November 23 Monday 2026

നോബേൽ സമ്മാന ജേതാവ് നവി പിള്ളയെ ഇന്ത്യ അഭിനന്ദിക്കാത്തതെന്തുകൊണ്ട്?

ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധയായ നവനീതം നവി പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ച്  ദിവസങ്ങൾ പിന്നിട്ടിട്ടും, നരേന്ദ്ര മോദി സർക്കാർ ഇതുവരെ പരസ്യമായി അഭിനന്ദന സന്ദേശം നൽകിയിട്ടില്ല. ഇന്ത്യൻ-തമിഴ് വംശജയാണെന്നതും, ആഫ്രിക്കയിലെ കൊളോണിയൽ തോട്ടങ്ങളിലേക്ക് ആയിരക്കണക്കിന് ഇന്ത്യക്കാരെ കൊണ്ടുപോയ കരാർ തൊഴിലാളി സമ്പ്രദായവുമായി (indentured labour system) അവരുടെ കുടുംബത്തിന് ചരിത്രപരമായ ബന്ധമുണ്ടെന്നതും, അതിലുപരി വിദേശ ഇന്ത്യക്കാരുടെ നേട്ടങ്ങൾ ആഘോഷിക്കാൻ ന്യൂഡൽഹി കാണിക്കുന്ന താൽപ്പര്യവും കണക്കിലെടുക്കുമ്പോൾ ഈ മൗനം ശ്രദ്ധേയമാണ്.

സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് 85-കാരിയായ പിള്ളയ്ക്ക് ഒക്ടോബർ 9-ന് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്. വംശഹത്യയ്ക്കും വർണ്ണവിവേചനത്തിനുമെതിരായ പോരാട്ടത്തിലാണ് അവരുടെ ജീവിതവും പ്രവർത്തനങ്ങളും ചെലവഴിച്ചത്.

1995 മുതൽ 2003 വരെ റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ (ICTR) ജഡ്ജിയായും (നാല് വർഷം പ്രസിഡന്റായും) 2003 മുതൽ 2012 വരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ICC) ജഡ്ജിയായും അവർ സേവനമനുഷ്ഠിച്ചു. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം ഹൈകമീഷണറായും അവർ പ്രവർത്തിച്ചു.

അടുത്തിടെ, അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷന്റെ അധ്യക്ഷയായും അവർ പ്രവർത്തിച്ചു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് 2025 സെപ്റ്റംബറിൽ ഈ കമീഷൻ കണ്ടെത്തിയിരുന്നു. കമീഷന്റെ കണ്ടെത്തലുകൾക്ക് ആഗോളതലത്തിൽ വിശ്വാസ്യതയും അംഗീകാരവും ലഭിച്ചെങ്കിലും, പതിവുപോലെ ഇസ്രായേൽ അവ തള്ളിക്കളയുകയാണുണ്ടായത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമാധാന സമ്മാനത്തിനായി പിള്ളയെ തെരഞ്ഞെടുത്തതിനെ ഇസ്രായേൽ സർക്കാർ ഉടൻ തന്നെ അപലപിച്ചു. നോർവീജിയൻ നോബേൽ കമ്മിറ്റിക്ക് “ധാർമ്മിക ബോധം നഷ്ടപ്പെട്ടു” എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ജൂതന്മാരെ മോശമായി ചിത്രീകരിക്കുന്ന പ്രചാരണം നടത്തിയ സ്ത്രീ എന്നാണ് അദ്ദേഹം പിള്ളയെ വിശേഷിപ്പിച്ചത്.

2014 മുതൽ, മുൻഗാമികളെയെല്ലാം അപേക്ഷിച്ച് മോദി സർക്കാർ തെൽഅവീവുമായി (ഇസ്രായേലുമായി) കൂടുതൽ വ്യക്തമായ അടുപ്പം പുലർത്തുന്നുണ്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വിനാശകരമായ സൈനിക നടപടികളോടുള്ള ഇന്ത്യയുടെ പ്രതികരണം മനുഷ്യാവകാശ പ്രവർത്തകരുടെ വിമർശനത്തിന് ഇടയാക്കി; പ്രത്യേകിച്ച് സാധാരണക്കാരുടെ മരണവും നാശനഷ്ടങ്ങളും വലിയ തോതിലാണെന്ന് വ്യക്തമായതോടെയാണിത്.

