August 11 Tuesday 2026

നഫീസത്ത് ബീവിക്ക് പിൻഗാമിയായി ഷാനിമോൾ ഉസ്മാൻ എത്തുമ്പോൾ

default-person (1)

1960 -ൽ നഫീസത്ത് ബീവി ഇരുന്ന കസേരയിലേക്ക് 2026- ൽ ഷാനിമോൾ ഉസ്മാൻ ഇരിക്കാൻ പോവുകയാണ്.1960- മാർച്ച് 10 മുതൽ 1964- സെപ്തംബർ 10 വരെ കേരള നിയമസഭയുടെ ഡപ്യൂട്ടീ സ്പീക്കറായിരുന്നു അഡ്വ.എ.നഫീസത്ത് ബീവി. കെ.എം.സീതിസാഹിബ്, സി.എച്ച്.മുഹമ്മദ് കോയ എന്നീ പ്രഗൽഭ സ്പീക്കർമാരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതുമാത്രമല്ല, സീതിസാഹിബിൻ്റെ മരണത്തിന് ശേഷവും സി.എച്ച്.സ്പീക്കറായിരിക്കെ മുസ്ലിംലീഗ് മുന്നണി വിട്ടുപോയപ്പോഴും സ്പീക്കറുടെ ചുമതല വഹിക്കാനും നഫീസത്ത് ബീവിക്ക് ഭാഗ്യമുണ്ടായി.1960- ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നാണ് നഫീസത്ത് ബീവി നിയമസഭയിലെത്തിയത്. ഒരു മണ്ഡലത്തിനപ്പുറം (ചേർത്തല) അരൂരിൽ നിന്നാണ് പിൻഗാമിയായ ഷാനിമോൾ ഉസ്മാൻ നിയമസഭയിലെത്തുന്നത്.

രണ്ടുപേരും അടിയുറച്ച കോൺഗ്രസുകാർ. സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാവുന്ന വിധം പ്രായംകൊണ്ട് അവശയായപ്പോഴും കെ.പി.സി.സി ഓഫീസിലെ നിത്യസന്ദർശകയായിരുന്നു നഫീസത്ത് ബീവി. 2015 മെയ് 11നാണ് അന്ത്യം. തിരുവനന്തപുരം പാളയം ജുമാമസ്ജിദിൻ്റെ ഖബറിസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.

കെ.പി.സി.സി അംഗവും എ.ഐ.സി.സി അംഗവുമായിരുന്ന നഫീസത്ത് ബീവി ഒരിക്കൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. കേരള വനിതാ കമ്മീഷൻ അംഗവുമായിട്ടുണ്ട്. ഷാനിമോളും എ.ഐ.സി.സി.അംഗവും കെ.പി.സി.സി അംഗവുമായിരുന്നു. രണ്ടുപേരും നിയമബിരുദമെടുത്തവരാണ്.ചരിത്രം കറങ്ങിത്തിരിഞ്ഞ് വന്നപ്പോൾ ആലപ്പുഴ ജില്ലയിൽ നിന്നുതന്നെ നഫീസത്ത് ബീവിക്ക് പിൻഗാമി വരികയാണ്.
1957 ൽ ആദ്യനിയമസഭയുടെ ഡപ്യൂട്ടി സ്പീക്കർ വനിതയായിരുന്നു. കെ.ഒ. ആയിഷാഭായ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി കായംകുളം മണ്ഡലത്തിൽ നിന്നാണ് ആയിഷാഭായി നിയമസഭയിലെത്തിയത്. സി.പി.ഐ ടിക്കറ്റിൽ കിളിമാനൂരിൽ നിന്ന് സഭയിലെത്തിയ ഭാർഗവീ തങ്കപ്പനും ഡപ്യൂട്ടി സ്പീക്കറായിരുന്നു (1987- 1991).

Related