ഭരണാതിര്ത്തികളും ഭരണകേന്ദ്രങ്ങളും അവയുടെ അധികാരപരിധികളും എല്ലാ കാലത്തും സാമൂഹിക ചര്‍ച്ചകളില്‍ വലിയ പ്രാധാന്യത്തോടെ ഉയര്‍ന്നുവരുന്ന വിഷയങ്ങളാണ്. ഭരണകൂടങ്ങളുടെ പരിഗണനയും അവഗണനയും വികസനത്തിലെ പ്രാദേശിക അസന്തുലിതാവസ്ഥകളുമെല്ലാം ഇത്തരം ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായി മാറാറുണ്ട്. ഈ ചരിത്രപരമായ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് വീണ്ടും സജീവമായിരിക്കുന്ന ചര്‍ച്ചകളെയും കാണാന്‍. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് ആഗസ്റ്റ് 23-ന് വ്യക്തമാക്കിയതാണ് സമീപകാല ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കിയത്. മലപ്പുറം ജില്ലയുടെ വിഭജനം, തിരൂര്‍, വള്ളുവനാട്, വടകര, നെയ്യാറ്റിന്‍കര തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പുതിയ ജില്ലകള്‍ എന്നിങ്ങനെ വിവിധ നിര്‍ദേശങ്ങളും ഇതിനൊപ്പം ഉയര്‍ന്നുവരുന്നു.
കേരളത്തില്‍ നിലവിലുള്ള പതിനാലു ജില്ലകള്‍ മതിയോ, പതിനെട്ടോ ഇരുപതോ ജില്ലകളിലേക്ക് ഭരണസംവിധാനം വികസിക്കണമോ എന്ന ചോദ്യവും പൊതുചര്‍ച്ചയുടെ ഭാഗമായി മാറിയിട്ടുണ്ട്. പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും ആവശ്യകത പഠിക്കാന്‍ കമ്മീഷന് രൂപീകരിക്കുമെന്ന പ്രഖ്യാപനം 2026-ലെ പുതുക്കിയ സംസ്ഥാന ബജറ്റിലും ഉണ്ടായിരുന്നു. ഈ ചര്‍ച്ചകളുടെ പൊതുസ്വഭാവം പരിശോധിച്ചാല്‍ പുതിയൊരു ജില്ലയുടെ ആസ്ഥാനം എവിടെയാകണം, ഏതൊക്കെ പ്രദേശങ്ങള്‍ അതില്‍ ഉള്‍പ്പെടണം, ആദ്യം ഏത് ജില്ല വിഭജിക്കണം തുടങ്ങിയ ചോദ്യങ്ങളിലേക്കാണ് വിഷയം പലപ്പോഴും പരിമിതപ്പെടുന്നത്. എന്നാല്‍, ഭരണസൗകര്യവും നീതിപൂര്‍വമായ വിഭവവിതരണവും പൗരന്റെ സേവനലഭ്യതയുമാണ് ജില്ലാ വിഭജനത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെ മര്‍മ്മമായി വരേണ്ടത്.
അതുകൊണ്ടുതന്നെ കേരളത്തില്‍ എത്ര ജില്ലകള്‍ വേണമെന്നതിനെക്കാള് പ്രധാനമാണ് നിലവിലുള്ള ഭരണാതിര്‍ത്തികള്‍ ഇന്നത്തെ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ യാഥാര്‍ഥ്യങ്ങളെ എത്രത്തോളം പ്രതിനിധീകരിക്കുന്നുണ്ട് എന്ന ചോദ്യം. ആ ചോദ്യം പുതിയ ജില്ലകള്‍ വേണമെന്ന ആവശ്യത്തെ റദ്ദാക്കുന്ന ഒന്നല്ല. മറിച്ച് ആവശ്യമായിടത്ത് ജില്ലകള്‍ വിഭജിക്കുകയും അതോടൊപ്പം താലൂക്കുകളും വില്ലേജുകളും തദ്ദേശസ്ഥാപനങ്ങളും മറ്റ് ഭരണാധികാരപരിധികളും പുനഃക്രമീകരിക്കുകയും ചെയ്യുന്ന സമഗ്രമായ ഒരു സമീപനത്തിലേക്കാണ് അത് നയിക്കേണ്ടത്. ജില്ലാ വിഭജനം എന്ന ഒറ്റമൂലിയോ നിലവിലുള്ള അതിര്‍ത്തികള്‍ അൽപ്പം മാറ്റിവരയ്ക്കുന്ന അശാസ്ത്രീയ സമീപനമോ അല്ല വേണ്ടത്. ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളെ തന്നെ കാലാനുസൃതമായി പുനഃസംഘടിപ്പിക്കുന്ന സമീപനമാണ് ഭാവി കേരളത്തിന് ആവശ്യമായിട്ടുള്ളത്.
