November 23 Monday 2026

മാധ്യമ പ്രവര്‍ത്തകര്‍ കുറ്റവാളികള്‍ക്ക് കൂട്ടിരിക്കണോ?

azad
കൂടെയിരിക്കാം കുറ്റവാളികൾക്ക്. അരുൺകുമാറിനോ റിപ്പോർട്ടറിനോ അത് പ്രശ്നമല്ല. പക്ഷേ, പവിത്രമായ പത്രാധിപക്കസേരയിൽ പൊലീസ് ഉദ്യോഗസ്ഥർ ഇരുന്നുകൂടാ. ഒരു ചാനൽ ഇതിൽക്കൂടുതൽ ലളിതമായി തങ്ങളുടെ നയം പ്രഖ്യാപിക്കുന്നത് എങ്ങനെയാണ്?

മാധ്യമങ്ങൾക്ക് ജനാധിപത്യത്തിന്റെ നാലാംതൂണെന്ന ബഹുമാനവും പരിഗണനയും വേണം. എന്നാൽ, കൂറ്റകൃത്യത്തിൽ വേരാഴ്ന്ന മൂലധനമഹിമയും അതിന്റെ കുടില കൗശലങ്ങളും കൊട്ടിഘോഷിക്കേണ്ട ചുമതല ഒരു ജനാധിപത്യവാദിക്കും ഇല്ല. പൊതുമുതൽ കൊള്ളയടിച്ചു വീർത്ത ‘മാധ്യമസ്വാതന്ത്ര്യബോധ’ത്തെ വേർതിരിച്ചു കാണാൻ ആർക്കാണ് പ്രയാസം? കുറ്റകൃത്യങ്ങളെ വെളുപ്പിക്കാനും ഒളിപ്പിക്കാനും മഹത്തായ പത്രപ്രവർത്തനത്തെയും ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ദുരുപയോഗം ചെയ്യുന്നത് കുറ്റകൃത്യമല്ലാതെ വരുമോ?

രാജ്യത്തെ പൗരാവകാശവും ഭരണഘടനാ വ്യവസ്ഥകളും ലംഘിക്കുന്ന വിധം ഏത് കടന്നുകയറ്ററവും തെറ്റാണ്. അതിൽ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ പൊലീസ് നടത്തുന്ന കയ്യേറ്റം വരും. സാധാരണ മനുഷ്യരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റവും വരും. ഏത് തൊഴിലിടത്തിനുമുള്ള പവിത്രതയേ പത്രപ്രവർത്തനത്തിനും ഉള്ളൂ. അതിൽ കൂടുതൽ പ്രിവിലേജുകൾ ഉണ്ടെന്ന് ധരിച്ചു വശാവുന്നവരുടെ ദയനീയ പ്രകടനങ്ങൾ നമ്മുടെ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്.

പൊലീസ് മാദ്ധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്നത് ആദ്യമല്ല. സമീപകാലത്തു തന്നെ വേറെയും ഉദാഹരണങ്ങളുണ്ട്. പത്ര പ്രവർത്തകരായ തൊഴിലെടുക്കുന്നവരെ തേടിയാണ് മിക്കപ്പോഴും പൊലീസ് എത്താറുള്ളത്. അപ്പോഴൊന്നും ഇങ്ങനെ ലൈവ് പ്രതിഷേധം മണിക്കൂറുകൾ തുടരുന്നത് കണ്ടിട്ടില്ല. പത്രപ്രവർത്തക വേഷത്തിൽ കുറ്റാരോപിതനായ, ഏറെ ക്രിമിനൽ കേസുകളുള്ള ഒരു മാധ്യമ മുതലാളി ഒളിച്ചിരിക്കുന്നിടത്താണ് ഇപ്പോൾ പൊലീസ് എത്തിയത്. അയാളിരുന്ന കസേരയുടെ ചുറ്റുവട്ടത്ത് പൊലീസ് എത്തിക്കൂടാ എന്ന് ശഠിക്കുന്ന ആളുകൾ ചെയ്യുന്നത് മാധ്യമപ്രവർത്തനമല്ല. ഒരു കുറ്റാരോപിത മുതലാളിയുടെ സേവകരായുള്ള വേഷം കെട്ടലുകളാണ്. ആ അഴിഞ്ഞാട്ടം മികച്ച മാധ്യമ പ്രവർത്തനമായി ആരും കാണുന്നില്ല.

പൊലീസിനെ നേരിടാൻ പല രാഷ്ട്രീയനേതാക്കളും കാണിക്കുന്ന ശേഷി ക്രിമിനൽ സംഘങ്ങളെ തള്ളിപ്പറയാൻ പ്രകടിപ്പിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. കുറ്റകൃത്യങ്ങൾക്കുള്ള ന്യായീകരണങ്ങൾ നിറഞ്ഞു കവിയുകയാണ്. അതിന് സംഘടിത ശക്തികളുണ്ട്. മാധ്യമവേഷം കെട്ടിയാടുന്ന പത്രപ്രവർത്തക വേഷങ്ങളുണ്ട്. ശരാശരി ജാഗ്രതകൊണ്ടൊന്നും ജീവിച്ചുപോവാൻ കഴിയാത്ത അവസ്ഥയിലായിട്ടുണ്ട് ഇവിടത്തെ പൊതുസമൂഹം.

Related