കേരളത്തില്‍ വന്യജീവി ആക്രമണങ്ങളുടെയും അതില്‍ കൊല്ലപ്പെടുന്നവരുടെയും എണ്ണം ദിനേന വര്‍ധിക്കുകയാണ്. വന്യ ജീവികളുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തപോലും കാണാതെ ഒരു ദിവസവും കടന്നു പോകാത്തത്ര മനുഷ്യ-വന്യജീവി സംഘര്‍ഷം മുന്പത്തേക്കാള് സങ്കീര്‍ണമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ കരുളായി പൂച്ചപ്പാറ കോളനി നിവാസി മണി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട മണി ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പാലമേട് ഹോസ്റ്റലിലാക്കി മടങ്ങവെയാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ് മണി. കഴിഞ്ഞ ഡിസംബറിലാണ് കോതമംഗലം കുട്ടാമ്പുഴയില് കോടിയാട്ട് എല്‍ദോസിനെ കാട്ടാന ചവിട്ടിക്കൊന്നത്. അതിന് ഇരുപത് ദിവസം മുമ്പ് നവംബര്‍ 29ന് പുലര്‍ച്ച കുട്ടമ്പുഴയില്‍ ആട്ടിക്കുളത്ത് വനത്തില്‍ മൂന്ന് സ്ത്രീകളെ കാണാതായിരുന്നു. മേയാന്‍ വിട്ട പശുക്കളെ തിരഞ്ഞ് ചെന്ന ഇവര്‍ കാട്ടാനയെക്കണ്ട് ഭയന്ന് വനത്തില്‍ വഴിതെറ്റുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയില്‍ അമര്‍ ഇലാഹി എന്ന യുവാവിനെയും കാട്ടാന കൊന്നിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഈ കണക്കുകളൊന്നും തന്നെ ഭരണകൂടത്തെ കണ്ണുത്തുറപ്പിക്കുന്നില്ല. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ പൂട്ടുന്ന തിരക്കിലാണ്.
കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ സമര്‍പ്പിച്ച രേഖപ്രകാരം കേരളത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ തൊള്ളായിരത്തിലധികം പേരാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2024ല്‍ പുറത്തിറക്കിയ 2023 ലെ ‘ഇക്കണോമിക് റിവ്യൂ’ പ്രകാരം കേരളത്തില്‍ 2022-23ല്‍ 8,873 മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ 98 പേര് കൊല്ലപ്പെട്ടു. 1,275 പേര്‍ക്ക് പരിക്കേറ്റു; 637 കന്നുകാലികള്‍ക്ക് ജീവാപായമുണ്ടായി. കണക്കുകള്‍ പെരുകുന്നതല്ലാതെ പരിഹാരങ്ങളുണ്ടാകുന്നില്ല.
ആനക്കലിയില്‍ പ്രതിഷേധിച്ച എം.എല്‍.എ പി.വി. അന്‍വറിനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എം.എല്‍.എയെ അറസ്റ്റ് ചെയ്തത് ജനാധിപത്യ രീതിയല്ല. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിന്റെ ജനരോഷത്തില്‍ ഉടലെടുത്ത സമരമായി കാണേണ്ട ഒന്നിനെ അറസ്റ്റ് വരെ കൊണ്ടെത്തിച്ചത് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ അന്‍വര്‍ അഴിച്ചുവിട്ട ആരോപണങ്ങള്‍ക്ക് പകരം ചോദിക്കാലാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. വനം മന്ത്രിയുടെ പ്രവര്‍ത്തനം മനുഷ്യര്‍ക്ക് വേണ്ടിയല്ല മൃഗങ്ങള്‍ക്ക് വേണ്ടിയാണെന്ന് പി.വി. അന്‍വര്‍ ആരോപിച്ചിരുന്നു. കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് ഫോറസ്റ്റ് ഓഫീസിലാണ് പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. തുടര്‍ന്നുണ്ടായ അറസ്റ്റും 24 മണിക്കൂറിനുള്ളില്‍ ജാമ്യം ലഭിച്ചതുമെല്ലാം നാടകീയ രംഗങ്ങളാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ 486 പേര് കൊല്ലപ്പെട്ടതായി വനം വകുപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാം. 39,484 തവണയുണ്ടായ ആക്രമണങ്ങളില്‍ 5,323 പേര്‍ക്ക് പരിക്കേറ്റു. 2024 ഡിസംബര്‍ 17 ന് ശേഷം നാലുപേരെ കാട്ടാന കൊലപ്പെടുത്തി. കൃഷിനാശത്തിന്റെയും വസ്തുനാശത്തിന്റെയും കണക്കുകള്‍ വേറെ. വന്യജീവി ആക്രമണങ്ങളുടെ പേരില്‍ ഒരു വര്‍ഷം ഏകദേശം മൂന്നു കോടിക്ക് മുകളില്‍ തുക സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയില്‍ സമര്‍പ്പിച്ച രേഖപ്രകാരം കേരളത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ തൊള്ളായിരത്തിലധികം പേരാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 2024ല്‍ പുറത്തിറക്കിയ 2023 ലെ ‘ഇക്കണോമിക് റിവ്യൂ’ പ്രകാരം കേരളത്തില്‍ 2022-23ല്‍ 8,873 മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ 98 പേര് കൊല്ലപ്പെട്ടു. 1,275 പേര്‍ക്ക് പരിക്കേറ്റു; 637 കന്നുകാലികള്‍ക്ക് ജീവാപായമുണ്ടായി. കണക്കുകള്‍ പെരുകുന്നതല്ലാതെ പരിഹാരങ്ങളുണ്ടാകുന്നില്ല. നിര്‍മിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ മുന്നിലുള്ളപ്പോഴും ശാസ്ത്രീയമായ പരിഹാരം കാണാനാകുന്നില്ലെന്നത് ദയനീയമാണ്.

