സിനിമയും വെബ് സീരീസുകളും സൃഷ്ടിക്കുന്ന ആന്റി ഹീറോ സംസ്കാരം, കുടുംബം അറിയാത്ത കുട്ടികളുടെ സ്വകാര്യ ഡിജിറ്റൽ ലോകം, ലഹരിമാഫിയയുടെ റിക്രൂട്ട്മെന്റ്, സംഘടിത കുറ്റകൃത്യങ്ങളിലെ കൗമാരക്കാരുടെ പങ്കാളിത്തം. പുതിയ കാലത്തെ ബാലനീതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിയമത്തിന്റെ പഴുതുകൾ മാത്രമല്ല, കുട്ടികളുടെ ജീവിതത്തിലേക്ക് സമൂഹത്തിന് നഷ്ടപ്പെടുന്ന പ്രവേശനം കൂടിയാണ്.
ദളപതി വിജയ് നായകനായ ‘തെറി’ എന്ന തമിഴ് സിനിമയിൽ ഒരു സംഭാഷണമുണ്ട്: “പതിനേഴ് വയസ്സായ ഒരു പയ്യനെക്കൊണ്ട് നിന്നെ കൊല്ലും.” തിയേറ്ററുകളിൽ വലിയ ആവേശത്തോടെ കയ്യടി നേടിയ ആ സംഭാഷണം സിനിമയുടെ സാങ്കൽപ്പിക ലോകത്ത് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഇന്ന് കേരളത്തിൽനിന്ന് പുറത്തുവരുന്ന ചില കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ആ ഡയലോഗിന് ഭയപ്പെടുത്തുന്ന ഒരു സാമൂഹിക അർഥം കൈവരുന്നു. പതിനേഴു വയസ്സുള്ള ഒരാളെക്കൊണ്ട് ഒരാളെ കൊല്ലിക്കാമെന്നത് സിനിമയിലെ വില്ലന്റെ ഭീഷണിയായിരുന്നു. ഇന്ന് പതിനേഴുകാരൻ തന്നെ കൊലപാതകത്തിന്റെ ഭാഗമാകുന്ന സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. സിനിമയിലെ സംഭാഷണങ്ങൾ യാഥാർഥ്യത്തിലേക്ക് ഇറങ്ങിവരുമ്പോൾ നമ്മൾ ചോദിക്കേണ്ടത് ഒരു സിനിമ കുട്ടികളെ സ്വാധീനിക്കുന്നുണ്ടോ എന്നുമാത്രമല്ല. അക്രമത്തെയും പ്രതികാരത്തെയും അധികാരത്തെയും കുറ്റകൃത്യങ്ങളെയും മഹത്വവൽക്കരിക്കുന്ന ഒരു വലിയ ദൃശ്യസംസ്കാരം നമ്മുടെ കൗമാരമനസ്സുകളിൽ എന്താണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നുകൂടിയാണ്.
തിരുവനന്തപുരത്തെ ശ്രീകാര്യത്തിനടുത്ത് പാങ്ങപ്പാറയിൽ നടന്ന അഭിരാമിന്റെ കൊലപാതകം ഈ ചോദ്യങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. പ്രായപൂർത്തിയാകാത്തവരും മുതിർന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരും ഉൾപ്പെട്ടതായി അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഒരു വ്യക്തിഗത കൊലപാതകത്തിന്റെ പരിധിക്കപ്പുറം പോകുന്നു. മുൻപരിചയങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയവും ഉപയോഗിച്ച് മറ്റൊരു യുവാവിനെ ലക്ഷ്യമിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് അഭിരാം ഇരയായെന്ന വിവരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേസിൽ പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തവും മുതിർന്നവരുമായുള്ള ബന്ധവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അതിനാൽ ആരോപണങ്ങളെ അന്തിമ കണ്ടെത്തലുകളായി കാണാനാവില്ല. എന്നാൽ പതിനേഴും പതിനെട്ടും വയസ്സുള്ള കൗമാരക്കാർ ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന സാഹചര്യം തന്നെ സമൂഹം ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
ഇതിനെ ഒരു പ്രണയപ്പകയുടെയോ കൗമാരക്കാരുടെ വ്യക്തിപരമായ തർക്കത്തിന്റെയോ പരിധിയിൽ ഒതുക്കാനാവില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ മരണത്തിന് കാരണമാകുന്ന സാഹചര്യത്തിലേക്ക് എത്തുമ്പോൾ അവന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തോടൊപ്പം അവനെ സ്വാധീനിച്ചവരെയും ഉപയോഗിച്ചവരെയും പ്രേരിപ്പിച്ചവരെയും കണ്ടെത്തേണ്ടതുണ്ട്. അവന്റെ സൗഹൃദവലയം, കുടുംബപശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ലഹരിബന്ധങ്ങൾ, ഡിജിറ്റൽ ബന്ധങ്ങൾ, മാനസികാവസ്ഥ എന്നിവയെല്ലാം അന്വേഷണത്തിന്റെ ഭാഗമാകണം. കുറ്റകൃത്യം നടന്ന ഏതാനും മണിക്കൂറുകൾ മാത്രം പരിശോധിച്ച് ഈ ദുരന്തത്തിന്റെ സാമൂഹിക പശ്ചാത്തലം കണ്ടെത്താനാവില്ല.
