November 23 Monday 2026

യുവതൊഴിൽ: ജനസംഖ്യാപരമായ നേട്ടം ഇന്ത്യയ്ക്ക് തൊഴിൽനേട്ടമാകുന്നുണ്ടോ?

ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി അവതരിപ്പിക്കപ്പെടുന്നത് രാജ്യത്തെ വലിയ യുവജനസംഖ്യയാണ്. 2047ഓടെ വികസിത രാഷ്ട്രമാകാനുള്ള ലക്ഷ്യത്തിൽ ഈ യുവജനശക്തി നിർണായകമാകുമെന്നും പറയപ്പെടുന്നു. എന്നാൽ, 15 മുതൽ 29 വയസ്സുവരെയുള്ള യുവാക്കളുടെ തൊഴിൽസ്ഥിതി പരിശോധിക്കുമ്പോൾ ഈ അവകാശവാദത്തിനൊപ്പം അസൗകര്യകരമായ ചില ചോദ്യങ്ങളും ഉയരുന്നു. യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നുണ്ടോ എന്നതിലുപരി അവർ ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത്, ആ ജോലി എത്രത്തോളം ഉൽപ്പാദനക്ഷമമാണ്, വരുമാനം എത്രയാണ്, തൊഴിൽസുരക്ഷയുണ്ടോ, അവരുടെ വിദ്യാഭ്യാസത്തിനും നൈപുണ്യത്തിനും അനുയോജ്യമായ അവസരമാണോ ലഭിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാനമാകുന്നത്. 2018–19 മുതൽ 2021–22 വരെയുള്ള Periodic Labour Force Survey കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയുടെ യുവതൊഴിൽ വിപണിയിൽ സംഭവിക്കുന്ന മാറ്റം വെറും തൊഴിലില്ലായ്മയുടെ പ്രശ്നമല്ലെന്നും, രാജ്യത്തിന്റെ സാമ്പത്തിക ഘടനയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും വ്യക്തമാകുന്നു.

ഈ കാലയളവിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം യുവതൊഴിലിന്റെ കൃഷിയിലേക്കുള്ള തിരിച്ചുപോക്കാണ്. കൃഷി, വനസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിൽ 2018–19ൽ 3.87 കോടി യുവാക്കൾ തൊഴിലെടുത്തിരുന്നെങ്കിൽ 2021–22ൽ അത് 5.12 കോടിയായി ഉയർന്നു. നാലുവർഷത്തിനിടെ ഏകദേശം 1.25 കോടി യുവതൊഴിൽ ഈ മേഖലയിലുണ്ടായി. നിർമാണമേഖലയിൽ 33 ലക്ഷം തൊഴിലുകളും വ്യാപാരം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ 21 ലക്ഷത്തോളം തൊഴിലുകളും വർധിച്ചെങ്കിലും കൃഷിയിലെ വർധന അതിനെക്കാൾ വളരെ വലുതാണ്. ഖനനം, പൊതുഭരണം തുടങ്ങിയ ചില മേഖലകളിൽ യുവതൊഴിൽ കുറയുകയും ചെയ്തു.

ഈ കണക്കുകളെ തൊഴിൽസൃഷ്ടിയുടെ വിജയമായി മാത്രം വായിക്കുന്നത് അപകടകരമാണ്. കൃഷിയിലേക്ക് കൂടുതൽ യുവാക്കൾ എത്തുന്നത് പുതിയ ഉൽപ്പാദനക്ഷമമായ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതിന്റെ ഫലമാണോ, അതോ മറ്റ് മേഖലകളിൽ മതിയായ തൊഴിൽ ലഭിക്കാത്തതിന്റെ ഫലമാണോ എന്നതാണ് നിർണായകം. ഉൽപ്പാദനശേഷിയിൽ വലിയ വർധനയില്ലാതെ കൂടുതൽ ആളുകൾ ഒരേ തൊഴിൽ മേഖലയിലേക്ക് എത്തുകയാണെങ്കിൽ ഓരോ തൊഴിലാളിയുടെയും ഉൽപ്പാദന സംഭാവന കുറയാം. അങ്ങനെ കണക്കിൽ തൊഴിൽ വർധിച്ചാലും വരുമാനവും ഉൽപ്പാദനക്ഷമതയും അതേ തോതിൽ ഉയരണമെന്നില്ല. അതുകൊണ്ട് കൃഷിയിലെ യുവതൊഴിൽ വർധനയെ മാത്രം തൊഴിൽപ്രശ്നത്തിന് പരിഹാരമായി അവതരിപ്പിക്കാനാകില്ല. കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലും മറഞ്ഞ തൊഴിലില്ലായ്മയും ഇവിടെ പ്രധാന ചോദ്യങ്ങളായി തുടരുന്നു.

