November 23 Monday 2026

വൈറ്റ് ഹൗസിലെ നിറമാറ്റം, സാമ്രാജ്യത്വത്തിന്‍റെ നിറം മാറാത്ത തുടർച്ച

us midterm election

റിപ്പബ്ലിക്കൻ പാർട്ടിയെക്കാൾ എന്തുകൊണ്ടും കൂട്ടക്കുരുതിയിലും അധിനിവേശത്തിലും മനുഷ്യ വേട്ടയിലും മുന്നിൽ നിൽക്കുന്ന ചരിത്രമുള്ള ഡെമോക്രാറ്റുകൾ ‘ട്രംപിസത്തിനെതിരെ’ വിജയം കൈവരിച്ചത് അമേരിക്കയിലെ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്റെ സൂചനയായി കാണുന്ന ചരിത്രവിരുദ്ധമായ പ്രചരണം ടി.പി. ശ്രീനിവാസൻ ഉൾപ്പെടെയുള്ള വിദേശകാര്യ വിദഗ്ധർ നടത്തിവരുന്ന സാഹചര്യത്തിൽ, അമേരിക്കൻ സാമ്രാജ്യത്വ ചരിത്രത്തെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

അമേരിക്ക ജപ്പാനിൽ ആണവായുധം പ്രയോഗിക്കുമ്പോൾ അമേരിക്ക ഭരിച്ചിരുന്നത് ഡെമോക്രാറ്റിക് പാർട്ടിയായിരുന്നു. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും ആഗസ്റ്റ് 9-ന് നാഗസാക്കിയിലും അണുബോംബ് വർഷിക്കുന്ന സമയത്ത് ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഹാരി എസ്. ട്രൂമാൻ (Harry S. Truman) ആയിരുന്നു അമേരിക്കൻ പ്രസിഡണ്ട്. 1945 ഏപ്രിലിൽ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ (Franklin D. Roosevelt) മരണത്തെ തുടർന്നാണ് വൈസ് പ്രസിഡണ്ടായിരുന്ന ട്രൂമാൻ അധികാരമേറ്റത്. റൂസ്‌വെൽറ്റും ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്നു.

1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ (Little Boy) എന്ന അണുബോംബും, ആഗസ്റ്റ് 9-ന് നാഗസാക്കിയിൽ ‘ഫാറ്റ് മാൻ’ (Fat Man) എന്ന അണുബോംബും പ്രയോഗിക്കാൻ ഉത്തരവിട്ടത് ട്രൂമാനാണ്. അമേരിക്കൻ കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച വലിയ യുദ്ധങ്ങളുടെ (Declared Wars) കണക്കെടുത്താൽ ഡെമോക്രാറ്റുകളാണ് എക്കാലത്തും മുന്നിൽ നിന്നിട്ടുള്ളത്.

കൊറിയൻ യുദ്ധം വിയറ്റ്നാം യുദ്ധം മെക്സിക്കൻ യുദ്ധം തുടങ്ങിയ അധിനിവേശ കൂട്ടക്കൊലകൾ മുഴുവൻ നടത്തിയത് ഡെമോക്രാറ്റുകളാണ്. ബിൽ ക്ലിന്റന്റെ കാലത്തെ കൊസോവോ വ്യോമാക്രമണം, ബരാക് ഒബാമയുടെ കാലത്തെ ലിബിയ, സിറിയ ഇടപെടലുകൾ തുടങ്ങിയവയെല്ലാം ഡെമോക്രാറ്റുകളുടെ ലോകത്തോടുള്ള അതിഭീകരമായ നയങ്ങളുടെ ഉദാഹരണങ്ങളാണ്.

കൊറിയൻ യുദ്ധത്തിൽ 20 ലക്ഷം മുതൽ 30 ലക്ഷം വരെ മനുഷ്യർ കൊല്ലപ്പെട്ടു. 20 ലക്ഷത്തിലധികം വിയറ്റ്നാമീസ് സാധാരണക്കാരും ഏകദേശം 11 ലക്ഷം വിയറ്റ്നാമീസ് സൈനികരും കൊല്ലപ്പെട്ടു. ജപ്പാനിൽ 5 ലക്ഷത്തോളം മനുഷ്യർ വെന്തു മരിച്ചു വീണു. ലക്ഷങ്ങൾ രോഗികളായി.

2023 ഒക്ടോബർ 7-നുശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ കൂട്ടക്കുരുതിയുടെ നിർണായക കാലഘട്ടം അമേരിക്കയിൽ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലിരുന്നപ്പോഴാണ്. 2023 ഒക്ടോബർ മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 47,161 ആയിരുന്നു. ഈ മരണങ്ങളിൽ ഭൂരിഭാഗവും ബൈഡൻ ഭരണകാലത്താണ് സംഭവിച്ചത്. UN-OCHA യുടെ റിപ്പോർട്ടിൽ പറയുന്നത് 500-ലധികം വിമാന സർവീസുകളും 107 കപ്പൽ ചരക്കുനീക്കങ്ങളും വഴി 50,000 ടണ്ണിലധികം ആയുധങ്ങളും സൈനിക ഉപകരണങ്ങളും എത്തിച്ചത് ബൈഡനാണ് എന്നാണ്.