മനുഷ്യ വന്യജീവി സംഘര്‍ഷം ഇല്ലാതാക്കുന്നതിന് അഞ്ച് വര്ഷക്കലയാളവിലേക്ക് നടപ്പാക്കാന്‍ തയാറാക്കിയ 620 കോടിയുടെ പദ്ധതി വെള്ളത്തില്‍ വരച്ച വരപോലെ ഇപ്പോഴും കടലാസിലാണ്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍ പുലി കുടുങ്ങിയിരുന്നു. ഇത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കുട്ടമ്പുഴയില്‍ എല്‍ദോസ് കൊല്ലപ്പെട്ടയിടത്ത് കൃത്യമായ ഫെന്‍സിങ്ങോ ലൈറ്റോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിലമ്പൂരില്‍ മണിയെ രാത്രി ഏഴിനാണ് കാട്ടാന ആക്രമിച്ചതെങ്കിലും രാത്രി ഒമ്പതരയോടെയാണ് വനംവകുപ്പ് വിവരം അറിയുന്നത് പോലും. സംസ്ഥാനത്ത് 273 പ്രദേശങ്ങള്‍ ഇത്തരം വന്യജീവി ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണ്, കൃത്യമായ പ്രതിരോധമില്ലെങ്കില്‍ അപകടങ്ങള്‍ വര്ധിക്കുകയെ ഒള്ളു. കാലാവസ്ഥ വ്യതിയാനവും ആവാസ വ്യവസ്ഥയുടെ തുടര്‍ച്ച നഷ്ടമാകുന്നതും വിദേശ അധിനിവേശ സസ്യങ്ങളുടെ വ്യാപനം വനത്തിലുണ്ടാക്കിയ മാറ്റങ്ങളും നിരന്തരമായി കാട് വെട്ടിത്തെളിക്കുന്നതുമെല്ലാം വന്യജീവികളുടെ ആവാസ വ്യവസ്ഥയില്‍ മാറ്റമുണ്ടാകാനും വന്യജീവികള്‍ കാടിറങ്ങുന്നതിനും കാരണമാകുന്നു.
വന്യജീവികള്‍ കാടിറങ്ങുന്നതിനെക്കുറിച്ച് സമഗ്ര പഠനം നടത്തി ശാസ്ത്രീയമായ പ്രതിരോധം കാണേണ്ടതുണ്ട്. സ്ഥിരമായി വന്യജീവികള്‍ ഉപയോഗിക്കുന്ന വഴിത്താരകളിലൂടെ വര്‍ഷങ്ങള്‍ പിന്നിട്ടാലും മൃഗങ്ങള്‍ തിരിച്ചെത്താറുണ്ട്. ഒരുപാട് തലമുറകള്‍ പിന്നിട്ടാലും ആനത്താരകളിലൂടെ ആനകള്‍ മണം പിടിച്ച് എത്താറുണ്ട്. ഇത്തരം മേഖലകള്‍ കണ്ടെത്തി കൃത്യമായ നിര്‍ദ്ദേശങ്ങളും ബദല്‍ സംവിധാങ്ങളും കാണണം. വനത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ ചെല്ലുന്നത് അപായമാണ്. ഇവര്‍ക്ക് മറ്റു സംവിധാനങ്ങള്‍ എത്തിച്ച് കൊടുക്കാതിരുന്നാല്‍ അപകട നിരക്ക് ഇനിയും വര്‍ധിച്ചേക്കും. മോഷന്‍ – സെന്‍സര്‍ അലാമുകള്‍, ജി.പി.എസ് ഡ്രോണുകള്‍, കാമറ ട്രാപുകള്‍, ബയോ അക്കോസ്റ്റിക് ഡിറ്ററന്റുകള് പോലെയുള്ള സാധ്യതകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പ്രതിരോധിക്കാവുന്നതാണ്.
