ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ കേരളത്തിൽ വ്യാപകമായി ആഘോഷിക്കപ്പെട്ട ഇടതുപക്ഷ നാടകപ്രസ്ഥാനങ്ങളുടെ നാടകഗാനങ്ങൾ നിലനിന്നിരുന്ന കാലത്ത് തന്നെ ഇതേ സമൂഹത്തിൽ ഡിസ്കോ ഡാൻസ് പോലുള്ള സിനിമാറ്റിക് ആർട്ട് ഫോമുകൾ വലിയ രീതിയിൽ വികാസം പ്രാപിച്ചിരുന്നു. പക്ഷേ, മലയാളിയുടെ ‘പുരോഗമന’ സ്വഭാവം കെ.പി.എ.സി.യുടെയൊക്കെ നാടകഗാനങ്ങളെ സാമൂഹിക വിപ്ലവപ്രസ്ഥാനങ്ങളുടെ ചൂണ്ടുപലകയായി കണ്ട് ആഘോഷിക്കുകയും, അതുപോലെ ഡിസ്കോ ഡാൻസ് പോലുള്ള മലയാളസിനിമയിലെ ഡാൻസ് രൂപങ്ങളെ പാശ്ചാത്യ അധിനിവേശം, യുവാക്കളെ വഴിതെറ്റിക്കുന്ന സാംസ്കാരിക മാലിന്യങ്ങൾ എന്ന രീതിയിലൊക്കെ വായിക്കുകയും ഉണ്ടായി. പ്രത്യേകിച്ച് ഇടതുപക്ഷ ഇടങ്ങളിലാണ് ഇത്തരത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായത്. അത്തരം ഡിസ്കോ ഡാൻസുകൾ കേരളത്തിൽ തകർത്താടിയ രവീന്ദ്രൻ എന്ന നടൻ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് വരുന്ന ചരിത്രപരമായ ഒരു അട്ടിമറിയും പാരഡോക്സും രസമാണ്. കേരളത്തിലെ ബുദ്ധിജീവികൾ എന്നു നടിച്ച പാരലൽ ഫിലിം സൊസൈറ്റി ജീവികൾ ആയ സിനിമക്കാരാണ് ശരിക്കും ഡിസ്കോ ഡാൻസിനെ ഒരു കാലത്ത് തള്ളിപ്പറഞ്ഞത്.
എൺപതുകളിൽ ശരിക്കും സാധാരണക്കാരായ മനുഷ്യർ ഈ കാലത്ത് നാടകം ആസ്വദിച്ചിരുന്നത് സാമൂഹിക പരിഷ്കരണ ആശയങ്ങൾ ഉൾക്കൊള്ളാൻ മാത്രമായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഞങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ കോളനിയിൽ നിന്ന് പായും ചുരുട്ടി അമ്പലപ്പറമ്പുകളിൽ നാടകം കാണാൻ പോയത് അതിൽ എന്റർടെയിനിങ് ഫാക്ടേഴ്സ് ഉള്ളതുകൊണ്ടുകൂടിയായിരുന്നു. നാടകങ്ങളിലെ ഇടതുപക്ഷ ആശയങ്ങൾ എന്ന തലങ്ങൾക്കുമപ്പുറം, നാടകങ്ങളിലെ ദൃശ്യത, വിഷ്വൽ ഫ്രാഗ്രൻസ്, അഭിനേതാക്കളുടെ ഓവർ എക്സാജറേറ്റഡ് പ്രകടനം, സംഗീതം, ലൈറ്റിങ് എന്നിവയൊക്കെ ഞങ്ങളെ ആസ്വദിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ഗാനങ്ങളിലെ വിപ്ലവാത്മകം എന്ന് അവകാശപ്പെടുന്ന വരികൾക്കുമപ്പുറം, നാടകഗാനങ്ങളിലെ സംഗീതവും ദൃശ്യതയും ഞങ്ങളെ അഭിരമിപ്പിച്ചിരുന്നു. അല്ലാതെ അതിന്റെ രാഷ്ട്രീയം പുഴുങ്ങിത്തിന്നതുകൊണ്ട് മാത്രമല്ല അന്ന് നാടകങ്ങൾ സബാൾട്ടൻ സമൂഹങ്ങൾ ഏറ്റെടുത്തത്. ഒരു കലാരൂപത്തിന്റെ നിർമ്മാതാവ് അതിന് നൽകുന്ന രാഷ്ട്രീയ അർത്ഥവും അതേ കലാരൂപം പ്രേക്ഷകൻ അനുഭവിക്കുന്ന അർത്ഥവും ഒന്നായിരിക്കണമെന്നില്ല. ജമൈക്കൻ ബ്രിട്ടീഷ് കൾച്ചറൽ തീയറിസ്റ്റ് ആയ സ്റ്റുവാർട്ട് ഹാൾ ചൂണ്ടിക്കാണിക്കുന്നതുപോലെ പോപ്പിലർ കൾച്ചർ എന്നത് മുകളിൽ നിന്ന് താഴേക്ക് അർത്ഥം അടിച്ചേൽപ്പിക്കുന്ന ഒരു ഏകദിശാ പ്രക്രിയ മാത്രമല്ല; പ്രേക്ഷകർ തങ്ങളുടെ സാമൂഹിക അനുഭവങ്ങളിലൂടെ അതിനെ സ്വീകരിക്കുകയും പുനർവായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു നാടകത്തിലെ വിപ്ലവരാഷ്ട്രീയം മനസ്സിലാക്കാതെയും അതിലെ സംഗീതം, അഭിനയം, ലൈറ്റിങ്, ദൃശ്യവിസ്മയം എന്നിവ ആസ്വദിച്ചുകൊണ്ടും ഒരാൾ അതിന്റെ സജീവ പ്രേക്ഷകനാകാം. ആസ്വാദനം തന്നെ ഒരു സാംസ്കാരിക അനുഭവമാണ്.
