November 23 Monday 2026

പുതിയ ജില്ലകൾ: വേണ്ടത് സമഗ്ര ഭരണ പുനഃസംഘടനാ കമീഷൻ (ഭാഗം രണ്ട്)

ഓരോ വകുപ്പിനും ഓരോ ഭൂപടം
റവന്യൂ അതിർത്തിയും തദ്ദേശഭരണ അതിർത്തിയും ഏകോപിപ്പിച്ചതുകൊണ്ട് മാത്രം ഭരണത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടില്ല. പൊലീസ്‌, വിദ്യാഭ്യാസം, രജിസ്‌ട്രേഷൻ തുടങ്ങി വിവിധ വകുപ്പുകൾക്ക് അവയുടെ പ്രവർത്തനസ്വഭാവത്തിനനുസരിച്ചുള്ള പ്രത്യേക അധികാരപരിധികൾ അനിവാര്യമാണ്. ഒരു പൊലീസ്‌ സ്റ്റേഷന്റെ ജോലിഭാരം അതിന്റെ വിസ്തൃതിയിലോ ജനസംഖ്യയിലോ മാത്രം ആശ്രയിച്ചിരിക്കില്ല. കുറ്റകൃത്യങ്ങളുടെ എണ്ണം, ക്രമസമാധാന പ്രശ്‌നങ്ങൾ, നഗരവൽക്കരണം, തീരദേശം, ദേശീയപാത, വിനോദസഞ്ചാരം, വലിയ വ്യാപാരകേന്ദ്രങ്ങൾ തുടങ്ങിയവയും അതിനെ സ്വാധീനിക്കും. വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളുടെ എണ്ണം, സ്‌കൂളുകളുടെ വിന്യാസം, യാത്രാസൗകര്യം എന്നിവ പ്രധാനമാകാം. രജിസ്‌ട്രേഷൻ വകുപ്പിൽ ഭൂമി ഇടപാടുകളുടെ എണ്ണവും രേഖകളുടെ സ്വഭാവവുമാണ് പ്രധാനമാവുക. നഗരത്തിലെ ഏതാനും വില്ലേജുകൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു സബ് രജിസ്ട്രാർ ഓഫീസിന് വലിയ ഇടപാടുഭാരം ഉണ്ടാകാം. കൂടുതൽ വിസ്തൃതിയുള്ള ഗ്രാമീണ മേഖലയിലെ ഓഫീസിന് അതിനേക്കാൾ കുറഞ്ഞ ജോലിഭാരവുമാകാം. അതുകൊണ്ട് എല്ലാ വകുപ്പുകൾക്കും ഒരേ അതിർത്തി വേണമെന്ന വാദമല്ല ഉയരേണ്ടത്. ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളെ അനാവശ്യമായി മുറിച്ചുകടക്കാത്ത വിധത്തിലും ഓരോ വകുപ്പിന്റെയും യഥാർത്ഥ ജോലിഭാരം പരിഗണിച്ചും അധികാരപരിധികൾ നിശ്ചയിക്കുന്ന സംവിധാനമാണ് വേണ്ടത്. ഒരു ഓഫീസ് എത്ര പഞ്ചായത്തുകളെയോ വില്ലേജുകളെയോ ഉൾക്കൊള്ളുന്നു എന്നതല്ല അതിന്റെ യുക്തിസഹമായ വലുപ്പത്തിന്റെ അളവുകോൽ. ആ പ്രദേശത്ത് അത് നിർവഹിക്കേണ്ട ജോലിയുടെ യഥാർത്ഥ അളവാണ്.

