അനന്തപുരിയുടെ ഹൃദയഭാഗത്ത്, മിന്നിത്തിളങ്ങുന്ന തെരുവ് വിളക്കുകൾക്കും കൂറ്റൻ കെട്ടിടങ്ങൾക്കും പിന്നിലായി ഭരണകൂടം സൗകര്യപൂർവ്വം മറന്നുപോയ ഒരു മനുഷ്യക്കടലുണ്ട്. അട്ടക്കുളങ്ങര ബൈപാസ് റോഡിൽ, പ്രശസ്തമായ ചാല മാർക്കറ്റിന് സമീപമുള്ള കരിമഠം കോളനിയിലാണത്. കേവലം 3.43 ഹെക്ടർ ഭൂമിയിൽ 560-ൽ പരം കുടുംബങ്ങളിലായി മൂവായിരത്തോളം മനുഷ്യരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. നഗരത്തിന്റെ ഭാരം മുഴുവൻ ചുമക്കുന്നവർ, അന്നന്നത്തെ അന്നത്തിനായി അധ്വാനിക്കുന്ന കൂലിത്തൊഴിലാളികൾ; പക്ഷേ, നഗരവികസനത്തിന്റെ മാപ്പിൽ ഇവർ എക്കാലവും പാർശ്വവൽക്കരിക്കപ്പെട്ടവരാണ്.
കരിമഠം കോളനിയിലെ ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ കേൾക്കുന്നത് വികസനത്തിന്റെ പൊള്ളയായ അവകാശവാദങ്ങളല്ല, മറിച്ച് ഭരണകൂടത്തിന്റെ വാഗ്ദാനങ്ങളിൽ തളച്ചിടപ്പെട്ട ഒരു ജനതയുടെ വിലാപമാണ്. ചേരി നിർമ്മാർജ്ജനത്തിന്റെയും പുനരധിവാസത്തിന്റെയും പേരിൽ പഴയ വീടുകൾ പൊളിച്ചുമാറ്റി, കൂടുതൽ മെച്ചപ്പെട്ട ആവാസവ്യവസ്ഥ ഉറപ്പുനൽകിയ പദ്ധതികളെല്ലാം ഇന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (JNNURM) കീഴിൽ നടപ്പിലാക്കിയ ‘ബി.എസ്.യു.പി’ (Basic Services to the Urban Poor) പദ്ധതി ഇന്ന് അധികാരികളുടെ കെടുകാര്യസ്ഥതയുടെ സ്മാരകമായി മാറിയിരിക്കുകയാണ്. സ്വന്തമായി തലചായ്ക്കാൻ ഒരിടം എന്ന അടിസ്ഥാന അവകാശത്തിനായി ഇരുന്നൂറിലധികം കുടുംബങ്ങളാണ് ഇപ്പോഴും ഇവിടെ കാത്തിരിക്കുന്നത്.
ലഭിച്ച വീടുകളുടെ അവസ്ഥയാകട്ടെ അതിദയനീയമാണ്. അശാസ്ത്രീയമായ നിർമ്മാണവും ഗുണനിലവാരമില്ലായ്മയും കാരണം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചുതുടങ്ങി. ഇതുവരെ നാല് ഘട്ടങ്ങളിലായി 18 ഫ്ലാറ്റുകൾ (ഒരു ഫ്ലാറ്റിൽ 20 കുടുംബങ്ങൾ എന്ന കണക്കിൽ മൊത്തം 360 കുടുംബങ്ങൾക്ക്) നിർമ്മിച്ചു എന്നാണ് കണക്കുകൾ (ആദ്യഘട്ടത്തിൽ 80 കുടുംബങ്ങൾക്കായി നാല് ഫ്ലാറ്റ്, രണ്ടാംഘട്ടത്തിൽ 60 കുടുംബങ്ങൾക്ക് മൂന്ന് ഫ്ലാറ്റ്, മൂന്നാംഘട്ടത്തിൽ 180 കുടുംബങ്ങൾക്ക് 9 ഫ്ലാറ്റ്, നാലാം ഘട്ടത്തിൽ 40 കുടുംബങ്ങൾക്ക് രണ്ട് ഫ്ലാറ്റ്). എന്നാൽ ഇതിൽ ഭൂരിഭാഗവും വാസയോഗ്യമല്ല. തിരിഞ്ഞുനിൽക്കാൻ ഇടമില്ലാത്ത അടുക്കളയും ചോർന്നൊലിക്കുന്ന മേൽക്കൂരകളും തകർന്ന ഓവുചാലുകളുമാണ് ഇവർക്ക് ലഭിച്ചത്. അഞ്ചോ ആറോ അംഗങ്ങളുള്ള ഒരു കുടുംബം ഒരൊറ്റ മുറിയിൽ കഴിയേണ്ടിവരുന്ന ദുരവസ്ഥ പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഒറ്റമുറിയിലൊതുങ്ങുന്ന മനുഷ്യർ, മരവിക്കുന്ന കാഴ്ചകൾ
നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതുകൊണ്ട് ഫ്ലാറ്റ് ലഭിക്കാത്തവർക്കും, സ്വന്തമായി വാടക വീടുപോലും കണ്ടെത്താനാവാത്തവർക്കും കോളനിയിലെ കമ്മ്യൂണിറ്റി ഹാളിലാണ് അധികൃതർ താത്കാലിക അഭയം നൽകിയത്. മാസങ്ങളായി അവർ ഇവിടെ പെട്ടുപോയിരിക്കുന്നു. ഏതൊരാളുടെയും മനസ്സ് മരവിപ്പിക്കുന്നതാണ് ഇവിടുത്തെ കാഴ്ചകൾ. മുകളിലും താഴെയുമായി വേർതിരിച്ച 24 ചെറിയ മുറികളിൽ കഴിയുന്നത് 24 കുടുംബങ്ങളാണ്!
