October 10 Saturday 2026

ഓർമ്മയിൽ ശ്രീനിവാസൻ

ശ്രീനിവാസനെ എനിക്ക് 1974 മുതൽ അറിയാം.അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാനും രജനികാന്തുമൊക്കെ സഹപാഠികൾ ആയിരിക്കുമ്പോൾ ഞങ്ങളുടെ ജൂനിയറായി വന്ന് ജോയിൻ ചെയ്തതാണ് ശ്രീനിവാസൻ.അന്ന് ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന കൂട്ടത്തിൽ ശ്രീനിവാസനെ ഞങ്ങൾ രജനീകാന്ത് ഉൾപ്പെടെ എല്ലാവരും റാഗ് ചെയ്തിട്ടുണ്ട്. വളരെ നല്ലവനായ സാധുവായ മനുഷ്യനായിരുന്നു ശ്രീനിവാസൻ.

ആ കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ വലിയ പണക്കാരും സുന്ദരന്മാരും ആയിട്ടുള്ള സഹപാഠികൾക്ക് ശ്രീനിവാസനോട് വളരെ പുച്ഛമായിരുന്നു.അദ്ദേഹത്തിന്റെ ആകാരം കൊണ്ടും നിറം കൊണ്ടുമൊക്കെ ആയിരിക്കാം അവരുടെ ആ മനോഭാവം.പക്ഷേ പിന്നീട് അദ്ദേഹം തന്റെ പ്രതിഭ കൊണ്ട് ഉയരങ്ങളിൽ എത്തി. അദ്ദേഹത്തെ പരിഹസിച്ചവരാകട്ടെ ഇന്ന് രംഗത്ത് പോലുമില്ല. അവർക്കൊന്നും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.തന്റെ ന്യൂനതകളെ അദ്ദേഹം ആയുധമാക്കുകയും സെല്ലിംഗ് പോയിന്റ് ആക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പല കഥകളും തിരക്കഥകളും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഒരിക്കൽ ശ്രീനിവാസൻ എഴുതി മമ്മൂട്ടി അഭിനയിച്ച “ കഥ പറയുമ്പോൾ ” എന്ന ചിത്രത്തിന്റെ റീമേക്കിനായി രജനികാന്തിനു വേണ്ടി ചിത്രത്തിന്റെ പ്രീവ്യൂ നടത്തിയപ്പോൾ ശ്രീനിവാസനും തിയേറ്ററിൽ ഉണ്ടായിരുന്നു. സിനിമ പ്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീനിവാസനോട് രജനികാന്ത് പറഞ്ഞത് നീ ഇത്ര വലിയ എഴുത്തുകാരൻ ആകുമെന്ന് ഞാൻ അന്ന് കരുതിയിരുന്നില്ല എന്നാണ്.നിങ്ങൾ ഇത്ര വലിയ നടനാകുമെന്ന് താനും കരുതിയില്ല എന്ന് ശ്രീനിവാസന്റെ മറുപടി. ശ്രീനിവാസനും രജനികാന്തും പൊതു പ്രത്യേകതകൾ ഉള്ളവരായിരുന്നു. രണ്ടുപേരും ദരിദ്ര പശ്ചാത്തലം ഉള്ളവരും കറുപ്പ് നിറമുള്ളവരും ആയിരുന്നു. പലപ്പോഴും കുറവുകളാൽ പരിഹസിക്കപ്പെട്ടവർ.എന്റെ ഈ രണ്ടു സഹപാഠികളും അവരുടെ കഴിവുകൊണ്ടും അവരുടെ പ്രതിഭ കൊണ്ടും അവരുടെ സ്ഥാനം ഇന്ത്യൻ സിനിമയിൽ ഉറപ്പിച്ചു.