ഡിസ്കോ ഡാൻസുകൾ പോലുള്ള സിനിമ എന്ന മാധ്യമത്തിലെ സോങ് സീക്വൻസുകൾ എൺപതുകളിൽ ടാക്കീസുകളിൽ ഇതേ ഇഫക്ടുകൾ ഉണ്ടാക്കി എന്നതാണ് വാസ്തവം. ഡിസ്കോ രവീന്ദ്രൻ, റഹ്മാൻ, ശങ്കർ തുടങ്ങിയ നടന്മാർ എൺപതുകളിലെ സിനിമകളിൽ ഡിസ്കോ ഡാൻസുകൾ തകർത്താടി. എഴുപതുകളിലെ നസീർ-ജയൻ സിനിമകളിൽ തന്നെ ഡിസ്കോ ഡാൻസുകളുടെയൊക്കെ ഒരു കാലഘട്ടം ആരംഭിച്ചിരുന്നു. ഡിസ്കോ ഡാൻസുകളുടെ ആസ്വാദനം ഞങ്ങളുടെ ചെറുപ്പകാലത്ത്, അല്ലെങ്കിൽ ബാല്യകാലത്ത്, ഇങ്ങനെയാണ് നടന്നത്: പാട്ടുകളുടെ വരികൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. അത് മനസ്സിലാക്കാനുള്ള കഴിവൊന്നും ഞങ്ങൾക്കില്ലായിരുന്നു. പക്ഷേ, എൺപതുകളിലെ കളർ സിനിമകളിലെ ഡിസ്കോ ഡാൻസുകളിലെ വിഷ്വൽ ഫ്രാഗ്രൻസ് ഞങ്ങളെ പുളകം കൊള്ളിച്ചു. പ്രത്യേകിച്ച് കേരളത്തിലെ ക്ലാസിക്കൽ കലകളെയൊക്കെ അട്ടിമറിച്ച ഡാൻസ് മൂവ്മെന്റ്സ്, വെസ്റ്റേൺ ഡാൻസ് ഫോം, സ്റ്റൈൽ, ഡിസ്കോ ഡാൻസുകളിലെ ലൈറ്റിങ്ങുകൾ, പിന്നെ ഏറ്റവും പ്രധാനപ്പെട്ടതായി ഡിസ്കോ ഡാൻസുകളിലെ വെസ്റ്റേൺ ആഫ്രിക്കൻ ബീറ്റുകൾ (അവയെക്കുറിച്ച് അറിയില്ലെങ്കിലും) – ഇതൊക്കെ ഞങ്ങളെ വല്ലാതെ ഹരം കൊള്ളിച്ചു.
