November 23 Monday 2026

ലാഭം വൻശക്തികൾക്ക്, കെടുതി ലോകത്തിന്; ഇറാൻ-ഇസ്രായേൽ-അമേരിക്കൻ യുദ്ധത്തിൻ്റെ ബാക്കിപത്രം

ഓർമ്മകളും മുറിവുകളുമല്ലാതെ യുദ്ധം മറ്റൊന്നും ബാക്കിവെക്കുന്നില്ല. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം ആഗോള ജനതയെയും അവരുടെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുകയുണ്ടായി. പ്രാഥമികമായി ലക്ഷ്യമിട്ട കാര്യങ്ങൾ പൂർണ്ണമായി നേടാനായില്ലെങ്കിലും, പങ്കാളികളായ മൂന്ന് രാജ്യങ്ങൾക്കും അവരുടേതായ നേട്ടങ്ങളും വൻ നഷ്ടങ്ങളും വരുത്തിവെച്ച ഈ യുദ്ധം, ഒരു വ്യക്തമായ അറുതിയും തീരുമാനവുമില്ലാതെ ഇനിയും വഴിമുട്ടി നിൽക്കുകയാണ്. രാജ്യങ്ങൾക്കിടയിൽ പോരാട്ടം തുടരുമ്പോഴും സമാധാനം ഇപ്പോഴും ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു. ചിലപ്പോഴെങ്കിലും കേവലം വിപണികൾ പിടിച്ചെടുക്കാൻ വേണ്ടി മാത്രം നടത്തുന്ന യുദ്ധമെന്ന വിമർശനവും ഈ സംഘർഷത്തിനു മേലുണ്ട്.

ജീവഹാനി സംഭവിച്ചവർ, നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവർ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ എന്നിങ്ങനെ മനുഷ്യരുടെ നിസ്സഹായമായ നഷ്ടക്കണക്കുകൾക്കൊപ്പം തന്നെ ഭൗതികമായ ചില ലക്ഷ്യങ്ങൾ കൈവരിച്ചവരുമുണ്ട്. ചില ശക്തികൾ ആഗോള വിപണികൾ വിഴുങ്ങിയപ്പോൾ, മറ്റ് ചില ചെറുരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ വൻ കൂപ്പുകുത്തലുകക്ക് വിധേയമായി. വിപണി തകർന്നെങ്കിലും പശ്ചിമേഷ്യയിൽ ഈ യുദ്ധം പുതിയ ശാക്തിക ചേരികൾക്ക് വഴിതുറന്നു. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അമേരിക്കൻ അച്ചുതണ്ടിൽ കാര്യമായ അഴിച്ചുപണികൾ ഉണ്ടാകുകയും പുതിയ ആഗോള കൂട്ടുകെട്ടുകൾ കളത്തിലിറങ്ങുകയും ചെയ്തു. ഷാങ്ഹായ് സഹകരണ സംഘടന (SCO) ശക്തിപ്പെടുന്നതും ‘ഇസ്ലാമിക് നാറ്റോ’ പോലുള്ള പുതിയ സൈനിക കൂട്ടുകെട്ടുകൾ രൂപം പ്രാപിക്കുന്നതും ഇതിന് ഉദാഹരണങ്ങളാണ്.

