November 20 Friday 2026

തിരൂർ, മൂവാറ്റുപ്പുഴ പുതിയ ജില്ലകൾ യഥാർഥ്യമാവണം

ഇനിയൊരു പുതിയ ജില്ല ഉണ്ടാവുമെങ്കിൽ മൂവാറ്റുപ്പുഴ അതിലുണ്ടായിരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീഷൻ്റെ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പൊരിക്കൽ 1982ൽ കെ.കരുണാകരനും സമാനമായ പ്രസ്താവന നടത്തിയതാണ്. പക്ഷേ, ഒന്നും സംഭവിച്ചില്ല. അതിൽ നിന്ന് വ്യത്യസ്ഥമായി വി.ഡി സതീഷൻ്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷാർഹമായ ഒരു പുതിയ സ്റ്റെപ്പുണ്ടായിട്ടുണ്ട്. കേരളത്തിലെ പുതിയ ജില്ലകൾ എന്ന ആവശ്യം പഠിക്കാൻ സംസ്ഥാന സർക്കാർ ഡി ലിമിറ്റേഷൻ കമീഷനെ ഉടൻ നിയോഗിക്കുമെന്നതാണത്. നേരത്തെ ഈ സംസ്ഥാന സർക്കാരിൻ്റെ പ്രഥമ ബജറ്റിൽ രേഖാമൂലം നൽകിയ വാഗ്‌ദാനത്തിൻ്റെ തുടർച്ച കൂടിയാണിത്. ഈ പ്രഖ്യാപനം മൂവാറ്റുപ്പുഴക്കാർക്ക് മാത്രമല്ല മലപ്പുറം ജില്ലയിലുള്ളവർക്കും പ്രത്യാശ നൽകുന്നതാണ്. മുവാറ്റുപ്പുഴയേക്കാളും പുതിയ ജില്ല അനിവാര്യമാകുന്ന പ്രദേശമാണല്ലോ മലപ്പുറം. സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നൂവെന്നത് ഗൗരവതരമായ മറ്റൊരു വിഷയവുമാണ്.

ഐക്യകേരളം 1956 ൽ യാഥാർത്ഥ്യമാകുമ്പോൾ 5 ജില്ലകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. തിരുവനന്തപുരം ,കൊല്ലം ,കോട്ടയം ,തൃശ്ശൂർ, മലബാർ എന്നിവയാണത്. ഇന്നത്തെ പാലക്കാട് ,മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ചേർന്നതായിരുന്നു അന്നത്തെ മലബാർ ഡിസ്ട്രിക്ട്.  ഭരണസൗകര്യാർഥം 1957 ൽ മലബാർ ജില്ലയെ പാലക്കാട്, കോഴിക്കോട് ,കണ്ണൂർ എന്നീ മൂന്ന് ജില്ലകളാക്കി വിഭജിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യ ജില്ലാവിഭജനം. പിന്നീട് പ്രാദേശിക വികസന ആവശ്യങ്ങൾ, ഭരണസൗകര്യം, ജനസംഖ്യാ വളർച്ച, രാഷ്ട്രീയസമ്മർദ്ദം എന്നിവയെല്ലാം മുൻനിർത്തി ആലപ്പുഴ (1957 ) ,എറണാകുളം (1958) ,മലപ്പുറം (1969) ,ഇടുക്കി (1972 ),വയനാട് (1980 ),പത്തനംതിട്ട (1982 ),കാസർഗോഡ് (1984) എന്നീ ജില്ലകൾ രൂപീകരിച്ചു. അന്നുവരെ നിലവിലുണ്ടായിരുന്ന ഓരോ ജില്ലയും വിഭജിച്ചു തന്നെയാണ് പുതിയ ജില്ലകൾ രൂപപ്പെടുത്തിയത്.

