November 23 Monday 2026

മിച്ചിലോട്ട് മാധവൻ: നാസി ക്യാമ്പിൽ കൊല്ലപ്പെട്ട മലയാളി

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമനിക്കെതിരെ വീരോചിത പോരാട്ടം നയിച്ച, നാസി സൈന്യത്താൽ‌ വധിക്കപ്പെട്ട ഒരു മലയാളി യുവാവുണ്ട്. ഫ്രാൻസിലെ വലേറിയൻ കുന്നുകളുടെ ചെരിവിൽ നിരവധി തടവുകാരോടൊപ്പം വെടിവെച്ചു കൊന്ന, ഫ്രഞ്ച് കമ്മ്യൂണിസ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന മാധവനെന്ന ഇരുപത്തെട്ടുകാരന്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് പാരീസിലെ പടിഞ്ഞാറൻ പ്രാന്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന മോണ്ട്-വലേറിയയിൽ വെച്ച് നിരവധി ഫ്രഞ്ച് ചെറുത്തുനിൽപ്പ് പോരാളികളും ബന്ദികളും നാസി ജർമ്മനിയുടെ സൈന്യത്താൽ വധിക്കപ്പെട്ടു. അന്ന് കൊല്ലപ്പെട്ടവരിൽ കേരളത്തിലെ മലബാർ തീരത്തുള്ള മാഹി പട്ടണത്തിലെ മിച്ചിലോട്ട് മാധവൻ എന്ന 28 വയസ്സുള്ള ഒരു വിദ്യാർഥിയും ഉണ്ടായിരുന്നു.

ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ അംഗമായിരുന്ന മാധവൻ രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ നാസി ഭരണകൂടത്തിനെതിരായ ഫ്രഞ്ച് ചെറുത്തുനിൽപ്പിൽ സജീവമായിരുന്നു. 1942 മാർച്ച് 9 ന് നാസി അനുകൂല സ്പെഷ്യൽ ബ്രിഗേഡുകൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രണ്ട് നാസി ഓഫീസർമാർ കൊല്ലപ്പെട്ട ഒരു തിയേറ്റർ ബോംബ് സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്ന് മാധവനെ നാസി രഹസ്യ പൊലീസായ ഗെസ്റ്റപ്പോയ്ക്ക് കൈമാറി. നാസി തടങ്കൽപ്പാളയമായ ഫോർട്ട് ഡി റൊമെയ്ൻവില്ലെയിൽ പീഡനം അനുഭവിച്ച ശേഷം, ഒടുവിൽ 1942 സെപ്റ്റംബർ 21 ന് ഫയറിംഗ് സ്ക്വാഡ് അദ്ദേഹത്തെ വധിച്ചു.

മലബാറിലെ ഫ്രഞ്ച് കോളനിയായ മയ്യഴിയിൽ മിച്ചിലോട്ട് മാധവന്റേയും പെരുന്തോടി മാതുവിന്റേയും മൂന്നാമത്തെ മകനായി 1914 ജുലൈ 7 നാണ് മാധവൻ ജനിച്ചത്. തിയ്യ ജാതിയിൽപ്പെട്ട മാധവൻ പോണ്ടിച്ചേരിയിൽ ഡിഗ്രി ചെയ്യുന്നതിന് മുമ്പ് മാഹിയിലെ ഒരു ഫ്രഞ്ച് സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി. സ്കൂൾ വിദ്യാർത്ഥിയായിരിക്കേ തന്നെ സാഹസികമായ പ്രതിരോധങ്ങൾ മാധവന്റെ ശീലമായിരുന്നു. ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന മാധവൻ മാഹിയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്നു.

1934 -ലെ മഹാത്മാഗാന്ധിയുടെ മാഹി സന്ദർശനം മാധവന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ദലിത് സമുദായത്തിന്റെ ഉന്നമനത്തിനായുള്ള ദൗത്യത്തിനാണ് അന്ന് ഗാന്ധി അവിടെയെത്തിയത്. അദ്ദേഹത്തിന്റെ യാത്ര ഫ്രഞ്ച് – ഇന്ത്യൻ പ്രദേശങ്ങളിൽ യൂത്ത് ലീഗിന്റെ രൂപീകരണത്തിന് പ്രചോദനം നൽകുകയും സ്വാതന്ത്ര്യസമരത്തിന് കളമൊരുക്കുകയും ചെയ്തു. ഉപരിപഠനത്തിനായി പോണ്ടിച്ചേരിയിലേക്ക് പോകുന്നതിന് മുമ്പ് മാധവൻ മാഹിയിലെ യൂത്ത് ലീഗിൽ ചേർന്നിരുന്നു. അവിടെ അദ്ദേഹം താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസവും ക്ഷേത്രങ്ങളിൽ പ്രവേശനവും ലഭിക്കാൻ സഹായിക്കുന്നതിനായി മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജൻ സേവക് സംഘ് എന്ന സംഘടനയിൽ ചേർന്നു.

