തിരുനാവായ – ഗുരുവായൂർ റെയിൽവേ ലൈൻ പതിറ്റാണ്ടുകളായി ചർച്ചയിലുള്ള പാതയാണ്. വാജ്പേയി സർക്കാരിന്റെ കാലത്ത് ഇത് താനൂർ – ഗുരുവായൂർ ലൈൻ എന്ന നിലയിലേക്ക് മാറിയിരുന്നു. താനൂരിൽ പദ്ധതിയുടെ പ്രോജക്ട് ഓഫീസ് തുറന്നിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ അലൈൻമെന്റ് പ്രഖ്യാപിച്ചപ്പോൾ തന്നെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും പിന്നീട് പദ്ധതി മരവിപ്പിക്കുകയുമാണുണ്ടായത്. അന്നത്തെ സാഹചര്യത്തേക്കാൾ എത്രയോ സങ്കീർണ്ണമാണ് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഇന്നത്തെ അവസ്ഥ.
താനൂർ – ഗുരുവായൂർ പാതയുടെ ആദ്യ അലൈൻമെന്റിൽ താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് (ദയാപുരം) ഉൾപ്പെട്ടിരുന്നു. അന്ന് പാത പ്രഖ്യാപിച്ചപ്പോൾ ആ പ്രദേശത്ത് ആകെ 20 വീടുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഇന്ന് അവിടെ 110-ലധികം വീടുകളുണ്ട്. കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും അവസ്ഥ ഇതുതന്നെയാണ്. ആയിരക്കണക്കിന് വീടുകൾ കുടിയൊഴിപ്പിക്കപ്പെടേണ്ടി വരുമെന്നതിൽ യാതൊരു സംശയവുമില്ല. ജനസാന്ദ്രതയേറിയ ഈ മേഖലയിൽ 35 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കുക എന്നത് വലിയ ദുർഘടമായ കാര്യമാണ്.
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുക്കുമ്പോൾ, എലവേറ്റഡ് പാതയല്ലാതെ ഭൂമിയെ പിളർത്തിക്കൊണ്ടുള്ള ഒരു റെയിൽവേ ലൈൻ തീരെ പ്രായോഗികമല്ല. ഇതിന്റെ സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതങ്ങൾ വളരെ വലുതാണ്.
കോഴിക്കോട് – തിരുവനന്തപുരം റൂട്ടിൽ 65 കിലോമീറ്റർ കുറയുമെന്ന വാദം ശരിയല്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ (ഡി.പി വേൾഡ്) നിന്നും ഉത്തരേന്ത്യയിലേക്ക് ചരക്ക് നീക്കം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി മുൻപ് വിഭാവനം ചെയ്തിരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ വല്ലാർപാടത്തിന് മുൻപത്തെ പ്രാധാന്യം കുറഞ്ഞ സാഹചര്യത്തിൽ, ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം ലാഭകരമാകുമെന്ന് പുനഃപരിശോധിക്കേണ്ടതുണ്ട്.
അതിജനസാന്ദ്രതയേറിയ തീരദേശ – ഇടനാട് മേഖലയിൽ മറ്റൊരു റെയിൽവേ പാത കൂടി നിർമിക്കുന്നത് ശാസ്ത്രീയമല്ല. തീരത്തിനും നിലവിലെ ദേശീയപാതയ്ക്കുമിടയിലുള്ള ദൂരം പരമാവധി 15 കിലോമീറ്റർ വരെയാണ്. കാസർകോട് മുതൽ കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ഇത് 10 കിലോമീറ്ററിൽ താഴെയാണ്. മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളിൽ മാത്രമാണ് 15 കിലോമീറ്റർ ദൂരമുള്ളത്; പൊന്നാനി ഭാഗത്തേക്ക് എത്തുമ്പോൾ ഇത് വീണ്ടും 7 കിലോമീറ്ററിൽ താഴെയായി ചുരുങ്ങുന്നു. തുടർന്ന് തിരുവനന്തപുരം വരെയും സമാനമായ ദൂരത്തിലാണ് ദേശീയപാത കടന്നുപോകുന്നത്. ഇടനാടും തീരപ്രദേശവും ചേരുന്ന ഈ ഇടുങ്ങിയ ഭൂപ്രദേശത്ത് റെയിൽവേ ലൈൻ, ദേശീയപാത, തീരദേശ ഹൈവേ തുടങ്ങിയ വൻകിട പദ്ധതികൾ നിലവിലുണ്ട്. അതിനിടയിലേക്കാണ് ഈ പുതിയ പാത കൂടി നിർദ്ദേശിക്കപ്പെടുന്നത്. ചതുരശ്ര കിലോമീറ്ററിൽ ശരാശരി 2,000 മുതൽ 2,500 വരെയാണ് ഇവിടുത്തെ ജനസാന്ദ്രത. ഇതിനൊപ്പം ബഫർ സോണുകളും മറ്റ് നിയന്ത്രണങ്ങളും ഏറെയാണ്.
