November 23 Monday 2026

അയ്യങ്കാളി ചോദിച്ചതുതന്നെയാണ് സണ്ണി കപിക്കാടും അനഘയും ചോദിക്കുന്നത്

അനഘ ശശി എന്ന വിദ്യാർത്ഥിനിയുടെ സമരപ്പന്തലിൽ സണ്ണി എം. കപിക്കാടിന്റെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. പ്രസംഗം എന്നതിനപ്പുറം, ആ പ്രസംഗിക്കുന്ന ഇടം തന്നെ പ്രധാനമാണ് എന്നതാണ് എനിക്ക് തോന്നുന്നത്. അയ്യങ്കാളി ഒരു നൂറ്റാണ്ടിനു മുമ്പ് വില്ലുവണ്ടിയുമായി കേരളത്തിലെ റോഡിലേക്ക് ഇറങ്ങിയത് ഒരു യാത്രയ്ക്കുള്ള അവകാശം നേടിയെടുക്കൽ മാത്രമായിരുന്നില്ല; പൊതുവിടം തന്നെ നിഷേധിക്കപ്പെട്ട ഒരു ജനതയുടെ സാമൂഹികവും ആത്മീയവുമായ സ്വയംപ്രഖ്യാപനമായിരുന്നു. അതിനെ വെറും ‘ആക്ഷൻ ഹീറോയുടെ പ്രകടനം’ എന്ന രീതിയിൽ വായിക്കുന്നത് ഈ ചരിത്രത്തിന്റെ ആഴം നഷ്ടപ്പെടുത്തുന്നു. അയ്യങ്കാളി ആക്ഷൻ ഹീറോ മാത്രമായിരുന്നില്ല; ഒരു ദാർശനികനും ഒരു ജനതയുടെ ആത്മീയ നേതാവും ആത്മാഭിമാനത്തിന്റെ വലിയ ചിഹ്നവുമായിരുന്നു. വഴി നടക്കാൻ പോലും കഴിയാത്ത ഒരു ജനതയെ സംബന്ധിച്ചിടത്തോളം വഴി പിടിച്ചെടുക്കുക എന്നത് ശരീരത്തിന്റെ മോചനത്തോടൊപ്പം ആത്മാവിന്റെ പരിവർത്തനവുമായിരുന്നു; അതുപോലെ വിദ്യാഭ്യാസവും അറിവും നേടുക എന്നത് മറ്റൊരു വിമോചനമായിരുന്നു. “ഞങ്ങളുടെ കുട്ടികളെ സ്കൂളിൽ കയറ്റിയില്ലെങ്കിൽ വയലിൽ മുട്ടിപ്പുല്ല് കിളിർപ്പിക്കും” എന്ന പ്രഖ്യാപനത്തിലൂടെ സ്കൂൾ പ്രവേശനത്തിനായി അദ്ദേഹം നടത്തിയ സമരവും ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് അയ്യങ്കാളിയുടെ രാഷ്ട്രീയം ശരീരത്തിന്റെ രാഷ്ട്രീയവും അറിവിന്റെ രാഷ്ട്രീയവും ആത്മീയ വിമോചനവും ഒരുമിച്ചുചേർന്ന ഒന്നായിരുന്നു.