പുതിയ ജില്ല എന്നാൽ പുതിയ ചെലവോ?
ജില്ലാ വിഭജനത്തിനെതിരെ ഉയരുന്ന ഏറ്റവും പ്രസക്തമായ വാദങ്ങളിലൊന്ന് സാമ്പത്തികമാണ്. പുതിയ ജില്ലാ ഓഫീസുകളും ഉദ്യോഗസ്ഥരും വാഹനങ്ങളും അനുബന്ധ സംവിധാനങ്ങളും സർക്കാരിന് അധിക ചെലവ് സൃഷ്ടിക്കുമെന്ന വാദത്തിൽ യാഥാർഥ്യമുണ്ട്. എന്നാൽ അതിനുള്ള മറുപടി പുനഃസംഘടന വേണ്ടെന്നുവയ്ക്കുക എന്നതാകരുത്. പുനഃസംഘടന എങ്ങനെ നടത്തുന്നു എന്നതാണ് നിർണായകം. ഒരു പുതിയ ജില്ല രൂപീകരിക്കുമ്പോൾ പഴയ ജില്ലയുടെ മുഴുവൻ ജീവനക്കാരുടെ ഘടന അതേപടി പകർത്തി അത്രയും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നില്ല. അതിന് മുമ്പ് സംസ്ഥാനതലത്തിൽ ശാസ്ത്രീയമായ ജോലിഭാര പഠനം നടത്തണം. ഓരോ ഓഫീസും എത്ര പൗരന്മാരെ സേവിക്കുന്നു? എത്ര അപേക്ഷകളും ഫയലുകളും കൈകാര്യം ചെയ്യുന്നു? ഭൂമിയുമായി ബന്ധപ്പെട്ട എത്ര ഇടപാടുകൾ നടക്കുന്നു? എത്ര കേസുകളുണ്ട്? എത്ര സ്ഥാപനങ്ങളെയും പദ്ധതികളെയും മേൽനോട്ടം വഹിക്കുന്നു? പ്രദേശത്തിന്റെ വിസ്തൃതിയും യാത്രാസമയവും എത്രയാണ്? തുടങ്ങിയ കണക്കുകളുടെ അടിസ്ഥാനത്തിലാകണം ജീവനക്കാരുടെ വിന്യാസം പരിശോധിക്കപ്പെടേണ്ടത്. ഇവിടെ ഡിജിറ്റൽ ഗവേണൻസ് പുതിയ സാധ്യതകൾ നൽകുന്നുണ്ട്. e-Office, e-District, ഓൺലൈൻ റവന്യൂ സേവനങ്ങൾ, K-SMART തുടങ്ങിയ സംവിധാനങ്ങൾ ഭരണത്തിന്റെ പഴയ ഭൗതിക പരിമിതികളിൽ ചിലത് ഇതിനകം മാറ്റിയിട്ടുണ്ട്.

എന്നാൽ, പേപ്പർ ഫയലിനു പകരം ഡിജിറ്റൽ ഫയൽ വന്നതുകൊണ്ട് മാത്രം ഭരണപരിഷ്‌കാരം പൂർത്തിയാകുന്നില്ല. പഴയ ഓഫീസുകളും പഴയ തസ്തികകളും പഴയ ജോലിവിഭജനവും അതേപടി നിലനിർത്തി ഫയലിന്റെ രൂപം മാത്രം മാറ്റുകയാണെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യത വളരെ കുറച്ചേ ഉപയോഗിക്കപ്പെടുകയുള്ളൂ. ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഡയറക്ടറേറ്റുകൾ മുതൽ ഫീൽഡ് ഓഫീസുകൾ വരെ ഏതെല്ലാം ജോലികൾ എവിടെ നിർവഹിക്കണം എന്ന് പുനഃപരിശോധിക്കാം. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ചില back-office ജോലികൾ കേന്ദ്രീകരിച്ചും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട സേവനങ്ങൾ പ്രാദേശികതലത്തിൽ കൂടുതൽ ശക്തിപ്പെടുത്തിയും പുതിയ ഭരണ സംവിധാനം സൃഷ്ടിക്കപ്പെടണം. വകുപ്പുതല ജോലിഭാര പഠനം വസ്തുതാപരമായി ന്യായീകരിക്കുന്നിടത്ത് ജോലി കുറഞ്ഞ യൂണിറ്റുകളിൽനിന്ന് കൂടുതൽ ജോലിഭാരമുള്ള യൂണിറ്റുകളിലേക്ക് തസ്തികകൾ പുനർവിന്യസിക്കാം. പുതിയ തസ്തികകൾ യഥാർത്ഥത്തിൽ ആവശ്യമായിടത്ത് മാത്രം സൃഷ്ടിക്കാം. നിലവിലുള്ള ജീവനക്കാരുടെ വിന്യാസം അശാസ്ത്രീയമാണെന്ന് മുൻകൂട്ടി വിധിയെഴുതുകയല്ല വേണ്ടത്. നിലവിലുള്ള ജീവനക്കാരുടെ ഘടന ഇന്നത്തെ ജോലിഭാരവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ശാസ്ത്രീയമായി പരിശോധിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ ഭരണപുനഃസംഘടന കൂടുതൽ ഓഫീസുകളും ജീവനക്കാരും സൃഷ്ടിക്കുന്ന പദ്ധതി മാത്രമാകാതെ നിലവിലുള്ള മനുഷ്യവിഭവവും സാമ്പത്തികവിഭവവും കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുന്ന ഭരണപരിഷ്‌കാരമായി മാറ്റാൻ കഴിയും.

