November 23 Monday 2026

യുഎപിഎ: വിഡി സതീശൻ പിണറായിയുടെ തുടർച്ചയോ ?

വി.ഡി.സതീശൻ സർക്കാർ നൂറു ദിവസം പിന്നിട്ടിരിക്കുന്നു. അടുത്ത അഞ്ചു വർഷത്തെ ഭരണത്തെ കുറിച്ച് നൂറു ദിവസത്തെ പ്രവർത്തനം വച്ച് കൊണ്ട് ഒരു തീർപ്പിൽ എത്തുക സാധ്യമല്ല. പക്ഷെ, 100 ദിവസത്തെ സർക്കാരിൻ്റെ പ്രവർത്തനം ആ സർക്കാർ പിന്തുടരുന്ന നയനിലപാടുകളുടെ ദിശാസൂചകമാണെന്നു നിസ്സംശയം പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രധാനമായി ഉയർന്നു കേട്ട ഒരു വാദം ഭരണത്തുടർച്ച ഇടതുപക്ഷത്തെ തകർക്കും എന്നതായിരുന്നു. ഇടതുപക്ഷത്തിനേറ്റ കനത്ത തോൽവിക്ക് ശേഷവും ഈ വാദത്തെ ചുറ്റിപ്പറ്റിയുള്ള അസ്വാരസ്യങ്ങൾ അവസാനിച്ചിട്ടില്ല. പക്ഷെ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് പിണറായി വിജയനെ സന്ദർശിച്ച വി.ഡി സതീശൻ പിണറായിയുടെ സാന്നിധ്യത്തിൽ പത്രമാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ്. വികസന പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിൻ്റെ തുടർച്ചയാണ് തൻ്റെ സർക്കാർ എന്നതായിരുന്നു അത്. കഴിഞ്ഞ കാലങ്ങളിൽ ഏറെ വിവാദമായ ജനവിരുദ്ധ നിയമമായ യുഎപിഎ നിയമത്തിൻ്റെ ഉപയോഗത്തിൽ സതീശൻ സർക്കാർ കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്ന് പരിശോധിക്കാനാണ് ശ്രമിക്കുന്നത്.
യുഎപിഎ നിയമത്തിൻ്റെ ഉപയോഗത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഒട്ടും പിന്നിലായിരുന്നില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ പോസ്റ്റർ ഒട്ടിച്ചതിനും സഖാവ് വർഗ്ഗീസ് രക്തസാക്ഷി അനുസ്മരണ നോട്ടീസ് വിതരണം ചെയ്തതിനും രാഷ്ട്രീയ പ്രചരണ ജാഥ നടത്തിയതിനും, പുസ്തകങ്ങളും പേപ്പർകട്ടിങ്ങും നോട്ടീസും മറ്റും കൈവശം വച്ചതിനുമെല്ലാം യുഎപിഎ ചുമത്തുന്ന അവസ്ഥയാണ് അന്നുണ്ടായിരുന്നത്. തുടർന്ന് വന്ന പിണറായി സർക്കാരും യുഎപിഎ നിയമത്തിൻ്റെ ഉപയോഗത്തിലെ തുടർച്ച ഏറ്റെടുത്തു. 2016 നവംബറിൽ നിലമ്പൂർ വ്യാജ എൻകൗണ്ടറിൽ മാവോയിസ്റ്റ് നേതാക്കളായ കൂപ്പു ദേവരാജിനെയും അജിതയെയും കൊലപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. അതോടൊപ്പം തന്നെ യുഎപിഎ നിയമപ്രകാരം വ്യാപകമായി കേസ്സുകൾ രജിസ്റ്റർ ചെയ്യുന്നതിനെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായി. ഈ സന്ദർഭത്തിലാണ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്സുകൾ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം വന്നത്.
പ്രതിഷേധങ്ങളെ മറികടക്കാൻ വേണ്ടി മാത്രം നടത്തിയ ഒരു പ്രഖ്യാപനം ആയിരുന്നു അതെന്നു പിന്നീട് വ്യക്തമായി. പുനഃപരിശോധന ആര് നടത്തും, അത്തരം പുനഃപരിശോധനക്ക് നിയമപരമായ എന്ത് അടിസ്ഥാനമാണുള്ളത് തുടങ്ങിയ ചോദ്യങ്ങൾക്ക് സർക്കാരിന് ഉത്തരമുണ്ടായിരുന്നില്ല. യുഎപിഎ നിയമത്തിലെ 45 ആം വകുപ്പിൽ പറയുന്ന വിചാരണാനുമതി നൽകുന്നതിന് മുൻപുള്ള റെക്കമൻഡിങ് അതോറിറ്റിയുടെയും സാങ്‌ഷനിങ് അതോറിറ്റിയുടെയും രണ്ടുഘട്ടമായുള്ള പരിശോധന യുഎപിഎ നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണെന്നും അതിനെയാണ് യുഎപിഎ കേസുകളുടെ പുനഃപരിശോധന എന്ന നിലയിൽ ഇടതു സർക്കാരിൻ്റെ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പുരോഗമന നടപടിയായി ചിത്രീകരിക്കുന്നതെന്നും അന്ന് തന്നെ മനുഷ്യാവകാശ പ്രവർത്തകരും നിയമജ്ഞരും ചൂണ്ടിക്കാണിച്ചിരുന്നു.
