October 13 Tuesday 2026

പരപ്പനയിൽ നിന്ന് പരപ്പനങ്ങാടിയിലേക്കുള്ള ദൂരം

സാധാരണഗതിയിൽ എന്തെങ്കിലും തെറ്റ് ചെയ്താൽ ആണ് ശിക്ഷയൊക്കെ ലഭിക്കേണ്ടത്. എന്നാൽ, ഒരു തെറ്റും ചെയ്യാതെ വിചാരണ തടവെന്ന രൂപേണ കാലങ്ങളായി തടവിൽ കഴിയേണ്ടി വരുന്നവരുടെ എണ്ണം ഇങ്ങനെ പെരുകിയതിനെ പ്രതി ആലോചിക്കുമ്പോൾ തന്നെ നമ്മുടെ സ്വാസ്ഥ്യം കെട്ടുപോകും. അങ്ങനെയെങ്കിൽ അനുഭവിക്കുന്നവരുടെ സ്വാസ്ഥ്യങ്ങൾക്ക് മേൽ എത്ര കാർമേഘങ്ങൾ വീണ് ജീവിതം ഇരുണ്ട്പോയിട്ടുണ്ടാകും.

നാമൊക്കെ വലിയ വായിൽ വീമ്പ് പറയുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണിന്ത്യയെന്നും കാര്യങ്ങളെല്ലാം ക്രമപ്രവൃദ്ധമായി നടന്ന് കൊണ്ടിരിക്കുകയാണെന്നുമെല്ലാം മേനിപറഞ്ഞ് നടിച്ചിരുന്നിടത്ത് നിന്നാണ് ഒരുപറ്റം മനുഷ്യർ അനീതിയുടെ അഴുക്ക് പുരണ്ട തടവറകൾക്കുള്ളിൽ ജീവിതം ഹോമിച്ച് കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ മൂന്നുപതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യു.പിയിലെ മുഹമ്മദ് നഈം എന്ന 78കാരനെ രാജ്യദ്രോഹക്കേസിൽ കുറ്റവിമുക്തനാക്കിയിരിക്കുന്നു പ്രത്യേക എൻ.ഐ.എ കോടതി. 33 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്തിമവിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. പ്രതിയാക്കപ്പെടുമ്പോൾ അദ്ദേഹം യൗവനത്തിൻ്റെ ചാരുത അനുഭവിച്ച്കൊണ്ടിരിക്കുന്ന സമയമായിരുന്നു. എന്നാൽ, നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ട് അദ്ദേഹം പുറത്ത് വരുമ്പോഴേക്ക് ജീവിതത്തിൻ്റെ വസന്തകാലം വിടചൊല്ലിയിരുന്നു.

ഇങ്ങനെയെത്രയെത്ര മനുഷ്യരാണ് സമാനാവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളത്. എന്നിട്ടും നമ്മുടെ ഭരണകൂടത്തിനോ, നീതിന്യായ വ്യവസ്ഥകൾക്കോ ഒരു തരിമ്പ് പോലും ഉണർച്ചയോ അനക്കമോ ഉണ്ടാവുന്നില്ലെന്നത് ഏറെ വിരോധാഭാസമാണ്. നിലനിൽക്കുന്ന കരിനിയമങ്ങളെല്ലാം അതിൻ്റെ പേര് പറഞ്ഞ് തുറുങ്കിലടക്കപ്പെട്ടവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ടാവുമെന്ന് നമുക്ക് ആലോചിക്കാവുന്നതേ ഉള്ളൂ. ചെയ്ത തെറ്റെന്താണെന്നറിയാതെ ജയിലറകളിൽ ഒരുപാട് പേർ അടക്കപ്പെട്ടിട്ടുണ്ട്. പ്രത്യുത, തെളിവുകളേറെയുണ്ടായിട്ടും കുറ്റകൃത്യങ്ങൾ ചെയ്തവർ നാട്ടിൽ സ്വൈരവിഹാരം നടത്തുന്നുവെന്നത് വിരോധാഭാസം നിറഞ്ഞ കാര്യമാണ്. ഒളിയജണ്ടകൾ ഒളിഞ്ഞിരിക്കുകയും, പൊതുബോധങ്ങളിൽ അപനിർമിതികൾ രൂപപ്പെടുത്തുകയും ചെയ്ത സ്ഥിതിവിശേഷം ഇതിലുണ്ടായിട്ടുണ്ട്.

