November 23 Monday 2026

നിങ്ങളെന്തിനാണ് ഈ ഉമ്മയെ മരുഭൂമിയിൽ നിർത്തിയിരിക്കുന്നത്

ബാംഗ്ലൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ പതിനേഴ് വർഷമായി വിചാരണത്തടവുകാരനായി കിടക്കുന്ന സക്കരിയയുടെ നീതിക്ക് വേണ്ടി നിർമ്മിച്ച ‘വിധി കാത്ത് നിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററി അതിന്റെ തൊണ്ണൂറു ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് സാദിഖ് എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ സക്കരിയയുടെ നീതിക്കുവേണ്ടിയുള്ള യാത്രയിലുള്ള റോഡിലൂടെ ആണ്. റോഡിലൂടെ ഒരു കാറിൽ സഞ്ചരിക്കുമ്പോൾ സാദിഖ് സക്കരിയയെ ജയിലിൽ വെച്ച് കണ്ടതും അതേസമയം സക്കരിയയുടെ ഉമ്മയുടെ നോവിനെ കുറിച്ചും സംസാരിക്കുന്നു.

കേരളം എന്ന ഒരു ജിയോഗ്രഫി അതിന്റെ അടിസ്ഥാന വികസനങ്ങളിൽ ഏറ്റവും കൂടുതൽ അടുത്ത കാലത്തായി ആഘോഷിച്ച ഒരു കാര്യമാണ് കേരളത്തിലെ റോഡ് വികസനം. റോഡ് വികസനങ്ങളിൽ കേരളം വളരെ അധികം മുൻപന്തിയിലാണ് എന്ന് പറഞ്ഞു കൊണ്ട് ഒരു വികസിത സമൂഹമായി ചിത്രീകരിക്കുന്നു. ഈ കേരളത്തിന്റെ നെടുകെ പോകുന്ന ഈ പുരോഗതിയുടെ ചിഹ്നത്തിലൂടെ യാത്ര ചെയ്തു കൊണ്ടാണ് ഒരു മുസ്‌ലിം ആയ സക്കരിയ തന്റെ യുവത്വത്തിലെ പതിനേഴ് വർഷക്കാലം യു.എ.പി.എ ചാർത്തപ്പെട്ട വിചാരണത്തടവുകാരനായി കഴിയുന്നത്. ഇന്ത്യയിൽ കുറ്റവാളികൾക്കല്ല ശിക്ഷ, കുറ്റവാളികളായി സൃഷ്ടിക്കപ്പെട്ടു ശിക്ഷ കാത്ത് കഴിയുന്നതാണ് ശിക്ഷ എന്നത് സക്കരിയയുടെ ജീവിതത്തിൽ പ്രകടവുമാണ്. കേരളത്തിലെ (കർണാടകത്തിലെയും) ഒരു നാഷണൽ ഹൈവേയിലെ റോഡിൽ കാറിൽ സഞ്ചരിച്ച് കൊണ്ട് നീതി നിഷേധത്തിന്റെ ചരിത്രം ഒരു മനുഷ്യാവകാശ പ്രവർത്തകൻ പറയുമ്പോൾ ആ ശിക്ഷ വിധിച്ച സമൂഹം ഒരു പുരോഗമന സമൂഹമായി പൊലിപ്പിക്കുവാൻ കഴിയുമോ? ഒരു മുസ്‌ലിം യുവാവ് പതിനേഴ് വർഷമായി വിചാരണത്തടവുകാരനായി കഴിയുന്നതിൽ അസ്വസ്ഥമാകാത്ത ഒരു സമൂഹം എങ്ങനെ ആണ് ഒരു പുരോഗമന സമൂഹമാവുക?