റോഡിലെ സഞ്ചാരാവകാശവും സ്കൂളിലെ പ്രവേശനാവകാശവും ഒരേ വിമോചന പദ്ധതിയുടെ രണ്ട് രൂപങ്ങളായിരുന്നു. ദലിത് ജീവിതത്തിന്റെ ചരിത്രത്തിൽ ഇത്തരത്തിലുള്ള ഇടപെടലുകൾ വെറും പ്രതിഷേധപ്രകടനങ്ങളായിരുന്നില്ല; മനുഷ്യനായി നിലനിൽക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു പുതിയ ദാർശനികതയും ആത്മീയബോധവും സൃഷ്ടിച്ച ചരിത്രനിമിഷങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അയ്യങ്കാളിയെ വെറും ‘ആക്ഷൻ ഹീറോ’ എന്ന പദാവലിയിൽ ഒതുക്കുന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളുടെ ദാർശനികവും ആത്മീയവും അറിവുൽപ്പാദനപരവുമായ തലങ്ങളെ മറച്ചുവയ്ക്കുന്ന വായനയാണ്. ഈ മാസ് ആക്ഷൻ പ്രവർത്തികളിൽ തന്നെ അയ്യങ്കാളിയുടെ സ്വത്വത്തിൽനിന്ന് രൂപപ്പെടുന്ന ദാർശനികതയും ആത്മീയതയും അടങ്ങിയിരുന്നു; അതിൽനിന്ന് പുതിയ പലതരം ആത്മീയതകളും ദാർശനികതകളും ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്തു. അതിന് ചരിത്രപരമായി പലതരം വൈബ്രേഷനുകളുമുണ്ട്. ഒരു ദലിത് നേതാവിന്റെ ചരിത്രത്തെ വീരപ്രവൃത്തികളുടെയും ‘മാസ് ആക്ഷന്റെയും’ ഭാഷയിൽ മാത്രം നിർവചിക്കുമ്പോൾ, അതിന് പിന്നിൽ രൂപപ്പെട്ട ഒരു ജനതയുടെ ആത്മീയവും ബൗദ്ധികവുമായ ചരിത്രം കൂടിയാണ് നമ്മൾ ഇല്ലാതാക്കുന്നത്.

അങ്ങനെ അയ്യങ്കാളി വില്ലുവണ്ടി ഓടിച്ച അതേ റോഡിന്റെ സൈഡിലാണ് അനഘ ഒരു നൂറ്റാണ്ടിനു ശേഷം ജാതിവിവേചനത്തിന്റെ തീക്ഷ്ണമായ അനുഭവം പറഞ്ഞ് പന്തൽ കെട്ടി സമരമിരിക്കേണ്ടിവരുന്നത്. റോഡിലൂടെ അയ്യങ്കാളി വില്ലുവണ്ടി പായിച്ചപ്പോൾ, അനഘയ്ക്ക് അതേ റോഡിന്റെ അരികിൽ ഒരു പന്തൽ കെട്ടി ഇരിക്കേണ്ടിവരുന്നു എന്നത് കേരളത്തിന്റെ ചരിത്രത്തിലെ വലിയ വൈരുധ്യങ്ങളിലൊന്നാണ്. റോഡ് പിടിച്ചെടുത്ത അയ്യങ്കാളിയുടെ ചരിത്രത്തിൽ നിന്ന് റോഡരികിൽ ഇരിക്കേണ്ടിവരുന്ന അനഘയിലേക്കുള്ള ഈ ദൂരം തന്നെയാണ് കേരളത്തിന്റെ ജാതി ആധുനികതയുടെ അളവുകോൽ. ആ റോഡരികിൽ നിന്നാണ് സണ്ണി എം. കപിക്കാടിന് വീണ്ടും സംസാരിക്കേണ്ടിവരുന്നത്. നിയമപരമായി ഒരു സമൂഹം മുന്നോട്ടുപോകുമ്പോഴും പുരോഗമനപരമെന്നു കോണകം പുരപ്പുറത്തിടുമ്പോഴും സാമൂഹികമായി അതേ ജാതി അധികാരക്രമങ്ങൾ പുതിയ രൂപങ്ങളിൽ വീണ്ടും ഉൽപ്പാദിപ്പിക്കപ്പെടുന്നു. അയ്യങ്കാളിയുടെ കാലത്ത് ദലിതന് റോഡിലൂടെ നടക്കാൻ കഴിയാത്തതായിരുന്നു പ്രശ്നമെങ്കിൽ, ഇന്ന് ദലിതന് സർവകലാശാലയിൽ പ്രവേശിക്കാം; പക്ഷേ ആ സ്ഥാപനത്തിനുള്ളിൽ തുല്യനായ മനുഷ്യനായി നിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. മലയാള സർവകലാശാല പോലെയുള്ള വിദ്യാഭ്യാസത്തിന്റെ ഉന്നത സ്ഥാപനത്തിൽ ഒരു ദലിത് ഗവേഷക വിദ്യാർത്ഥിനിക്ക് അവിടത്തെ ജാതിവാദികളായ അധ്യാപകരുടെ തൂപ്പുജോലി ചെയ്യേണ്ടിവരുന്നു എന്ന ആ വിദ്യാർത്ഥിനിയുടെ ആരോപണം ഒരു വ്യക്തിയുടെ അപമാനം മാത്രമല്ല; അറിവിന്റെയും മോഡേണിറ്റിയുടെയും സ്ഥാപനങ്ങളിലേക്ക് തന്നെ ജാതി അധികാരക്രമം എങ്ങനെയാണ് പ്രവേശിക്കുന്നത് എന്നതിന്റെ രാഷ്ട്രീയ ചോദ്യം കൂടിയാണ്. ജാതി ഇന്ന് എല്ലായ്പ്പോഴും ജാതിയുടെ പേരിൽ തന്നെ സംസാരിക്കണമെന്നില്ല. ചിലപ്പോൾ അത് മെറിറ്റിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്; ചിലപ്പോൾ സ്ഥാപന നടപടിക്രമത്തിന്റെ ഭാഷയിൽ; ചിലപ്പോൾ അക്കാദമിക് നിലവാരത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും ഭാഷയിലായിരിക്കാം.

