കാലാവസ്ഥാ ദുരന്തങ്ങൾ പ്രകൃതിയുടെ മാത്രം പ്രതികാരമല്ല. അതിന്റെ ആഘാതങ്ങൾ ആരുടെ മേൽ പതിക്കുന്നു, അതിൽനിന്ന് കരകയറാൻ ആർക്കാണ് പണം ലഭിക്കുന്നത്, ആ പണത്തിന് എത്ര വില നൽകേണ്ടിവരുന്നു എന്നതെല്ലാം നിർണയിക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥ കൂടിയാണ്. ഒരു ചുഴലിക്കാറ്റ് ഒരു രാജ്യത്തിന്റെ വീടുകളും റോഡുകളും തുറമുഖങ്ങളും കൃഷിയിടങ്ങളും തകർക്കുന്നു. എന്നാൽ അതിന്റെ ആഘാതം അവിടെ അവസാനിക്കുന്നില്ല. തകർന്ന സമ്പദ്വ്യവസ്ഥയെ പുനർനിർമിക്കാൻ ആ രാജ്യം അന്താരാഷ്ട്ര വിപണിയിൽ വായ്പ തേടുമ്പോൾ മറ്റൊരു ദുരന്തം കൂടി കാത്തിരിക്കുന്നു. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് താഴുന്നു. വായ്പയുടെ പലിശ ഉയരുന്നു. നിക്ഷേപകർ കൂടുതൽ അപകടസാധ്യത കണക്കാക്കുന്നു. പ്രകൃതിദുരന്തത്തിൽ തകർന്ന രാജ്യത്തിന് സാമ്പത്തിക വിപണിയും കൂടുതൽ ചെലവേറിയ ശിക്ഷ വിധിക്കുന്നു. അങ്ങനെ ഒരു രാജ്യം ചുഴലിക്കാറ്റിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കടത്തിന്റെ മറ്റൊരു ചുഴിയിൽ അകപ്പെടുന്നു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെയും സ്റ്റാൻഫോർഡ് സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പുതിയ പഠനം ഈ ക്രൂരമായ സാമ്പത്തിക യാഥാർഥ്യത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ തുറന്നുകാട്ടുന്നു. 2026 നവംബറിൽ Proceedings of the National Academy of Sciences (PNAS) പ്രസിദ്ധീകരിച്ച പഠനം 1980 മുതൽ 2019 വരെയുള്ള കാലയളവിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ ബാധിച്ച രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നു. ചുഴലിക്കാറ്റുകൾ നേരിട്ട രാജ്യങ്ങളുടെ പൊതുകടബാധ്യതയുടെ ശരാശരി 20 ശതമാനത്തോളം ഇത്തരം ദുരന്തങ്ങളുടെ ദീർഘകാല സാമ്പത്തിക ആഘാതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ചുഴലിക്കാറ്റുകളും മനുഷ്യനിർമിത ആഗോളതാപനവും ചേർന്ന് ഈ രാജ്യങ്ങളുടെ ജിഡിപി നിലവാരത്തിൽ ശരാശരി 12 ശതമാനം കുറവുണ്ടാക്കിയതായും പഠനം കണക്കാക്കുന്നു. ഈ കണക്കുകൾ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല. ഒരു ദുരന്തത്തിനുശേഷം ഒരു രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചുനോക്കുക. തകർന്ന വീടുകൾ പുനർനിർമിക്കണം. വൈദ്യുതി ശൃംഖല പുനഃസ്ഥാപിക്കണം. ആശുപത്രികളും സ്കൂളുകളും തുറമുഖങ്ങളും റോഡുകളും വീണ്ടും പ്രവർത്തനക്ഷമമാക്കണം. കൃഷി നഷ്ടപ്പെട്ടവർക്ക് സഹായം നൽകണം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനമാർഗം കണ്ടെത്തണം. ഇതിനൊക്കെയും സർക്കാർ പണം ചെലവഴിക്കേണ്ടിവരും. എന്നാൽ ദുരന്തം സമ്പദ്വ്യവസ്ഥയെ തളർത്തിയതോടെ നികുതി വരുമാനം കുറയുന്നു. വിദേശനാണ്യ വരുമാനം ഇടിയുന്നു. പൊതുചെലവ് ഉയരുന്നു. പുതിയ വായ്പകളെ ആശ്രയിക്കേണ്ടിവരുന്നു. അതിനിടയിലാണ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ രാജ്യത്തിന്റെ സാമ്പത്തിക അപകടസാധ്യത പുനഃപരിശോധിക്കുന്നത്. ദുരന്തത്തിൽനിന്ന് കരകയറാൻ കൂടുതൽ പണം ആവശ്യമുള്ള അതേ സമയത്ത് ആ രാജ്യത്തിന് വായ്പ ലഭിക്കുന്നത് കൂടുതൽ ചെലവേറിയതാകുന്നു.