ലാഭനഷ്ടങ്ങൾ കണക്ക് കൂട്ടുമ്പോൾ

ഇറാനെതിരെയുള്ള സൈനിക നീക്കത്തിലൂടെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ, ആറ്റോമിക് കേന്ദ്രങ്ങൾ എന്നിവ ഭാഗികമായെങ്കിലും തകർക്കാനും പരമോന്നത നേതാവ് അലി ഖാംനഇ ഉൾപ്പെടെയുള്ള ഉയർന്ന നേതൃത്വത്തെ വധിക്കാനും സഖ്യകക്ഷികൾക്കായി. ഹിസ്ബുള്ള അടക്കമുള്ള സഖ്യഗ്രൂപ്പുകൾക്കുള്ള ആയുധ വിതരണം തടയാൻ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. എന്നാൽ, ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കായി അമേരിക്കയ്ക്ക് 113 ബില്യൺ ഡോളറിലധികം നേരിട്ട് ചെലവഴിക്കേണ്ടി വന്നു. കൂടാതെ THAAD, PAC-3 തുടങ്ങിയ അതിനൂതന മിസൈൽ ശേഖരം വൻതോതിൽ തീർന്നതും ഗൾഫ് രാജ്യങ്ങൾക്ക് (യു.എ.ഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ) പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ കഴിയാതെ വന്നതും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. അതേസമയം, വലിയ നാശനഷ്ടങ്ങൾക്കിടയിലും മുജ്ത്തബ ഖമേനിയുടെ നേതൃത്വത്തിൽ ഭരണം നിലനിർത്താനും ഹോർമുസ് കടലിടുക്കിലെ കുറഞ്ഞ ചെലവിലുള്ള ഡ്രോൺ-മൈൻ ആക്രമണങ്ങളിലൂടെ ആഗോള എണ്ണവിപണിയെ സമ്മർദ്ദത്തിലാക്കാനും ഇറാന് സാധിച്ചു. എങ്കിലും നാവികസേനയുടെയും എണ്ണ കയറ്റുമതി കേന്ദ്രങ്ങളുടെയും വൻ തകർച്ചയും 250–300 ബില്യൺ ഡോളറിന്റെ ആഭ്യന്തര നഷ്ടവും ഇറാനെ വരും വർഷങ്ങളിലേക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. ഇറാന്റെ നിരന്തരമായ മിസൈൽ-ഡ്രോൺ തിരിച്ചടികൾ കാരണം ഇസ്രായേലിന് ഏകദേശം $12–$15 ബില്യൺ ഡോളറിന്റെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായി. തന്ത്രപ്രധാന സൈനിക താവളങ്ങൾ തകർന്നതിനൊപ്പം Arrow-3, Iron Dome പ്രതിരോധ മിസൈൽ ശേഖരം വൻതോതിൽ തീർന്നതും, ജനങ്ങളെ ദീർഘകാലം ബങ്കറുകളിലേക്ക് മാറ്റേണ്ടി വന്നതും ഇസ്രായേൽ സമ്പദ്‌വ്യവസ്ഥയെയും ടൂറിസം മേഖലയെയും സാരമായി ബാധിച്ചു. അമേരിക്കയെ പോലുള്ള വൻകിടരാജ്യങ്ങളുടെയും അവരെ നയിക്കുന്നവരുടേയും തനിനിറം വ്യക്തമാക്കിയ യുദ്ധം കൂടിയായിരുന്നു ഇത്. നാളിതുവരെ ഒരു അമേരിക്കൻ പ്രസിഡൻ്റിനും ലഭിക്കാത്ത കുപ്രസിദ്ധിയാണ് ട്രമ്പിനു ഈ യുദ്ധങ്ങൾ നേടിക്കൊടുത്തത്.

ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കേറ്റ തിരിച്ചടി:

ഈ സംഘർഷം ആഗോള തലത്തിൽ വലിയ സാമ്പത്തിക ആഘാതമാണ് ഉണ്ടാക്കിയത്. പ്രതിദിനം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില 55 ശതമാനത്തിലധികം വർധിച്ച് ബാരലിന് 112 ഡോളറിന് മുകളിലെത്തി. ഇതേത്തുടർന്ന് ആഗോള ജി.ഡി.പിയിൽ 1.3 ട്രില്യൺ മുതൽ 3.5 ട്രില്യൺ ഡോളർ വരെ വൻ നഷ്ടമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ കണക്കാക്കുന്നു. കപ്പൽ ഗതാഗതത്തിനുള്ള ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയർന്നതും ‘ഹോർമുസ് റിസ്ക് പ്രീമിയം’ വർദ്ധിച്ചതും ഊർജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്ന ലോകരാജ്യങ്ങളിലെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടി. യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ആഭ്യന്തര നാശനഷ്ടവും തകർച്ചയും നേരിട്ടത് ഇറാനാണ്. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾ (ഖാർഗ് ഐലൻഡ് ഉൾപ്പെടെ), നാവിക പടക്കപ്പലുകൾ, വ്യോമപ്രതിരോധ ശൃംഖലകൾ, വൈദ്യുതി-വ്യവസായ ശൃംഖലകൾ എന്നിവ പൂർണ്ണമായി തകർക്കപ്പെട്ടു. $250 ബില്യൺ മുതൽ $300 ബില്യൺ വരെ (ഏകദേശം 25 ലക്ഷം കോടി രൂപയിലധികം) ഭീമമായ തകർച്ചയാണ് ഇറാൻ സാമ്പത്തികമായി നേരിട്ടത്. വരും വർഷങ്ങളിൽ രാജ്യത്തെ പുനർനിർമ്മിക്കുക എന്നതയിരിക്കും  ഇറാനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.

എന്നാൽ, തോക്കെടുക്കാതെ തന്നെ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടിവന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കാണ്. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ഊർജ്ജ ഇറക്കുമതി രാഷ്ട്രങ്ങൾക്ക് എണ്ണവിലക്കയറ്റവും കപ്പൽ ഗതാഗത ചെലവുകളും കാരണം കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യതയാണ് ചുമക്കേണ്ടി വന്നത്. ഡോളറിന്റെ മൂല്യം കൂടിയതോടെ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ വിദേശ കടബാധ്യതയും വർദ്ധിച്ചു. റഷ്യൻ-ഉക്രെയ്ൻ യുദ്ധത്തിന് ശേഷം വീണ്ടെടുപ്പിലേക്ക് നീങ്ങിയിരുന്ന വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഈ പശ്ചിമേഷ്യൻ യുദ്ധം വീണ്ടും പണപ്പെരുപ്പത്തിലേക്കും കടക്കെണിയിലേക്കും തള്ളിയിടുകയുണ്ടായി. വാതക വില ഉയർന്നതോടെ യൂറോപ്യൻ വ്യവസായ മേഖല വൻ പ്രതിസന്ധിയിലായി.