ചരിത്രത്തിന്റെ തുടര്‍ച്ചയായ അതിര്‍ത്തികള്‍
കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അടിസ്ഥാന ഭരണയൂണിറ്റുകളുടെ അതിര്‍ത്തികളെല്ലാം ജനസംഖ്യയോ ഭരണാവശ്യങ്ങളോ മുന്‍നിര്‍ത്തി ഒരേ കാലത്ത് ശാസ്ത്രീയമായി നിര്ണയിക്കപ്പെട്ടവയല്ല. തിരുവിതാംകൂര്‍, കൊച്ചി, പഴയ മലബാര്‍ എന്നിവിടങ്ങളില്‍ നിലനിന്നിരുന്ന വ്യത്യസ്ത ഭൂ-റവന്യൂ ഭരണസംവിധാനങ്ങളുടെ ചരിത്രപരമായ തുടര്‍ച്ചകള്‍ നമ്മുടെ ഇന്നത്തെ ഭരണഭൂപടത്തിലും കാണാനാകും. നാടുകള്‍, കരകള്‍, മുറികള്‍, അംശങ്ങള്‍, ദേശങ്ങള്‍ തുടങ്ങിയ പഴയ ഭൂ-ഭരണ ഘടകങ്ങള്‍ വിവിധ ഘട്ടങ്ങളിലൂടെ ഇന്നത്തെ റവന്യൂ ഭരണസംവിധാനത്തിന്റെ ഭാഗങ്ങളായി മാറുകയായിരുന്നു. കേരളത്തിലെ സര്‍വേ-സെറ്റില്‍മെന്റ് നടപടികള്‍ പോലും ഒരേ കാലത്തല്ല നടന്നത്. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്ത കാലഘട്ടങ്ങളിലാണ് ഭൂസര്‍വേയും സെറ്റില്‍മെന്റും നടന്നത്. ഐക്യകേരളം രൂപപ്പെട്ടശേഷം ഇവയെ ഏകീകരിക്കുകയും ആവശ്യാനുസരണം ജില്ലകളും താലൂക്കുകളും വില്ലേജുകളും പുനഃക്രമീകരിക്കുകയും ചെയ്തെങ്കിലും ചരിത്രപരമായ അതിര്‍ത്തികളുടെ തുടര്‍ച്ച ഇന്നും പല ഭരണയൂണിറ്റുകളിലും കാണാം. ഇതിനെ ഒരു അപാകതയായി കാണേണ്ടതില്ല. ഓരോ കാലഘട്ടത്തിലും അന്നത്തെ യാത്രാസൗകര്യവും ജനവാസവും ഭൂവുടമസ്ഥതയും അധികാരസംവിധാനവും കണക്കിലെടുത്താണ് ഭരണഘടകങ്ങള്‍ രൂപപ്പെട്ടത്. എന്നാല്‍, ഒരു കാലഘട്ടത്തില്‍ യുക്തിസഹമായിരുന്ന അതിര്‍ത്തി എല്ലാ കാലഘട്ടത്തിലും അതേപടി യുക്തിസഹമായിരിക്കണമെന്നില്ല എന്ന യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളണം.
