November 22 Sunday 2026

കേരള മാരിടൈം നിയമം: ആശങ്കകളും വെല്ലുവിളികളും പ്രതീക്ഷകളും

Kerala Maritime Board

കേരളത്തിന്റെ സമുദ്രസമ്പത്തും തീരദേശവും സാമ്പത്തിക വികസനത്തിനായി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന വാദഗതിയോടെ വി.ഡി സതീശൻ സർക്കാർ പതിനാറാം നിയമസഭയിൽ അവതരിപ്പിച്ച 2026-ലെ കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ സംബന്ധിച്ച ആശങ്കകളും  വെല്ലുവിലികളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുകയാണ് ലേഖനത്തില്‍. രണ്ട് ഭാഗങ്ങളിലായി തയ്യാറാക്കിയ ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാം.

ഭാഗം -1
തുറമുഖ വികസനത്തിന്റെ മറവിൽ തീരദേശ വിഭവങ്ങളുടെ നിയന്ത്രണം ആർക്കായിരിക്കും? മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, ഭൂമിയുടെ ഉടമസ്ഥാവകാശം, പൊതുജലാശയങ്ങൾ എന്നിവ സംബന്ധിച്ച നിർണായക ചോദ്യങ്ങ‌ളാണ് ഉയർന്ന് വരുന്നത്.

നിലവിലുണ്ടായിരുന്ന 2017 ലെ കേരള മാരിടൈം ബോർഡ് ബില്ലിന് അടിമുടി മാറ്റം വരുന്ന തരത്തിലാണ് വി.ഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച 2026-ലെ കേരള മാരിടൈം ബോർഡ് ഭേദഗതി ബിൽ.

ചെറുകിട തുറമുഖങ്ങളുടെ വികസനം, സ്വകാര്യ നിക്ഷേപം, പൊതുസ്വത്തുകളുടെ പ്രയോജനപ്പെടുത്തൽ, സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ, തീരദേശ ഗതാഗതം, സമുദ്ര ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വാദം. 2026 ഒക്ടോബർ 28-ന് നിയമസഭ ബിൽ പാസാക്കി. ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

നിലവിലുണ്ടായിരുന്ന മാരിടൈം ആക്ട് തുറമുഖങ്ങളുടെ ഭരണപരമായ കാര്യങ്ങളായിരുന്നു എങ്കിൽ ഈ നിയമനിർമാണം കേവലം തുറമുഖങ്ങളുടെ ഭരണപരമായ പുനഃസംഘടന മാത്രമല്ല. കേരളത്തിന്റെ തീരദേശ ഭൂമിയുടെയും ജലാശയങ്ങളുടെയും ഉപയോഗം, പൊതുസ്വത്തിന്റെ നിയന്ത്രണം, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങൾ, സമുദ്രവിഭവങ്ങളുടെ സാമ്പത്തിക മൂല്യം, സ്വകാര്യ മൂലധനത്തിന്റെ കടന്നുവരവ് എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല പ്രത്യാഘാതങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ ഈ ഭേദഗതിയെ വികസന വാഗ്ദാനങ്ങൾ മാത്രമായി വിലയിരുത്താനാവില്ല. അത് ഉയർത്തുന്ന സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവും തീര ജനതയുടെ സ്വയംനിർണയാവകാശവും ഘടനാപരവുമായ ചോദ്യങ്ങളും ഗൗരവമായി പരിശോധിക്കണം.