ടാക്കീസ് എന്ന ഒരു ക്ലോസ്ഡ് ഫോർമാറ്റിൽ, സ്ക്രീനിലെ വെളിച്ചത്തിൽ, നാടകത്തിൽ നിന്ന് വ്യത്യസ്തമായി വലിയ സ്ക്രീനിൽ വലിയ മനുഷ്യരായി രവീന്ദ്രനും റഹ്മാനുമൊക്കെ ഡിസ്കോ ഡാൻസ് കളിക്കുമ്പോൾ അത് ലഹരിയായി. ടാക്കീസുകളിലെ സൗണ്ട് ബോക്സ് എന്ന ടെക്നിക്കാലിറ്റിയും ഈ ആസ്വാദനത്തിൽ ഞങ്ങളെ സഹായിച്ചിരുന്നു. അതായത്, എൺപതുകളിലെ വല്ലപ്പോഴും കളിക്കുന്ന നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി, അമ്പത് പൈസ ടിക്കറ്റിൽ ഒരു മുഴുവൻ സിനിമയിലെ ഫൈറ്റും ഡിസ്കോ ഡാൻസും ഞങ്ങളെ വേറൊരു തലത്തിലേക്ക്, ആസ്വാദനത്തിന്റെ ലഹരിയിലേക്ക്, എത്തിച്ചു. ഇവിടെ സിനിമയെ വെറും കഥ പറയുന്ന ഒരു മാധ്യമമായി മാത്രം കാണാനാകില്ല. വലിയ സ്ക്രീൻ, നിറം, ശബ്ദം, ഇരുട്ട്, ലൈറ്റിങ്, ശരീരത്തിന്റെ വലുപ്പം, സംഗീതത്തിന്റെ പ്രകമ്പനം എന്നിവ ചേർന്ന് ഉണ്ടാക്കുന്ന ഒരു സെൻസറി അനുഭവം കൂടിയാണ് സിനിമ. അതുകൊണ്ടുതന്നെ സിനിമയുടെ ആസ്വാദനത്തെ അതിലെ സംഭാഷണങ്ങളുടെയും രാഷ്ട്രീയ ആശയങ്ങളുടെയും മാത്രം അടിസ്ഥാനത്തിൽ അളക്കുന്നത് അതിന്റെ സവിശേഷമായ ദൃശ്യ-ശ്രാവ്യ സ്വഭാവത്തെ ചുരുക്കിക്കളയുന്നതാണ്. അത് പോലെ ചില രാഷ്ട്രീയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്നത് ശുദ്ധി വാദവും ആണ്.
ഇങ്ങനെ കോളനികളിലെ മനുഷ്യർ, തെരുവിൽ ജീവിക്കുന്നവർ, അപരരായ മനുഷ്യർ എല്ലാവരും ‘I Am a Disco Dancer’, രവീന്ദ്രൻ, സിൽക്ക് സ്മിത തുടങ്ങിയവർ ഒരുമിച്ച് ‘വാഴ്കൈ’ എന്ന സിനിമയിലെ ‘മെല്ലെ മെല്ലെ എന്നെ തൊട്ടു’ പോലുള്ള ഡിസ്കോ ഡാൻസ് നമ്പറുകൾ, രവീന്ദ്രനും അനുരാധയും കൂടെ ഡിസ്കോ ഡാൻസ് കളിച്ച ‘ആരംഭം മധുപാത്രങ്ങളിൽ’, ഡിസ്കോ ഡാൻസ് നമ്പറുകൾ അല്ലെങ്കിലും രവീന്ദ്രനും മമ്മൂട്ടിയും രതീഷും കൂടെ പാടി തകർത്ത ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘ഒരു മധുര കിനാവിൻ ലഹരിയിലെങ്ങോ’ പോലുള്ള നമ്പറുകൾ-കേരളത്തിലെ പോപ്പുലർ കൾച്ചറിൽ സാധാരണക്കാരായ ഞങ്ങൾ സ്വീകരിച്ച് ആസ്വദിച്ച് ആഘോഷിച്ചു എന്നതാണ് വാസ്തവം.
രവീന്ദ്രനെപ്പോലെ, റഹ്മാനെപ്പോലെ, ശങ്കറിനെപ്പോലുള്ള നടന്മാർ ഈ ഡിസ്കോ ഡാൻസ് നമ്പറുകൾ വലിയ രീതിയിൽ പൊതുജനങ്ങളുടെ സാംസ്കാരിക ആസ്വാദനത്തിലേക്ക് വീശിപ്പറത്തി എന്ന് തന്നെ പറയണം. പക്ഷേ, ഇവയെ കേരളത്തിന്റെ ബുദ്ധിജീവി-പുരോഗമന മൊറാലിറ്റി മനസ്സ് പൈങ്കിളി, നിലവാരമില്ലാത്തത്, കലർപ്പ് ഉണ്ടാക്കുന്നത്, പാശ്ചാത്യ സ്വാധീനം എന്ന രീതിയിലൊക്കെ തള്ളിക്കളയുകയായിരുന്നു ചെയ്തത്. സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് ചിലതരം കലകളെ “നിലവാരമുള്ളത്” എന്നും മറ്റു ചിലതിനെ “തരംതാണത്” എന്നും നിർവചിക്കാനുള്ള സാംസ്കാരിക അധികാരം ലഭിക്കുന്നു. അങ്ങനെ അഭിരുചി എന്നത് വെറും വ്യക്തിപരമായ ഇഷ്ടമല്ല; അത് സാമൂഹികമായ വിവേചനത്തിന്റെ ഭാഗമായിത്തീരുന്നു. കെ.പി.എ.സി. നാടകഗാനം പുരോഗമനപരമായ ഉയർന്ന സാംസ്കാരിക മൂല്യമായി മാറുകയും, അതേ കാലത്തെ ഡിസ്കോ ഡാൻസ് ജനകീയവും വാണിജ്യപരവും അതിനാൽ താഴ്ന്നതുമായ ഒന്നായി നിർവചിക്കപ്പെടുന്നത് ഈ cultural distinction-ന്റെ മാത്രമല്ല വിവേചനത്തിന്റെ കൂടെ ഒരു ഉദാഹരണമാണ്.
