November 23 Monday 2026

ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്: ഫ്രറ്റേണിറ്റി റാലിക്ക് നേരെ എബിവിപി ആക്രമണം

 

സെപ്റ്റംബർ 18ന് നടക്കാനിരിക്കുന്ന ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ‘ഡിഗ്നിറ്റി റാലി’ക്ക് നേരെ എബിവിപി പ്രവർത്തകരുടെ ആക്രമണം.

ഡൽഹി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന റാലിക്കിടെയാണ് സംഘർഷമുണ്ടായത്. ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, സെക്രട്ടറി അൽഫൗസ്, ഡൽഹി യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് റബീഹ്, യൂണിറ്റ് സെക്രട്ടറി ഹുദ അസ്‌ലം തുടങ്ങിയവർക്ക് മർദനമേറ്റതായി സംഘടന അറിയിച്ചു. ദേശീയ പ്രസിഡന്റ് റമീസ് ഈ കെ ഉൾപ്പെടെയുള്ള നേതാക്കളും ആക്രമണത്തിനിരയായതായി.

ഏകദേശം എഴുപതോളം വരുന്ന സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർക്ക് നേരെ എത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഫ്രറ്റേണിറ്റി നേതാക്കള്‍ പറയുന്നു. ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന് ഗുരുതരമായ മർദനമേറ്റതായും ഡൽഹി യൂണിറ്റ് സെക്രട്ടറി ഹുദ അസ്‌ലമിന്റെ കണ്ണിന് പരിക്കേറ്റതായും നേതാക്കള്‍ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനമുള്ള ഇടങ്ങളായി ക്യാമ്പസുകളെ മാത്രം കാണാനാകില്ലെന്നും സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ഫ്രറ്റേണിറ്റി ഡൽഹി യൂണിവേഴ്സിറ്റിയിലെ തെരുവുകളിലും ക്യാമ്പസുകളിലും തുടരുമെന്നും സംഘടനാ നേതാക്കൾ പ്രതികരിച്ചു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ അറിയിച്ചു.

ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുന്നതിനിടെയാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

Related