ഇവിടെയാണ് ആഗോള ധനകാര്യ സംവിധാനത്തിന്റെ അടിസ്ഥാനപരമായ വൈരുധ്യം വെളിപ്പെടുന്നത്. കാലാവസ്ഥാ പ്രതിരോധത്തിനായി നിക്ഷേപം നടത്തണമെന്ന് ലോകം ആവശ്യപ്പെടുന്നു. എന്നാൽ അതിനുള്ള മൂലധനം ലഭ്യമാക്കുന്ന വിപണി, കാലാവസ്ഥാ ആഘാതം നേരിടുന്ന രാജ്യങ്ങളെ കൂടുതൽ അപകടസാധ്യതയുള്ളവരായി വിലയിരുത്തുന്നു. ഒരു രാജ്യം കാലാവസ്ഥാ ദുരന്തത്തിന് ഇരയാകുന്നത് അതിന്റെ സാമ്പത്തിക വിശ്വാസ്യതയെ ബാധിക്കുന്നു. അതിന്റെ ഫലമായി വായ്പയുടെ വില ഉയരുന്നു. പ്രതിരോധത്തിനുള്ള നിക്ഷേപം വൈകുന്നു. അടുത്ത ദുരന്തം വരുമ്പോൾ നഷ്ടം വീണ്ടും വർധിക്കുന്നു. ദുരന്തം, കടബാധ്യത, ക്രെഡിറ്റ് റേറ്റിങ്ങിലെ ഇടിവ്, ഉയർന്ന പലിശ, പ്രതിരോധ നിക്ഷേപങ്ങളുടെ കുറവ്, വീണ്ടും ദുരന്തം എന്നിങ്ങനെ തുടരുന്ന ഈ ചാക്രികമായ സാമ്പത്തിക കെണിയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഒരു രാജ്യത്തിന്റെ ഭൗതിക ഭൂമിശാസ്ത്രത്തെ മാത്രമല്ല, അതിന്റെ സാമ്പത്തിക ഭാവിയെയും പുനർനിർണയിക്കുന്നു.
ഈ പ്രതിസന്ധിയുടെ ഏറ്റവും ദയനീയമായ ഉദാഹരണങ്ങൾ കരീബിയൻ കടലിലെ ചെറുദ്വീപ് രാഷ്ട്രങ്ങളാണ്. ജമൈക്ക, ബാർബഡോസ്, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങൾക്ക് ഒരു വലിയ ചുഴലിക്കാറ്റ് എന്നത് ഏതെങ്കിലും ഒരു തീരപ്രദേശത്തെ ബാധിക്കുന്ന ദുരന്തം മാത്രമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വലിയൊരു ഭാഗം തന്നെ ഒരൊറ്റ കാലാവസ്ഥാ സംഭവത്തിന്റെ ആഘാതത്തിന് വിധേയമാകാം. ജനവാസകേന്ദ്രങ്ങൾ, വിനോദസഞ്ചാരമേഖല, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി ശൃംഖല, കുടിവെള്ള സംവിധാനം എന്നിവയെല്ലാം തീരപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കടൽനിരപ്പ് ഉയരുന്നതും തീരശോഷണവും ഈ അപകടസാധ്യത വർധിപ്പിക്കുന്നു. ചെറുദ്വീപ് രാഷ്ട്രങ്ങളെക്കുറിച്ചുള്ള പഠനത്തിലെ കണക്കുകൾ അതീവ ഗൗരവമുള്ളതാണ്. 1980 മുതൽ 2019 വരെയുള്ള കാലയളവിൽ അവയുടെ പൊതുകടബാധ്യതയുടെ ശരാശരി 32 ശതമാനം ചുഴലിക്കാറ്റുകളുമായി ബന്ധപ്പെട്ടതാണെന്നും ചുഴലിക്കാറ്റുകളും ആഗോളതാപനവും ചേർന്നുണ്ടാക്കിയ ആഘാതം ഈ രാജ്യങ്ങളുടെ ജിഡിപി നിലവാരത്തിൽ 21 ശതമാനം കുറവുണ്ടാക്കിയതായും ഗവേഷകർ കണക്കാക്കുന്നു. ഒരു ചുഴലിക്കാറ്റിനുശേഷം തകർന്ന വീടുകൾ മാത്രമല്ല അവിടെ പുനർനിർമിക്കേണ്ടത്. രാജ്യത്തിന്റെ സാമ്പത്തിക നിലനിൽപ്പുതന്നെയാണ്. വിനോദസഞ്ചാര വരുമാനം നിലയ്ക്കുന്നു. മത്സ്യബന്ധനം തകരുന്നു. കൃഷിയിടങ്ങൾ നശിക്കുന്നു. തുറമുഖങ്ങൾ പ്രവർത്തനരഹിതമാകുന്നു. വിദേശനാണ്യ വരുമാനം കുറയുന്നു. പുനർനിർമാണത്തിന് ആവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിൽ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഉയർന്ന നിർമ്മാണച്ചെലവും ഇവയുടെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്നു.
