November 12 Thursday 2026

തോറ്റതാരാണ്, വർഗസമരം, തള്ളാപ്പള്ളി, കയ്യാങ്കളിയും വഴിതടയലും, പാറ്റവീഴാകഞ്ഞി | കൂത്തും കുത്തും | Political Satire

തോറ്റതാരാണ്

മൂന്നാം വട്ടവും അധികാരത്തിൽ വരുമെന്ന് സ്വപ്നേപി നിനച്ച ഇടതുപക്ഷ പാർട്ടികൾ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി. അപ്പോഴവർ പക്ഷെ ഒരു വട്ടം മാത്രമേ തോറ്റിട്ടുണ്ടായിരുന്നുള്ളൂ. പിന്നീട് അതിൻറെ കാര്യകാരണങ്ങളന്വേഷിച്ചുകൊണ്ടുള്ള അനുമാനങ്ങളും വ്യാഖ്യാനങ്ങളും വിശകലനങ്ങളും പ്രാദേശിക കമ്മിറ്റിയായി പി. സി മുതൽ സി. സിയിൽ വരേ അരങ്ങേറി. കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും പൊതുജനമധ്യത്തിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിപുലീകൃത സംസ്ഥാന സമിതിയും ഇക്കാര്യത്തിനായി വിളിച്ചുകൂട്ടിയിട്ടുണ്ട്. കാര്യങ്ങളെല്ലാം തന്ത്രപ്രധാനമായാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന ശരീരഭാഷയിലാണ് അവർ സംസാരിക്കുന്നത്. പക്ഷെ, കാണുന്ന ജനത്തിന് വെളുക്കാൻ തേച്ചത് പാണ്ടാകുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് പറയാതെ വയ്യ.

ഇത്രയും ഇത്രയും അരിവാളെടുത്ത് കൊയ്തിട്ടും ചുറ്റിക വീശി വിയർത്തിട്ടും ആകാശത്ത് നോക്കി നക്ഷത്രമെണ്ണിയിട്ടും ഇവർക്ക് തോറ്റതാരാണ് എന്ന് ഇതുവരേ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലായെന്നതാണ് രസകരം. അതിനിടയിലാണ് പ്രതിപക്ഷനേതാവും പാർട്ടി കോട്ടയിലെ ജില്ലാ സെക്രട്ടറിയും ചേർന്ന് വീണ്ടും ഭക്തി പുരാണവും തറപ്രസംഗ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ഇരുവരും ഒരു ശാസ്ത്രസത്യം എന്ന കണക്കെ കാരണം കണ്ടുപിടുച്ചു. തോറ്റത് ഞങ്ങളല്ല, ജനങ്ങളാണ്. അതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ തെറ്റുതിരുത്താൻ മുന്നോട്ടുവരണം.

ഒരു സന്ദർഭത്തിൽ പിണറായിയുടെ പ്രസംഗത്തിന് പള്ളീലച്ചൻറെ മട്ടും ഭാവവും ഉപദേശിയുടെ സ്വരവുമുണ്ടായിരുന്നു. ജനങ്ങൾ പശ്ചാത്തപിച്ചുമടങ്ങണം എന്നാണ് ദേഹം ആവശ്യപ്പെട്ടത്. ഇപ്പോൾ പാർട്ടി ഗ്രാമങ്ങളിലുള്ള ഭക്തസഖാക്കളെല്ലാം അടുത്തുള്ള ലോക്കൽ കമ്മിറ്റി ആരാധനാലയത്തിൽ ചെന്നിരുന്നു പൊട്ടിക്കരഞ്ഞ് പശ്ചാത്തപിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെ കോഴി കൂകും മുമ്പ് അവരിപ്പോൾ മൂന്നുവട്ടവും തോറ്റിരമ്പുകയാണ്.