വികസനവും വിഭവവിതരണവും
ഒരു ജില്ലയുടെ വലുപ്പം കളക്ടറേറ്റിലേക്കുള്ള യാത്രാദൂരമല്ല നിർണ്ണയിക്കേണ്ടത്. ജില്ലയുടെ പദ്ധതി ആസൂത്രണം, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരുടെ ജനസംഖ്യ, ജില്ലാ പഞ്ചായത്ത്, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകൾ, പദ്ധതിനിർവഹണം, അവയുടെ മേൽനോട്ടം, സർക്കാർ സ്ഥാപനങ്ങളുടെ വിന്യാസം എന്നിവയിലും ജില്ല ഒരു പ്രധാന ഭരണ-വികസന യൂണിറ്റാണ്. അതുകൊണ്ട് 41 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറവും എട്ടുലക്ഷത്തിലധികം ജനങ്ങളുള്ള വയനാടും ഒരേ തരത്തിലുള്ള ജില്ലകളാണെന്ന ലളിതമായ താരതമ്യം ശരിയല്ല. രണ്ടിന്റെയും ഭൂമിശാസ്ത്രവും ജനവാസവും വികസനപ്രശ്‌നങ്ങളും വ്യത്യസ്തമാണ്. അതേസമയം രണ്ടിന്റെയും ഭരണഭാരം ഒരേ മാനദണ്ഡത്തിൽ അളക്കാനാവില്ലെന്നതും വ്യക്തമാണ്.

സർക്കാർ സ്ഥാപനങ്ങളുടെ എണ്ണം, ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യത, അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾ, പദ്ധതി ചെലവുകൾ, സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥ, ഭൂമിശാസ്ത്രപരമായ പരിമിതികൾ എന്നിവ ജില്ലാടിസ്ഥാനത്തിൽ GIS സഹായത്തോടെ മാപ്പ് ചെയ്യാൻ കഴിയണം. സംസ്ഥാന ആസൂത്രണ ബോർഡ്, സംസ്ഥാന സാമ്പത്തിക സ്ഥിതിവിവര വകുപ്പ് തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഏകോപിപ്പിച്ചാൽ വികസന വിഭവങ്ങളുടെ ഭൂമിശാസ്ത്രപരമായ വിതരണത്തിലെ അസന്തുലിതാവസ്ഥകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

പുതിയ ജില്ല രൂപീകരിച്ചാൽ സ്വാഭാവികമായി കൂടുതൽ കേന്ദ്രഫണ്ട് ലഭിക്കുമെന്ന വാദം ശരിയല്ല. കേന്ദ്രപദ്ധതികളുടെ വിഭവവിതരണത്തിന് ഓരോ പദ്ധതിക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. എന്നാൽ ജില്ലാ തലത്തിലുള്ള പദ്ധതി ഏകോപനത്തിലും മേൽനോട്ടത്തിലും സർക്കാർ സ്ഥാപനങ്ങളുടെ വിന്യാസത്തിലും ഭരണകേന്ദ്രത്തിലേക്കുള്ള പ്രവേശനത്തിലും ജില്ലയുടെ വലുപ്പവും ഘടനയും പ്രസക്തമാണെന്നതും നിഷേധിക്കാനാവില്ല. അതുകൊണ്ട് പുതിയ ജില്ലകൾ പ്രാദേശിക അഭിമാനത്തിന്റെ വിജയചിഹ്നങ്ങളായി മാറരുത്. ഭരണസൗകര്യം, സേവനലഭ്യത, വികസനനീതി എന്നിവയായിരിക്കണം അവയുടെ അടിസ്ഥാന ന്യായം.

മണ്ഡല പുനർനിർണയം: അതിർത്തി പുനഃസംഘടനയിൽ രാഷ്ട്രീയ ജാഗ്രത വേണം
ഈ ചർച്ചയ്ക്ക് മറ്റൊരു ദേശീയ പശ്ചാത്തലവുമുണ്ട്. 2027-ലെ ജനസംഖ്യാ സെൻസസും അതിനുശേഷം നടക്കാനിരിക്കുന്ന ലോക്‌സഭാ-നിയമസഭാ മണ്ഡല പുനർനിർണയവുമാണത്. മണ്ഡല പുനർനിർണയം ജില്ലാ പുനഃസംഘടനയുടെ അടിസ്ഥാന കാരണമാകേണ്ടതില്ല. എന്നാൽ രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രണ്ടും പരസ്പരം ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളാണെന്ന നിഷ്‌കളങ്കമായ സമീപനം കേരളത്തിന് സ്വീകരിക്കാനുമാവില്ല.