ന്യൂനാൽ സമൂഹത്തെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന, വ്യാജ സ്ക്രിപ്റ്റുകൾ മെനഞ്ഞ് വിചാരണ തടവെന്ന രൂപേണ കേസുകൾ മാറ്റിവെച്ചും നീട്ടിവെച്ചും കോടതിമാറ്റിയും ഒച്ചിഴയും വേഗത്തിൽ കാര്യങ്ങൾക്ക് അമാന്തം വരാറുണ്ട്. സമൂഹം ഏറെ പ്രതീക്ഷയോടെ സമീപിച്ചിരുന്ന നീതിന്യായ വ്യവസ്ഥകളുടെ ഇത്തരത്തിലുള്ള സൃഗാലസമീപനങ്ങൾ മനുഷ്യത്വത്തോടുള്ള അടങ്ങാത്ത വെല്ലുവിളിയാണ്. അന്യായമായി പ്രതിചേർക്കാപ്പട്ട് അമൂല്യമായ ആയുസ്സിനെ അഴിക്കുള്ളിൽ അടക്കിവെച്ച് നിരാശയുടെ അമിതഭാരങ്ങൾ പേറാൻ മാത്രമായി വിധിക്കപ്പെട്ട മനുഷ്യസമൂഹമായി വിചാരണതടവുകാരെന്ന പേരിൽ രാജ്യത്തെ ജയിലറകളിൽ കഴിയുമ്പോൾ നമ്മുടെ ഭരണകൂടമൊക്കെ എന്തെടുക്കുകയാണെന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്. ആ ചോദ്യത്തിനകത്ത് പ്രശ്നവത്കരിക്കപ്പെടേണ്ട ഒന്ന് ഒളിഞ്ഞിരിപ്പുണ്ട്. അത് കൃത്യവും വ്യക്തവുമായ ഒളിയജണ്ടകളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടതുണ്ട്.

വേട്ടയാടപ്പെടുന്നത് ഒരു സമുദായത്തിലെ ചെറുപ്പക്കാരാണ്. നീതിയും സമത്വവുമെല്ലാം ഇവിടെ അന്യം നിൽക്കുകയാണ്. ഒന്നും ചെയ്യാതെ എന്താെക്കെയോ ചെയ്തുവെന്ന തരത്തിൽ തിരക്കഥകളുണ്ടാക്കി പൊതു സമൂഹത്തിന് മുന്നിൽ ഭീകരരാക്കി ചിത്രീകരിച്ച് വ്യക്തിത്വത്തിന് പുറമെ കുടുംബത്തിനും അധികബാധ്യതകളുണ്ടാക്കി സമൂഹത്തിൻ്റെ അരുക്കാക്കലുകൾക്ക് വിധേയപ്പെടേണ്ടതിൻ്റെ ദയനീയതകൾ അത്യധികം വിചിത്രമാണ്. ഭാവി വാഗ്ദാനങ്ങളായ യുവതയെ കൊണ്ടുപോയി ജയിലറകൾ നിറക്കുമ്പോൾ നിലച്ചുപോവുന്നത് അവരുടെ സ്വപ്നങ്ങളാണ്. അവർക്ക് വേണ്ടി ശബ്ദിക്കാനൊരുങ്ങിയാൽ അവർക്കേറ്റത് നമ്മെയും പിന്തുടരുമോ എന്ന ഭീതി നമ്മെ വേട്ടയാടികൊണ്ടിരിക്കുന്നുണ്ടാവും. ഇതിനൊക്കെയെന്നാണറുതിയുണ്ടാവുകയെന്ന ചോദ്യം മാത്രമാണിപ്പോൾ അവശേഷിക്കുന്നത്.