ഇവിടെയാണ് ‘തെറി’യിലെ ഡയലോഗ് വീണ്ടും ഓർമിക്കേണ്ടിവരുന്നത്. ഒരു പതിനേഴുകാരനെക്കൊണ്ട് കൊലപാതകം ചെയ്യിക്കാമെന്ന ചിന്ത ക്രിമിനൽ ലോകത്ത് തന്ത്രമായി മാറുന്നുണ്ടെങ്കിൽ അത് അതീവ ഗൗരവമുള്ളതാണ്. മുതിർന്ന കുറ്റവാളികൾക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പ്രായപൂർത്തിയാകാത്തവരെക്കൊണ്ട് ചെയ്യിക്കുക, അവരുടെ പ്രായവും നിയമപരമായ സംരക്ഷണവും ചൂഷണം ചെയ്യുക, പിടിക്കപ്പെട്ടാൽ അവരെ മുന്നിൽ നിർത്തി പിന്നിൽനിന്ന് പ്രവർത്തിക്കുക എന്നിങ്ങനെയുള്ള സാധ്യതകൾ സംഘടിത കുറ്റകൃത്യങ്ങളുടെ പുതിയ രീതിയായി മാറുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇതിന്റെ മറ്റൊരു ഉദാഹരണമായി ഡൽഹിയിലെ നിർഭയ കേസ് ഓർക്കാം. രാജ്യത്തെ നടുക്കിയ ആ ക്രൂരമായ കുറ്റകൃത്യത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ പങ്കാളിത്തം ജുവനൈൽ നീതിന്യായത്തെക്കുറിച്ചുള്ള ദേശീയ ചർച്ചകൾക്ക് വഴിയൊരുക്കി. ആ പ്രതിയുടെ പ്രായം, ശിക്ഷ, പുനരധിവാസം എന്നിവയെക്കുറിച്ചുള്ള വിവാദങ്ങൾ പിന്നീട് 2015-ലെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ മാറ്റങ്ങൾക്ക് രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലമായി. എന്നാൽ ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ജുവനൈൽ നിയമം കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കാൻ രൂപപ്പെടുത്തിയതല്ല. കുറ്റകൃത്യത്തിൽ അകപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞ് നീതിയുടെയും പുനരധിവാസത്തിന്റെയും വഴിയിലേക്ക് കൊണ്ടുവരാനാണ് അതിന്റെ അടിസ്ഥാനലക്ഷ്യം.
പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ചില ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന സാഹചര്യത്തിൽ നിയമം പ്രത്യേക പ്രാഥമിക വിലയിരുത്തലിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടിയുടെ മാനസികവും ശാരീരികവുമായ ശേഷി, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം നടന്ന സാഹചര്യങ്ങൾ എന്നിവ ജുവനൈൽ ജസ്റ്റിസ് ബോർഡ് പരിശോധിക്കണം. അതായത് പതിനാറു വയസ്സ് കഴിഞ്ഞാൽ എല്ലാ കേസുകളിലും കുട്ടിയെ മുതിർന്നവരെപ്പോലെ വിചാരണ ചെയ്യാമെന്നല്ല നിയമം പറയുന്നത്. ഈ വ്യത്യാസം മനസ്സിലാക്കാതെ ജുവനൈൽ നിയമം കുട്ടികളെ കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷിക്കുന്ന നിയമമാണെന്ന പൊതുധാരണ വളർത്തുന്നത് ശരിയല്ല.
എന്നാൽ ഈ നിയമത്തിന്റെ സംരക്ഷണത്തെ സംഘടിത കുറ്റവാളികൾ തങ്ങളുടെ തന്ത്രത്തിന്റെ ഭാഗമാക്കുന്നുണ്ടെങ്കിൽ അതിനെതിരെ ശക്തമായ ഇടപെടൽ വേണം. കുട്ടികളെ മോഷണത്തിനും ലഹരിക്കടത്തിനും അക്രമത്തിനും ഉപയോഗിക്കുന്ന മുതിർന്നവരെ കണ്ടെത്തണം. കുട്ടികളുടെ പേരിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കൃത്യമായി പ്രയോഗിക്കണം. ഒരു കുട്ടി കുറ്റകൃത്യത്തിൽ പിടിക്കപ്പെടുമ്പോൾ അവനെ മാത്രം പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കുന്ന രീതിക്ക് മാറ്റമുണ്ടാകണം. ആ കുട്ടിയെ അവിടെ എത്തിച്ച ശൃംഖലയുടെ വേരുകൾ കണ്ടെത്തണം.