പുനഃപരിശോധനയുടെ പേരിലുള്ള കപടനാടകം അരങ്ങേറി കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മാവോയിസ്റ്റ് കേസ്സുകളിൽ തടവിൽ കഴിഞ്ഞിരുന്ന രൂപേഷ് ഉൾപ്പെട്ട കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസ്സുകളിൽ നിയമപ്രകാരമുള്ള വിചാരണാനുമതി ഇല്ലാ എന്ന കാരണത്താൽ കോഴിക്കോട് സെഷൻസ് കോടതി രൂപേഷിനെ വിടുതൽ ചെയ്തു കൊണ്ട് ഉത്തരവിട്ടത്. യുഎപിഎ തങ്ങളുടെ നയമല്ലെന്ന് ആണയിട്ടു കൊണ്ടിരുന്ന പിണറായി സർക്കാറിനു ആ ഉത്തരവുകൾക്കെതിരെ അപ്പീൽ സമർപ്പിക്കുന്നതിന് ഒട്ടു ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. എന്നാൽ, കേരള ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് ശരി വെച്ച് കൊണ്ട് വിധി പറഞ്ഞു.
കടുത്ത വ്യവസ്ഥകൾ ഉള്ള യുഎപിഎ നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുള്ളതു മുന്നിൽ കണ്ടു കൊണ്ടാണ് മുൻ‌കൂർ വിചാരണാനുമതി എന്ന വ്യവസ്ഥ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതനുസരിച്ച് അന്വേഷണം പൂർത്തിയായാൽ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് റെക്കോർഡുകൾ റെക്കമൻഡിങ് അതോറിറ്റിക്ക് കൈമാറണം. രേഖകൾ കൈപ്പറ്റി ഏഴു ദിവസത്തിനുള്ളിൽ റെക്കമൻഡിങ് അതോറിറ്റി വിചാരണാനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണം. ആ തീരുമാനവും കേസ് രേഖകളും തുടർന്ന് സാങ്‌ഷനിങ് അതോറിറ്റിക്ക് കൈമാറണം. റെക്കമൻഡിങ്അതോറിറ്റിയുടെ തീരുമാനവും കേസ് റെക്കോർഡുകളും കൈപ്പറ്റി ഏഴു ദിവസത്തിനകം വിചാരണാനുമതി നൽകാണോ വേണ്ടയോ എന്ന കാര്യത്തിൽ സാൻഷനിങ് അതോറിറ്റി സ്വതന്ത്രമായി തീരുമാനം എടുക്കണം. അങ്ങനെ -ഏഴും ഏഴും – പതിനാലു ദിവസത്തിനകം വിചാരണാനുമതി നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണം എന്നാണ് യുഎപിഎ നിയമവും ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്നത്.
യുഎപിഎ പോലുള്ള അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന കേസ്സുകളിൽ എത്രയും പെട്ടെന്ന് കേസന്വേഷണം പൂർത്തിയാക്കി വിചാരണ നടത്തി വിധി പറയുക എന്നത് ഭരണകൂടത്തിൻ്റെ ബാധ്യതയാണ്. പ്രത്യേകിച്ച് ഇത്തരം കേസ്സുകളിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുക പ്രയാസകരമാകുന്ന അവസ്ഥയിൽ ദീർഘമായ വിചാരണ തടവ് ആധുനിക നിയമ സംവിധാനത്തിനും ജനാധിപത്യ വ്യവസ്ഥക്കും ഒട്ടും അഭികാമ്യമല്ല എന്നത് കൊണ്ടു ഈ സമയക്രമം പാലിക്കേണ്ടത് മനുഷ്യാവകാശ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ഈ സമയക്രമം കേവലം നിർദ്ദേശാത്മകമല്ല മറിച്ച് നിയമപരമായ ബാധ്യതയാണെന്നും രൂപേഷിനെതിരെ വിചാരണാനുമതി നൽകിയ കേസ്സുകളിൽ ഈ സമയക്രമം ലംഘിക്കപ്പെട്ടെന്നും അത് കൊണ്ട് വിചാരണാനുമതി നിയമപരമായി നിലനിൽക്കില്ലെന്നും ഹൈക്കോടതി വിധിച്ചു.
