കേരളത്തിലെ ദലിത് മുന്നേറ്റ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഏടുകളിലൊന്നാണ് 1936-ൽ വ്യവസായ പ്രമുഖൻ ജി.ഡി. ബിർളയും 1937-ൽ മഹാത്മാ ഗാന്ധിയും വെങ്ങാനൂരിലെത്തി മഹാത്മാ അയ്യൻകാളിയെ സന്ദർശിച്ച സംഭവങ്ങൾ. ബിർള–അയ്യൻകാളി കൂടിക്കാഴ്ചയുടെ തൊണ്ണൂറാം വാർഷികത്തിനും ഗാന്ധി–അയ്യൻകാളി കൂടിക്കാഴ്ചയുടെ എൺപത്തിയൊൻപതാം വാർഷികത്തിനുമാണ് 2026 സാക്ഷ്യം വഹിക്കുന്നത്.
തിരുവിതാംകൂറിലെ പാർശ്വവത്കരിക്കപ്പെട്ട അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കുവേണ്ടി ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അയ്യൻകാളിയുമായി ദേശീയ സംഘടനയായ ഹരിജൻ സേവാ സംഘത്തിന്റെ പ്രമുഖ പ്രതിനിധികളായ ബിർളയും ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചകൾക്ക് അന്നും ഇന്നും ചരിത്രരചനയിൽ വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ കൂടിക്കാഴ്ചകളുടെ രാഷ്ട്രീയ പശ്ചാത്തലം വിശകലനം ചെയ്യാതെയുള്ള രേഖപ്പെടുത്തലുകൾ ചരിത്രവസ്തുതകളുടെ ഭാഗികമായ അനാവരണം മാത്രമേ സാധ്യമാക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം.
ഈ കൂടിക്കാഴ്ചകളെ അവയുടെ രാഷ്ട്രീയ പ്രാധാന്യത്തോടെ ചരിത്രപരമായി വിലയിരുത്തുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നു. 1936-ൽ ബിർളയും 1937-ൽ ഗാന്ധിയും വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതിന് പിന്നിലെ രാഷ്ട്രീയ പ്രേരണയും ദൗത്യവും എന്തായിരുന്നു എന്നതാണ് ആദ്യത്തെ ചോദ്യം. തിരുവനന്തപുരത്ത് അവർ താമസിച്ചിരുന്ന ഇടങ്ങളിലേക്ക് അയ്യൻകാളി അവരെ സന്ദർശിക്കാൻ പോയില്ലെന്നതിന് പിന്നിലെ കാരണം എന്തായിരുന്നു? ഏറ്റവും പ്രധാനമായി, ഈ കൂടിക്കാഴ്ചകൾക്കുശേഷം അയ്യൻകാളിയുടെ പ്രവർത്തനങ്ങളിലും രാഷ്ട്രീയ വീക്ഷണങ്ങളിലും എന്തെങ്കിലും മാറ്റങ്ങളുണ്ടായോ എന്നതാണ്.
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് മുമ്പ്, ഇത്തരം കൂടിക്കാഴ്ചകൾക്ക് വഴിയൊരുക്കിയ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്.
ചരിത്ര പശ്ചാത്തലം
1930-കളുടെ ആരംഭത്തിൽ ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാന്ധി അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്നത്തിലേക്ക് ദേശീയ രാഷ്ട്രീയത്തിന്റെ തലത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നത്. 1932 സെപ്റ്റംബർ 30-ന് ആൾ ഇന്ത്യാ ആന്റി-അൺടച്ചബിലിറ്റി ലീഗ് എന്ന ദേശീയ സംഘടനയ്ക്ക് രൂപം നൽകുന്നതോടെയാണ് തൊട്ടുകൂടായ്മക്കെതിരായ സംഘടിത പ്രവർത്തനങ്ങൾക്ക് ഗാന്ധി പുതിയ രൂപം നൽകിയത്. പിന്നീട് ഈ സംഘടനയുടെ പേര് ഹരിജൻ സേവാ സംഘം എന്നാക്കി മാറ്റുകയായിരുന്നു. എന്നാൽ, ഇതിന് വളരെ മുമ്പുതന്നെ ഡോ. ബി.ആർ. അംബേദ്കർ അധഃസ്ഥിത ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വിമോചനത്തിനുമായി വ്യതിരിക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരുന്നു. 1924-ൽ അദ്ദേഹം ബഹിഷ്കൃത ഹിതകാരിണി സഭ രൂപീകരിക്കുകയും അധഃസ്ഥിത വിഭാഗങ്ങളുടെ വിദ്യാഭ്യാസം, സാമൂഹിക പുരോഗതി, രാഷ്ട്രീയ അവകാശങ്ങൾ എന്നിവയ്ക്കായി പ്രവർത്തിക്കുകയും ചെയ്തു.