കേരള രൂപീകരണത്തിന് ശേഷമുള്ള ഏഴു പതിറ്റാണ്ടിനിടെ ജനസംഖ്യ മാത്രമല്ല മാറിയത്. ജനവാസത്തിന്റെ സ്വഭാവം, ഗതാഗതസൗകര്യങ്ങള്‍, ഭൂവിനിയോഗം, ഭൂമിയുടെ തുണ്ടുവല്ക്കരണം, വ്യാപാര-വ്യവസായ പ്രവര്‍ത്തനങ്ങള്‍, നഗരവല്‍ക്കരണം, സര്‍ക്കാര്‍ സേവനങ്ങളുടെ സ്വഭാവം എന്നിവയിലെല്ലാം അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിച്ചു. സാങ്കേതികവിദ്യ ഭരണത്തിലേക്ക് കടന്നുവന്നതോടെ ഭരണകേന്ദ്രവും പൗരനും തമ്മിലുള്ള ബന്ധവും മാറി. ഈ മാറ്റങ്ങള്‍ക്ക് ആനുപാതികമായി നമ്മുടെ ഭരണഭൂപടം മാറിയിട്ടുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
കണക്കുകള്‍ കാണിക്കുന്ന വ്യത്യാസങ്ങള്‍
2011-ലെ സെന്‍സസ് പ്രകാരം കേരളത്തിന്റെ ജനസംഖ്യ 3.34 കോടിയായിരുന്നു. എന്നാല്‍, ജില്ലകള്‍ക്കിടയിലെ ജനസംഖ്യാവിതരണത്തില് വലിയ വ്യത്യാസമാണുള്ളത്. മലപ്പുറത്ത് 41.13 ലക്ഷം ജനങ്ങളുണ്ടായിരുന്നപ്പോള്‍ വയനാട്ടില്‍ 8.17 ലക്ഷം മാത്രമായിരുന്നു. തിരുവനന്തപുരത്ത് 33.01 ലക്ഷം, എറണാകുളത്ത് 32.82 ലക്ഷം, തൃശൂരില്‍ 31.21 ലക്ഷം, കോഴിക്കോട് 30.86 ലക്ഷം എന്നിങ്ങനെയായിരുന്നു ജനസംഖ്യ. ജനസാന്ദ്രതയിലും ഇതേ വൈവിധ്യമുണ്ട്. 2011-ല്‍ കേരളത്തിന്റെ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 ആയിരുന്നപ്പോള്‍ തിരുവനന്തപുരത്ത് 1,508, ആലപ്പുഴയില്‍ 1,504, കോഴിക്കോട് 1,316, മലപ്പുറത്ത് 1,157 എന്നിങ്ങനെയായിരുന്നു. വയനാട്ടില്‍ 384 ഉം ഇടുക്കിയില്‍ 255 ഉം മാത്രമായിരുന്നു. ഈ കണക്കുകളില്‍നിന്ന് ജനസംഖ്യ കൂടുതലുള്ള എല്ലാ ജില്ലകളും വിഭജിക്കണമെന്നും ജനസംഖ്യ കുറഞ്ഞ ജില്ലകള്‍ വിഭജിക്കേണ്ടതില്ലെന്നും നിഗമനത്തിലെത്താനാവില്ല. ഇടുക്കിയിലെ ഭരണത്തിന്റെ വെല്ലുവിളി മലപ്പുറത്തിന്റേതില്നിന്ന് വ്യത്യസ്തമാണ്. വിസ്തൃതമായ മലയോര ഭൂമിശാസ്ത്രവും ജനവാസകേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരവും ഇടുക്കിയില്‍ പ്രധാനമാകുമ്പോള്, ഉയര്‍ന്ന ജനസാന്ദ്രതയും നഗരസ്വഭാവവും വ്യാപാര-സേവന മേഖലകളുടെ സാന്ദ്രതയും മറ്റൊരു ജില്ലയില്‍ ഭരണഭാരം വര്‍ധിപ്പിക്കാം.
