ പുതിയൊരു ഉണർവ് സംജാതമാവുകയും ചെയ്തു.
ആദ്യകാല ചരിത്രരചനകളിൽ കാനത്തൂർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കണ്ണൂരായിരുന്നു മക്തി തങ്ങൾ തന്റെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളുടെ ആദ്യകാല കേന്ദ്രമായി തിരഞ്ഞെടുത്തത്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെ 1889-ൽ മുഹമ്മദീയ സഭ സാംസ്കാരിക സംഘം എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകിയാണ് തങ്ങൾ തന്റെ സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇക്കാലത്താണ് മക്തി തങ്ങൾ ഖുർആൻ മലയാളത്തിലേയ്ക്ക് ഭാഷാന്തരീകരണം നടത്തുന്നതിനുള്ള ദൗത്യത്തിൽ മുഴുകുന്നത്. മായൻകുട്ടി എളയ അറബി – മലയാളത്തിൽ തയ്യാറാക്കായ ഖുർആൻ വിവർത്തനത്തെ അധികാരിച്ചായിരുന്നു മക്തി തങ്ങൾ അദേഹത്തിന്റെ ഖുർആൻ പരിഭാഷ തയ്യാറാക്കിയത്. വിശുദ്ധ ഖുർആന്റെ ആശയങ്ങൾ പൊതുസമൂഹത്തിൽ, വിശിഷ്യാ മുസ്ലിം സമുദായത്തിനുള്ളിൽ പ്രസരണം ചെയ്യുക എന്ന ഉദാത്ത ലക്ഷ്യത്തോടെ ആരംഭിച്ച ഈ ദാത്യം പക്ഷേ പല കാരണങ്ങളാൽ തങ്ങൾക്ക് പൂർത്തികരിക്കാനായില്ല. പരിഭാഷപ്പെടുത്തിയ ഭാഗങ്ങളാകട്ടെ യാഥാസ്ഥിതികരായ എതിരാളികൾ കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തു!
നവോത്ഥാന കാലഘട്ടത്തിൽ മലയാള ഭാഷയുടെ നവീകരണത്തിനും വിമലീകരണത്തിനും വേണ്ടി ഉയർന്നുകേട്ട ശബ്ദങ്ങളിൽ ഒന്നു കൂടിയായിരുന്നു മക്തി തങ്ങളുടേത്. ‘“ഏതുവേദവും ഏതൊരു ശാസ്ത്രവുമേതൊരു കാവ്യവുമേതൊരാൾക്കും ഹൃത്തിൽ പതിയണമെങ്കിൽ സ്വഭാഷതൻ വക്ത്രത്തിൽ നിന്നുതാൻ കേൾക്ക വേണം” എന്നു സംശയലേശമന്യേ ഉദ്ബോധിപ്പിച്ച ഭാഷാ സ്നേഹിയായിരുന്നു സനാഉല്ലാ മക്തി തങ്ങൾ. വള്ളത്തോളിനെ പോലുള ഭാഷാ സ്നേഹികൾക്കും പതിറ്റാണ്ടുകൾക്കു മുൻപ് മാത്യഭാഷയ്ക്കു വേണ്ടി മുഴങ്ങികേട്ട ശബ്ദമായിരുന്നു മക്തി തങ്ങളുട്ടേത്. മലയാള ഭാഷ ഇന്നത്തെ പോലെ വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ആ കാലത്ത് മലയാള ഗ്രന്ഥ രചനകളിലൂടെയും പത്രപ്രവർത്തനത്തിലൂടെയും ഭാഷയ്ക്ക് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് അദ്ദേഹം നിരന്തരം വാദിച്ചു. 1884 ൽ അദ്ദേഹം പ്രസിദ്ധീകരിച്ച “കഠോരകുഠാരം ” ഒരു മുസ്ലിം രചിച്ച ആദ്യ മലയാള കൃതിയെന്ന ഖ്യാതിയിൽ സാഹിത്യ ചരിത്രത്തിൽ ഇപ്പോഴും നിലകൊള്ളുന്നു. അറബി – മലയാളത്തിലും മലയാളത്തിലുമായി ഏതാണ്ട് അൻപതിലധികം കൃതികളും ഭാഷാപഠനത്തിന്റെ പ്രസക്തിയെ പ്രദീപ്തമാക്കുന്ന നിരവധി ലേഖനങ്ങളും തങ്ങളുടേതായിട്ടുണ്ട്. വിദ്യാഭ്യസം എന്നാൽ ഖുർആൻ അധിഷ്ഠിത വേദപഠനം മാത്രമാണെന്നും ഭാഷയെന്നാൽ അറബി – മലയാളമണെന്നും തെറ്റിദ്ധരിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ മുസ്ലിംകൾ സർക്കാർ വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നതിനും അശാസ്ത്രീയമായ മുസ്ലിം വിദ്യാഭ്യാസ സമ്പ്രദായത്തെ കാലോചിതമായി പരിഷ്കരിക്കുന്നതിനും നിർലോഭമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ മാർഗദർശി കൂടിയായിരുന്നു മക്തി തങ്ങൾ. ഈ മേഖലയിൽ യാഥാസ്ഥിതികരുടെ കടുത്ത വെല്ലുവിളികളെ സധൈര്യം നേരിട്ടു കൊണ്ടായിരുന്നു അദ്ദേഹം തന്റെ ദാത്യത്തെ വിജയപഥത്തിലെത്തിച്ചത്. മലബാറിലെ മുസ്ലിംകളിൽ വലിയൊരു വിഭാഗം ആംഗലേയ ഭാഷ നരകഭാഷയായും മലയാളം ആര്യനെഴുത്തായും ദുർവ്യാഖ്യാനം ചെയ്തു. ആ ഭാഷകളിൽ വിദ്യാഭ്യാസം നേടാനും സർക്കാർ ജോലി കരസ്ഥമാക്കാനും വിമുഖത കാട്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് മക്തി തങ്ങൾ വെല്ലുവിളിക്കള അതിജീവിച്ച് സധൈര്യം മുന്നോട്ട് സഞ്ചരിച്ചത്.