ഇവിടെ മറ്റൊരു സങ്കീർണമായ വിഷയമുണ്ട്. ക്രിമിനൽ സംഘങ്ങൾക്ക് നിയമനടപടികളെക്കുറിച്ചും ജാമ്യവ്യവസ്ഥകളെക്കുറിച്ചും നിയമസഹായം തേടാനുള്ള അവകാശമുണ്ട്. എന്നാൽ നിയമപരമായ പ്രതിരോധാവകാശവും കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്യുന്നതും രണ്ടാണ്. അഭിഭാഷകന്റെ ജോലി പ്രതിക്ക് നിയമസഹായം നൽകുക എന്നതാണ്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കുറ്റകൃത്യം മറച്ചുവയ്ക്കാനോ സഹായിക്കുക എന്നതല്ല. തെളിവിന്റെ അടിസ്ഥാനത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്കെതിരെ നടപടിയുണ്ടാകണം. ഒരു തൊഴിൽവിഭാഗത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താതെ നിയമവൃത്തിയുടെ ഉത്തരവാദിത്തവും ധാർമികതയും ഉറപ്പാക്കണം.
എന്നാൽ ഇന്നത്തെ കൗമാര കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ നിയമത്തെക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു ലോകമുണ്ട്. അത് കുട്ടികൾ ജീവിക്കുന്ന സിനിമാ-ഡിജിറ്റൽ സംസ്കാരമാണ്.
ഒരു കാലത്ത് സിനിമയിലെ നായകൻ സമൂഹത്തിന്റെ ധാർമിക സങ്കൽപ്പങ്ങളുടെ പ്രതിനിധിയായിരുന്നു. എന്നാൽ ഇന്ന് ആന്റി ഹീറോകളും ഗ്യാങ്സ്റ്റർ കഥാപാത്രങ്ങളും ക്രൂരതയെ ജീവിതശൈലിയാക്കുന്ന കഥാപാത്രങ്ങളും ജനപ്രിയ സംസ്കാരത്തിന്റെ വലിയ ഭാഗമാണ്. നിയമത്തെ വെല്ലുവിളിക്കുന്നവൻ, പ്രതികാരത്തിനായി എന്തും ചെയ്യുന്നവൻ, സ്വന്തം നിയമം സൃഷ്ടിക്കുന്നവൻ, അക്രമത്തിലൂടെ അധികാരം നേടുന്നവൻ, ഭയമില്ലാതെ ജീവിക്കുന്നവൻ തുടങ്ങിയ കഥാപാത്രങ്ങൾ യുവജനപ്രിയ സംസ്കാരത്തിൽ വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നു.
ആന്റി ഹീറോ എന്നത് സ്വതവേ അപകടകരമായ കഥാപാത്രമല്ല. സാഹിത്യത്തിലും സിനിമയിലും സങ്കീർണമായ മനുഷ്യസ്വഭാവങ്ങളെ അവതരിപ്പിക്കുന്നതിന് ആന്റി ഹീറോകൾക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിന്റെ ക്രൂരതയും അധികാരവും മാത്രം ആരാധിക്കപ്പെടുകയും അതിന് പിന്നിലെ ഇരകളുടെ വേദനയും സാമൂഹിക പ്രത്യാഘാതങ്ങളും അപ്രത്യക്ഷമാവുകയും ചെയ്യുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. കുറ്റവാളിയുടെ വസ്ത്രധാരണവും സംസാരവും ശരീരഭാഷയും ജീവിതശൈലിയും അനുകരണീയമായ മാതൃകകളായി മാറുന്നു. ഒരു ഗ്യാങ്സ്റ്ററുടെ അധികാരം കുട്ടിക്ക് ആകർഷകമായി തോന്നുമ്പോൾ ആ അധികാരത്തിന്റെ പിന്നിലുള്ള ഭയവും ചൂഷണവും മരണവും അവന്റെ ചിന്തയിൽനിന്ന് പുറത്തുപോകാം.
സിനിമയും വെബ് സീരീസുകളും കുറ്റകൃത്യങ്ങൾ പഠിപ്പിക്കുന്നു എന്ന ലളിതമായ നിഗമനത്തിൽ എത്തേണ്ടതില്ല. അക്രമദൃശ്യങ്ങൾ കാണുന്ന എല്ലാവരും കുറ്റവാളികളാകുന്നില്ല. എന്നാൽ ആവർത്തിച്ച് അക്രമത്തെ വീരത്വമായും പ്രതികാരത്തെ നീതിയായും നിയമലംഘനത്തെ ധീരതയായും അവതരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കുട്ടികളുടെ ധാരണകളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പഠിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ച് വിമർശനബോധം പൂർണമായി വളർന്നിട്ടില്ലാത്ത കൗമാരപ്രായത്തിൽ ഇത്തരം കഥാപാത്രങ്ങളുമായുള്ള വൈകാരികമായ താദാത്മ്യം ശ്രദ്ധിക്കേണ്ടതാണ്.
ഇതോടൊപ്പം സോഷ്യൽ മീഡിയയിലെ റീലുകളും സിനിമാ സംഭാഷണങ്ങളുടെ പുനരാവിഷ്കാരങ്ങളും ഗ്യാങ്സ്റ്റർ സ്റ്റൈൽ വീഡിയോകളും അക്രമത്തെ അനുകരിക്കുന്ന ചെറിയ ദൃശ്യങ്ങളും കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ സ്വാധീനിക്കുന്നു. സിനിമയിലെ ഒരു ഡയലോഗ് കേൾക്കുന്നതിൽ അവസാനിക്കുന്നില്ല കാര്യം. അത് സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുക, അതേ രീതിയിൽ ഭീഷണിപ്പെടുത്തുക, അക്രമത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുക, കൂട്ടുകാരുടെ മുന്നിൽ ഭയപ്പെടുത്തുന്ന വ്യക്തിത്വം സൃഷ്ടിക്കുക എന്നിങ്ങനെ പല രൂപങ്ങൾ കൈക്കൊള്ളാം. ഒരു സിനിമാ കഥാപാത്രത്തിന്റെ സ്വഭാവം അനുകരിക്കുന്നതും യഥാർത്ഥ കുറ്റകൃത്യത്തിലേക്ക് കടക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണെങ്കിലും അവയ്ക്കിടയിലെ സാമൂഹികവും മാനസികവുമായ ബന്ധങ്ങളെ അവഗണിക്കാനാവില്ല.