ഇത്തരം ഡിസ്കോ ഡാൻസുകളുടെ, അല്ലെങ്കിൽ ഇതേ ഡിസ്കോ ഡാൻസുകളുടെ കാലത്ത് സിനിമകളിൽ വ്യാപകമായ ക്യാബറകളും, മിക്കതും ചിത്രീകരിക്കപ്പെട്ടത് ക്ലോസ്ഡ് സർക്കിളുകളിലായിരുന്നു എന്നതായിരുന്നു. ഏതെങ്കിലും കെട്ടിടത്തിന് അകത്തെ അധോലോകങ്ങളിലെ ഡാൻസ് ഫ്ലോറുകളിൽ, ബാറുകളിൽ, അല്ലെങ്കിൽ അങ്ങനെ തുറസ്സായ ഇടങ്ങൾക്കപ്പുറം കെട്ടിടങ്ങൾക്കുള്ളിലായിരുന്നു ഡിസ്കോ ഡാൻസുകളും കാബറേകളും മലയാളസിനിമയിൽ മിക്കവയും അരങ്ങേറിയത്. ഇത് ടാക്കീസ് എന്ന ഇടത്തിൽ സ്ക്രീനിൽ പെർഫോം ചെയ്യുമ്പോഴും ഒരു ക്ലോസ്ഡ് ആയ, ഇരുട്ട് നിറഞ്ഞ ടാക്കീസുകളിലാണ് ഈ ഡാൻസ് ഫോമുകൾ അരങ്ങേറിയത്. ടാക്കീസിലെ ഓരോ മനുഷ്യന്റെയും ഇരുട്ടിലെ രഹസ്യാത്മകതയിൽ കാണിയുടെ ഉള്ളിലെ രഹസ്യാത്മകമായ ലൈംഗികത ഉണർത്തി എന്നതുകൂടിയാണ് ഈ ഡാൻസ് ഫോമുകളുടെ ഒരു പ്രത്യേകത. പിന്നീട് ഇന്ത്യൻ സമൂഹത്തിൽ രൂപപ്പെട്ട പബ്ബുകളുടെ സംസ്കാരങ്ങളുമൊക്കെ ഒരു ക്ലോസ്ഡ് മുറിയിൽ, ഇരുട്ടിലും പ്രത്യേക ലൈറ്റിങ്ങിലുമൊക്കെ രൂപപ്പെടുന്നതിന്റെ ഒരു പൂർവരൂപം കൂടിയായിരുന്നു ഈ ഡിസ്കോ ഡാൻസുകളും ക്യാബറേകളും.
ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന ക്ലാസിക്കൽ ലാവണ്യസൗന്ദര്യശാസ്ത്രങ്ങളെ മുഴുവൻ ഈ ഡിസ്കോ ഡാൻസുകളും അതുപോലെ കാബറേകളും അട്ടിമറിച്ചു എന്നതാണ് വാസ്തവം. സിൽക്ക് സ്മിത, അനുരാധ, ഡിസ്കോ ശാന്തി പോലുള്ള നടിമാരുടെ കാബറേ ഡാൻസുകളിലെ ശരീരങ്ങൾ ക്ലാസിക്കൽ ട്രഡീഷനിലെ ഡാൻസ് മൂവ്മെന്റുകളെ അപ്പാടെ അട്ടിമറിച്ച്, സബാൾട്ടൻ സമൂഹങ്ങൾ അടക്കം ഉൾക്കൊള്ളുന്ന മറ്റൊരു തരത്തിലുള്ള കാബറേ ഡാൻസുകൾ ജനകീയമാക്കി എന്നതാണ് വാസ്തവം. സിൽക്ക് സ്മിത, ഡിസ്കോ ശാന്തി, അനുരാധ തുടങ്ങിയവർക്ക് ഒരുപക്ഷേ സൂപ്പർസ്റ്റാർ പദവി വരെ സാധാരണക്കാരുടെ ഇടയിൽ നേടിയെടുക്കാനായി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട അട്ടിമറിക്കപ്പെട്ട മറ്റൊരു സംഗതി പ്രേക്ഷകന്റെ കേൾവിയാണ്.