പൗരസമൂഹത്തിൻ്റെ പ്രശ്നപരിഹാരത്തിന് സക്രിയമായി ഇടപെടേണ്ട ജനപ്രതിനിധികൾ ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന കാര്യത്തിലും പൊതുവിചാരണ നടക്കേണ്ടതുണ്ട്. അവർ വേണ്ടത്ര കാര്യമാത്ര ഗൗരവത്തിൽ വിഷയങ്ങളെ സമീപിക്കുന്നുണ്ടോയെന്ന് ആലോചിച്ച് നോക്കേണ്ടതുണ്ട്. രാജ്യത്ത് നടന്ന സ്ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലുമെല്ലാം പ്രതിചേർക്കപ്പെടാൻ ഒരു സമുദായത്തിൻ്റെ പ്രാതിനിധ്യങ്ങൾ മാത്രം യോഗ്യതയായി കണക്കാക്കുന്നുവെങ്കിൽ വിഷയം ഗൗരവതരമാണ്. ഒരുപാട് മനുഷ്യരുടെ ജീവിതമിങ്ങനെ അർഥരഹിതമായി മുന്നോട്ട് ചലിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തിൻ്റെ മകുടോദാഹരണങ്ങളായി വർത്തിക്കുന്ന അംഗുലീപരിമിതമായ സാമൂഹ്യസംഘടനകൾ ഈ വിഷയത്തിൽ നിരന്തരം ഇടപെടൽ നടത്തുന്നുവെന്നത് ശുഭോദർക്കമാണ്. അധികാരശീതളിമയിൽ അള്ളിപ്പിടിച്ചിരിക്കുന്നവർക്ക് ഭരണീയരുടെ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്താതെ അധികാരത്തിലേറാൻ ഹേതുവായ വഴികൾക്കും മറ്റും പിന്നാലെ പായുമ്പോൾ അസ്തമിക്കുന്നത് ഒരു ജനതയുടെ ഭാവിയാണ്, സ്വപ്നങ്ങളാണ് പ്രതീക്ഷകളാണ്.

സകരിയ : നീതിയറ്റവരുടെ പ്രതീകം

പതിനേഴ് വർഷം മുമ്പ് 19ാം വയസ്സിൽ ചെയ്ത തെറ്റെന്താണെന്നറിയാതെ/പറയാതെ ബാംഗ്ലൂർ സ്ഫോടനകേസിൽ പ്രതിചേർക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനെന്നർഥത്തിൽ അടക്കപ്പെട്ടിട്ട് വർഷം 17 കഴിഞ്ഞു. പി.ഡി.പി ചെയർമാനും പ്രഭാഷകനുമൊക്കെയായിരുന്ന സമാനക്കേസിൽ പ്രതിചേർക്കപ്പെട്ട് പിന്നീട് വിട്ടയക്കപ്പെട്ട അബ്ദുന്നാസിർ മഅ്ദനിയെ അടച്ച കൽതുറുങ്കിലേക്ക് തന്നെയാണ് സകരിയയെയും പ്രവേശിപ്പിക്കുന്നത്. മഅ്ദനി മുഖേനയാണ് സകരിയയുടെ അവസ്ഥകൾ നാടാകെ പരക്കെ അറിയുന്നത്. വിഷയം പൊതുജനശ്രദ്ധയിലെത്തിക്കാൻ സോളിഡാരിറ്റിയും ഫ്രീ സകരിയ ആക്ഷൻ ഫോറവുമെല്ലാം കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും സകരിയയുടെ മോചനത്തിനായി അവർ നിരന്തരം യത്നിച്ച് കൊണ്ടിരിക്കുന്നുമുണ്ട്.

സകരിയക്ക് മോചനം സാധ്യമാവണമെങ്കിൽ പ്രതിനിധീകരിക്കുന്ന സമുദായത്തിലെ സംഘടനകളെ ഒറ്റികൊടുത്താൽ മതിയായിരുന്നു. ഇവയൊന്നും സകരിയ ചെയ്തില്ല. ആ ധീരചെറുപ്പം ഉദ്യോഗസ്ഥരുടെ മോഹനവാഗ്ദാനങ്ങളിൽ വീണ് ഒരു സമുദായത്തെ ഒറ്റികൊടുക്കാൻ തയാറായില്ല. നിലപാടിൻറെ കരുത്തിന് സകരിയ നൽകുന്ന വില എത്രത്തോളമെന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. സകരിയയുടെ നീതിക്ക് വേണ്ടിയുള്ള സ്വന്തം ഉമ്മയുടെ തളരാത്ത പോരാട്ടവീര്യവും നാം കാണുന്നു. സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഷഹീൻ അബ്ദുല്ല സംവിധാനം ചെയ്ത ‘വിധി കാത്ത് നിൽക്കുന്നവർ ‘ എന്ന സകരിയയെ സംബന്ധിച്ചുള്ള ഡോക്യുമെൻററിയുടെ പ്രദർശനങ്ങളിലൂടെയും തദനുബന്ധമായ ചർച്ചകളിലൂടെയും വിഷയം സജീവമായി കൊണ്ടിരിക്കുകയാണ്. നീതിവ്യവസ്ഥകളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള കോടതി വ്യവഹാരങ്ങളിലെ മെല്ലെപ്പോക്കുകൾ എത്രമാത്രം മൃഗീയമാണ്!.