ഇതിലും ഗൗരവമുള്ള മറ്റൊരു മാറ്റം കുട്ടികൾ ജീവിക്കുന്ന ഡിജിറ്റൽ ലോകത്തിന്റെ സ്വകാര്യതയാണ്. ഇന്ന് ഒരു കുട്ടിക്ക് വീട്ടിൽ മാതാപിതാക്കൾ കാണുന്ന ജീവിതവും മൊബൈൽ ഫോണിനുള്ളിൽ ജീവിക്കുന്ന ജീവിതവും രണ്ടായിരിക്കാം. കുടുംബത്തിന് അറിയാത്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, സ്വകാര്യ ചാറ്റുകൾ, ടെലിഗ്രാം ഗ്രൂപ്പുകൾ, ഡിസ്കോർഡ് സെർവറുകൾ, ഓൺലൈൻ ഗെയിമിങ് കൂട്ടായ്മകൾ, താൽക്കാലിക സന്ദേശങ്ങൾ കൈമാറുന്ന പ്ലാറ്റ്ഫോമുകൾ തുടങ്ങി നിരവധി ഡിജിറ്റൽ ഇടങ്ങൾ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ചില കുട്ടികൾക്ക് ഒന്നിലധികം അക്കൗണ്ടുകളുണ്ടാകാം. കുടുംബാംഗങ്ങൾക്ക് പരിചിതമായ പേരിൽ കാണുന്ന അക്കൗണ്ടിന് പുറമേ മറ്റൊരു പേരിൽ പ്രവർത്തിക്കുന്ന സ്വകാര്യ അക്കൗണ്ടും ഉണ്ടായേക്കാം.
ആരാണ് അവിടെ സുഹൃത്തുക്കൾ? ആരോടാണ് സംസാരിക്കുന്നത്? എന്താണ് പങ്കുവയ്ക്കുന്നത്? ആരാണ് സ്വാധീനിക്കുന്നത്? എന്തുതരത്തിലുള്ള ഗ്രൂപ്പുകളിലാണ് അംഗത്വം? ഈ ചോദ്യങ്ങൾ പലപ്പോഴും കുടുംബത്തിന് അറിയണമെന്നില്ല. കുട്ടിയുടെ മുറിയിൽ എന്താണ് നടക്കുന്നതെന്ന് മാതാപിതാക്കൾക്കറിയാം. സ്കൂളിൽ ആരോടാണ് സൗഹൃദമെന്ന് അറിയാം. എന്നാൽ അർധരാത്രിയിൽ ഫോണിന്റെ മറുവശത്ത് ആരാണ് സംസാരിക്കുന്നതെന്ന് അറിയണമെന്നില്ല. ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തി ചിലപ്പോൾ കുടുംബത്തിന് ഒരിക്കലും പരിചയമില്ലാത്ത ഒരു ഓൺലൈൻ സുഹൃത്തായിരിക്കാം.
ഇവിടെ ഒരു പുതിയ സാമൂഹിക യാഥാർഥ്യം രൂപപ്പെടുന്നു. കുട്ടികളുടെ സ്വകാര്യ ഡിജിറ്റൽ ഇടങ്ങൾ കുടുംബത്തിനും അധ്യാപകർക്കും സമൂഹത്തിനും പലപ്പോഴും അജ്ഞാതമായ സമാന്തര സാമൂഹിക ലോകങ്ങളായി മാറുന്നു. അവിടെ സൗഹൃദവും പ്രണയവും മത്സരവും അസൂയയും അംഗീകാരവും ഭീഷണിയും സാമ്പത്തിക ഇടപാടുകളും ഉണ്ടാകാം. കുട്ടികൾ അനുഭവിക്കുന്ന വൈകാരിക പ്രശ്നങ്ങളുടെ വലിയൊരു ഭാഗം ഈ ഡിജിറ്റൽ ബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ വീട്ടിൽ അവർ അതിനെക്കുറിച്ച് സംസാരിക്കണമെന്നില്ല.