കാബറേ ഡാൻസുകളിലെ ലേഡി സിംഗേഴ്സിന്റെ/ആൺ ശബ്ദങ്ങളുടെയും ലൈംഗികത സ്ഫുരിക്കുന്ന മൂളലുകളുടെയും മറ്റും ശബ്ദങ്ങളുടെ പ്രകമ്പനങ്ങൾ കേരളത്തിൽ അട്ടിമറി തന്നെ ഉണ്ടാക്കി. അതുപോലെ ഈ ഡാൻസ് രൂപങ്ങളിലെ വേഷങ്ങൾ, ലൈറ്റിങ്ങുകൾ, ദൃശ്യവിസ്മയങ്ങൾ ഒക്കെ പോപ്പുലർ കൾച്ചറിൽ ആഘോഷങ്ങളുടെ മറ്റൊരു വിസ്ഫോടനങ്ങൾ നടത്തി. ഏറ്റവും വലിയ രസം, സിൽക്ക് സ്മിതയെ ജീവിച്ചിരുന്ന കാലത്ത് തള്ളിപ്പറഞ്ഞ ബുദ്ധിജീവികൾ പിന്നീട് അവർക്ക് വേണ്ടി അവർ മരിച്ചപ്പോൾ കവിതകൾ എഴുതി എന്നതാണ്. പക്ഷേ, സിൽക്ക് സ്മിതയെയും അനുരാധയെയും ഡിസ്കോ ശാന്തിയെയും ഒക്കെ നിലനിർത്തിയത് അമ്പത് പൈസയ്ക്ക് ടിക്കറ്റ് എടുത്ത് ഈ ഡിസ്കോ ഡാൻസുകളും കാബറേകളും ആസ്വദിച്ച സാധാരണക്കാരായ സബാൾട്ടൻ പ്രേക്ഷകരാണ്. കേരളം അവരെ എഴുതി തള്ളുകയും ചെയ്തു. ഒരു താരശരീരം സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ശരീരം മാത്രമല്ല; ഒരു കാലഘട്ടത്തിന്റെ ആഗ്രഹങ്ങൾ, ഭയങ്ങൾ, ലൈംഗികത, ഫാഷൻ, വർഗ്ഗബന്ധങ്ങൾ, ജനകീയ രുചി എന്നിവയെല്ലാം അതിൽ വായിക്കാനാകും. അതിനാൽ സിൽക്ക് സ്മിതയുടെയോ രവീന്ദ്രന്റെയോ ശരീരം അവരുടെ സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഒതുങ്ങുന്നില്ല; അത് ഒരു പ്രത്യേക പോപുലർ കൾച്ചറിന്റെ സാംസ്കാരിക രേഖ കൂടിയായി മാറുന്നു.
അതേസമയം, എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, നക്സലൈറ്റ് പ്രസ്ഥാനങ്ങൾ, നാടക പ്രസ്ഥാനങ്ങൾ, പുരോഗമന പ്രസ്ഥാനങ്ങൾ എന്നൊക്കെ പറഞ്ഞുനടന്നവർ കാബറേയെയും ഡിസ്കോ ഡാൻസിനെയും ഒക്കെ അപാരവത്കരിച്ചുകൊണ്ട് പുരോഗമനത്തിന് എതിരുനിൽക്കുന്ന മാലിന്യങ്ങൾ എന്ന രീതിയിൽ തള്ളിപ്പറഞ്ഞു. വെസ്റ്റേണൈസ്ഡ് ആയിട്ടുള്ള എല്ലാത്തിനെയും അവർ മാലിന്യവത്കരിച്ചു. ഇംഗ്ലീഷ്, ജീൻസ്, റോക്ക് മ്യൂസിക്, ഡിസ്കോ ഡാൻസ്, കാബറേ ഡാൻസ് ഒക്കെ ഇവർക്ക് മാലിന്യങ്ങളായി. കോഴിക്കോട് ഒക്കെ ഉണ്ടായിരുന്ന കാബറേ ഡാൻസ് ബാറുകൾ കേരളത്തിലെ പുരോഗമന ബുദ്ധിജീവികൾ എന്ന് പറയുന്നവർ സമരം ചെയ്ത് അടച്ചുപൂട്ടിച്ചു എന്ന ചരിത്രം കൂടെയുണ്ട് എന്ന് കേട്ടിട്ടുണ്ട്.
