August 14 Friday 2026

കൊച്ചി കായലില്‍ തീ പടര്‍ത്തിയ കെ.പി വള്ളോന്‍

ജനുവരി 02, കൊച്ചി ദേശത്ത് നവോത്ഥാനത്തിന്റെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച നവോത്ഥാന ശില്പി കെ.പി വള്ളോന്‍ ജയന്തി ദിനം. ഹിന്ദുമതത്തിലെ ജാതീയമായ വിവേചനത്തോടും അടിമത്തത്തോടും ഉഛനീചത്വത്തോടും പ്രതിഷേധിച്ച് യുക്തിവാദിയും നിരീശ്വരവാദിയുമായിമാറി കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന നവോത്ഥാന ശില്പിയാണ് കെ.പി. വള്ളോന്‍. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ്, സമുദായോദ്ധാരകന്‍, പത്രപ്രവര്‍ത്തകന്‍, ഉജ്ജ്വലനായ വാഗ്മി, നിയമസഭാ സാമാജികന്‍ തുടങ്ങിയ നിലകളില്‍ ചരിത്രത്തെ വഴിതിരിച്ചുവിട്ട കെ.പി. വള്ളോന്‍, കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെയും കൃഷ്ണാദി ആശാന്റെയും പാത പിന്തുടര്‍ന്നാണ് സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തന മണ്ഡലത്തില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തുന്നത്.

1900 ജനവരി 2- ന് എറണാകുളം ജില്ലയിലെ മുളവുകാട് കൊലോട്ട് വീട്ടില്‍ പിഴങ്ങന്റെയും മാലയുടെയും ഏക സന്താനമായി പിറന്ന കെ.പി. വള്ളോന്‍ എന്ന ചരിത്രനായകന് ഔദ്യോഗിക വിദ്യാഭ്യാസം നേടാന്‍ ഭാഗ്യമുണ്ടായില്ല. ജാതി വിലക്കുകളും മാമൂലുകളുമായിരുന്നു പ്രതിബന്ധം സൃഷ്ടിച്ചത്. എങ്കിലും വിലക്കുകളെ സധൈര്യം എഴുത്താശാന്മാരുടെ ശിക്ഷണത്തില്‍ എഴുത്തും വായനയും അഭ്യസിച്ച വള്ളോന്‍ പരന്ന വായനയിലൂടെയാണ് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതും പില്ക്കാലത്ത് പത്രാധിപരും പ്രഭാഷകനുമായി ഒക്കെയായി യശസ്സ് ഉയര്‍ത്തുന്നതും. 1913-ലെ ചരിത്രപ്രസിദ്ധമായ കൊച്ചി കായല്‍ സമ്മേളനം നടക്കുമ്പോള്‍ വള്ളോന് കേവലം പതിമൂന്ന് വയസ്സായിരുന്നു പ്രായം. പുലയരാദി അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും നഗരപ്രവേശനവും വിലക്കപ്പെട്ടിരുന്ന ആ കാലഘട്ടത്തില്‍ കൊച്ചിയിലെ പുലയര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടികെട്ടി വേദിയൊരുക്കി പുലയ സഭക്ക് രൂപം നല്‍കുകയായിരുന്നു.

1917ല്‍ വിവാഹിതനായതോടെ വള്ളോന്‍ മുളവ്കാട് സ്ഥിരതാമസമാക്കുകയും കരിങ്കല്‍പ്പണി തൊഴിലായി സ്വീകരിക്കുകയും ചെയ്തു. പുലയരാദി അടിസ്ഥാന വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ വിവേചനങ്ങള്‍ വള്ളോന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതും സാമൂഹ്യ പ്രവര്‍ത്തനം തന്റെ കര്‍മമണ്ഡലമായി അദ്ദേഹം തെരഞ്ഞെടുക്കുന്നതും ഈ കാലഘട്ടത്തിലായിരുന്നു. കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ അരയ സമുദായവും കൃഷ്ണാദി ആശാന്റെയും പി.സി. ചാഞ്ചന്റെയും നേതൃത്വത്തില്‍ പുലയ സമുദായവും അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും വേണ്ടി സംഘടിതശേഷി ആര്‍ജ്ജിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. 1924-ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ വെച്ച് നടന്ന സമസ്ത കൊച്ചി പുലയ മഹാസഭയുടെ സമ്മേളനം കെ.പി. വള്ളോനെ ജോയിന്റ് സെക്‌റട്ടറിയായി തെരഞ്ഞെടുത്തതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വികസിച്ചു.

1931-ല്‍ കെ.പി. വള്ളോനെ കൊച്ചി നിയമനിര്‍മാണ സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. നിയമസഭാംഗമായതോടെ വള്ളോന്‍, വള്ളോന്‍ എം.എല്‍.സി എന്ന പേരില്‍ പ്രശസ്തനായി. എം.എല്‍.സി ആയിരിക്കെ നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കൊച്ചിയിലെ ദലിതരുടെ മുന്നേറ്റ ചരിത്രത്തിലെ രജതരേഖകളാണ്. 1936-ല്‍ വള്ളോന്റ പത്രാധിപത്യത്തില്‍ മുളവുകാട് നിന്നും അധഃകൃതന്‍ എന്ന പേരില്‍ ഒരു ആഴ്ചപത്രം പ്രസിദ്ധീകരണം ആരംഭിച്ചു. പിന്നീട് ‘ഹരിജന്‍ എന്ന പേരില്‍ പുനഃപ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും അജ്ഞാത കാരണങ്ങളാല്‍ പ്രസിദ്ധീകരണം മുടങ്ങി പോയി. 1936-ല്‍ കെ.പി. വള്ളോന്‍ രണ്ടാമതും നിയമസഭാംഗമായി. ഇക്കാലത്തും അധഃസ്ഥിത വിഭാഗങ്ങളുടെ സമുദ്ധാരണത്തിനും പുരോഗതിക്കും വേണ്ടി രാപ്പകല്‍ വ്യത്യാസമില്ലാതെ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. ഒപ്പം സമുദായ പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. നാട്ടിലാകെ വസൂരി പടര്‍ന്നു പിടിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. വസൂരി വ്യാപിച്ച കോളനികളില്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നേരിട്ട് എത്തിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിനും വസൂരി ബാധിച്ചു. 1940 ഏപ്രില്‍ 14-ന് അദ്ദേഹം വിടവാങ്ങി. ജാതിക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ ദീപശിഖയയായി നിലകൊണ്ട കെ.പി. വള്ളോന്റ അനശ്വരമായ സംഭാവനകള്‍ കലാതിവര്‍ത്തിയായി സ്മരിക്കപ്പെടുക തന്നെ ചെയ്യും.

Related