November 23 Monday 2026

ചെങ്കൊടിത്തറവാട്ടിലെ കസേരക്കളി: ഒരു ‘ഉപ’ പ്രതിപക്ഷ നാടകം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ നാടകം മെഗാസീരിയൽ സ്വഭാവത്തിലേക്ക് രൂപാന്തരം പ്രാപിച്ച് ഇപ്പോൾ തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിനും എ.കെ.ജി സെൻ്ററിനും എം.എൻ സ്മാരകത്തിനും ഇടയിലുള്ള ഇടവഴികളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇതിന് നമുക്ക് “ഉപനേതാവിനെ തേടി” എന്ന് പേര് നൽകാം. ഇടത് ജനാധിപത്യ മുന്നണി എന്ന പഴയ തറവാട്ടിലെ കാരണവന്മാർ തമ്മിലുള്ള ഈ വടംവലി കണ്ടാൽ, മണ്ണും വീടും നഷ്ടപ്പെട്ടാലും തറവാട്ടിലെ ദ്രവിച്ച ചാരുകസേരയ്ക്ക് വേണ്ടി തല്ലുകൂടുന്ന പഴയ ജന്മിമാരെയാണ് ഓർമ്മ വരിക. ഭരണഘടനാപരമായി യാതൊരു അടിസ്ഥാനവുമില്ലാത്ത, നിയമസഭാ ചട്ടപ്പുസ്തകത്തിൽ മഷിയിട്ടു നോക്കിയാൽ പോലും കാണാൻ കിട്ടാത്ത ഒരു ‘ഉപ’ പദവിക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഈ പ്രത്യയശാസ്ത്ര യുദ്ധം നടക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.

അതേസമയം, ഈ വിഷയത്തെ കേവലമൊരു പദവി മോഹമായി മാത്രം തള്ളിക്കളയാനാവില്ല. ഇതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ ചരിത്രവും, അടിച്ചമർത്തപ്പെട്ടവന്റെ രോഷവും, അതിലുപരി സ്വന്തം അണികൾക്ക് മുന്നിൽ മുഖം രക്ഷിക്കാനുള്ള രണ്ടു പാർട്ടികളുടെയും ഗതികേടുമുണ്ട്. നമുക്ക് ഈ നാടകത്തിന്റെ തിരശ്ശീല ഒന്നൊന്നായി മാറ്റാം.

എന്താണ് ഈ പ്രതിപക്ഷ ഉപനേതാവ് പദവി?

സങ്കൽപ്പിച്ചു നോക്കൂ, പല്ലില്ലാത്ത അൾസേഷ്യൻ നായയെ! കാഴ്ചയിൽ നായാണ്, പക്ഷേ കടിക്കാൻ പല്ലില്ല.. വേണമെങ്കിൽ കുരയ്ക്കാം. ഏതാണ്ട് അതുപോലെയാണ് ഈ പദവി. 2011-2016 കാലഘട്ടത്തിൽ പ്രതിപക്ഷ നിരയിൽ വി.എസ് അച്യുതാനന്ദൻ കൊടുങ്കാറ്റായി നിന്നപ്പോൾ, അദ്ദേഹത്തെ ഒന്ന് നിയന്ത്രിക്കാനും പാർട്ടി ലൈൻ സഭയിൽ കൃത്യമായി അവതരിപ്പിക്കാനും അന്ന് സിപിഎമ്മിന് ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് അന്ന് കോടിയേരി ബാലകൃഷ്ണന് അന്നത്തെ സ്പീക്കർ ജി. കാർത്തികേയൻ, തന്റെ വിശാലമനസ്കതയുടെ പുറത്ത്, ‘പ്രതിപക്ഷ ഉപനേതാവ്’ എന്നൊരു ബോർഡ് വെച്ച മുറിയും കുറച്ചു സ്റ്റാഫിനെയും അനുവദിക്കുന്നത്. അതൊരു ഔദാര്യമായിരുന്നു. പിന്നീട്‌ പി.കെ കുഞ്ഞാലിക്കുട്ടിക്കും ഡോ. എം.കെ മുനീറിനും കിട്ടിയതോടെ അതൊരു ‘അവകാശമായി’ മാറി.

ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന എൽ.ഡിഎഫിന് ഉപനേതാവില്ല. ആര് ഉപനേതാവാകും എന്നതിനെച്ചൊല്ലിയാണ് ഇപ്പോഴത്തെ ഈ മഹാഭാരത യുദ്ധം! സിപിഐയും സിപിഎമ്മും. നിലവിൽ നിയമസഭയിൽ സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനും, നിയമസബാ ഫ്ലാറിൽ ചോദ്യശരങ്ങൾക്ക് മുന്നിൽ പതറുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഒരു കവചമൊരുക്കാനും സിപിഎം ആഗ്രഹിക്കുന്നത് വിശ്വസ്തനായ കെ.എൻ ബാലഗോപാലിനെ ആ കസേരയിൽ ഇരുത്താനാണ്. എന്നാൽ, “അതത്ര വേഗം അങ്ങോട്ട് തീരുമാനിക്കാൻ വരട്ടെ, ഇവിടെ ഞങ്ങളുമുണ്ട്” എന്ന് പറഞ്ഞുകൊണ്ടാണ് സിപിഐയുടെ രംഗപ്രവേശം.

സിപിഐയുടെ ഈ പുതിയ ഉണർവ് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. ചരിത്രം പരിശോധിച്ചാൽ, ഇടതുമുന്നണി എന്ന പ്രസ്ഥാനത്തിന് വേണ്ടി ഏറ്റവും കൂടുതൽ ചോരയും നീരും കൊടുത്ത, ഏറ്റവും വലിയ ത്യഗങ്ങൾ സഹിച്ച പാർട്ടി സിപിഐ ആണ്.

1969 മുതൽ രണ്ടു ടേമുകളിൽ സാക്ഷാൽ സി. അച്യുതമേനോനും, പിന്നീട് പി.കെ വാസുദേവൻ നായരും കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിമാരായിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ നിന്നാണ് 1980-ൽ ഭട്ടിൻഡാ പാർട്ടി കോൺഗ്രസിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പി.കെ.വിയുെട മുഖ്യമന്ത്രിപദം ത്യജിച്ച് അവർ ഇടതുപക്ഷ ഐക്യത്തിനായി എൽഡിഎഫിലേക്ക് വരുന്നത്. ജനയുഗത്തിൽ രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്: “സി. അച്യുതമേനോനെയും അദ്ദേഹം നേതൃത്വം നൽകിയ ഐക്യമുന്നണി സർക്കാരിനെയും പറ്റി സിപിഐ(എം) നേതാക്കൾക്ക് അവരുടേതായ വിലയിരുത്തൽ ഉണ്ടാകാം. എന്നാൽ, കേരളത്തിന്റെ വികസനമുന്നേറ്റത്തിൽ ആ സർക്കാർ നൽകിയ സംഭാവനകൾ ആർക്കും തള്ളിക്കളയാനാവില്ല.” ഇന്നും കേരളത്തിലെ പുരോഗമന മുന്നേറ്റത്തിന് അടിത്തറയിട്ടത് കോൺഗ്രസ് സഖ്യത്തിലെ അച്യുതമേനോൻ സർക്കാരാണ് എന്നതിൽ കേരളത്തെ സാമൂഹ്യ ഗൌരവത്തോടെ വിലയുത്തവർക്ക് തള്ളാനാകില്ല.

കോൺഗ്രസ് മുന്നണിയിലെ മുഖ്യമന്ത്രി പദവി എന്ന രാജകീയ സിംഹാസനം വലിച്ചെറിഞ്ഞ്, വിശാലമായ ഇടതുപക്ഷ ഐക്യത്തിന് വേണ്ടി വന്ന സിപിഐക്ക് പിന്നീട് എന്ത് കിട്ടി? മുഖ്യമന്ത്രി പദവി പോയിട്ട്, ഒരു സുപ്രധാന പദവിയോ പ്രധാനപ്പെട്ട വകുപ്പുകളോ പോലും അവർക്ക് ലഭിച്ചിട്ടില്ല. റവന്യൂ, കൃഷി വകുപ്പുകൾ നൽകി അവരെ എക്കാലത്തും ഒതുക്കി നിർത്താനാണ് വലിയേട്ടനായ സിപിഎം ശ്രമിച്ചത്. ദശാബ്ദങ്ങളായി ഈ ‘വലിയേട്ടൻ സിൻഡ്രോം’ സഹിച്ചു കഴിഞ്ഞിരുന്ന ചെറിയേട്ടനാണ് ഇപ്പോൾ പെട്ടെന്ന് പ്രതിപക്ഷ ഉപനേതൃത്വ പദവി ചോദിച്ച് കൊടിപിടിക്കുന്നത്. ഇത് വെറുമൊരു പദവി മോഹമല്ല, മറിച്ച് വർഷങ്ങളായി അണപൊട്ടി നിന്ന അപകർഷതാബോധത്തിന്റെ പൊട്ടിത്തെറിയാണ്.