അതുകൊണ്ടുതന്നെ “വികസന പദ്ധതിയല്ലേ, വരട്ടെ” എന്ന ലാഘവത്തോടെ സമീപിക്കേണ്ട വിഷയമല്ല ഇത്. റോഡ് വികസനം പോലെയല്ല റെയിൽവേ വികസനം. റെയിൽവേ ലൈനിന് ഇരുവശത്തുമുള്ള ഭൂമിയുടെ വിപണിമൂല്യം കുത്തനെ കുറയും. ജനസാന്ദ്രതയേറിയ മേഖലയായതിനാൽ ഇരുവശത്തേക്കുമുള്ള കാൽനടയാത്ര പോലും തടസ്സപ്പെടും. അപകടങ്ങൾ വർദ്ധിക്കുമ്പോൾ സുരക്ഷാമതിലുകൾ ഉയരാനും സാധ്യതയുണ്ട്. തിരക്ക് കുറഞ്ഞ റോഡുകളിൽ റെയിൽവേ മേൽപ്പാലങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്. ചുരുക്കത്തിൽ, നിർദ്ദേശിക്കപ്പെട്ട റൂട്ടിലെ ജനങ്ങളുടെ യാത്രാക്ലേശവും ഭൂമിയുടെ വിപണിമൂല്യവുമായും ഉപയോഗക്ഷമതയുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പദ്ധതി വരുന്നതോടെ കൂടാനാണ് സാധ്യത. റെയിൽവേ ലൈനിനോട് തൊട്ടടുത്തുള്ള 30 മീറ്റർ പരിധിയിലെ സ്വകാര്യ ഭൂമിയിൽ വീടുകൾ അടക്കമുള്ള ഏത് തരം നിർമ്മാണങ്ങൾക്കും റെയിൽവേയുടെ അനുമതി ആവശ്യമാണ്. അതിനാൽ തന്നെ പൊതുവേ വിപണിമൂല്യം വളരെ കുറഞ്ഞതാണ് റെയിൽവേയുടെ സമീപമുള്ള ഭൂമികൾ. എന്നാൽ, അതിനനുസരിച്ചുള്ള വലിയൊരു നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്ന് പറയാനാകില്ല.
തിരുനാവായ – ഗുരുവായൂർ നിർദിഷ്ട റെയിൽവേ പാതയിലെ നിർദിഷ്ട സ്റ്റേഷനുകളിൽ നിന്നും നിലവിലെ റെയിൽവേ ലൈനുകളിലേക്ക് 1 മുതൽ 15 കിലോമീറ്റർ വരെയേ ദൂരമുള്ളൂ—പരമാവധി അരമണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന ദൂരം മാത്രമാണ് നിലവിലുള്ളത്. വലിയ സാമ്പത്തിക ചെലവും പാരിസ്ഥിതിക ആഘാതങ്ങളും വരുത്തിവെക്കുന്ന, ഒട്ടേറെ പേരുടെ വീടും ഭൂമിയും നഷ്ടപ്പെടുത്തുന്ന ഈ പദ്ധതി വേണ്ടെന്ന് പറയാൻ രാഷ്ട്രീയ നേതൃത്വം ആർജ്ജവം കാണിക്കണം
കേരളത്തിന്റെ സാഹചര്യത്തിൽ ഒരു എലവേറ്റഡ് തീരദേശ റെയിൽവേ പാതക്കാണ് കൂടുതൽ സാധ്യത ഉള്ളത്. ടൂറിസം വികസനത്തിന്റെ അസാധ്യ സാധ്യതകൾ കൂടി പരിഗണിച്ച് ടൂറിസ്റ്റുകൾക്കും യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും സർവീസ് സെക്ടർ ബിസിനസ് പദ്ധതികൾക്കും അനുയോജ്യമായ ഒരു ഹൈ സ്പീഡ് റെയിൽ പാത കാസർകോട് മുതൽ തിരുവനന്തപുരം വരെ അനുയോജ്യമാണ്. നിലവിലെ തീരദേശ ഹൈവേയുടെ ഭൂമി ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ ഈ പദ്ധതി ഡിസൈൻ ചെയ്താൽ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വലിയ കടമ്പ പൂർത്തിയാക്കാനും സാധ്യമാണ്. കേരള സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി വ്യവസായ ആവശ്യങ്ങളും ടൂറിസം ആവശ്യങ്ങളും വർദ്ധിപ്പിക്കുന്ന വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്തത്. ഈ പദ്ധതിയുടെ ഭാഗമായോ സ്വതന്ത്ര പദ്ധതിയായോ ഇത്തരത്തിൽ ഒരു പാത പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ ആസൂത്രണം ചെയ്താൽ വികസനരംഗത്ത് വലിയ മുതൽക്കൂട്ടാവും.
