August 13 Thursday 2026

മറക്കരുത് തലശ്ശേരി കലാപം; പുനർവായനകൾ വേണം.

മാർക്സിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം ഹിന്ദുക്കൾ 1971 ൽ തലശ്ശേരിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മാർക്സിസ്റ്റുകളല്ലാതായി എന്നത് അക്കാലത്തെ പല മാർക്സിസ്റ്റ് നേതാക്കളും ഏതോ രീതിയിൽ സമ്മതിച്ച കാര്യമാണ്. കലാപാനന്തരം പിന്നീട് മരിച്ച യു.കെ കുഞ്ഞിരാമനെ രക്തസാക്ഷിയായി അവതരിപ്പിക്കുന്നത് ശരിയല്ലാത്ത പ്രചരണമാണെന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസ് പറഞ്ഞത് ഇത്തരുണത്തിൽ സ്മരണീയമാണ്. കലാപത്തിൽ ഒരുവിഭാഗം മാർക്സിസ്റ്റുകൾ പങ്കെടുത്തതും, മാർക്സിസ്റ്റ് നേതാക്കൾ നടത്തിയ പ്രസംഗങ്ങളും അവരുടെ നയനിലപാടുകളും കലാപത്തിന്റെ നിമിത്തമായിരുന്നുവെന്നതും തമസ്കരിക്കാനുള്ള സി.പി.എം ശ്രമത്തെ ചെറുക്കേണ്ടതുണ്ട്. ചരിത്രവസ്തുതകൾ യഥാതഥമായി അവതരിപ്പിക്കണം. അപ്രിയസത്യങ്ങളെ നേരിടാനും, തിരുത്തേണ്ടത് തിരുത്താനുമുള്ള ആർജ്ജവം സി.പി.എം കാണിക്കണം. ഇന്നത്തെ സി.പി.എം നയനിലപാടിനോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്താനാണ് ഈ കുറിപ്പ്. വിയോജിപ്പിനെ വിരോധമായി ഗണിക്കരുത്. ഒന്നിനെയും മറവിക്ക് വിട്ടുകൊടുത്തുകൂട. സിപിഎം അടിമുടി ആകെ ദുഷിച്ചുയെന്ന് പറഞ്ഞുകൂട. ഒട്ടേറെ നല്ലവർ ആ പാർട്ടിയിലുണ്ട്.