ശ്രീനിവാസനുമായി സീനിയർ ജൂനിയർ ബന്ധം മാത്രമല്ല അതല്ലാതെ ഞങ്ങൾ ഇരുവരും ചില ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന സിനിമയിലെ അനാഥാലയത്തിലെ അന്തേവാസികളിൽ ഒരാളായി ശ്രീനിവാസനെ വിളിക്കാമെന്ന് ഞാൻ തന്നെയാണ് പി എ ബക്കറിനോട് പറഞ്ഞത്.
ചെറിയ വേഷമായിരുന്നുവെങ്കിലും ശ്രീനിവാസൻ അത് തന്മയത്തോടെ ചെയ്തു.പിന്നീട് രാമു കാര്യാട്ട് അഭിനയിച്ച സംഘഗാനം എന്ന സിനിമയിൽ ശ്രീനിവാസനെ നായകനാക്കി. പിന്നീട് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച “അസ്ഥി ”എന്ന സിനിമയിൽ ശ്രീനിവാസന് സാമാന്യം നല്ല വേഷമാണ് ഉണ്ടായിരുന്നത്. പിന്നീട് ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ അപൂർവമായി.മാക്ട്ടയുടെയും മറ്റും മീറ്റിങ്ങുകളിൽ അപൂർവമായി ഞങ്ങൾ കണ്ടിരുന്നു.പിന്നീട് അദ്ദേഹം അസുഖബാധിതനായപ്പോൾ ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചു.അതിനുമുമ്പ് ഖത്തറിൽ നടന്ന മലയാളി അസോസിയേഷന്റെ ഒരു പരിപാടിയിൽ ഞങ്ങൾ ഒന്നിച്ചു പങ്കെടുത്തിരുന്നു.എഴുത്തുകാരൻ കെ ഇ എന്നും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഞങ്ങളവിടെ ലാൻഡ് ചെയ്ത ഉടൻ തന്നെ ഒരു പ്രസ് കോൺഫറൻസിൽ പങ്കെടുത്തിരുന്നു.പ്രസ് കോൺഫറൻസിൽ ശ്രീനിവാസൻ സംസാരിച്ചതും എന്നെക്കുറിച്ചായിരുന്നു.ശ്രീനിവാസൻ ആദ്യം ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നപ്പോൾ എന്റെ ക്ലാസിൽ വന്നതും എന്റെ പെർഫോമൻസ് കണ്ട് അസൂയ പെട്ടതും എല്ലാം പറഞ്ഞു. അദ്ദേഹം വളരെ ഉയരങ്ങളിൽ എത്തി അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് മാത്രം. അദ്ദേഹം ക്യാമറ തിരിച്ചു വെച്ചത് തന്നിലേക്ക് തന്നെയാണ്. തന്റെ ന്യൂനതകളിലേക്കാണ്.മണ്ടൻ കഥാപാത്രമായും മറ്റും തന്റെ ന്യൂനതകളെയും പോരായ്മകളെയും സ്വയം പരിഹസിച്ചു കൊണ്ട് അദ്ദേഹം എഴുതുകയും സംവിധാനം ചെയ്യുകയുമൊക്കെ ചെയ്തപ്പോഴാണ് ശ്രീനിവാസനെ ജനങ്ങൾ നെഞ്ചിലേറ്റിയത്.

സാധാരണ ഞാൻ എന്നെക്കാളും ഉയരങ്ങളിൽ എത്തിയവരെ കാണാൻ പോകാറില്ല.രജനികാന്തിനെ പോയി കാണാൻ പലരും പറഞ്ഞുവെങ്കിലും ഞാൻ പോയിട്ടില്ല.പക്ഷേ ശ്രീനിവാസൻ അസുഖബാധിതനായപ്പോൾ ഞാൻ കാണാൻ പോയി.അന്നും അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിലെ കാര്യങ്ങളാണ് അയവിറക്കിയത്.അദ്ദേഹം ഞങ്ങൾ തമ്മിൽ വർക്ക് ചെയ്തതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.ഞാനും അദ്ദേഹത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. വ്യക്തിപരമായി എനിക്ക് നല്ല സുഹൃത്തിനെ നഷ്ടപ്പെട്ടു.അദ്ദേഹത്തിന്റെ സിനിമയിലെ പല സംഭാഷണങ്ങളും രംഗങ്ങളുമൊക്കെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ യോജിച്ചവയാണ്. രാഷ്ട്രീയപാർട്ടികൾ പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെടുവാനും അവ ഉപയോഗിക്കുന്നു. സമകാലീന രാഷ്ട്രീയ സാമൂഹിക സ്ഥിതികളെക്കുറിച്ച് അദ്ദേഹം വളരെ കാലത്തിനു മുമ്പേ സഞ്ചരിച്ച ആളായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഞാനെന്റെ പ്രണാമം അർപ്പിക്കുന്നു.

Related