ഇവിടെ ഒരു അടിസ്ഥാന ചോദ്യം ഉയരുന്നു. കാലാവസ്ഥാ ദുരന്തങ്ങളെ നേരിടാനുള്ള ശേഷി ഒരു രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികളും സാമ്പത്തിക ശക്തിയും അനുസരിച്ച് വ്യത്യാസപ്പെടുമ്പോൾ എല്ലാ രാജ്യങ്ങളെയും ഒരേ സാമ്പത്തിക അപകടസാധ്യതാ മാനദണ്ഡത്തിൽ വിലയിരുത്തുന്നത് എത്രത്തോളം നീതിപൂർവമാണ്? ഒരു സമ്പന്നരാജ്യത്തിന് ചുഴലിക്കാറ്റിനുശേഷം പുനർനിർമാണത്തിനായി ആഭ്യന്തര വിഭവങ്ങളും കുറഞ്ഞ പലിശയിലുള്ള വായ്പകളും ഇൻഷുറൻസ് സംവിധാനങ്ങളും ഉപയോഗിക്കാനാകും. എന്നാൽ ഒരു ചെറുദ്വീപ് രാഷ്ട്രത്തിന് അതേ ദുരന്തം ദേശീയ സാമ്പത്തിക നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറാം. ഒരേ പ്രകൃതിദുരന്തം, എന്നാൽ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ തുല്യമല്ല. ഇതാണ് കാലാവസ്ഥാ നീതിയുടെ അടിസ്ഥാന ചോദ്യം.
രാജ്യങ്ങളുടെ സാമ്പത്തിക വിശ്വാസ്യത അളക്കാൻ ഉപയോഗിക്കുന്ന Sovereign Credit Rating സംവിധാനം ആഗോള മൂലധന വിപണിയിൽ വലിയ അധികാരമാണ് കൈവശം വയ്ക്കുന്നത്. ഒരു രാജ്യത്തിന് വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷിയും സാധ്യതയും എത്രയാണെന്ന് വിലയിരുത്തി അതിന്റെ റേറ്റിങ് നിർണയിക്കുന്നു. മൂഡീസ്, സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ്, ഫിച്ച് തുടങ്ങിയ ഏജൻസികളുടെ വിലയിരുത്തലുകൾ അന്താരാഷ്ട്ര നിക്ഷേപകരുടെ തീരുമാനങ്ങളെയും സർക്കാർ കടപ്പത്രങ്ങളുടെ പലിശനിരക്കുകളെയും സ്വാധീനിക്കുന്നു. എന്നാൽ കാലാവസ്ഥാ പ്രതിസന്ധി ഈ വിലയിരുത്തലുകളുടെ രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണമാക്കുന്നു. 181 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ മെഷീൻ ലേണിങ് വിശകലനത്തിൽ ചൂട് കൂടിയ രാജ്യങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്ക് കൂടുതൽ വിധേയമായ രാജ്യങ്ങൾക്കും മോശം ക്രെഡിറ്റ് റേറ്റിങ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഉയർന്ന കാലാവസ്ഥാ ആഘാതമുള്ള രാജ്യങ്ങളിൽ അധിക വായ്പാ ചെലവുണ്ടാകുന്നതായും പഠനം സൂചിപ്പിക്കുന്നു. ചെറുദ്വീപ് രാഷ്ട്രങ്ങളിൽ കാലാവസ്ഥാ അപകടസാധ്യതയുമായി ബന്ധപ്പെട്ട അധിക റിസ്ക് പ്രീമിയം 50 ബേസിസ് പോയിന്റ് വരെ എത്താമെന്ന് പഠനത്തിന്റെ മുഖ്യരചയിതാവ് ജൂൺ ചോയ് ചൂണ്ടിക്കാട്ടുന്നു. അതായത്, ഒരു രാജ്യം പ്രകൃതിദുരന്തത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന സമയത്ത് അതിന്റെ ഭൂമിശാസ്ത്രപരമായ ദൗർബല്യം തന്നെ വായ്പയുടെ വില ഉയർത്തുന്ന ഘടകമായി മാറുന്നു. സാമ്പത്തിക അപകടസാധ്യത വിലയിരുത്തുന്ന സംവിധാനം ആ അപകടസാധ്യത കുറയ്ക്കാനുള്ള ശേഷിയെതന്നെ ദുർബലപ്പെടുത്തുന്ന വൈരുധ്യമാണിത്.