ഈ സ്വകാര്യ ഇടങ്ങളിലേക്ക് മുതിർന്നവർക്കും സംഘടിത കുറ്റവാളികൾക്കും കടന്നുവരാൻ കഴിയുന്നതാണ് ഏറ്റവും അപകടകരമായ വശം. സൗഹൃദത്തിന്റെ പേരിൽ വിശ്വാസം നേടുക, സമ്മാനങ്ങളോ പണമോ വാഗ്ദാനം ചെയ്യുക, സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുക, പിന്നീട് അവ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്യുക, ചെറിയ ജോലികൾ ഏൽപ്പിക്കുക, ലഹരിയുമായി ബന്ധിപ്പിക്കുക, ക്രമേണ കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുക എന്നിങ്ങനെ പലതരത്തിലുള്ള ചൂഷണരീതികൾക്ക് ഡിജിറ്റൽ ബന്ധങ്ങൾ വഴിയൊരുക്കാം. ഇതിനെ ഓൺലൈൻ ഗ്രൂമിങ് അഥവാ ഡിജിറ്റൽ ചൂഷണത്തിലേക്കുള്ള തയ്യാറെടുപ്പ് എന്നു വിളിക്കാം.
കുട്ടികൾക്ക് പരിചിതമായ ഭാഷയും താൽപര്യങ്ങളും ഉപയോഗിച്ചാണ് ഇത്തരം ബന്ധങ്ങൾ ആരംഭിക്കുന്നത്. ഒരു ഗെയിമിൽ പരിചയപ്പെട്ടയാൾ സുഹൃത്താകുന്നു. പിന്നീട് സ്വകാര്യ സംഭാഷണങ്ങളിലേക്ക് ബന്ധം നീങ്ങുന്നു. ചിലപ്പോൾ പണം നൽകാമെന്നോ ജോലി നൽകാമെന്നോ വാഗ്ദാനം ചെയ്യുന്നു. മറ്റുചിലപ്പോൾ കുട്ടിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നു. ഭീഷണിയും വൈകാരിക സമ്മർദവും ഉപയോഗിച്ച് അവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. കുടുംബം അറിയുമ്പോഴേക്കും കുട്ടി അതിൽനിന്ന് പുറത്തുകടക്കാൻ കഴിയാത്ത അവസ്ഥയിലായിരിക്കാം.
ഇവിടെ കുട്ടിയുടെ മൊബൈൽ ഫോൺ ഒരു ഉപകരണം മാത്രമല്ല. അത് അവന്റെ സ്വകാര്യ സാമൂഹിക ലോകമാണ്. ആ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും മാതാപിതാക്കൾക്ക് അറിയണമെന്നില്ല. അതേസമയം അവിടെ കുട്ടികൾ ചൂഷണത്തിനിരയാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും കുടുംബത്തിനും സമൂഹത്തിനുമുണ്ട്. അതിനാൽ കുട്ടികളുടെ ഡിജിറ്റൽ സ്വകാര്യത ഇല്ലാതാക്കുക എന്നതല്ല പരിഹാരം. അവരുടെ വിശ്വാസം നഷ്ടപ്പെടുത്താതെ സുരക്ഷ ഉറപ്പാക്കുകയാണ് വേണ്ടത്. രഹസ്യമായി ഫോൺ പരിശോധിക്കുന്നതിനെക്കാൾ പ്രധാനമാണ് അപകടകരമായ അനുഭവങ്ങൾ ഉണ്ടായാൽ ശിക്ഷിക്കപ്പെടുമെന്ന ഭയമില്ലാതെ വീട്ടിൽ തുറന്നുപറയാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക.
ഇന്ന് കുട്ടികളുടെ ജീവിതത്തിൽ മറ്റൊരു ശക്തമായ സ്വാധീനം ലഹരിമാഫിയയുടേതാണ്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനം കേവലം ആരോഗ്യപ്രശ്നമല്ല. അത് കുടുംബബന്ധങ്ങളെയും സാമൂഹികബന്ധങ്ങളെയും സാമ്പത്തിക സുരക്ഷയെയും കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെയും ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ്. കൗമാരക്കാരെ ചെറിയ പ്രതിഫലം വാഗ്ദാനം ചെയ്ത് ലഹരിവസ്തുക്കൾ കൈമാറാൻ ഉപയോഗിക്കുക, കടം സൃഷ്ടിച്ച് നിയന്ത്രിക്കുക, ഭീഷണിപ്പെടുത്തുക, പിന്നീട് കൂടുതൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാക്കുക തുടങ്ങിയ സാധ്യതകൾ ഗൗരവമായി പരിശോധിക്കണം.
ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെടുന്ന കുട്ടികളെല്ലാം ഒരേ വിഭാഗത്തിൽപ്പെടുന്നവരല്ല. ചിലർ ഉപയോഗിക്കുന്നവരാണ്. ചിലർ വിതരണശൃംഖലയുടെ ഭാഗമായിരിക്കാം. ചിലർ മുതിർന്നവരുടെ സമ്മർദത്തിനും ചൂഷണത്തിനും വിധേയരായവരായിരിക്കാം. അതിനാൽ എല്ലാവരെയും ഒരേ രീതിയിൽ കുറ്റവാളികളായി മുദ്രകുത്തുന്നത് ശരിയല്ല. ലഹരിക്കടത്ത് ശൃംഖലകളിൽ കുട്ടികളെ ഉപയോഗിക്കുന്ന മുതിർന്നവരെ കണ്ടെത്തുകയും ലഹരിക്ക് അടിമപ്പെട്ട കുട്ടികൾക്ക് ചികിത്സയും കൗൺസിലിങ്ങും പുനരധിവാസവും ഉറപ്പാക്കുകയും വേണം.