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ഥാപിച്ചുവെച്ച ഒരു വാചകമാണ് “എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങള്‍ എന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്”? എന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജൻ എന്ന ചെറുപ്പക്കാരൻ കരുണാകരൻ സർക്കാരിന്റെ പോലീസിനാൽ അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ രോഷത്തിലുള്ള പ്രതികരണമായാണ് ഈ വാചകം അല്ലെങ്കിൽ കോട്ട് കേരളത്തിന്റെ പൊതു ഇടങ്ങളിൽ മുഴങ്ങിയത്. ഏതൊരു മനുഷ്യന്റെയും ഭരണകൂട കൊലപാതകം ഫാസിസത്തിന്റെ ഭീകരത ആണ്. കേരളം മുഴുവൻ കഴിഞ്ഞ നാല്പത്തിയഞ്ചു വർഷക്കാലത്തിനു മുകളിൽ രാജനും അയാളുടെ അച്ഛനും നീതികിട്ടാത്തതിനെതിരെ നിങ്ങളെന്തിനാണ് ‘ഈച്ചര വാര്യരെ മഴയത്ത് നിർത്തുന്നത്’ എന്ന് ചോദിക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞ പതിനേഴ് വർഷമായി ഒരു ഉമ്മ, ജീവിച്ചിരിക്കുന്നു ഉറപ്പുള്ള ഒരു മകനെ കാത്തിരിക്കുമ്പോൾ ‘നിങ്ങളെന്തിനാണ് പരപ്പനങ്ങാടിയിലെ ആ ഉമ്മയെ മഴയത്തോ വെയിലത്തോ നിർത്തുന്നത്’ എന്ന് ഒരിക്കൽ പോലും ചോദിക്കാത്ത കേരളത്തിന്റെ പുരോഗമന മതേതരത്വം ഉണ്ടല്ലോ, അതിനെ കപടം എന്ന് മാത്രമേ പറയുവാൻ കഴിയുകയുള്ളൂ. പരപ്പനങ്ങാടിയിലെ ആ ഉമ്മ ശിക്ഷ എന്തെന്നറിയാതെ പതിനേഴ് വർഷമായി വിചാരണത്തടവുകാരനായി ജയിലിൽ കിടക്കുന്ന ആ മകന് വേണ്ടി കാത്തു കിടക്കുമ്പോൾ നിങ്ങളെന്തിനാണ് ഈ ഉമ്മയെ ഈ മരുഭൂമിയിൽ നിർത്തിയിരിക്കുന്നത് എന്ന് തന്നെ ചോദിക്കേണ്ടി വരും.

രാജൻ എന്ന യുവാവിന്റെ മരണത്തിനു ശേഷം കേരളത്തിൽ മലയാള സിനിമയിൽ ആ സംഭവത്തെ ആസ്പദമാക്കി ‘പിറവി’ എന്ന സിനിമ നിർമ്മിക്കപ്പെട്ടു. ആ സിനിമ ലോകത്തിലെ വിവിധ ഫെസ്റ്റിവലുകളിൽ സ്‌ക്രീൻ ചെയ്യപ്പെടുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി അംഗീകരിക്കപ്പെടുകയും ചെയ്തു. നിരന്തരം അത് ദൂരദർശൻ അടക്കമുള്ള ചാനലുകളിലൂടെ സ്‌ക്രീൻ ചെയ്യപ്പെട്ടു. അത് പോലെ തന്നെ ആണ് സക്കരിയയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഷഹീൻ അബ്ദുള്ളയും ഇർഫാൻ ഹാദിയും കൂടി സംവിധാനം ചെയ്ത, സക്കരിയയുടെ നീതിക്കു വേണ്ടി ശബ്ദിക്കുന്ന ‘വിധി കാത്ത് നിൽക്കുന്നവർ’ എന്ന ഡോക്യുമെന്ററി പുറത്ത് വരുന്നത്. ഒരു ഇന്റർനാഷണൽ നിലവാരത്തിലുള്ള ഈ ഡോക്യുമെന്ററി ഒരിക്കലും കേരളവും ഇന്ത്യയും പൊതുസമൂഹവും ഏറ്റെടുക്കില്ല. കാരണം, അത് സക്കരിയ എന്ന മുസ്‌ലിമിന്റെ നീതിക്കു വേണ്ടിയുള്ള ശബ്ദം ആയതു കൊണ്ടാണ്. അത് കൊണ്ട് തന്നെ ആണ് ഈ ഡോക്യുമെന്ററി പ്രിവ്യൂ ഷോകളായി സ്‌ക്രീൻ ചെയ്യേണ്ടതായി വരുന്നത്.