അതേസമയം, രാജ്യങ്ങളുടെ ഉയർന്ന വായ്പാച്ചെലവിന് കാലാവസ്ഥാ വ്യതിയാനം മാത്രമാണ് ഉത്തരവാദിയെന്ന് പറയാനാവില്ല. നിലവിലുള്ള കടബാധ്യത, രാഷ്ട്രീയ അസ്ഥിരത, വിദേശനാണ്യ പ്രതിസന്ധി, സാമ്പത്തിക നയങ്ങൾ തുടങ്ങിയ ഘടകങ്ങളും അതിൽ പങ്കുവഹിക്കുന്നു. ഗവേഷകർ തന്നെ കാലാവസ്ഥാ റിസ്ക് പ്രീമിയത്തിന്റെ വലുപ്പം വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളെക്കുറിച്ചുള്ള നിക്ഷേപകരുടെ മൊത്തത്തിലുള്ള അപകടസാധ്യതാ ധാരണയുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ കാലാവസ്ഥാ ആഘാതം ഈ പ്രതിസന്ധികളെ കൂടുതൽ രൂക്ഷമാക്കുന്നു എന്നതാണ് പഠനത്തിന്റെ നിർണായക സംഭാവന. കാലാവസ്ഥാ അപകടസാധ്യതയെ സാമ്പത്തികമായി തിരിച്ചറിയുന്നതിൽ തെറ്റില്ല. എന്നാൽ അതിന്റെ പേരിൽ പ്രതിരോധ നിക്ഷേപത്തിനുള്ള മൂലധനം കൂടുതൽ ചെലവേറിയതാക്കുമ്പോൾ വിപണി സ്വയം ഒരു പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഇവിടെയാണ് അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും ഉത്തരവാദിത്തം പരിശോധിക്കേണ്ടത്. ദുരന്തബാധിത രാജ്യങ്ങൾക്ക് അടിയന്തര ധനസഹായം ആവശ്യമാണ്. എന്നാൽ ആ സഹായം പലപ്പോഴും പുതിയ വായ്പകളുടെ രൂപത്തിലാണ് എത്തുന്നത്. ദുരന്തം കാരണം ഇതിനകം തന്നെ കടബാധ്യത വർധിച്ച രാജ്യങ്ങൾ വീണ്ടും വായ്പയെടുക്കുന്നു. അതിന്റെ തിരിച്ചടവ് പൊതുബജറ്റിന്റെ വലിയൊരു ഭാഗം വിഴുങ്ങുന്നു. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൃഷിക്കും കുടിവെള്ളത്തിനും കാലാവസ്ഥാ പ്രതിരോധത്തിനും മാറ്റിവയ്ക്കേണ്ട പണം കടത്തിന്റെ തിരിച്ചടവിലേക്ക് നീങ്ങുന്നു. വായ്പ നൽകുന്നതിനൊപ്പം സാമ്പത്തിക പരിഷ്കാരങ്ങൾ, ചെലവുചുരുക്കൽ, സബ്സിഡി നിയന്ത്രണം, പൊതുമേഖലാ പുനഃസംഘടന തുടങ്ങിയ വ്യവസ്ഥകൾ ഏർപ്പെടുത്തുമ്പോൾ പ്രതിസന്ധിയുടെ സാമൂഹിക വില സാധാരണ ജനങ്ങളിലേക്കാണ് കൈമാറപ്പെടുന്നത്. ഇവിടെ ചോദ്യം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകണമോ എന്നതല്ല. കാലാവസ്ഥാ ദുരന്തം നേരിട്ട ഒരു രാജ്യത്തിന് ലഭിക്കുന്ന സഹായം അതിന്റെ ദീർഘകാല സാമ്പത്തിക സ്വാതന്ത്ര്യത്തെ കൂടുതൽ ചുരുക്കുന്ന കടബാധ്യതയായി മാറണമോ എന്നതാണ്.
