November 17 Tuesday 2026

വൈസ് ചാൻസലർ ഉറപ്പു നല്‍കി; അനഘ ശശി സമരം അവസാനിപ്പിച്ചു

സര്‍വകലാശാല അധ്യാപകരുടെ ജാതീയ പീഡനവും അക്കാദമിക വിവേചനവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി അനഘ ശശി നടത്തിയ സമരം അവസാനിപ്പിച്ചു. തിരൂർ എം.എൽ.എ കുറുക്കോളി മൊയ്ദീനും സമര സമിതിയും വൈസ് ചാന്‍സലിറുമായ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 24 ദിവസം നീണ്ടു നിന്ന സമരം  അവസാനിപ്പിച്ചത്. ചര്‍ച്ചയെ തുടര്‍ന്ന് അനഘ ഉന്നയിച്ച ന്യായമായ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് വൈസ് ചാൻസലർ ഔദ്യോഗികമായി ഉറപ്പുനൽകി.

അനഘയുടെ ഗവേഷണവുമായി ബന്ധപ്പെട്ട്  സർവകലാശാലയിൽ നിന്ന് ഒരു ആന്തരിക ഗൈഡിനെയും, അനഘയുടെ ഗവേഷണ വിഷയത്തിൽ പ്രാവീണ്യമുള്ള ഒരു വിദഗ്ദ്ധനെ സർവകലാശാലയ്ക്ക് പുറത്തുനിന്ന് കോ-ഗൈഡായും (Co-guide) നിയമിക്കും. ഗവേഷണത്തിന്റെ അക്കാദമിക പ്രവർത്തനങ്ങളും സാങ്കേതിക മേൽനോട്ടവും കോ-ഗൈഡിന്റെ കീഴിലായിരിക്കും നടക്കുക. അതേസമയം പ്രബന്ധ സമർപ്പണം, ഡോക്ടറൽ കമ്മിറ്റി (DC) നടപടികൾ, ഫെലോഷിപ്പ് സംബന്ധിച്ച വിഷയങ്ങൾ തുടങ്ങിയ മുഴുവൻ ഔദ്യോഗിക-അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും സർവകലാശാല തന്നെ സുഗമമായി നിർവഹിക്കും. കൂടാതെ ഹോസ്റ്റൽ, ലൈബ്രറി തുടങ്ങിയ ക്യാമ്പസിലെ എല്ലാ സൗകര്യങ്ങളും യാതൊരു തടസ്സവുമില്ലാതെ ഉപയോഗിക്കാനുള്ള പൂർണ്ണ അനുമതിയും ലഭിച്ചിട്ടുണ്ട്. കുറ്റാരോപിതരായ സർവകലാശാലാ ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർവകലാശാലയിൽ അനഘ ശശി നേരിട്ട ജാതീയവും അക്കാദമികവുമായ വിവേചനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും.

Related