കേന്ദ്രസർക്കാരിന്റെ സമീപനങ്ങളോടുള്ള രാഷ്ട്രീയമായ അവിശ്വാസത്തിന് മതിയായ കാരണങ്ങൾ ഇതിനകം രാജ്യത്തുണ്ട്. ഫെഡറൽ സംവിധാനത്തോടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രം സ്വീകരിച്ചുവരുന്ന സമീപനങ്ങൾ മുതൽ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംബന്ധിച്ച് ഉയർന്നിട്ടുള്ള ചോദ്യങ്ങൾ വരെ അതിന്റെ ഭാഗമാണ്. സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനമായി പ്രവർത്തിക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങളിൽനിന്ന് ആവശ്യമായ അകലം പാലിക്കുന്നില്ല എന്ന വിമർശനം ഇന്ന് ശക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽനിന്ന് കേന്ദ്രത്തിലെ ഭരണസഖ്യത്തിന്റെ താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്ന സംവിധാനമായി മാറുകയാണെന്ന അതീവ ഗൗരവമുള്ള രാഷ്ട്രീയ വിമർശനം അവഗണിക്കാനുമാവില്ല.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR മായി ബന്ധപ്പെട്ട സമീപകാല അനുഭവങ്ങൾ ഈ അവിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബിഹാറിൽ ആരംഭിച്ച് പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും നടന്ന SIR നടപടികളിൽ വലിയ തോതിലുള്ള പേരൊഴിവാക്കലുകളും അതിന്റെ സാമൂഹിക സ്വഭാവത്തെ സംബന്ധിച്ച ആക്ഷേപങ്ങളും പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾ, ദലിതർ, പിന്നാക്കവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി രേഖാപരമായും സാമൂഹികമായും കൂടുതൽ ദുർബലരായ ജനവിഭാഗങ്ങളുടെ വോട്ടവകാശത്തെയാണ് ഈ നടപടികൾ ബാധിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാനമായ വോട്ടർപട്ടികയെ സംബന്ധിച്ചുതന്നെ ഇത്ര വലിയ വിശ്വാസപ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ഭൂപടം തന്നെ മാറ്റിവരയ്ക്കുന്ന മണ്ഡല പുനർനിർണയത്തെ കേരളം രാഷ്ട്രീയമായ നിഷ്‌കളങ്കതയോടെ സമീപിക്കരുത്.

ഇവിടെ ജാഗ്രത ആവശ്യപ്പെടുന്നത് കേരളത്തിന്റെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചോ സംസ്ഥാനത്തിന്റെ ദേശീയ രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചോ മാത്രം അല്ല. ജനാധിപത്യത്തിന്റെ അടിത്തറയായ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ സാമൂഹിക സ്വഭാവവും അത്രതന്നെ പ്രധാനമാണ്. മണ്ഡല പുനർനിർണയം ന്യൂനപക്ഷങ്ങൾ, ദലിതർ, പിന്നാക്കവിഭാഗങ്ങൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നായി മാറരുത്. ജനസംഖ്യയുടെ ഭൂമിശാസ്ത്രപരമായ വിന്യാസത്തെയും സാമൂഹിക ഘടനയെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തിന്റെ വോട്ടിന്റെ പ്രായോഗിക ശക്തി കുറയ്ക്കുകയോ മറ്റൊരു വിഭാഗത്തിന് അനുകൂലമായി മണ്ഡലങ്ങളുടെ സ്വഭാവം മാറ്റുകയോ ചെയ്യുന്നത് ജനാധിപത്യപരമായ മണ്ഡല പുനർനിർണയമല്ല. അത്തരം സാധ്യതകളെ മുൻകൂട്ടി കാണുന്നതിനാലാണ് മണ്ഡല പുനർനിർണയത്തിൽ കേരളത്തിന് അതീവ രാഷ്ട്രീയ ജാഗ്രത ആവശ്യമായി വരുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു ആശങ്കയും പ്രധാനമാണ്. ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക വികസനത്തിലും രാജ്യം തന്നെ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിന്റെ ഫലമായി ജനസംഖ്യാവളർച്ച നിയന്ത്രിക്കപ്പെട്ടതിന്റെ പേരിൽ ദേശീയ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ കേരളം ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഭാവിയിലെ മണ്ഡല പുനർനിർണയത്തിൽ കേരളത്തിന് ലഭിക്കുന്ന സീറ്റുകളുടെ കേവല എണ്ണം മാത്രമല്ല, ലോക്‌സഭയിലെ കേരളത്തിന്റെ ആപേക്ഷിക പ്രാതിനിധ്യവും ഫെഡറൽ സംവിധാനത്തിലെ രാഷ്ട്രീയശക്തിയും സംരക്ഷിക്കപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നൽകുന്ന രാഷ്ട്രീയ ഉറപ്പുകൾക്കപ്പുറം ഭരണഘടനാപരവും നിയമപരവുമായ സംരക്ഷണമാണ് കേരളം ആവശ്യപ്പെടേണ്ടത്.