*****

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ ദുരന്തമായിരുന്നു 1971 ഡിസംബർ ഒടുവിൽ നടന്ന തലശ്ശേരി കലാപം (കലാപ നാളുകളിൽ വിദ്യാർത്ഥിയായിരുന്ന ഈ ലേഖകൻ തലശ്ശേരിയിൽ കുടുങ്ങി കഴിഞ്ഞിരുന്നു).മൂന്ന്/നാല് ദിവസം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും തീവെപ്പും മറ്റ് ആക്രമ സംഭവങ്ങളും അരങ്ങേറി.ഏറെ കഷ്ടനഷ്ടങ്ങൾക്കും മറ്റിതര പ്രയാസങ്ങൾക്കും ഇരയായത് മുസ്ലീങ്ങൾ തന്നെ. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ,മികവാർന്ന മുസ്ലിം പാരമ്പര്യമുള്ള തലശ്ശേരിയിൽ ഇങ്ങനെയുള്ള കലാപം നടത്തിയത് മുസ്ലിം ലീഗിനേയും, തദ്വാരാ മുസ്ലീങ്ങളെയും അപമാനിക്കാനും വിരട്ടി ഒതുക്കാനും കൂടിയായിരുന്നു. തലശ്ശേരി കലാപത്തിനുശേഷം അഞ്ചര ദശകത്തോളം പിന്നിട്ടിരിക്കുകയാണ്. കലാപത്തെ അന്ന് ആർ.എസ്.എസ് ലോബി മാപ്പിളലഹളയുടെ അമ്പതാം വാർഷികം എന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ന് 65 വയസ്സ് എങ്കിലും ഉള്ളവർകാണ് പ്രസ്തുത കലാപത്തിന്റെ ഓർമ്മയുണ്ടാക്കുക. ആ കലാപത്തെ വിശകലനം ചെയ്ത് പാഠം പഠിക്കുന്നതിൽ നമ്മൾ വേണ്ടത്ര ശ്രദ്ധിച്ചോ എന്നത് വളരെ പ്രസക്തമായ അന്വേഷണമാണ്. ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്കെറിയപെടുമെന്നത് മറക്കരുത്. കാസർകോട് ജില്ല കൂടി ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമായിരുന്നു തലശ്ശേരി. മുസ്ലീങ്ങളിൽ ഗണ്യ വിഭാഗം പുരുഷന്മാർ ഗൾഫ് നാടുകൾ ഉൾപ്പെടെ മറുനാട്ടിൽ ആയതിനാലുള്ള ‘സൗകര്യം’ മാക്സിസ്റ്റ് പാർട്ടി പരമാവധി മുതലെടുക്കുകയും തങ്ങളുടെ സ്വാധീനം വളർത്തുകയും ചെയ്തു. മുസ്ലീങ്ങളിൽ തന്ത്രപൂർവം ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ച്, പിന്നെ രക്ഷകരായി രംഗപ്രവേശം ചെയ്ത് അനുഭാവവും പിന്തുണയും നേടിയെടുക്കുന്ന തന്ത്രം സി.പി.എം ഉപയോഗിക്കാറുണ്ട്. മുസ്ലിം യുവാക്കളെ കേസുകളിലും പ്രശ്നങ്ങളിലും തന്ത്രപൂർവ്വം കുടുക്കി, പിന്നെ വിമോചകരായിവന്ന് സലാമത്താക്കിക്കൊടുത്ത്, തദടിസ്ഥാനത്തിൽ ആവോളം മുതലെടുപ്പ് നടത്തുന്ന അടവുകളും സൂത്രങ്ങളും പല സി.പി.എം ലോക്കൽ നേതാക്കളും പ്രയോഗിക്കാറുണ്ടെന്ന് പിന്നീട് സി.പി.എമ്മിൽ നിന്നകന്ന മാപ്പിള സഖാക്കൾ വേദനയോടെ സൂചിപ്പിക്കുന്നുണ്ട്. മുസ്ലീം യുവാക്കളിൽ നിരീശ്വര- നിർമ്മത ചിന്തകൾ കടത്തിവിടാനും, സദാചാരപരമായി അവരെ തകർക്കാനും ചിലർ ശ്രമിക്കാറുണ്ട്. മുസ്ലിം സഖാക്കൾ മതനിഷ്ഠ പുലർത്താൻ ശ്രമിക്കുമ്പോഴും, ഹജ്ജിനോ, ഉംറക്കോ പോയാലും പാർട്ടി പിന്നെ അവരെ സംശയദൃഷ്ട്യ വീക്ഷിക്കുന്നതായും തഴയുന്നതായും പാർട്ടിയുമായി ഗാഢബന്ധമുണ്ടായിരുന്ന മാപ്പിള സഖാക്കൾ സ്വകാര്യമായി സങ്കടപ്പെടുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മുസ്ലിം കുടുംബങ്ങളിലും മഹല്ലുകളിലും, പള്ളി കമ്മിറ്റികളിലും സി.പി.എമ്മിന്റെ അംബാസഡർമാരെ ഉണ്ടാക്കിയെടുക്കുന്നതിൽ സി.പി.എം വിജയിച്ചിട്ടുണ്ട്.(ഏറ്റവും ഒടുവിൽ വഖഫ് ബോർഡിൽ ഇസ്ലാം വിരുദ്ധരായ കമ്മ്യൂണിസ്റ്റുകൾ കയറിപ്പറ്റിയിട്ടുണ്ട്) ചുരുക്കത്തിൽ മഴുത്തായ്കളെ വളർത്തിയെടുത്ത് മുസ്ലീങ്ങളെ തകർക്കുന്ന കുതന്ത്രം ഒരളവോളം വിജയിക്കുന്നു.ഈ മഴുത്തായികളാണ് സി.പി.എം മുസ്ലീങ്ങളെ കാത്തുരക്ഷിക്കുന്നവരാണെന്ന ഒരു മിഥ്യാബോധം മുസ്ലീങ്ങളിൽ സമർഥമായി വ്യാപിപ്പിക്കുന്നത്. തലശ്ശേരി കലാപത്തിനുശേഷം തങ്ങളുടെ സ്വാധീനം ഇവ്വിധം വളരെ വിദഗ്ധമായി നിലനിർത്തി പോരുന്നു. തലശ്ശേരി മുൻസിപ്പാലിറ്റി ദശകങ്ങളായി സി.പി.എം അടക്കിഭരിക്കുന്നുണ്ട്.ഇതിനായി മൺമറഞ്ഞുപോയ അഖിലേന്ത്യാ മുസ്ലിം ലീഗിനേയും, മൃതപ്രായമായിക്കിടക്കുന്ന ഐ എൻ എല്ലിനെയും ഏണിപ്പടികളായി ഉപയോഗിക്കുന്നതിലും സി.പി
എം അസൂയാർഹമാം വിധം വിജയിച്ചു.(കേരള കോൺഗ്രസ് മാണി വിഭാഗത്തെയും മുമ്പ് ജോസഫ് വിഭാഗത്തെയും എത്രയുംവേഗം മുന്നണിയിൽ ഉൾപ്പെടുത്തിയതും, ഐ.എൻ.എല്ലിനെ ഏതാണ്ട് കാൽനൂറ്റാണ്ട് വെയിലത്തു നിർത്തി നശിപ്പിച്ചതും ഓർക്കുക) ഇപ്പോൾ സി.പി.എം അതിസമർഥമായി പുലർത്തുന്ന മുസ്ലിം വിരുദ്ധ സമീപനം മനസ്സിലാക്കാൻ അരനൂറ്റാണ്ടിലേറെ മുമ്പ് നടന്ന കലാപവും അതിലേക്ക് നയിച്ച പശ്ചാത്തലവും സംഭവ പരമ്പരകളും സത്യാന്വേഷണ ബുദ്ധിയാ വിശകലനം ചെയ്യേണ്ടതുണ്ട്. 1970-കളിൽ മുസ്ലിംലീഗിനെ പിളർത്തുന്നതിൽ കോൺഗ്രസിനെന്ന പോലെ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. ഒരു വ്യാഴവട്ടത്തിലേറെക്കാലം മുസ്ലിം ലീഗിലെ പിളർപ്പിന്റെ കഷ്ടനഷ്ടങ്ങൾ സമുദായം ഏറെ സഹിക്കേണ്ടിവന്നിട്ടുണ്ട്.(കേരളത്തിലെ പ്രബലയായ മത സംഘടനയായ സമസ്തയെ പിളർത്തിയത്തിലും പങ്കുണ്ട്. സമസ്തയിലെ പ്രബല വിഭാഗത്തെ വീണ്ടും പിളർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ സി.പി.എം) മുസ്ലിം സംഘടനകൾ ഒന്നിക്കുന്നതും ക്രിയാത്മകമായി സഹകരിക്കുന്നതും സി.പി.എം ആശങ്കയോടെയാണ് കാണുന്നത്. മുസ്ലിം ഐക്യം സമുദായ പുരോഗതിക്ക് വേണ്ടിയാണ്; സമുദായ പുരോഗതി നാടിന്റെ കൂടി പുരോഗതിയാണ് ;പക്ഷെ മുസ്ലീങ്ങൾ തങ്ങളുടെ ഇറയത്ത് എന്നും ആശ്രിതരായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ മുസ്ലിം സംഘടനകൾ സഹകരിച്ച് ഒന്നിച്ച് നീങ്ങുന്നത് സി.പി.എം ഭയപ്പെടുന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു “ചത്തകുതിര” എന്നായിരുന്നു മുസ്ലിം ലീഗിനെ വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് മർഹൂം: സി.എച്ച് പറഞ്ഞു. സ്വാതന്ത്രാനന്തരമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഗണ്യവിഭാഗം പ്രവർത്തകരും പരമാർത്ഥത്തിൽ കടുത്ത ലീഗ് വിരോധികളായിരുന്നു. മുസ്ലിം ലീഗിന് കേരളത്തിൽ ആദ്യമായി മാന്യ പരിഗണന ലഭിച്ചത് 1967ലെ സപ്ത മുന്നണി മഹാഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം നിലവിൽ വന്ന മന്ത്രിസഭയിലാണ്.ലീഗ് മത്സരിച്ച 15 സീറ്റുകളിൽ 14ലും വിജയിച്ചു. മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും ഉണ്ടായി.ഈ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല കോഴിക്കോട് സർവ്വകലാശാല തുടങ്ങിയവ ഉൾപ്പെടെ പല നല്ല കാര്യങ്ങളും ഉണ്ടായി.(ഇതൊക്കെ സി.പി.എം ചെയ്ത ഔദാര്യമായി സി.പി.എമ്മിലെ ചില ആളുകൾ ഉദ്ധരിക്കാറുണ്ട്, വേറെ ചിലർ അതങ്ങനെ ഏറ്റുപാടാറുമുണ്ട്. ഈ വിഡ്ഢിത്തം ഈയിടെയായി പലരും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്) പക്ഷേ പ്രസ്തുത മുന്നണിയിൽ അനൈക്യം ഉടലെടുത്തു. മാർക്സിസ്റ്റ് പാർട്ടിയുടെ വല്യേട്ടൻ മനോഭാവത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ കുറുമുന്നണി രൂപപ്പെട്ടു. ജർമനിയിൽ ചികിത്സയ്ക്ക് പോയ ഇ.എം.എസ് മടങ്ങിവന്നപ്പോൾ മുന്നണി ചിതറി ശിഥിലമായത് മനസിലായി, പിന്നീട് ഇ.എം.എസ് സ്വീകരിച്ച നിലപാടുകളും നടപടികളും പ്രസ്തുത മുന്നണിയെ തകർത്തു. മന്ത്രി സഭ രാജിവെച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തിയ ശ്രമത്തിൻ ഫലമായി അന്ന് രാജ്യസഭാ മെമ്പറായിരുന്ന, കേരള രാഷ്ട്രീയത്തിൽ അത്രയൊന്നും സജീവമല്ലാതിരുന്ന സി.പി.ഐ നേതാവ് സി.അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. സി.എച്ച് ആഭ്യന്തരമന്ത്രിയായി.സി.പി.ഐ.യും മുസ്ലിംലീഗും ‘കൊലച്ചതി’ യാണ് പ്രവർത്തിച്ചതെന്ന് മാർക്സിസ്റ്റ് നേതൃത്വം വളരെയേറെ രോഷംകൊണ്ടു. അതുകൊണ്ടുതന്നെ മുസ്ലിം ലീഗിനെതിരെ വളരെ രൂക്ഷമായും അമാന്യമായും വിമർശനങ്ങൾ സി.പി.എം. നാടെങ്ങും നടത്തി, വിശിഷ്യാ മലബാറിൽ. ഉരുളക്കുപ്പേരി എന്നോണം പ്രഗൽഭ വാഗ്മി കൂടിയായ സി.എച്ച് കേരളത്തിലാകെ മാർക്സിസ്റ്റുകൾക്കെതിരെ ഗംഭീര പ്രഭാഷണങ്ങൾ നടത്തി.1969ൽ ബാഫഖി തങ്ങൾ കൂടി മുൻകൈയെടുത്ത് നിലവിൽ വന്ന ഐക്യമുന്നണിയുടെ തുടർച്ചയാണ് ഇന്നത്തെ യു.ഡി.എഫ്. ഈ മുന്നണി അര നൂറ്റാണ്ടിലേറെ ഒരു വിധം നിലനിന്നു പോന്നത് തമ്മിലടിയും ഗ്രൂപ്പിസവും സ്ഥിരം പരിപാടിയാക്കിയ കോൺഗ്രസ് നേതാക്കളെ കൊണ്ടല്ല, മറിച് മുസ്ലിംലീഗ് അവസരോചിതം ക്രിയാത്മകമായി പ്രവർത്തിച്ചത് കൊണ്ടാണ്. കോൺഗ്രസും ലീഗും തമ്മിലുള്ള ഈ ബന്ധം ആർ.എസ് എസ് ലോബിക്ക് ഏറെ അസഹനീയമാണ്. എന്നാൽ തക്കം കിട്ടുമ്പോഴൊക്കെ ലീഗിനെതിരെ ചാടിവീഴാൻ കോൺഗ്രസിലെ ഒരു വിഭാഗം വലിയ ആവേശം കാണിച്ചു.(1972-74 കാലത്ത് നടന്ന “ഭാരതരത്നം” ഉപ പാഠപുസ്തകത്തെ പറ്റിയുള്ള വിവാദം ഒരു ഉദാഹരണമാണ്.പ്രസ്തുത വിവാദ വേളയിലാണ് നിലവിലുള്ള മുസ്ലിം ലീഗ് 1906-ലെ മുസ്ലിം ലീഗിന്റെ തുടർച്ച തന്നെയാണെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായ ഉമർ ബാഫഖി തങ്ങൾ പ്രസ്താവിക്കാനിടയായത്. കോൺഗ്രസ് നേതാവ് കെ കരുണാകരൻ ആഭ്യന്തര മന്ത്രിയായിരിക്കെ 1975-ലെ അടിയന്തരാവസ്ഥ കാലത്ത് ഉമർ ബാഫഖി തങ്ങൾ, തലശ്ശേരിയിലെ ചെറിയ മമ്മൂകേയി ഉൾപ്പടെ അഞ്ച് പേരെ അന്യായമായി ജയിലിലടച്ചു)

