November 23 Monday 2026

ഹിന്ദുത്വ സംഘടനകളുടെ ഭീഷണി: ജയ്പൂരിൽ മുസ്ലീം ഇൻഫ്ലുവൻസറുടെ നവരാത്രി ആഘോഷപരിപാരിടികൾ റദ്ദാക്കി

രാജസ്ഥാനിലെ ജയ്പൂരിൽ, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗർബ പരിപാടികളിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാവേദ് അലി ഖാൻ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികൾ റദ്ദാക്കി. ഖാൻ “ഹിന്ദുവല്ലാത്ത” വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുത്വ സംഘടനകൾ സംഘാടകർക്ക് മുന്നറിയിപ്പ് നൽകുകയും അദ്ദേഹം പങ്കെടുക്കുന്നതിനെ എതിർക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ഖാനെ ഉൾപ്പെടുത്തി പരിപാടി മുന്നോട്ട് കൊണ്ടുപോയാൽ അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകുമെന്ന് സംഘാടകർക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

“വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ തുടങ്ങിയ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ജാവേദ് ഖാൻ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയത്. എനിക്ക് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ലഭിച്ചു. പരിപാടി റദ്ദാക്കിയില്ലെങ്കിൽ അക്രമം അഴിച്ചുവിടുമെന്നും എന്തും ചെയ്യാൻ മടിക്കില്ലെന്നും അവർ പറഞ്ഞതായി പരിപാടിയുടെ സംഘാടകരിലൊരാളായ ജയ്പൂരിലെ ‘മൊലിസെ’ ക്ലബ് ഉടമ രവി പട്ടേൽ പറഞ്ഞു. ആർക്കാണ് പ്രശ്നങ്ങളും സ്വത്തുക്കൾക്ക് നാശനഷ്ടങ്ങളും ഉണ്ടാകാൻ ആഗ്രഹമുണ്ടാകുക? ഇന്ന് കുടുംബത്തോടൊപ്പം ഒരു സെലിബ്രിറ്റി അതിഥിയായി ഖാൻ എത്തേണ്ടതായിരുന്നുവെന്നും ഖാനെ ക്ഷണിച്ചാൽ ഹിന്ദുത്വ സംഘടനകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് പൊലീസും തന്നോട് പറഞ്ഞതായി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബർ 17 ന് ഖാൻ പങ്കെടുക്കേണ്ടിയിരുന്ന മറ്റൊരു പരിപാടിയും ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെത്തുടർന്ന് റദ്ദാക്കിയിരുന്നു. ജയ്പൂർ സ്വദേശിയായ 31 വയസ്സുകാരനായ ഖാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനുമാണ്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം ഒമ്പത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഖാൻ, തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയും, താൻ കാരണം മറ്റാർക്കും ബുദ്ധിമുട്ടോ നഷ്ടമോ ഉണ്ടാകാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് പരിപാടികൾ റദ്ദാക്കിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.

“പരിപാടിയുടെ സംഘാടകൻ എനിക്കൊരു ഓഡിയോ റെക്കോർഡിംഗ് അയച്ചുതന്നു. അതിൽ ‘സനാതൻ സുരക്ഷാ ദൾ’ എന്ന സംഘടന, എന്നെ പരിപാടിയിലേക്ക് ക്ഷണിക്കരുതെന്ന് സംഘാടകന് മുന്നറിയിപ്പ് നൽകുന്നത് കേൾക്കാമായിരുന്നു. സംഘാടകർ സാഹചര്യം എന്നോട് പറഞ്ഞപ്പോൾ, ഞാൻ അവർക്ക് നൽകിയ അഡ്വാൻസ് തുക തിരികെ നൽകുകയും, പരിപാടി വിജയകരമായി നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരോട് പറയുകയും ചെയ്തു. എന്നെക്കൊണ്ട് ആർക്കും നഷ്ടം സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ സംഘടനകളോട് എനിക്കൊരു ചോദ്യമുണ്ട്; ഉത്സവ ഡ്യൂട്ടിയിലുള്ള പോലീസുകാരിൽ മുസ്ലീം ഉദ്യോഗസ്ഥരുണ്ടെങ്കിൽ അപ്പോൾ നിങ്ങൾ എന്തുചെയ്യും? അവരെയും നിങ്ങൾ തടയുമോ?” – ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഞാൻ പലതവണ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. നവരാത്രി, ക്രിസ്മസ് തുടങ്ങിയ വിവിധ സമുദായങ്ങളുടെ ആഘോഷങ്ങളിൽ പതിവായി പങ്കെടുക്കാറുമുണ്ട്. എന്നാൽ ഇന്ന്, ഹിന്ദുക്കളല്ലാത്തവർക്ക് ഗർബ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമില്ലെന്ന് പരസ്യമായി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. ഇതൊരു പരസ്യമായ കാര്യമായി മാറിയിരിക്കുന്നു. ഇത്തരം ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കുന്നുണ്ടെങ്കിൽ, അക്കാര്യം പോലീസിനെ വിളിച്ച് അറിയിക്കാൻ പോലും ഹിന്ദുത്വ സംഘടനകൾ മുതിരുന്നു. സംസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിനോട് എനിക്ക് ചോദിക്കാനുള്ളത്, ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നാണ്? സമുദായങ്ങൾക്കിടയിൽ ഇത്തരമൊരു വിഭജനം സർക്കാരിന് ആവശ്യമാണോ?” – മാധ്യമങ്ങളോട് സംസാരിക്കവെ ഖാൻ ചോദിച്ചു.

ഗണേശ ചതുർത്ഥി പോലുള്ള ആഘോഷങ്ങൾ താൻ ആഘോഷിക്കുന്നതായി കാണിക്കുന്ന വീഡിയോകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഖാൻ, കഴിഞ്ഞ വർഷം വരെ താൻ പതിവായി നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്നും പറഞ്ഞു.

“ഇത്തരം വിവാദങ്ങളിലൂടെ ശ്രദ്ധ നേടുന്നത് രാഷ്ട്രീയത്തിൽ തങ്ങൾക്ക് ഒരിടം കണ്ടെത്താൻ സഹായിക്കുമെന്ന് ഈ സംഘടനകൾക്ക് നന്നായി അറിയാം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്നോ, അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിന്റെ (മോർച്ചയുടെ) തലവനായി നിയമിക്കപ്പെടുമെന്നോ ഒക്കെയാണ് അവർ പ്രതീക്ഷിക്കുന്നത്. ജൂലൈ മാസത്തിൽ ഡൽഹിയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു. അവിടെ അഭിജീത് ദിപ്കെ, നേഹ ബോറ തുടങ്ങിയ പ്രതിഷേധക്കാരെ കണ്ടു. എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നു. സമൂഹത്തിൽ മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള വിഭജനത്തെയും ഞങ്ങൾ എതിർക്കുന്നു,” ഖാൻ പറഞ്ഞു.

Related