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയ്ക്ക് കീഴിൽ അടിച്ചമർത്തപ്പെട്ട അധഃസ്ഥിത വിഭാഗങ്ങൾ ഒരു പ്രത്യേക സാമൂഹിക വിഭാഗമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അംബേദ്കറുടെ രാഷ്ട്രീയ ഇടപെടലുകൾ. മുപ്പതുകളിലെ വട്ടമേശ സമ്മേളനങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച അംബേദ്കർ, അവർക്ക് പ്രത്യേക രാഷ്ട്രീയ പ്രതിനിധിത്വം ആവശ്യപ്പെടുകയും പ്രത്യേക വോട്ടവകാശം (Separate Electorate) എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയും ചെയ്തു. എന്നാൽ, അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക വോട്ടവകാശം അനുവദിക്കുന്നത് ഹിന്ദുസമൂഹത്തിന്റെ വിഭജനത്തിന് കാരണമാകുമെന്നായിരുന്നു ഗാന്ധിയുടെ നിലപാട്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധി ഈ ആവശ്യത്തെ ശക്തമായി എതിർത്തു. തുടർന്ന് ബ്രിട്ടീഷ് സർക്കാർ 1932 ആഗസ്റ്റ് 16-ന് കമ്യൂണൽ അവാർഡിലൂടെ അധഃസ്ഥിത വിഭാഗങ്ങൾക്ക് പ്രത്യേക വോട്ടവകാശം അനുവദിച്ചപ്പോൾ ഗാന്ധി അതിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചു. ഒടുവിൽ 1932 സെപ്റ്റംബർ 24-ന് പൂനാ കരാർ നിലവിൽ വന്നതോടെ ഗാന്ധി നിരാഹാരസമരം അവസാനിപ്പിച്ചു.
പൂനാ കരാർ അധഃസ്ഥിത വിഭാഗങ്ങളുടെ രാഷ്ട്രീയ സ്വയംനിർണ്ണയാവകാശത്തെ പരിമിതപ്പെടുത്തിയെന്നായിരുന്നു അംബേദ്കറുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അധഃസ്ഥിത വിഭാഗങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ ശാക്തീകരണത്തിനായുള്ള അംബേദ്കറുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നത്. പൂനാ കരാറിന് പിന്നാലെ, 1932 സെപ്റ്റംബർ 30-ന് ഗാന്ധിയുടെ നേതൃത്വത്തിൽ ആൾ ഇന്ത്യാ ആന്റി-അൺടച്ചബിലിറ്റി ലീഗ് രൂപീകരിക്കപ്പെട്ടു. പിന്നീട് ഇതാണ് ഹരിജൻ സേവാ സംഘം എന്ന പേരിൽ അറിയപ്പെട്ടത്. തൊട്ടുകൂടായ്മയുടെ ഉന്മൂലനം, അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നിവയായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
വ്യവസായ പ്രമുഖനായ ജി.ഡി. ബിർളയായിരുന്നു സംഘടനയുടെ സ്ഥാപക പ്രസിഡന്റ്. അമൃത് ലാ ൽ തക്കറും.