സണ്ണി എം. കപിക്കാട് തത്ത്വചിന്തയിൽ ഉന്നത പഠനത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുള്ള, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ രാഷ്ട്രീയ സംവാദങ്ങൾക്ക് തന്നെ പുതിയ ദിശാബോധം നൽകിയിട്ടുള്ള, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, ഒരു മനുഷ്യനാണ്. അദ്ദേഹം എന്ത് പറഞ്ഞു എന്നതിനപ്പുറം, അനഘ എന്ന പെൺകുട്ടിക്ക് വേണ്ടി ഇപ്പോഴും എവിടെ നിന്ന് സംസാരിക്കേണ്ടിവരുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സണ്ണി അനഘയ്ക്ക് വേണ്ടി സംസാരിക്കുന്ന ഇടം ഒരു റോഡരികാണ്. അതായത് കേരളത്തിലെ ജാതി വംശീയത ദലിതരെയും ആദിവാസികളെയും വീണ്ടും പുറത്തുനിർത്തുന്ന റോഡരിക്. അയ്യങ്കാളി റോഡ് പിടിച്ചെടുത്തതിന്റെയും റോഡിൽ വില്ലുവണ്ടി ഓടിച്ചതിന്റെയും നൂറുവർഷങ്ങൾക്കിപ്പുറം അതേ റോഡരികിൽ നിന്നാണ് ഒരു ദലിത് പെൺകുട്ടിയുടെ വിദ്യാഭ്യാസാവകാശത്തെക്കുറിച്ച് സംസാരിക്കേണ്ടിവരുന്നത്. ഇത് ഒരു ചരിത്രത്തിന്റെ ആവർത്തനം മാത്രമല്ല; ഘടനാപരമായ ഒരു തിരിച്ചുവരവാണ്. റോഡ് ഇവിടെ വെറും സഞ്ചാരത്തിനുള്ള ഭൗതിക ഇടമല്ല; ആരാണ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടേണ്ടത്, ആരുടെ ശരീരത്തിനാണ് പൊതുഇടത്തിൽ സാന്നിധ്യത്തിനുള്ള അവകാശം, ആരുടെ ശബ്ദമാണ് കേൾക്കപ്പെടേണ്ടത്, ആരുടെ സാന്നിധ്യമാണ് മറ്റുള്ളവർക്ക് ‘അസൗകര്യം’ ആയി തോന്നുന്നത് എന്നത് നിർണ്ണയിക്കുന്ന അധികാരസ്ഥലം കൂടിയാണ്. പൊതുസ്ഥലം ഉപയോഗിക്കാനുള്ള അവകാശം തന്നെ ഒരു രാഷ്ട്രീയ അവകാശമാണ്. അയ്യങ്കാളിയുടെ ശരീരം റോഡിലെത്തിയപ്പോൾ റോഡിന്റെ അർത്ഥം മാറി; അനഘയുടെ ശരീരം റോഡരികിൽ ഇരിക്കുമ്പോൾ വീണ്ടും അതിന്റെ അർത്ഥം മാറുന്നു. അങ്ങനെ നോക്കുമ്പോൾ അയ്യങ്കാളിയുടെ റോഡും അനഘയുടെ സമരപ്പന്തലും ഒരേ caste spatiality-യുടെ വ്യത്യസ്ത ഘട്ടങ്ങളാണ്.