ഹോർമൂസ് കടലിടുക്കിന്‍റെ നിയന്ത്രണം

അമേരിക്കയുടെ ഇറാനുമേലുള്ള കടന്നുകയറ്റം ഹോർമുസ് കടലിടുക്കിനെ ഒരു നിത്യ സംഘർഷ മേഖലയായി മാറ്റുകയായിരുന്നു. ഹോർമുസ് കടലിടുക്കിൽ ആധിപത്യം പുലർത്താനുള്ള ഇറാന്റെ നിലപാടിനെ ഭീഷണിപ്പെടുത്താൻ മാത്രമാണ് അമേരിക്കയ്ക്ക് സാധിച്ചത്. എന്നാൽ, അയവില്ലാത്ത പോരാട്ടങ്ങളിലൂടെ ഇറാൻ ഒരു തരിമ്പ് പോലും പിന്നോട്ട് പോകുകയോ ഹോർമുസിന്റെ നിയന്ത്രണം വിട്ടുകൊടുക്കുകയോ ചെയ്തില്ല. പകരം, വ്യാപാര കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതം ഇറാന്റെ അനുമതിയോടെ മാത്രം സാധ്യമാകുന്ന അവസ്ഥയിലേക്കെത്തിക്കുകയായിരുന്നു ഈ യുദ്ധം. ഏറ്റവും ഒടുവിൽ സെപ്റ്റംബർ 1-ന് ജോർദാനിലെ യു.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾക്ക് ലഭിച്ച 50 ശതമാനത്തോളം വിജയനിരക്ക്, അവരുടെ ദീർഘദൂര മിസൈൽ ശേഷിയിലുണ്ടായ വലിയ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. റഷ്യയുടെ സാങ്കേതിക സഹായത്തോടെ കൂടുതൽ നൂതനമായ ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ സാങ്കേതികവിദ്യ പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ, പശ്ചിമേഷ്യയിലെ യു.എസിന്റെ കര-നാവിക താവളങ്ങളെ നേരിട്ട് ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി വർദ്ധിക്കുകയും മേഖലയിലെ യുദ്ധസന്തുലിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുകയും ചെയ്യും.

കൃത്യമായ ഒരു അറുതിയുമില്ലാതെ ഇടയ്ക്കിടെ പുകഞ്ഞു കത്തുന്ന യുദ്ധങ്ങൾ പശ്ചിമേഷ്യയെ നിരന്തരമായൊരു സംഘർഷ മേഖലയായി നിലനിർത്തുകയാണ്. ആർക്കും ഒരു നിശ്ചയവുമില്ലാതെ തുടരുന്ന ഈ പോരാട്ടങ്ങളിൽ നിന്ന് ലാഭം കൊയ്യുന്നത് വൻശക്തികളും ആയുധ വിപണികളും മാത്രമാണ്; എന്നാൽ ഇതിന്റെ വില കൊടുക്കേണ്ടി വരുന്നത് ഒട്ടേറെ രാജ്യങ്ങളുടെയും ദശലക്ഷക്കണക്കിന് മനുഷ്യരുടെയും ഭാവി തകർന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഈ വിനാശകരമായ യുദ്ധം അവസാനിപ്പിച്ചേ മതിയാകൂ. ആഭ്യന്തരവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾ കാരണം യുദ്ധമവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുമ്പോൾ, അതേ രാഷ്ട്രീയ കാരണങ്ങളാൽ സംഘർഷം ദീർഘകാലം നിലനിർത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇറാനാകട്ടെ, ഇതിനെ തങ്ങളുടെ ജീവന്മരണ പോരാട്ടമായി കാണുകയും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെ പൊരുതിനിൽക്കാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു. രാഷ്ട്ര നേതാക്കൾ തന്ത്രങ്ങൾ മെനയുകയും യുദ്ധഭൂമിയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ഇതിന്റെ കെടുതികൾ അനുഭവിക്കുന്ന ആഗോളസമൂഹം ഒരൊറ്റ കാര്യത്തിനായി മാത്രം പ്രാർത്ഥിക്കുകയാണ്—ഈ ചോരക്കളിക്ക് എന്നെന്നേക്കുമായി ഒരു അന്ത്യമുണ്ടാകാൻ.

Related