1970 കളിലെ ഡിലിമിറ്റേഷനു ശേഷം കേരളത്തിൽ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം 20 ആയെങ്കിലും 42 വർഷത്തിന് മുമ്പ് 1984 ലെ കാസർകോട് ജില്ലാ രൂപീകരണശേഷം ഒരു പുതിയ ജില്ല കേരളത്തിൽ ഉണ്ടായിട്ടില്ല. കേരളത്തിന് പുറത്തെ സംസ്ഥാനങ്ങളിൽ ഇക്കാലയളവിൽ ധാരാളം ജില്ലകൾ രൂപപ്പെട്ടു. മിക്ക സംസ്ഥാനങ്ങളിലും അവിടങ്ങളിലെ ലോകസഭാ സീറ്റിനൊപ്പമോ അതിനേക്കാളോ ജില്ലകൾ കാണാം. 39 ലോകസഭാ മണ്ഡലങ്ങളുള്ള അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 38 ജില്ലകളുണ്ട്. ഏഴ് പുതിയ ജില്ലകൾ കൂടി അവിടെ ഇപ്പോൾ പരിഗണനയിലാണ്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മാത്രം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം പുതിയ ജില്ലകൾ വന്നു. 2014 ൽ തെലുങ്കാന സംസ്ഥാനമായ ശേഷം ആന്ധ്രയിൽ 13 ജില്ലകളാണ് പുതിയതായി പിറന്നത്. 10 ജില്ലകൾ മാത്രം ഉൾപ്പെട്ടിരുന്ന തെലുങ്കാനയാവട്ടെ അത് മുപ്പത്തിമൂന്ന് ജില്ലകളാക്കി പുനർനിർണയിച്ചു.ഭരണസൗകര്യം മെച്ചപ്പെടുത്താനും ജില്ലാ ആസ്ഥാനങ്ങളിലേക്കുള്ള ദൂരം കുറക്കാനും 2023 ൽ രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ ഒരേസമയമാണ് രൂപീകരിച്ചത്. തമിഴ്നാട്ടിൽ ആറു പുതിയ ജില്ലകൾ വന്നതും കഴിഞ്ഞ ഏഴ് വർഷത്തിനിടയിലാണ്. 4.5 കോടി ജനസംഖ്യയുള്ള രാജസ്ഥാനിൽ ഇപ്പോൾ 50 ജില്ലകളാണുള്ളത്. കേരള ജനസംഖ്യയോട് തുല്യമായ ആന്ധ്രയിൽ നിലവിൽ 26 ജില്ലകളുണ്ട്.

ഭരണനിർവഹണ സൗകര്യം, വികസന വിഭവവിതരണങ്ങളുടെ കാര്യക്ഷമത, ജനസംഖ്യവർധനവ്, ഭൂവിസ്തൃതി ,ഭൂഘടന, വികസന മുരടിപ്പിൽ നിന്നുള്ള മോചനം ,ജില്ലാ ആസ്ഥാനത്തേക്കുള്ള ദൂരം കുറയ്ക്കുക എന്നിവ മുൻനിർത്തിയാണ് മിക്കയിടത്തും പുതിയ ജില്ലകൾ ഉണ്ടായതെന്ന് കാണാം. ഇതിൽ മിക്കതും പുതിയ ജില്ലകൾ രൂപീകരിക്കാൻ കേരളത്തിനും ബാധകമായ കാര്യങ്ങളാണ്. ദേശീയ ശരാശരിയിൽ തന്നെ ജില്ലകളുടെ ജനസംഖ്യാനുപാതത്തിൽ ഉയർന്നു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2011ലെ സെൻസസിനെ ആസ്പദമാക്കി പരിശോധിച്ചാൽ ഇന്ത്യയിലെ ഒരു ജില്ലയിലെ ദേശീയ ശരാശരി ജനസംഖ്യ പതിനഞ്ചര ലക്ഷമാണ്. എന്നാൽ കേരളത്തിലിത് 24 ലക്ഷം വരെയാണ്. മലപ്പുറം പോലെയുള്ള ജില്ലയിൽ ദേശീയ ശരാശരിയുടെ മൂന്ന് ഇരട്ടിയിലധികം ജനസംഖ്യയും കാണാം. ഇതെല്ലാം മുൻനിർത്തി പഠിക്കുമ്പോൾ കേരളത്തിൽ കാര്യക്ഷമമായ ജില്ലാ ഭരണനിർവഹണത്തിനും വികസനവിഭവ വിതരണങ്ങൾക്കും 14 ജില്ലകൾ മതിയാകില്ലെന്ന് ബോധ്യപ്പെടും .ദേശീയ ശരാശരി പരിഗണിച്ചാൽ 20 വരെ ജില്ലകൾ കേരളത്തിൽ ആകാവുന്നതാണ്.പല കേന്ദ്രഫണ്ടുകളും ജില്ലായടിസ്ഥാനത്തിലാണ് ലഭ്യമാവുക എന്നതുമോർക്കുക.