അതുകൊണ്ട് ജനസംഖ്യ ഭരണഘടകങ്ങളുടെ പുനസംഘടനക്ക് ഒരു മാനദണ്ഡമാക്കാമെങ്കിലും ഏക മാനദണ്ഡമാക്കാന്‍ കഴിയില്ല. ജനസാന്ദ്രത, വിസ്തൃതി, യാത്രാസമയം, ഭൂമിയുടെ തുണ്ടുവല്ക്കരണം, ഭൂകൈവശക്കാരുടെ എണ്ണം, കെട്ടിടങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സാന്ദ്രത, വ്യവസായ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ഭൂമി ഇടപാടുകള്‍, സാമൂഹിക-സാമ്പത്തിക ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളുടെ ആകെത്തുകയാണ് ഭരണസംവിധാനങ്ങളുടെ പുനഃസംഘടനയില്‍ പരിഗണിക്കേണ്ടത്.
നഗരവല്‍ക്കരണം ഉയര്‍ത്തുന്ന പുതിയ ചോദ്യം
കേരളത്തിന്റെ നഗരവല്‍ക്കരണം തന്നെ പഴയ ഭരണാതിര്ത്തികളെ പുനഃപരിശോധിക്കേണ്ടതിന്റെ മറ്റൊരു പ്രധാന കാരണമാണ്. 2001ലെ സെന്‍സസ് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 26 ശതമാനമായിരുന്നു നഗരജനസംഖ്യ. 2011-ല്‍ അത് 47.7 ശതമാനമായി. 2001-ല്‍ 99 സെന്‍സസ് ടൗണുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ 2011-ല്‍ അവയുടെ എണ്ണം 461 ആയി. എന്നാല്‍ 2011-ല്‍ സംസ്ഥാനത്തുണ്ടായിരുന്ന നഗരസഭകള്‍ 59 മാത്രമായിരുന്നു.
സെന്‍സസ് ടൗണ്‍ എന്നതുകൊണ്ട് നിയമപരമായി രൂപീകരിച്ച മുനിസിപ്പാലിറ്റിയെയോ നഗരസഭയെയോ അല്ല അര്‍ഥമാക്കുന്നത്. ഒരു പ്രദേശം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരിക്കുമ്പോഴും ജനസംഖ്യ, ജനസാന്ദ്രത, തൊഴില്‍ഘടന എന്നിവയില്‍ നഗരസ്വഭാവം പ്രകടിപ്പിക്കുന്നുവെങ്കില്‍ സെന്‍സസില്‍ അതിനെ സെന്‍സസ് ടൗണ്‍ എന്ന് രേഖപ്പെടുത്തും. 2011-ലെ സെന്‍സസ് മാനദണ്ഡപ്രകാരം കുറഞ്ഞത് 5,000 ജനസംഖ്യയും ചതുരശ്ര കിലോമീറ്ററിന് ജനസാന്ദ്രത 400 ഉണ്ടാവുകയും പുരുഷ തൊഴിലാളികളില്‍ 75 ശതമാനമെങ്കിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലെടുക്കുന്ന സ്വഭാവവുമുള്ള പ്രദേശങ്ങളെയാണ്, നിയമപരമായി നഗരസഭയല്ലെങ്കിലും സെന്‍സസ് ടൗണ്‍ ആയി പരിഗണിച്ചത്. അതിനാൽ കേരളത്തിൽ നിലവിലുള്ള നഗരങ്ങളിലേക്ക് മാത്രം ജനസംഖ്യ കേന്ദ്രീകരിച്ചതല്ല എന്നും നഗരസ്വഭാവമുള്ള ജനവാസവും തൊഴിലും വ്യാപാര-സേവന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ വലിയൊരു ഭൂവിഭാഗത്തിലേക്ക് വ്യാപിക്കുകയായിരുന്നു എന്നും കാണാനാകും.