ഇതിനിടയിലാണ് കേരളത്തിന്റെ ഭരണഭൂപടം പുനഃസംഘടിപ്പിക്കണമെന്ന ചർച്ചയും നടക്കുന്നത്. സെൻസസ് നടപടിക്രമങ്ങളുടെ ഭാഗമായി ഭരണയൂണിറ്റുകളുടെ അതിർത്തികളിൽ മാറ്റം വരുത്തുന്നതിന് നിയന്ത്രണമുള്ളതിനാൽ പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും പ്രായോഗിക രൂപീകരണം സെൻസസ് സമയക്രമവുമായി പൊരുത്തപ്പെടുത്തേണ്ടിവരും. അതിനുശേഷമുള്ള കാലഘട്ടം മണ്ഡല പുനർനിർണയത്തിന്റേതുകൂടിയാകുമെന്നതിനാൽ രണ്ടു പ്രക്രിയകളെയും പരസ്പരം യാതൊരു ബന്ധവുമില്ലാത്തവയായി കാണുന്നതും ദീർഘവീക്ഷണമുള്ള സമീപനമാകില്ല. അതേസമയം ഭാവിയിലെ മണ്ഡല പുനർനിർണയത്തിൽ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്കോ മത-സാമൂഹിക വിഭാഗത്തിനോ പ്രദേശത്തിനോ നേട്ടമുണ്ടാക്കുന്നതിനായി ഇപ്പോൾ ജില്ലകളുടെയും താലൂക്കുകളുടെയും വില്ലേജുകളുടെയും അതിർത്തികൾ മാറ്റിവരയ്ക്കണമെന്നല്ല. നമുക്ക് വേണ്ടത് രാഷ്ട്രീയമായ അതിർത്തിവരയ്ക്കലല്ല. രാഷ്ട്രീയമായ അതിർത്തിവരയ്ക്കലിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയാത്ത ശാസ്ത്രീയമായ ഭരണയൂണിറ്റുകളാണ്.

നിലവിലുള്ള മണ്ഡലങ്ങളുടെ പുനർനിർണയത്തിന് അടിസ്ഥാനമായ 2002-ലെ Delimitation Act ലും ഭരണാതിർത്തികളുടെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിരുന്നു. മണ്ഡലങ്ങൾ കഴിയുന്നത്ര ഭൂമിശാസ്ത്രപരമായി ഒതുങ്ങിയ പ്രദേശങ്ങളായിരിക്കണമെന്നും അവയുടെ അതിർത്തികൾ നിർണയിക്കുമ്പോൾ ഭൂപ്രകൃതിയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും തുടങ്ങി നിലവിലുള്ള ഭരണയൂണിറ്റുകളുടെ അതിർത്തികൾ, ഗതാഗത-ആശയവിനിമയ സൗകര്യങ്ങൾ, പൊതുജനങ്ങളുടെ സൗകര്യം എന്നിവ പരിഗണിക്കണമെന്നും ആ നിയമം വ്യവസ്ഥ ചെയ്തിരുന്നു. വരാനിരിക്കുന്ന മണ്ഡല പുനർനിർണയം പുതിയ നിയമത്തിന്റെയും അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന Delimitation Commission ന്റെയും വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും. അതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ പുതിയ നിയമത്തിലൂടെയാണ് വ്യക്തമാകേണ്ടത്. എന്നിരുന്നാലും ഭരണയൂണിറ്റുകളുടെ അതിർത്തികൾ മണ്ഡല പുനർനിർണയത്തിൽ പ്രസക്തമായ ഘടകങ്ങളായി പരിഗണിക്കപ്പെട്ടിട്ടുള്ള ചരിത്രം കണക്കിലെടുക്കുമ്പോൾ, ഇന്ന് കേരളം നടത്തുന്ന ഭരണപുനഃസംഘടന ഭാവിയിലെ മണ്ഡല പുനർനിർണയത്തിൽ തീർത്തും അപ്രസക്തമായിരിക്കുമെന്ന് കരുതാനാവില്ല.