മുസ്ലിം സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മക്തി തങ്ങൾ നൽകിയ സംഭാവനകളും നിസ്തുലമാണ്. മുസ്ലിം പെൺകുട്ടികൾ എഴുത്തും വായനയും അഭ്യസിക്കുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്ന് മുസ്ലിം സമൂഹത്തിൽ വലിയൊരു വിഭാഗം വിശ്വസിച്ചിരുന്നൊരു കാലഘട്ടത്തിലാണ് മക്തി തങ്ങൾ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ധീരമായ ചുവടുവയ്പുകൾ നടത്തുന്നത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പടപൊരുതിയ തന്റെ പൂർവികരുടെ സംഭാവനകൾ അനുസ്മരിച്ച് നിരന്തരം എഴുത്തുകളും പ്രസംഗങ്ങളും നടത്തിയ തങ്ങൾ സ്ത്രീ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെ പ്രഘോഷണം ചെയ്യാൻ “നാരി നരാഭിചാരി” എന്ന പുസ്തകവും എഴുതി. സവിശേഷമായ ഈ ഗ്രന്ഥത്തിൽ ആ ഉത്പതിഷ്ണു ഇപ്രകാരം എഴുതി ” മതവിദ്യാഭ്യാസം അഖില സ്ത്രീപുരുഷന്മാർക്കും നിർബന്ധമാണെന്ന് ഇസ്ലാം മതനായകൻ (മുഹമ്മദ് നബി) കൽപ്പിക്കുന്നു. മതപരവും ലോകപരവുമായ എല്ലാ കാര്യങ്ങളും വിദ്യയാണ്. സ്ത്രീകൾക്ക് അവരുടെ പ്രകൃതിക്ക് കൂടി അനുയോജ്യമായ വിദ്യാഭ്യാസം നൽകണം. ആദ്യകാല മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസം നേടിയിരുന്നു. അവരിൽ കവയത്രികളും പണ്ഡിതശ്രേഷ്ഠകളും ഉണ്ടായിരുന്നു. അവരിൽ ലേഡി ഡോക്ടർമാരും കുറവായിരുന്നില്ല”.