കേരളത്തിന്റെ നഗരവല്‍ക്കരണത്തെ മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത നഗരവളര്ച്ചയുമായി നേരിട്ട് താരതമ്യം ചെയ്യാനും കഴിയില്ല. ഒരു നഗരകേന്ദ്രം അവസാനിക്കുകയും ഗ്രാമപ്രദേശം തുടങ്ങുകയും ചെയ്യുന്ന വ്യക്തമായ ഭൗതിക അതിര്‍ത്തി സംസ്ഥാനത്തിന്റെ വലിയൊരു ഭാഗത്തും കാണാനാവില്ല. റോഡുകളുടെ ഇരുവശങ്ങളിലുമായി കിലോമീറ്ററുകളോളം തുടര്‍ച്ചയായി വ്യാപിക്കുന്ന ജനവാസവും വ്യാപാര-സേവന പ്രവര്‍ത്തനങ്ങളുമാണ് കേരളത്തിന്റെ പ്രത്യേകത. സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡിന്റെ Kerala Development Report 2026 ഈ ജനവാസഘടനയെ Rural-Urban Continuum എന്നാണ് വിശേഷിപ്പിക്കുന്നത്. ഗ്രാമവും നഗരവും തമ്മിലുള്ള പരമ്പരാഗത വേര്‍തിരിവ് മങ്ങിപ്പോകുന്ന, പരസ്പരം ബന്ധിപ്പിക്കപ്പെട്ട നീണ്ട ജനവാസമേഖലകളാണ് കേരളത്തിലേതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തെയും നഗരത്തെയും രണ്ടു വേറിട്ട മേഖലകളായി മാത്രം കാണുന്ന പരമ്പരാഗത ആസൂത്രണ സമീപനം കേരളത്തിന് പര്യാപ്തമല്ലെന്നും ഈ സവിശേഷ ജനവാസഘടനയെ ഉള്‍ക്കൊള്ളുന്ന സ്ഥലപരമായ ആസൂത്രണം ആവശ്യമാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
അതേ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ള ഔദ്യോഗിക ജനസംഖ്യാ പ്രവചനങ്ങള്‍ പ്രകാരം 2036-ഓടെ കേരളത്തിന്റെ നഗരവല്‍ക്കരണ നിരക്ക് ഏകദേശം 96 ശതമാനത്തിലെത്താമെന്നാണ് വിലയിരുത്തല്‍. കേരളം മുഴുവന്‍ നിയമപരമായി നഗരസഭകളായി മാറുമെന്നല്ല അതിന്റെ അര്‍ഥം. മറിച്ച് ജനവാസത്തിന്റെയും തൊഴിലിന്റെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ നഗരസ്വഭാവം എത്ര വേഗത്തിലാണ് വ്യാപിക്കുന്നത് എന്നതിന്റെ സൂചനയായാണിത്. അപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ജനവാസ സാഹചര്യങ്ങളില്‍ രൂപപ്പെട്ട ഭരണാതിര്‍ത്തികള്‍ അടുത്ത പതിറ്റാണ്ടുകളിലെ കേരളത്തിന് മതിയാകുമോ എന്ന ചോദ്യം സ്വാഭാവികം മാത്രമല്ല, അടിയന്തര പ്രാധാന്യം കൂടിയുള്ളതുമാണ്.