ഇടതുപക്ഷ പുരോഗമന കേരളം എന്ന സ്ഫിയറിൽ എസ്.എഫ്.ഐക്കാർ അന്ന് ‘പെൺകിളി വാരികകൾ’ എന്ന് പറഞ്ഞ് മനോരമയും മംഗളവും ഒക്കെ കത്തിക്കുകയും ചെയ്തു. മിമിക്രി പോലുള്ള കലകൾ തരംതാണവ എന്ന വിലയിരുത്തലുകൾ ഉണ്ടായി. തൊണ്ണൂറുകളിലെ മിമിക്രി സിനിമകൾ തരംതാണ സിനിമകളുമായി. കേരളത്തിലെ പുരോഗമനക്കാർ ഇത്തരം അനേകങ്ങളായ പലതരം അപാര സമൂഹങ്ങളിൽ ഉണ്ടായ പോപ്പുലർ കൾച്ചറിൽ ആഘോഷിക്കപ്പെട്ട ഡിസ്കോ ഡാൻസ് മുതൽ പൈങ്കിളി നോവലുകൾ വരെ നിലവാരമില്ലാത്തവ എന്ന രീതിയിൽ എഴുതി തള്ളുകയും ചെയ്തു. കേരളത്തിൽ എൺപതുകളിലും തൊണ്ണൂറുകളിലും രൂപപ്പെട്ട പാരലൽ സിനിമാ ലോബികളും ഡിസ്കോ ഡാൻസുകളെ തള്ളിപ്പറഞ്ഞു. ലോകസിനിമകളുടെ അപ്പോസ്തലന്മാരായ ഫിലിം ഫെസ്റ്റിവൽ ബുദ്ധിജീവികളും പോപ്പുലർ സിനിമയെയും അതിലെ എല്ലാ ഘടകങ്ങളെയും കളിയാക്കി ഇളക്കി. ഇവിടെ “പുരോഗമന” എന്ന വാക്ക് തന്നെ ഒരു ചോദ്യം ആകുന്നു. ഒരു പ്രത്യേക രാഷ്ട്രീയ ആശയം പുരോഗമനപരമാണെന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട എല്ലാ സൗന്ദര്യ ശാസ്ത്രവും സ്വാഭാവികമായി ജനകീയമായിരിക്കണമെന്നില്ല. അതുപോലെ ജനകീയമായ ഒരു കലാരൂപം രാഷ്ട്രീയമായി ഒരു വ്യവസ്ഥിതി നിർമ്മിച്ച് വെച്ച പുരോഗമനപരതയുമായി യോജിക്കുന്നില്ല എന്നത് കൊണ്ട് അതിന്റെ സംശകാരീകഥ ഇല്ലാതാകുകയും ചെയ്യുന്നില്ല.
പക്ഷേ, ഗ്ലോബലൈസേഷനുശേഷം ഇന്ത്യയിലേക്ക് കൂടുതൽ ഹോളിവുഡ് സിനിമകളും അതുപോലെ ടെലിവിഷനുകളിൽ കൂടുതൽ വിദേശ ചാനലുകളുമൊക്കെ കുത്തൊഴുകിത്തുടങ്ങിയതോടുകൂടി, ഈ ഇടതുപക്ഷ പുരോഗമന മലയാളി ശുദ്ധിവാദങ്ങളെയൊക്കെ അട്ടിമറിച്ചുകൊണ്ട് ഡിസ്കോ ഡാൻസിന്റെയും കാബറകളുടെയും ഒക്കെ മെറ്റമോർഫോസിസ് നടത്തിയിട്ടുള്ള അനേകം വിഷ്വൽ എന്റിറ്റികൾ കേരളത്തിലെ പബ്ലിക് സ്ക്രീനിലും സിനിമകളിലും കേരളത്തിലെ കുടുംബങ്ങളിലെ ടി.വി. കാളിലും ആഞ്ഞടിച്ചു. റോക്ക്, പോപ്പ്, ഡാൻസ് ആൽബങ്ങൾ, ബാൻഡുകൾ – അങ്ങനെ വിവിധങ്ങളായ പലതരം ഫോർമാറ്റിൽ പാട്ട് എന്ന ഫോർമാറ്റിന്റെ വിഷ്വൽസിലും സൗണ്ട് ബൈറ്റുകളിലും പെർഫോമൻസിലും പൊളിച്ചടുക്കൽ ഉണ്ടായി. ബാക്ക്സ്ട്രീറ്റ് ബോയ്സും ബോബി ബ്രൗണും ക്ലീൻ ഡിയോണും ഒക്കെ കേരളത്തിലെ സാംസ്കാരിക ഇടത്തിൽ വലിയ ഇടം നേടി.