മാർസി ന്യൂമാൻ അടുത്തിടെ ചൂണ്ടിക്കാട്ടിയതുപോലെ, ഇന്ത്യ ഇസ്രായേലിനായി ആയുധങ്ങൾ നിർമിക്കുന്നുണ്ട്. കൂടാതെ, ഫലസ്തീനിലെ ജലവിഭവങ്ങൾ ചൂഷണം ചെയ്യുന്നുവെന്നാരോപിക്കപ്പെടുന്ന ഇസ്രായേലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ജലവിതരണ കമ്പനിയുമായി ജലവിഷയത്തിൽ സഹകരിക്കുകയും, സൈനിക ഉൽപ്പാദന രംഗത്ത് പല മേഖലകളിലും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നേരിടുന്ന നെതന്യാഹുവിന്റെ ക്ഷണപ്രകാരം മോദി ഈ വർഷം ആദ്യം ഇസ്രായേൽ സന്ദർശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. യുദ്ധസാഹചര്യം രൂപപ്പെട്ടുവരുന്നതിനിടയിലും, അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പുമാണ് ഈ സന്ദർശനം നടന്നത്.

ഗസ്സയിലെയും ഇറാനിലെയും സംഘർഷങ്ങളുടെ തുടക്കത്തിൽ ഇന്ത്യയുടെ നിലപാട് ഇസ്രായേലിനെ അനുകൂലിക്കുന്നതായിരുന്നു; അന്ന് ഇസ്രായേലിനെതിരെ യാതൊരു വിമർശനവും ഉന്നയിച്ചിരുന്നില്ല. എന്നാൽ, പിന്നീട്, ‘ടു-സ്റ്റേറ്റ് സൊല്യൂഷൻ’ (ദ്വിരാഷ്ട്ര പരിഹാരം) എന്ന ആശയത്തിനുള്ള പിന്തുണ ആവർത്തിച്ചും ഗസ്സയിലെ മാനുഷിക സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചും ഇന്ത്യ കൂടുതൽ സന്തുലിതമായ ഒരു നിലപാട് സ്വീകരിച്ചു. ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ ഉൾപ്പെട്ട സംഘർഷത്തിനിടയിൽ, ഇസ്രായേലുമായുള്ള തന്ത്രപ്രധാനമായ ബന്ധവും പ്രാദേശിക സ്ഥിരതയും സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങളും തമ്മിൽ സന്തുലിതമായി കൊണ്ടുപോകേണ്ട അവസ്ഥ ഇന്ത്യയ്ക്കുണ്ടായി.

2028-29 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിരമല്ലാത്ത അംഗത്വത്തിനായുള്ള പ്രചാരണം ആരംഭിച്ചപ്പോൾ, പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെ നടപടികൾക്കെതിരെ വ്യാപകമായ അന്താരാഷ്ട്ര വിമർശനം നിലനിന്നിരുന്നു. ആ സാഹചര്യത്തിൽ, ഫലസ്തീൻ വിഷയത്തോടും ‘ടു-സ്റ്റേറ്റ് സൊല്യൂഷൻ’ എന്ന ആശയത്തോടുമുള്ള തന്റെ പിന്തുണ പ്രത്യേകം എടുത്തുപറയാൻ ഇന്ത്യ ശ്രദ്ധിച്ചിരുന്നു.

അംഗീകാരത്തിലെ വിവേചനവും രാഷ്ട്രീയവും

ബാനു മുഷ്താഖിന് 2025-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചപ്പോഴും, ഗീതാഞ്ജലി ശ്രീക്ക് 2022-ൽ അതേ പുരസ്കാരം ലഭിച്ചപ്പോഴും, മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് 2019-ൽ റാമോൺ മാഗ്‌സസെ അവാർഡ് ലഭിച്ചപ്പോഴും, മനുഷ്യാവകാശ പ്രവർത്തകരായ ബെസ്‌വാഡ വിൽസണും ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണയ്ക്കും 2016-ൽ മാഗ്‌സസെ അവാർഡ് ലഭിച്ചപ്പോഴും മോദി മൗനം പാലിച്ചിരുന്നു. ഇവർ അഞ്ചുപേരും ഭരണകൂടത്തിന്റെ വിമർശകരാണ്.