വർഗസമരം
മാർക്സിസത്തേയും കമ്യൂണിസത്തേയും ഒരു കാലത്ത് ഉട്ടോപിയ എന്നാണ് വിളിച്ചിരുന്നത്. ഒരിക്കലും നടക്കാത്ത സ്വപ്നം എന്നാണ് ആ വാക്കിന് അർഥം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വർഗസമരത്തിലൂടെയാണ് ചരിത്രം രൂപപ്പെടുന്നത് എന്നവർ വിശ്വസിപ്പിച്ചു. വൈരുദ്ധ്യാത്മകവാദമാണ് അടിസ്ഥാനമെന്നും മാറ്റമാണ് പ്രധാനമെന്നും അവർ വാദിച്ചു. ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷൊക്കെ തളിപ്പറമ്പിൽ സ്വന്തം ഭാര്യയെ സ്ഥാനാർഥിയാക്കാൻ അധ്വാനവർഗസിദ്ധാന്തത്തിലൂടെ വിയർപ്പൊഴുക്കിയെങ്കിലും പാർട്ടി ക്ലാസെടുക്കാൻ അദ്ധേഹത്തെ വെല്ലാൻ ഇന്നും ആരും വളർന്നിട്ടില്ല. തോമസ് ഐസകിനെ പോലുള്ളവർ വെറുതെ ഡോക്ടറെന്ന പേരും വെച്ച് ഐസക് ന്യൂട്ടൻ ഭാവത്തിൽ നടക്കുന്നുവെന്നേയുള്ളൂ.

സ്റ്റഡീക്ലാസുകൾ അങ്ങിനെയൊക്കെ മുടങ്ങാതെ നടന്നുവെങ്കിലും, ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവം പക്ഷെ പൂത്തുലഞ്ഞത് അങ്ങ് കർഷക റഷ്യയിലായിരുന്നു. അവടെ ഉള്ളവനും ഇല്ലാത്തവും തമ്മിലെ വർഗസമരത്തിൻറെ യാതൊരു ലാഞ്ചനയും ഇല്ലായിരുന്നു. മാർക്സ് പ്രവചിച്ചതുപോലെ, വർഗസമരം, ഉള്ളവരുടെ നാടും വ്യവസായ കേന്ദ്രങ്ങളുമായ യൂറോപ്പിൽ, ആദ്യം സംഭവച്ചില്ല എന്നതായിരുന്നു വൈരുദ്ധ്യം. മാറ്റം പ്രധാനമാണ് എന്ന് പറഞ്ഞെങ്കിലും, അധികാരം ലഭിച്ചുകഴിഞ്ഞാൽ ഒരിക്കലും മാറാത്തത് സഖാക്കൾ തന്നെയാണെന്നും അവർ തെളിയിച്ചു.

പാർട്ടിക്ക് അധികാരം കിട്ടിയാൽ, അത് മനുഷ്യശരീരത്തിലെ ഏതെങ്കിലും അവയവത്തെ പ്രത്യേകം ബാധിക്കുമെങ്കിൽ വേഗം ബാധിക്കുന്നത് നാവിനെ ആണ് എന്ന നിരീക്ഷണമുണ്ട്. വായ മൂടിക്കെട്ടുക എന്ന കലാപരിപാടിയാണ് ആദ്യം നടക്കുക. കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ തുരുമ്പിച്ച ഇരുമ്പുമറകൾ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് ദന്തഡോക്ടർമാരാണത്രെ. സഖാക്കൾക്ക് വായ തുറക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തതിനാൽ അവർ പല്ലു ചികിൽസ നടത്തിയിരുന്നത് മൂക്കിലൂടെയായിരുന്നു. അല്ല തമാശയല്ല, ഈ വായമൂടിക്കെട്ടലാണ് പാർട്ടിയുടെ പരാജയങ്ങളൽ കലാശിച്ചത്.

ഇതത്രയും ഓർക്കാൻ കാരണം കേരളത്തിൽ എങ്ങിനെ തോറ്റു എന്നതിൻറെ എത്തും പിടിയും കിട്ടാത്തെ അന്വേഷണം ഇപ്പോഴും നടക്കുന്നത് കൊണ്ടാണ്. പ്രിയപ്പെട്ട സഖാക്കളെ ബഹുജനങ്ങളെ , നിങ്ങളുടെ പാർട്ടി മുഖ്യൻറെ മുന്നിൽ നിന്ന് ക മ എന്ന രണ്ടക്ഷരം മിണ്ടാൻ ധൈര്യമില്ലാത്തതു കൊണ്ടാണ് ഈ പടിയിറിക്കം സംഭവിച്ചത്. ഇപ്പോഴിതാ കിരീടവും ചെങ്കോലും, ആളില്ലാത്ത പിണറായിയിലെ വീടിനു മുന്നിലെ നിറുത്തിയിട്ട പോലീസ് ജീപ്പും, ഇല്ലാതായപ്പോൾ, നേതാക്കളിൽ ചിലരെങ്കിലും വായ തുറന്നും വാളെടെുത്തും വീശി തുടങ്ങിയിട്ടുണ്ട്. വർഗസമരം പാർട്ടിക്കുള്ളിൽ തന്നെ സംഭവിച്ചു എന്നർഥം. അതത്രയും സന്തോഷകരമായ കാര്യമായാണ് കുതന്ത്രിക്ക് തോന്നുന്നത്. അല്ലെങ്കിൽ റഷ്യയിലും ബംഗാളിലും ത്രിപുരയിലും ആഞ്ഞടിച്ച സുനാമി കേരളത്തിലും തിരതല്ലും. അതിനെ കുറുകെ കടക്കാൻ പാർട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല.