പാചകവും കിടപ്പും കുട്ടികളുടെ പഠനവും വസ്ത്രം മാറലുമെല്ലാം ഈ ചെറിയ ഒറ്റമുറിക്കുള്ളിൽ തന്നെ നടക്കണം. കിടപ്പുരോഗികളും പിഞ്ചുകുഞ്ഞുങ്ങളും വളർന്നുവരുന്ന പെൺകുട്ടികളും പ്രായമായവരുമെല്ലാം ഈ ദുരിതമുറിയിൽ ശ്വാസം മുട്ടി കഴിയുന്നു. വ്യക്തിശുചിത്വത്തിനോ സ്വകാര്യതയ്ക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല.
24 കുടുംബങ്ങൾക്ക് ആറ് ശൗചാലയങ്ങൾ!
അടിസ്ഥാന ജീവിതാവശ്യങ്ങൾക്കായി ഈ മനുഷ്യർ നടത്തുന്ന പോരാട്ടം ഭയപ്പെടുത്തുന്നതാണ്. 24 കുടുംബങ്ങൾക്കായി ആകെ ലഭ്യമായത് അഞ്ച് കുളിമുറികളും ആറ് ശൗചാലയങ്ങളും മാത്രമാണ്. കുടിവെള്ള ലഭ്യതയില്ലാത്തത് ഇവിടുത്തെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. കിട്ടുന്ന അല്പം വെള്ളം ഇടുങ്ങിയ മുറികളിൽ തന്നെ ശേഖരിച്ചു വയ്ക്കാൻ അവർ നിർബന്ധിതരാകുന്നു.
മുറികളിൽ എലിയുടെയും മൂട്ടയുടെയും ശല്യം രൂക്ഷമാണ്. ഏതുനിമിഷവും ഇഴജന്തുക്കൾ കയറിവരാവുന്ന, പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ള അതിഭീകരമായ ചുറ്റുപാടിലാണ് കുട്ടികളും രോഗികളും രാപ്പകലുകൾ തള്ളിനീക്കുന്നത്. പാത്രം തുറന്നുവെച്ചു പാചകം ചെയ്യാൻ പോലുമുള്ള അടിസ്ഥാന സൗകര്യം ഇവിടെയില്ല.
വാടകയ്ക്ക് പുറത്ത് താമസിക്കാൻ നിർബന്ധിതരായവരോടുള്ള സർക്കാരിന്റെ സമീപനവും ഇതിലും വ്യത്യസ്തമല്ല. മാസം 2000 രൂപ വാടക അലവൻസ് നൽകാമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്. തിരുവനന്തപുരം നഗരത്തിൽ 2000 രൂപയ്ക്ക് ഒരു വാടകമുറി പോലും കിട്ടില്ലെന്ന യാഥാർത്ഥ്യം കോർപ്പറേഷൻ അധികാരികൾക്ക് നന്നായി അറിയാം. ആ തുച്ഛമായ തുക പോലും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്.
തറക്കല്ലിടൽ പ്രഹസനങ്ങളും ഒളിച്ചുകളിക്കുന്ന ഉത്തരവാദിത്തങ്ങളും
സർക്കാർ അംഗീകൃത ഏജൻസിയായ കോസ്റ്റ്ഫോർഡ് (COSTFORD) ആണ് ഫ്ലാറ്റുകളുടെ നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. മുൻ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒറ്റ ഫ്ലാറ്റിൽ 32 വീടുകൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ഇനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഘട്ടങ്ങളിലെ നിർമ്മാണത്തിന് ശേഷം അവശേഷിക്കുന്ന ചെറിയ തുക നിലവിൽ തങ്ങളുടെ കൈവശമുണ്ടെന്നും, എന്നാൽ ഈ തുകകൊണ്ട് പുതിയ നിർമ്മാണം തുടങ്ങാനാകില്ലെന്നുമാണ് ഏജൻസിയുടെ വാദം. ആവശ്യപ്പെട്ട അധിക തുക ലഭിച്ചാൽ ഉടൻ പണി തുടങ്ങുമെന്നും അവർ പറയുന്നു.
