ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്ന ചിത്രം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത് കഴിഞ്ഞദിവസമാണ്. ഈ വർഷം ജനുവരിയിൽ രാജ്യാന്തരതലത്തിൽ തന്നെ വിവാദമായ സംഭവമായിരുന്നു ജെഫ്രി എപ്സ്റ്റീനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നത്. എന്നാൽ, മാസങ്ങൾക്ക് ശേഷം വീണ്ടും ചിത്രങ്ങൾ പുറത്തുവിട്ടത് ഇന്ത്യക്കുമേലുള്ള അമേരിക്കയുടെ സമ്മർദതന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈ സന്ദർശിക്കുന്ന ഇതേ സമയത്തുതന്നെ ഇത് വീണ്ടും ഉയർന്നുവന്നത് എന്തുകൊണ്ടാണെന്ന വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 20 ന് മുംബൈയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു വിദേശ ശക്തിയുടെ കൈവശം ഒരു കേന്ദ്രമന്ത്രിയെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടെങ്കിൽ, ഇന്ത്യൻ നയങ്ങളെ നിയന്ത്രിക്കാനുള്ള ഒരു ആയുധമായി ആ മന്ത്രി മാറും. എണ്ണയും വ്യാപാരവും തന്ത്രപരമായ ഇടപാടുകളും അടക്കം എല്ലാം സമ്മർദ്ദങ്ങൾക്ക് വിധേയമാകും. ഇത് രാജ്യത്തിൻറെ പരമാധികാരത്തിന് നേരെയുള്ള ഭീഷണിയാണെന്നാണ് വിമർശനം.
ജെഫ്രി എപ്സ്റ്റീനും ഹർദീപ് സിംഗ് പുരിയും ഒരു മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്ന ചിത്രമാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ചിത്രത്തിൽ ഇവർ രണ്ടുപേരെ മാത്രമേ കാണാനുള്ളൂ. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (IPI) തന്റെ മുൻ മേധാവിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്ന പുരിയുടെ അവകാശവാദത്തെ ഈ ചിത്രം സംശയത്തിലാക്കുന്നു. ശിക്ഷിക്കപ്പെട്ട ഒരു ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു കേന്ദ്രമന്ത്രി രാജ്യം മുഴുവൻ കേൾക്കെ എന്തിനാണ് പച്ചക്കള്ളം പറയാൻ ശ്രമിച്ചതെന്നാണ് മറ്റൊരു വിമർശനം.
ന്യൂയോർക്കിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) എന്ന തിങ്ക് ടാങ്കിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി, തന്റെ അന്നത്തെ മേധാവിയായിരുന്ന നോർവീജിയൻ നയതന്ത്രജ്ഞൻ ടെർജെ റോഡ്-ലാർസന്റെ കൂടെ മാത്രമാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലെ ഒരു ചിത്രം കാണിക്കുന്നത് മറ്റൊന്നാണ്. മൃഗത്തോലിന്റെ പ്രിന്റുള്ള കസേരകളിൽ, ഒരു മേശയ്ക്ക് ഇരുവശത്തുമായി പുരിയും എപ്സ്റ്റീനും നേർക്കുനേർ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഫെബ്രുവരിയിൽ ഹർദീപ് സിംഗ് പുരി രാജ്യത്തോട് പറഞ്ഞതിന് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ. 2026 ഫെബ്രുവരി 11-ന് നടത്തിയ വാർത്താസമ്മേളനത്തിൽ, 2009-നും 2017-നും ഇടയിൽ താൻ ജെഫ്രി എപ്സ്റ്റീനെ മൂന്നോ പരമാവധി നാലോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി അവകാശപ്പെട്ടത്.
ആരാണ് എപ്സ്റ്റീൻ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് 2008-ൽ ഫ്ലോറിഡയിൽ വെച്ച് കുറ്റസമ്മതം നടത്തിയ വ്യക്തിയാണ് എപ്സ്റ്റീൻ. 2019 ജൂലൈയിൽ, ലൈംഗിക ആവശ്യങ്ങൾക്കായി മനുഷ്യക്കടത്ത് നടത്തിയെന്ന ഫെഡറൽ കുറ്റാരോപണങ്ങളുടെ പേരിൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. വിചാരണ കാത്തിരിക്കുന്നതിനിടെ, അടുത്ത മാസം കസ്റ്റഡിയിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.
ന്യൂയോർക്കിലെ ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) എന്ന തിങ്ക് ടാങ്കിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി, തന്റെ അന്നത്തെ മേധാവിയായിരുന്ന നോർവീജിയൻ നയതന്ത്രജ്ഞൻ ടെർജെ റോഡ്-ലാർസന്റെ കൂടെ മാത്രമാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലെ ഒരു ചിത്രം കാണിക്കുന്നത് മറ്റൊന്നാണ്. മൃഗത്തോലിന്റെ പ്രിന്റുള്ള കസേരകളിൽ, ഒരു മേശയ്ക്ക് ഇരുവശത്തുമായി പുരിയും എപ്സ്റ്റീനും നേർക്കുനേർ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്.