സംഘടന നിലവിൽ വന്നതോടെ അതിന്റെ ദേശീയ നേതാക്കൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ആശയപ്രചാരണം നടത്തുകയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ശേഖരിക്കുകയും ചെയ്തു. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുകയും അവയെ ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി കണ്ണിചേർക്കുകയും ചെയ്യുക എന്നതും ഈ യാത്രകളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
തൊട്ടുകൂടായ്മക്കെതിരെ ബോധവത്കരണം നടത്തുക, ഹിന്ദുക്ഷേത്രങ്ങളും പൊതുവഴികളും പൊതുകിണറുകളും മറ്റു പൊതുയിടങ്ങളും അധഃസ്ഥിത വിഭാഗങ്ങൾക്കായി തുറന്നുകൊടുക്കാൻ സവർണ്ണ വിഭാഗങ്ങളോട് അഭ്യർഥിക്കുക, അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിനായി വിദ്യാലയങ്ങളും ഹോസ്റ്റലുകളും സ്ഥാപിക്കുക, സാമ്പത്തിക ശാക്തീകരണത്തിനായി നെയ്ത്തുശാലകളും മറ്റു തൊഴിൽസംരംഭങ്ങളും ആരംഭിക്കുക, ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്തുക തുടങ്ങിയവയായിരുന്നു ഹരിജൻ സേവാ സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
ഇക്കാലത്താണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിൽ ജീവിച്ചിരുന്ന ഭക്തകവി നർസി മേത്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗാന്ധി അധഃസ്ഥിത വിഭാഗങ്ങളെ ‘ഹരിജനങ്ങൾ’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങിയത്. തന്റെ പ്രസിദ്ധീകരണത്തിനും അദ്ദേഹം ‘ഹരിജൻ’ എന്ന പേര് നൽകി. തൊട്ടുകൂടായ്മക്കെതിരെ പ്രവർത്തിക്കാൻ സവർണ്ണരോട് ഹരിജൻ പത്രത്തിലൂടെ ഗാന്ധി നിരന്തരം ആഹ്വാനം ചെയ്തു. ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങൾ അധഃസ്ഥിത വിഭാഗങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും അവരോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ നിന്ന് സ്വതന്ത്രമായ രാഷ്ട്രീയ-സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങൾ ഉയർന്നുവരുന്നതിനെ ഗാന്ധി അംഗീകരിച്ചിരുന്നില്ലെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. അധഃസ്ഥിത വിഭാഗങ്ങളുടെ മുന്നേറ്റം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിന്റെ പരിധിക്കുള്ളിൽ നിലനിർത്തണമെന്നായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയ സമീപനമെന്ന വിമർശനവും ശക്തമായിരുന്നു.
ഡോ. അംബേദ്കറുടെ വിയോജിപ്പുകൾ
1932-ൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ തന്നെ അംബേദ്കർ അതിന്റെ സാമൂഹിക- രാഷ്ട്രീയ സമീപനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അധഃസ്ഥിത വിഭാഗങ്ങൾ ‘ദൈവത്തിന്റെ മക്കൾ’ എന്ന നിലയിൽ മറ്റുള്ളവരുടെ ദയയ്ക്കും അനുകമ്പയ്ക്കും ആശ്രയിക്കേണ്ടവരല്ലെന്നായിരുന്
അധഃസ്ഥിത വിഭാഗങ്ങൾ വ്യതിരിക്തമായ ഒരു സാമൂഹിക വിഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയ അംബേദ്കർ അവരുടെ പ്രത്യേക രാഷ്ട്രീയ അവകാശങ്ങൾക്കും സ്വയംനിർണ്ണയാവകാശത്തിനും വേണ്ടിയാണ് വട്ടമേശ സമ്മേളനങ്ങളിൽ ശക്തമായി വാദിച്ചത്.തുടർന്ന് കമ്യൂണൽ അവാർഡിലൂടെ അധ:സ്ഥിതരുടെ പ്രത്യേക രാഷ്ട്രീയ പ്രതിനിധിത്വത്തിനുള്ള സാധ്യത തുറന്നപ്പോൾ ഗാന്ധി അതിനെതിരെ നിരാഹാരസമരം നടത്തിയതും പിന്നീട് പൂനാ കരാറിലൂടെ പ്രശ്നം പരിഹരിച്ചതും അംബേദ്കറുടെ രാഷ്ട്രീയ പോരാട്ടത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.
അധഃസ്ഥിത വിഭാഗങ്ങളുടെ വിമോചനത്തിനായി ഹിന്ദുമതത്തിന്റെ അടിസ്ഥാനഘടനയെ തന്നെ ചോദ്യം ചെയ്യേണ്ടിവരുമെന്ന തിരിച്ചറിവിലേക്കാണ് അംബേദ്കർ പിന്നീട് എത്തിച്ചേർന്നത്. ഈ പശ്ചാത്തലത്തിലാണ് 1935-ലെ യെയോള സമ്മേളനത്തിൽ ‘ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഒരു ഹിന്ദുവായി മരിക്കില്ല’ എന്ന ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം അദ്ദേഹം നടത്തുന്നത്.
