ദാരിദ്ര്യ നിർമ്മാജന രംഗത്ത് ലോകത്തിനുതന്നെ മാതൃകയായ പദ്ധതിയായിരുന്നു 25ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. എന്നാൽ പദ്ധതിയുടെ പേരും ഘടനയും മാറ്റുവാൻ ബില്ലുമായി രംഗത്ത് വരികയാണ് കേന്ദ്രസർക്കാർ
എന്താണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഏതൊക്കെ മാറ്റങ്ങളാണ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ പോകുന്നത് പരിശോധിക്കാം
2005ൽ യുപിഎ സർക്കാർ ആരംഭിച്ച പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്ഷം 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നു.
സംസ്ഥാനങ്ങൾ 10% വും കേന്ദ്രം 90% വും പദ്ധതിവിഹിതത്തിൽ ചിലവഴിച്ചിരുന്നതിൽ നിന്നും സംസ്ഥാനങ്ങൾ 40% വും കേന്ദ്രം 60% വും എന്ന നിലയിലേക്ക് മാറുകയാണ് നിലവിലെ ഭേദഗതിയിലൂടെ സംഭവിക്കുന്നത്.
മാത്രവുമല്ല 15 ദിവസങ്ങൾക്കകം തൊഴിൽ നൽകാനായില്ലെങ്കിൽ ഗുണഭോക്താക്കൾക്ക് തൊഴിലില്ലായ്മയുടെ വേതനം സംസ്ഥാന സർക്കാരാണ് വഹിക്കേണ്ടത് എന്നും ബില്ലിൽ പറയുന്നുണ്ട്.
കേരളത്തെ പ്രസ്തുത ഭേദഗതികൾ ഏറെ പ്രതികൂലമായി ബാധിക്കും.
22.61 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇതിൽ പലരെയും ഈ ഭേദഗതി തൊഴിൽരഹിതരാക്കും. സംസ്ഥാനത്തിന് വർഷംതോറും 2000 കോടി രൂപയെങ്കിലും അധിക ബാധ്യവരുത്തുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിലപാട് മാറ്റം. കേന്ദ്രവിഹിതം വെട്ടിക്കുറുക്കുകയും സംസ്ഥാന വിഹിതത്തിലേക്ക് ആ തുക അധികമായി ചേർക്കുകയും ചെയ്യുന്നത് നിലവിൽ കേന്ദ്രം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും രക്ഷപ്പെടാനുള്ള കുറുക്കു വിദ്യയാണ്.
അതായത് നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തെ മറികടക്കാനുള്ള ഭരണരംഗത്തെ കഴിവുകേട് സംസ്ഥാന സർക്കാരുകളുടെ മുകളിൽ വെച്ചു കെട്ടുകയാണ് കേന്ദ്ര ഭരണകൂടം എന്ന നിരീക്ഷണം പ്രസക്തമാണ്.കഴിഞ്ഞ 5 വർഷ കാലയളവിൽ 25,000 കോടി രൂപയാണ് പദ്ധതി വിഹിതത്തിൽ നിന്നും കേന്ദ്രം വെട്ടി കുറച്ചത്.
2005 ൽ ആരംഭിച്ച പദ്ധതിക്ക് 2009 ലാണ് മഹാത്മാഗാന്ധിയുടെ പേര് നൽകുന്നത്. എന്നാൽ ഈ പേരാണ് പുതിയ ഭേദഗതി ബില്ലിലൂടെ സർക്കാർ മാറ്റിയെടുക്കുവാൻ പരിശ്രമിക്കുന്നത്. ഈ പേരുമാറ്റൽ യജ്ഞം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല.ഭവന നിർമ്മാണ പദ്ധതിയായ ഇന്ദിര ആവാസ് യോജന പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന ആയതും, ചേരി നിർമ്മാജന പദ്ധതിയായ രാജീവ് ആവാസ് യോജന സർദാർ പട്ടേൽ നാഷണൽ മിഷൻ ഫോർ അർബൻ ഹൗസിംഗ് ആയതും ഈ പേരുമാറ്റൽ യജ്ഞത്തിന്റെ ഭാഗമാണ്. പ്രദേശങ്ങളുടെയും സ്മാരകങ്ങളുടെയും പേരുമാറ്റൽ ചടങ്ങ് സംഘപരിവാർ ഭരണകൂടം അധികാരമേറ്റത് മുതൽ ഒരു തുടർക്കഥയാണ്.
പ്രധാനമന്ത്രി നെഹ്റുവിന്റെ പേര് പോലും ഇത്തരം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.എന്നാൽ ഹിന്ദുത്വത്തിന്റെ ഈ പേരുമാറ്റൽ ചടങ്ങ് അവരുടെ പരമമായ ലക്ഷ്യമായ മഹാത്മാഗാന്ധിയിലും ഇന്ന് എത്തിനിൽക്കുന്നു എന്നേയുള്ളൂ.