പൊതുഭീതി പരത്തി അന്തിച്ച് നിർത്താൻ പാകത്തിൽ കാര്യങ്ങൾ മെനഞ്ഞെടുത്ത് ന്യൂനാൽസമൂഹത്തെ വേട്ടയാടി യുവാക്കളെ തെരഞ്ഞുപിടിച്ച് തടവറകളിൽ അവരുടെ മൂല്യമാർന്ന ജീവിതം ഹോമിക്കപ്പെടുമ്പോൾ ഇവിടത്തെ ഭരണകൂടങ്ങളൊക്കെ എന്തെടുക്കുകയാണ്. കുറെ കാലം കഴിഞ്ഞ് നിരപരാധിയെന്ന് പറഞ്ഞ് വിട്ടയക്കപ്പെടുമ്പോൾ അവരുടെ ജീവിതത്തിൻ്റെ നല്ലകാലങ്ങളെല്ലാം കൊഴിഞ്ഞ് പോയിട്ടുണ്ടാവണം. സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞിട്ടുണ്ടാവണം. വീടും കുടുംബവും സമൂഹത്തിൽ നിന്നുള്ള അന്യതാബോധത്താൽ ജീവിതത്തിൻ്റെ അനിർവചനീയാവസ്ഥയിലായിത്തീരും. കരിനിയമങ്ങളാൽ കൽതുറുങ്കുകളിലടക്കപ്പെട്ട ഒരുപാട് മനുഷ്യരുടെ കദനകഥകൾ നാം കേട്ടിട്ടുണ്ടാവും. ആ അവസ്ഥ നമ്മെയാണ് വന്ന് ചുറ്റിപ്പറ്റിയിട്ടുള്ളതെങ്കിൽ അതിൻ്റെ ഭീകരതയുടെ ആഴം നമുക്ക് ബോധ്യപ്പെടും. മനുഷ്യത്വം മരവിക്കാതെ ഇത്തരുണത്തിലുള്ള ഗൗരവതരമായ വിഷയങ്ങളിൽ സക്രിയമായി ഇടപെടാൻ ഓരോ പൗരനും സന്നദ്ധമാവേണ്ടതിൻ്റെ ആവശ്യകത ഏറിവരികയാണ്. നമ്മെ എപ്പോഴാണ് ഇത്തരുണത്തിലുള്ള കുരുക്കുകൾ വരിഞ്ഞ് മുറുക്കുകയെന്ന് പറയാനാവില്ലല്ലോ.

സകരിയയുടെ ജീവിതപശ്ചാത്തലങ്ങൾ തന്നെ ഏറെ പ്രയാസം നിറഞ്ഞതായിട്ടും അലിവില്ലാതെ നിഗൂഢതകളുടെ നിഷ്ഠൂരതകൾ ആ യുവാവിൻ്റെ ജീവിതാഭിലാഷങ്ങൾക്ക് മേലെയെല്ലാം കരിനിഴൽ വീഴ്ത്തിയപ്പോൾ എത്ര നഷ്ടങ്ങളാണ് ആ ചെറുപ്പക്കാരനെ ചുറ്റിപ്പറ്റി ചേർന്ന് നിൽക്കുന്നത്. ബിയ്യുമ്മയുടെ സംസാരങ്ങളിലെപ്പോഴും കടന്ന് വരുന്ന ഒരു പേരായിരുന്നു സാമൂഹിക പ്രവർത്തകനായ സാദിഖ് ഉളിയിലിൻ്റേത്. അങ്ങനെ ഒരുപാട് മനുഷ്യർ അപരർക്കായി അഹോരാത്രം ഓടിനടക്കുന്നത് തന്നെ വലിയ പ്രതീക്ഷയാണ്. ആരാരുമില്ലാത്തവർക്ക് തുണയേകാൻ മനുഷ്യപ്പറ്റുള്ള കുറച്ച് മനുഷ്യർ ഭൂമിയിലുണ്ടെങ്കിൽ തന്നെ സകരിയമാരുടെ മോചനങ്ങൾ സത്വരവേഗത്തിലാവുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ കെട്ടികിടക്കുന്ന നിരപരാധിത്വജീവിതങ്ങളെല്ലാം സ്വാതന്ത്ര്യത്തിൻ്റെ രുചി നുകർന്ന് നവജീവിതം വീണ്ടെടുക്കട്ടെ.

Related