ദലിത് മുന്നേറ്റ ചരിത്രത്തിലെ സംഘർഷഭരിതമായ ഈ ഘട്ടത്തിലാണ് ഗാന്ധി അയിത്തോച്ചാടനത്തെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന അജണ്ടകളിലൊന്നായി ഉയർത്തിപ്പിടിക്കുകയും ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യുന്നത്. ഗാന്ധിയുടെ രാഷ്ട്രീയ സമീപനത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്, അംബേദ്കറുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന്റെ വളർച്ച കോൺഗ്രസ് രാഷ്ട്രീയത്തിനും ഹിന്ദുസമൂഹത്തിന്റെ ഏകതയ്ക്കും വെല്ലുവിളിയാകുമെന്ന ആശങ്ക ഗാന്ധിക്കുണ്ടായിരുന്നുവെന്നാണ്
ബിർളയും ഗാന്ധിയും കേരളത്തിലേക്ക്
ഈ ചരിത്രഘട്ടത്തിലാണ് ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിയും പിന്നീട് ജി.ഡി. ബിർളയും കേരളത്തിലെത്തുന്നത്. ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിൽ 1920-നും 1937-നും ഇടയിൽ അഞ്ചുതവണ കേരളം സന്ദർശിച്ചു. ഇതിൽ 1934-ലെയും 1937-ലെയും സന്ദർശനങ്ങൾ ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയായിരുന്നു.
ഹരിജൻ സേവാ സംഘത്തിന്റെ രൂപീകരണത്തിന് തൊട്ടുപിന്നാലെ, കേരളത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയൊരുക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി 1934 ജനുവരിയിൽ ഗാന്ധി കേരളത്തിൽ പര്യടനം നടത്തി. എന്നാൽ ഈ യാത്രയിൽ ഗാന്ധി അയ്യൻകാളിയെയോ മറ്റു പ്രമുഖ ദലിത് നേതാക്കളെയോ സന്ദർശിച്ചതായി വ്യക്തമായ ചരിത്രരേഖകൾ ലഭ്യമല്ല. പകരം, കെ. കേളപ്പൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി.കെ. ഗോവിന്ദൻ നായർ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള തുടങ്ങിയ സവർണ്ണ നേതാക്കൾക്ക് കേരളത്തിലെ ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള ചുമതല നൽകുകയായിരുന്നു. ഇതിൽ നിന്ന് ഒരു പ്രധാന രാഷ്ട്രീയ സമീപനം വ്യക്തമാകുന്നു: ഗാന്ധിയുടെ കാഴ്ചപ്പാടിൽ ഹരിജനോദ്ധാരണം പ്രധാനമായും സവർണ്ണ സാമൂഹിക പരിഷ്കർത്താക്കളുടെ നേതൃത്വത്തിൽ മുന്നോട്ടുപോകേണ്ട ഒരു സാമൂഹിക ഇടപെടലായിരുന്നു.
തൊട്ടുകൂടായ്മ നിർമാർജനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ക്ഷേത്രപ്രവേശനം യാഥാർഥ്യമാക്കേണ്ടതിന്റെ പ്രാധാന്യവും സംബന്ധിച്ചായിരുന്നു ഗാന്ധി ഈ യാത്രയിൽ കേരളീയരെ, പ്രത്യേകിച്ച് ഭരണാധികാരികളെയും സവർണ്ണ സമുദായങ്ങളെയും, പ്രധാനമായും ഉദ്ബോധിപ്പിച്ചത്. ഇക്കാലത്ത് ക്ഷേത്രപ്രവേശനത്തിനായുള്ള സാമൂഹിക പ്രസ്ഥാനങ്ങളും മതപരിവർത്തനത്തെക്കുറിച്ചുള്ള ചർച്ചകളും കേരളത്തിൽ സജീവമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് 1936 നവംബർ 12-ന് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത്. എന്നാൽ, തിരുവിതാംകൂറിലെയും കൊച്ചിയിലെയും പുലയർ ഉൾപ്പെടെയുള്ള അധഃസ്ഥിത വിഭാഗങ്ങൾ ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളിൽ വ്യാപകമായി നേരിട്ട് പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരെ സംബന്ധിച്ചിടത്തോളം ക്ഷേത്രപ്രവേശനത്തേക്കാൾ പ്രാധാന്യമുള്ളത് വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന പൗരാവകാശങ്ങൾ നേടിയെടുക്കുകയായിരുന്നു.