ദുരന്തസമയത്ത് കടം തിരിച്ചടയ്ക്കാനുള്ള ബാധ്യത താൽക്കാലികമായി നിർത്തിവയ്ക്കുന്ന സംവിധാനങ്ങൾ, വായ്പകൾക്ക് പകരം ഗ്രാന്റുകൾ, കടം പ്രകൃതി സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്ന Debt-for-Nature Swaps തുടങ്ങിയ മാർഗങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. കടം തിരിച്ചടയ്ക്കാൻ കഴിയാത്ത രാജ്യത്തെ കൂടുതൽ വായ്പയിലേക്ക് തള്ളുന്നതിനുപകരം അതിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് ഇടം നൽകണം. കാലാവസ്ഥാ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ചരിത്രപരമായി എല്ലാവർക്കും ഒരുപോലെയല്ല. വ്യവസായവൽക്കരണത്തിലൂടെ നൂറ്റാണ്ടുകളായി സമ്പത്ത് കെട്ടിപ്പടുത്ത രാജ്യങ്ങളും ഇന്നും അടിസ്ഥാന വികസനത്തിനായി പോരാടുന്ന ദരിദ്രരാജ്യങ്ങളും ഒരേ ഉത്തരവാദിത്തത്തിന്റെ തുലാസിൽ തൂക്കപ്പെടാനാവില്ല. എന്നാൽ കാലാവസ്ഥാ ആഘാതങ്ങളുടെ വില നൽകേണ്ടിവരുമ്പോൾ ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാകുന്നു. ഇതാണ് ആഗോള കാലാവസ്ഥാ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അനീതി.
ഈ ആഗോള പ്രതിസന്ധി ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു സാമ്പത്തിക ചർച്ച മാത്രമല്ല. ഇന്ത്യയുടെ തീരദേശങ്ങൾ, ഹിമാലയൻ മേഖലകൾ, ഗംഗാ സമതലങ്ങൾ, വരണ്ട പ്രദേശങ്ങൾ, അതിവേഗം വികസിക്കുന്ന നഗരങ്ങൾ എന്നിവയെല്ലാം വ്യത്യസ്തമായ കാലാവസ്ഥാ അപകടസാധ്യതകൾ നേരിടുന്നു. ഒഡിഷയും പശ്ചിമബംഗാളും ചുഴലിക്കാറ്റുകളെ നേരിടുമ്പോൾ ഗുജറാത്തും മഹാരാഷ്ട്രയും തീരദേശ വ്യവസായവൽക്കരണത്തിന്റെയും കടൽനിരപ്പ് ഉയരുന്നതിന്റെയും ആഘാതങ്ങൾ നേരിടുന്നു. തമിഴ്നാട്ടിൽ തീരദേശ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ജലക്ഷാമവും ഒരേസമയം വികസനപ്രശ്നങ്ങളാകുന്നു. ഹരിയാനയിലും ഉത്തരേന്ത്യൻ കാർഷിക മേഖലകളിലും ഉഷ്ണതരംഗം തൊഴിൽ ഉൽപ്പാദനക്ഷമതയെയും കൃഷിയെയും ബാധിക്കുന്നു. ഹിമാലയൻ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം, ഹിമാനികൾ ഉരുകുന്നതിന്റെ പ്രത്യാഘാതങ്ങൾ എന്നിവ അടിസ്ഥാന സൗകര്യങ്ങളെയും ജനജീവിതത്തെയും ബാധിക്കുന്നു. ഇന്ത്യയുടെ പ്രശ്നം ദുരന്തങ്ങളുടെ ആവർത്തനം മാത്രമല്ല. ദുരന്തം സംഭവിക്കുമ്പോൾ അതിന്റെ സാമ്പത്തിക ആഘാതം ആരാണ് വഹിക്കുന്നത് എന്നതുമാണ്. ഒരു വലിയ ചുഴലിക്കാറ്റിനുശേഷം തീരദേശ മത്സ്യത്തൊഴിലാളിക്ക് നഷ്ടപ്പെടുന്നത് വീടും വള്ളവും വലയും മാത്രമല്ല. അടുത്ത ദിവസത്തെ വരുമാനവും കുടുംബത്തിന്റെ ഭക്ഷ്യസുരക്ഷയും കുട്ടികളുടെ വിദ്യാഭ്യാസവും കൂടിയാണ്. ചെറുകിട കർഷകന് കൃഷി നഷ്ടപ്പെടുമ്പോൾ ബാങ്ക് വായ്പയുടെ തിരിച്ചടവ് അവസാനിക്കുന്നില്ല. ദിവസക്കൂലിക്കാരന് ഉഷ്ണതരംഗം കാരണം തൊഴിൽ ചെയ്യാൻ കഴിയാതാകുമ്പോൾ അവന്റെ വരുമാനവും ഇല്ലാതാകുന്നു. എന്നാൽ ഇവരുടെ നഷ്ടം ദേശീയ ജിഡിപിയിലോ ക്രെഡിറ്റ് റേറ്റിങ് റിപ്പോർട്ടുകളിലോ പ്രതിഫലിക്കുന്ന രീതിയും വളരെ പരിമിതമാണ്.