തുറമുഖ വികസനം: കേരളത്തിന് പുതിയ സാമ്പത്തിക സാധ്യതകളോ?
കേരളത്തിന് ഏകദേശം 590 കിലോമീറ്ററിലധികം കടൽത്തീരമുണ്ട്. അന്താരാഷ്ട്ര കപ്പൽഗതാഗത പാതയോട് അടുത്തുകിടക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, മത്സ്യസമ്പത്ത്, ധാതുസമ്പത്ത്, ഉൾനാടൻ ജലഗതാഗത സാധ്യതകൾ, പ്രവാസി ബന്ധങ്ങൾ, വ്യവസായ-വാണിജ്യ മേഖലകളുമായുള്ള ബന്ധം എന്നിവ കേരളത്തിന് വലിയ സമുദ്രസാമ്പത്തിക സാധ്യതകൾ നൽകുന്നുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം ഈ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ ഊർജം നൽകിയിട്ടുണ്ട്. എന്നാൽ, വിഴിഞ്ഞത്തിന്റെ വിജയം കേരളത്തിലെ എല്ലാ ചെറുകിട തുറമുഖങ്ങൾക്കും അതേപോലെ ആവർത്തിക്കാനാവുമെന്ന് കരുതുന്നത് യാഥാർഥ്യബോധമുള്ള സമീപനമല്ല. ഓരോ തുറമുഖത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകത, ചരക്കുനീക്ക സാധ്യത, റോഡ്-റെയിൽ ബന്ധം, ആഴം, സമീപപ്രദേശങ്ങളിലെ വ്യവസായങ്ങൾ, വിപണിയുടെ വലുപ്പം എന്നിവ വ്യത്യസ്തമാണ്.

കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച കണക്കുകൾ ഈ വെല്ലുവിളി വ്യക്തമാക്കുന്നു. 2024-25 കാലയളവിൽ 17 ചെറുകിട തുറമുഖങ്ങളിൽ നാലെണ്ണം മാത്രമാണ് വ്യാപാര പ്രവർത്തനങ്ങൾക്ക് സജ്ജമായിരുന്നത്. ചരക്കുനീക്കം നടന്നത് ബേപ്പൂർ, അഴീക്കൽ എന്നീ രണ്ട് തുറമുഖങ്ങളിലായിരുന്നു. അതിനാൽ, പുതിയ നിയമം സൃഷ്ടിക്കുന്ന അധികാരങ്ങളേക്കാൾ പ്രധാനപ്പെട്ടത് നിലവിലുള്ള തുറമുഖങ്ങളെ സാമ്പത്തികമായി പ്രവർത്തനക്ഷമമാക്കാനുള്ള പ്രായോഗിക പദ്ധതികളാണ്.
കേരളത്തിന്റെ തുറമുഖ വികസനത്തിന് ആവശ്യമായ മൂലധനം, സാങ്കേതികവിദ്യ, ആധുനിക ചരക്കുനീക്ക സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖല, അന്താരാഷ്ട്ര വിപണിയുമായുള്ള ബന്ധം എന്നിവയിൽ സ്വകാര്യ നിക്ഷേപത്തിന് പങ്കുവഹിക്കാനാകും. സർക്കാർ മാത്രം എല്ലാ പദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കണമെന്ന നിലപാട് സാമ്പത്തികമായി പ്രായോഗികമല്ലെന്ന വാദത്തിനും പ്രസക്തിയുണ്ട്.

പക്ഷേ, സ്വകാര്യ നിക്ഷേപം വരണമെന്നത് മാത്രമല്ല വികസനത്തിന്റെ ലക്ഷ്യം. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമ്പത്തിക മൂല്യം ആർക്കാണ് ലഭിക്കുന്നത്, പൊതുസ്വത്തിന്റെ നിയന്ത്രണം ആരുടെ കൈകളിലായിരിക്കും, പ്രാദേശിക ജനതയ്ക്ക് എന്ത് നേട്ടമുണ്ടാകും എന്നതും അത്രതന്നെ പ്രധാനമാണ്.