ഈ ഘട്ടത്തെ വെറും “പാശ്ചാത്യവത്കരണം” എന്നൊറ്റ വാക്കിൽ വിശദീകരിക്കാനാകില്ല. ഒരു സാംസ്കാരിക രൂപം മറ്റൊരു സമൂഹത്തിലേക്ക് വരുമ്പോൾ അത് അതേ രൂപത്തിൽ തന്നെ നിലനിൽക്കണമെന്നില്ല; അത് പ്രാദേശികമായ അനുഭവങ്ങളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും പ്രേക്ഷക രുചികളിലൂടെയും പുനർനിർമ്മിക്കപ്പെടുന്നു. അതുകൊണ്ടാണ് ഡിസ്കോ, റോക്ക്, പോപ്പ്, മ്യൂസിക് ടെലിവിഷൻ, ബ്രേക്ക് ഡാൻസ് തുടങ്ങിയ രൂപങ്ങൾ കേരളത്തിൽ പുതിയ അർത്ഥങ്ങൾ സ്വീകരിച്ചത്. ഇവിടെ സാംസ്കാരിക സങ്കലനം (Cultural Hybridity) എന്ന ആശയം പ്രസക്തമാണ്. പുറത്തുനിന്നെത്തുന്ന ഒരു സാംസ്കാരിക രൂപം അതേപടി പകർത്തപ്പെടുകയല്ല ചെയ്യുന്നത്; മറിച്ച് പുതിയൊരു സാംസ്കാരിക സാഹചര്യത്തിൽ അത് പ്രാദേശികമായ അനുഭവങ്ങളുമായി കൂടിച്ചേർന്ന് മറ്റൊരു രൂപത്തിലും മറ്റൊരു അർത്ഥത്തിലും പുനർനിർമ്മിക്കപ്പെടുന്നു.
തൊണ്ണൂറുകളിലെ ‘കാതലൻ’ എന്ന സിനിമയിലെ ‘മുക്കാലാ മുക്കാബല’, ‘ഉർവശി ഉർവശി’ എന്നീ ഗാനങ്ങളിലൂടെ പ്രഭുദേവ എന്ന ഡാൻസർ ഇന്ത്യൻ ബ്രേക്ക് ഡാൻസിന്റെ ഐക്കൺ ആയി. അതുപോലെ സാധാരണക്കാരായ മനുഷ്യർ ബ്രേക്ക് ഡാൻസ് പഠിക്കാൻ തുടങ്ങി. ഡിസ്കോ ഡാൻസ് പതുക്കെ മാഞ്ഞ് ബ്രേക്ക് ഡാൻസ് പോലുള്ള അനേകം പുതിയ ഫോർമാറ്റുകളിലേക്ക് മനുഷ്യർ നീങ്ങി. ഇന്ന് റീലുകളിൽ അടക്കം അതിസാധാരണക്കാരായ മനുഷ്യർ കാബറേ, ഡിസ്കോ ഡാൻസ്, ബ്രേക്ക് ഡാൻസ് അങ്ങനെ നിരവധി ഡാൻസ് ഫോമുകൾ ഡീകൺസ്ട്രക്ട് ചെയ്തുകൊണ്ട് പുതിയ ഫോർമാറ്റിൽ പെർഫോം ചെയ്യുന്ന പുതിയ കാലത്തേക്ക് ഉയരുകയും ചെയ്തു. പുരോഗമന കേരളം ‘മലിനം’ എന്നൊക്കെ വിളിച്ച ഒരു ആശയത്തെ തന്നെ പുതിയ തലമുറ എടുത്ത് തോട്ടിൽ എറിഞ്ഞു. ഇതിൽ പ്രധാനപ്പെട്ടത് ഒരു സംശകാരീക രൂപം അപ്രത്യക്ഷമാകുന്നു എന്നതല്ല; അത് മറ്റൊരു രൂപത്തിൽ തിരിച്ചുവരുന്നു എന്നതാണ്. ഡിസ്കോയുടെ ശരീരം ബ്രേക്ക് ഡാൻസിലും മ്യൂസിക് വീഡിയോകളിലും റീൽസിലും പലതരത്തിൽ പുനർജനിക്കുന്നു. അതിനാൽ പോപുലർ കൾച്ചറിന്റെ ചരിത്രം നേരെ പോകുന്ന ഒരു രേഖയല്ല; പഴയ രൂപങ്ങൾ പുതിയ സാങ്കേതികവിദ്യകളിലും പുതിയ ശരീരങ്ങളിലും പുതിയ പ്രേക്ഷകരിലും വീണ്ടും പ്രത്യക്ഷപ്പെടുന്ന ഒരു തുടർച്ചയായ ട്രാൻസ്ഫറമേഷൻ ആണ്.
കേരളത്തിലെ ബുദ്ധിജീവി സിനിമാക്കാർ, പാരലൽ സിനിമാക്കാർ, ഒരു കാലത്ത് ലോകസിനിമയുടെ വക്താക്കൾ എന്നൊക്കെ പറഞ്ഞ് തള്ളിമറിച്ച സിനിമാക്കാർ അപരവത്കരിച്ച ഡിസ്കോ ഡാൻസ്, കാബറേ ഡാൻസുകൾ എന്നിവയിൽ ഡാൻസ് കളിച്ച്, അതിൽ പെർഫോം ചെയ്ത്, പോപ്പുലർ കൾച്ചറിൽ സാധാരണ മനുഷ്യരെ നിഗൂഢമായും അല്ലാതെയും ആഹ്ലാദിപ്പിച്ച ഒരു താരശരീരം – ‘ഡിസ്കോ’ രവീന്ദ്രൻ എന്ന നടൻ – ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി വരുമ്പോൾ അയാൾക്ക് അങ്ങനെ ഒരു ചരിത്രം കൂടെയുണ്ട് എന്ന കാര്യം ഒരു സത്യവുമാണ്. ലോകസിനിമാ ഭൂപടത്തിൽ അത്തരം കേരളം ഒഴിവാക്കിയ മാലിന്യങ്ങൾ കൂടെ ചേർന്നാണ് വലിയ ആർട്ട് ഫോമുകൾ സിനിമകളായി രൂപപ്പെടുന്നത്.