ബിർള–അയ്യൻകാളി കൂടിക്കാഴ്ച
1936 നവംബർ 12-ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ഏകദേശം അഞ്ച് മാസം മുമ്പ്, 1936 ജൂൺ 19-നാണ് ഹരിജൻ സേവാ സംഘത്തിന്റെ ഹരിജനോദ്ധാരണ ദൗത്യവുമായി ജി.ഡി. ബിർള കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തിയ ബിർള തിരുവിതാംകൂർ രാജകുടുംബത്തിന്റെ അതിഥിയായി കവടിയാറിലെ മൻമോഹൻ ബംഗ്ലാവിൽ താമസിച്ചിരുന്നതായും അവിടെനിന്ന് വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചതായും രേഖകൾ സൂചിപ്പിക്കുന്നു.
അയ്യൻകാളിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുകയും ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു ബിർളയുടെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. അയ്യൻകാളിയുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ബിർള സന്നദ്ധത പ്രകടിപ്പിച്ചതായും രേഖകളിൽ കാണാം. എന്നാൽ ഹരിജൻ സേവാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി അയ്യൻകാളി ഔപചാരികമായി സഹകരിച്ചുവെന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. ഇവിടെയാണ് ചരിത്രപരമായ ഏറ്റവും പ്രസക്തമായ ചോദ്യം ഉയരുന്നത്: തിരുവിതാംകൂറിലെ അധഃസ്ഥിത വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ദീർഘകാലം സ്വതന്ത്രമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ അയ്യൻകാളി, ഹരിജൻ സേവാ സംഘത്തിന്റെ ദേശീയ നേതൃത്വത്തിൽ നിന്നുള്ള ഈ ക്ഷണം എന്തുകൊണ്ട് സ്വീകരിച്ചില്ല?
ഇതിന് വ്യക്തമായ ഉത്തരം നൽകുന്ന രേഖകൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും, അയ്യൻകാളിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോൾ ഈ ചോദ്യം കൂടുതൽ പ്രസക്തമാകുന്നുണ്ട്. അയ്യൻകാളിയുടെ പ്രവർത്തനങ്ങൾ സവർണ്ണ ദയയെയോ സഹാനുഭൂതിയെയോ ആശ്രയിച്ചുള്ള പരിഷ്കരണ പ്രവർത്തനങ്ങളായിരുന്നില്ല. മറിച്ച് , വിദ്യാഭ്യാസം, തൊഴിൽ, പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം, പൗരാവകാശങ്ങൾ, രാഷ്ട്രീയ പ്രതിനിധിത്വം തുടങ്ങിയവയ്ക്കായി നടത്തിയ അവകാശാധിഷ്ഠിത സമരങ്ങളായിരുന്നു. അതിനാൽ ഹരിജൻ സേവാ സംഘത്തിന്റെ സാമൂഹിക പരിഷ്കരണ സമീപനവും അയ്യൻകാളിയുടെ സ്വതന്ത്ര അവകാശരാഷ്ട്രീയവും തമ്മിലുള്ള അന്തരം ബിർള–അയ്യൻകാളി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ഗാന്ധി–അയ്യൻകാളി കൂടിക്കാഴ്ച
ബിർള–അയ്യൻകാളി കൂടിക്കാഴ്ചയ്ക്ക് ഏതാനും മാസങ്ങൾക്കുശേഷം, 1936 നവംബർ 12-നാണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത് . ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ഈ രാജകീയ വിളംബരത്തിന് ഗാന്ധിയും കോൺഗ്രസും ഹരിജൻ സേവാ സംഘവും വലിയ പ്രാധാന്യമാണ് നൽകിയത്. തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശനം യാഥാർഥ്യമായിരിക്കുന്നതിനാൽ അവിടെ തൊട്ടുകൂടായ്മ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു എന്നു വരെ അഭിപ്രായ പ്രകടനങ്ങൾ ഉയർന്നു വന്നു. വിളംബരത്തിന് പിന്നാലെ അതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടിക്കൊണ്ടുള്ള നിരവധി ലേഖനങ്ങൾ ‘ഹരിജൻ’ പത്രത്തിൽ തുടരെത്തുടരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു . ഈ സാഹചര്യത്തിലാണ് 1937 ജനുവരി 14-ന് ഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിക്കുന്നത്.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രചാരകനും വക്താവുമായാണ് ഗാന്ധി കേരളത്തിലെത്തിയത്. വിളംബരത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം കേരളസമൂഹത്തിൽ ഉയർത്തിക്കാട്ടുക എന്നത് അദ്ദേഹത്തിന്റെ യാത്രയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാൽ, അന്നത്തെ അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക ആവശ്യങ്ങളും ക്ഷേത്രപ്രവേശനത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും തമ്മിൽ ഒരു വ്യത്യാസം നിലനിന്നിരുന്നു. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളിലെ ചില വിഭാഗങ്ങളും സവർണ്ണരിലെ ഒരു വിഭാഗവും ക്ഷേത്രപ്രവേശന വിളംബരത്തെ സാമൂഹിക പരിഷ്കരണത്തിലെ വിപ്ലവകരമായ ചുവടുവയ്പായി വിലയിരുത്തിയപ്പോൾ, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ ജീവിതത്തിൽ അതിന്റെ പ്രത്യക്ഷ സ്വാധീനം പരിമിതമായിരുന്നു.
