November 23 Monday 2026

ചരിത്രപരമായ അവകാശവാദങ്ങൾ ആത്യന്തികമായി ആരെയാണ് സഹായിക്കുന്നത്?

ആരാധനാലയങ്ങളുടെ ചരിത്രവും അവയുടെ മുൻകാല സ്വഭാവങ്ങളും മുൻനിർത്തി ഇന്ന് സമൂഹത്തിൽ നടക്കുന്ന ചർച്ചകളും വാദമുഖങ്ങളും വലിയ തോതിൽ രാഷ്ട്രീയ പ്രധാന്യമുള്ളവയാണ്. ക്രിസ്ത്യൻ-മുസ്ലിം പള്ളികൾ ഒരുകാലത്ത് ഹിന്ദു ക്ഷേത്രങ്ങളായിരുന്നുവെന്ന് സംഘdപരിവാർ അവകാശപ്പെടുമ്പോൾ അതിനെ പ്രതിരോധിക്കാൻ പലപ്പോഴും ഉയരുന്ന വാദങ്ങൾ മറ്റൊരു ചരിത്ര യാഥാർത്ഥ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

അതായത്, പല പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളും പണ്ട് ബുദ്ധവിഹാരങ്ങളോ ജൈനക്ഷേത്രങ്ങളോ ആയിരുന്നു.

പല ക്ഷേത്രനിർമിതികളും ഹിന്ദുവിന്റേതല്ല അവർ പിടിച്ചെടുത്തതാണ് എന്ന വാദം ചരിത്രപരമായി ശരിയാണെങ്കിലും, ഈ വാദങ്ങളും രാഷ്ട്രീയ അടവുകളും ആത്യന്തികമായി ആരുടെ ലക്ഷ്യത്തെയാണ് ശക്തിപ്പെടുത്തുന്നത് എന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
യുക്തിയുടെ അംഗീകാരവും സംഘ്പരിവാർ വാദങ്ങളുടെ സാധൂകരണവും
പള്ളികൾ ക്ഷേത്രങ്ങളായിരുന്നു എന്ന് സംഘ്പരിവാർ വാദിക്കുമ്പോൾ തിരിച്ചും ചില ക്ഷേത്രങ്ങൾ ബുദ്ധവിഹാരങ്ങളായിരുന്നു എന്ന് വാദിക്കുന്നതിലൂടെ സംഭവിച്ചുപോകുന്ന ഒരു പ്രധാന കാര്യമുണ്ട്. അതായത്, ആരാധനാലയങ്ങൾക്ക് മുൻപൊരു ചരിത്രമുണ്ട്, ഇന്നുള്ളത്കൈയ്യേറ്റത്തിലൂടെ മാറ്റിയെടുത്തതാണ് എന്ന യുക്തിയെ പൂർണ്ണമായി അംഗീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യം ,ബുദ്ധവിഹാരങ്ങൾ തിരിച്ചുപിടിക്കണമെന്നോ അവയ്ക്കായി വലിയ മുന്നേറ്റങ്ങൾ നടത്താമെന്നോ ഉള്ള പ്രായോഗികമായ പദ്ധതികളോ ലക്ഷ്യങ്ങളോ ശേഷിയോ ഈ വാദങ്ങൾ ഉന്നയിക്കുന്നവർക്കില്ല എന്നതാണ്. അതൊരു യഥാർത്ഥ രാഷ്ട്രീയ പ്രസ്ഥാനമായോ ജനകീയ മുന്നേറ്റമായോ മാറുന്നില്ല. പകരം, സോഷ്യൽ മീഡിയയിലോ ചർച്ചകളിലോ മാത്രം ഒതുങ്ങുന്ന ഒന്നായി അത് മാറുന്നു.
എന്നാൽ, ഈ വാദങ്ങളുടെ അപകടം കിടക്കുന്നത് മറ്റൊരിടത്താണ്. പ്രായോഗികമായി സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശേഷിയില്ലെങ്കിലും എല്ലാവരും പണ്ട് കയ്യേറിയിട്ടുണ്ട് എന്ന മട്ടിലുള്ള ഈ യുക്തി സംഘ്പരിവാറിന് ലഭിക്കുന്ന വലിയൊരു ആയുധമാണ്. അവർ ക്ഷേത്രങ്ങൾബുദ്ധിസ്റ്റുകൾക്ക് വിട്ടുകൊടുക്കുകയോ ബുദ്ധിസ്റ്റ്കൾക്ക് അത് പിടിച്ചെടുക്കാൻ കഴിയുകയോ ഇല്ല. സംഘ്പരിവാറിന്സ്വ ന്തം നിലപാടുകളെയും അജണ്ടകളെയും ന്യായീകരിക്കാൻ അവർക്ക് ഈ ബുദ്ധിസ്റ്റ് വാദങ്ങൾ ഒരു ചരിത്ര യാഥാർത്ഥ്യമായി ഉപയോഗിക്കാനനും സാധിക്കുന്നു.
കമ്യൂണിസ്റ്റ് പ്രതിരോധവും ഹിന്ദുത്വവത്കരണവും

