November 23 Monday 2026

വിപ്ലവവും മാതൃത്വവും അടയാളപ്പെടുത്തിയ MPLA വിപ്ലവ പോസ്റ്റർ

ആഫ്രിക്കൻ വൻകരയിലെ കൊളോണിയൽ ഭരണാധികാരികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകളുടെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞുപോയ ചില ദൃശ്യരൂപങ്ങളുണ്ട് അതിൽ ഏറ്റവും ശക്തവും ലോകശ്രദ്ധയാകർഷിച്ചതുമായ ഒന്നാണ് 1970 കളിൽ പുറത്തിറങ്ങിയ MPLA (Movimento Popular de Liberation Angola – People’s Movement for the Liberation of Angola)) പോസ്റ്റർ. ഒരു കയ്യിൽ കുഞ്ഞിനെയും മറുകയ്യിൽ റൈഫിളും ഏന്തിയ ഒരു യുവതിയുടെ ചിത്രം വെറുമൊരു പ്രചാരണ രൂപം എന്നതിലുപരി വിപ്ലവത്തിന്റെ കാലാതീതമായ ആഗോള പ്രതീകമായി മാറി.

നൂറ്റാണ്ടുകളോളം നീണ്ടുനിന്ന പോർച്ചുഗീസ് കൊളോണിയൽ അധിനിവേശത്തിന് കീഴിലായിരുന്നു അംഗോള. നിർബന്ധിത തൊഴിൽ, വംശീയമായ വിവേചനം, വിഭവങ്ങളുടെ ചൂഷണം എന്നിവക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകഞ്ഞു കത്തി. 1950 കളുടെ മധ്യത്തോടെ അംഗോളൻ ജനതയുടെ സ്വാതന്ത്ര്യവാഞ്ച പ്രസ്ഥാനങ്ങളായി രൂപപ്പെടാൻ തുടങ്ങി. 1956 ൽ രൂപീകൃതമായ MPLA (പീപ്പിൾസ് മൂവ്‌മെന്റ് ഫോർ ദി ലിബറേഷൻ ഓഫ് അംഗോള) മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനമായിരുന്നു. ഡോ അഗോസ്റ്റിഞ്ഞോ നെറ്റോ നയിച്ച ഈ പ്രസ്ഥാനം പോർച്ചുഗീസ് ഭരണാധികാരികൾക്കെതിരെ സായുധ പോരാട്ടത്തിന് തുടക്കമിട്ടു. 1961 മുതൽ 1975 വരെ നീണ്ടുനിന്ന അംഗോളൻ സ്വാതന്ത്ര്യ യുദ്ധത്തിൽ MPLA ഒരു പ്രധാന പങ്കുവഹിച്ചു.
അംഗോളൻ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് സ്ത്രീകളുടെ സജീവവും നിർണ്ണായകവുമായ പങ്കാളിത്തമായിരുന്നു. വെറുമൊരു സഹായ ശക്തി എന്നതിലുപരി ഒളിപ്പോരാളികളായും വിതരണ ശൃംഖലകളുടെ ചുമതലക്കാരായും സൈനിക സംഘാടകരായും അംഗോളൻ സ്ത്രീകൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
പോസ്റ്ററിലെ ചിത്രം ഏതെങ്കിലും ഒരു പ്രമുഖ നേതാവിന്റേതല്ല, മറിച്ച് സ്വാതന്ത്ര്യത്തിനും അതിജീവനത്തിനുമായി പോരാടിയ ആയിരക്കണക്കിന് സാധാരണക്കാരായ അംഗോളൻ സ്ത്രീകളുടെ പ്രതീകമാണ്. ഒരു കയ്യിൽ കുഞ്ഞിനെ ചേർത്തുപിടിക്കുന്നത് ഭാവി തലമുറയോടുള്ള കരുതലുമാണെങ്കിൽ, മറുകയ്യിൽ റൈഫിൾ ഏന്തുന്നത് ആ തലമുറയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യവുമാണ്. പോസ്റ്ററിലെ ഓരോ ഘടകവും കൃത്യമായ രാഷ്ട്രീയ സന്ദേശം നൽകുന്നതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിയുടെ പരുക്കൻ സ്വഭാവം പോരാട്ടത്തിന്റെ യാഥാർത്ഥ്യത്തെയും സ്വഭാവത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

1975 നവംബർ 11ന് അംഗോള പോർച്ചുഗീസുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഡോ. അഗോസ്റ്റിഞ്ഞോ നെറ്റോ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായി. അതിനുശേഷവും ആഭ്യന്തര യുദ്ധങ്ങളുടെ നിഴലിലായിരുന്ന അംഗോളയിൽ ജനങ്ങളെ ഒന്നിച്ചുനിർത്താനും ദേശീയബോധം വളർത്താനും ഈ പോസ്റ്റർ വലിയ പങ്കുവഹിച്ചു. അന്താരാഷ്ട്രതലത്തിലും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ, ലാറ്റിൻ അമേരിക്കൻ വിപ്ലവ പ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവരെയെല്ലാം ഒരുപോലെ ആവേശഭരിതരാക്കിയ ഒന്നാണ് ഈ പോസ്റ്റർ. അടിച്ചമർത്തലുകൾക്കെതിരെ പൊരുതുന്ന ലോകത്തെ ഏതൊരു ജനതയുടെയും പ്രതീകമായി മാറിയ അപൂർവ്വം വിപ്ലവ പോസ്റ്ററുകളിലൊന്നാണിത്. ഒപ്പം ഐക്യത്തിന്റെയും ദേശീയതയുടെയും പ്രതീകവുമായി മാറി. മാതൃത്വത്തിന്റെ വാത്സല്യവും വിപ്ലവത്തിന്റെ വീര്യവും ഒരേസമയം അടയാളപ്പെടുത്തിയ ഈ ചിത്രം ചരിത്രത്തിൽ സ്ത്രീ പോരാളികൾ അടയാളപ്പെടുത്തിയ സ്ഥാനത്തെ എന്നെന്നും സ്മരിപ്പിക്കുന്ന ഒന്നായി നിലകൊള്ളുന്നു.

Related