November 23 Monday 2026

ഊർജ്ജസുരക്ഷക്ക് എഥനോളും ഇവിയും; ഐ.എഫ്.ജി.ഇയുടെ സംയോജിത ഊര്‍ജനയം

ഇന്ത്യ ഒറ്റ മൊബിലിറ്റി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം എഥനോൾ, ഇലക്ട്രിക് വാഹനങ്ങൾ, ​ഹൈബ്രിഡ് വാഹനങ്ങൾ, സിഎൻജി, ഹൈ‍‍‍‍‍‍‍‍‍ഡ‍്രജൻ എന്നിവ സംയോജിപ്പിച്ചുള്ള വൈവിധ്യമാർന്ന ഊർജ്ജനയം സ്വീകരിക്കണമെന്ന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ​ഗ്രീൻ എനർജി (IFGE) വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ എഥനോൾ ബ്ലണ്ടിങ്ങ് പ്രോ​ഗ്രാമിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് IFGE യുടെ പ്രതികരണം. ഇന്ത്യൻ നിരത്തുകളിൽ നിലവിൽ ഏകദേശം 30 കോടി ഇ​ന്‍റേണൽ കമ്പൻഷൻ എൻജിൻ വാഹനങ്ങൾ ഉള്ളതിനാൽ എഥനോളിനെയും ഇലക്ട്രിക് മൊബിലിറ്റിയെയും പരസ്പരം വിരുദ്ധമായ സാങ്കേതികവിദ്യയായി കാണേണ്ടതില്ലെന്ന് IFGE പറഞ്ഞു. ​ഇവ രണ്ടും രാജ്യത്തി​ന്റെ ഊർജ്ജ പരിവർത്തനത്തി​ന്റെ പരസ്പരപൂരക ഘടകങ്ങളായി കാണണം. ഇത്തരമൊരു ബഹുസാ​ങ്കേതിക സമീപനം അസംസ്ക്രിത എണ്ണയിലുള്ള ആശ്രിതത്വം കുറക്കുന്നതിനൊപ്പം കൂടുതൽ ശുദ്ധവും പ്രതിരോധശേഷിയുള്ളതുമായ ​ഗതാ​ഗത സംവിധാനത്തിന് സഹായിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു.

ചർച്ച എഥനോൾ V/S ഇവി എന്ന രീതിയിൽ ആകരുത്. ഇന്ത്യക്ക് രണ്ടും ആവശ്യമാണ്. അസംസ്ക്രിത എണ്ണയിലുള്ള ആശ്രിതത്വം കുറക്കാനും ഊർജ്ജസുരക്ഷ ശക്തിപ്പെടുത്താനും ഇ20 ഉടനടി പ്രായോ​ഗികമായ മാർ​ഗമാണ്. അതേ സമയം ഇവികൾ, ​ഹൈബ്രിഡുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയും വ്യാപകമാവുകയാണ്. ഒരൊറ്റ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന് പകരം രാജ്യത്തിനകത്ത് ലഭ്യമായ വിവിധ ഊർജമാർ​ഗ​ങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ഇന്ത്യയുടെ ഊർജപരിവർത്തനം. IFGE വെസ്റ്റ് , പൂനെ റീജിയണൽ ​ഡയറക്ടർ ദിലീപ് പാട്ടീൽ പറഞ്ഞു.

2003 ൽ ഇ5 എന്ന നിലയിൽ ആരംഭിച്ച എഥനോൾ മിശ്രിത ഇന്ധന പദ്ധതിയിൽ നിന്ന് ഇന്ത്യ 2025 ഏപ്രിലോടെ ഇ20 ഉപയോ​ഗത്തിലെത്തി. ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതം, ഫ്ലക്സ് ഫ്യുവൽ വാഹനങ്ങൾ, രണ്ടാം തലമുറ എഥനോൾ എന്നിവയിലേക്കാണ് രാജ്യമിപ്പോൾ നീങ്ങുന്നത്. ഫ്ലക്സ് ഫ്യുവൽ വാഹനങ്ങളും ഇ85 ഇന്ധനം ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നത് എഥനോൾ ഉപയോ​ഗത്തി​ന്റെ അടുത്ത ഘട്ടമാണെന്ന് IFGE ചൂണ്ടിക്കാട്ടി. കാർഷിക അവശിഷ്ട​ങ്ങളെ ഗതാ​ഗത ഇന്ധനമാക്കി മാറ്റാൻ 2ജി എഥനോളിന് സാധിക്കുമെന്നും സംഘടന പറഞ്ഞു.

