“നസറേത്തും യരുശലേമും (അന്നാസ്വിറഃ, അൽഖുദ്സ്) ആണല്ലോ ഏലിയാ സുലൈമാൻ്റെ സിനിമകളുടെ പശ്ചാത്തലം. കുരിശു യുദ്ധങ്ങളുടെ കേന്ദ്രമായിരുന്നിട്ടു പോലും ഭിന്നസമുദായങ്ങൾ തമ്മിൽ സൗഹൃദത്തിൻ്റെ, ആദാന പ്രദാനങ്ങളുടെ, സവിശേഷമായ സംസ്കാരം വികസിപ്പിക്കാൻ ഈ ദേശങ്ങളിലുള്ള സമുദായങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഫലസ്തീൻ്റെ പൊതുചരിത്രവും അതാണ്.
ഇസ്രായേലിൻ്റെ അറബ് തലസ്ഥാനം എന്നറിയപ്പെടുന്ന നസറേത്തിൽ മുസ്ലിം, ക്രൈസ്തവ സമുദായങ്ങളുടെ ജനസംഖ്യ യഥാക്രമം 69, 31 ശതമാനങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എന്നുവെച്ചാൽ അവിടെ ഈ രണ്ട് സമുദായങ്ങൾ (അവരിലെ നിർമതർ ഉൾപ്പെടെ) മാത്രമേയുള്ളൂ. പതിമൂന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ കുരിശു യുദ്ധങ്ങൾക്ക് അറുതിയായി. തുടർന്ന് ആറര ശതാബ്ദക്കാലം ആദ്യം ഈജിപ്തിലെ മംലൂക് സുൽത്താന്മാരും തുടർന്ന് ഒഥ്മാനിയ സുൽത്താന്മാരുമാണ് ഇന്നത്തെ ഇസ്രായേൽ ഉൾപ്പെടുന്ന ഫലസ്തീൻ ദേശം ഭരിച്ചിരുന്നത്.
സ്വാഭാവികമായ സങ്കീർണതകളും സംഘർഷങ്ങളും ഒഴിച്ചുനിർത്തിയാൽ, പാരസ്പര്യത്തിൻ്റെ മഹനീയ മാതൃക കാഴ്ചവെച്ചവരാണ് സയനിസ്റ്റ് കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പുള്ള ഫലസ്തീൻ ജനത (അന്ന് ഇസ്രായേൽ എന്നൊരു ദേശമോ ദേശീയതയോ നിലനിന്നിരുന്നില്ല). 1882ലാണ് ആദ്യത്തെ സയനിസ്റ്റ് സെറ്റ്ൽമെൻ്റ്, റിഷോൻ ലെ ത്സീയോൻ (Rishon LeZion) രൂപപ്പെടുന്നത്. അതിന് മുമ്പ് മൂന്ന് മുതൽ അഞ്ച് വരെ ശതമാനം മാത്രമായിരുന്നു, ഇന്നത്തെ ഇസ്രായേലും ഗസ്സയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന ഫലസ്തീൻ ദേശത്തില ജനസംഖ്യയിൽ ആകെയുള്ള യഹൂദർ. കുടിയേറ്റം വ്യാപകമായതോടെ ജനസംഖ്യയിലെ ഈ അനുപാതം അട്ടിമറിഞ്ഞു. 1948ന് -അതായത് നക്ബക്ക്- തൊട്ടുമുമ്പ് യൂദ ജനസംഖ്യ മുപ്പത്തിരണ്ട് ശതമാനമായി ഉയർന്നെങ്കിൽ, ഇപ്പോൾ അത് അമ്പത്തഞ്ച് ശതമാനമാണ്.