ഇവരെല്ലാം ഇന്ത്യൻ പൗരന്മാരാണെന്നിരിക്കെ, ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ കാര്യത്തിലും സമാനമായ ഒരു ഉദാഹരണമുണ്ട്. 2007-ൽ വില്യംസ് ഗുജറാത്തിലെത്തിയപ്പോൾ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദി അവർക്ക് ‘സംസ്ഥാന അതിഥി’ (state guest) പദവി നൽകാൻ വിസമ്മതിച്ചിരുന്നു.

2003-ൽ കൊല്ലപ്പെട്ട മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരേൻ പാണ്ഡ്യയുടെ ബന്ധുവായതുകൊണ്ടാണ് വില്യംസിനോട് ഇങ്ങനെ പെരുമാറിയതെന്ന് അക്കാലത്ത് രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദി മോദിയാണെന്ന് പാണ്ഡ്യയുടെ പിതാവ് ആരോപിച്ചിരുന്നുവെങ്കിലും, ആ ആരോപണം തെളിയിക്കപ്പെട്ടില്ല. എന്നാൽ, 2025-ൽ, 286 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തിയ വില്യംസിനെക്കുറിച്ച് മോദി വാചാലനായി ട്വീറ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രികരെ പരാമർശിക്കാതെ അദ്ദേഹം വില്യംസിനെ പേരെടുത്തു പറയുകയും ചെയ്തു.

പിള്ളയുടെ കാര്യത്തിൽ ഇന്ത്യൻ സർക്കാർ പുലർത്തുന്ന മൗനം, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തോട് അടുത്തിടെ കാണിച്ച രോഷപ്രകടനവുമായി പൊരുത്തപ്പെടാത്തതാണ്. ഐടി കമ്പനികളെ ഗ്രീൻ കാർഡ് (PERM) പ്രോഗ്രാമിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ട്രംപ് ഭരണകൂടം വിദേശ-പ്രാദേശിക കമ്പനികളോട് “അമേരിക്കൻ തൊഴിലാളികളെ നിയമിക്കാൻ” ആവശ്യപ്പെട്ടപ്പോഴായിരുന്നു വാൻസിന്റെ ആ പരാമർശം.

“അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം വിദേശികളായ ‘ഇൻഡെഞ്ചേർഡ് സെർവന്റ്‌സിനെ’ (കരാർ അടിസ്ഥാനത്തിൽ നിർബന്ധിത തൊഴിലെടുക്കുന്നവരെ) നിയമിക്കാൻ” ഈ കമ്പനികൾക്ക് കഴിയില്ലെന്ന് വാൻസ് പറഞ്ഞു.

