മലേഷ്യൻ കമ്പനിയിലെ എൻജിനീയർ ലീ സീ ബിനിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യോനേഷ് കുമാറിനെതിരേ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. പരാതിയിൽ വിജിലൻസ് പ്രാഥമിക പരിശോധന ആരംഭിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിന് കേരള സർക്കാർ. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006ലെ വിജിലൻസ് കേസാണ് വിജിലൻസ് വീണ്ടും അന്വേഷിക്കുക. അങ്കമാലി – തിരുവനന്തപുരം എംസി റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എൻജിനീയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെ സമ്മർദ്ദം മൂലമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.
മലേഷ്യൻ പൗരൻ്റെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കി കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലാണ് പുനരന്വേഷണത്തിന് നിർദേശം നൽകിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് എത്തുന്നതിന് മുൻപുള്ള നടപടിയിലാണ് അന്വേഷണമെന്നതിനാൽ ഇതിൽ നിയമ തടസ്സമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
2007ൽ നടന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. മലേഷ്യൻ പൗരൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് നടന്ന വിജിലൻസ് അന്വേഷണത്തിന്റെ ഫയലുകൾ ആഭ്യന്തര വകുപ്പ് തേടി. മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2006 ൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയ കേസിന്റെ വിവരങ്ങളാണു തേടുന്നത്. മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമർശമാണ് ഗ്യാനേഷ് കുമാറിന് തിരിച്ചടിയായത്. മലേഷ്യൻ എൻജിനീയർ ജീവനൊടുക്കിയതിന് പിന്നിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടായെന്ന് അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
മലേഷ്യൻ കമ്പനിയുടെ എൻജിനീയർ ലീ സീ ബീൻ ക്വാലാലംപുരിൽ വെച്ച് ജീവനൊടുക്കുകയായിരുന്നു. റോഡ് നിർമാണം വൈകിയതോടെ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബിൽ തടഞ്ഞുവെക്കുകയും ചെയ്തു. എന്നാൽ, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ലീ സീ ബീനിന്റെ ആരോപണം. ഇതിനിടെയാണ് അദ്ദേഹം ജീവനൊടുക്കുന്നത്. ലീ സീ ബീൻ്റെ ആത്മഹത്യാക്കുറിപ്പിലും സർക്കാരിനുള്ള കത്തിലും ഗ്യാനേഷ് കുമാറിനെതിരായ പരാമർശം ഉണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പ് കേരളത്തിലേക്ക് കൈമാറാനോ മറ്റ് നടപടികളിലേക്കോ കടക്കാൻ അന്ന് സാധിച്ചിരുന്നില്ല.
കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണം ശക്തമായിരിക്കെ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയെങ്കിലും വലിയ നടപടികളിലേക്ക് പോയിരുന്നില്ല. വിജിലൻസും ക്രൈംബ്രാഞ്ചും പ്രാഥമിക അന്വേഷണം നടത്തി ഗ്യാനേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്യാനേഷിന് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിക്കുന്നത്.
