October 13 Tuesday 2026

കേരളത്തിലെ ദലിതര്‍ ഹൈന്ദവ വിശ്വാസികളായതിന്‍റെ സാമൂഹിക ഘടകങ്ങള്‍

ദലിതർ ഹിന്ദു വിശ്വാസികളായത് ഒരു ദിവസം ഒരു ചടങ്ങ് നടത്തി അവരെ ആരെങ്കിലും ഹിന്ദുവിശ്വാസത്തിലേക്ക് പ്രവേശിപ്പിച്ചതല്ല. ഏതെങ്കിലും ഒരു നേതാവ് ഏതെങ്കിലും ഹിന്ദു സംഘടനയുമായി സഹകരിച്ചതിന്റെ ഫലവും അല്ല.അത്തരം ഒരു ചരിത്ര ധാരണ രൂപപ്പെടുന്നത് മിഷനറി മതപരിവർത്തനത്തിന്റെ യുക്തിയിലാണ് . മിഷിനറിമാർ മതം മാറ്റിയത് പോലെ ആരെങ്കിലും ദലിതരെ ഹിന്ദുവിലേക്ക് മാറ്റി എന്നു പറയുന്നത് ചരിത്രത്തിന്റെ ലളിതവത്കരണമാണ്.
വ്യത്യസ്ത സാഹചര്യങ്ങളിൽ, കാലഘട്ടങ്ങളിൽ സംഭവിച്ച പ്രധാനമായും മൂന്ന് സാമൂഹിക പ്രക്രിയയുടെ പ്രവർത്തനവും പ്രതിപ്രവർത്തനവുമാണ് ദലിതരെ ഹിന്ദുമത വിശ്വാസത്തിലേക്ക് അടുപ്പിച്ചത്.

1 ക്രിസ്തുമതത്തിലേക്ക് മാറിയ ദലിതരുടെ പുതിയ മതബോധവും സ്വത്വവും
2 ജാതി അതിരുകൾ നിലനിർത്തി തന്നെ ഹിന്ദുമതം ദലിതരെ സ്വീകരിക്കുന്നതിനായി സാമൂഹിക അതിർത്തികളിൽ ചിലത് തുറന്നിട്ടത്
3 ഇടതു പുരോഗമന പ്രസ്ഥാനങ്ങളും യുക്തിവാദി വിമർശനങ്ങളും

ക്രിസ്തുമത സ്വീകരണം
ദലിതരിൽ ഒരു വിഭാഗം ക്രിസ്തുമതത്തിലേക്ക് മാറിയപ്പോൾ കേവലം ആരാധന രീതികൾ മാത്രമല്ല മാറിയത്, പഴയ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയ മതബോധവും രൂപപ്പെട്ടു. അതുവരെയും പതിയിലും കാവുകളിലും ഒക്കെ ഒന്നിച്ച് മന്ത്രവാദത്തിലും പിതൃ ആരാധനയിലും ബലികളിലും ഒക്കെ പങ്കെടുത്ത വർ .ബൈബിളിന്റെ അടിസ്ഥാനത്തിൽ പാരമ്പര്യ ആചാരങ്ങളെ നിഷേധിക്കുകയും അത് അന്ധവിശ്വാസമായി കരുതുകയും തങ്ങളുടെ പുതിയ മതെത്തെ മികച്ചത് എന്ന് അവകാശപ്പെടുകയും ചെയ്തപ്പോൾ പഴയ പാരമ്പര്യങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനിന്നവർക്ക് അത് ഉപേക്ഷിക്കാതെ തന്നെ മെച്ചപ്പെട്ടതെന്ന് കരുതുന്ന പുതിയൊരു വിശ്വാസത്തെ അന്വേഷിക്കേണ്ടതായി വന്നു.
ഹിന്ദുമതം ചില അതിർത്തികൾ തുറക്കുന്നു
ഇതെ കാലഘട്ടത്തിലും ഹിന്ദു സമൂഹത്തിലും മാറ്റങ്ങൾ സംഭവിച്ചു. ജനസംഖ്യപരമായ സ്വാധീനം നിലനിർത്താൻ ദലിതരെ കൂടി ഹിന്ദു വിശ്വാസത്തിൽ ഉൾക്കൊള്ളാൻ അവർ തയ്യാറായി. ജാതി അതിർത്തികൾ നിലനിർത്തി തന്നെ വിശ്വാസത്തിനും ആരാധനയ്ക്കുള്ള ഇടങ്ങൾ തുറന്നു. ഇതിന്റെ പ്രധാന ഉദാഹരണമാണ് ക്ഷേത്രപരിസരങ്ങളിൽ പോലും പ്രവേശനം ഇല്ലാതിരുന്നവർക്കായി ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. ഇത് ദലിത് വിഭാഗത്തിന് പുതിയൊരു സാധ്യതയുണ്ടാക്കി. സ്വന്തം പാരമ്പര്യങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും കാവുകളും ഉപേക്ഷിക്കാതെ തന്നെ അതുകൂടി ഉൾക്കൊള്ളുന്ന മറ്റൊരു വിശ്വാസത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു.
അങ്ങനെ ഹിന്ദുവിശ്വാസം ദലിതർക്ക് സ്വീകരിക്കാവുന്ന ഒരു പൊതുപരിചയമായി മാറി.
പുരോഗമന പ്രസ്ഥാനങ്ങളും യുക്തിവാദി വിമർശനങ്ങളും
ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും യുക്തിവാദവും എല്ലാം ദലിതരുടെ പാരമ്പര്യ വിശ്വാസങ്ങളെ അന്ധവിശ്വാസം എന്ന് വിമർശിച്ചു. കാവുകൾ പതികൾ പിതൃ ആരാധന മന്ത്രവാദം ഒക്കെ യുക്തി ബോധത്തിന്റെ കടുത്ത വിമർശനങ്ങൾക്ക് വിധേയമായി. രാഷ്ട്രീയമായി ഇടതുപക്ഷത്തോടെ ചേർന്ന് നിന്നതിനാൽ ആ വിമർശനങ്ങൾ ദലിതരിൽ ശക്തമായ സ്വാധീനം ഉണ്ടാക്കി.
ഒരു വശത്ത് ക്രിസ്തുമതത്തിലേക്ക് പോയ ബന്ധുക്കളും അയൽക്കാരുംപഴയ വിശ്വാസങ്ങളെ ചോദ്യം ചെയ്തു.
പുരോഗമന പ്രസ്ഥാനങ്ങൾ ദലിത് വിശ്വാസങ്ങളെ ആചാര അനുഷ്ഠാനങ്ങളെ അന്ധവിശ്വാസമായി ചിത്രീകരിച്ചു.
അതേസമയം, ഹിന്ദുമതത്തിന്റെ ചില വാതിലുകൾ തുറന്നു.
ഈ മൂന്നു സാമൂഹിക പ്രക്രിയകളും പരസ്പരം ബന്ധമില്ലാത്തത് അല്ലായിരുന്നു. പ്രധാനമായും ഈ മൂന്ന് സാമൂഹിക പ്രക്രിയകളുടെ പ്രവർത്തനവും പ്രതിപ്രവർത്തനവും ആണ് പിന്നീട് ദലിതരെ ഹിന്ദു വിശ്വാസത്തിന്റെ ധാരയിലേക്ക് കൊണ്ടുപോയത്.

Related