രണ്ട് വിഭാഗമായി ഇവരെ തരം തിരിക്കാറുണ്ട്. കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ്, മംലൂക്, ഒഥ്മാനിയ കാലം മുതൽക്ക് തന്നെ അറബികളായ മുസ്ലിംകൾക്കും ക്രൈസ്തവർക്കുമൊപ്പം ഇസ്രായേലിൽ ജീവിച്ചിരുന്ന യഥാർത്ഥ ഫലസ്തീനിയൻ യൂദ പരമ്പരയെ ‘ഹാ യിശുവ് ഹാ യാശാൻ’ അഥവാ ‘പഴയ യിശുവ്’ (Old Yishuv) എന്നാണ് എബ്രായ പാരമ്പര്യത്തിൽത്തന്നെ വിശേഷിപ്പിക്കാറുള്ളത്. കുടിയേറി വന്നവർ ‘ഹാ യിശുവ് ഹാ ഖദാശ്’ അഥവാ ‘പുതിയ യിശുവ്’ (New Yishuv) എന്നും വിളിക്കപ്പെടുന്നു.
ഇതിനെ ഇതേ അർത്ഥങ്ങളിൽ യഥാക്രമം ‘അൽയിശൂഫ് അൽഖദീം’, ‘അൽയിശൂഫ് അൽജദീദ്’ എന്നിങ്ങനെയാണ് പൊതുവെ അറബിയിലും പറയാറുള്ളതെങ്കിലും ചിലപ്പോൾ ചില അറബ് ലേഖകർ ‘അൽയിശൂഫ്’ എന്ന് മുമ്പേ തങ്ങൾക്കൊപ്പം ജീവിച്ചിരുന്ന യൂദ സമൂഹത്തെ വിശേഷിപ്പിക്കുമ്പോൾ, ന്യൂ യിശുവിനെ ‘അൽമുസ്തൗത്വനഃ’ (കുടിയേറ്റക്കാർ) എന്ന് വിളിക്കുന്നു. അതായത്, മുന്നേ തന്നെ ഫലസ്തീനിൽ ജീവിച്ചിരുന്ന യഹൂദർ മാത്രമാണ് പ്രദേശത്തെ അറബികൾക്ക് യിശുവ്; പുതിയവർ കൈയേറ്റക്കാരും. ഏത് നിലക്കും ഇത് രണ്ടും രണ്ട് പരമ്പരയാണ്.
ഓൾഡ് യിശുവ് വിഭാഗത്തിൽപ്പെടുന്നവരിലെ പഴയ തലമുറ കടുത്ത ഇസ്രായേൽ വിരുദ്ധ, സയനിസ്റ്റ് വിരുദ്ധ നിലപാടുകൾ പുലർത്തുന്നവരാണ്. പഴയ കാലത്തെ പാരസ്പര്യത്തെയോ നക്ബയെയോ നേരിട്ടനുഭവിച്ചിട്ടില്ലാത്ത, അവരുടെ പുതിയ തലമുറക്കാർക്കിടയിൽ പക്ഷേ, ഇതിൽ ഭിന്നതയുണ്ട്. തോറാ ജൂദായിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യഥാർത്ഥ ഫലസ്തീനി യഹൂദരും അവർക്കിടയിൽ വേരുകളുള്ള ‘നെതൂറെയ് കാർതാ’ പോലുള്ള ഓർതഡോക്സ് ഹാരെദിം ഗ്രൂപ്പുകളും ഇപ്പോഴും അറബ്-യൂദ സൗഹൃദം ഉയർത്തിപ്പിടിക്കുന്നവരാണ്.
സൗഹൃദങ്ങളുടെ സുവർണകാലത്തെക്കുറിച്ച അമിതമായ അവകാശവാദങ്ങളിലൊന്നും വലിയ കാര്യമില്ല. ബഹുസ്വര സമൂഹങ്ങളിൽ പലപ്പോഴും അപസ്വരങ്ങളും ഉണ്ടാവും. എന്നാൽ, അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോകാനുള്ള ശേഷി പ്രകടമാക്കുന്നിടത്താണ് സ്വരബഹുത്വമുള്ള നാഗരികത ശക്തമാകുന്നത്. ‘കോൺവിവെൻസ്യ’ (Convivencia) എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട് അമേരിക്കോ കാസ്ത്രോ ക്വസാഡ.
