തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ജാതീയ വിവേചനവും വിദ്യാർഥികളോടുള്ള മോശം സമീപനവും ചൂണ്ടിക്കാട്ടി സമരം നടത്തിയ തന്നെ സർവകലാശാലയിൽനിന്ന് പുറത്താക്കാനും ഫെല്ലോഷിപ്പ് തടയാനും നീക്കം നടക്കുന്നതായി ദലിത് ഗവേഷക അനഘ ശശി. ഗവേഷണത്തിന് മാർഗദർശിയെ മാറ്റിയതിനു പിന്നാലെ സർവകലാശാല ഹോസ്റ്റലിൽനിന്ന് ഒഴിയാൻ നിർദേശം ലഭിച്ചതായി അനഘ വ്യകത്മാക്കി. താൻ അറിയാതെയും സമ്മതമില്ലാതെയും ഗവേഷണത്തിന്റെ മാർഗദർശിയെ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകനിലേക്ക് മാറ്റിയെന്നും ഇതോടെ രണ്ട് വർഷത്തെ ഗവേഷണവും കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ഫെല്ലോഷിപ്പും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നും അനഘ പറയുന്നു.
നേരത്തെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ജാതീയ വിവേചനവും വിദ്യാർഥികളോടുള്ള വിവേചനപരമായ സമീപനവും ആരോപിച്ച് അനഘയുടെ നേതൃത്വത്തിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു. സമരത്തിന്റെ ഭാഗമായി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സമരസമിതി അംഗങ്ങളും ഇടപെട്ടിരുന്നു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണവും നടന്നുവരികയായിരുന്നു. ഇതിനിടെ അന്വേഷണത്തിലെ സാക്ഷിയെ വധിക്കാൻ ശ്രമം നടന്നതായും അനഘ ആരോപിക്കുന്നുണ്ട്.
സമരത്തെത്തുടർന്ന് സർവകലാശാല അധികൃതരുമായി നടത്തിയ ചർച്ചയിൽ ഗവേഷണത്തിന് സഹമാർഗദർശിയെ അനുവദിക്കാമെന്നായിരുന്നു ഉറപ്പ്. സ്വന്തം ഡിപ്പാർട്ട്മെന്റിലെ അധ്യാപകർക്ക് തന്നെ മാർഗനിർദേശം നൽകാൻ താൽപര്യമില്ലെന്ന സർവകലാശാലയുടെ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചിരുന്നു. നിയമപരമായി പ്രവേശനം നേടിയ വിദ്യാർഥിക്ക് ഗവേഷണം തുടരാനുള്ള അവസരം നിഷേധിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ മാൻഡമസ് റിട്ട് ഹർജി നൽകുമെന്ന നിലപാടും സമരസമിതി സ്വീകരിച്ചു. ഇതോടെയാണ് സർവകലാശാലയിലെ മറ്റൊരു ഡിപ്പാർട്ട്മെന്റിൽനിന്ന് മാർഗദർശിയെയും മറ്റൊരു സർവകലാശാലയിൽനിന്ന് സഹമാർഗദർശിയെയും അനുവദിക്കാമെന്ന് അധികൃതർ അറിയിച്ചതെന്നാണ് അനഘയുടെ വിശദീകരണം.
എന്നാൽ, മലയാള സർവകലാശാലയിലെ ഏക സയൻസ് വിഭാഗമായ പരിസ്ഥിതി പഠന വകുപ്പിൽ ഗവേഷണം നടത്തുന്ന തനിക്ക് ചലച്ചിത്ര പഠന വിഭാഗത്തിൽനിന്നോ സോഷ്യോളജി വിഭാഗത്തിൽനിന്നോ മാർഗദർശിയെ ലഭിച്ചാൽ അക്കാദമികമായി പ്രയോജനപ്പെടില്ലെന്നും അനഘ ചൂണ്ടിക്കാട്ടുന്നു. ഒപ്പിടാനുള്ള ഔദ്യോഗിക ചുമതല മാത്രമായിരിക്കും മാർഗദർശിക്കെന്നും ഗവേഷണവുമായി ബന്ധപ്പെട്ട പ്രധാന ഉത്തരവാദിത്തങ്ങൾ സഹമാർഗദർശി നിർവഹിക്കുമെന്നുമായിരുന്നു അന്നത്തെ ഉറപ്പെന്നും അവർ പറയുന്നു.