ഏറ്റവും വലിയ വിരോധാഭാസം അതല്ല; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും മുൻ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും മറ്റ് പ്രമുഖരും ചേർന്ന് അഞ്ചാം ഘട്ട നിർമ്മാണത്തിനായി ഇവിടെ വലിയ ആഘോഷത്തോടെ തറക്കല്ലിട്ടിരുന്നു. പുതിയ വീടുകൾ വെച്ചുനൽകാമെന്ന വാഗ്ദാനം നൽകി, തലചായ്ക്കാൻ ഉണ്ടായിരുന്ന പഴയ കിടപ്പാടം കൂടി പൊളിച്ചുമാറ്റിയാണ് അധികൃതർ ഈ മനുഷ്യരെ കമ്മ്യൂണിറ്റി ഹാളിലെ ഒറ്റമുറി ദുരിതത്തിലേക്ക് വലിച്ചെറിഞ്ഞത്. വോട്ട് നേടാനുള്ള വെറുമൊരു പ്രഹസനം മാത്രമായിരുന്നോ ആ തറക്കല്ലിടൽ?
ശരിക്കും ആരാണ് ഈ പദ്ധതി ഇത്രയും വൈകിപ്പിക്കുന്നത്? കോർപ്പറേഷൻ ആണോ, സംസ്ഥാന സർക്കാരാണോ, അതോ കേന്ദ്ര സർക്കാരാണോ? പദ്ധതി ഏകോപിപ്പിച്ച് ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കേണ്ട പൂർണ്ണ ബാധ്യത തിരുവനന്തപുരം നഗരസഭയ്ക്കാണ്. എന്നിട്ടും, സ്വന്തം വീട് എന്ന ഒരു കുടുംബത്തിന്റെ ഏറ്റവും അത്യാവശ്യമായ അടിസ്ഥാന അവകാശം നേടിക്കൊടുക്കുന്നതിൽ കോർപ്പറേഷൻ എന്തിനാണ് മൗനം പാലിക്കുന്നത്? ഈ ജനതയോടുള്ള ഭരണകൂടത്തിന്റെ അവഗണനയുടെ നേർചിത്രമാണിത്.
ആരു കേൾക്കും ഈ സങ്കടങ്ങൾ?
നഗരത്തിന്റെ ശുചിത്വവും വികസനവും ഉറപ്പുവരുത്താൻ ദിവസവും വിയർപ്പൊഴുക്കുന്ന ഈ തൊഴിലാളിവർഗ്ഗം ചോദിക്കുന്നത് ഒരേയൊരു കാര്യമാണ് – “ഞങ്ങൾക്കൊരു സുരക്ഷിതമായ വീട് എന്ന് കിട്ടും?”
ഇവരും ഈ രാജ്യത്തെ പൗരന്മാരാണ്, നമ്മുടെ നാടിൻ്റെ മക്കളാണ്. നഗര നിർമ്മിതിക്കായി പണിയെടുക്കുന്ന ഇവർ, തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ബാങ്കുകൾ മാത്രമായി ചുരുങ്ങേണ്ടവരല്ല. ദയയോ ഔദാര്യമോ അല്ല, സുരക്ഷിതമായ പാർപ്പിടം എന്ന ഭരണഘടനാപരമായ അവകാശമാണ് അവർ ചോദിക്കുന്നത്.
കരിമഠം കോളനിയിലെ ഭവന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാനും, കമ്മ്യൂണിറ്റി ഹാളിൽ നരകയാതന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മാന്യമായ താമസസൗകര്യം ഉറപ്പാക്കാനും അധികൃതർ തയ്യാറായേ മതിയാകൂ. കടലാസിലെ കണക്കുകൾക്കും പദ്ധതികൾക്കുമപ്പുറം, ജീവിക്കാൻ സുരക്ഷിതമായ ഒരു മണ്ണ് ഈ മനുഷ്യർക്കും അനിവാര്യമാണ്. നീതിക്കുവേണ്ടി കരിമഠം ഉയർത്തുന്ന ഈ ചോദ്യങ്ങൾക്ക് അധികാരികൾ ഉത്തരം പറഞ്ഞേ തീരൂ.
