November 22 Sunday 2026

” വീണ്ടും ആവർത്തിക്കരുത് “; ഫാസിസ്റ്റ് വിരുദ്ധ സാമ്പത്തിക ശാസ്ത്രത്തിൻ്റെ അട്ടിമറിക്കപ്പെട്ട അടിസ്ഥാന ബോധ്യം.

Isabella Weber

ഇസബെല്ല വെബർ-ൻ്റെ’ Anti-Fascist Economics: In defence of Affordability, Dignity & Democracy എന്ന പുസ്തകത്തിൻ്റെ വായന. ഭാഗം – 2

2024 ജനുവരി 21ന് ബെര്‍ളിന്‍ തെരുവ് അഭൂതപൂര്‍വ്വമായ ജനകീയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ആയിരക്കണക്കിന് ആളുകള്‍ മരംകോച്ചുന്ന തണുപ്പില്‍, വീട്ടിനുള്ളിലെ സുഖകരമായ ചൂടില്‍ വിശ്രമിക്കുന്നതിന് പകരം, തെരുവുകളിലിറങ്ങി പ്രതിഷേധിച്ചു. അവരുടെ പ്രധാന മുദ്രാവാക്യം ‘Never Again is Now’ എന്നായിരുന്നു. ഈ പ്രതിഷേധം ബെര്‍ളിനിലോ, ജര്‍മ്മനിയിലോ മാത്രമായി ഒതുങ്ങിയില്ല. വിവിധങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ‘Never Again’ എന്ന മുദ്രാവാക്യം വ്യാപിക്കാന്‍ തുടങ്ങി. ഇക്കഴിഞ്ഞ മാസങ്ങളില്‍ വീണ്ടും ജര്‍മ്മനിയിലും ഫ്രാന്‍സിലും പുതുതലമുറ തെരുവുകളിലേക്കിറങ്ങി. അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്കും സമാന സ്വഭാവമുള്ളതായി കാണാന്‍ കഴിയും.

‘നെവര്‍ എഗൈന്‍’ എന്ന മുദ്രാവാക്യത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ഫാസിസ്റ്റ് ഭരണ വാഴ്ചയുടെയും രണ്ടാം ലോക യുദ്ധത്തിന്റെയും അനന്തരഫലമെന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉയര്‍ന്നുവന്ന ഈ മുദ്രാവാക്യം സ്വകാര്യ മൂലധനത്തിന്റെ അമിത കേന്ദ്രീകരണത്തിനെതിരായും പൊതുജനങ്ങള്‍ക്കുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ സുരക്ഷിതമാക്കുന്നതിനും, ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉദയത്തിന് വഴിയൊരുക്കിയ സാമൂഹിക അസ്ഥിരതകള്‍ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ജനകീയ ഇച്ഛാശക്തിയെ പ്രതിനിധീകരിക്കുന്ന ഒന്നായിരുന്നു.

പുതിയ കാലം ഇത്തരമൊരു മുദ്രാവാക്യത്തെ പൊടിതട്ടിയെടുത്ത് തെരുവുകളിലേക്കിറങ്ങുമ്പോള്‍ ‘നെവര്‍ എഗൈന്‍’ എന്ന മുദ്രാവാക്യത്തിന് പിന്നിലെ സാമ്പത്തികശാസ്ത്ര ഉള്ളടക്കമെന്താണെന്ന് ചരിത്രപരവും സാമൂഹികപരവുമായ അന്വേഷണങ്ങളിലൂടെ അവതരിപ്പിക്കുകയാണ്, ഇസബെല്ല വെബര്‍ തന്റെ ഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തില്‍.

‘Never Again is an Economic Question’ എന്ന ആദ്യ ഭാഗത്തിലൂടെ എന്താണ് രോഗ കാരണം എന്ന അന്വേഷണമാണ് നടത്തുന്നത്. നിലവിലെ ഫാസിസ്റ്റ്-സ്വേഛാധിപത്യ ഭരണകൂട വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങളെ സാമ്പത്തിക വിദഗ്ധഎന്ന നിലില്‍ പരിശോധിക്കാനാണ് വെബര്‍ ശ്രമിക്കുന്നത്. ‘വീണ്ടും ആവര്‍ത്തിക്കരുത്’ എന്നതിന് പിന്നിലെ സാമ്പത്തികശാസ്ത്ര ഉള്‍ക്കാഴ്ചകള്‍ തിരിച്ചറിയാതെ വിപണി യാഥാസ്ഥിതികതയ്ക്കനുകൂലമായി സാമ്പത്തിക യുക്തികള്‍ നിശ്ചയിക്കപ്പെട്ടതിനെ രോഗ കാരണമായി അവര്‍ വിലയിരുത്തുന്നു.