ഒബാമയുടെ കാലത്താണ് ഇസ്രായേലിന് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദീർഘകാല സൈനികസഹായ കരാർ പ്രഖ്യാപിച്ചത്. 2016-ൽ ഒപ്പുവെച്ച കരാർ പ്രകാരം 2019 മുതൽ 2028 വരെയുള്ള പത്തുവർഷത്തേക്ക് 38 ബില്യൺ ഡോളറിന്റെ സൈനികസഹായമാണ് വാഗ്ദാനം ചെയ്തത്. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രഖ്യാപിത നയമാണ് എന്ന് പോലും, ട്രംപിസത്തിന്റെ താൽക്കാലിക പരാജയത്തെ വിശകലനം ചെയ്യുന്നവർ മനസ്സിലാക്കുന്നില്ല.

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം ഇസ്രായേലിന്റെ പരാജയമായും അമേരിക്കൻ വിദേശനയത്തിലെ ചരിത്രപരമായ മാറ്റത്തിന്റെ തുടക്കമായും ചാനൽ ചർച്ചകളിലും മറ്റും ചില വിദേശകാര്യ വിദഗ്ധർ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇസ്രായേൽ നയത്തെ വിമർശിക്കുന്ന മുസ്‌ലിം, ഫലസ്തീൻ അനുകൂല സ്ഥാനാർഥികളുടെ വിജയത്തെ ഈ വിലയിരുത്തലിന് തെളിവായി ഉയർത്തിക്കാട്ടുന്നു.

എന്നാൽ, ഈ സംഭവവികാസങ്ങളെ കുറേക്കൂടി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ അനുകൂല നിലപാടുകൾക്ക് എതിരായ ജനാഭിപ്രായം തികച്ചും ഒറ്റപ്പെട്ടവ മാത്രമാണ്.

അബ്ദുൽ അൽ സഈദിന്‍റെ വിജയം വെറും 15,000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു. അതിനാൽ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ നേടിയ വിജയം അമേരിക്കൻ ജനതയുടെ പൊതുവായ ഇസ്രായേൽ വിരുദ്ധ നിലപാടിന്റെ തെളിവായി കാണാനാവില്ല. ആരോഗ്യ പരിരക്ഷ, ജീവിതച്ചെലവ്, കോർപ്പറേറ്റ് പണത്തിന്റെ രാഷ്ട്രീയ സ്വാധീനം, യുവജന പിന്തുണ എന്നിവയാണ് ദീർഘകാലമായ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന വിഷയങ്ങൾ.

അമേരിക്കയുടെ ഇസ്രായേൽ അനുകൂല നയം ട്രംപിന്റെയോ റിപ്പബ്ലിക്കൻ പാർട്ടിയുടെയോ മാത്രം സംഭാവനയല്ല. 2016-ൽ ഒബാമ ഭരണകൂടം ഇസ്രായേലുമായി ഒപ്പുവച്ച പത്തുവർഷത്തെ സൈനിക സഹായ ധാരണ പ്രകാരം 2019–2028 കാലയളവിൽ 38 ബില്യൺ ഡോളറിന്റെ സഹായമാണ് വാഗ്ദാനം ചെയ്തത്. 2025-ലെ Congressional Research Service റിപ്പോർട്ട് പ്രകാരം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇസ്രായേലിന് അമേരിക്ക നൽകിയ മൊത്തം സഹായം 174 ബില്യൺ ഡോളറിൽ എത്തിയിട്ടുണ്ട്. ബൈഡൻ ഭരണകൂടവും ഗസ്സ യുദ്ധകാലത്ത് ഇസ്രായേലിന് അധിക സൈനിക സഹായം അനുവദിച്ചു. അതായത് ഇസ്രായേലിനെ അകമഴിഞ്ഞ വൻ പിന്തുണ നൽകിയതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഡെമോക്രാറ്റിക് പാർട്ടിയാണ്. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് ഭരണകൂടങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിദേശനയത്തിന്റെ തുടർച്ച മാത്രമാണ് അമേരിക്കയിൽ ഇനിയും സംഭവിക്കുക.