കുട്ടികളുടെ മനസ്സിൽ സംഭവിക്കുന്ന മാറ്റങ്ങളും ഇവിടെ ശ്രദ്ധിക്കണം. കൗമാരപ്രായം സ്വത്വം രൂപപ്പെടുന്ന കാലമാണ്. അംഗീകാരം നേടാനുള്ള ആഗ്രഹം, കൂട്ടുകാരുടെ സ്വാധീനം, സ്വയം തെളിയിക്കാനുള്ള താൽപര്യം, സാഹസികതയോടുള്ള ആകർഷണം, നിരസിക്കപ്പെടുമെന്ന ഭയം എന്നിവ ഈ പ്രായത്തിന്റെ ഭാഗമാണ്. ഈ സ്വാഭാവിക മാനസികാവസ്ഥകളെ ക്രിമിനൽ സംഘങ്ങൾ ചൂഷണം ചെയ്യുമ്പോൾ കുട്ടികൾക്ക് കുറ്റകൃത്യത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമാകാം. ആദ്യം ചെറിയ സഹായം. പിന്നീട് പണം. തുടർന്ന് ഭീഷണി. ഒടുവിൽ പുറത്തുകടക്കാൻ കഴിയാത്ത ബന്ധം. ഇതൊരു സാധ്യതയുള്ള റിക്രൂട്ട്മെന്റ് മാതൃകയാണ്; കേരളത്തിലെ ഓരോ കേസിലും ഇതേ രീതി പ്രവർത്തിക്കുന്നു എന്ന് മുൻകൂട്ടി കരുതരുത്. എന്നാൽ അന്വേഷണസംവിധാനങ്ങൾ പരിശോധിക്കേണ്ട പ്രധാന മേഖലയാണിത്.
മാതാപിതാക്കൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്ന മറ്റൊരു തെറ്റായ ധാരണയാണ് ആൺകുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രത്യേകിച്ച് ഭയപ്പെടാനൊന്നുമില്ലെന്നും പെൺകുട്ടികളുള്ള കുടുംബങ്ങളാണ് കൂടുതൽ ജാഗ്രത പുലർത്തേണ്ടതെന്നും ഉള്ളത്. ഈ ധാരണ കാലഹരണപ്പെട്ടതാണ്. ലഹരിയുടെയും സൈബർ ചൂഷണത്തിന്റെയും അക്രമത്തിന്റെയും ക്രിമിനൽ റിക്രൂട്ട്മെന്റിന്റെയും ലോകത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ അപകടസാധ്യത നേരിടുന്നു. പെൺകുട്ടികൾ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതോ മദ്യപിക്കുന്നതോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. അതിനെ മാത്രം കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. അതേസമയം സ്വാതന്ത്ര്യത്തിന്റെ പേരിൽ ചൂഷണത്തെയും ലഹരിവ്യാപാരത്തെയും അക്രമത്തെയും ന്യായീകരിക്കാനും കഴിയില്ല. സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒരുമിച്ച് നിലനിൽക്കണം.
ഇവിടെ കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്. കുട്ടികൾക്ക് തെറ്റുപറ്റുമ്പോൾ ആദ്യം വീട്ടിൽ പറയാൻ കഴിയാത്ത സാഹചര്യം മാറണം. ശകാരിക്കുമെന്ന ഭയം, ഫോൺ പിടിച്ചെടുക്കുമെന്ന ആശങ്ക, സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിന്ത, കുടുംബത്തിന്റെ വിശ്വാസം നഷ്ടപ്പെടുമെന്ന കുറ്റബോധം എന്നിവ കുട്ടികളെ കൂടുതൽ രഹസ്യജീവിതത്തിലേക്ക് തള്ളിവിടുന്നു. ഒരു കുട്ടി ലഹരിയിൽ അകപ്പെട്ടാലും ഓൺലൈൻ ബ്ലാക്ക്മെയിലിങ്ങിന് ഇരയായാലും തെറ്റായ സൗഹൃദത്തിൽപ്പെട്ടാലും ആദ്യം സഹായം തേടാൻ കഴിയേണ്ടത് കുടുംബത്തിൽനിന്നാണ്. കുട്ടിക്ക് തെറ്റുപറ്റിയാലും വീട്ടിലേക്ക് തിരിച്ചുവരാമെന്ന വിശ്വാസം നൽകുകയാണ് യഥാർത്ഥ രക്ഷാകർതൃത്വം.
സ്കൂളുകളും കോളേജുകളും ഈ വിഷയത്തിൽ നിർണായകമായ പങ്കുവഹിക്കണം. കൗമാരക്കാരുടെ പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, പഠനത്തിൽനിന്നുള്ള പിന്മാറ്റം, അക്രമസ്വഭാവം, അസാധാരണമായ സാമ്പത്തിക ഇടപാടുകൾ, ഒറ്റപ്പെടൽ, ഭീഷണിപ്പെടുത്തൽ എന്നിവ തിരിച്ചറിയാൻ അധ്യാപകർക്ക് പരിശീലനം നൽകണം. എല്ലാ പെരുമാറ്റമാറ്റങ്ങളും കുറ്റകൃത്യത്തിന്റെ സൂചനയല്ല. എന്നാൽ ആവശ്യമായ സമയത്ത് കൗൺസിലിങ്ങും മാനസികാരോഗ്യ സഹായവും ലഭ്യമാക്കാൻ സ്ഥാപനങ്ങൾക്ക് കഴിയണം.