മുസ്ലിംകൾ ഹിസ്പാനിയ കീഴടക്കിയത് മുതൽ 1490കളിൽ കാതലിക് മൊനാർക്കുകൾ (ഇസബെല്ലയും ഫെർഡിനാൻഡും) അവിടെ നിന്നും യഹൂദരെയും മുസ്ലിംകളെയും പുറത്താക്കിയത് വരെയുള്ള കാലഘട്ടത്തെ സൂചിപ്പിക്കാനാണ് സഹവർത്തിത ജീവിതം എന്നർത്ഥമുള്ള Convivencia എന്ന വാക്ക് ക്വസാഡ ഉപയോഗിച്ചത്.
മുസ്ലിം ഭരണത്തിന് കീഴിൽ ഐബീരിയൻ രാജ്യങ്ങളിൽ മുസ്ലിം, ക്രൈസ്തവ, യഹൂദ സമുദായങ്ങൾ തമ്മിൽ സഹവർത്തിത്വം നിലനിന്നിരുന്നുവെന്നും മധ്യകാല സ്പെയിൻ മതപരമായ സഹിഷ്ണുതയുടെയും സാംസ്കാരിക വിനിമയങ്ങളുടെയും ഇടമായിരുന്നുവെന്നുമുള്ള ആശയമാണ് ‘കോൺവിവെൻസ്യ’ എന്ന പദം മുന്നോട്ടുവെക്കുന്നത്.
ഇതേ പദം കൊണ്ട് തന്നെ വിശേഷിപ്പിക്കാവുന്ന അന്തരീക്ഷമായിരുന്നു ഫലസ്തീൻ ദേശത്തും നിലനിന്നിരുന്നത്. അതാകട്ടെ, ആധുനിക യൂറോപ്പിലെ ‘മതേതരത്വ’ത്തിന് സമാനമായിരുന്നില്ല. ആധുനിക ദേശീയതാ തർക്കങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് നിലനിന്നിരുന്ന പ്രാദേശിക ഐക്യമാണത്. അത് അത്രയും ദൃഢമായിരുന്നതുകൊണ്ടുതന്നെയാണ് ഓട്ടോമൻ സൈന്യത്തെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ ഫലസ്തീനിൽ സൈനിക ഭരണം ഏർപ്പെടുത്തിയതിന് തൊട്ടുടനെത്തന്നെ മുസ്ലിം-ക്രിസ്ത്യൻ അസോസിയേഷനുകൾ (അൽജമാഅഃ അൽഇസ്ലാമിയഃ വൽമസീഹിയഃ) എന്ന രാഷ്ട്രീയ കൂട്ടായ്മകൾ രൂപപ്പെട്ടു തുടങ്ങിയത്. 1918ൽ ഒഥ്മാനിയ സൈന്യം പരാജയപ്പെട്ട വർഷം തന്നെ മെയ് മാസത്തിൽ റാഗിബുദ്ദജാനി പ്രസിഡൻ്റായി ജാഫയിൽ ആദ്യത്തെ MCA രൂപം കൊണ്ടു. അതേ വർഷം നവംബറിൽ ആരിഫ് ബാഷ അദ്ദജാനിയുടെ നേതൃത്വത്തിൽ യരുശലേമിലും അസോസിയേഷൻ ഉണ്ടായി.