ഈ തർക്കത്തിന്റെ ഏറ്റവും രസകരമായ ഭാഗം പാർട്ടികളുടെ മുഖപത്രങ്ങൾ തമ്മിലുള്ള ഒളിയുദ്ധമാണ്. ജനയുഗം ലേഖനത്തിൽ പിണറായി വിജയന്റെ പേരെടുത്ത് പറയുന്നില്ലെങ്കിലും, വരികൾക്കിടയിലെ ലക്ഷ്യം വളരെ വ്യക്തമാണ്. “കേരളത്തിൽ പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ നടക്കുന്ന രാഷ്ട്രീയ സംവാദം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവി സംബന്ധിച്ച് നോക്കിക്കാണാനാണ് സിപിഐ ആഗ്രഹിക്കുന്നത്. അതിന് സംസ്ഥാന എൽഡിഎഫിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും അനിവാര്യമാണ്.”

‘കൂട്ടായ നേതൃത്വം’ എന്ന ഈ പ്രയോഗം ഒരു സാധാരണ വാക്കല്ല. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിലെ എൽഡിഎഫിൽ ഒരു ‘കൂട്ടായ’ നേതൃത്വവുമില്ല, മറിച്ച് എല്ലാം തീരുമാനിക്കുന്നത് ഒരു ‘ഒറ്റയാൾ പട്ടാളമാണ്’ എന്നതിന്റെ വ്യക്തമായ കുറ്റസമ്മതവും വിമർശനവുമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് കാരണം ഈ ഏകാധിപത്യ ശൈലിയാണെന്ന് സിപിഐ ഉറച്ചു വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള സിപിഐ കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലെ വിവരങ്ങൾ ജനയുഗം ലേഖനം ഓർമ്മിപ്പിക്കുന്നത് വെറുതെയല്ല. “എല്ലാ തീരുമാനങ്ങളും എന്റേത് മാത്രം” എന്ന വലിയേട്ടന്റെ ധാർഷ്ട്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ ലേഖനം.

മറുഭാഗത്ത്, ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രതിരോധത്തിന്റെ കോട്ട കെട്ടുകയാണ്. ഈ തർക്കം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് അവർ പുറമെ ചിരിച്ചുകൊണ്ട് പറയുന്നുണ്ടെങ്കിലും, ഉള്ളിൽ ഭയമുണ്ട്. അച്യുതാനന്ദൻ കാലഘട്ടത്തിന് ശേഷം പാർട്ടിയിൽ എതിർപ്പില്ലാത്ത നേതാവായി മാറിയ പിണറായി വിജയന്, ഇപ്പോൾ പാർട്ടിക്ക് ഉള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ നേരിടേണ്ടി വരുന്നു. ഈ ദൗർബല്യം മനസ്സിലാക്കിയാണ് സിപിഐ കൃത്യമായ സമയത്ത് തന്നെ ഈ ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തിയിരിക്കുന്നത്.

പ്രശ്നം കേരളത്തിൽ മാത്രമല്ല, അങ്ങ് ഡൽഹിയിലും ഇതിന്റെ അലയൊലികൾ എത്തിക്കഴിഞ്ഞു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ തന്നെ നേരിട്ട് പിണറായി വിജയനെതിരെ രംഗത്തെത്തിയത് സിപിഎമ്മിനെ ശരിക്കും ഞെട്ടിച്ചു. ഘടകകക്ഷികളെ പരിഗണിക്കണമെന്നും, അവർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും രാജ തുറന്നടിച്ചത്, വലിയേട്ടന്റെ മുഖത്തേറ്റ അടിയായി മാറി. ഇതിന് പിന്നാലെ, പിണറായി വിജയന്റെ ചില പരാമർശങ്ങളിൽ സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ അതൃപ്തി രേഖപ്പെടുത്തിയത്, സംസ്ഥാനത്തെ ചോദ്യം ചെയ്യപ്പെടാത്ത നേതാവിന് ഡൽഹിയിൽ അത്ര പിടിപാടില്ല എന്നതിന്റെ സൂചനയാണ്.