കേരളത്തിൽ ഇതിനകം പ്രവർത്തിക്കുന്ന കാവൽ പോലുള്ള പുനരധിവാസ പദ്ധതികളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിയമവുമായി സംഘർഷത്തിലായ കുട്ടികൾക്ക് കൗൺസിലിങ്, കുടുംബപിന്തുണ, വിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുവരവ്, തൊഴിൽപരിശീലനം, സാമൂഹിക പുനരധിവാസം എന്നിവ ഉറപ്പാക്കണം. കുട്ടിയെ ഒരു കേസ് നമ്പറായി മാത്രം കാണുന്ന സമീപനത്തിൽനിന്ന് മാറി അവന്റെ ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കുന്ന സമീപനമാണ് വേണ്ടത്. ഒരു കുട്ടി കുറ്റകൃത്യത്തിൽ അകപ്പെട്ടാൽ അവന്റെ ഭാവി അവിടെ അവസാനിക്കരുത്.
പോലീസ് സംവിധാനത്തിനും പുതിയ വെല്ലുവിളികളുണ്ട്. കുറ്റകൃത്യത്തിൽ പങ്കെടുത്ത കുട്ടിയെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കുന്ന രീതിക്ക് പകരം കുട്ടിയെ ഉപയോഗിച്ച മുതിർന്നവരെയും സാമ്പത്തിക ശൃംഖലകളെയും ഡിജിറ്റൽ ബന്ധങ്ങളെയും കണ്ടെത്തണം. സൈബർ ഫോറൻസിക് അന്വേഷണശേഷി വർധിപ്പിക്കണം. ഓൺലൈൻ ഗ്രൂമിങ്, ബ്ലാക്ക്മെയിലിങ്, ലഹരി റിക്രൂട്ട്മെന്റ്, സംഘടിത കുറ്റകൃത്യങ്ങളിലേക്കുള്ള കൗമാരക്കാരുടെ പ്രവേശനം എന്നിവയെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച അന്വേഷണസംഘങ്ങൾ വേണം.
ജുവനൈൽ നിയമം തിരുത്തണമെന്ന ആവശ്യം ഉയരുമ്പോൾ കുട്ടികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന പരിഹാരങ്ങളിലേക്ക് പോകാൻ പാടില്ല. കുറ്റകൃത്യത്തിന് ഉത്തരവാദിത്തം വേണം. അതോടൊപ്പം കുട്ടിയുടെ പ്രായം, മാനസികവളർച്ച, സാമൂഹിക പശ്ചാത്തലം, ചൂഷണത്തിനിരയായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം. നീതി എന്നത് പ്രതികാരം മാത്രമല്ല. കുറ്റകൃത്യം ആവർത്തിക്കാതിരിക്കാനുള്ള സാമൂഹിക ഇടപെടൽ കൂടിയാണ്.
ഇന്ന് കേരളം നേരിടുന്ന യഥാർത്ഥ വെല്ലുവിളി കുട്ടികളുടെ ലോകം രണ്ടായി പിളർന്നിരിക്കുന്നു എന്നതാണ്. ഒന്ന് കുടുംബത്തിനും അധ്യാപകർക്കും സമൂഹത്തിനും കാണാവുന്ന ജീവിതം. മറ്റൊന്ന് മൊബൈൽ ഫോണിനുള്ളിൽ മാത്രം ജീവിക്കുന്ന സ്വകാര്യ ഡിജിറ്റൽ ജീവിതം. ആദ്യത്തെ ലോകത്തിൽ കുട്ടി അനുസരണയുള്ള വിദ്യാർഥിയായിരിക്കാം. രണ്ടാമത്തെ ലോകത്തിൽ അവൻ ആരോടാണ് സംസാരിക്കുന്നത്, ആരെയാണ് ആരാധിക്കുന്നത്, ആരുടെ ഭീഷണിയിലാണ്, എന്തുതരത്തിലുള്ള സമ്മർദമാണ് നേരിടുന്നത് എന്നൊന്നും കുടുംബത്തിന് അറിയണമെന്നില്ല. ഈ രണ്ട് ലോകങ്ങൾക്കിടയിലെ അകലം വർധിക്കുമ്പോൾ കുട്ടികളുടെ യഥാർത്ഥ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള സമൂഹത്തിന്റെ കഴിവ് കുറയുന്നു.
ഇവിടെ ഒരു വലിയ നയപരമായ മാറ്റം ആവശ്യമാണ്. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് സ്കൂൾതലത്തിൽ നിർബന്ധിത പരിശീലനം വേണം. സിനിമയും വെബ് സീരീസുകളും കാണുന്നതിനെക്കുറിച്ച് നിരോധനാത്മകമായ സമീപനത്തിനു പകരം വിമർശനാത്മക മാധ്യമസാക്ഷരത വളർത്തണം. ആന്റി ഹീറോ കഥാപാത്രങ്ങളെ ആരാധിക്കുന്നതും യഥാർത്ഥ ജീവിതത്തിലെ അക്രമവും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കണം. ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ബോധവൽക്കരണം വേണം. കുടുംബങ്ങൾക്കായി ഡിജിറ്റൽ രക്ഷാകർതൃത്വ പരിശീലനം ഒരുക്കണം. കുട്ടികൾക്ക് പരാതിപ്പെടാനും സഹായം തേടാനും കഴിയുന്ന വിശ്വാസയോഗ്യമായ സംവിധാനങ്ങൾ ഉണ്ടാക്കണം.