ഡെമോക്രാറ്റുകളും ഇസ്രായേൽ അനുകൂല ലോബിയും

അമേരിക്കൻ രാഷ്ട്രീയത്തിലെ ഇസ്രായേൽ അനുകൂല ലോബിയുടെ സ്വാധീനം ഈ വിഷയത്തിൽ നിർണായകമാണ്. AIPAC (American Israel Public Affairs Committee) ഉം അതിന്റെ രാഷ്ട്രീയ സംവിധാനമായ United Democracy Project-ഉം, J Street പോലുള്ള ഇസ്രായേൽ അനുകൂല സംഘടനകളും ഡെമോക്രാറ്റിക് രാഷ്ട്രീയത്തിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കിടയിൽ ഒരുപോലെ പ്രവർത്തിക്കുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.

2024-ൽ AIPAC-ബന്ധപ്പെട്ട രാഷ്ട്രീയ സംവിധാനങ്ങൾ ഏകദേശം 87 മില്യൺ ഡോളർ സമാഹരിക്കുകയും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ വൻതോതിൽ പണം ചെലവഴിക്കുകയും ചെയ്തു. 2026-ലെ തെരഞ്ഞെടുപ്പ് ചക്രത്തിലും ഈ സാമ്പത്തിക സ്വാധീനം തുടർന്നു.

2026-ലെ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് ഏഴ് മുസ്‌ലിം പ്രതിനിധികൾ അമേരിക്കൻ കോൺഗ്രസിലെത്തി. എന്നാൽ ഇവരുടെ വിജയമെല്ലാം ഒരേ രാഷ്ട്രീയ കാരണമാണെന്ന് പറയാനാവില്ല.

ആദം ഹമാവി (ന്യൂജഴ്സി), റഷീദ ത്ലൈബ് (മിഷിഗൺ), ഇൽഹാൻ ഒമർ (മിനസോട്ട) തുടങ്ങിയ മുസ്ലിം സ്ഥാനാർഥികളുടെ വിജയം നിർണയിച്ചത് ട്രംപ് ഭരണകൂടത്തിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള വലിയ പ്രചരണം കൂടിയായിരുന്നു. ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ കടം, കുടിയേറ്റ നയം, വർധിച്ചുവരുന്ന ജീവിത ചെലവ് എന്നിവയും പ്രചാരണ വിഷയങ്ങളായിരുന്നു. അതേസമയം ഇസ്രായേലിലെ ഫലസ്തീൻ അധിനിവേശത്തെയും അവർ പ്രചരണ വിഷയമാക്കി എന്നത് വസ്തുതയാണ്.

ഇവരുടെ വിജയത്തിനു പിന്നിൽ മുസ്‌ലിം വോട്ടർമാരുടെ പിന്തുണ മാത്രമല്ല. അറബ്-അമേരിക്കൻ സമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടൽ, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, യുവജനങ്ങളുടെ പങ്കാളിത്തം, ഗസ്സയിലെ യുദ്ധത്തോടുള്ള പ്രതിഷേധം, അമേരിക്കൻ വിദേശനയത്തെ ചോദ്യം ചെയ്യുന്ന വിശാലമായ വോട്ടർ കൂട്ടായ്മ എന്നിവയും പ്രവർത്തിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. അതേസമയം ഈ വിജയം ഏതെങ്കിലും അർഥത്തിൽ ഇസ്ലാമോഫോബിയക്കോ, ഇസ്ലാമോറേസിസത്തിനൊ എതിരായ വിജയമായി രേഖപ്പെടുത്താൻ കഴിയുന്ന ഒരു സൂചനകളും പഠനങ്ങളും ഉണ്ടായിട്ടില്ല.

AIPAC-യുടെ തെരഞ്ഞെടുപ്പ് ഇടപെടലുകളുടെ രാഷ്ട്രീയ സ്വാധീനം പൂർവാധികം ശക്തമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. Al Jazeera-യുടെ നവംബർ 7-ലെ റിപ്പോർട്ട് പ്രകാരം AIPAC പിന്തുണച്ച 234 സ്ഥാനാർഥികൾ വിജയിച്ചു.

ഇത് രണ്ട് കാര്യങ്ങൾ ഒരേസമയം വ്യക്തമാക്കുന്നു. അമേരിക്കൻ രാഷ്ട്രീയത്തിലെ അതിന്റെ സംഘടനാപരവും സാമ്പത്തികവുമായ സ്വാധീനം ഇപ്പോഴും വളരെ വലുതാണ്. അതുകൊണ്ട് മുസ്‌ലിം, ഫലസ്തീൻ അനുകൂല സ്ഥാനാർഥികളുടെ വിജയങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രമേ വിശദീകരിക്കാനാവൂ. ഒരേ തൂവൽ പക്ഷികളായ റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും അതിൻ്റെ ഇസ്രായേൽ അനുകൂല സാമ്രാജ്യത്വ അടിത്തറ മാറ്റമില്ലാതെ സംരക്ഷിക്കുന്നുണ്ട് എന്നുമാണ് മനസ്സിലാക്കേണ്ടത്. എന്നുമാത്രമല്ല, ഈ ഒറ്റപ്പെട്ട വിജയങ്ങളെ ഇസ്രായേലുമായുള്ള അമേരിക്കയുടെ തന്ത്രപരമായ ബന്ധത്തിന്റെ തകർച്ചയായി വ്യാഖ്യാനിക്കുന്നത് തികച്ചും ചരിത്രവിരുദ്ധമായ വിശകലന രീതിയാണ്.