പത്രപ്രവർത്തന രംഗത്തും തന്റേതായ കൈയൊപ്പ് ചാർത്തി ചരിത്രം തിരുത്തിക്കുറിച്ച പണ്ഡിതൻ കൂടിയായിരുന്നു സനാഉല്ലാ മക്തി തങ്ങൾ “പശ്ചിമോദയം ” പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ഇസ്ലാമിനും മുസ്ലിം സമുദായത്തിനും എതിരെ അക്കാലത്ത് അച്ചടിച്ചുവന്നിരുന്ന എഴുത്തുകൾ മുസ്സിം സമുദായത്തിന്റെ മതവികാരങ്ങളെ വലിയൊരളവിൽ വ്രണപ്പെടുത്തിയിരുന്നു. യുക്തിസഹമല്ലാത്ത അത്തരം എഴുത്തുകൾക്ക് മറുപടി നൽകുന്നതിനും പൊതുസമൂഹത്തിൽ ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന ചിന്തയിൽ നിന്നാണ് മക്തി തങ്ങളിലെ പത്രപ്രവർത്തകൻ ഉണരുന്നതും ഈ ലക്ഷ്യം മുൻനിർത്തി വാർത്താ പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുന്നതും. തത്ഫലമായി 1888- ൽ കൊച്ചിയിൽ നിന്നും അദ്ദേഹം സത്യപ്രകാശം വാരിക പ്രസിദ്ധീകരണം ആരംഭിച്ചു. ഇതാണ് ഒരു മുസ്ലീമിന്റെ നേതൃത്വത്തിൽ മലയാളത്തിൽ പിറവിയെടുത്ത ആദ്യത്തെ പത്രം. കൊച്ചിയിലെ ഭാരത കേസരി അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധികരച്ചിരുന്ന സത്യപ്രകാശം ഒൻപത് മാസത്തോളം നിലനിന്നു. തുടർന്ന് കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന “പരോപകാരി” മൂന്നു വർഷം നിലനിന്നു. പിന്നീട് “നിത്യജീവൻ” എന്ന മാസിക ആരംഭിക്കുന്നതിന് ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പല സുമനസ്സുകളുടെയും സഹായത്താൽ അദ്ദേഹം കൊച്ചിയിൽ മുഹമ്മദിയ്യ പ്രസ്സ് സ്ഥാപിക്കുകയും പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു . മുഹമ്മദ് നബിയുടെ ചരിത്രം വിവരിക്കുന്ന “നബിനാണയം” ആണ് ഈ പ്രസ്സിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം. മലയാളത്തിൽ എഴുതിയ നബിനാണയത്തിന്റെ ആദ്യഭാഗം മാത്രമേ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുവെങ്കിലും മുഹമ്മദ് നബിയെപ്പറ്റി നിലനിന്നിരുന്ന നിരവധി തെറ്റിദ്ധാരണകൾ തിരുത്താൻ ഈ ഗ്രന്ഥത്തിലൂടെ സാധിച്ചു.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബി – മലയാളം ഭാഷയുടെ വികാസത്തിന് മക്തി തങ്ങൾ നൽകിയ സംഭാവനകളും ശ്ലാഘനീയമാണ്. പുസ്തകത്തിലൂടെ ഖുർആൻ പഠിക്കാൻ ആദ്യമായി ശ്രമം നടത്തിയതും മക്തി തങ്ങളായിരുന്നു. 1894 -ൽ അദ്ദേഹം പ്രസിദ്ധികരിച്ച തഅലീമുൽ ഇഖ്വാൻ ആണ് മലയാളത്തിലെ ആദ്യത്തെ അറബി അക്ഷര അഭ്യാസ പുസ്തകം. മാത്രമല്ല അറബി – മലയാളത്തിന് അനുപേഷണീിയമായ ഭാഷാവ്യാകരണ ശൈലിയും അദ്ദേഹം രൂപകല്പന ചെയ്തു . തുടർന്ന് നിരവധി പണ്ഡിതന്മാർ മക്തി തങ്ങളുടെ പാത പിന്തുടർന്ന് ലിപി പരിഷ്കരണത്തിൽ വ്യാപൃതരാവുകയുണ്ടായി.
1911-ൽ അനാരോഗ്യം മൂലം അദ്ദേഹം കൊച്ചിയിൽ സ്ഥിരതാമസമാക്കി. നിരന്തരമായ പ്രഭാഷണങ്ങളും സംവാദങ്ങളും യാത്രകളും അദ്ദേഹത്തെ നിത്യരോഗിയാക്കി മാറ്റിയിരുന്നു. വിട്ടുമാറാത്ത ആസ്ത്മയും ജ്വരവും അദ്ദേഹത്തിന്റെ സന്തതസഹചാരികളായി മാറി. ഹൈദ്രോസ് ഉൾപ്പെടെയുള്ള ശിക്ഷ്യന്മാർ അദ്ദേഹത്തെ നിരന്തരം പരിചരിച്ചു. എങ്കിലും ആരോഗ്യം നാൾക്കുനാൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരുന്നു. ഒടുവിൽ 1912 സെപ്തംബർ 18-ന് ആ ബഹുമുഖ പ്രതിഭ ഈ ലോകത്തോട് വിടപറഞ്ഞു. യാത്രയാകുന്നതിന് തൊട്ടു മുൻപ് തന്റെ അമൂല്യമായ പേന പ്രിയ ശിക്ഷ്യൻ ഹൈദ്രോസിന് നൽകി ആ ഭാഷാസ്നേഹി ഇങ്ങനെ പറഞ്ഞു “ഞാൻ ഇതാ എന്റെ പടച്ചവനിലേക്ക് യാത്രയാകുന്നു. ഇതാണ് എന്റെ കയ്യിൽ അവശേഷിക്കുന്നത്. നിനക്ക് നൽകാൻ മറ്റൊന്നും എന്റെ പക്കലില്ല. ഈ പേന നിന്റെ ജീവിതത്തിന് സഹായകമാവട്ടെ. ഇതുകൊണ്ട് സമുദായ ഉന്നമനത്തിന് മരണം വരെ പോരാട്ടം നടത്തണം. എന്റെ മക്കളെ ശ്രദ്ധിക്കണം” .