പതിനേഴുകാരന്റെ കൈയിൽ ഒരു കൊലക്കത്തി എത്തുമ്പോൾ ആ കത്തി പിടിച്ച കൈയെ മാത്രം പരിശോധിച്ചാൽ മതിയാകില്ല. അത് അവിടെ എത്തിച്ച വഴിയും അന്വേഷിക്കണം. അവനെ അതിന് പ്രേരിപ്പിച്ചവരെയും പരിശീലിപ്പിച്ചവരെയും ഉപയോഗിച്ചവരെയും കണ്ടെത്തണം. അതോടൊപ്പം അവന്റെ ജീവിതത്തിൽ എവിടെയാണ് ഇടപെടൽ സാധ്യമായിരുന്നതെന്നും തിരിച്ചറിയണം. ഒരു കൗമാരക്കാരനെ കുറ്റവാളിയാക്കുന്നത് പലപ്പോഴും ഒരു ദിവസത്തെ സംഭവമല്ല. കുടുംബത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും പരാജയങ്ങൾ അടിഞ്ഞുകൂടിയുണ്ടാകുന്ന ദുരന്തമായിരിക്കാം അത്.
‘തെറി’യിലെ ഡയലോഗിന് തിയേറ്ററിൽ കയ്യടിക്കാം. സ്ക്രീനിലെ ഗ്യാങ്സ്റ്റർ കഥാപാത്രങ്ങളെ ആരാധിക്കാം. ആന്റി ഹീറോകളുടെ സംഭാഷണങ്ങൾ റീലുകളാക്കാം. പക്ഷേ യഥാർത്ഥ ജീവിതത്തിൽ പതിനേഴുകാരൻ ഒരാളെ കൊല്ലാൻ തയ്യാറാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ അത് ഒരു സിനിമയിലെ വീരകഥയല്ല; ഒരു സമൂഹത്തിന്റെ പരാജയമാണ്.
ഇന്ന് ചോദിക്കേണ്ടത് ജുവനൈൽ നിയമം മാറ്റിയെഴുതണോ എന്നുമാത്രമല്ല. കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ നൽകുമ്പോൾ അതിനൊപ്പം ഡിജിറ്റൽ സുരക്ഷയും വിമർശനബോധവും നൽകുന്നുണ്ടോ? സിനിമയിലെ അക്രമത്തെ വിനോദമായി കാണുമ്പോൾ യഥാർത്ഥ ജീവിതത്തിലെ അതിന്റെ പ്രത്യാഘാതങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ടോ? ലഹരിമാഫിയ കുട്ടികളെ സമീപിക്കുമ്പോൾ അവരെ സംരക്ഷിക്കാൻ നമ്മുടെ സംവിധാനങ്ങൾ സജ്ജമാണോ? കുടുംബത്തിന് പുറത്തുള്ള ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ നമുക്ക് കഴിയുന്നുണ്ടോ?
കുട്ടികളുടെ കൈയിൽ പുസ്തകവും സ്വപ്നവും ഉണ്ടാകേണ്ട പ്രായത്തിൽ കൊലക്കത്തിയും ലഹരിയും എത്തുന്നുണ്ടെങ്കിൽ പ്രതിസന്ധി കുട്ടികളിൽ മാത്രമല്ല. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ക്രിമിനൽ ശൃംഖലകളിലും, അക്രമത്തെ മഹത്വവൽക്കരിക്കുന്ന സംസ്കാരത്തിലും, കുടുംബത്തിന് അജ്ഞാതമായ ഡിജിറ്റൽ ലോകത്തിലും, കുട്ടികളെ സംരക്ഷിക്കേണ്ട സാമൂഹിക സംവിധാനങ്ങളുടെ പരാജയത്തിലുമാണ്.
ജുവനൈൽ നിയമം തിരുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടൊപ്പം അതിനേക്കാൾ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു ചോദ്യം കൂടി നാം ചോദിക്കണം: കുട്ടികൾ നമ്മുടെ കൺമുന്നിൽ വളരുമ്പോഴും അവരുടെ ജീവിതത്തിന്റെ ഏറ്റവും നിർണായകമായ ഭാഗങ്ങൾ നമ്മുടെ അറിവിന് പുറത്തേക്ക് പോകുന്നത് എന്തുകൊണ്ടാണ്? കുട്ടികളെ ശിക്ഷിക്കുന്നതിനുമുമ്പ് അവരെ കുറ്റവാളികളാക്കുന്ന ലോകത്തെ തിരിച്ചറിയുക. അതാണ് പുതിയ കാലത്തെ ബാലനീതിയുടെ യഥാർത്ഥ പരീക്ഷണം.