ഒരേ കൂടിക്കാഴ്ച്ചയുടെ പത്തോളം ചിത്രങ്ങളെങ്കിലും അവിടെയുണ്ട്. കോണുകളിൽ വന്ന ചെറിയ വ്യത്യാസങ്ങൾ ഒഴിച്ചാൽ അവയെല്ലാം ഏതാണ്ട് ഒന്നുതന്നെയാണ്. അപ്പോൾ എവിടെയായിരുന്നു ആ പ്രതിനിധി സംഘം? യുഎസ് നീതിന്യായ വകുപ്പ് നേരത്തെ പുറത്തുവിട്ട ഇമെയിലുകൾ ഇതിലും കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. 2014 ജൂൺ മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ പുരിയും എപ്സ്റ്റീനും തമ്മിൽ ആശയവിനിമയം നടന്നിരുന്നു. 2015 ഫെബ്രുവരി 4, 2016 ജനുവരി 6, 2017 മെയ് 19 തീയതികളിൽ മാൻഹട്ടനിലെ എപ്സ്റ്റീന്റെ വസതിയിൽ വെച്ച് കുറഞ്ഞത് മൂന്ന് കൂടിക്കാഴ്ച്ചകൾ നടന്നതായി ഇവ രേഖപ്പെടുത്തുന്നു. 2015 ജനുവരി 9-ന് നിശ്ചയിച്ചിരുന്ന നാലാമതൊരു കൂടിക്കാഴ്ച്ച എപ്സ്റ്റീൻ ന്യൂയോർക്കിൽ ഇല്ലാതിരുന്നതിനാൽ മാത്രമാണ് റദ്ദാക്കിയത്.
2014 സെപ്റ്റംബറിൽ, ലിങ്ക്ഡ്ഇൻ സഹസ്ഥാപകനായ റീഡ് ഹോഫ്മാനെ പുരിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എപ്സ്റ്റീൻ ആയിരുന്നു. തുടർന്ന് ഇന്ത്യയുടെ ഇന്റർനെറ്റ് സമ്പദ്വ്യവസ്ഥയിൽ നിക്ഷേപം നടത്താൻ പുരി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 2014 ഒക്ടോബറിൽ, തന്റെ സഹായിക്ക് ഇന്ത്യൻ വിസ ലഭിക്കാൻ എപ്സ്റ്റീൻ പുരിയുടെ സഹായം തേടി. പുരി ഈ ആവശ്യം ഒരു മുൻ നയതന്ത്രജ്ഞന് കൈമാറുകയും മുൻഗണനാടിസ്ഥാനത്തിൽ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 2014 ഡിസംബറിൽ, തന്റെ “ആഡംബര സ്വകാര്യ ദ്വീപിൽ” നിന്ന് തിരിച്ചെത്തുമ്പോൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പുരി എപ്സ്റ്റീന് കത്തെഴുതി.
ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി നയതന്ത്രജ്ഞർക്കും ടെക് ശതകോടീശ്വരന്മാർക്കും നിക്ഷേപകർക്കും ഇടയിൽ വാതിലുകൾ തുറന്നുകൊടുക്കുന്നു. വഴിവിട്ട സഹായങ്ങൾ പരസ്പരം കൈമാറുന്നു. പരിചയപ്പെടുത്തലുകൾ നടത്തുന്നു. വിസകൾ അതിവേഗം തരപ്പെടുത്തി നൽകുന്നു. ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയ ഈ ചിത്രം, നീതിന്യായ വകുപ്പിന്റെ ‘എപ്സ്റ്റീൻ ഫയലുകളുടെ’ ഭാഗമാണ്. ഈ വർഷം ജനുവരിയിൽ പുറത്തുവിട്ട ‘ഡാറ്റാസെറ്റ് 9’-ൽ ആണ് ഈ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്യൂട്ട് ധരിച്ച പുരിയും, കറുത്ത ടർട്ടിൽനെക്ക് സ്വെറ്റർ ധരിച്ച എപ്സ്റ്റീനും മേശയ്ക്ക് ഇരുവശത്തുമായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഇരുവരും ഇരിക്കുന്നത് മൃഗങ്ങളുടെ തൊലിയുടെ പാറ്റേണുള്ള കവറുകളിട്ട കസേരകളിലാണ്. ഇവർക്കിടയിലുള്ള മേശപ്പുറത്ത് കടലാസുകളും മറ്റ് വസ്തുക്കളും കാണാം. ഈ ഡാറ്റാസെറ്റിൽ ഇതേ കൂടിക്കാഴ്ചയുടെ പത്തോളം ചിത്രങ്ങളുണ്ട്. ഇവയെല്ലാം ഏതാണ്ട് ഒരേ രീതിയിലുള്ളവയാണ്, ക്യാമറയുടെ ആംഗിളിൽ ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളൂ.
