ഇന്ത്യന്‍ ഫാഷിസമെന്നത് രാഷ്ട്രീയമായും വൈജ്ഞാനികമായും ന്യൂനപക്ഷമാണ്. എന്നാല്‍, അതൊരു അധീശ ന്യൂനപക്ഷമായി ഇന്ത്യന്‍ ജനതയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. സവര്‍ണവും വൈദികവുമായൊരു സംസ്‌കാരത്തെ ഇന്ത്യയുടെ ദേശസംസ്‌കാരമായി അടിച്ചേല്‍പ്പിക്കാനും അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്‌തെടുക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഈ സവര്‍ണ ഫാഷിസത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും തകര്‍ക്കണമെങ്കില്‍ ബോധപൂര്‍വമായ ശ്രമം അനിവാര്യമാണ്. കേരളീയ നവോത്ഥാനവും അതിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് നാരായണ ഗുരു, അയ്യങ്കാളി, സഹോദരനയ്യപ്പന്‍ മുതലായവരും പകര്‍ന്നുനല്‍കിയ സാഹോദര്യം, മാനവികത, ജാതി വിമര്‍ശനം, മതനിരപേക്ഷത മുതലായ മൂല്യങ്ങളെ ബലപ്പെടുത്തിക്കൊണ്ടു മാത്രമേ യഥാര്‍ഥ ഫാഷിസ്റ്റ് പ്രതിരോധം സാധ്യമാവുകയുള്ളൂ.
ആര്‍.എസ്.എസ് എന്ന വിധ്വംസക സംഘടന മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രൂപപ്പെട്ടുവന്നതാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍, ഫാഷിസത്തിന്റെ ശാസനാധികാരങ്ങളില്‍ നിന്നും സംസ്‌കാരിക അധീശത്വങ്ങളില്‍ നിന്നും വിടുതല്‍ നേടി ഇതര മതങ്ങളിലേക്ക് മാറിയിരുന്ന കീഴാള സമൂഹങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്നതിനു വേണ്ടി സവര്‍ണ സമൂഹങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ഹിംസാത്മക സംഘടനയാണ് ആര്‍.എസ്.എസ്.
ഇന്ത്യയുടെ ദേശീയ ചരിത്രമെന്നത് യഥാര്‍ഥത്തില്‍ സവര്‍ണ സമൂഹങ്ങളും കീഴാള സമൂഹങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം കൂടിയാണ്. ഇന്ത്യയിലെ സവര്‍ണ സമൂഹങ്ങളോട് ഇടഞ്ഞു കൊണ്ട് സ്വന്തമായൊരു സാംസ്‌കാരിക പരിസരത്ത് ജീവിതം കരുപിടിപ്പിക്കാനാണ് കീഴാളസമൂഹം എക്കാലവും ശ്രമിച്ചു പോന്നിട്ടുള്ളത്. സ്വാതന്ത്ര്യ സമര കാലത്താകട്ടെ ഈ കീഴാള സമൂഹങ്ങളെ തങ്ങളിലേക്ക് കൂട്ടിപ്പിടിക്കാനും അവരോട് അയിത്തം പാലിക്കാതിരിക്കാനും സവര്‍ണ സമൂഹങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാരണം, ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതിയാണ് ഇന്ത്യക്കാരുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ തടസ്സമെന്നാണ് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ജാതിയോടും അയിത്തത്തോടും കൃത്രിമമായ അകലം പാലിക്കാനും കൗശലപൂര്‍വം ജാതിയെ മറച്ചുപിടിക്കാനും സവര്‍ണ സമൂഹം ശ്രമിച്ചു.