അതുകൊണ്ടുതന്നെ ജനസംഖ്യ, വിസ്തൃതി, ജനസാന്ദ്രത, ഭൂമിശാസ്ത്രപരമായ തുടർച്ച, യാത്രാസൗകര്യം, ഭരണകേന്ദ്രങ്ങളിലേക്കുള്ള ദൂരം, സർക്കാർ സേവനങ്ങളുടെ ലഭ്യത, യഥാർത്ഥ ജോലിഭാരം തുടങ്ങിയ രാഷ്ട്രീയേതര മാനദണ്ഡങ്ങൾ മുൻകൂട്ടി പരസ്യമായി നിശ്ചയിച്ചുകൊണ്ടായിരിക്കണം ജില്ലകളും താലൂക്കുകളും വില്ലേജുകളും പുനഃസംഘടിപ്പിക്കേണ്ടത്. സംസ്ഥാനത്താകെ ഒരേ മാനദണ്ഡങ്ങൾ പ്രയോഗിക്കുകയും ഓരോ അതിർത്തിമാറ്റത്തിന്റെയും ഭരണപരമായ യുക്തി പൊതുസമൂഹത്തിന് പരിശോധിക്കാവുന്ന വിധത്തിൽ വ്യക്തമാക്കുകയും വേണം. രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പിന്നീട് എളുപ്പത്തിൽ വളച്ചൊടിക്കാൻ കഴിയാത്ത ഭരണഭൂപടമാണ് അതിലൂടെ രൂപപ്പെടേണ്ടത്.

ഇന്ത്യയിലെ മണ്ഡല പുനർനിർണയ കമ്മീഷൻ ഒരു സാധാരണ ഭരണസമിതിയല്ല. അതിന്റെ ഉത്തരവുകൾക്ക് നിയമപരമായ പരിരക്ഷയുണ്ട്. അവ പാർലമെന്റിന്റെയും ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെയും മുമ്പിൽ വയ്ക്കുമെങ്കിലും പിന്നീട് അവയ്ക്ക് ഭേദഗതി വരുത്താൻ പാർലമെന്റിനോ സംസ്ഥാന നിയമസഭയ്‌ക്കോ കഴിയില്ല. അതുകൊണ്ടുതന്നെ മണ്ഡല പുനർനിർണയം പൂർത്തിയായശേഷം അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിഷേധിക്കുന്നതിലല്ല കേരളത്തിന്റെ ജാഗ്രത ആരംഭിക്കേണ്ടത്. പുനർനിർണയത്തിനുള്ള നിയമവും മാനദണ്ഡങ്ങളും രൂപപ്പെടുന്ന ഘട്ടം മുതൽ അതിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും സുതാര്യതയും ഫെഡറൽ നീതിയും ഉറപ്പാക്കണമെന്ന രാഷ്ട്രീയ ആവശ്യം കേരളം ശക്തമായി ഉയർത്തണം.

ഭരണപുനഃസംഘടനയും മണ്ഡല പുനർനിർണയവും ഒന്നല്ല. ഒന്നിനെ മറ്റൊന്നിന്റെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യേണ്ടതില്ല. എന്നാൽ രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും ഭരണഘടനാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉയർന്നിട്ടുള്ള വിശ്വാസപ്രതിസന്ധിയും മുന്നിൽനിൽക്കുമ്പോൾ അവയ്ക്കിടയിലെ പ്രായോഗിക ബന്ധത്തെ കാണാതിരിക്കുന്നത് രാഷ്ട്രീയമായ നിഷ്‌കളങ്കതയല്ല, മറിച്ച് രാഷ്ട്രീയമായ കീഴടങ്ങലായിരിക്കും. വരാനിരിക്കുന്ന മണ്ഡല പുനർനിർണയം സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമാകണമെങ്കിൽ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ കഴിയാത്ത ശാസ്ത്രീയമായ ഭരണഭൂപടം കേരളം ആദ്യംതന്നെ സൃഷ്ടിക്കണം. അതാണ് ഭരണാതിർത്തികളുടെ പുനഃസംഘടനയിൽ കേരളം പുലർത്തേണ്ട രാഷ്ട്രീയ ജാഗ്രത.

