ആഗോളതലത്തില്‍ അക്കാദമിക മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തുന്ന ‘സ്കോളേഴ്സ് അറ്റ് റിസ്ക്’ (Scholars At Risk)ന്റെ ‘ഫ്രീ ടു തിങ്ക് 2026’ (Free to Think 2026) റിപ്പോര്‍ട്ട് ഇന്ത്യയിലെ അക്കാദമിക് മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2025 ജൂലൈ 1 മുതല്‍ 2026 ജൂണ്‍ 30 വരെയുള്ള കാലയളവിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനത്തില്‍ ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായത്’ (severely restricted) എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നത്. അക്കാദമിക് ഫ്രീഡം ഇന്‍ഡക്സ് (AFI) സ്കോര്‍ 2024-ലെ 0.16-ല്‍ നിന്ന് 2026-ല്‍ 0.14-ലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022 തൊട്ട് ഗവേഷണം, അധ്യാപനം എന്നിവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ഈയൊരു ഇടിവിന് പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അക്കാദമിക് മേഖലയില്‍ ആശങ്കാജനകമായ പ്രവണതകള്‍ കാണിക്കുന്ന 22 രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് വഴി അവയുടെ സ്വയംഭരണാധികാരം ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം (ഉദാഹരണത്തിന് ഭരണം, പാഠ്യപദ്ധതി, ഭരണനിര്‍വ്വഹണം എന്നിവയില്‍ സ്വാധീനം ചെലുത്തുന്നത്), വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കെതിരായ പോലീസ് അതിക്രമങ്ങളെയും നേരിട്ടുള്ള അടിച്ചമര്‍ത്തലിന്റെ ഉദാഹരണങ്ങളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിങ്ങനെയാണ്: ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള തങ്ങളുടെ അധികാരം വിപുലീകരിച്ചു. സ്വാധീനം ചെലുത്തുന്നതിനുള്ള പ്രധാന ഉപാധിയായി അവര്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (UGC) ഉപയോഗപ്പെടുത്തുന്നു; വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്ന നയങ്ങളും, സ്ഥിരമല്ലാത്ത/കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ എണ്ണത്തിന്മേലുള്ള 10 ശതമാനം എന്ന പരിധി നീക്കം ചെയ്തുകൊണ്ട് അക്കാദമിക് തൊഴില്‍ മേഖലയില്‍ താല്‍ക്കാലിക (casualization) ജീവനക്കാരെ നിയമിക്കുന്നത് ത്വരിതപ്പെടുത്തിയതും ഇതില്‍ ഉള്‍പ്പെടുന്നു.
റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഗവേഷണം, അധ്യാപനം, പ്രസിദ്ധീകരണം എന്നിവയില്‍ സര്‍ക്കാരും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവയാണ്: പാഠ്യപദ്ധതി വികസനവുമായി ബന്ധപ്പെട്ട് പൊതുഫണ്ട് സ്വീകരിക്കുന്നതില്‍ നിന്ന് മൂന്ന് അക്കാദമിക് വിദഗ്ധരെ വിലക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു (2026 മാര്‍ച്ച് 11). ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’യെക്കുറിച്ച് പരാമര്‍ശിക്കുന്ന മിഡില്‍ സ്കൂള്‍ തലത്തിലുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകം തയ്യാറാക്കുന്നതില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗുമായി (NCERT) ഇവര്‍ സഹകരിച്ചിരുന്നു; ഇത് നീതിന്യായ വ്യവസ്ഥയെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാഠപുസ്തകം നിരോധിക്കുകയും, ഒരു അക്കാദമിക് വിദഗ്ധനെ (ഐഐടി ഗാന്ധിനഗറിലെ ഗസ്റ്റ് പ്രൊഫസറായ മിഷേല്‍ ഡാനിനോ) സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഭാവിയിലെ പങ്കാളിത്തം സംബന്ധിച്ച് സര്‍വകലാശാലകള്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് കോടതി പിന്നീട് ഈ വിലക്കില്‍ ഭേദഗതി വരുത്തി (2026 മെയ് 22).
കാശ്മീരിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രം (നിര്‍ബന്ധിത തിരോധാനങ്ങളും സ്ത്രീപക്ഷ പ്രതിരോധവും ഉള്‍പ്പെടെ) പ്രതിപാദിക്കുന്ന, പണ്ഡിതന്മാര് ചരിത്രകാരന്മാര്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ 25 പുസ്തകങ്ങളുടെ വില്‍പ്പന, വിതരണം, കൈവശം വെക്കല്‍ എന്നിവ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. പിരിച്ചുവിടലുകള്‍, പരിപാടി റദ്ദാക്കലുകള്‍, വിദ്യാര്‍ത്ഥികളുടെ പ്രകടനത്തെ പരിമിതപ്പെടുത്തുന്ന നയങ്ങള്‍ എന്നിവയിലൂടെ സര്‍വകലാശാലാ ഭരണാധികാരികള്‍ പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയും ചെയ്തു: ‘സര്‍വകലാശാല താല്‍പ്പര്യങ്ങള്‍ക്കെതിരായ മോശം പെരുമാറ്റത്തിന്’ സൗത്ത് ഏഷ്യന്‍ സര്‍വകലാശാല പ്രൊഫസര്‍ സ്നേഹാശിഷ് ഭട്ടാചാര്യയെ (സെപ്റ്റംബര്‍ 2025, രണ്ട് വര്‍ഷത്തെ സസ്പെന്ഷന് ശേഷം) പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ സര്‍വകലാശാല കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുന്ന 2022-ലെ ഒരു കത്തില്‍ അദ്ദേഹവും മറ്റുള്ളവരും ഒപ്പിട്ടിരുന്നു എന്നതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം.
മൊത്തത്തില്‍, ഭയം, സ്വയം സെൻസർഷിപ്പ്, സ്ഥാപനപരമായ സ്വയംഭരണാധികാരത്തിലെ കുറവ് എന്നിവ സൃഷ്ടിക്കുന്ന നേരിട്ടുള്ള അടിച്ചമര്‍ത്തലിന്റെയും ഭരണകൂട ഇടപെടലിന്റെയും ആഗോള പ്രവണതകളുടെ ഭാഗമായാണ് ഈ സംഭവങ്ങളെ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഹോങ്കോംഗ്, ഇന്തോനേഷ്യ, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അക്കാദമിക് സ്വാതന്ത്ര്യം ‘കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായ’ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