ഇന്ത്യന്‍ ദേശീയതക്കകത്ത് രൂപപ്പെട്ട ഈ സവര്‍ണ ഗൂഢതന്ത്രം പക്ഷേ ഏറെയൊന്നും വിലപ്പോയില്ല. കാരണം, പുറമേക്ക് ജാതിവിരുദ്ധരെന്ന് നടിച്ചിരുന്ന പലരും അകമേ അങ്ങേയറ്റം സവര്‍ണരായിരുന്നു എന്നത് കീഴാള സമൂഹങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ സവര്‍ണ സമൂഹങ്ങള്‍ക്ക് ബദലായി ദലിത് സംഘടനകള്‍ രൂപീകരിച്ച് തങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വം കാത്തുസൂക്ഷിക്കുകയാണ് അവര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെ രൂപം കൊടുത്ത സത്യശോധക് സമാജം, പഞ്ചാബിലെ ആദി – ധര്‍മ പ്രസ്ഥാനം, ഉത്തര്‍പ്രദേശിലെ ആദി ഹിന്ദു – പ്രസ്ഥാനം, തമിഴ്നാട്ടിലെ ആദി – ദ്രാവിഡ പ്രസ്ഥാനം, ആന്ധ്രയിലെ ആദി ആന്ധ്രാപ്രസ്ഥാനം, കര്‍ണാടകയിലെ ആദി – കര്‍ണാടക പ്രസ്ഥാനം, ബംഗാളിലെ നാമശൂദ്ര പ്രസ്ഥാനം എന്നിവയെല്ലാം രൂപപ്പെടുന്നത് ഈ ചരിത്ര സന്ദര്‍ഭത്തിലാണ്. അതിന്റെ തന്നെ തുടര്‍ച്ചയിലാണ് കേരളത്തില്‍ ശ്രീനാരായണ – അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ പിറവിയെടുക്കുന്നത്.
ഇന്ത്യയിലെ ആദിമനിവാസികളായ തങ്ങള്‍ക്ക് സ്വതന്ത്രവും വ്യതിരിക്തവുമായ മതപാരമ്പര്യങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാതിരഹിതവും ഹൈന്ദവേതരവുമായ മതത്തെ ഉയര്‍ത്തിക്കാട്ടുകയാണ് അവര്‍ ചെയ്തത്. കൈവിട്ടുപോകുന്ന ഈ കീഴാള സമൂഹങ്ങളെ തങ്ങളുടെ ചൊല്‍പടിയില്‍ കൊണ്ടുവരുന്നതിനു വേണ്ടിയാണ് സുസംഘടിതവും പട്ടാളചിട്ടയോടും കൂടിയ ഒരു സംഘടനക്ക് ഹെഡ്‌ഗേവര്‍ രൂപം കൊടുക്കുന്നത്. 1925 ല്‍ നാഗ്പൂരില്‍ ആര്‍.എസ്.എസ് രൂപീകരിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശ്രീ നാരായണ ഗുരു “ഹിന്ദു എന്ന ഒരു മതമേ ഇല്ലല്ലോ” എന്ന് പ്രസ്താവിക്കുന്നത്.
“നാം ജാതിമത ഭേദങ്ങള്‍ വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേകവര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അതു ഹേതുവായി പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല.” എന്നും ശ്രീനാരായണ ഗുരു കൂടുതല്‍ വ്യക്തതയില്‍ വിശദീകരിക്കുന്നുണ്ട്.
ശ്രീ നാരായണ ഗുരുവിനെ ഹിന്ദു സന്ന്യാസിയും ഹൈന്ദവ നവോത്ഥാനത്തിന്റെ നായകനുമായി അവതരിപ്പിക്കാനുള്ള സംഘ്പരിവാര്‍ ശ്രമം ഒരുഭാഗത്ത് തകൃതിയില്‍ നടന്നുകൊണ്ടിരിക്കെ തന്നെയാണ് ഗുരു മുന്നോട്ടുവെച്ച സാഹോദര്യ ഭാവനയും ജാതിവിരുദ്ധതയുമെല്ലാം വിസ്മരിച്ചുകൊണ്ട് പലരുമിപ്പോള്‍ ആര്‍.എസ്.എസുമായി പുതിയ ബന്ധത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ശ്രീ നാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച സാഹോദര്യം, അപരപ്രിയത്വം മുതലായ നവോത്ഥാന മൂല്യങ്ങളെ കുടഞ്ഞെറിഞ്ഞുള്ള ഈ രാഷ്ട്രീയ നീക്കം ജാതി ഹിന്ദുത്വത്തിന്റെ നാരകീയ ജീവിതത്തിലേക്കാണെന്നതില്‍ സംശയമില്ല.
ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസത്തെ പലപ്പോഴും ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ ഫാഷിസത്തിന്റെ ഭീകരവാഴ്ചയുമായി സമീകരിക്കാനാണ് നാം ശ്രമിക്കാറുള്ളത്. ജര്‍മനിയിലും ഇറ്റലിയിലും സംഭവിച്ചതൊക്കെയും ഇന്ത്യയിലും സംഭവിച്ചാലേ ഫാഷിസമാവൂ എന്നാണ് പലരുടെയും വെപ്പ്. എന്നാല്‍, ഹിറ്റ്‌ലറുടെ ‘മെയ്ന്‍ കാംഫി’നെക്കാള്‍ ഭീകരമായ നിരവധി ആശയങ്ങള്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലുണ്ടെന്ന് ആരും മനസ്സിലാക്കാറില്ല. നാലായിരത്തിലേറെ സാമൂഹിക വിഭാഗങ്ങളും മുന്നൂറ്റി ഇരുപത്തിയഞ്ച് ഭാഷയും വ്യത്യസ്ത മതങ്ങളും തത്ത്വചിന്തകളും നിലനില്‍ക്കുന്ന ഒരു രാജ്യത്തെ വൈദികമായ സവര്‍ണ സംസ്‌കാരത്തിലേക്കും മനുസ്മൃതിയുടെ സംസ്‌കൃതമായ ഉള്ളടക്കത്തിലേക്കും വെട്ടിച്ചുരുക്കുന്നതില്‍ സംഘ്പരിവാര്‍ നേടിയ വിജയം ഏവരും കാണാതെ പോകുകയാണ്.
“ഗാന്ധീ, എനിക്കൊരു മാതൃരാജ്യമില്ലെ”ന്ന് അംബേദ്കര്‍ പറഞ്ഞതും “നമ്മുടെ മനുവുമായി വെച്ചു നോക്കുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ്” എന്ന് സഹോദരന്‍ അയ്യപ്പന് പറയാന്‍ കഴിഞ്ഞതും ഈ അപകടം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ഇന്ത്യയെ വിഴുങ്ങിയ വര്‍ണാശ്രമ ധര്‍മത്തെ പുകച്ചു പുറത്തുചാടിക്കാന്‍ അംബേദ്കര്‍ മനുസ്മൃതിയെന്ന ബ്രാഹ്മണാധീശ ഗ്രന്ഥം കത്തിക്കുകയാണ് ചെയ്തത്. ഉപ്പില്ലാത്ത ഒരു കടല്‍ പുത്തനായുണ്ടാക്കാം എന്ന് വ്യാമോഹിക്കുന്നതുപോലെയാണ് ജാതിയില്ലാത്ത ഹിന്ദുമതം നിര്‍മിച്ചുകളയാമെന്ന് പലരും വ്യാമോഹിക്കുന്നതെന്ന് പറയാന്‍ കഴിഞ്ഞ ക്രാന്തദര്‍ശിയായിരുന്നു സഹോദരന്‍ അയ്യപ്പന്‍. മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്ന ജാതിയും സവര്‍ണ പൗരോഹിത്യവും ഒഴിവാക്കിയാല്‍ പിന്നെ ബ്രാഹ്മണ മതത്തില്‍ പിന്നൊന്നും അവശേഷിക്കുകയില്ല എന്ന് പറയാന്‍ സഹോദരനയ്യപ്പന് കഴിഞ്ഞു. ചരിത്രപരമായി തന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങല പഴക്കം കൊണ്ട് തനിക്ക് സ്വന്തമാണെന്ന് ഒരടിമക്ക് തോന്നുന്നതുപോലെയാണ് അവര്‍ണര്‍ക്ക് ഹിന്ദുമതം തങ്ങളുടേതാണെന്ന് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ യാഥാര്‍ഥ്യമെല്ലാം വിസ്മരിച്ചുകൊണ്ട് ഫാഷിസപ്പുറത്തേറി നാരായണമന്ത്രം ചൊല്ലാമെന്ന് വ്യാമോഹിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ അജ്ഞതയിലേക്കാണ് കൂപ്പുകുത്തുന്നത്.
വര്‍ത്തമാന ഇന്ത്യയിലെ ഭീഷണയാഥാര്‍ഥ്യമായ ജാതി വ്യവസ്ഥക്കും അപരമത ഭീതിക്കുമെതിരെ നാരായണ ഗുരു പകര്‍ന്നുനല്‍കിയ സാഹോദര്യ മൂല്യത്തെ കൈമുതലായി കൊണ്ടു നടക്കാന്‍ സാധിക്കണം. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലെ യാഥാര്‍ഥ്യമായ ജാതിവ്യവസ്ഥ ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിഷേധിച്ചത് സാഹോദര്യമായിരുന്നു. ഓരോ ജാതിയും അവരവരുടെ ജാതിക്കകത്ത് മാത്രം സാഹോദര്യം കാണുകയും മറ്റുള്ളവര്‍ക്ക് അത് നിഷേധിക്കുകയുമാണ് ചെയ്തത്. ജാതീയമായ ഈ അത്യാചാരങ്ങളോടും അത് സൃഷ്ടിച്ച സാമൂഹിക അസമത്വങ്ങളോടുമിടയുന്നതായിരുന്നു നാരായണ ഗുരുവിന്റെ ജീവിതം.
” ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതില്‍” എന്ന് പ്രസ്താവിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യരെയും ഒരു ജാതിയില്‍ ചേര്‍ത്തുവെക്കുകയാണ് ഗുരു ചെയ്യുന്നത്. ”മനുഷ്യര്‍ക്ക് ഒരേയൊരു ജന്മരീതിയേ ഉള്ളൂ എന്നറിയാത്ത ആരും ഈ ലോകത്തിലില്ല. ഈ ബ്രാഹ്മണാദികളൊഴികെ” എന്ന് പരിഹസിക്കുന്ന ഗുരു മുഴുവന്‍ വര്‍ണ-ജാതി അധീശത്വങ്ങളെയും തകര്‍ക്കുകയാണ് ചെയ്യുന്നത്.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരെ കൂട്ടിയിണക്കി, ഹിന്ദുത്വ ഫാഷിസത്തിന്റെ അടിത്തറയായി അതിനെ ഉറപ്പിച്ചെടുക്കുകയും ആ വിശാല മുന്നണിയുടെ ആചാര്യ പദവിയില്‍ നാരായണ ഗുരുവിനെ പ്രതിഷ്ഠിക്കാനുള്ള കുയുക്തികള്‍ വ്യാപകമാവുന്ന ഈ കാലത്ത് ഗുരു മുന്നോട്ടുവെച്ച അപരപ്രിയത്വത്തിന് പ്രസക്തിയേറുന്നുണ്ട്. അപര നിരാസത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങളാണ് അടിസ്ഥാനപരമായി ഹിംസാത്മകമായതെന്ന് തിരിച്ചറിയുകയും പ്രസ്താവിക്കുകയും ചെയ്ത ഗുരു മനുഷ്യപക്ഷത്തുനിന്ന് അവതരിപ്പിച്ച ബദല്‍മാര്‍ഗമായിരുന്നു അപരപ്രിയത്വം. ‘പരമേശപവിത്രപുത്രന്‍’ എന്ന് യേശു ക്രിസ്തുവിനെയും ‘നബി മുത്തുരത്‌ന’മെന്ന് മുഹമ്മദ് നബിയെയും വിശേഷിപ്പിച്ച് തന്റെ ദൈവ സങ്കല്‍പത്തിലേക്ക് അവരെക്കൂടി കൂട്ടിയിണക്കുന്നതിലൂടെ അതിന്റെ പ്രയോഗവത്കരണമാണ് ഗുരു നടത്തിയത്. ” അവനവന്‍ ആത്മസുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം” എന്ന പ്രസ്താവ്യത്തിലൂടെ അപരപ്രിയത്വത്തിന്റെ സൗന്ദര്യദര്‍ശനമാണ് ഗുരു പകര്‍ന്നു നല്‍കുന്നത്. മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്നതിനെതിരെയും വിശ്വാസത്തിന്റെ പേരില്‍ അവരെ അപരരാക്കി മാറ്റിനിര്‍ത്തുന്നതിനെതിരെയുമാണ് നാരായണ ഗുരു പോരാടിയത്. ഓരോ വ്യക്തിയുടെയും മതവിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ക്കകത്ത് രൂപപ്പെട്ടുവരേണ്ടത് സാഹോദര്യമാണെന്നാണ് ഗുരു പ്രസ്താവിച്ചത്.
” ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന മാതൃക സ്ഥാനം” എന്ന് അരുവിപ്പുറത്തെ ഈഴവശിവ പ്രതിഷ്ഠക്കു ശേഷം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ വിരിമാറില്‍ നാരായണ ഗുരു എഴുതിവെച്ചപ്പോള്‍ സാഹോദര്യത്തിനും അപരപ്രിയത്വത്തിനും കൂടുതല്‍ ചാരുത നല്‍കുകയാണ് ചെയ്തത്.