ഈ അവസരം മുതലെടുത്ത് ജി.ആർ അനിൽ അടക്കമുള്ള സിപിഐ നേതാക്കൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും, ബിനോയ് വിശ്വത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ ഇടതുമുന്നണി കണവീനർ ടി.പി രാമകൃഷ്ണന്റെ മയപ്പെടുത്തിയ നിലപാടുകളെ സ്വാഗതം ചെയ്തുകൊണ്ട് നയതന്ത്രപരമായി വിഷയം സജീവമാക്കി നിർത്തുകയും ചെയ്യുന്നു. ഇതിനിടയിലാണ് അടുത്തവർഷം വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും, നിയമസഭയിൽ സിപിഐ ‘പ്രത്യേക ബ്ലോക്കായി’ ഇരിക്കും എന്ന ഭീഷണിയും അന്തരീക്ഷത്തിൽ ഉയരുന്നത്. തറവാട്ടിലെ സ്വത്ത് ഭാഗം വെക്കുന്നില്ലെങ്കിൽ, മുറ്റത്തിന്റെ നടുക്ക് ഞാൻ വരമ്പു വെക്കും എന്ന് ചെറിയേട്ടൻ ഭീഷണിപ്പെടുത്തുന്നതുപോലെയാണിത്. യഥാർത്ഥത്തിൽ അങ്ങനെ സംഭവിച്ചാൽ അത് എൽഡിഎഫിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും എന്ന് ഇരു പാർട്ടികൾക്കും നന്നായി അറിയാം. എങ്കിലും, വിലപേശലിന് ഇതിലും വലിയൊരു ആയുധമില്ല.

സൂക്ഷ്മമായി വിശകലനം ചെയ്താൽ, ഈ തർക്കം പെട്ടെന്ന് തീർക്കാൻ ഇരു പാർട്ടികളും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. കാരണം, ഈ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ ഇരുവർക്കും തൽക്കാലം ആവശ്യമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധ തിരിക്കലാണ് മുഖ്യം. ഭരണപരാജയങ്ങൾ, സാമ്പത്തിക പ്രതിസന്ധി, പോലീസ് വീഴ്ചകൾ, പാർട്ടിക്കുള്ളിലെ വിഭാഗീയത എന്നിങ്ങനെ സർക്കാരിനെതിരെ ഉയരുന്ന ഗുരുതരമായ ചോദ്യങ്ങളിൽ നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാൻ ഇതിലും നല്ലൊരു വിഷയം വേറെയില്ല.

ശത്രുവിനെ സൃഷ്ടിക്കൽ: പാർട്ടിക്കുള്ളിലെ പിണറായി വിരുദ്ധ വികാരം മറച്ചുപിടിക്കാൻ, സിപിഐയെ ഒരു ‘പുറത്തുനിന്നുള്ള ശത്രുവാക്കി’ മാറ്റി അണികളെ ഒരുമിപ്പിച്ചു നിർത്താൻ ഈ തർക്കം സഹായിക്കുന്നു. കാലാകാലങ്ങളായി സിപിഐയെ പരിഹസിക്കാൻ കാത്തുനിൽക്കുന്ന ഒരു വലിയ വിഭാഗം സൈബർ പോരാളികൾക്ക് ഇതൊരു ആഘോഷമാണ്.