ആദ്യം തീരുമാനിക്കേണ്ടത് ജില്ലകളുടെ എണ്ണമല്ല
കേരളത്തിന് പതിനാറ് ജില്ലകളാണോ വേണ്ടത്, പതിനെട്ടാണോ, ഇരുപതാണോ എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടതില്ല. അതിന് മുമ്പ് കൂടുതൽ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. ഒരു ജില്ല എങ്ങനെയായിരിക്കണം? ഒരു താലൂക്കിന്റെ യുക്തിസഹമായ ഭരണഭാരം എത്രയാണ്? ഒരു വില്ലേജ് എത്ര ജനങ്ങളെയും എത്ര ഭൂവിസ്തൃതിയെയും എത്ര സേവനാവശ്യങ്ങളെയും കൈകാര്യം ചെയ്യണം? ഒരു സാധാരണ പൗരന് തന്റെ വില്ലേജ്, താലൂക്ക്, ജില്ലാ ഭരണകേന്ദ്രങ്ങളിലെത്താൻ പരമാവധി എത്ര സമയം വേണ്ടിവരണം? ഇതിന് സംസ്ഥാനമൊട്ടാകെ ബാധകമായ അടിസ്ഥാന മാനദണ്ഡങ്ങൾ നിശ്ചയിക്കണം. ജനസംഖ്യ, വിസ്തൃതി, ജനസാന്ദ്രത, യാത്രാസമയം, ഭൂപ്രകൃതി, നഗരവൽക്കരണം, മലയോര-തീരദേശ പ്രത്യേകതകൾ, സർക്കാർ സ്ഥാപനങ്ങളുടെ ലഭ്യത, ഓഫീസുകളുടെ ജോലിഭാരം, പൊതുഗതാഗതം, ഭൂമി ഇടപാടുകൾ, സാമൂഹിക-സാമ്പത്തിക സൂചികകൾ, ദുരന്തസാധ്യത, ഭാവിയിലെ ജനസംഖ്യാ മാറ്റങ്ങൾ എന്നിവ ചേർന്നുള്ള സമഗ്ര പഠനമാണ് വേണ്ടത്. ഈ മാനദണ്ഡങ്ങൾ പ്രയോഗിച്ചശേഷം കേരളത്തിന് പതിനാറോ പതിനെട്ടോ ഇരുപതോ ജില്ലകൾ വേണമെന്ന് കണ്ടെത്താം. എണ്ണം ആദ്യം തീരുമാനിച്ച് അതിനനുസരിച്ച് ഭൂപടം വരയ്ക്കുകയല്ല വേണ്ടത്, മാനദണ്ഡം ആദ്യം തീരുമാനിച്ച് അതിൽനിന്ന് ഭൂപടം രൂപപ്പെടുകയാണ് വേണ്ടത്.

വേണ്ടത് സമഗ്ര ഭരണ പുനഃസംഘടനാ കമ്മീഷൻ
ഇവിടെയാണ് ഇപ്പോഴത്തെ ജില്ലാ വിഭജന ചർച്ച കേരളത്തിന് വലിയൊരു ഭരണപരിഷ്‌കാര അവസരമായി മാറുന്നത്. പുതിയ ജില്ലകളും താലൂക്കുകളും വേണമോ എന്നത് മാത്രം പഠിക്കുന്ന കമ്മീഷനിൽ ഈ അവസരത്തെ ഒതുക്കരുത്. കേരളത്തിന്റെ മുഴുവൻ ഭരണഭൂപടവും പരിശോധിക്കുന്ന സമഗ്ര ഭരണ പുനഃസംഘടനാ കമ്മീഷനാണ് വേണ്ടത്. ജില്ല, റവന്യൂ ഡിവിഷൻ, താലൂക്ക്, വില്ലേജ് എന്നിവയുടെ പുനഃസംഘടന അതിന്റെ അടിസ്ഥാന ചുമതലയാകണം. അതോടൊപ്പം ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അതിർത്തികളും പരിശോധിക്കണം. പോലീസ്, വിദ്യാഭ്യാസം, രജിസ്‌ട്രേഷൻ തുടങ്ങിയ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പുകളുടെ അധികാരപരിധികൾ പുനഃക്രമീകരിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങളും തീരുമാനിക്കുകയും അവയുടെ പുനഃസംഘടന ഉറപ്പാക്കുകയും വേണം.