സിനിമകളിലെ ദൃശ്യങ്ങൾ മീമുകളായി നിലനിൽക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്. ചെറിയ നോട്ടങ്ങൾ, ചെറിയ ഡയലോഗുകൾ ഒക്കെ മീമുകളിലൂടെ കൾട്ട് സ്റ്റാറ്റസുകളിലേക്ക് വളരുന്ന, സ്ഥാപിക്കുന്ന, ചരിത്രവൽക്കരിക്കുന്ന കാലമാണ്. പക്ഷെ, മീമുകളെ തള്ളിപ്പറയുകയല്ല, അതിനുമപ്പുറം സാദിഖ് എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ചെറിയ നോട്ടങ്ങൾ, ചെറിയ കണ്‍നോട്ടങ്ങൾ, നിശ്വാസങ്ങൾ, സക്കരിയയെ കാണാൻ പോകുമ്പോൾ അവൻ തീർച്ചയായും ഉമ്മയെപ്പറ്റി ചോദിക്കും, സക്കരിയയുടെ അമ്മയോടുള്ള വർത്തമാനങ്ങൾ എന്നിവയിലൂടെ നമ്മുടെ ഉള്ളിൽ ആഴത്തിൽ ഹൃദയത്തെ കീറിമുറിച്ച് നിറക്കുന്ന സംസാരങ്ങൾ, ദൃശ്യങ്ങൾ, നോട്ടങ്ങൾ മീമുകൾക്കപ്പുറം ഒരു നോവായി നമ്മുടെ ചങ്കിൽ എന്നും തുളച്ച് നിൽക്കുക തന്നെ ചെയ്യും. അതിഗംഭീരമായ സൗണ്ട് മിക്‌സിംഗിലൂടെ, ടെക്നിക്കിലൂടെ സാദിഖ് എന്ന മനുഷ്യൻ പറയുന്ന വർത്തമാനങ്ങളിലൂടെ സക്കരിയയെ അധികം ദൃശ്യവൽക്കരിക്കാതെ സക്കരിയയെ നമ്മുടെ മുന്നിൽ കാണിച്ച് തരുന്നുണ്ട്.

രണ്ടായിരത്തി ഏഴ് മുതൽ ഞങ്ങൾ ദലിത് സമൂഹങ്ങളുടെ അനുഭവ പരിസരങ്ങൾ അവർ തന്നെ സംസാരിക്കുന്ന ഡോക്യുമെന്ററികൾ നിർമിക്കാൻ ഈ ലേഖകൻ സംസാരിച്ചിരുന്നു. ആ ഡോക്യുമെന്ററികൾ വളരെ സാധാരണക്കാരായ ദലിതരെ അവരുടെ വർത്തമാനങ്ങളിലൂടെ രേഖപ്പെടുത്തുവാനും ശ്രമിച്ചിരുന്നു. ഈ ഡോക്യുമെന്ററിയിൽ വിഷ്വലുകളുടെ ബാധ്യത ഇല്ലാതെ ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ വർത്തമാനങ്ങളിലൂടെ ഇന്ത്യ കണ്ട ഇന്ത്യൻ ജുഡീഷ്യറിയുടെ അടക്കം നീതി നിഷേധത്തിന്റെ പൊള്ളുന്ന കഥകളാണ് നമ്മുടെ ഉള്ളിലേക്ക് അടിച്ചു കയറ്റുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഭരണഘടന നിലനിൽക്കുന്ന ജുഡീഷ്യറിയിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിലാണ് ഒരു ചെറുപ്പക്കാരൻ പത്തൊമ്പതാം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ട് ശിക്ഷ വിധിക്കപ്പെടാതെ പതിനേഴ് വർഷം വിചാരണത്തടവുകാരനായി ജയിലിൽ കിടക്കുന്നത്. യു.എ.പി.എ ചുമത്തി വിചാരണത്തടവുകാരായി മറ്റു അനേകം ദലിത്, മുസ്‌ലിം ചെറുപ്പക്കാരും അങ്ങനെ ഇന്ത്യൻ ജയിലുകളിൽ ഉണ്ട്. അതിൽ പലരും ഇടയ്ക്ക് മരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. കേരളം ഒരു ജനാധിപത്യ സമൂഹമാണെങ്കിൽ ഈ യാഥാർഥ്യത്തിനെതിരെ കണ്ണ് തുറക്കണം. എന്നിട്ട് മാത്രം ഈ ജനാധിപത്യത്തെ ആഘോഷിക്കണം. അല്ലെങ്കിൽ സക്കരിയ പുറത്ത് വന്നിട്ട് അവനെ ഒരു പെണ്ണ് കെട്ടിക്കണം എന്ന ആ ഉമ്മയുടെ ആഗ്രഹം ഈ ജനാധിപത്യ സമൂഹത്തിന്റെ ഹിപ്പോക്രസിക്ക് കവിളത്ത് പൊന്നീച്ച പാറിക്കുന്ന ഒരു അടി ആയി ചരിത്രത്തിൽ നിലനിൽക്കും.

 

Related