ഈ ചിത്രം ഏത് കൂടിക്കാഴ്ചയിലേതാണെന്നോ, ചിത്രം എടുക്കുന്നതിന് മുമ്പോ ശേഷമോ മറ്റാരെങ്കിലും അവിടെയുണ്ടായിരുന്നോ എന്ന് ഓർമ്മയില്ലെന്നാണ് മാധ്യമങ്ങളെ പുരിയുടെ ഓഫീസ് അറിയിച്ചത്. എപ്സ്റ്റീനെ താൻ ഒരിക്കലും ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന് പുരി അവകാശപ്പെട്ടിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി.
പ്രതിപക്ഷ വിമര്ശനം
എപ്സ്റ്റീൻ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനും മോദിക്കുമതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കും ഇതൊരു ‘അന്താരാഷ്ട്ര നാണക്കേട്’ ആണെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.
ഈ സംഭവത്തെ ‘അന്താരാഷ്ട്ര നാണക്കേട്’ എന്നാണ് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി. വിശേഷിപ്പിച്ചത്.
“മറ്റേതൊരു ജനാധിപത്യ രാജ്യത്താണെങ്കിലും, ഹർദീപ് ‘എപ്സ്റ്റീൻ’ പുരിയുടെ കാര്യം പോട്ടെ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മുഴുവൻ മന്ത്രിസഭയും ഇത്തരമൊരു അന്താരാഷ്ട്ര നാണക്കേടിന്റെ പേരിൽ രാജിവെച്ചേനെ. എന്നാൽ, ഇവിടെ ബിജെപിയാണല്ലോ ഉള്ളത്,” എന്ന് ശ്രീനിവാസ് കുറിച്ചു.
പുരിയുടെ പത്രസമ്മേളനത്തെ പരാമർശിച്ചുകൊണ്ട് ചോദ്യവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തുവന്നു: പുരിയും എപ്സ്റ്റീനും ഒരുമിച്ചുള്ള പുതിയ ചിത്രങ്ങൾ പകർത്തുമ്പോൾ മറ്റ് പ്രതിനിധികൾ എവിടെയായിരുന്നു? “ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി 3-4 തവണ മാത്രമേ എപ്സ്റ്റീനെ കണ്ടിട്ടുള്ളൂ എന്നാണ് ‘എപ്സ്റ്റീൻ പാജി’ (ഹർദീപ് പുരിയെ പരിഹസിച്ചുകൊണ്ട്) നമ്മളോട് പറഞ്ഞത്. ഈ രണ്ട് ഫോട്ടോകളിലും മറ്റ് പ്രതിനിധികൾ മേശയ്ക്കടിയിൽ ഒളിച്ചിരിക്കുകയായിരുന്നോ, പാജി?” എന്ന് മൊയ്ത്ര ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ മൊയ്ത്ര ഇങ്ങനെ ചോദിച്ചു: “ഹലോ ഹർദീപ് സിംഗ് പുരി, ഈ മുറി തിരിച്ചറിയാൻ കഴിയുന്നുണ്ടോ? എപ്സ്റ്റീനുമായുള്ള (ഒരിക്കലും താൻ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്ന് നിങ്ങൾ അവകാശപ്പെട്ട വ്യക്തി) നിങ്ങളുടെ ‘ഡിജിറ്റൽ ഇന്ത്യ’ ചർച്ചകൾ നടന്നത് ഈ മുറിയിലാണോ? അല്പം നാണമുണ്ടെങ്കിൽ, ഇനിയെങ്കിലും മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കുന്നത് നിർത്തൂ.”
കുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീനൊപ്പം, ഹർദീപ് സിംഗ് പുരി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. ഒരു ലൈംഗിക കുറ്റവാളിയുമായി മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം ഇനി നിഷേധിക്കാനാവില്ല. നരേന്ദ്ര മോദിയുടെ മറ്റൊരു മന്ത്രി കൂടി കുടുങ്ങിയിരിക്കുന്നു. ഒരു സർക്കാരിനെ വിലയിരുത്തുന്നത് അത് ആരുമായി സഹവസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. ലോകമെമ്പാടും എപ്സ്റ്റീനുമായി ബന്ധമുള്ളവരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുമ്പോൾ, മോദി ഭരണകൂടത്തിൽ അവർ ഉന്നത പദവികൾ ആസ്വദിക്കുന്നു; എന്നാൽ ദേശീയ പതാകയേന്തുന്ന ആദർശധീരരായ യുവാക്കൾ ജയിലിലടയ്ക്കപ്പെടുന്നു,” എന്ന് സാഗരിക ഘോഷ് കുറിച്ചു.