വിദേശ പ്രൊഫഷണലുകളെ “ഇൻഡെഞ്ചേർഡ് സെർവന്റ്‌സ്” എന്ന് വിശേഷിപ്പിച്ചതിന് ഇന്ത്യ വാൻസിനെ വിമർശിച്ചു. “വേദനജനകമായ ചരിത്രപരവും കൊളോണിയലുമായ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന” ആ പദപ്രയോഗം “അങ്ങേയറ്റം അപമാനകരമാണെന്ന്” വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ആഫ്രിക്കയിലുടനീളമുള്ള തോട്ടങ്ങളിലും ഖനികളിലും ജോലി ചെയ്യുന്നതിനായി ധാരാളം ഇന്ത്യക്കാരെ (തമിഴ് വംശജർ ഉൾപ്പെടെ) അവിടേക്ക് കൊണ്ടുപോയിരുന്നു എന്നതിനാൽ ഈ വിഷയം പ്രസക്തമാണ്. അത്തരമൊരു കുടുംബത്തിൽ നിന്നുള്ളയാളാണ് പിള്ള. ഡർബനിലെ ക്ലെയർവുഡ് എന്ന പ്രദേശത്തുകാരിയാണ് പിള്ള; ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തുകാർ അവരുടെ നോബേൽ നേട്ടം വലിയ ആഘോഷമാക്കി. സർവകലാശാലാ പഠനത്തിനുള്ള അവരുടെ കഴിവ് തിരിച്ചറിഞ്ഞ സ്കൂൾ പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം, നാട്ടുകാർ അവരുടെ പഠനത്തിനുള്ള പണം സ്വരൂപിച്ചു നൽകിയിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് മൊത്തത്തിൽ അഭിമാനകരമായ ഈ നേട്ടം, പിള്ള വളർന്നുവന്ന പ്രദേശത്തിന് പ്രത്യേക പ്രാധാന്യമുള്ളതാണെന്ന് ‘ക്ലെയർവുഡ് റേറ്റ്പേയേഴ്സ് ആൻഡ് റെസിഡന്റ്സ് അസോസിയേഷനി’ലെ റിഷി സിംഗ് പറഞ്ഞു. “ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്,” സിംഗ് ദക്ഷിണാഫ്രിക്കൻ മാധ്യമമായ ഐ.ഒ.എല്ലിനോട് (IOL) പറഞ്ഞു.

നോബേൽ ജേതാവാകുന്നതിന് മുൻപുതന്നെ, താൻ വളർന്നുവന്ന സമൂഹത്തിൽ നവി പിള്ളയ്ക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെന്ന് ഇന്ത്യൻ വംശജയായ ഒരു ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തക ബ്ലൂംബെർഗ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. “കരാർ തൊഴിലാളികളായി എത്തി വർണ്ണവിവേചനത്തിന്റെ പരിമിതികൾക്കിടയിൽ ജീവിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ കുടുംബങ്ങളിൽ, കുട്ടികൾക്ക് നൽകിയിരുന്ന ഉപദേശം പലപ്പോഴും വ്യക്തമായിരുന്നു: നന്നായി പഠിക്കുക, എങ്കിൽ നിങ്ങൾക്ക് നവി പിള്ളയെപ്പോലെയാകാം,” അവർ എഴുതി.

“ആ സമൂഹത്തിൽ അവർക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. എണ്ണമറ്റ മുതിർന്നവർ അഭിമാനത്തോടും ആദരവോടും കൂടിയാണ് അവരുടെ വളർച്ചയെ നോക്കിക്കണ്ടത്; അവരിൽ ചിലർക്ക് പിള്ളയെയോ അവരുടെ കുടുംബത്തെയോ വ്യക്തിപരമായി അറിയാമായിരുന്നു.”

ദക്ഷിണാഫ്രിക്കയിലുള്ള 12 ലക്ഷത്തോളം വരുന്ന ഇന്ത്യൻ വംശജരെ, ‘ഗ്ലോബൽ സൗത്ത്’ (വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ) മേഖലയിലെ രണ്ട് പ്രധാന രാജ്യങ്ങൾ തമ്മിലുള്ള കണ്ണിയായി അവതരിപ്പിക്കാൻ ഇന്ത്യ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. വാസ്തവത്തിൽ, മോദി ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ്, ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ ഏഴ് തലമുറ വരെയുള്ള പിൻഗാമികൾക്ക് ‘ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ’ (OCI) കാർഡിന് അർഹതയുണ്ടെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു; നേരത്തെ ഇത് നാല് തലമുറകൾ വരെ മാത്രമായിരുന്നു പരിമിതപ്പെടുത്തിയിരുന്നത്.