ഇവർക്ക് പുറമെ, യരുശലേം മുൻ മേയറായ മൂസാ ഖാസിം അൽഹുസൈനി, പ്രമുഖ ചരിത്രകാരനും രാഷ്ട്രീയ ചിന്തകനുമായ ഇസത് ദർവാസ തുടങ്ങിയവർ മുസ്ലിം സമൂഹത്തിൽ നിന്നും; യാഖൂബ് ഫറാജ് (ഗ്രീക് ഓർതഡോക്സി -യരുശലേം), ആൽഫ്രഡ് റോക് (ഗ്രീക് കാതൊലിക് -ജാഫ), ശിബ്ലി അൽജമാൽ (പ്രൊട്ടസ്റ്റൻ്റ് സഭ -യരുശലേം), ‘ഫിലസ്തീൻ’ പത്രത്തിന്റെ സ്ഥാപകൻ ഈസാ അൽഈസാ, വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ഖലീൽ അൽസകാകിനി തുടങ്ങിയവർ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും MCA പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
എന്തൊക്കെയായാലും അടിമ സുൽത്താന്മാരും (മംലൂക്) ഓട്ടോമൻ സുൽത്താന്മാരുമൊക്കെ രാജാക്കന്മാർ തന്നെയാണ്. ദിമ്മഃ (സംരക്ഷണ ഉടമ്പടി/ pact of protection), ജിസ്യഃ (സംരക്ഷണ ഉടമ്പടി പ്രകാരമുള്ള വിഹിതം/ protection levy or exemption contribution) തുടങ്ങിയ വകുപ്പുകളുടെ കാര്യത്തിൽ പ്രവാചകൻ്റെയും റാശിദൂൻ ഖലീഫമാരുടെയും സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് പലപ്പോഴും രാജവാഴ്ചയുടെയും സൽത്തനത്തിൻ്റെയും കാലത്തെ രീതികൾ കാണപ്പെടാറുള്ളത്. ഇത് പിൽക്കാലത്തെ ന്യൂനപക്ഷ പൗരരും മുസ്ലിം ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ഒട്ടൊക്കെ സങ്കീർണമാക്കിയിരിക്കാം. അതേസമയം ജനങ്ങൾ തമ്മിൽ ശക്തമായ പാരസ്പര്യം നിലനിന്നിരുന്നു.
മാത്രവുമല്ല, നിയമങ്ങളുടെ ‘ഏറ്റവും മോശ’മായ പ്രയോഗം നിലനിന്ന സാഹചര്യങ്ങളിൽപ്പോലും മേൽപ്പറഞ്ഞ ദിമ്മയും ജിസ്യയുമൊക്കെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവൻ, സ്വത്ത്, ആരാധനാ സ്വാതന്ത്ര്യം, മറ്റു പൗരാവകാശങ്ങൾ തുടങ്ങിയവ ഭരണകൂടത്തിൻ്റെ പ്രത്യേകവും പൂർണവുമായ സംരക്ഷണത്തിന് കീഴിലാക്കുകയും ചെയ്തു. ഒഥ്മാനിയാ സൽത്തനത്തിൻ്റെ മില്ലഃ (Millet) സമ്പ്രദായമാകട്ടെ, ഓരോ സമുദായത്തിലെയും വ്യവഹാര പ്രശ്നങ്ങളിൽ അതത് സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ ബാധകമാക്കുകയും ചെയ്തു.
അന്നത്തെ യൂറോപ്പിൽ നിലനിന്നിരുന്ന വംശീയത, ആൻ്റിസെമിറ്റിസം, ഇൻക്വിസിഷൻ, പോഗ്രോമുകൾ തുടങ്ങിയവ ഓരോ പ്രദേശത്തും ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ചും യഹൂദരുടെ ജീവിതങ്ങളെ ദുരിത നരകങ്ങളാക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുസ്ലിം വാഴ്ചയിൽ ഫലസ്തീൻ ഉൾപ്പെടെയുള്ള ദേശങ്ങളിൽ ബഹുമത, ബഹുസ്വര സമൂഹങ്ങൾക്ക് വ്യവസ്ഥാപിതമായ നിലനിൽപ് സാധ്യമാകുന്ന തരത്തിൽ നിയമപരമായ പരിരക്ഷയും സ്ഥിരതയും ലഭിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. യരുശലേമിനെ മുസ്ലിം, ക്രിസ്ത്യൻ, യഹൂദ, അർമേനിയൻ എന്നിങ്ങനെ നാല് ക്വാർട്ടറുകളായി വിഭജിച്ചത് പോലും ഓട്ടോമൻ ഭരണാധികാരികളായിരുന്നില്ല. യൂറോപ്യൻ കാർടോഗ്രഫർമാരും മിഷനറികളും സൃഷ്ടിച്ച ഈ വിഭജനം കർശനമാക്കിയത് ബ്രിട്ടീഷ് മാൻഡേറ്റ് ഭരണകൂടമാണ്.