ഇവിടെയാണ് സണ്ണി എം. കപിക്കാടിന്റെ ശബരിമല അയ്യപ്പനെക്കുറിച്ചുള്ള പരാമർശവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും മറ്റൊരു തരത്തിൽ രൂപപ്പെടുന്നത്. ഒരു ദലിത് ബൗദ്ധികൻ അയ്യപ്പനെക്കുറിച്ച് ഒരു വിമർശനാത്മക രാഷ്ട്രീയ വായന മുന്നോട്ടുവയ്ക്കുമ്പോൾ അതിനെ അതിന്റെ തത്ത്വചിന്താപരമായ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്നതിന് പകരം, അത് വളരെ വേഗത്തിൽ അപമാനം, മതനിന്ദ, കുറ്റം, മാപ്പ് എന്നീ ഭാഷകളിലേക്ക് മാറ്റപ്പെടുന്നു. സണ്ണി മാപ്പുപറയണം എന്ന ആവശ്യം അയ്യങ്കാളിയുടെ ജന്മദിനത്തിൽ തന്നെ ഉയരുന്നു എന്നത് ഒരു രാഷ്ട്രീയ വൈരുധ്യമായി വായിക്കേണ്ടതാണ്. ഇവിടെ പ്രശ്നം സണ്ണി അയ്യപ്പനെക്കുറിച്ച് പറഞ്ഞത് ശരിയോ തെറ്റോ എന്ന ഒറ്റ ചോദ്യത്തിൽ അവസാനിക്കുന്നില്ല. ഒരു ബൗദ്ധിക പ്രസ്താവനയെ എതിർവാദം കൊണ്ടല്ല, കുറ്റവൽക്കരണം കൊണ്ടാണ് നേരിടുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. ഒരു ദലിത് ബൗദ്ധികൻ മതത്തെക്കുറിച്ചോ ജാതിയെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ആദ്യം രാഷ്ട്രീയ പ്രസ്താവനയായി വായിക്കപ്പെടാതെ കുറ്റകരമായ പ്രസ്താവനയായി മാറ്റപ്പെടുകയും, ഭരണകൂടം അതിനെതിരെ കേസ് എടുക്കുകയും, ഒടുവിൽ മാപ്പുപറയിക്കുന്നതിലൂടെ ആ ബൗദ്ധിക ഇടം തന്നെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഫൂക്കോ പറയുന്ന രീതിയിൽ അധികാരം വെറും നിരോധനത്തിലൂടെ മാത്രം പ്രവർത്തിക്കുന്നതല്ല; എന്താണ് സാധുവായ അറിവ്, ആരാണ് സംസാരിക്കാൻ യോഗ്യൻ, ഏത് വാക്കാണ് അംഗീകരിക്കപ്പെടേണ്ടത്, ഏത് വാക്കാണ് കുറ്റമായി മാറേണ്ടത് എന്നതിനെ നിർണ്ണയിച്ചുകൊണ്ടുമാണ് അധികാരം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ദലിത് ബൗദ്ധികന്റെ വാക്കിനെ വാദത്തിലൂടെ നേരിടുന്നതിനുപകരം അതിനെ കുറ്റമായി മാറ്റുമ്പോൾ നിയന്ത്രിക്കപ്പെടുന്നത് ഒരാളുടെ പ്രസംഗം മാത്രമല്ല; ഒരു ജനതയുടെ അനുഭവത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന രാഷ്ട്രീയ അറിവ് കൂടിയാണ്. ‘മാപ്പ്’ ഇവിടെ ഒരു വ്യക്തിപരമായ നൈതിക നടപടി മാത്രമല്ല; പൊതുസ്ഥലത്തെ ദലിത് സംസാരത്തിന്റെ അതിർത്തി നിർണ്ണയിക്കുന്ന ഒരു disciplinary ritual കൂടിയാണ്.