സാമ്പത്തിക വളർച്ചയും തൊഴിൽസൃഷ്ടിയും തമ്മിലുള്ള വിടവാണ് ഇതിലൂടെ പുറത്തുവരുന്നത്. 2022–23ൽ വ്യാപാരം, ഹോട്ടൽ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ശക്തമായ വളർച്ചയുണ്ടായി. നിർമാണം, വൈദ്യുതി, വാതകം, ജലവിതരണം തുടങ്ങിയ മേഖലകളും വളർന്നു. എന്നാൽ GVA വളരുന്ന വേഗത്തിൽ യുവതൊഴിൽ വളരുന്നില്ല. ഇതാണ് ഇന്ത്യയുടെ വളർച്ചയുടെ സ്വഭാവത്തെക്കുറിച്ചുള്ള പ്രധാന ആശങ്ക. GDP ഉയരുന്നതുകൊണ്ട് മാത്രം തൊഴിലവസരങ്ങൾ അതേ വേഗത്തിൽ ഉയരണമെന്നില്ല. സാമ്പത്തിക വളർച്ചയും തൊഴിൽ വളർച്ചയും തമ്മിലുള്ള ഈ അകലം പ്രത്യേകിച്ച് യുവാക്കളുടെ കാര്യത്തിൽ കൂടുതൽ ഗൗരവമുള്ളതാണ്.

കോവിഡ് മഹാമാരി ഈ പ്രവണതയെ കൂടുതൽ സങ്കീർണമാക്കി. ലോക്ക്ഡൗൺ കാലത്ത് നിർമാണം, ഉൽപ്പാദനം, ഹോട്ടൽ, വ്യാപാരം, ഗതാഗതം തുടങ്ങിയ നഗരകേന്ദ്രിത മേഖലകൾക്ക് വലിയ തിരിച്ചടി നേരിട്ടു. തൊഴിൽ നഷ്ടപ്പെട്ടവരിൽ ഒരു വിഭാഗം ഗ്രാമങ്ങളിലേക്ക് മടങ്ങുകയും കൃഷിയെയും ഗ്രാമീണ തൊഴിലുകളെയും ആശ്രയിക്കുകയും ചെയ്തു. MGNREGA പോലുള്ള പദ്ധതികൾ ഈ ഘട്ടത്തിൽ വരുമാന സംരക്ഷണത്തിന് സഹായകമായി. എന്നാൽ കോവിഡ് കാലത്തെ ഈ തൊഴിൽമാറ്റത്തെ മുഴുവൻ സ്ഥിരമായ ഘടനാപരമായ മാറ്റമായി കാണാനും പാടില്ല.