ഇ20 സംബന്ധിച്ച ആശ​ങ്കകളെ കുറിച്ചും IFGE പ്രതികരിച്ചു. ഇന്ധനക്ഷമതയിലെ കുറവ് പരിമിതമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കി. ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), ഇന്ത്യൻ ഓയിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസ് (SIAM) എന്നിവ നടത്തിയ പഠനങ്ങൾ പ്രകാരം ഇ10നെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ രണ്ട് മുതൽ ആറ് ശതമാനം വരെ കുറവുണ്ടാകാം. ഇ20 ഉപയോ​ഗം മൂലം വ്യാപകമായ എഞ്ചിൻ തകരാറുകൾ ഉണ്ടാകുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് IFGE യുടെ വാദം. പുതിയ വാഹനങ്ങളിൽ എഥനോൾ അനുകൂലമായ ഉല്‍പന്നങ്ങളുടെ  ഉപയോ​ഗം വർധിച്ച് വരികയാണ്. പഴയ വാഹനങ്ങളുടെ അനുയോജ്യതയും നിലവിലെ വാഹനങ്ങളിൽ നിന്ന് പുതിയ സംവിധാനത്തിലേക്കുള്ള മാറ്റവുമാണ് പ്രധാന ആശ​ങ്കകൾ; ഇന്ധനം തന്നെ പ്രശ്‌നമല്ലെന്നും സംഘടന വ്യക്തമാക്കി. എഥനോൾ ഉപയോ​ഗം ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പിനൊപ്പം എങ്ങനെ മുന്നോട്ട് കൊണ്ട് പോകാമെന്നതിന് ബ്രസീലി​ന്റെ അനുഭവം IFGE ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇന്ത്യയിലും ഇ85 അടിസ്ഥാന സൗകര്യങ്ങളും ഫ്ലക്സ് ഫ്യുവൽ വാഹനങ്ങളും വികസിപ്പിക്കുന്നതിലൂടെ ഇന്ധനലഭ്യത, വാഹനത്തി​ന്റെ അനുയോജ്യത, വില എന്നിവ പരി​ഗണിച്ച് ഉയർന്ന എഥനോൾ മിശ്രിതം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുമെന്ന് സംഘടന പറഞ്ഞു.

ഹരിത​ഗൃഹവാതക ബഹിർ​ഗമനം കുറയ്ക്കുന്നതിന് പുറമെ ഇറക്കുമതി ചെയ്യുന്ന അസംസ്ക്രിത എണ്ണയിലുള്ള ആശ്രിതത്വം കുറക്കുന്നതിലൂടെയും രാജ്യത്തെ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്താന്‍ എഥനോളിന് കഴിയും. ആഭ്യന്തര കാർഷിക വിഭവ​ങ്ങൾക്ക് അധിക ആവശ്യകത സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ചോളം, അധികമുള്ള പൊട്ടിയ അരി, കാർഷിക അവശിഷ്ടങ്ങൾ എന്നിവ 2ജി എഥനോൾ ഉൽപ്പാദനത്തിനായി കൂടുതൽ ഉപയോഗിക്കുന്നതിലൂടെ എത്തനോളിന്റെ അസംസ്കൃത വസ്തു അടിത്തറ വൈവിധ്യവത്കരിക്കാനും കൃഷിയും ഊർജമേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കഴിയുമെന്ന് IFGE വ്യക്തമാക്കുന്നു.

IFGE ഉദ്ധരിച്ച കണക്കുകൾ പ്രകാരം, ഇ20 പദ്ധതി ഇന്ത്യയ്ക്ക് 1.84 ലക്ഷം കോടി വിദേശനാണ്യ ലാഭം നേടിക്കൊടുക്കുകയും അസംസ്കൃത എണ്ണ ഇറക്കുമതി 3.02 കോടി മെട്രിക് ടൺ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യയുടെ ഊർജ പരിവർത്തനത്തെ പരമ്പരാഗത സാങ്കേതികവിദ്യകളും പുതിയ സാങ്കേതികവിദ്യകളും തമ്മിലുള്ള ‘രണ്ടാലൊന്ന്’ തിരഞ്ഞെടുപ്പായി കാണരുതെന്നാണ് IFGEയുടെ നിലപാട്. EVകൾ, എത്തനോൾ, ഹൈബ്രിഡ്, സി എൻ ജി, ഹൈഡ്രജൻ എന്നിവയ്ക്ക് ഗതാഗതമേഖലയിൽ വ്യത്യസ്തമായ പങ്കുണ്ട്. ഇവയെല്ലാം ഒരുമിച്ച് ഉപയോഗിക്കുന്നത് കുറഞ്ഞ ബഹിർഗമനം, കുറഞ്ഞ എണ്ണ ആശ്രിതത്വം, കൂടുതൽ ഊർജസ്വാതന്ത്ര്യം എന്നിവയിലേക്കുള്ള സമതുലിതമായ പാത സൃഷ്ടിക്കുമെന്നും സംഘടന പറഞ്ഞു.

2014ൽ സ്ഥാപിതമായ ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഗ്രീൻ എനർജി (IFGE), ഹരിത ഊർജം, പുനരുപയോഗ ഊർജം, ബയോ എനർജി എന്നിവ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിതര ലാഭേച്ഛയില്ലാത്ത സംഘടനയാണ്. നയരൂപീകരണവുമായി ബന്ധപ്പെട്ട ഇടപെടലുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ, B2G, B2B കൂടിക്കാഴ്ചകൾ, ബോധവത്കരണ പരിപാടികൾ എന്നിവയിലൂടെ ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിന് പിന്തുണ നൽകുകയാണ് സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ.

Related