തള്ളാപ്പള്ളി
കഴിഞ്ഞ സർക്കാരിൻറെ അധികാരവാഴ്ച്ചയിൽ കേരളത്തിലൂടനീളം വീഴ്ച്ചിയില്ലാതെ വിലസിയ നേതാവായിരുന്നു വെള്ളാപ്പള്ളി. വായിൽ വന്നത് കോതക്ക് പാട്ട് എന്ന കണക്കെയാണെങ്കിലും ഒരു കഥാപ്രസംഗവീരൻറെ സ്വഭാവത്തിൽ കുറിക്ക് കൊള്ളുന്ന വാക്കുകൾ പൊടിപ്പും തൊങ്ങലും ചാലിച്ച് അദ്ധേഹം എഴുന്നള്ളിക്കുമായിരുന്നു. കഥകളി, കള്ളക്കളി, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, കുത്തിമലർത്തി തുടങ്ങിയ കലാപരിപാടികളിലെല്ലാം ചെറുപ്പത്തിൽ ടിയാൻ വീരപരാക്രമിയായിരുന്നു.

കുറച്ചുകാലമായി നാട്ടിൽ വർഗീയത തള്ളുന്ന തരത്തിലുള്ള തുള്ളൽ കണക്കെയായി പുംഗവൻറെ പ്രസംഗങ്ങൾ. നേരത്തെ തന്നെ മാന്യദേഹം മകനെ കാശിക്ക് പറഞ്ഞയച്ചത് പോലെ രാഷ്ട്രീയത്തിൽ ബിജെപിക്കൊപ്പം നിറുത്തി കേന്ദ്രഭരണത്തിൻറെ ശീതളഛായ നല്ല മധുരത്തിൽ കുടിക്കുകയായിരുന്നു. അപ്പോഴാണ് കേരളഭരണത്തിൻറെ കട്ടൻ ചായയും പരിപ്പുവടയും ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ വെള്ളാപ്പള്ളിയെ പിണറായി വിജയൻ കാറിൽ കയറ്റുന്നത്. പിന്നെ കെട്ടിപ്പിടിക്കലായി. ഷാളിടലായി. എന്നു മാത്രമല്ല വെള്ളാപ്പള്ളിയുടെ നാവിൽ സരസ്വതീകടാക്ഷം കണ്ടു എന്നുവരേ മതമില്ലാത്ത നേതാക്കൾ പ്രസംഗിക്കാൻ തുടങ്ങി. അന്നേ ബുദ്ധിയും ചിന്തയും കക്ഷത്ത് വെച്ചിട്ടില്ലാത്ത സഖാക്കൾ പറഞ്ഞു തുടങ്ങിയിരുന്നു വെള്ളാപ്പള്ളിയെ തള്ളിപ്പറയണമെന്ന്.

പറഞ്ഞത് പിണറായാണെങ്കിൽ മിണ്ടാതിരിക്കുകയാണല്ലോ പാർട്ടി സെക്രട്ടറിയുടെ സുചിന്തിത നയം. അപ്രകാരം പാർട്ടി അയാളെ തള്ളാപ്പള്ളിയാക്കി. പരാജയത്തിൻറെ കഷായം കുടിക്കാൻ അതും പ്രധാന കാരണങ്ങളിലൊന്നായി ഇടയലേഖനത്തിലുണ്ട്. കൊത്തികൊത്തി വെള്ളാപ്പള്ളി സഖാവ് സാക്ഷാൽ പത്തരമാറ്റ് മതരഹിതനും യുവകോമളനും നല്ല സമരിയക്കാരനും യേശുവിനെ പോലെ ക്ഷമനിറഞ്ഞവനുമായ ബഹുമാനപ്പെട്ട സ്പീക്കർ സർ ഷംസീറിനെ മുസ് ലിം വർഗീയവാദി എന്നു വിളിച്ചു. ഷംസീർ, ഇനിയും നിസ്കാരത്തഴമ്പ് പൊടിഞ്ഞിട്ടില്ലാത്ത നെറ്റി പാർട്ടി ഒഫീസിൽ കാണിച്ച് ഏത്തമിട്ടപ്പോൾ ഇപ്പോൾ വെള്ളാപ്പള്ളിയെ തള്ളി തുടങ്ങിയിട്ടുണ്ട്. ഇതാണ് സഖാക്കൾക്ക് പിൻബുദ്ധിയാണെന്ന് കുതന്ത്രി പറയുന്നത്.