സന്ദർശന വേളയിൽ ഡർബനിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കവെ മോദി ഇന്ത്യൻ സമൂഹത്തെ പ്രശംസിച്ചു. വർണ്ണവിവേചനത്തിന്റെയും കൊളോണിയൽ ഭരണത്തിന്റെയും കാലത്ത് ആദ്യ തലമുറയിലുള്ള ഇന്ത്യക്കാർക്ക് പലവിധ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നെങ്കിലും, അവർ തങ്ങളുടെ സംസ്കാരവും മൂല്യങ്ങളും കാത്തുസൂക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ന് അവർ ഈ രാജ്യത്തെ അഭിമാനമുള്ളവരും വിജയികളായവരും കൂറുള്ളവരുമായ പൗരന്മാരാണ്,” അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ ഈ ബന്ധങ്ങൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആധുനിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ശക്തമായ അടിത്തറയൊരുക്കുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. 2009-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറായി ഇന്ത്യ സന്ദർശിച്ചപ്പോൾ, മനുഷ്യാവകാശ വിഷയങ്ങളിൽ ശബ്ദമുയർത്താൻ തങ്ങളുടെ ആഗോള സ്വാധീനം ഉപയോഗിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് പിള്ള ചൂണ്ടിക്കാട്ടിയിരുന്നു. “തങ്ങൾ വിലമതിക്കുകയും ആഭ്യന്തരതലത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ വിഷയങ്ങളിൽ, മറ്റ് ഇടങ്ങളിലും ആശങ്കകൾ ഉയരുമ്പോൾ ഇന്ത്യ സ്വതന്ത്രമായും ഒപ്പം മറ്റുള്ളവരുമായി ചേര്ർന്നും ശബ്ദമുയർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു,” എന്ന് അവർ പറഞ്ഞിരുന്നു. ഇന്ത്യയുടെ സ്വന്തം മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കുമ്പോഴും അവർ ആ ഉത്തരവാദിത്തത്തെ പലതവണ എടുത്തുപറഞ്ഞിട്ടുണ്ട്.

2012 ഡിസംബറിൽ ഡൽഹിയിൽ ഒരു യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന്, ലൈംഗിക അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ അതൊരു വഴിത്തിരിവാകണമെന്ന് പിള്ള ആവശ്യപ്പെടുകയും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പരിഷ്കാരങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ജസ്റ്റിസ് ജെ.എസ്. വർമ്മ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ജാതിവിവേചനത്തിന്റെ ഭാഗമായുള്ള ‘മാനുവൽ സ്കാവെഞ്ചിംഗ്’ (മനുഷ്യവിസർജ്യം കൈകൊണ്ട് നീക്കം ചെയ്യുന്ന രീതി) അവസാനിപ്പിക്കാനുള്ള മുന്നേറ്റത്തെ അവർ പ്രശംസിക്കുകയും, അതേസമയം പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി വീണ്ടും കുറ്റകരമാക്കിക്കൊണ്ടുള്ള 2013 ഡിസംബറിലെ സുപ്രീം കോടതി വിധിയെ മനുഷ്യാവകാശ രംഗത്തെ തിരിച്ചടിയായി വിശേഷിപ്പിച്ച് അപലപിക്കുകയും ചെയ്തു.

ജാതിയുടെ പേരിലുള്ള ലൈംഗികാതിക്രമങ്ങൾ നടത്തുന്നവർ നിയമനടപടിയിൽ നിന്ന് രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ 2014-ൽ പിള്ള ഇന്ത്യയോട് ആവശ്യപ്പെട്ടു. ജാതിവിവേചനത്തിനെതിരെ നിലപാടെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമീഷണർ എന്ന നിലയിൽ പിള്ളയുടെ ഈ ഇടപെടൽ ശ്രദ്ധേയമായിരുന്നു. “സാമൂഹികമായി അവഹേളിക്കപ്പെടുന്ന ജാതിവിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ ജാതിപരവും ലിംഗപരവുമായ വിവേചനം എന്ന ഇരട്ട പ്രഹരമാണ് നേരിടുന്നത്,” ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിന്റെ ഒരു സമ്മേളനത്തിനിടെ പിള്ള പറഞ്ഞു.

ജാതിവിവേചനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങളോട്, ഭരണഘടനയും രാജ്യത്തെ നിയമവ്യവസ്ഥയും ഇത്തരം പ്രവണതകളെ വിലക്കുകയും അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യ പലപ്പോഴും പ്രതികരിച്ചിട്ടുള്ളത്.

Related