ഇതിനു സമാനമായ മറ്റൊരു രാഷ്ട്രീയ പ്രതിഭാസമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന ചില നിലപാടുകൾ. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ കമ്യൂണിസ്റ്റുകാർ ഹിന്ദുത്വ വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്വന്തം നിലയിൽ ഏറ്റെടുക്കുന്ന കാഴ്ചയും കേരളത്തിൽ നാം കാണാറുണ്ട്. ക്ഷേത്ര ഉത്സവങ്ങളിലും ഭരണസമിതികളിലും സജീവമായി ഇടപെടുക വഴി ജനങ്ങളെ കൂടെ നിർത്താനാണ് അവർ ശ്രമിക്കുന്നത്.

എന്നാൽ, ഈ പ്രവൃത്തി യഥാർഥത്തിൽ ചെയ്യുന്നത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആശയപരമായ അടിത്തറയെ കൂടുതൽ ജനകീയമാക്കുകയും ബലപ്പെടുത്തുകയും ചെയ്യുകയാണ്. വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ശക്തമായ മതേതര നിലപാട് സ്വീകരിക്കുന്നതിന് പകരം അതേ കളത്തിൽ കളിക്കാൻ ഇറങ്ങുമ്പോൾ അത് പൊതുസമൂഹത്തിൽ ഹിന്ദുത്വ ആശയങ്ങൾക്ക് കൂടുതൽ അംഗീകാരം നേടിക്കൊടുക്കാനേ സഹായിക്കൂ. ചരിത്രത്തിലെ ഏടുകൾ തിരികെ പിടിക്കാനോ ആരാധനാലയങ്ങളുടെ മുൻകാല സ്വഭാവങ്ങൾ ചർച്ച ചെയ്യാനോ ഉള്ള ഇത്തരം ശ്രമങ്ങൾ ഇന്നത്തെ സമൂഹത്തിന് നൽകുന്നത് കടുത്ത ധ്രുവീകരണവും മതപരമായ വൈരുധ്യവുമാണ്.

സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള മൈത്രി തകർക്കാനും പുതിയ അവകാശവാദങ്ങളുടെ പേരിൽ അനന്തമായ സംഘർഷങ്ങൾ സൃഷ്ടിക്കാനുമേ ഇത്തരം വാദമുഖങ്ങൾ ഉപകരിക്കൂ. ചരിത്രത്തിലെ കൈയേറ്റങ്ങളോ മാറ്റങ്ങളോ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്നത്തെ കാലത്ത് ആരാധനാലയങ്ങൾക്ക് മേൽ അവകാശവാദം ഉന്നയിക്കുന്ന ഏത് യുക്തിയും ആപത്കരമാണ്. ബുദ്ധവിഹാര വാദങ്ങളിലൂടെയായാലും മറ്റ്‌ പ്രതിരോധങ്ങളിലൂടെയായാലും പ്രായോഗികമായ ശേഷിയില്ലെങ്കിലും ശത്രുവിന്റെ അതേ യുക്തി തിരികെ ഉപയോഗിക്കുമ്പോൾ അത് സംഘ്പരിവാറിന് തങ്ങളുടെ നിലപാടുകളെ പൊതുസമൂഹത്തിന് മുന്നിൽ ന്യായീകരിക്കാനുള്ള ശക്തമായൊരു ചരിത്ര ആയുധമായി മാറിത്തീരുകയാണ് ചെയ്യുന്നത്.

ചരിത്രത്തെ ചരിത്രമായി കാണാനും ഇന്നത്തെ സമൂഹത്തിന്റെ സമാധാനത്തിനും മതേതര നിലനിൽപ്പിനും ഭംഗം വരുത്തുന്ന ഇത്തരം തർക്കങ്ങളെ തള്ളിക്കളയാനുമുള്ള തിരിച്ചറിവാണ് യഥാർഥത്തിൽ പുരോഗമനപരമായ സമൂഹം സ്വീകരിക്കേണ്ടത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് അവകാശവാദം ഉന്നയിച്ച് ബുദ്ധിസ്റ്റുകൾ ഒരു ചരിത്രപാലം ഇട്ടാൽ പാലത്തിലൂടെ സംഘപരിവാറിന് ക്രിസ്ത്യൻ-മുസ്ലിം പള്ളികളിലേക്കും കയറിച്ചെല്ലാം.

Related