ഒരു സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനാണ്. ജനകീയ സമ്മർദ്ദങ്ങൾ ഒന്നുമില്ലെങ്കിലും ഭരണസൗകര്യാർത്ഥം സംസ്ഥാന സർക്കാരിന് പുതിയ ജില്ലകൾ രൂപീകരിക്കാവുന്നതാണ് .അതിനാവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതും സംവിധാനങ്ങൾ ഒരുക്കേണ്ടതും സംസ്ഥാനഭരണകൂടം തന്നെയാണ്. അതിനാൽ കേരളത്തിൽ പുതിയ ജില്ലകൾ എവിടെയെല്ലാം ഏതെല്ലാം താലൂക്കുകൾ ഉൾപ്പെടുത്തി ഉണ്ടാക്കണമെന്നതിനെ കുറിച്ച് കൃത്യത സർക്കാർ നിശ്ചയിക്കുന്ന ജില്ലാ പുനഃസംഘടന കമ്മീഷനുകളുടെ ശാസ്ത്രീയ പഠനങ്ങൾ മുൻനിർത്തിയാണ് ഉണ്ടാവേണ്ടത്. അതിനാൽ ഡി ലിമിറ്റേഷൻ കമീഷനെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് ജില്ലാ രൂപീകരണ നടപടികളിലേക്ക് സർക്കാർ പ്രവേശിക്കേണ്ടതുണ്ട്.

പുതിയ ജില്ല എന്നതിൽ സർക്കാർ അനിവാര്യമായും പരിഗണിക്കേണ്ട പ്രദേശമാണ് മലപ്പുറം. കേരളത്തിൽ ജനസംഖ്യയിൽ ഒന്നാമതും ഭൂവിസ്‌തൃതിയിൽ മൂന്നാമതുമുള്ള ജില്ലയാണ് മലപ്പുറം. ജില്ലാഭരണകൂട സംവിധാനങ്ങളുടെ കാര്യക്ഷമതയും വികസനവിഭവങ്ങളുടെ വിതരണ സൗകര്യവും ജനസംഖ്യാനുസൃതമായ വികസനലഭ്യതയുമെല്ലാം പരിഗണിച്ച് മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർന്നാണ് തിരൂർ ജില്ല വിഭാവനം ചെയ്യുന്നത്. തീരദേശമേഖല എന്ന സവിശേഷതയും ഈ താലൂക്കുകൾക്കുണ്ട്. മലപ്പുറം ജില്ലയിലെ മറ്റ് താലൂക്കുകളിലെ പ്രധാന പ്രദേശങ്ങളെല്ലാം മലയോര മേഖലയാണ്. അവ മഞ്ചേരി കേന്ദ്രീകരിച്ചൊരു ജില്ലയായും മാറുക എന്നതാണ് പുതിയ ജില്ലയെ കുറിച്ച് പല നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. നിയമസഭയിൽ അഡ്വ: കെ എൻ എ ഖാദർ എം.എൽ.എ മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ പ്രമേയം പാസാക്കിയിട്ടുമുണ്ട്. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളും മതസമൂഹിക സംഘടനകളും പല സന്ദർഭങ്ങളിലായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമര പ്രക്ഷോഭ കാമ്പയിനുകളും ജില്ലയിൽ ഉയർന്നുവന്നിരുന്നു. മലപ്പുറത്തെ മുൻകലക്ടറും അസിസ്റ്റൻ്റ് കലക്ടറുമെല്ലാം അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭരണനിർവ്വഹണ സൗകര്യാർഥം ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നു. പുതിയ സംസ്ഥാന ഭരണകൂടത്തിന് മുന്നിലിപ്പോൾ മലപ്പുറം ജില്ലാ UDF കമ്മിറ്റിയും ഏകസ്വരത്തിൽ ഇതുന്നയിച്ചിരിക്കുകയാണ് .