ഇവിടെ അനഘയെ വെറും ജാതിവിവേചനം അനുഭവിക്കുന്ന പെൺകുട്ടിയായി കാണുന്നതും അപര്യാപ്തമാണ്. അവൾ തന്റെ അനുഭവത്തെ രാഷ്ട്രീയ അറിവാക്കി മാറ്റുന്ന subject കൂടിയാണ്. അവളുടെ സമരം വെറും നീതിക്കായുള്ള അപേക്ഷയല്ല; സർവകലാശാലയെക്കുറിച്ചും ജാതിയെക്കുറിച്ചും അറിവിനെക്കുറിച്ചും അവൾ തന്നെ ഉൽപ്പാദിപ്പിക്കുന്ന ഒരു സാക്ഷ്യവും സിദ്ധാന്തവുമാണ്. ദലിതന് സംസാരിക്കാൻ അവകാശമുണ്ടോ എന്നതിലുപരി, ദലിതൻ സംസാരിക്കുമ്പോൾ ആ സംസാരത്തെ അറിവായി അംഗീകരിക്കാൻ സമൂഹത്തിന് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. ദലിത് അനുഭവം സംസാരിക്കുമ്പോൾ അത് പലപ്പോഴും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു: ദലിത് ഹർത്താൽ ‘അസൗകര്യം’ ആകുന്നു; ദലിത് സമരം ‘നിയമ-സമാധാന പ്രശ്നം’ ആകുന്നു; ദലിത് ബൗദ്ധികന്റെ മതവിമർശനം ‘അപമാനം’ ആകുന്നു; ദലിത് ഗവേഷകയുടെ അനുഭവം ‘വ്യക്തിപരമായ പരാതി’ ആകുന്നു. അങ്ങനെ അധികാരം സംസാരത്തെ മാത്രം തടയുന്നില്ല; സംസാരത്തിന്റെ അർത്ഥം തന്നെ മാറ്റുന്നു.

ഇത് തന്നെയാണ് ജിതിൻ രാജ് എന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് ശേഷം നടന്ന ദലിത് ഹർത്താലിലും സംഭവിച്ചത്. ദലിത് സംഘടനകൾ ഹർത്താൽ നടത്തിയപ്പോൾ കേരളത്തിലെ പുരോഗമന മാധ്യമങ്ങൾ അടക്കം റോഡിലെ ബസ്സിൽ ഇരുന്നുകൊണ്ട് ദലിത് ഹർത്താലിനെതിരെ ആക്രോശിക്കുകയും ദലിതരെ റോഡിന് പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. ഒരു സമൂഹത്തിന്റെ അവകാശസമരം റോഡിലായാൽ അതിനെ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനമായി കാണാതെ അസൗകര്യമായി കാണുന്ന ഈ മനോഭാവവും അയ്യങ്കാളിയുടെ റോഡും അനഘയുടെ റോഡരികിലെ സമരവും തമ്മിൽ ബന്ധിപ്പിക്കേണ്ടതാണ്. ബസ്സിനുള്ളിലെ ശരീരത്തിന്റെ സഞ്ചാരം സ്വാഭാവികവും റോഡിലെ ദലിത് ശരീരത്തിന്റെ സാന്നിധ്യം അസൗകര്യവുമാകുന്നു. ഒരിക്കൽ “ഇവിടെ നടക്കരുത്” എന്നായിരുന്നു വിലക്ക്; ഇന്ന് “നിങ്ങളുടെ സമരം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്” എന്നതാണ് ഭാഷ. അധികാരത്തിന്റെ രൂപം മാറിയെങ്കിലും പൊതുസ്ഥലത്തെ നിയന്ത്രിക്കുന്ന ജാതിയുടെ യുക്തി അത്ര മാറിയിട്ടില്ല. ഈ വംശീയമായ കാപട്യത്തിന്റെ പേര് കൂടിയാണ് കേരളം.