ഇവിടെ താൽക്കാലികവും ഘടനാപരവുമായ മാറ്റങ്ങൾ വേർതിരിച്ചുനോക്കേണ്ടതുണ്ട്. ലോക്ക്ഡൗൺ മൂലം നഗരത്തിലെ ജോലി നഷ്ടപ്പെട്ട് ഒരു യുവാവ് ഗ്രാമത്തിലേക്ക് മടങ്ങിയതും കൃഷിയിൽ താൽക്കാലികമായി തൊഴിൽ സ്വീകരിച്ചതും മഹാമാരിയുടെ നേരിട്ടുള്ള ആഘാതമായി കാണാം. എന്നാൽ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്ന ശേഷവും കൃഷിയിലെ യുവതൊഴിൽ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് പൂർണമായി തിരിച്ചെത്തിയില്ല എന്നത് മറ്റൊരു ചോദ്യമാണ്. 2018–19ൽ 3.87 കോടിയായിരുന്ന കൃഷി-അനുബന്ധ യുവതൊഴിൽ 2020–21ൽ 5.17 കോടിയായി ഉയർന്നു; 2021–22ൽ ചെറിയ കുറവോടെ 5.12 കോടിയായി തുടർന്നു. ഈ തുടർച്ചയെ കോവിഡ് മാത്രം വിശദീകരിക്കുന്നില്ല. non-farm മേഖലകളിലെ തൊഴിൽസൃഷ്ടിയുടെ പരിമിതി, ഗ്രാമീണ വരുമാന ആശ്രയം, കുടിയേറ്റത്തിന്റെ സ്വഭാവം, കൃഷിയുടെ തൊഴിൽ ആഗിരണ ശേഷി തുടങ്ങിയ ഘടകങ്ങളും ഇതിന് പിന്നിലുണ്ട്.

അതിനാൽ മഹാമാരി താൽക്കാലികമായി തൊഴിൽഘടനയെ മാറ്റിയെങ്കിലും, അതിലൂടെ പുറത്തുവന്ന ദൗർബല്യങ്ങൾ കൂടുതൽ ആഴത്തിലുള്ളവയാണ്. കോവിഡ് തൊഴിലാളികളുടെ സ്ഥലംമാറ്റത്തിന് കാരണമായിരിക്കാം; എന്നാൽ മഹാമാരിക്ക് ശേഷം പോലും മതിയായ വ്യവസായ-സേവന തൊഴിൽ ലഭിക്കാത്തത് സാമ്പത്തിക ഘടനയുടെ പ്രശ്നമാണ്. കോവിഡ് ഒരു ആഘാതമായിരുന്നു; അതിലൂടെ കൂടുതൽ വ്യക്തമായി കാണപ്പെട്ടത് ഘടനാപരമായ തൊഴിൽപ്രശ്നമാണ്.

2030 വരെയുള്ള പ്രവചനങ്ങളും ഇതേ ആശങ്ക ശക്തിപ്പെടുത്തുന്നു. നിലവിലെ പ്രവണത തുടർന്നാൽ കൃഷിയും അനുബന്ധ മേഖലകളും ഏകദേശം 8.6 കോടി യുവാക്കളുടെ തൊഴിൽ ആശ്രയമായി തുടരുമെന്നാണ് പഠനത്തിന്റെ കണക്കുകൂട്ടൽ. നിർമാണമേഖലയിൽ ഏകദേശം 5.55 കോടി യുവതൊഴിലാണ് പ്രതീക്ഷിക്കുന്നത്. സേവനമേഖല ഇതിനെക്കാൾ പിന്നിലാണ്. സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവിക പരിവർത്തനം കൃഷിയിൽനിന്ന് വ്യവസായത്തിലേക്കും പിന്നീട് സേവനമേഖലയിലേക്കുമുള്ള തൊഴിൽമാറ്റമായിരിക്കെ, യുവാക്കളുടെ വലിയൊരു വിഭാഗം കൃഷിയിൽ തുടരുന്നത് ശ്രദ്ധേയമാണ്. ഇത് കൃഷിയുടെ ശക്തിയേക്കാൾ വ്യവസായ-സേവന മേഖലകളുടെ പരിമിതമായ തൊഴിൽ ആഗിരണ ശേഷിയുടെ സൂചനയായും വായിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ യുവതൊഴിൽ പ്രശ്നത്തിൽ വിദ്യാഭ്യാസവും നിർണായകമാണ്. ഉയർന്ന വിദ്യാഭ്യാസം നേടിയ യുവാക്കളുടെ എണ്ണം വർധിച്ചിട്ടും അവരുടെ വിദ്യാഭ്യാസത്തിനും പ്രതീക്ഷകൾക്കും അനുയോജ്യമായ തൊഴിലുകൾ അതേ വേഗത്തിൽ സൃഷ്ടിക്കപ്പെടുന്നില്ല. മറുവശത്ത് വ്യവസായവും സേവനമേഖലയും കൂടുതൽ നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യപ്പെടുന്നു. ഇതോടെ educated unemployment ഉം skill mismatch ഉം ഒരേസമയം നിലനിൽക്കുന്നു. കോഡിങ്, കൃത്രിമബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. എന്നാൽ നൈപുണ്യപരിശീലനം മാത്രം തൊഴിൽപ്രശ്നത്തിന് പരിഹാരമല്ല. തൊഴിലിന് തയ്യാറായ യുവാക്കളെ സൃഷ്ടിക്കുന്നതിനൊപ്പം അവരെ ഉൾക്കൊള്ളാൻ കഴിയുന്നത്ര ഗുണമേന്മയുള്ള തൊഴിലുകളും സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കണം.