എന്നാൽ, ഏതാനും ദിവസങ്ങൾക്കുമുമ്പ് ലഭിച്ച ഇ-മെയിലിൽ കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം അധ്യാപകനായ ഹരിലാലിനെ പൂർണ മാർഗദർശിയായി മാറ്റിയെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഉറപ്പുനൽകിയിരുന്നത് സഹമാർഗദർശിയെക്കുറിച്ചായിരുന്നുവെന്നും ഇപ്പോൾ പൂർണ മാർഗദർശിയെ മാറ്റിയതോടെ കാര്യങ്ങൾ ആകെ മാറിയെന്നും അനഘ പറയുന്നു.
വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് മലയാള സർവകലാശാലയിലെ പ്രവേശനം റദ്ദാക്കി അവിടെനിന്ന് ടിസി വാങ്ങി കാലിക്കറ്റ് സർവകലാശാലയിൽ പുതിയതായി പ്രവേശനം നേടേണ്ടിവരുമെന്ന വിവരം ലഭിച്ചതെന്നാണ് അനഘയുടെ വെളിപ്പെടുത്തൽ. അങ്ങനെ സംഭവിച്ചാൽ നിലവിൽ പൂർത്തിയാക്കിയ രണ്ട് വർഷത്തെ ഗവേഷണവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽനിന്ന് ലഭിക്കുന്ന ഫെല്ലോഷിപ്പും നഷ്ടപ്പെടുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു. ഫെല്ലോഷിപ്പ് തുക തിരിച്ചടക്കേണ്ട സാഹചര്യം പോലും ഉണ്ടായേക്കാമെന്നും അനഘ പറയുന്നു.
ഇതിനിടെയാണ് മറ്റൊരു ഇ-മെയിൽ കൂടി ലഭിച്ചത്. ഒരാഴ്ചയ്ക്കകം സർവകലാശാല ഹോസ്റ്റലിൽനിന്ന് ഒഴിയണമെന്നാണ് അതിൽ നിർദേശിച്ചിരിക്കുന്നതെന്നും അനഘ ആരോപിക്കുന്നു. എന്നാൽ, താൻ ടിസി വാങ്ങിയിട്ടില്ലെന്നും സർവകലാശാലയിൽനിന്ന് മാറാൻ സമ്മതം നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കാലിക്കറ്റ് സർവകലാശാലയിലേക്ക് മാറിയതായി അറിയിക്കുകയോ അതിന് സമ്മതം നൽകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ, സർവകലാശാലയിലെ വിദ്യാർഥിയല്ലെന്ന നിലയിൽ ഹോസ്റ്റലിൽനിന്ന് ഒഴിയാൻ ആവശ്യപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് അനഘയുടെ ചോദ്യം.
അതേസമയം, സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിലെ യോഗ്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ വീഡിയോ പുറത്തുവിട്ടിരുന്നതായും അനഘ പറയുന്നു. ഹോസ്റ്റൽ വാർഡന്റെ യോഗ്യതയുമായി ബന്ധപ്പെട്ട് സർവകലാശാല തന്നെ നൽകിയ രേഖകളിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളാണ് താൻ ഉന്നയിച്ചതെന്നും അവർ അവകാശപ്പെടുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയോ നെറ്റ് യോഗ്യതയോ ഇല്ലാത്ത ഒരാൾക്ക് ഫിലിം സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപന ചുമതല നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അനഘയുടെ വിമർശനത്തിലുള്ളത്. ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതിലുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ നടപടികളെ കാണുന്നതെന്നും അവർ ആരോപിക്കുന്നു.
സമരത്തിൽ എസ്.എഫ്.ഐ ഒഴികെയുള്ള വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്തിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു. സമരത്തിനുശേഷം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ഇതുവരെ പരസ്യപ്രതികരണത്തിന് മുതിർന്നിരുന്നില്ലെന്നും എന്നാൽ ഗവേഷണവും ഫെല്ലോഷിപ്പും ഹോസ്റ്റൽ താമസവും ഒരേസമയം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഇനിയും മൗനം പാലിക്കാനാകില്ലെന്നുമാണ് അനഘയുടെ നിലപാട്.