1970 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടി.തലശ്ശേരിയിൽ മാർക്സിസ്റ്റ് സ്ഥാനാർഥിയെ തോൽപ്പിച്ചുകൊണ്ട് സി.പി.ഐ നേതാവ് എൻ.ഇ.ബാൽറാം ജയിച്ചു. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ്, കോൺഗ്രസ് എന്നിവരുടെ പൂർണ്ണ പിന്തുണയോടെ സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുസ്ലിംലീഗിന് രണ്ട് മന്ത്രിമാരും സ്പീക്കർ പദവിയും കിട്ടി. സി.പി.ഐ നേതാവ് അച്യുതമേനോൻ മുഖ്യമന്ത്രിയായതും (അക്കാലത്ത് സി.പി.എമ്മിന് സി.പി.ഐയോട് തീർത്താൽ തീരാത്ത കഠിന വിരോധമുണ്ടായിരുന്നു) മുസ്ലിം ലീഗിന് രാഷ്ട്രീയ മേഖലയിൽ കൂടുതൽ പരിഗണന കിട്ടിയതും മാർക്സിസ്റ്റ് പാർട്ടിയെ വിറളി പിടിപ്പിച്ചു. ആകയാൽ മുസ്ലിം ലീഗിനെതിരെ പൂർവോപരി രൂക്ഷവിമർശനം സി.പി.എം നടത്തി.മുസ്ലിം ലീഗിനോടുള്ള കടുത്ത വിരോധവും രോഷവും പല മാർഗേണ അങ്ങോളമിങ്ങോളം പ്രസരിപ്പിച്ചു.