സിപിഐയെ സംബന്ധിച്ചിടത്തോളം മുഖം രക്ഷിക്കലാണ് മുഖ്യം. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയന് പൂർണ്ണമായി വിധേയരായി, നട്ടെല്ലില്ലാത്ത പാർട്ടി എന്ന പേരുദോഷം കേൾക്കുന്ന സിപിഐക്ക്, തങ്ങൾക്ക് ഇപ്പോഴും സ്വന്തമായി അഭിപ്രായമുണ്ടെന്നും പ്രതികരിക്കാൻ ശേഷിയുണ്ടെന്നും അണികളെ ബോധ്യപ്പെടുത്താനുള്ള ഒരു സുവർണ്ണാവസരമാണിത്. വലിയേട്ടനെ പരസ്യമായി വെല്ലുവിളിക്കുന്നതിലൂടെ മാധ്യമ ശ്രദ്ധയും, ഒരു പരിധിവരെ പൊതുസമൂഹത്തിന്റെ കയ്യടിയും നേടാൻ അവർക്ക് സാധിക്കുന്നു. ഒരു വിപ്ലവ പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണിത്.

ആര് ജയിക്കും, ആര് തോൽക്കും?
പഴയ കാലത്തെ ഒരു രീതിയുണ്ട്: ‘തമ്പ്രാൻ തൊഴിച്ചാൽ അത് അനുഗ്രഹം, കുടിയാൻ ഒന്ന് ചുമച്ചാൽ അത് ധിക്കാരം.’ ഇത്രയും കാലം എൽഡിഎഫിലെ അവസ്ഥ ഇതായിരുന്നു. സിപിഎം എന്ത് ചെയ്താലും അത് മുന്നണി മര്യാദ, സിപിഐ ഒരു ചെറിയ വിയോജിപ്പ് പ്രകടിപ്പിച്ചാൽ അത് മുന്നണിയെ ദുർബലപ്പെടുത്തൽ! എന്നാൽ കാലം മാറി. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ വലിയേട്ടന്റെ പ്രതാപം മങ്ങിത്തുടങ്ങി. എക്കാലത്തും വിധേയരായി നിന്നവർക്ക് ഇപ്പോൾ സ്വന്തമായി ശബ്ദമുണ്ട്. അന്തിമമായി ഈ തർക്കത്തിൽ നിന്ന് ഒരു പുതിയ ‘ഉപനേതാവ്’ ഉണ്ടായി വരുമെന്നോ, സിപിഐക്ക് എന്തെങ്കിലും വിപ്ലവകരമായ മാറ്റങ്ങൾ മുന്നണിയിൽ കൊണ്ടുവരാൻ സാധിക്കുമെന്നോ കരുതുന്നത് മൗഢ്യമാണ്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ, അല്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ, ഈ പരസ്പര വിഴുപ്പലക്കൽ അവസാനിക്കും. അണിയറയിൽ ചില ഒത്തുതീർപ്പുകൾ നടക്കും. വലിയേട്ടൻ എറിഞ്ഞുകൊടുക്കുന്ന ചില ചെറിയ ഔദാര്യങ്ങളിൽ ചെറിയേട്ടൻ തൃപ്തനാകും.

പക്ഷേ, ഒന്ന് ഉറപ്പാണ്. ഈ നാടകം കേരളത്തിലെ ജനങ്ങൾക്ക് മികച്ചൊരു രാഷ്ട്രീയ വിനോദമാണ് നൽകുന്നത്. സിദ്ധാന്തങ്ങളും പ്രമേയങ്ങളും വിഴുങ്ങി ജീവിക്കുന്ന നേതാക്കൾ, അധികാരത്തിന്റെ ചെറിയൊരു കസേരത്തുമ്പിനു വേണ്ടി തെരുവിലിറങ്ങി പോരടിക്കുന്നത് കാണാൻ വല്ലാത്തൊരു ചേലുണ്ട്. ഈ തർക്കം എൽഡിഎഫിന്റെ ആന്തരികമായ ജീർണ്ണതയുടെയും, കൂട്ടായ നേതൃത്വം എന്ന ആശയത്തിന്റെ പൂർണ്ണമായ തകർച്ചയുടെയും നേർക്കാഴ്ചയാണ്. ‘കൂട്ടായ നേതൃത്വം’ കാലഘട്ടത്തിന്റെ ആവശ്യകതയായിരിക്കാം, പക്ഷേ ഇന്നത്തെ എൽഡിഎഫിൽ അതൊരു മരീചിക മാത്രമാണ്. കാത്തിരുന്നു കാണാം, ഈ ‘ഉപ’ നാടകത്തിന്റെ ക്ലൈമാക്സ് എന്താകുമെന്ന്!

Related