ചരിത്രപരമോ രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലോ അല്ലാത്ത ചില കേവല, വൈകാരിക ഇസ്രായേൽ വിരുദ്ധ നിലപാടുകൾ അവിടെ ഉണ്ടെങ്കിലും, അമേരിക്കയുടെ ഇസ്രായേൽ നയത്തെ നിർണ്ണയിക്കുന്നത് തെരഞ്ഞെടുപ്പിലെ വിജയികളുടെ മതപരമായ സ്വത്വമോ, തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പ്രസ്താവനകളോ അല്ല; മറിച്ച് സൈനിക-വ്യവസായ താൽപര്യങ്ങൾ, സാമ്പത്തിക അധികാര കേന്ദ്രങ്ങൾ, ഇസ്രായേൽ അനുകൂല ലോബികൾ, അമേരിക്കയുടെ പശ്ചിമേഷ്യൻ തന്ത്രപരമായ താൽപര്യങ്ങൾ എന്നിവയുടെ വിശാലമായ ഘടനയാണ്.

അതുകൊണ്ട് അമേരിക്കൻ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ ചോദിക്കേണ്ടത് ഡെമോക്രാറ്റുകൾ വിജയിച്ചോ, മുസ്‌ലിം സ്ഥാനാർഥികൾ വിജയിച്ചോ, ഇസ്രായേൽ വിമർശകർ വിജയിച്ചോ എന്നതുമാത്രമല്ല. ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തിൽ മാറ്റമുണ്ടായോ? ആയുധവിതരണത്തിന് നിയന്ത്രണം വന്നോ? ഇസ്രായേലിന്റെ അധിനിവേശ നയങ്ങൾക്ക് നൽകുന്ന നയതന്ത്ര സംരക്ഷണത്തിൽ മാറ്റമുണ്ടായോ? എന്നുള്ളതാണ്.

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ അനുകൂല സമവായത്തിന് വിള്ളലുകൾ വീഴുന്നു എന്ന് വ്യാഖ്യാനിക്കുന്ന വിദേശകാര്യ വിദഗ്ധർ, ആ വിള്ളലുകൾ അധികാരവ്യവസ്ഥയുടെ അടിസ്ഥാനപരമായ പരിവർത്തനമായി നോക്കിക്കാണുന്നത് സാമ്രാജ്യത്വത്തിന്റെ സാമൂഹ്യ – സാമ്പത്തിക- ചരിത്രപരമായ വികാസ പ്രക്രിയയെ മനസ്സിലാക്കാത്തതുകൊണ്ട് അതിവായന നടത്തുന്നതാണ്.

അമേരിക്കയിൽ ഭരണാധികാരികൾ മാറാം. ഇസ്രായേൽ നയത്തിനെതിരായ വിമർശനങ്ങൾ ശക്തിപ്പെടാം. പുതിയ രാഷ്ട്രീയശക്തികൾ ഉയർന്നുവരാം. പക്ഷേ, അമേരിക്കയുടെ സാമ്രാജ്യത്വ താൽപര്യങ്ങളും അതിന്റെ ഭാഗമായി നിലനിൽക്കുന്ന ഇസ്രായേലുമായുള്ള തന്ത്രപരമായ ബന്ധവും ചോദ്യം ചെയ്യപ്പെടുകയോ പ്രായോഗികമായി പുനഃക്രമീകരിക്കപ്പെടുകയോ ചെയ്യുന്ന യാതൊരു സൂചനയും ഇന്നുവരെ ഉണ്ടായിട്ടില്ല.

കോർപ്പറേറ്റ് മൂലധനത്തിന്റെ സ്വാധീനം, സൈനിക-വ്യവസായ സമുച്ചയത്തിന്റെ താൽപര്യങ്ങൾ, ആഗോള സാമ്പത്തിക മേധാവിത്വം, ഡോളറിന്റെ അന്താരാഷ്ട്ര സ്ഥാനം, വിദേശനയത്തിലെ തന്ത്രപരമായ താൽപര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ഒരു തെരഞ്ഞെടുപ്പിന്റെ ഫലത്താൽ മാത്രം അപ്രത്യക്ഷമാകുന്നില്ല എന്ന യുഎസ് സാമ്രാജ്യത്വ ചരിത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ട യാഥാർത്ഥ്യങ്ങളാണ്.

Related