ജില്ലയില്‍ അവസാനിക്കുന്ന പരിഷ്കാരം പോരാ
കേരളത്തിന്റെ റവന്യൂ ഭരണത്തിന്റെ അടിസ്ഥാന ഘടന വില്ലേജ് – താലൂക്ക് – റവന്യൂ ഡിവിഷന് – ജില്ല എന്നതാണ്. പുതിയ ജില്ലകള്‍ സൃഷ്ടിക്കുന്നതുകൊണ്ട് മാത്രം ഭരണ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാകില്ല. നിലവിലുള്ള താലൂക്കുകളും വില്ലേജുകളും ജനസംഖ്യയിലും വിസ്തൃതിയിലും ജോലിഭാരത്തിലും ഒരേ സ്വഭാവമുള്ളവയല്ല. ചില പ്രദേശങ്ങളില്‍ ഒന്നിലധികം വില്ലേജുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വില്ലേജ് സംവിധാനങ്ങളുണ്ട്. പഴയ അംശങ്ങളും ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുണ്ടായ വില്ലേജുകളും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വലുപ്പമുള്ളവയാണ്. ഇവിടെയാണ് ഭരണപുനഃസംഘടനയുടെ യഥാര്‍ത്ഥ ചോദ്യം ഉയരുന്നത്.
ഒരു വില്ലേജിനെ അതിന്റെ വിസ്തൃതി കൊണ്ടുമാത്രം അളക്കാനാവില്ല. ജനസംഖ്യ, ഭൂവിവരങ്ങള്ളുടെ പരിപാലനം, ഭൂകൈവശക്കാരുടെ എണ്ണം, ഭൂമിയുമായി ബന്ധപ്പെട്ട എത്ര ഇടപാടുകള്‍ നടക്കുന്നു, എത്ര സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കണം, എത്ര സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കണം, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം എന്നെല്ലാം പരിഗണിക്കണം. ഒരു വില്ലേജ് ഓഫീസിന്റെ ചുമതല ഭൂനികുതി സ്വീകരിക്കുന്നതിലും ഭൂവിവരങ്ങള്‍ സൂക്ഷിക്കുന്നതിലും ഒതുങ്ങുന്നില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, തിരഞ്ഞെടുപ്പ്, ദുരന്തനിവാരണം, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട പരിശോധനകള്‍, സര്‍ക്കാര്‍ ഭൂമി സംരക്ഷണം തുടങ്ങി പൗരന്റെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി ഉത്തരവാദിത്തങ്ങള്‍ അതിനുണ്ട്. ദൈനംദിനവും അനുബന്ധവുമായ ചുമതലകള്‍ വര്‍ധിക്കുമ്പോള്‍ അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ക്ക് നല്കാന് കഴിയുന്ന സമയവും ശ്രദ്ധയും കുറയാം. അതുകൊണ്ട് വില്ലേജ് ഓഫീസുകളുടെ പുനഃസംഘടനയെ ജീവനക്കാരുടെ എണ്ണം കൂട്ടുന്ന പ്രശ്നമായി മാത്രം കാണരുത്. ഇതേ യുക്തി താലൂക്കുകള്‍ക്കും ജില്ലകള്‍ക്കും മറ്റ് വകുപ്പുകളിലെ അടിസ്ഥാന ഭരണയൂണിറ്റുകള്ക്കും ബാധകമാണ്. അതിനാൽ ഇവയുടെ പുനസംഘടന ഓരോ യൂണിറ്റിന്റെയും ഉത്തരവാദിത്തവും യഥാര്‍ത്ഥ ജോലിഭാരവും വീണ്ടും നിര്‍വചിക്കുന്ന ഭരണപരിഷ്കാരമായി കാണണം.
