അനന്തപുരിയുടെ ഹൃദയഭാഗത്ത്, നഗരത്തിന്റെ വികസനത്തിന്റെയും തിരക്കിന്റെയും മറവിൽ കഴിയുന്ന കരിമഠം കോളനി നിവാസികൾ വർഷങ്ങളായി ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് “ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്നെങ്കിലും കിട്ടുമോ?” കിട്ടും എന്ന പ്രതീക്ഷ പിന്നെയും അവരുടെ മനസ്സിലേക്ക് എത്തിയിരിക്കുന്നു.
ഇത് വെറും ഒരു പ്രതീക്ഷയല്ല, വികസനത്തിന്റെയും ഭവനപദ്ധതികളുടെയും പേരിൽ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യർ, വർഷങ്ങളായി നേരിടുന്ന ജീവിതപ്രതിസന്ധിക്ക് ഒരു പരിഹാരം കൂടിയായിട്ടാണ് അവർ കാണുന്നത്.
അട്ടക്കുളങ്ങര ബൈപാസ് റോഡിനും ചാല മാർക്കറ്റിനും സമീപമുള്ള കരിമഠം കോളനിയിൽ 3.43 ഹെക്ടർ പ്രദേശത്ത് 560-ലേറെ കുടുംബങ്ങളിലായി മൂവായിരത്തോളം പേർ താമസിക്കുന്നതായാണ് നേരത്തെയുള്ള കണക്കുകൾ. ചേരി പുനരധിവാസത്തിന്റെ ഭാഗമായി നടപ്പാക്കിയ ഭവനപദ്ധതികളിലൂടെ ചില കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ ലഭിച്ചെങ്കിലും, പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ നിർമ്മാണം പൂർത്തിയാകാത്തതും ലഭിച്ച ഫ്ലാറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള പരാതികളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
JNNURM-ന്റെ BSUP പദ്ധതിയുടെ ഭാഗമായി കരിമഠത്ത് നാല് ഘട്ടങ്ങളിലായി 18 ഫ്ലാറ്റുകൾ നിർമ്മിച്ച് ഏകദേശം 360 കുടുംബങ്ങളെ പുനരധിവസിപ്പിച്ചതായി കണക്കുകൾ പറയുന്നു. എന്നാൽ, നിർമ്മാണത്തിലെ അപാകതകളും ചോർച്ചയും തകർന്ന ഓവുചാലുകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം ലഭിച്ച വീടുകളിൽ പോലും പല കുടുംബങ്ങൾക്കും സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പായില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഞ്ചാംഘട്ട ഫ്ലാറ്റുകൾക്കായി നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. പുതിയ ഫ്ലാറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ വീടുകൾ പൊളിച്ചുമാറ്റിയ കുടുംബങ്ങളിൽ പലരും ഇന്ന് സ്വന്തമായി ഒരു വീടില്ലാത്ത അവസ്ഥയിലാണ്.
ഇവരിൽ ഒരു വിഭാഗം ഇപ്പോഴും കമ്മ്യൂണിറ്റി ഹാളിലെ ചെറിയ മുറികളിലാണ് കഴിയുന്നത്. 24 കുടുംബങ്ങൾക്കായി 24 ചെറിയ മുറികളും വെറും അഞ്ച് കുളിമുറികളും ആറ് ശൗചാലയങ്ങളുമുള്ള അവസ്ഥയാണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാചകം, ഉറക്കം, കുട്ടികളുടെ പഠനം, വസ്ത്രം മാറൽ തുടങ്ങി ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരേ ഇടത്തിൽ നടത്തേണ്ട അവസ്ഥ. കുട്ടികളും പ്രായമായവരും രോഗികളുമെല്ലാം ഇതേ ദുരിതസാഹചര്യത്തിലാണ് കഴിയുന്നത്.
വാടകവീടുകളിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. സർക്കാർ പ്രഖ്യാപിച്ചിരുന്ന പ്രതിമാസ വാടക അലവൻസ് പോലും നഗരത്തിലെ യഥാർത്ഥ വാടകച്ചെലവിന് പര്യാപ്തമല്ലെന്നും, അത് കൃത്യമായി ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. ഇത് ജനപക്ഷം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു.
ചുവരുകൾക്കുള്ളിൽ ശ്വാസം മുട്ടുന്ന ജീവിതങ്ങൾ: കരിമഠം കോളനി ചോദിക്കുന്നത് ഔദാര്യമല്ല; അവകാശം
ഇതിനിടയിലാണ് ഇപ്പോൾ കരിമഠം കോളനി നിവാസികളുടെ സമരത്തിന് പുതിയ വഴിത്തിരിവുണ്ടാകുന്നത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ പ്രശ്നവുമായി ജനകീയ സമരസമിതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. വിഷയം പരിശോധിച്ച മുഖ്യമന്ത്രി ഭവനനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു.
വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ പ്രശ്നവുമായി വെൽഫെയർ പാർട്ടി ചാല വാർഡ് കമ്മിറ്റിയും കരിമഠം കോളനിജനകീയ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. വിഷയം പരിശോധിച്ച മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഭവനനിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. മുഖ്യമന്ത്രിയെ കൂടാതെ തിരുവനന്തപുരം കോർപറേഷൻ മേയർ, വാർഡ് കൗൺസിലർ, നഗരസഭ സെക്രട്ടറി ഉൾപ്പടെയുള്ളവരെയും സന്ദർശിക്കുകയും ആവശ്യമായ രേഖകൾ കൈമാറുകയും ചെയ്തിരുന്നു.
സമരത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി, സ്ഥലം എംഎൽഎയും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ സി. പി. ജോൺ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ, വാർഡ് കൗൺസിലർ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയും സമരസമിതി സമീപിച്ചിരുന്നു. ആവശ്യമായ രേഖകൾ കൈമാറുകയും പ്രശ്നത്തിന്റെ അടിയന്തരാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതായും സമരസമിതി കൺവീനർ ഷാജി അട്ടകുളങ്ങര പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച് കോർപ്പറേഷന്റെ പ്രത്യേകസംഘം കരിമഠം കോളനി സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
വർഷങ്ങളായി നീണ്ടുനിന്ന ഭവനപ്രശ്നം ഇപ്പോൾ സർക്കാർ തലത്തിൽ വീണ്ടും സജീവമായി പരിഗണിക്കപ്പെടുന്ന ഘട്ടത്തിലാണ്. തറക്കല്ലിടലുകളും പ്രഖ്യാപനങ്ങളും കരിമഠം നിവാസികൾ ഇതിനകം പലതവണ കണ്ടുകഴിഞ്ഞതാണ്. പുതിയ വീടിന്റെ പ്രതീക്ഷയിൽ പഴയ വീടുകൾ നഷ്ടപ്പെട്ടവരാണ് ഇവരിൽ പലരും. അതുകൊണ്ടുതന്നെ ഇനി അവർക്ക് വേണ്ടത് മറ്റൊരു പ്രഖ്യാപനം മാത്രമല്ല, നിർമാണം ആരംഭിച്ച് സുരക്ഷിതമായ വീടിന്റെ താക്കോൽ കൈമാറുന്ന നടപടിയാണ്.
ഇപ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പ് ആ കുടുംബങ്ങളിൽ പുതിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. പ്രതീക്ഷ യഥാർഥ്യമാകുമെന്നും തങ്ങളുടെ ദുരിത ജീവിതം അവസാനിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് കരിമഠം കോളനി നിവാസികൾ.