ആസ്ട്രിയന്‍ സാമ്പത്തിക ചരിത്രകാരനും സാമൂഹ്യ ചിന്തകനുമായ കാള്‍ പോള്യാനി (Karl Polyani)യുടെ ചിന്തകളെയാണ് വെബര്‍ പ്രധാനമായും ആശ്രയിക്കുന്നത്; സവിശേഷമായും പോള്യാനിയുടെ ‘The Great Transformation’ എന്ന കൃതിയിലെ ആശയങ്ങളെ. താങ്ങാനാവുന്ന വില, അവശ്യവസ്തുക്കളുടെ മേലുള്ള ജനാധിപത്യ നിയന്ത്രണം എന്നിവയില്‍ ഊന്നിയ, ഫാസിസ്റ്റ് വിരുദ്ധ സാമ്പത്തിക ശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വെബറിന്റെ ആഹ്വാനത്തിന് ആവശ്യമായ ചരിത്രപരമായ അടിത്തറ ഈ ഭാഗം ഒരുക്കുന്നു.

19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ ‘സ്വയം നിയന്ത്രിത വിപണി സമൂഹം’ (self-regulating market society) സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ എങ്ങനെയാണ് ”വിനാശകരമായ സമ്മര്‍ദ്ദങ്ങള്‍ക്ക്” (disruptive strains) കാരണമായതെന്ന് വെബര്‍ വിവരിക്കുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥ, അസമത്വം, ഭൂമി, അധ്വാനം, പണം എന്നിവയെ ചരക്കുകളാക്കി മാറ്റല്‍ (commodification) തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയൊക്കെയും ചേര്‍ന്ന്, ഒടുവില്‍ യുദ്ധങ്ങള്‍ക്കിടയിലുള്ള പ്രതിസന്ധികളിലേക്കും, ‘മഹത്തായ സാമ്പത്തിക മാന്ദ്യ’ത്തിലേക്കും (great depression), ഫാസിസത്തിലേക്കും നയിച്ചു. ഫാസിസത്തെ കേവലമൊരു സാമ്പത്തിക സിദ്ധാന്തമായല്ല, മറിച്ച് മുതലാളിത്തത്തെ സംരക്ഷിച്ചുകൊണ്ട് തന്നെ ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുകയും, സമൂഹത്തെ ഏകാധിപത്യ നിയന്ത്രണത്തിന് കീഴിലാക്കുകയും ചെയ്ത ഒരു രാഷ്ട്രീയ ”പരിഹാരം”എന്ന നിലയിലാണ് വെബര്‍ വിലയിരുത്തുന്നത്. വിപണി മൗലികവാദത്തില്‍ (Market fundamentalism) അടങ്ങിയിരിക്കുന്ന ”ഫാസിസ്റ്റ് വൈറസിനെ”ക്കുറിച്ചുള്ള പോളാനിയുടെ ആശയം കൂടുതല്‍ ഊന്നലോടെ അവര്‍ അവതരിപ്പിക്കുന്നു.

സമ്പദ്വ്യവസ്ഥയെ ജനാധിപത്യ സമൂഹത്തിനുള്ളില്‍ത്തന്നെ പുനഃസ്ഥാപിക്കുന്ന, കേവല വിപണി ഭരണത്തേക്കാള്‍ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന, ജീവിതത്തിന്റെ ഭൗതിക അടിത്തറകളെ സ്വകാര്യ മൂലധന ശക്തികളുടെ കൈകളിലേക്ക് വിട്ടുകൊടുക്കാന്‍ പാടില്ലാത്തത്ര പ്രധാനപ്പെട്ടവയായി കാണുന്ന ഒരു ബദല്‍ ഒരു സാമ്പത്തിക കാഴ്ചപ്പാട് സംബന്ധിച്ച ചില അന്വേഷണങ്ങളിലേക്കും ഗ്രന്ഥകാരി ഈ ഭാഗത്ത് ചെന്നെത്തുന്നുണ്ട്.