സ്ത്രീകളുടെ തൊഴിൽപങ്കാളിത്തമാണ് ഈ പ്രതിസന്ധിയുടെ മറ്റൊരു പ്രധാന വശം. 2021–22ൽ പുരുഷന്മാരുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് 57.3 ശതമാനമായിരുന്നപ്പോൾ സ്ത്രീകളുടേത് 24.8 ശതമാനം മാത്രമായിരുന്നു. എന്നാൽ ഈ കണക്കിനെ സ്ത്രീകൾ തൊഴിൽവിപണിയിൽനിന്ന് പൂർണമായി വിട്ടുനിൽക്കുന്നു എന്ന ലളിതമായ നിഗമനത്തിലേക്ക് മാറ്റാനാകില്ല. വീട്ടുജോലി, പരിചരണച്ചുമതല, കുടുംബകൃഷി, പ്രതിഫലം ലഭിക്കാത്ത കുടുംബതൊഴിൽ തുടങ്ങിയവയുടെ സ്വഭാവവും തൊഴിൽ കണക്കെടുപ്പിലെ രീതിയും സ്ത്രീകളുടെ തൊഴിൽസ്ഥിതിയെ സ്വാധീനിക്കുന്നു.

അതേസമയം യുവസ്ത്രീകളുടെ കൃഷി, വനസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ തൊഴിൽ ഈ കാലയളവിൽ ഗണ്യമായി വർധിച്ചു. ഇതിനെ നേരിട്ട് സ്ത്രീശാക്തീകരണത്തിന്റെ തെളിവായി കാണുന്നതും ശരിയല്ല. കോവിഡ് കാലത്തെ നഗരങ്ങളിൽനിന്നുള്ള തിരിച്ചുകുടിയേറ്റം, കുടുംബവരുമാനം നിലനിർത്തേണ്ട സാഹചര്യം, ഗ്രാമപ്രദേശങ്ങളിൽ മറ്റ് തൊഴിൽ അവസരങ്ങളുടെ കുറവ് തുടങ്ങിയ ഘടകങ്ങൾ സ്ത്രീകളുടെ കൃഷിതൊഴിൽ വർധനയ്ക്ക് കാരണമായിരിക്കാം. ലഭ്യമായ കണക്കുകൾ ഈ ഘടകങ്ങളിൽ ഓരോന്നിന്റെയും കൃത്യമായ പങ്ക് വേർതിരിക്കുന്നില്ല. അതിനാൽ സ്ത്രീകളുടെ തൊഴിൽ വർധനയെ വിലയിരുത്തുമ്പോൾ അതിന്റെ അളവിനൊപ്പം തൊഴിലെന്റെ സ്വഭാവവും പരിശോധിക്കണം.