മലപ്പുറം ജില്ലാ രൂപീകരണം, കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കല്‍ ഉള്‍പ്പെടെ പലതും നടന്നതില്‍ ആര്‍.എസ്.എസ് വൃത്തങ്ങളും അവരോട് ചേര്‍ന്നുനിന്നുകൊണ്ട് കെ.കേളപ്പനും, കോണ്‍ഗ്രസ്സ്കാരുമൊക്കെ വളരെ അസ്വസ്ഥരായിരുന്നു. കോണ്‍ഗ്രസ്സുകാരില്‍ നല്ലൊരുവിഭാഗം പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍.എസ്.എസ്സുമാണെന്ന് എ.കെ. ആന്റണി പറഞ്ഞത് ഏറെ ശരിയായിരുന്നു അന്നാളുകളില്‍.(ഇപ്പോൾ പകൽ മാർസിസ്റ്റ്റ്റും രാത്രി ആർ.എസ്.എസ്സും ആകുന്ന ദുരവസ്ഥ ഉണ്ടെന്ന് ചില സഖാക്കൾ തന്നെ അഭിപ്രായപെടുന്നു)

മാര്‍ക്സിസ്റ്റുകള്‍ കടുത്ത ലീഗ് വിരോധം വ്യാപകമായി പ്രചരിപ്പിച്ചത് നല്ലൊരു വിഭാഗം മാര്‍ക്സിസ്റ്റ് ഹിന്ദുക്കളില്‍ മുസ്ലിംവിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്താനും മുതലെടുക്കാനും ആര്‍.എസ്.എസ്സ് ലോബി സമര്‍ഥമായും സജീവമായും പലമാര്‍ഗേണ യത്നിച്ചു.ഇതിന്റെ ഫലമായിരുന്നു 1971- ഒടുവില്‍ തലശ്ശേരിയില്‍ നടന്ന വര്‍ഗീയ ലഹള. മലപ്പുറം ജില്ല നിലവില്‍ വന്നതില്‍ തങ്ങള്‍ക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആര്‍.എസ്.എസ്സുകാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്ന് ചില മാര്‍ക്സിസ്റ്റുകളെ അവര്‍ ചട്ടുകമായി ഉപയോഗിക്കുകയും ചെയ്തു.

പര്‍വതീകരണ-വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്ലിംലീഗ് വിരോധം കടുത്ത മുസ്ലിംവിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരിയിൽ വെച്ച് പത്രക്കാരോട് സംസാരിക്കുമ്പോള്‍ ”ഞങ്ങളുടെ ആളുകളും ഈ കലാപത്തില്‍ പങ്കാളിയായിരിക്കാം” എന്ന് ഇ.എം.എസ്സ് പറഞ്ഞത് മേല്‍പറഞ്ഞ വസ്തുത ബുദ്ധിമാനായ ഇ.എം,എസ്സ് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ രാജഗോപാൽ 2009 ൽ ജീവാമൃതം എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമർശങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്.അദ്ദേഹത്തിന്റെ പ്രസ്താവന പൂർണ്ണമായും ശരിയാവണമെന്നില്ല ; ഒരുപക്ഷേ സത്യത്തിന്റെ ചില അംശങ്ങൾ കണ്ടേക്കുമെന്ന് മാത്രം.