മത്സ്യത്തൊഴിലാളികളുടെ ഉപജീവനം: വികസനത്തിന്റെ ചെലവ് ആരാണ് വഹിക്കുന്നത്?
ഈ നിയമഭേദഗതിയെക്കുറിച്ചുള്ള ഏറ്റവും ഗൗരവമുള്ള ആശങ്ക മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിന്റെ തീരദേശ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധനം ഒരു തൊഴിൽ മാത്രമല്ല. അത് ഒരു ജീവിതരീതിയും സാമൂഹിക ബന്ധങ്ങളുടെ അടിസ്ഥാനവും തലമുറകളിലൂടെ കൈമാറിവന്ന ഉപജീവനസംവിധാനവുമാണ്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം കടലിൽ മാത്രം ഒതുങ്ങുന്നില്ല. വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നതിനുള്ള തീരപ്രദേശങ്ങൾ, വല സൂക്ഷിക്കുകയും നന്നാക്കുകയും ചെയ്യുന്ന ഇടങ്ങൾ, മത്സ്യം കരയിലെത്തിക്കുന്ന ലാൻഡിങ് കേന്ദ്രങ്ങൾ, മത്സ്യം ഉണക്കുന്ന സ്ഥലങ്ങൾ, ചെറുകിട വിപണികൾ, ഐസ് പ്ലാന്റുകൾ, മത്സ്യസംസ്കരണ യൂണിറ്റുകൾ, അനുബന്ധ തൊഴിൽ മേഖലകൾ എന്നിവയെല്ലാം ഈ ഉപജീവന ശൃംഖലയുടെ ഭാഗമാണ്. മത്സ്യവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, മത്സ്യബന്ധന തൊഴിലാളികൾ, വള്ളം അറ്റകുറ്റപ്പണിക്കാർ, ഐസ്-ഗതാഗത തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെ ജീവിതവും ഇതിനെ ആശ്രയിക്കുന്നു.
തുറമുഖ വികസനം, സ്വകാര്യ വാണിജ്യ പദ്ധതികൾ, ടൗൺഷിപ്പുകൾ, തീരദേശ വിനോദസഞ്ചാരം, അനുബന്ധ വ്യവസായങ്ങൾ എന്നിവ വികസിക്കുമ്പോൾ ഈ പരമ്പരാഗത പ്രവർത്തനങ്ങൾക്കുള്ള ഇടം ചുരുങ്ങാനുള്ള സാധ്യതയേറയാണ്.
ഇവിടെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയരുന്നു:
• മത്സ്യത്തൊഴിലാളികൾക്ക് തലമുറകളായി ഉപയോഗിച്ചുവരുന്ന കടൽത്തീരത്തേക്കുള്ള പ്രവേശനം ഉറപ്പാക്കുമോ?
• മത്സ്യബന്ധന ബോട്ടുകൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിലേക്ക് ഇറങ്ങാനും തിരിച്ചെത്താനും തടസ്സമില്ലാത്ത വഴികൾ നിലനിൽക്കുമോ?
• വല ഉണക്കാനും നന്നാക്കാനും വള്ളങ്ങൾ സൂക്ഷിക്കാനും ആവശ്യമായ പൊതുസ്ഥലങ്ങൾ സംരക്ഷിക്കപ്പെടുമോ?
• തുറമുഖങ്ങളുടെ സുരക്ഷാ മേഖലകൾ വികസിക്കുമ്പോൾ പരമ്പരാഗത മത്സ്യബന്ധന മേഖലകളുടെ സ്ഥിതി എന്താകും?
• വാണിജ്യ കപ്പൽഗതാഗതവും മത്സ്യബന്ധന ബോട്ടുകളും തമ്മിലുള്ള സംഘർഷം എങ്ങനെ നിയന്ത്രിക്കും?
ഇവയ്ക്ക് വ്യക്തമായ നിയമപരമായ ഉറപ്പുകൾ ആവശ്യമാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെക്കുറിച്ച് പൊതുവായ ഉറപ്പുകൾ നൽകുന്നതുകൊണ്ട് മാത്രം മതിയാകില്ല. ഓരോ തുറമുഖത്തിന്റെയും വികസനപദ്ധതിയിൽ പരമ്പരാഗത മത്സ്യബന്ധന മേഖലകൾ, ബോട്ടുകളുടെ സഞ്ചാരപാതകൾ, ലാൻഡിങ് കേന്ദ്രങ്ങൾ, തൊഴിലിടങ്ങൾ എന്നിവ മാപ്പ് ചെയ്ത് സംരക്ഷിക്കണം.

മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ മാരിടൈം ബോർഡിന്റെ തീരുമാനപ്രക്രിയയിൽ ഉൾപ്പെടുത്തേണ്ടതുമുണ്ട്. ബോർഡിൽ മത്സ്യബന്ധന വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യം മാത്രം മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തിന് പകരമാകില്ല.

ഭൂമിയുടെ ഉടമസ്ഥാവകാശം: മാരിടൈം ലാൻഡ് ബാങ്ക് ഉയർത്തുന്ന ചോദ്യങ്ങൾ
2026-ലെ ഭേദഗതിയിലെ ഏറ്റവും നിർണായകമായ വ്യവസ്ഥകളിലൊന്നാണ് പുതിയ വകുപ്പ് 22A പ്രകാരമുള്ള സംസ്ഥാന മാരിടൈം ലാൻഡ് ബാങ്ക്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ചെറുകിട തുറമുഖ വികസനത്തിനും സമുദ്രാധിഷ്ഠിത വ്യവസായങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് ഈ വ്യവസ്ഥ ലക്ഷ്യമിടുന്നത്. തുറമുഖ പരിധിക്കുള്ളിൽ വരുന്ന, മറ്റു സർക്കാർ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമി ബോർഡിന് കൈമാറുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടുന്നു. ഭൂമി ബോർഡിന് പാട്ടത്തിനോ ലൈസൻസിനോ നൽകുന്നതിനുള്ള നിരക്കുകളും നിബന്ധനകളും സർക്കാർ നിശ്ചയിക്കേണ്ടതാണ്.

സർക്കാർ ഭൂമി വികസനത്തിനായി ഏകോപിപ്പിക്കുന്നതിൽ തത്വത്തിൽ തെറ്റില്ല. എന്നാൽ ഈ വ്യവസ്ഥയുടെ പ്രായോഗിക നടപ്പാക്കലാണ് നിർണായകം.
ആദ്യം വ്യക്തമാക്കേണ്ടത്: തുറമുഖ പരിധി എന്നത് കൃത്യമായി എവിടെയാണ്? ഓരോ തുറമുഖത്തിന്റെയും പരിധി എങ്ങനെ നിർണയിക്കും? അതിനുള്ള മാനദണ്ഡങ്ങൾ എന്താണ്? തുറമുഖ വികസനത്തിന് യഥാർത്ഥത്തിൽ എത്ര ഭൂമി ആവശ്യമാണ്? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതെ ഭൂമിയെ ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തുന്നത് ആശങ്കകൾ സൃഷ്ടിക്കും.

കേരളത്തിലെ തീരദേശങ്ങളിൽ സർക്കാർ ഭൂമിയിലും റവന്യൂ ഭൂമിയിലും ദീർഘകാലമായി താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. പലർക്കും ഉടമസ്ഥാവകാശ രേഖകളില്ലെങ്കിലും തലമുറകളായി അവിടെ താമസിക്കുകയും തൊഴിൽ ചെയ്യുകയും ചെയ്യുന്നവരാണ്. ഇവരുടെ താമസാവകാശം, ഭൂമിയുടെ കൈവശാവകാശം, ഭാവിയിൽ പട്ടയം ലഭിക്കാനുള്ള സാധ്യത എന്നിവ സംരക്ഷിക്കപ്പെടേണ്ടതാണ്.

ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന കാരണത്താൽ മാത്രം അവിടെ താമസിക്കുന്നവരുടെ സാമൂഹികവും ചരിത്രപരവുമായ അവകാശങ്ങൾ ഇല്ലാതാകുന്നില്ല. തീരദേശത്തെ ഭൂമിയുടെ ഉടമസ്ഥാവകാശം രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല, അവിടെയുള്ള ജനങ്ങളുടെ ജീവിതബന്ധങ്ങളും പരമ്പരാഗത ഉപയോഗങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം വിലയിരുത്തേണ്ടത്.

ലാൻഡ് ബാങ്കിൽ ഉൾപ്പെടുത്തുന്ന ഭൂമിയുടെ പട്ടിക, സർവേ നമ്പറുകൾ, നിലവിലെ കൈവശക്കാർ, ഉപയോഗം, പരിസ്ഥിതി സ്വഭാവം, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഭൂമി കൈമാറ്റത്തിന് മുമ്പ് ബാധിതരായ ജനങ്ങളുമായി കൂടിയാലോചന നിർബന്ധമാക്കണം. മത്സ്യത്തൊഴിലാളികളുടെ വീടുകളും തൊഴിൽസ്ഥലങ്ങളും പൊതുപ്രവേശന വഴികളും സംരക്ഷിക്കുന്ന പ്രത്യേക വ്യവസ്ഥകൾ നിയമത്തിലോ ചട്ടങ്ങളിലോ ഉൾപ്പെടുത്തണം.

വാട്ടർഫ്രണ്ട് റോയൽറ്റി: പൊതുജലാശയങ്ങളുടെ ഉപയോഗത്തിന് ആരാണ് പണം നൽകേണ്ടത്?
ഭേദഗതിയിൽ നിർവചിച്ചിരിക്കുന്ന വാട്ടർഫ്രണ്ട് റോയൽറ്റി തുറമുഖ പരിധിയിൽ ഉൾപ്പെടുന്ന ജലാശയങ്ങളുടെ ഉപയോഗത്തിന് നൽകേണ്ട നിരക്കാണ്. തുറമുഖവുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് ഇത് ന്യായീകരിക്കാവുന്ന വരുമാനമാർഗമായിരിക്കാം.
എന്നാൽ, പൊതുജനങ്ങൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ജലാശയങ്ങളുടെ കാര്യത്തിൽ അതിന്റെ പരിധി വ്യക്തമാക്കേണ്ടതുണ്ട്.

മത്സ്യബന്ധന ബോട്ടുകൾ, പരമ്പരാഗത വള്ളങ്ങൾ, ചെറുകിട മത്സ്യത്തൊഴിലാളികൾ, പ്രാദേശിക ജനങ്ങളുടെ സാധാരണ ഉപയോഗം എന്നിവയ്ക്കും റോയൽറ്റി ബാധകമാകുമോ? പൊതുജലാശയങ്ങളിലേക്കുള്ള പ്രവേശനം പണം നൽകേണ്ട വാണിജ്യ സേവനമായി മാറുമോ? മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശങ്ങളെ ബാധിക്കാത്ത വിധത്തിൽ ഈ വ്യവസ്ഥ എങ്ങനെ നടപ്പാക്കും?

വാണിജ്യ ഉപയോഗത്തിനും പരമ്പരാഗത ഉപജീവന ഉപയോഗത്തിനും ഇടയിൽ നിയമം വ്യക്തമായ വ്യത്യാസം വരുത്തണം. പൊതുസമ്പത്തിന്റെ സംരക്ഷണത്തിന്റെ പേരിൽ പൊതുജനങ്ങളുടെ അവകാശങ്ങൾ ചുരുക്കപ്പെടരുത്.

(തുടരും)
(കരിമണൽ സമ്പത്ത്, കോർപ്പറേറ്റ് താൽപര്യങ്ങൾ, കേരളത്തിന്റെ സമുദ്രസാമ്പത്തിക ഭാവി
കേരള മാരിടൈം നിയമം: ഉയരുന്ന ആശങ്കകളും വെല്ലുവിളികളും പ്രതീക്ഷകളും- ഭാഗം രണ്ടില്‍)

Related