എന്നാൽ, യുഎപിഎ നയമല്ലാത്ത പിണറായി സർക്കാർ രൂപേഷിനെതിരെ തള്ളിപ്പോയ ഈ യുഎപിഎ കേസ്സുകൾ, അതും ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് രജിസ്റ്റർ ചെയ്തത കേസ്സുകൾ പുനഃസ്ഥാപിക്കാൻ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയാണ് ചെയ്തത്. യുഎപിഎ പ്രകാരമുള്ള അപ്പീലുകൾ നിയമപ്രകാരം ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചാണ് കേൾക്കേണ്ടത്. എന്നാൽ, രൂപേഷിനെ വിട്ടയച്ച സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയാണ് സമീപിച്ചത്. സാങ്കേതികമായ ഈ കാരണം ചൂണ്ടി കാണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ നിർദ്ദേശിച്ചു കൊണ്ട് സുപ്രീം കോടതി കേസ്സുകൾ ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു. കേരള ഹൈക്കോടതിയിൽ അങ്ങനെ വീണ്ടും രണ്ടാം വട്ടം വിചാരണാനുമതിയുടെ നിയമ സാധുത തർക്കിക്കപ്പെട്ടു. വിശദമായ വാദത്തിനു ശേഷം കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും രൂപേഷിന് അനുകൂലമായി വിധി പറയുകയും വിചാരണാനുമതി നൽകാനുള്ള സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
രണ്ടാം വട്ടവും പരാജയപ്പെട്ട സർക്കാർ ഹൈക്കോടതി വിധിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ജനാധിപത്യ-പുരോഗമന പക്ഷത്താണ് തങ്ങളെന്നും യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങൾ തങ്ങളുടെ നയമോ നിലപാടോ അല്ലെന്നും പറഞ്ഞു കൊണ്ടിരുന്ന ഒരു സർക്കാരും മുന്നണിയുമാണ് ഇപ്രകാരം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. സ്വാഭാവികമായും വലിയ പ്രതിഷേധം സംസ്ഥാന സർക്കാരിൻ്റെ ഈ നടപടിക്കെതിരെ ഉയർന്നു വന്നു. യുഎപിഎ പോലുള്ള ഒരു ജനാധിപത്യ വിരുദ്ധ നിയമത്തിൽ ആകെയുള്ള, ദുർബലമായ, വളരെ നേർത്ത ഒരു സംരക്ഷണ കവചമാണ് വിചാരണാനുമതി നൽകുന്നതിനുള്ള പ്രക്രിയ. അതിനെ ഇല്ലാതാക്കാനാണ് പിണറായി സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതിലൂടെ ശ്രമിച്ചത്. എന്നാൽ പ്രതിഷേധങ്ങൾക്കു മുന്നിൽ മുട്ടു മടക്കി കൊണ്ട് അപ്പീലുകൾ നിരുപാധികം പിൻവലിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി. അതും തങ്ങളുടെ പുരോഗമന- ജനാധിപത്യ നിലപാടുകളോടുള്ള പ്രതിജ്ഞാബദ്ധതയുടെ തുടർച്ചയായി അവതരിപ്പിക്കാനാണ് സിപിഎം വൃത്തങ്ങൾ ശ്രമിച്ചത്.