“1971 ൽ നടന്ന തലശ്ശേരി കലാപമായിരുന്നു അത്. ഇതിന്റെ ഓരോ ഘട്ടത്തിലും ഓരോ സംഭവത്തിലും മാർക്സിസ്റ്റുപാർട്ടിയുടെ കുറ്റകരമായ ഗൂഡാലോചന കണ്ടെത്താൻ, ആ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ജനസംഘം നിയോഗിച്ച അന്വേഷണ കമ്മീഷനെ നയിച്ച വ്യക്തി എന്ന നിലയിൽ എനിക്കുകഴിഞ്ഞു…

സി.പി.എമ്മിന്റെ അസഹിഷ്ണുതാ മനോഭാവത്തിൽ നിന്നുണ്ടാകുന്ന സി.പി.എം. ആർ.എസ്.എസ്സ്.സംഘർഷങ്ങളെ സ്വന്തം താൽപര്യ സംരക്ഷണാർഥം സി.പി.എം.കാർ വർഗീയ സംഘർഷമാക്കി ലേബലിട്ട് മുതലെടുക്കുകയായിരുന്നു. അതാണ് സത്യം. തലശ്ശേരി കലാപത്തോടനുബന്ധിച്ച് പിണറായിയിലെ പുരാതനമായ പള്ളി തകർക്കപ്പെട്ടു. സി.പി.എമ്മിന്റെ ആടിനെ പട്ടിയാക്കൽ തന്ത്രം ഇതിലും ഞങ്ങൾക്ക് കാണാനായി…

കണ്ണൂരിലെ പിണറായി പ്രദേശങ്ങൾ മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് പള്ളി തകർക്കപ്പെട്ടത്. അതാകട്ടെ മുപ്പത്താറിഞ്ച് വ്യാസമുള്ള തൂണുകളും തടിച്ച ചുമരുകളുമൊക്കെയുള്ള പഴയരീതിയിലെ ഒരു വലിയ പള്ളിയായിരുന്നു. ഒരാവേശത്തിന് വന്ന് ആർക്കെങ്കിലും പെട്ടെന്ന തകർത്തിട്ട് പോകാൻ കഴിയാത്തമട്ടിൽ ഉറപ്പുള്ള പളളി. അതിന് ചുറ്റും താമസിക്കുന്നതിലേറിയ പങ്കും മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വം തന്നെയുള്ള ബീഡി തൊഴിലാളികളാണ്. ആ പ്രദേശത്ത് തന്നെ ഒരു ആർ എസ്.എസ്സുകാരനോ ജനസംഘം പ്രവർത്തകനോ ഇല്ല എന്ന് മാത്രമല്ല അവിടത്തെ പ്രാദേശിക സഹായമില്ലാതെ ഒരാളിന് അവിടെ വന്ന് ഇത്തരം ഒരു നശീകരണ പ്രക്രിയ നടത്താനുമാകില്ല…. ഇത് സംബന്ധിച്ച് പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിനയത്തിൽ കമ്മീഷന്റെ നിഗമനവും ഇതിന് സമാനമായിരുന്നു. ഈ കലാപത്തിൽ രാഷ്ട്രീയ പരിഗണനക്കപ്പുറം എല്ലാ പേരും മതപരമായ ചേരിതിരിവോടെ പങ്കെടുത്തുവെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ആൾക്കാർ പങ്കാളികളായി എന്നും അദ്ദേഹം രേഖപ്പെടുത്തി. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേണ്ടത്ര തുറന്നുകാണിക്കപ്പെടാത്ത ഒരു മുഖമാണ് വ്യക്തമാക്കുന്നത്”. (ജീവാമൃതം 108-110)

തലശ്ശേരിയിലെയും കണ്ണൂർ ജില്ലയിലെയും അക്കാലത്തെ സി.പി.ഐ നേതാക്കൾ തലശ്ശേരി കലാപത്തിൽ മാർക്സിസ്റ്റുകൾക്കുള്ള വലിയ പങ്ക് അന്ന് പരസ്യമായി രേഖപ്പെടുത്തുകയും അക്കാര്യം വിതയത്തിൽ കമ്മീഷൻ മുമ്പാകെ മൊഴി കൊടുക്കുകയും ചെയ്തതാണ്. അത് പ്രസ്തുത കമ്മീഷൻ റിപ്പോർട്ടിൽ ആർക്കും കാണാവുന്ന അനിഷേധ്യ രേഖയാണ്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് പിന്നിട് അകന്ന പല സഖാക്കളും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്, പറയുന്നുമുണ്ട്.

കോൺഗ്രസ്സ് ഉൾപ്പെടെ ഭരണം കയ്യാളാനിടയുള്ള രാഷ്ട്രീയ പാർട്ടികളിലേക്ക് ആർ.എസ്.എസ്സ്. പലരീതിയിൽ നുഴഞ്ഞുകയറ്റം നടത്തി തങ്ങൾക്ക് ഉപകാരപ്പെടുന്ന പലവിധ വിക്രിയകളും നടത്താറുണ്ടെന്ന വസ്തുത പലതവണ പറഞ്ഞിരുന്നതാണ്. പകൽ മാർക്സിസ്റ്റും രാത്രി ആർ.എസ്.എസ്സുമായി കഴിയുന്നവർ ഉണ്ടോ എന്ന് ഇടതുപക്ഷചായ് വുള്ള പലരും ആശങ്കയോടെ – ദുഖത്തോടെ -ചിന്തിക്കുന്നുണ്ട്.