ഒരേ പ്രവേശന വഴി താണ്ടുന്ന ഒരൊറ്റ മുറ്റത്തിന് ചുറ്റും ഒരേ കിണറും, ചിലപ്പോൾ അടുക്കള വരെയും പങ്കിട്ടുകൊണ്ട് ഗേഹങ്ങൾ നിർമിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു ഫലസ്തീനിയൻ സംസ്കാരത്തിൽ. ഹൗശ്, ഹോശ് എന്നൊക്കെയാണിതിന് പറയുക. ഹൗശ് എന്ന അറബി പദത്തിന് മുറ്റം എന്നർത്ഥം. ഒരേ മുറ്റം പങ്കിടുന്ന പാർപ്പിട സമുച്ചയത്തിൽ അപൂർവമായെങ്കിലും മുസ്ലിം, ക്രിസ്ത്യൻ വീടുകൾ ഒരുമിച്ച് നിലനിന്നിരുന്നതായി പഠനങ്ങളുണ്ട്. യരുശലേമിലെ Al-Saha Residential Compound എന്ന പ്രദേശം ഇതിനുദാഹരണമാണ്. ഡോ. ഉസാമ സൽമാൻ എഴുതിയ, Where Do Palestinian Christians Live in the Occupied Old City of Jerusalem എന്ന പഠനത്തിൽ ഇതിൻ്റെ വിവരങ്ങളുണ്ട്.
അറബിയിൽ ‘സാഹ’ എന്നതിനും മുറ്റം എന്ന് തന്നെയാണർത്ഥം. ഈ പാർപ്പിട സമുച്ചയത്തിന്റെ ഉടമസ്ഥാവകാശം പങ്കുവെക്കുന്നത് ഫ്രാൻസിസ്കൻ കസ്റ്റഡി ഓഫ് ദ് ഹോളി ലാൻഡ്, ഗ്രീക് ഓർതഡോക്സ് സഭ എന്നിവർക്കൊപ്പം ചില സ്വകാര്യ ക്രിസ്ത്യൻ, മുസ്ലിം കുടുംബങ്ങളും കൂടിയാണ്. ഇതേ പഠനത്തിൽ ‘അൽമസ്ബന’ എന്ന മറ്റൊരു സ്ഥലത്തെയും പരാമർശിക്കുന്നുണ്ട്. ക്രിസ്തുവിനെ ക്രൂശിച്ച ഇടം ഉൾകൊള്ളുന്നതെന്ന് കരുതപ്പെടുന്ന ചർച് ഒഫ് ഹോളി സെപൽകർ, കോപ്റ്റിക് ഓർതഡോക്സ് പാത്രിയാർക്കേറ്റ് എന്നവയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന ‘മസ്ബന’യുടെ മുറ്റം പങ്കുവെക്കുന്നത് ക്രിസ്ത്യൻ, മുസ്ലിം കുടുംബങ്ങളാണ്.
‘നക്ബ’യുടെ ദുരിതങ്ങൾ ബാധിച്ചത് മുസ്ലിംകളെ മാത്രമായിരുന്നില്ല. 400ലധികം ഗ്രാമങ്ങൾ 1948ൽ സയനിസ്റ്റ് മിലിഷ്യ നശിപ്പിച്ചിട്ടുണ്ട്. ഹൈഫ, ജാഫ, പടിഞ്ഞാറൻ യരുശലേം, ഗലീല എന്നിവിടങ്ങളിൽ സയനിസ്റ്റ് അതിക്രമികൾ തകർത്തുകളഞ്ഞ സ്ഥലങ്ങളിൽ നല്ലൊരു പങ്ക് ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളാണ്. ക്രിസ്ത്യൻ പാരമ്പര്യത്തിൽപ്പെട്ട ഫുആദ് സുലൈമാൻ്റെ പോരാട്ട ചരിത്രവും ഏലിയാ സുലൈമാൻ്റെ സിനിമകളുമൊക്കെ ഫലസ്തീൻ്റെ ഈ സാംസ്കാരിക പാരമ്പര്യത്തെയും സാമൂഹിക ഐക്യത്തെയും അടയാളപ്പെടുത്തുന്നുണ്ട്.”