ഹിന്ദുത്വ ജാതിവ്യവസ്ഥയുടെ ഒരു പ്രധാന വൈരുധ്യം ഇവിടെയാണ്. ഹിന്ദുത്വം ദലിതനെ ഒരു ചരിത്രപുരുഷനായി ആഘോഷിക്കാൻ തയ്യാറാണ്; അയ്യങ്കാളിയെ പാട്ടാക്കാനും പ്രതിമയാക്കാനും ആക്ഷൻ ഹീറോ ആക്കി ആഘോഷിക്കാനും തയ്യാറാണ്. പക്ഷേ, അതേ അയ്യങ്കാളിയുടെ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് ഒരു ദലിത് മനുഷ്യൻ ഇന്നത്തെ ജാതിയെയും മതത്തെയും അധികാരത്തെയും ചോദ്യം ചെയ്യുമ്പോൾ അയാൾ അസൗകര്യമാകുന്നു. അപ്പോൾ ചരിത്രത്തിലെ നായകൻ സമകാലിക സമൂഹത്തിൽ സംശയിക്കപ്പെടുന്ന മനുഷ്യനായി മാറുന്നു. പ്രതിമയെ സ്വീകരിക്കുന്ന അധികാരം, പ്രതിമയുടെ രാഷ്ട്രീയ അവകാശിയെ സ്വീകരിക്കാൻ തയ്യാറല്ല. എന്നാൽ, ഈ വിമർശനം ഹിന്ദുത്വത്തിൽ മാത്രം അവസാനിക്കുന്നില്ല. കേരളത്തിന്റെ മതേതര പുരോഗമന രാഷ്ട്രീയത്തെയും ഇവിടെ ചോദ്യം ചെയ്യേണ്ടിവരും. ഹിന്ദുത്വം ദലിതനെ സാംസ്കാരിക ചിഹ്നമാക്കുന്നതുപോലെ, പുരോഗമന കേരളവും പലപ്പോഴും ദലിത് അനുഭവത്തെ സ്വന്തം വലിയ പുരോഗമന കഥയ്ക്കുള്ളിൽ വിഴുങ്ങുന്നു; ജാതിയെ വർഗ്ഗത്തിലേക്കോ വ്യക്തിപരമായ മുൻവിധിയിലേക്കോ ചുരുക്കി അതിന്റെ പ്രത്യേക അധികാരഘടനയെ അദൃശ്യപ്പെടുത്തുന്നു. അയ്യങ്കാളിയുടെ പ്രതിമയിൽ മാലയിടുന്നത് എളുപ്പമാണ്. അയ്യങ്കാളിയുടെ രാഷ്ട്രീയ ചോദ്യങ്ങളുമായി ജീവിക്കുക ബുദ്ധിമുട്ടാണ്.

അതിനാൽ അയ്യങ്കാളിയുടെ ജന്മദിനത്തിൽ സണ്ണി മാപ്പുപറയണം എന്ന ആവശ്യം മാത്രം കേരളത്തിന്റെ ചരിത്രത്തിലെ ഒരു ചെറിയ വിവാദമായി കാണാൻ കഴിയില്ല. ഒരു നൂറ്റാണ്ട് മുമ്പ് അയ്യങ്കാളി റോഡിൽ കയറി പറഞ്ഞത്, ഞങ്ങൾക്കും ഈ വഴി അവകാശപ്പെട്ടതാണ് എന്നായിരുന്നു. ഇന്ന് അനഘ പറയുന്നത്, ഞങ്ങൾക്കും ഈ വിദ്യാഭ്യാസസ്ഥാപനം അവകാശപ്പെട്ടതാണ് എന്നാണ്. സണ്ണി പറയുന്നത്, ഞങ്ങൾക്കും ഈ സമൂഹത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമുണ്ട് എന്നാണ്. ഈ മൂന്ന് വാക്യങ്ങൾക്കിടയിലാണ് കേരളത്തിന്റെ മുഴുവൻ ജാതി ആധുനികത കിടക്കുന്നത്.