പിണറായിയിലെ പള്ളി തകർക്കാൻ ഇങ്ങനെയുള്ള മാർക്സിസ്റ്റുകാരുടെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് രാജഗോപാലിന്റെ വിവരണത്തിൽ നിന്ന് മനസിലാകുന്നത്. രാജഗോപാലിന്റെ പ്രസ്താവന മാർക്സിസ്റ്റ് നേതാക്കൾ എങ്ങനെ കാണുന്നുവെന്നറിയാൻ മാർക്സിസ്റ്റ് പാർട്ടി അനുഭാവികളിൽ പലർക്കും ആഗ്രഹമുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് മാർക്സിസ്റ്റ് പാർട്ടി നേരത്തെ വർഗീയതക്ക് വളരെ എതിരായിരുന്നു. എന്നാൽ മാർക്സിസ്റ്റുകളിൽ ചിലരെങ്കിലും, നേതാക്കൾ ഉൾപ്പെടെ, ഇന്നെങ്ങിനെയാണ്? മുസ്ലിം വിരുദ്ധ രാഷ്ട്രീയം വളരെ വിദഗ്ധമായിക്കളിക്കുന്നതിൽ മാർക്സിസ്റ്റ് പാർട്ടി വളരെ ‘മിടുക്ക് ‘പുലർത്തുന്നുണ്ടെന്ന ദുഖ സത്യം നല്ലവരായ മാർക്സിസ്റ്റുകൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലക്ക് ആര്‍.എസ്.എസ്സിന്റെ അഴിഞ്ഞാട്ടത്തിനും അക്രമത്തിനും കൊള്ളക്കുമെതിരെയുള്ള നിലപാടാണ് മാര്‍ക്സിസ്റ്റ്പാര്‍ട്ടി അന്ന് സ്വീകരിച്ചത് എന്ന് പൊതുവിൽ പറയാം. തലശ്ശേരിയിലും പരിസരങ്ങളിലും ഇടതുപക്ഷ അനുകൂല അന്തരീക്ഷം ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. നേരത്തെ അഖിലേന്ത്യാ മുസ്ലിംലീഗും പിന്നീട് ഐ.എന്‍.എല്ലും മറ്റുചില മുസ്ലിം ഗ്രൂപ്പുകളും മാര്‍ക്സിസ്റ്റ്പാര്‍ട്ടിയെ പിന്തുണച്ചിരുന്നു.

പല പ്രദേശങ്ങളിലും സംഭവങ്ങളിലും മാര്‍ക്സിസ്റ്റ്പാര്‍ട്ടി മുസ്ലിംലീഗിനെതിരെയോ മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകള്‍ അവരറിയാതെ കടുത്ത മുസ്ലിം/ഇസ്ലാം വിരോധമായി സംക്രമിക്കുന്നുണ്ട് എന്നത് അവര്‍ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്ലിം വ്യക്തിനിയമത്തില്‍ ഉണ്ടെന്ന് അവര്‍ തെറ്റിധരിക്കുന്ന പോരായ്മകളെ എതിര്‍ക്കുമ്പോഴും സംഗതി തദ്വിഷയത്തില്‍ മാത്രം ഒതുങ്ങാതെ ഇസ്ലാം/മുസ്ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇത് അങ്ങിനെതന്നെ സംഭവിച്ചു. അതിന്‍ഫലമായി ഹൈന്ദവ പിന്തുണ കൂടുതല്‍ കേന്ദ്രീകരിക്കാനും മുസ്ലിംലീഗിന്റ ഒരു ചീന്തുപോലുമില്ലാത്ത മന്ത്രിസഭ രൂപീകരിക്കാനും സാധിച്ചു. നാദാപുരത്തും പരിസരങ്ങളിലും മുസ്ലിംലീഗിനെതിരെയോ അല്ലെങ്കില്‍ മുസ്ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമര്‍ശനങ്ങള്‍ താഴേത്തട്ടില്‍ മുസ്ലിം വിരോധമായിട്ടാണ് എത്തുന്നതെന്ന് അല്ലെങ്കില്‍ അതില്‍നിന്ന് ആര്‍.എസ്.എസ്സ് നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്ന് സഖാക്കള്‍ തിരിച്ചറിയാതെ പോകുന്നു.