സുപ്രീം കോടതിയിൽ നൽകിയ അപ്പീലുകൾ നിരുപാധികം പിൻവലിക്കുമ്പോൾ തന്നെ രണ്ട് കേസ്സുകളിൽ രൂപേഷ് ഉൾപ്പടയുള്ളവരെ നിയമപരമായ വിചാരണാനുമതി ഇല്ലാത്തതിനാൽ വിട്ടയച്ച പാലക്കാട് സെഷൻസ് കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ പിണറായി സർക്കാർ നൽകിയ അപ്പീൽ ആ സമയം നിലവിലുണ്ടായിരുന്നു. അവ പിൻവലിക്കാൻ കേരളസർക്കാർ തയ്യാറായില്ല. മാത്രവുമല്ല, റെക്കമൻഡിങ് അതോറിറ്റിയും സാൻഷനിങ് അതോറിറ്റിയും നിയമാനുസൃതമായി ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ വിചാരണാനുമതി നൽകാൻ തീരുമാനം എടുത്തിരുന്നു എന്നും ഉത്തരവായി ഇറങ്ങിയ തിയ്യതിയല്ല തീരുമാനം എടുത്ത തിയ്യതിയാണ് നിയമപ്രകാരം മാനദണ്ഡമാക്കേണ്ടത് എന്ന വാദമുയർത്തി ന്യായീകരിക്കാനാണ് ഈ കേസ്സുകളിൽ സർക്കാർ ശ്രമിച്ചത്. തീരുമാനം എടുത്തെങ്കിൽ എന്ത് കൊണ്ട് ഉത്തരവ് വൈകി എന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ല. മുൻകേസ്സുകളിൽ ഉണ്ടായ ഹൈക്കോടതി വിധി മറികടക്കാനാണ് ഈ വാദം ഇപ്പോൾ ഉന്നയിക്കുന്നത് എന്ന് വ്യക്തമാണ്. ഇപ്പോഴും ഈ അപ്പീലുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
യുഎപിഎ വിചാരണാനുമതിയുടെ കാര്യത്തിൽ പിണറായി സർക്കാർ കാണിച്ചു കൊടുത്ത വഴിയിലൂടെ തന്നെയാണ് തങ്ങളുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ സതീശൻ സർക്കാർ. നിയമപരമായ വിചാരണാനുമതി ഇല്ലാത്തതിനാൽ എറണാകുളം ആന്റി ടെറൊറിസ്റ്റ് കോടതി ചൈതന്യ, സാവിത്രി എന്നീ പ്രതികൾക്കെതിരെ യുഎപിഎയിലെ വിവിധ വകുപ്പുകൾ , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നു കാണുകയും ഈ കുറ്റകൃത്യങ്ങളുടെ വിചാരണയിൽ നിന്നും അവരെ വിടുതൽ ചെയ്തു കൊണ്ട് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ കാരണത്താൽ സാവിത്രിയെ മറ്റൊരു കേസിലും യുഎപിഎ കുറ്റകൃത്യങ്ങളിൽ നിന്നും വിടുതൽ ചെയ്തു. തുടർന്ന് ഈ കേസ്സുകളിൽ അവശേഷിക്കുന്ന കുറ്റങ്ങളുടെ വിചാരണക്കായി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അയക്കുകയും മജിസ്‌ട്രേറ്റ് കോടതി വിചാരണാ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ കേസ്സുകളിൽ ആന്റി ടെറോറിസ്റ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുവാൻ തീരുമാനിച്ചിരിക്കുന്നതിനാൽ വിചാരണ നീട്ടി വെക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.
2020 മുതൽ കേരളത്തിലെ ജയിലിൽ തടവിൽ കഴിയുന്ന ആന്ധ്രാ സ്വദേശിയാണ് ചൈതന്യ. 2021 നവംബർ മുതൽ സാവിത്രി തടവിൽ കഴിഞ്ഞു വരുന്നു. കർണ്ണാടകത്തിൽ നിന്നുള്ള ആദിവാസി സമുദായത്തിൽ ഉൾപ്പെട്ട ആളാണ് അവർ. ദരിദ്ര, പിന്നാക്ക – ആദിവാസി വിഭാഗങ്ങളിൽ പെടുന്ന ആളുകൾക്കെതിരെയാണ് സർക്കാർ സർവ്വ സന്നാഹവുമായി പട നയിക്കാൻ ഒരുമ്പെടുന്നത്. ചൈതന്യയ്ക്ക് നിലവിൽ അദ്ദേഹം പ്രതിയായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, ജാമ്യക്കാരിൽ ഒരാൾ അടുത്ത ബന്ധുവായിരിക്കണമെന്ന ജാമ്യവ്യവസ്ഥ ഉള്ളത് കൊണ്ട് ജാമ്യക്കാരെ ഹാജരാക്കാൻ സാധിച്ചിട്ടില്ല. അത് കൊണ്ട് മാത്രമാണ് ഇന്ന് അദ്ദേഹം ജയിലിൽ കഴിയുന്നത്. മാത്രവുമല്ല യാതൊരു അക്രമ പ്രവർത്തനങ്ങളും ആരോപിക്കപ്പെടാത്ത കേസുകളാണ് ഇവയെന്ന് കൂടി അറിയേണ്ടതുണ്ട്. രാത്രികാലങ്ങളിൽ വന്നു രാഷ്ട്രീയപ്രചരണം നടത്തിയെന്നും ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചെന്നുമാണ് ഈ കേസുകളിലെ ആരോപണം. 2018 ലെ പ്രളയദുരന്തത്തിന് ഉത്തരവാദി മുൻകൂട്ടി അറിഞ്ഞിട്ടും പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത സർക്കാർ ആണെന്നും സ്വമനസ്സാലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങിയ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ എന്നും മറ്റും എഴുതിയ ഒരു നോട്ടീസ് വിതരണം ചെയ്തു എന്നതാണ് സാവിത്രിക്കെതിരെ ഒരു കേസിലെ ആരോപണം. പിണറായി സർക്കാരിനെതിരെ യുഡിഎഫ് ഉന്നയിച്ച അതെ ആരോപണം. ഇതിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുഎപിഎ പുനഃസ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറെടുക്കുന്നത്.
കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട യുഎപിഎ കേസ്സുകളിൽ മഹാ ഭൂരിപക്ഷവും എന്തെങ്കിലും അക്രമ – ഭീകര പ്രവർത്തനങ്ങളുടെ പേരിൽ എടുത്തവയല്ല. മറിച്ച് വനത്തോട് ചേർന്ന ആദിവാസി ഊരുകളിലും വീടുകളിലും മറ്റും എത്തി രാഷ്ട്രീയ പ്രചരണം നടത്തി എന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു എന്നും മറ്റും ആരോപിച്ചു കൊണ്ടുള്ളതാണ്. നാലും അഞ്ചും വർഷങ്ങളായി വിചാരണ തടവുകാരായി ജയിലിൽ കഴിയുന്നവരാണ് ഇത്തരം കേസുകളിലെ പ്രതികൾ. നിലവിലെ അവസ്ഥയിൽ കഴിഞ്ഞ 15 വർഷത്തിനിടക്ക് രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളുടെ വിചാരണ പൂർത്തിയാകാൻ തന്നെ ഇനിയും 10-15 കൊല്ലങ്ങൾ വേണ്ടി വരും. ഇതിൽ ചില പ്രതികൾക്കെതിരെ 50-60 യുഎപിഎ കേസ്സുകൾ നിലവിലുണ്ടെന്ന് സർക്കാർ തന്നെ പറയുമ്പോൾ (അതിൽ ഏറിയ പങ്കും നേരത്തെ പറഞ്ഞ പോലുള്ള രാഷ്ട്രീയ പ്രചരണത്തിൻ്റെ പേരിലുള്ളതും യാതൊരു അക്രമ പ്രവർത്തനങ്ങളും ആരോപിക്കപ്പെടാത്തതുമാണ്. ഒരു ജീവപര്യന്തം കാലം വിചാരണ തടവുകാരായി ഇവർക്ക് കഴിയേണ്ടി വരും.
ഭരണഘടനാ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും നിരക്കുന്ന ഒന്നായിരിക്കില്ല അതെന്നു പ്രത്യേകം പറയേണ്ടതില്ല. മാത്രവുമല്ല ഇത്തരം നിസാരമായ ആരോപണങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വിചാരണക്കായി ചെലവഴിക്കേണ്ടി വരുന്ന പണം, സമയം, അദ്ധ്വാനം എന്നിവ കൂടി പരിഗണിക്കുമ്പോൾ ഇത്തരം കേസ്സുകൾ എത്രമാത്രം വലിയ ബാധ്യതയുമാണ് നമ്മുടെ സമൂഹത്തിനു വരുത്തിവെക്കുന്നത് എന്ന് വ്യക്തമാണ്. ഇത്തരം കേസുകളുടെ വിചാരണാ നടപടി അവസാനിപ്പിക്കുന്നതാണ് ഈ സാഹചര്യത്തിൽ വിവേകപൂർണ്ണമായ തീരുമാനം. എന്നാൽ അത്തരം ഒരു നിലപാട് സ്വീകരിക്കാനുള്ള ഇച്ഛാശക്തി വി.ഡി സതീശൻ സർക്കാരിനുണ്ടോ എന്നതാണ് ചോദ്യം?
ദൗർഭാഗ്യവശാൽ യുഎപിഎ കുറ്റങ്ങൾക്ക് നിയമപരമായ വിചാരണാനുമതി ഇല്ലാത്തതിനാൽ പ്രതികളെ വിടുതൽ ചെയ്ത നിസ്സാരമായ കേസ്സുകളിൽ പോലും യുഎപിഎ കുറ്റങ്ങൾ പുനസ്ഥാപിച്ചു കിട്ടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. യുഎപിഎ നയത്തിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന സൂചനയാണ് യുഡിഎഫ് സർക്കാർ ഇതിലൂടെ നൽകുന്നത്. തീർച്ചയായും ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്ന നിലപാടല്ല അത്.

Related