സ്ത്രീകൾ ഏത് മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നതിനൊപ്പം അവർ ഏത് തരത്തിലുള്ള തൊഴിലിലാണ് എന്നതും നിർണായകമാണ്. സ്ഥിരവേതനത്തൊഴിൽ, താൽക്കാലിക തൊഴിൽ, സ്വയംതൊഴിൽ, കുടുംബസംരംഭത്തിലെ പ്രതിഫലം ലഭിക്കാത്ത തൊഴിൽ, അനൗപചാരിക തൊഴിൽ എന്നിവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. കൃഷിയിൽ സ്ത്രീകളുടെ എണ്ണം ഉയർന്നാലും സ്ഥിരവരുമാനം, സാമൂഹിക സുരക്ഷ, തൊഴിൽസുരക്ഷ എന്നിവ ലഭിക്കുന്നില്ലെങ്കിൽ അതിനെ ഗുണമേന്മയുള്ള തൊഴിൽ വളർച്ചയായി കാണാനാകില്ല. അതേസമയം വിദ്യാഭ്യാസം, ആരോഗ്യം, പൊതുസേവനം തുടങ്ങിയ ചില മേഖലകളിൽ യുവസ്ത്രീകളുടെ തൊഴിൽ വർധിച്ചതും ശ്രദ്ധിക്കേണ്ട മാറ്റമാണ്. സ്ത്രീകൾ തൊഴിൽവിപണിയിൽ കൂടുതൽ ദൃശ്യമാകുന്നു എന്നത് പ്രധാനമാണ്; എന്നാൽ അവർക്ക് ലഭിക്കുന്ന തൊഴിൽ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷയും നൽകുന്നുണ്ടോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം.

അതുകൊണ്ട് യുവതൊഴിൽ പ്രതിസന്ധിയെ വ്യക്തികളുടെ നൈപുണ്യക്കുറവായി മാത്രം കാണുന്നത് തെറ്റാണ്. Skill development ആവശ്യമാണ്. എന്നാൽ അതിനൊപ്പം തൊഴിൽസാന്ദ്രമായ വ്യവസായങ്ങൾ വളരണം, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് മൂലധനവും സാങ്കേതിക പിന്തുണയും ലഭിക്കണം, വസ്ത്രനിർമാണം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ തൊഴിൽസൃഷ്ടി വർധിക്കണം. കൃഷിയെ ഉപേക്ഷിക്കുക എന്നതല്ല ലക്ഷ്യം; കൃഷിയിൽ ഉൽപ്പാദനക്ഷമതയും വരുമാനവും ഉയർത്തുന്നതിനൊപ്പം കൃഷിക്ക് പുറത്തുള്ള കൂടുതൽ ഉൽപ്പാദനക്ഷമമായ തൊഴിലുകൾ സൃഷ്ടിക്കുകയാണ് വേണ്ടത്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ കൃഷിയിൽ മാത്രം ഒതുക്കാതെ ഗ്രാമീണ വ്യവസായം, ഭക്ഷ്യസംസ്കരണം, സേവനമേഖല എന്നിവയിലേക്ക് വ്യാപിപ്പിക്കേണ്ടതും അതുകൊണ്ടുതന്നെയാണ്.

ഇത് Sustainable Development Goals കൈവരിക്കുന്നതിന്റെയും പ്രധാന പരീക്ഷണമാണ്. SDG 4.4 നൈപുണ്യവികസനത്തെയും SDG 8.5 മാന്യവും ഉൽപ്പാദനക്ഷമവുമായ തൊഴിലും തുല്യ അവസരങ്ങളെയും SDG 8.6 യുവാക്കളുടെ തൊഴിൽ, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലേക്കുള്ള പങ്കാളിത്തത്തെയും ലക്ഷ്യമിടുന്നു. അതിനാൽ യുവാക്കൾക്ക് ഒരു ജോലി ലഭിച്ചു എന്നതുകൊണ്ട് മാത്രം ഈ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് പറയാനാകില്ല. വേതനം, തൊഴിൽസുരക്ഷ, സാമൂഹിക സുരക്ഷ, തൊഴിലെന്റെ ഉൽപ്പാദനക്ഷമത, ലിംഗസമത്വം, വിദ്യാഭ്യാസത്തിന് അനുയോജ്യമായ തൊഴിൽ എന്നിവ കൂടി അളക്കണം.

ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം സ്വാഭാവികമായി സാമ്പത്തിക നേട്ടമായി മാറില്ല. വലിയ യുവജനസംഖ്യ രാജ്യത്തിന് അവസരമാണ്; പക്ഷേ ആ യുവാക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന തൊഴിൽവിപണി ഇല്ലെങ്കിൽ അതേ ജനസംഖ്യ വലിയ സാമൂഹിക-സാമ്പത്തിക സമ്മർദമായി മാറും. തൊഴിൽ ഇല്ലാത്ത യുവാവ് മാത്രമല്ല പ്രശ്നം; കുറഞ്ഞ വേതനത്തിൽ, കുറഞ്ഞ ഉൽപ്പാദനക്ഷമതയിൽ, തൊഴിൽസുരക്ഷയില്ലാതെ ജോലി ചെയ്യുന്ന യുവാവും തൊഴിൽനയത്തിന്റെ പരാജയത്തിന്റെ ഭാഗമാണ്.

അതുകൊണ്ട് ഇന്ത്യയുടെ യുവതൊഴിൽ നയത്തിന്റെ ചോദ്യം “എത്ര യുവാക്കൾക്ക് ജോലി ലഭിച്ചു?” എന്നതിൽ അവസാനിക്കരുത്. “എത്ര യുവാക്കൾക്ക് മാന്യവും സ്ഥിരതയുള്ളതും ഉൽപ്പാദനക്ഷമവുമായ തൊഴിൽ ലഭിച്ചു?” എന്നതായിരിക്കണം യഥാർഥ ചോദ്യം. യുവാക്കളെ ജോലിക്ക് തയ്യാറാക്കുന്നതിനൊപ്പം യുവാക്കളെ ഉൾക്കൊള്ളുന്ന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, നൈപുണ്യം, വ്യവസായ നിക്ഷേപം, തൊഴിൽസൃഷ്ടി, സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം, സാമൂഹിക സുരക്ഷ എന്നിവയെ വേർതിരിച്ച പദ്ധതികളായി കാണാതെ ഒരൊറ്റ തൊഴിൽ-വികസന നയത്തിന്റെ ഭാഗമായി കാണേണ്ട സമയമാണിത്.

2047ലെ വികസിത ഇന്ത്യയുടെ അടിത്തറ യുവജനങ്ങളാണെങ്കിൽ, കണക്കുകളിൽ മാത്രം വലിയ യുവ തൊഴിൽശക്തിയുള്ള രാജ്യമാകുന്നത് മതിയാകില്ല. അവരുടെ കഴിവിനും വിദ്യാഭ്യാസത്തിനും യോജിച്ച തൊഴിൽ സൃഷ്ടിക്കപ്പെടണം. കൃഷിയിൽ നിർബന്ധിതമായ തൊഴിൽ ആശ്രയം കുറയുകയും ഉൽപ്പാദനക്ഷമമായ വ്യവസായ-സേവന തൊഴിലുകൾ വർധിക്കുകയും വേണം. സ്ത്രീകൾ തൊഴിൽവിപണിയിൽ പ്രവേശിക്കുന്നതിന്റെ എണ്ണം മാത്രമല്ല, അവർക്ക് ലഭിക്കുന്ന തൊഴിലിന്റെ ഗുണനിലവാരവും ഉയരണം. അപ്പോഴേ ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം യഥാർഥ സാമ്പത്തിക നേട്ടമായി മാറൂ.

ജനസംഖ്യയുടെ വലുപ്പം ഇന്ത്യയുടെ ശക്തിയല്ല; ആ ജനസംഖ്യയുടെ കഴിവിനെ ഉൽപ്പാദനക്ഷമമായ തൊഴിൽശക്തിയാക്കി മാറ്റാനുള്ള ശേഷിയാണ് ഇന്ത്യയുടെ യഥാർഥ ശക്തി.

Related