ആര്‍.എസ്.എസ്സിനെ എതിര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഒരുതരം അധൈര്യമോ അപകര്‍ഷതാബോധമോ അനുഭവിക്കുന്നതായി മനസ്സിലാകുന്നു. തൂക്കമൊപ്പിക്കാന്‍ ഏതെങ്കിലും മുസ്ലിം സംഘടനയെക്കൂടി ചേര്‍ത്തുകൊണ്ടേ ആര്‍.എസ്.എസ്സിനെതിരെ ശബ്ദിക്കാറുള്ളൂ. ഇങ്ങിനെ തെറ്റായ സമീകരണം നടത്തി ചേര്‍ത്തുപറയുമ്പോള്‍ ഫലത്തില്‍ ആര്‍.എസ്.എസ്സ് എന്ന ആഴത്തില്‍ വേരുള്ള മഹാഭീകര വിധ്വംസക സംഘടനയെ ലളിതവല്‍ക്കരിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന വേലയാണ് ചെയ്യുന്നത്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ കാണുമ്പോഴും ഇങ്ങിനെ ഒരപകടമുണ്ട്. വര്‍ഗീയത ആരുടേതായാലും തെറ്റാണ് മോശവുമാണ്, തികച്ചും എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയത കൂടുതല്‍ അപകടകാരിയാണെന്ന വസ്തുത മറക്കരുത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അതുകൊണ്ടാണ് Hindu communalism is more dangerous and deep rooted എന്ന് പറഞ്ഞത്. ന്യൂനപക്ഷ വര്‍ഗീയത അധികവും പ്രതികരണ സ്വഭാവത്തിലുള്ളതാണ്. ഇത് ഉണ്ടായിത്തീരുന്നത് തീക്ഷ്ണവും തീവ്രവും അഗാധവുമായ ഭൂരിപക്ഷവര്‍ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ്. അസഹനീയമാം വിധമുള്ള അതിരൂക്ഷമായ തിക്താനുഭവങ്ങളോട് ചെറുതായെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ന്യൂനാല്‍ന്യൂനമായ ഒരു വിഭാഗം. ഇത് അവരുടെ ഭാഗത്തുനിന്നുണ്ടാവുന്ന തികഞ്ഞ അവിവേകമാണ്. അന്തിമ വിശകലനത്തില്‍ അത് ന്യൂനപക്ഷങ്ങള്‍ക്ക് വളരെ ദോഷകരവുമാണ്. ഇവ്വിധം തീവ്രമായി ചിന്തിക്കാനും അവിവേകം പ്രവൃത്തിക്കാനും ന്യൂനപക്ഷങ്ങൾ തുനിയണമെന്നുതന്നെയാണ് ഫാസിസ്റ്റുകള്‍ ഫാസിസ്റ്റ് മനസ്സുള്ള കമ്മ്യൂണിസ്റ്റുകളിൽ ഒരു വിഭാഗവും ഉള്ളാലെ ആഗ്രഹിക്കുന്നതും. അതിനായി അവര്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്യുന്നു.

മൂലകാരണത്തെയും തൽഫലമായുള്ള പ്രതികരണത്തെയും ഒരുപോലെ കാണുന്നതില്‍ അനീതിയും അസന്തുലിതത്വവുമുണ്ട്. ഈവക ബിന്ദുക്കള്‍ വേണ്ടുംവിധം പരിഗണിക്കാതെ ഭൂരിപക്ഷവര്‍ഗീയതയേയും ന്യൂനപക്ഷവര്‍ഗീയതയെയും ഒരുപോലെ വീക്ഷിക്കുന്ന മാര്‍ക്സിസ്റ്റ്പാര്‍ട്ടിയുടെ സമീപനം ഫലത്തില്‍ ആര്‍.എസ്.എസ്സിന് അനുകൂലമായിട്ടാണ് ഭവിക്കുന്നത്. ഇങ്ങിനെ മാര്‍ക്സിസ്റ്റ്പാര്‍ട്ടി ചിന്തിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറിയിരിക്കാനിടയുള്ള ആര്‍.എസ്.എസ്സ് ലോബിയുടെ ദുസ്വാധീനം കൊണ്ടാണ്. തങ്ങളുടെ പാര്‍ട്ടിയിലേക്കുള്ള ആര്‍.എസ്.എസ്സ് നുഴഞ്ഞുകയറ്റവും കുത്തിത്തിരിപ്പും മാര്‍ക്സിസ്റ്റ്പാര്‍ട്ടി തിരിച്ചറിയേണ്ടതുണ്ട്.

സംഭവങ്ങളേയും സംഗതികളേയും വിലയിരുത്തുന്നതില്‍ മാര്‍ക്സിസ്റ്റ്പാര്‍ട്ടി പുലര്‍ത്തുന്ന ഒരു തരം മുരടന്‍ കാഴ്ചപ്പാട് (Dogmatic approach) കാരണം പഠിച്ചതൊന്നും മറക്കാതെയും പുതുതായൊന്നും പഠിക്കാതെയും ഇപ്പോഴും മാര്‍ക്സിസ്റ്റ് നേതൃത്വം മുരടൻ സിദ്ധാന്തവാശിയില്‍തന്നെ തുടരുന്നത് ഫാസിസ്റ്റ് ദുഃശ്ശക്തികള്‍ക്ക് രംഗം പാകപ്പെടുത്തികോടുക്കലാണ്. സത്യത്തിൽ ഇടതുപക്ഷവും കോൺഗ്രസ്സും മറ്റു മതേതര പാർട്ടികളും ആർ.എസ്.എസ്, ഫാസിസ്റ്റ് ദുശ്ശക്തികൾക്കെതിരെ ഫലപ്രദമായി ഒന്നിക്കേണ്ടതുണ്ട്. ജനാധിപത്യ ക്രമത്തിൽ ഭൂരിപക്ഷത്തിൽ നിന്നാണല്ലോ ഭൂരിപക്ഷം ഉണ്ടാവുക.അങ്ങനെ വരുമ്പോൾ ഭൂരിപക്ഷപ്രീണനം സംഭവിക്കാൻ ഇടയുണ്ട്. ഇത് ജനാധിപത്യത്തിൽ സംഭവിക്കുന്ന ഒരു ദുരന്തം തന്നെയാണ്. സംവാദങ്ങളിൽ എങ്ങനെയും ജയിക്കാൻ കാട്ടുന്ന കൗശലങ്ങൾ അന്തിമ വിശകലനത്തിൽ സമൂഹത്തിൽ പല ദോഷങ്ങളും ദൂഷ്യങ്ങളും ഉണ്ടാക്കുന്നു.