ഇത് കേവലം ഒരു പേരു മാറ്റലല്ല ഗാന്ധി എന്ന ആശയത്തെയാണ് ഇതിലൂടെ മാറ്റിപ്പണിയാൻ ഭരണകൂടം ശ്രമിക്കുന്നത് എന്ന് വ്യക്തമാണ്. ഇതൊരു സൂചന മാത്രമാണ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്ത ഗവൺമെന്റ് നാളെ റിസർവ് ബാങ്ക് പുറത്തിറക്കുന്ന കറൻസി നോട്ടുകളിൽ നിന്നും അദ്ദേഹത്തിന്റെ പേരും ചിത്രവും പിൻവലിക്കും എന്നതിന്റെ സൂചന.
തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യകൂദാശ പാടുകയാണ് കേന്ദ്രസർക്കാർ. പദ്ധതിയെ വരിഞ്ഞു മുറുക്കാൻ സർക്കാർ തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ വിബി ജി റാം ബില്ല് എന്ന് പറയേണ്ടിവരും.പദ്ധതിയുടെ ലേബർ ബജറ്റും പദ്ധതിവിഹിതവും വെട്ടിക്കുറയ്ക്കുന്ന നടപടിക്ക് മോദി സർക്കാർ ഇതിനു മുൻപേ തുടക്കം കുറിച്ചിരുന്നു.
1,18,000 കോടി രൂപയാണ് 2020-21 ൽ സർക്കാർ പദ്ധതിക്കായി നീക്കിവെച്ചത്. 2024-25, 2025-26 കാലയളവിൽ ഇത് 86,000 കോടി രൂപയായി ചുരുങ്ങി.
2023-24ൽ 307 കോടി തൊഴിൽ ദിനങ്ങൾ ആണ് പദ്ധതി പ്രകാരം ഉണ്ടായിരുന്നത്
2024-25 ൽ അത് 286 കോടിയായി ചുരുങ്ങി.
2025-26 ൽ അത് 186 കോടിയായി വീണ്ടും വെട്ടിച്ചുരുക്കി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പദ്ധതിയിലൂടെ തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 72 ലക്ഷത്തിൽ നിന്നും 40 ലക്ഷമായി കുപ്പുകുത്തി.കേരളം,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ആവശ്യമില്ലാത്തതാണ് എന്നും ബീഹാർ മധ്യപ്രദേശ് ഉത്തർപ്രദേശ് ഗുജറാത്ത് രാജസ്ഥാൻ തുടങ്ങി ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ മാത്രമായി അത് ചുരുക്കുവാനും പദ്ധതിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച അമർജിത്ത് സിംഗ് കമ്മിറ്റി നിർദേശിക്കുന്നുണ്ട്.
പുതിയ മാറ്റം അനുസരിച്ച് പദ്ധതി വിഹിതത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതിനുമുമ്പ് 90% കേന്ദ്രവും 10% സംസ്ഥാനവും ആണ് വഹിച്ചിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം സംസ്ഥാന വിഹിതം കൂടുകയും എന്നാൽ സംസ്ഥാനത്തിന് പദ്ധതിയുടെ മേലുള്ള നിയന്ത്രണത്തിന് കുറവ് വരികയും ചെയ്യും.
നിലവിൽ 26. 58 കോടി പേർ രജിസ്റ്റർ രാജ്യത്താകമാനം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം പുതിയ നിയമ ഭേദഗതി സാരമായി ബാധിക്കും.26.58 കോടിയിൽ 18.63 ശതമാനം പട്ടികജാതിക്കാരും 17.32 ശതമാനം പട്ടിക
വർഗ്ഗക്കാരുമാണ്.ഭൂരിപക്ഷവും സ്ത്രീകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ചുരുക്കിപ്പറഞ്ഞാൽ സമൂഹത്തിലെ ദുർബല -പിന്നാക്ക ജാതി വിഭാഗങ്ങളെയാണ് പദ്ധതിയുടെ പുതിയ രൂപമാറ്റം ഏറെ സാരമായി ബാധിക്കുക.
രാജ്യത്തെ തൊഴിലാളി വർഗ്ഗത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ലേബർ കോഡും തൊഴിലാളിയും നയവും കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും അതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കെട്ടടങ്ങുകയും ചെയ്യുന്നതിനു മുമ്പേ പുതിയ തൊഴിലാളി വിരുദ്ധ നീക്കവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിൽ ചെയ്ത് കുടുംബം പോറ്റുവാനുള്ള രാജ്യത്തെ അരിക് വൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശത്തെ പോലും സർക്കാർ ഇതിലൂടെ റദ്ദ് ചെയ്യുകയാണ്. മനുസ്മൃതിയെയും പുരാണങ്ങളെയും അടിസ്ഥാനപ്പെടുത്തി തൊഴിൽനയം പ്രഖ്യാപിച്ച സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