ഓരോ ഓഫീസ് യൂണിറ്റിലെയും ജീവനക്കാരുടെ എണ്ണം നിലനിൽക്കുന്ന തസ്തികകളുടെ അടിസ്ഥാനത്തിലല്ല, യഥാർത്ഥ ജോലിഭാരത്തിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണം. ഡിജിറ്റൽ ഭരണസംവിധാനം വഴി ഏതെല്ലാം ജോലികൾ കേന്ദ്രീകരിക്കാമെന്നും ഏതെല്ലാം സേവനങ്ങൾ വികേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പഠിക്കണം. പുതിയ ജില്ലകളും താലൂക്കുകളും പഠിക്കുന്ന കമ്മീഷൻ രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ തന്നെ നിർമിതബുദ്ധി, തത്സമയ വിശകലനം, നൂതന geospatial സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് സ്ഥലപരമായ ഭരണനിർവ്വഹണം അല്ലെങ്കിൽ ഭൂപ്രദേശപരമായ ഭരണസംവിധാനം എന്ന് നിർവചിക്കാവുന്ന Spatial Governance നെ പൊതുഭരണത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന ആശയവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ആ സമീപനത്തെ കേവലം പുതിയ ജില്ലകളുടെ അതിർത്തി വരയ്ക്കുന്നതിൽ ഒതുക്കാതെ സമഗ്രമായ ഭരണപുനഃസംഘടനയിലേക്ക് വികസിപ്പിക്കുകയാണ് വേണ്ടത്.

കേരളത്തിൽ പുതിയൊരു ഭരണപരിഷ്‌കരണ കമ്മീഷൻ രൂപീകരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ഈ വിപുലമായ ദൗത്യം അതിന് നൽകുന്നത് ഉചിതമായിരിക്കും. കാരണം ഇത് കേവലം അതിർത്തി പുനർനിർണയം മാത്രമല്ല. നമ്മുടെ ഭരണഭൂപടത്തെയും സർക്കാർ സംവിധാനങ്ങളുടെ മനുഷ്യവിഭവശേഷിയെയും സേവനവിതരണത്തെയും വികസനാസൂത്രണത്തെയും ഒരേസമയം സ്പർശിക്കുന്ന പ്രക്രിയയാണ്.
കേരളത്തിന്റെ ഭരണചരിത്രം പരിശോധിച്ചാൽ ഓരോ കാലഘട്ടത്തിലും അന്നത്തെ സാമൂഹികാവശ്യങ്ങൾക്കനുസരിച്ച് ഭരണസംവിധാനം മാറിയതായി കാണാം. പുതിയ ജില്ലകളും താലൂക്കുകളും രൂപപ്പെട്ടതും പഞ്ചായത്ത് രാജ് സംവിധാനവും അധികാരവികേന്ദ്രീകരണവും നടപ്പാക്കിയതും ആ തുടർച്ചയുടെ ഭാഗമാണ്. ആ പ്രക്രിയ അവസാനിച്ചിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ കേരളം കഴിഞ്ഞ നൂറ്റാണ്ടിലെ കേരളമല്ല. ജനവാസത്തിന്റെ സ്വഭാവം മാറി. ഗ്രാമവും നഗരവും തമ്മിലുള്ള പഴയ അതിരുകൾ മങ്ങിപ്പോയി. യാത്രയും ആശയവിനിമയവും സാങ്കേതികവിദ്യയും മാറി. സർക്കാർ സേവനങ്ങളുടെ സ്വഭാവം മാറി. പൗരന്റെ ഭരണകൂടത്തോടുള്ള പ്രതീക്ഷകളും മാറി. അതുകൊണ്ട് ഭരണത്തിന്റെ അതിർത്തികളും മാറണം.

ഒരു പുതിയ ജില്ലയുടെ പേര് എന്തായിരിക്കണം, ആസ്ഥാനം എവിടെയാകണം എന്ന ചർച്ചയിൽ ഈ ആലോചനകൾ വഴിമാറിപ്പോകരുത്. എത്ര പുതിയ ജില്ലകൾ ഉണ്ടായി എന്നതും പരിഷ്‌കാരണത്തിന്റെ വിജയമാനദണ്ഡമാക്കരുത്. ഒരു സാധാരണ പൗരന് ഭരണകൂടത്തെ എത്ര എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നു, എത്ര വേഗത്തിലും നീതിപൂർവമായും സേവനം ലഭിക്കുന്നു, സർക്കാർ സംവിധാനങ്ങളുടെ ജോലിഭാരം എത്ര യുക്തിസഹമായി വിഭജിക്കപ്പെട്ടിരിക്കുന്നു, വികസനത്തിന്റെ വിഭവങ്ങൾ എത്ര സമതുലിതമായി സമൂഹത്തിലെത്തുന്നു എന്നിവയായിരിക്കണം വിജയത്തിന്റെ അളവുകോൽ. അതുകൊണ്ട് കേരളത്തിന് വേണ്ടത് ഏതാനും പുതിയ ജില്ലകൾ മാത്രമല്ല. മാറിയ കേരളത്തിന്റെ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്ന ശാസ്ത്രീയവും നീതിപൂർവവും ജനകേന്ദ്രീകൃതവുമായ ഒരു പുതിയ ഭരണഭൂപടമാണ്.

 

Related