നമ്മുടെ മുന്നില്‍ ലഭ്യമായ വിഭവങ്ങളും ജനാധിപത്യപരമായ മുന്‍ഗണനകളും അടിസ്ഥാനപ്പെടുത്തിക്കൊണ്ടാകണം നയരൂപീകരണം സാധ്യമാക്കേണ്ടത് എന്നും മറിച്ച്, സാങ്കല്പിക സാമ്പത്തിക പരിമിതികളില്‍ നിന്നുകൊണ്ടായിരിക്കരുത് എന്നും ഗ്രന്ഥകാരി ഓര്‍മ്മിപ്പിക്കുന്നു. യുദ്ധ-യുദ്ധാനന്തര കാലഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്ത അനുഭവപരവും ബൗദ്ധികവുമായ പാഠങ്ങളെ ഇവിടെ വിശകലനം ചെയ്യുന്നു. യുദ്ധാനന്തരം പൂര്‍ണ്ണ തൊഴില്‍, സാമൂഹിക സുരക്ഷ, അന്താരാഷ്ട്ര ക്രമീകരണങ്ങള്‍ (ഭക്ഷ്യശേഖരങ്ങള്‍ അല്ലെങ്കില്‍ ആഗോളതലത്തില്‍ വിഭവ വിതരണം നിയന്ത്രിക്കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടെ) എന്നിവ കൈവരിക്കാനുള്ള ലക്ഷ്യങ്ങളും, ‘ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്’ എന്ന കാഴ്ചപ്പാടില്‍ ഊന്നിയ സാമ്പത്തിക സമീപനത്തിന്റെ മൂര്‍ത്തമായ ഉദാഹരണങ്ങളായി അവതരിപ്പിക്കപ്പെടുന്നു. വിപണിക്ക് കീഴടങ്ങുന്നതിന് പകരം, പൊതുതാല്‍പ്പര്യത്തിനായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടുവെന്നും, ജനാധിപത്യപരമായ സാമ്പത്തിക ഇടപെടലിന്റെ മാതൃകയാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്’ എന്ന പൊതുധാരണ എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നത് സംബന്ധിച്ച വിശദമായ അന്വേഷണവും വെബര്‍ നടത്തുന്നുണ്ട്. കാള്‍ പൊളാനിയുടെ മേല്‍ സൂചിപ്പിച്ച കൃതി പ്രസിദ്ധീകരിച്ച അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ഹായെക്കിന്റെ ‘ദ റോഡ് ടു സെര്‍ഫ്ഡം’ (The Road to Serfodom, Fredirch Hayek), ഭരണകൂടത്തിന്റെ ഏതൊരു ഗൗരവകരമായ ഇടപെടലിനെയും ഏകാധിപത്യത്തിലേക്കുള്ള (totalitarianism) വഴിയായി ചിത്രീകരിച്ചതെങ്ങനെയെന്ന് വെബര്‍ പരിശോധിക്കുന്നു. യുദ്ധാനന്തര കാലഘട്ടത്തിലെ പൊതുധാരണയുമായി താരതമ്യം ചെയ്യുമ്പോള്‍ തുടക്കത്തില്‍ ഇതൊരു ന്യൂനപക്ഷ അഭിപ്രായം മാത്രമായിരുന്നുവെങ്കിലും, തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ വിപണി-മൗലികവാദ ആശയങ്ങള്‍ ശക്തിപ്രാപിക്കുകയും, 1970-80-കള്‍ മുതല്‍ നവലിബറല്‍ ആധിപത്യത്തിലേക്ക് (neoliberal hegemony) നയിക്കുകയും ചെയ്തു. ജനാധിപത്യ രാഷ്ട്രീയത്തെ വിപണിയുടെ (അല്ലെങ്കില്‍ കോര്‍പ്പറേറ്റ്/ലാഭ താല്‍പ്പര്യങ്ങളുടെ) ഭരണത്തിന് കീഴിലാക്കുന്ന രീതിയിലേക്ക് സാമ്പത്തിക ശാസ്ത്രത്തെ ഈ മാറ്റം എങ്ങനെ പുനര്‍നിര്‍വചിച്ചു എന്നും വിശദീകരിക്കുന്നു.

ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ നയരൂപീകരണങ്ങളുടെ കേന്ദ്ര സ്ഥാനത്തുനിന്ന് മാറ്റി സ്ഥാപിക്കുകയും, ഫാസിസത്തിനെതിരായി ജനാധിപത്യത്തെ സംരക്ഷിക്കുന്നതില്‍ സാമ്പത്തിക നയങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന മുന്‍കാല തിരിച്ചറിവിനെ വിസ്മരിക്കുകയും ചെയ്തതിനെ ഈ ഭാഗം വിമര്‍ശനാത്മകമായി പരിശോധിക്കുന്നു. നവലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ തിരഞ്ഞെടുത്ത ഈ പാത, സമൂഹങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭരണകൂട അധികാര കേന്ദ്രീകരണവും സൃഷ്ടിച്ചുകൊണ്ട് സ്വയം ദുര്‍ബലമാക്കപ്പെടുകയും ഫാസിസ്റ്റുകള്‍ മുതലെടുക്കുന്നത് ഈ സാഹചര്യങ്ങളെത്തന്നെയാണ് എന്നും അവര്‍ പറഞ്ഞുവെക്കുന്നു.

( തുടരും )

Related