നൂറ്റാണ്ടുകളായി പ്രകൃതിയെയും പിതൃക്കളെയും വീരക്കല്ലുകളെയും ചാവരുകാവുകളെയും ആരാധിച്ചിരുന്ന പല അധഃസ്ഥിത സമൂഹങ്ങൾക്കും സവർണ്ണരുടെ ക്ഷേത്രങ്ങളും ആരാധനാക്രമങ്ങളും വിശ്വാസപ്രമാണങ്ങളും സ്വാഭാവികമായി അന്യമായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രപ്രവേശനം അവരുടെ പ്രധാന രാഷ്ട്രീയ ആവശ്യമായി മാറിയിരുന്നില്ല. അയ്യൻകാളിയുടെ പോരാട്ട ചരിത്രവും ഇതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. മനുഷ്യാവകാശങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ദീർഘകാല പോരാട്ടങ്ങളിൽ വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, പൊതുസ്ഥലങ്ങളിലെ പ്രവേശനം, സാമൂഹിക അന്തസ്സ് , രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങൾക്കായിരുന്നു കേന്ദ്രസ്ഥാനം.
1911 ഡിസംബർ 5 മുതൽ ദീർഘകാലം ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന അയ്യൻകാളി അധഃസ്ഥിത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി അവിടെ നിരന്തരം ശബ്ദമുയർത്തിയിരുന്നു. എന്നാൽ ക്ഷേത്രപ്രവേശനം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്ര അജണ്ടയായിരുന്നുവെന്ന് പറയാൻ വ്യക്തമായ തെളിവുകൾ കാണുന്നില്ല. ഇതുതന്നെയാണ് ഗാന്ധി–അയ്യൻകാളി കൂടിക്കാഴ്ചയെ ചരിത്രപരമായി കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ഗാന്ധിയുടെ രാഷ്ട്രീയ പ്രചാരണത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന് ലഭിച്ചിരുന്ന പ്രാധാന്യവും അയ്യൻകാളിയുടെ ദീർഘകാല അവകാശരാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം ഈ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ അർഥം മനസ്സിലാക്കുന്നതിൽ നിർണ്ണായകമാണ്.ക്ഷേത്രപ്രവേശനത്
പള്ളിക്കൂടത്തിന്റെ മുറ്റത്ത് നടന്ന സ്വീകരണയോഗത്തിൽ, “താങ്കളുടെ ജനതയ്ക്ക് എന്താണ് ആവശ്യം?” എന്ന് ഗാന്ധി ചോദിച്ചപ്പോൾ, “എന്റെ സമുദായത്തിൽനിന്ന് പത്ത് ബി.എ.ക്കാരെ കണ്ടിട്ട് മരിച്ചാൽ മതി” എന്നായിരുന്നു അയ്യൻകാളിയുടെ മറുപടി എന്നാണ് രേഖപ്പെടുത്തപ്പെടുന്നത്. ഈ മറുപടി അയ്യൻകാളിയുടെ സാമൂഹിക കാഴ്ചപ്പാടിന്റെ കാതൽ വ്യക്തമാക്കുന്നതാണ്. ഉപരിവർഗ ഉദാരതയിലൂന്നിയ ക്ഷേമപ്രവർത്തനങ്ങളെ ക്കാൾ അധഃസ്ഥിത ജനതയുടെ സ്വയംശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനും വിദ്യാഭ്യാസത്തിനുമാണ് അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത് എന്നതിന്റെ ശക്തമായ സൂചനയായി ഈ വാക്കുകളെ വായിക്കാം.