കയ്യാങ്കളിയും വഴിതടയലും
മുഖ്യമന്ത്രിസ്ഥാനം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട ചെന്നിത്തലാജി ഹിന്ദിയൊക്കെ അത്യാവശ്യം സംസാരിച്ചു തൂഫാനുമായി ഓടെടാ ഓട്ടമാണ്. വളരെ നല്ല കാര്യം. കുറച്ചൊക്കെ ലഹരിയും രാസലഹരിയും നാട്ടിൽ കിട്ടാതായി തുടങ്ങിയിട്ടുണ്ട്. പക്ഷെ, അതിൻറെ കൈവിറ അനുഭവിക്കുന്നത് കോൺഗ്രസ് പാർട്ടിക്കാർക്ക് തന്നെയാണ് എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ സ്വന്തം പാർട്ടിക്കാരുണ്ടോ ഖദറും ഗാന്ധിത്തൊപ്പിയുമൊക്കെ ധരിച്ച് വന്ന് ഒരു കോൺഗ്രസ് മുഖ്യമന്ത്രിയെ വഴിയിൽ തടയുന്നത്. സംഗതി നാൽപത് കറുത്ത കാറുകളുടെ കുറവുണ്ടന്നെയുള്ളൂ. അത്യാവശ്യം സുരക്ഷ പോലീസ് സതീശൻ സാറിന് ഏർപ്പാടാക്കിയിട്ടുണ്ട്. സഹനസമരം മുഖ്യമന്ത്രി കഷ്ടപ്പട്ട് അഭിനയിക്കുന്നെണ്ടെങ്കിലും ചിലപ്പോ അത് പൊട്ടിപ്പോകും. കുറച്ചു കഴിഞ്ഞപ്പോഴുണ്ട് വഴിതടഞ്ഞ കോൺഗ്രസുകാരൻ കരഞ്ഞ്കുമ്പിട്ട് കമിഴ്ന്ന് കിടന്ന് മാപ്പപേക്ഷിക്കുന്നു. നല്ല കുഞ്ഞാടിന് ഇടയൻ മാപ്പ് നൽകുന്നു. അതാണ് കുതന്ത്രി പറയുന്നത് തൂഫാൻ നല്ലവണം പൊടിപൊടിക്കുന്നുണ്ടെന്ന്. ആ തൂഫാനൊരുകണക്കിന് അവസാനിപ്പിച്ചപ്പോഴിതാ ചിറയിൻകീഴ് എംഎൽഎയുടേയും കൂട്ടരേയും വക കയ്യാങ്കളിയും ചവിട്ടുനാടകവും.. അതു കൂടി കണ്ടപ്പോൾ ചരിത്രവും ചിത്രവും പൂർത്തിയായി.

പാറ്റവീഴാകഞ്ഞി
കഞ്ഞിയിൽ പാറ്റ വീഴ്ത്തരുത് എന്ന ചൊല്ല് പ്രസിദ്ധമാണ്. പക്ഷെ, ധർമപ്രധാൻറെ കഞ്ഞിയിലാണ് ആ ദുരോഗ്യം സംഭവിച്ചത്. പാറ്റ സമരം കൊണ്ട് ഭാഗ്യം സിദ്ധിച്ചത് അയോധ്യയിലെ രാമക്ഷേത്രട്രസറ്റ് ഭാരവാഹികൾക്കാണ്. ദൈവത്തിൻറെ കാണിക്കവഞ്ചിയിൽ കയ്യിട്ട് വാരിയവരുടെ സകല വാർത്തകളും പാറ്റയിൽ മുങ്ങി. അവരിപ്പോഴും സ്വർണകരണ്ടികളിൽ സദ്യയുണ്ട് കൊണ്ടേയിരിക്കുകയാണ്. അത്രയും സൗഭാഗ്യം.

 

 

 

Related