ആദ്യം വഴി, പിന്നെ സ്കൂൾ, പിന്നെ സർവകലാശാല, പിന്നെ അറിവ്, പിന്നെ ശബ്ദം. ഓരോ ഘട്ടത്തിലും ദലിത് മനുഷ്യൻ പൊതുസമൂഹത്തിലേക്ക് കുറച്ചുകൂടി പ്രവേശിക്കുമ്പോൾ അധികാരം അതിന്റെ ഭാഷ മാറ്റുന്നു-വിലക്കിൽ നിന്ന് അസൗകര്യത്തിലേക്ക്, അസൗകര്യത്തിൽ നിന്ന് മെറിറ്റിലേക്ക്, മെറിറ്റിൽ നിന്ന് സ്ഥാപന നടപടിയിലേക്ക്, ഒടുവിൽ കുറ്റത്തിലേക്ക്. അതേസമയം ദലിത് രാഷ്ട്രീയത്തിന്റെ ചരിത്രം ഈ ഭാഷകളെല്ലാം മറികടന്ന് പൊതുസ്ഥലത്തേക്ക് വീണ്ടും വീണ്ടും തിരിച്ചുവരുന്ന ചരിത്രം കൂടിയാണ്. അംബേദ്കർ ചൂണ്ടിക്കാണിച്ച ജാതിയുടെ സാമൂഹിക അധികാരക്രമം അതുകൊണ്ടുതന്നെ ശരീരത്തിൽ മാത്രം പ്രവർത്തിക്കുന്നില്ല; അറിവിലും ഭാഷയിലും പൊതുസ്ഥലത്തും പ്രവർത്തിക്കുന്നു.

ഏറ്റവും വലിയ രസം, സണ്ണിയുടെ മാപ്പിൽ കേരളം നിശബ്ദമായി ചിരിക്കുന്നു എന്നതാണ്. അയ്യങ്കാളിയെ ആഘോഷിക്കുകയും അയ്യങ്കാളിയുടെ രാഷ്ട്രീയത്തെ മറക്കുകയും ചെയ്യുന്ന ഒരു പുരോഗമന കേരളത്തിന്റെ ചിരി. അയ്യങ്കാളിയെ ചരിത്രപുരുഷനായി സ്വീകരിക്കുന്ന അധികാരം, അയ്യങ്കാളിയുടെ രാഷ്ട്രീയ അവകാശിയായി ഇന്നത്തെ ദലിത് മനുഷ്യൻ സംസാരിക്കുമ്പോൾ അസ്വസ്ഥമാകുന്നു. ഒരു ദലിത് ബൗദ്ധികൻ തന്റെ വാക്കുകൾക്ക് ഉത്തരവാദിയാകേണ്ടതില്ല എന്നല്ല പറയുന്നത്. വിമർശനത്തിന് വിമർശനം ഉണ്ടാകണം. വാദത്തിന് വാദം ഉണ്ടാകണം. പക്ഷേ, വിമർശനത്തെ കുറ്റവൽക്കരിക്കുകയും, മാപ്പുപറയിക്കൽ വഴി ബൗദ്ധിക ഇടത്തെ നിയന്ത്രിക്കുകയും ചെയ്യുമ്പോൾ അത് ഒരാളെ മാത്രം നിശ്ശബ്ദമാക്കുന്നതല്ല; ഒരു ജനതയുടെ അറിവുൽപ്പാദനത്തെ നിയന്ത്രിക്കാനുള്ള ശ്രമം കൂടിയാണ്. ചരിത്രപരമായ മുന്നേറ്റത്തെ നിയന്ത്രിക്കാനുള്ള വംശീയതയുടെ ടെക്നിക് കൂടിയാണ് അയ്യങ്കാളിയെ സ്വീകരിക്കുന്ന കേരളം, അയ്യങ്കാളിയുടെ രാഷ്ട്രീയ അവകാശിയെ സ്വീകരിക്കാൻ തയ്യാറാണോ എന്നതാണ് യഥാർത്ഥ ചോദ്യം.

Related