രണ്ട് ഘട്ടങ്ങളിലായി ബിർളയും ഗാന്ധിയും വെങ്ങാനൂരിലെത്തി അയ്യൻകാളിയുമായി നടത്തിയ കൂടിക്കാഴ്ചകൾ ചരിത്രപ്രസിദ്ധവും സൗഹൃദപരവുമായിരുന്നുവെങ്കിലും, അവരുടെ പ്രവർത്തനശൈലിയിലും സാമൂഹിക കാഴ്ചപ്പാടുകളിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ നിലനിന്നിരുന്നതായി കാണാം.
ജാതിവ്യവസ്ഥയുടെ അടിസ്ഥാനഘടനയെ നേരിട്ട് ചോദ്യം ചെയ്യുന്നതിനേക്കാൾ, സവർണ്ണരുടെ മനഃപരിവർത്തനത്തിലൂടെയും സാമൂഹിക സഹാനുഭൂതിയിലൂടെയും തൊട്ടുകൂടായ്മ എന്ന സാമൂഹിക തിന്മയെ ഇല്ലാതാക്കാമെന്നും അതുവഴി അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാക്കാമെന്നുമായിരുന്നു ഗാന്ധിയുടെ സമീപനം. ക്ഷേത്രപ്രവേശനം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസം, ക്ഷേമപ്രവർത്തനം തുടങ്ങിയവയിലൂടെ അധഃസ്ഥിത വിഭാഗങ്ങളെ ഹിന്ദുസമൂഹത്തിന്റെ വിശാലമായ ചട്ടക്കൂടിനുള്ളിൽ നിലനിർത്തുക എന്നതും ഗാന്ധിയൻ സമീപനത്തിന്റെ പ്രധാന സവിശേഷതയായിരുന്നു.
ഇതിന് വിപരീതമായി, അധഃസ്ഥിത ജനവിഭാഗങ്ങളുടെ സ്വന്തം നേതൃത്വത്തിലും സംഘടനാശേഷിയിലും ഊന്നിക്കൊണ്ട് വിദ്യാഭ്യാസം, പൗരാവകാശ സംരക്ഷണം, ആത്മാഭിമാനം, രാഷ്ട്രീയ പ്രാതിനിധ്യം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയിലൂടെ സാമൂഹിക മുന്നേറ്റം യാഥാർഥ്യമാക്കുന്നതിനാണ് അയ്യൻകാളി തന്റെ പ്രവർത്തനങ്ങളിൽ പ്രാധാന്യം നൽകിയത്. അധഃസ്ഥിതരുടെ വിമോചനം മറ്റുള്ളവരുടെ ദയയുടെയോ ഔദാര്യത്തിന്റെയോ ഫലമായി ലഭിക്കേണ്ട ഒന്നല്ല, മറിച്ച് സംഘടിതമായ അവകാശപ്പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതാണെന്ന ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അടിത്തറ.
ഈ അർഥത്തിൽ, ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയ ചിന്തയുമായി ചില അടിസ്ഥാന സാമ്യങ്ങൾ അയ്യൻകാളിയുടെ സമീപനത്തിൽ കണ്ടെത്താനാകും. ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ നിഴലിൽ നിന്ന് പ്രവർത്തിക്കുന്നതിനുപകരം, അധഃസ്ഥിത ജനതയുടെ സ്വതന്ത്രമായ സാമൂഹിക-രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന സ്വന്തം വഴിയാണ് അയ്യൻകാളി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ബിർള, ഗാന്ധി, അയ്യൻകാളി കൂടിക്കാഴ്ച കേവലം ഒരു സൗഹൃദ കൂടിക്കാഴ്ചയ്ക്കപ്പുറം ഒരു ഗാന്ധിയൻ രാഷ്ട്രീയ ഇടപെടലായി തന്നെ വായിച്ചെടുക്കേണ്ടതുണ്ട്. അങ്ങനെ വായിക്കുമ്പോൾ മാത്രമെ ഈ കുറിപ്പിൻ്റെ തുടക്കത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുകയുള്ളൂ.