ഭൂവിസ്തൃതിക്കൊപ്പം ജനസംഖ്യയും മലപ്പുറത്ത് പലനിലക്ക് ഭരണനിർവ്വഹണ സ്തംഭനം ഉണ്ടാക്കുന്നുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ ഔദ്യോഗിക കണക്കനുസരിച്ച് 1394000 ആയിരുന്നു ജനസംഖ്യ. 2011ലെ സെൻസസ് അനുസരിച്ച് ജില്ലയിലെ ജനസംഖ്യ 4112920 ആണ്. മലപ്പുറത്തെ ജനസംഖ്യ വർദ്ധനയുടെ നിരക്ക് 13.45% ആണ്. ഇതനുസരിച്ച് 2025 ൽ 45 ലക്ഷത്തിനും മുകളിൽ 50 ലക്ഷംവരെ ജില്ലയിലെ ജനസംഖ്യ എത്തിയിട്ടുണ്ടാകും. ഇന്ത്യയുടെ ചില സംസ്ഥാനങ്ങളെക്കാൾ വലിയ ജനസംഖ്യയാണിത്. ത്രിപുരയിൽ 37 ലക്ഷം, മേഘാലയിൽ 30 ലക്ഷം, മണിപ്പൂരിൽ 28 ലക്ഷം, നാഗാലാൻഡിൽ 20 ലക്ഷം, ഗോവയിൽ 15 ലക്ഷം, അരുണാചൽപ്രദേശിൽ 14 ലക്ഷം, മിസോറാമിൽ 11 ലക്ഷം, സിക്കീമിൽ 6 ലക്ഷം എന്നിങ്ങനെയാണ് ജനസംഖ്യ. അതായത് മലപ്പുറം ജില്ലയേക്കാൾ ജനസംഖ്യ കുറവുള്ള 8 സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. മലപ്പുറം ജില്ലയിയുടെയത്രപോലും ജനസംഖ്യയില്ലാത്ത ഈ സംസ്ഥാനങ്ങൾക്കായി നിയമസഭയും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉണ്ടെന്നർത്ഥം. മലപ്പുറം ജില്ലയെക്കാൾ ജനസംഖ്യ കുറഞ്ഞ 6 കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ത്യയിലുണ്ട്.

പത്തനംത്തിട്ടയിലെ ജനസംഖ്യ 1197412,ഇടുക്കിയിലെ ജനസംഖ്യ1108974 ,കോട്ടയം ജില്ലയിലെ ജനസംഖ്യ 1974551.ഈ മൂന്ന് ജില്ലകളിലുമായുള്ള മൊത്തം ജനസംഖ്യ 4280937 ആണ്. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഈ മൂന്ന് ജില്ലകളിലുമായി സംസ്ഥാനസർക്കാർ നൽകുന്ന പദ്ധതികളുടെ എണ്ണം മലപ്പുറം ജില്ലക്ക് മാത്രമായി അനുവദിക്കേണ്ടതുണ്ട്. അതൊരിക്കലും ഉണ്ടായിട്ടില്ല എന്നതുതന്നെ മലപ്പുറത്തെ ജനത നേരിടുന്ന അനീതിയുടെ അടയാളമാണ്. പുതിയ ജില്ല രൂപികരിച്ചാൽ ഇതിനൊരളവോളം പരിഹാരം ഉണ്ടാകും.

ജില്ലഭരണകൂടത്തിന്റെ തലവൻ കലക്ടർ ആണ്. ജില്ലയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും ജില്ലാ മജിസ്ട്രേറ്റും കൂടിയാണ് കലക്ടർ. മലപ്പുറം ജില്ലയിലെ കലക്ടർ 41 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരുമ്പോൾ ഇടുക്കി, പത്തനംതിട്ട കലക്ടർമാർക്ക് 11 ലക്ഷം ജനങ്ങളുടെ കാര്യം ശ്രദ്ധിച്ചാൽ മതി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 41 ലക്ഷം ജനങ്ങളുടെ സേവനത്തിനായി മൂന്നു കലക്ടർമാരും അനുബന്ധ ഓഫീസുകളുമുണ്ട്. എന്നാൽ അതേ 41 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് ഒരു കലക്ടറും മൂന്നിലൊന്ന് ഓഫീസ് സംവിധാനവും ആണുള്ളത്. ഇതിൻ്റെയെല്ലാം പരിഹാരം എന്ന നിലക്കാണ് പുതിയ ജില്ല എന്നയാവശ്യം മലപ്പുറത്ത് നിന്നുയരുന്നത്. ഭൂവിസ്തൃതി പരിഗണിച്ച് പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് ജില്ല രൂപീകരിക്കുകയോ മലപ്പുറത്ത് പുതിയ ജില്ല വരുമ്പോൾ പാലക്കാടിൻ്റെ ചില ഭാഗങ്ങൾ അതിനോട് ചേർക്കുകയോ ചെയ്യണമെന്ന ആവശ്യവും ഇതിനോട് ചേർത്ത് പറയേണ്ടതാണ്.

Related