1969-71 കാലത്ത് മുസ്ലിംലീഗിനെ നാട്ടക്കുറ്റിയാക്കി വ്യാപകമായ എതിർ പ്രചാരണം നടത്തിയത് പോലെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കെതിരെയാണ് കാടിളക്കി പ്രചാരണം നടത്തുന്നത്. ഇത് അന്തിമവിശകലനത്തിൽ ഇസ്ലാം/മുസ്ലിം വിരോധമായിട്ടാണ് പലരിലേക്കും പടർന്നുപിടിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ ഈ പിടിവിട്ട കളിയിൽ ആർ.എസ്.എസ് ഉള്ളാലെ സന്തോഷിക്കുന്നുണ്ടാകും. അവർക്ക് മുതലെടുപ്പ് നടത്താൻ ഉള്ള വക സി.പി.എം ഒരുക്കി കൊടുക്കുകയാണ്. ഇത് കേരളത്തിലെ മതേതര പാരമ്പര്യത്തെ തകർക്കാനിടയുണ്ട്. സമുദായങ്ങൾക്കിടയിൽ കാലുഷ്യം വളർത്താനും പകയും വിദ്വേഷവും പരത്താനുമാണ് സിപിഎം തന്ത്രങ്ങൾ സഹായകമാക്കുക. മറുവശത്ത് മുസ്ലിം ക്രിസ്ത്യൻ സംഘർഷങ്ങൾ ഉണ്ടാക്കാനും സി.പി.എം ഒത്താശയോടെ കുൽസിത ശ്രമങ്ങൾ നടക്കുന്നു. ക്രമേണ സി.പി.എം -ഫാസിസ്റ്റ്-സിയോണിസ്റ്റ് അച്ചുതണ്ടായി ഇത് പരിണമിചേക്കുമോ എന്ന് ശങ്കിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിന് ഭരണത്തുടർച്ച (രണ്ടാമൂഴം) ലഭിച്ചത് ബി.ജെ.പിക്ക് സാധ്യതകൾ വികസിപ്പിച്ചു കൊടുത്തിട്ടുണ്ട്. ബി.ജെ.പി ഇപ്പോൾ ഇടതു സർക്കാറിന് മൂന്നാമൂഴം ഉണ്ടാകണമെന്ന് ഉള്ളാലെ ആശിക്കുന്നത് ഇതിനകം പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ മാർക്സിസ്റ്റ്-ഫാസിസ്റ്റ് സിയോണിസ്റ്റ് അച്യുതണ്ട് കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ ഒതുക്കാൻ പലവിധേന പരിശ്രമിക്കുന്നു. ഭൂരിപക്ഷ സമുദായത്തിൽ നിന്നെ ഭൂരിപക്ഷം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ മൃദു ഹിന്ദുത്വവും വേണ്ടിവന്നാൽ തീവ്ര ഹിന്ദുത്വവും പരീക്ഷിക്കാൻ മാർക്സിസ്റ്റുകൾ പലപ്പോഴും തുനിയുന്നു. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തോളം മുസ്ലിംലീഗിനെ നാട്ടക്കുറ്റി ആക്കിയത് പോലെ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയെ ഒരു നാട്ടകുറ്റിയാക്കി ഹീനമായ പ്രചരണവും കുതന്ത്രങ്ങളും നടത്തുകയാണ്. ജമാഅത്തെ ഇസ്ലാമി വിമർശിക്കപ്പെടുന്നത് അതിലുള്ള ഇസ്ലാമിക ഉള്ളടക്കത്തിന്റെ പേരിലാണെന്ന് ചിന്താശീലർ തിരിച്ചറിയുന്നുണ്ട്. ഇസ്ലാം അതിന്റെ സജീവതയോടെ പുലരുന്നത് കമ്മ്യൂണിസ്റ്റുകൾക്ക് അങ്ങേയറ്റം അസഹനീയം തന്നെയാണ്. മറ്റേത് ദർശനത്തെക്കാളും കമ്മ്യൂണിസ്റ്റുകൾ ഭയപ്പെടുന്നത് ഇസ്ലാമിനെ തന്നെയാണ്.

വാൽക്കഷ്ണം : നേരത്തെ സി.പി.എം പ്രവർത്തകനായിരുന്ന തലശ്ശേരിയിലെ ഫസൽ പിന്നീട് എൻ.ഡി.എഫ് പ്രവർത്തകനായത്തിന്റെ പേരിൽ 2006 ഒക്ടോബറിൽ (പരിശുദ്ധ റമദാനിൽ) നിർദയം കൊല്ലുകയുണ്ടായി. എന്നിട്ട് ആ കൊല ആർ.എസ്.എസിന്റെ പിരടിയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. അതുവഴി തലശ്ശേരി കലാപത്തിന്റെ ഒരു ആവർത്തനവും അതിന്റേതായ പലവിധ മെച്ചങ്ങളും സി.പി.എം ആഗ്രഹിച്ചുവെന്ന് തലശ്ശേരിയിലെ പലരും മനസ്സിലാക്കിയിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ അന്ന് അത് അങ്ങനെ പുലർന്നിട്ടില്ല. (ടി പി ചന്ദ്രശേഖരനെ കൊല്ലാൻ പോയ വാഹനത്തിൽ മാഷാ അല്ലാഹ് സ്റ്റിക്കർ പതിച്ച പോലെ ) ഫസൽ കൊലക്കേസിൽ എട്ടാം പ്രതിയായ കാരായിയെ തന്നെ വലിയ താല്പര്യത്തോടെ തലശ്ശേരി മുൻസിപ്പൽ ചെയർമാനാക്കിയത് പാർട്ടിയിൽ അതിനു പറ്റിയ വേറെ ആരും ഇല്ലാത്തതിനാലല്ല. സി.പി.എമ്മിന്റെ ഇത്തരം നിലപാടിൽ വല്ലാത്ത അസ്വസ്ഥതയുള്ള ഒട്ടേറെ നല്ല സഖാക്കൾ തലശ്ശേരിയിലുണ്ട്.

പി പി അബ്ദുറഹ്മാൻ പെരിങ്ങാടി

Related