അക്കാലത്ത് ലോകമെമ്പാടുമുള്ള ഫ്രഞ്ച് കോളനികളിലെ ഒരു സാധാരണ സമ്പ്രദായം, യൂണിവേഴ്സിറ്റികളിലെ ഏറ്റവും മിടുക്കരായ വിദ്യാർഥികളെ പാരീസിലെ പ്രശസ്തമായ സോർബോൺ സർവകലാശാലയിൽ പഠിക്കാൻ അയക്കുക എന്നതായിരുന്നു. നാസി ജർമ്മനി ഫ്രാൻസിനെ ആക്രമിച്ച് അധിനിവേശം നടത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്, 1937 ൽ മാധവൻ സോർബോൺ സർവകലാശാലയിൽ ചേർന്നു. നാസികൾക്കെതിരായ ചെറുത്തുനിൽപ്പിൽ പ്രചോദനം ഉൾക്കൊണ്ട് മാധവൻ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി ചേർന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രഞ്ച് ഇന്ത്യയുടെ സെക്രട്ടറിയായ വരദരാജുലു സുബ്ബയ്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു മാധവൻ.

മാധവൻറെ രക്തസാക്ഷിത്വത്തെക്കുറിച്ച് മയ്യഴിക്കാർ അറിയുന്നത് വർഷങ്ങൾക്കു ശേഷമാണ്. 2016 ൽ ഒരു വാർത്തക്കായി ഏഷ്യൻ ഏജ് കണ്ടെത്തിയ മാധവന്റെ സഹതടവുകാരനായ പി.എസ്. ഷാമോപ്പിന്റെ ഡയറി ഒഴികെ ഫ്രാൻസിലെ അദ്ദേഹത്തിന്റെ അക്കാലത്തെ ജീവിതത്തെ കുറിച്ച് അധിക രേഖകളൊന്നുമില്ല.

ഷാമോപിന്റെ ഡയറിക്കുറിപ്പുകൾ പ്രകാരം; നാസി രഹസ്യ പൊലീസായ ഗെസ്റ്റപ്പോ മാധവനെയും മറ്റ് 115 പേരെയും ക്യാമ്പിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി. എല്ലാവരെയും വിലങ്ങണിയിച്ചിരുന്നു, അവർ വാഹനത്തിൽ കയറുമ്പോൾ, ബാക്കിയുള്ള തടവുകാർ അവർക്ക് യാത്ര ആശംസിച്ചു. ആർക്കും വധശിക്ഷ നൽകില്ലെന്ന് നാസികൾ പ്രഖ്യാപിച്ചതിനാൽ ഗെസ്റ്റപ്പോ തങ്ങളെ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് കൊണ്ടുപോവുകയാണെന്നാണ് അവർ കരുതിയത്. തടവുകാർ ഫ്രഞ്ച് ദേശീയഗാനമായ ലാ മാർസെയിലൈസ് ആലപിച്ചു. അവരെയെല്ലാം മോണ്ട്-വലേറിയനിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് അവരെ വെടിവച്ച് കൊല്ലുകയും മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു.

പ്രശസ്ത ബ്രിട്ടീഷ്-ഓസ്ട്രേലിയൻ നോൺ-ഫിക്ഷൻ എഴുത്തുകാരി ജെസ്സി ഫിങ്ക് പറയുന്നതനുസരിച്ച്: ” മാധവനുൾപ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരുമായി രണ്ട് എസ്എസ് ഓഫീസർമാരുടെ അകമ്പടിയോടെ മാർച്ച് ചെയ്യുകയും ഒരു തൂണിൽ കെട്ടിയിട്ട് പാരീസിലെ മോണ്ട്-വലേറിയനിൽ വെച്ച് കണ്ണുകെട്ടാതെ വെടിവച്ച് കൊല്ലുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ 45 സഖാക്കളും വധിക്കപ്പെട്ടു. അവരുടെയെല്ലാം ശരീരം കത്തിച്ചുകളഞ്ഞു” എന്നാണ്.

താൻ ഇന്ത്യക്കാരനാണെന്ന് പ്രഖ്യാപിച്ച് രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും മാധവൻ അതിന് തയ്യാറാവാതെ താൻ ഫ്രഞ്ചുകാരനാണെന്ന് നാസി സൈന്യത്തോട് പറഞ്ഞുവെന്ന് സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പറഞ്ഞു. വധശിക്ഷയ്ക്ക് മുമ്പ്, പാരീസിൽ വച്ച് താൻ പ്രണയിച്ച ഫ്രഞ്ച് ഹോട്ടൽ വേലക്കാരി ഗിസെലിനോട് അദ്ദേഹം തന്റെ അവസാന യാത്ര പറഞ്ഞിരുന്നുവത്രേ. യുദ്ധത്തിനുശേഷം വിവാഹിതരാകാൻ ദമ്പതികൾ ആഗ്രഹിച്ചിരുന്നുവെന്നും സെർജ് ചൗമോഫ് പറയുന്നു.

സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാധവൻ മെച്ചിലോട്ടിൻറെ സ്മരണകൾ ഇന്നും നിലനിൽക്കുന്നു. പാരീസിലെ ഫോർട്ട് മോണ്ട്-വലേറിയനിലെ യുദ്ധത്തിന്റെ സ്മാരകത്തിൽ അധിനിവേശ നാസി സേനയോട് പോരാടി മരിച്ച മറ്റ് നിരവധി പേർക്കൊപ്പം മാധവൻറെ പേരും ആലേഖനം ചെയ്തിട്ടുണ്ട്.

Related