റവന്യൂ അതിര്‍ത്തികളും തദ്ദേശഭരണവും
കേരളത്തിലെ ഭരണഭൂപടത്തിലെ മറ്റൊരു സങ്കീര്‍ണത റവന്യൂ അതിര്‍ത്തികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികളും തമ്മിലുള്ള പൊരുത്തക്കേടുകളാണ്. സംസ്ഥാനത്ത് ഇന്ന് 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളുമുണ്ട്. ഒരു പഞ്ചായത്തില്‍ ഒന്നിലധികം റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റവന്യൂ യൂണിറ്റുകളുടെ ഭാഗങ്ങള്‍ വ്യത്യസ്ത തദ്ദേശസ്ഥാപനങ്ങളിലേക്ക് വ്യാപിക്കുകയും ഭരണാതിര്‍ത്തികള്‍ പരസ്പരം മുറിച്ചുകടക്കുകയും ചെയ്യുമ്പോള്‍ ഭരണപരമായ സങ്കീര്‍ണത വര്‍ധിക്കാം. ഇത് ഭൂപടത്തിലെ രേഖകളുടെ പ്രശ്നം മാത്രമല്ല. ഭൂവിനിയോഗം, കെട്ടിടനിര്‍മാണം, അടിസ്ഥാനസൗകര്യ വികസനം, ദുരന്തനിവാരണം, ഡാറ്റാ ഏകോപനം, വിവിധ വകുപ്പുകളുടെ പദ്ധതിനിര്‍വഹണം എന്നിവയിലൊക്കെ അതിന്റെ പ്രതിഫലനം ഉണ്ടാകും. അതുകൊണ്ട് റവന്യൂ പുനഃസംഘടന നടക്കുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികളും അതോടൊപ്പം പരിശോധിക്കണം. ഒരു വില്ലേജ് ഒരു പഞ്ചായത്തായിരിക്കണം എന്നോ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഒരേ വിസ്തൃതി വേണമെന്നോ ഉള്ള യാന്ത്രിക മാനദണ്ഡമല്ല വേണ്ടത്. മറിച്ച് റവന്യൂ യൂണിറ്റുകളെ പരമാവധി വ്യക്തമായി അടിസ്ഥാനമാക്കിയുള്ളതും ജനസംഖ്യയും സേവനാവശ്യങ്ങളും നഗരസ്വഭാവവും പരിഗണിക്കുന്നതുമായ പൊതുമാനദണ്ഡമാണ് സംസ്ഥാനതലത്തില്‍ രൂപപ്പെടുത്തേണ്ടത്.
കേരളത്തിന്റെ നഗരഭരണത്തിലും ഇതേ പുനര്‍ചിന്ത ആവശ്യമാണ്. കൊച്ചിയും തിരുവനന്തപുരവും അവയുടെ കോര്പ്പറേഷന് അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങുന്ന നഗരങ്ങളല്ല. ജോലി, താമസം, യാത്ര, വ്യാപാരം, ജലവിതരണം, മാലിന്യസംസ്കരണം, ഗതാഗതം എന്നിവയിലൂടെ സമീപ നഗരസഭകളും പഞ്ചായത്തുകളും അവയുടെ പ്രവര്‍ത്തനപരമായ നഗരമേഖലയുടെ ഭാഗമായി മാറിയിട്ടുണ്ട്. Kerala Town and Country Planning Act, 2016 സംസ്ഥാന, ജില്ലാ, മെട്രോപോളിറ്റൻ തലങ്ങളിലുള്ള Spatial Planning ന് നിയമപരമായ ഘടന നല്‍കുന്നുണ്ട്. മെട്രോപോളിറ്റൻ മേഖലകൾക്കായി പ്രത്യേക ആസൂത്രണ സംവിധാനത്തിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുകൊണ്ട് കൊച്ചിയെയും തിരുവനന്തപുരത്തെയും സംബന്ധിച്ച് സമീപ നഗരസഭകളും നഗരസ്വഭാവം നേടിയ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ദീര്‍ഘകാല നഗര ഭരണ (metropolitan governance) മാതൃക പരിശോധിക്കേണ്ട സമയമാണ്. വലിയ കോര്പ്പറേഷന് എന്ന പേര് നേടുകയല്ല ലക്ഷ്യം. നഗരത്തിന്റെ നിയമപരമായ അതിര്‍ത്തിയും അതിന്റെ യഥാര്‍ത്ഥ സാമൂഹിക-സാമ്പത്തിക വ്യാപ്തിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന ഭരണസംവിധാനം സൃഷ്ടിക്കുകയാണ് വേണ്ടത്.
(തുടരും – വേണ്ടത് സമഗ്ര ഭരണ പുനഃസംഘടനാ കമ്മീഷന് – ഭാഗം രണ്ട് )