അത്തരം ഡിസ്കോ ഡാൻസിന്റെയും കാബറേകളുടെയും വഴികളിലൂടെ വന്ന മനുഷ്യൻ ലോകസിനിമയുടെ ഇടത്തിൽ ഒരു കസേര ഇട്ടിരിക്കുന്നത് കാണാൻ രസമാണ്. സിനിമാ ബുദ്ധിജീവികളുടെ ശുദ്ധിവാദത്തിന് ഏറ്റ അടികൂടിയാണ് അത്. 2026 സെപ്റ്റംബർ 25-ന് നടൻ രവീന്ദ്രനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സർക്കാർ നിയമിച്ചു; വിവിധ ചലച്ചിത്രമേളകളുടെ ക്യൂറേറ്റർ (Curator), ഫെസ്റ്റിവൽ ഡയറക്ടർ (Festival Director), ചലച്ചിത്ര വിദ്യാഭ്യാസ പ്രവർത്തകൻ (Film Educationist) എന്നീ നിലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനപരിചയവും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത്, ഒരുകാലത്ത് ജനപ്രിയ സിനിമയുടെ (Popular Cinema) ശരീരത്തിൽ, പ്രത്യേകിച്ച് ഡിസ്കോ ഡാൻസിന്റെ ശരീരത്തിൽ, പ്രത്യക്ഷപ്പെട്ടിരുന്ന ഒരു താരം ഇന്ന് സിനിമയുടെ സ്ഥാപനപരമായ നിയമസാധുതയെ (Institutional Legitimacy) പ്രതിനിധീകരിക്കുന്ന ഒരു കസേരയിൽ ഇരിക്കുന്നു. ഇവിടെ രവീന്ദ്രൻ എന്ന വ്യക്തിയെ മാത്രം കാണുന്നതിനെക്കാൾ, ഒരു സാംസ്കാരിക രൂപത്തിന്റെ (Cultural Form) പദവി ചരിത്രത്തിൽ എങ്ങനെയാണ് മാറുന്നത് എന്നതാണ് കൂടുതൽ പ്രധാനപ്പെട്ടത്. ഒരിക്കൽ “മാലിന്യം” എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു സൗന്ദര്യശാസ്ത്ര ഭാഷയിൽ (Aesthetic Vocabulary) നിന്നുള്ള ശരീരം തന്നെ പിന്നീട് സിനിമാ സ്ഥാപനത്തിന്റെ അധികാരസ്ഥാനത്ത് എത്തുമ്പോൾ, ഉയർന്ന സംസ്കാരത്തിനും (High Culture) ജനപ്രിയ സംസ്കാരത്തിനും (Popular Culture) ഇടയിൽ വരച്ചിരുന്ന പഴയ അതിർത്തി സ്വാഭാവികമായ ഒന്നായിരുന്നില്ലെന്ന് തിരിച്ചറിയാൻ കഴിയും. ഒരു സ്ഥാപനം ഒരു കലാരൂപത്തിന് നിയമസാധുത (Legitimacy) നൽകുന്നതിന് മുമ്പുതന്നെ ആ കലാരൂപം ജനങ്ങളുടെ ജീവിതത്തിൽ നിയമസാധുത നേടിയിട്ടുണ്ടാകാം.
ഈ സമയത്ത് എന്റെ ഒരു സുഹൃത്തായ സനിൽ എഴുതിയ ഒരു കമന്റ് കൂടെ ഇട്ട് അവസാനിപ്പിക്കാം. സനിൽ ഇങ്ങനെയാണ് പറഞ്ഞത്: “ഡിസ്കോ ഡാൻസിനെയൊക്കെ കുറ്റം പറഞ്ഞു ജീവിതം പാഴാക്കിയില്ലേന്നോർത്തു പഴയ ഫിലിം സൊസൈറ്റി ചേട്ടന്മാരൊക്കെ സ്വയം കുറ്റം പറഞ്ഞു തളർന്നു ഉറങ്ങിയിട്ടുണ്ടാകാം…”. ഇതാണ് സനീലിന്റെ കമന്റ്. ഡിസ്കോ ഡാൻസിനെ മാലിന്യമാക്കിയ ബുദ്ധിജീവികളേ, നിങ്ങൾക്ക് ലാൽ സലാം.