ഇന്ത്യയിലെ കാലാവസ്ഥാ പ്രതിരോധ നിക്ഷേപങ്ങൾ നഗരവികസനത്തിന്റെ ഭാഗമായിത്തന്നെ കാണണം. വെള്ളപ്പൊക്ക പ്രതിരോധം, മഴവെള്ള സംഭരണം, തീരദേശ പരിസ്ഥിതി സംരക്ഷണം, മാംഗ്രൂവ് പുനഃസ്ഥാപനം, നഗരങ്ങളിലെ താപനില കുറയ്ക്കുന്ന ഹരിത ഇടനാഴികൾ, ജലസുരക്ഷ, കാലാവസ്ഥാ സൗഹൃദ കൃഷി എന്നിവയെല്ലാം വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. എന്നാൽ വികസനത്തിന്റെ പേരിൽ തണ്ണീർത്തടങ്ങൾ നികത്തുകയും മാംഗ്രൂവുകൾ നശിപ്പിക്കുകയും നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുകയും തീരദേശങ്ങളിൽ നിയന്ത്രണമില്ലാത്ത നിർമ്മാണം അനുവദിക്കുകയും ചെയ്താൽ ദുരന്തസാധ്യതയെ സർക്കാർ തന്നെ വർധിപ്പിക്കുന്ന അവസ്ഥയുണ്ടാകും. കാലാവസ്ഥാ പ്രതിരോധം പരിസ്ഥിതി വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ല; ധനകാര്യം, നഗരാസൂത്രണം, കൃഷി, വ്യവസായം, പൊതുജനാരോഗ്യം, തദ്ദേശഭരണം എന്നിവയുടെ പൊതുനയമായി മാറണം.
കേരളത്തിന്റെ അനുഭവം ഈ ചർച്ചയ്ക്ക് മറ്റൊരു രാഷ്ട്രീയ മാനവും നൽകുന്നു. 2018-ലെ പ്രളയം കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്വ്യവസ്ഥയെയും എത്രത്തോളം ബാധിക്കാമെന്ന് തെളിയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആവർത്തിച്ച അതിതീവ്രമഴയും ഉരുൾപൊട്ടലുകളും തീരശോഷണവും നഗരവെള്ളക്കെട്ടുകളും കാലാവസ്ഥാ പ്രതിരോധത്തെ വികസന ആസൂത്രണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. 2024-ലെ വയനാട് ദുരന്തം ഒരു ഭൂപ്രദേശത്തിന്റെ പുനരധിവാസം എന്നതിലുപരി ഭൂവിനിയോഗ നയം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ എന്നിവയുടെ പരസ്പരബന്ധം വീണ്ടും ചോദ്യം ചെയ്തു. കേരളത്തിന്റെ തീരദേശത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കടൽക്ഷോഭം ഒരു കാലാവസ്ഥാ വാർത്തയല്ല. അവരുടെ വീടിന്റെ നിലനിൽപ്പും തൊഴിലും ജീവിതത്തിന്റെ തുടർച്ചയുമാണ്. കൊച്ചി പോലുള്ള നഗരങ്ങളിൽ വെള്ളപ്പൊക്കം ഒരു മഴക്കാല അസൗകര്യം മാത്രമല്ല; നഗരാസൂത്രണത്തിലെ പരാജയവും ഭൂമിയുടെ ഉപയോഗത്തിലെ അസമത്വവും പൊതുജനാരോഗ്യവും തൊഴിൽ നഷ്ടവും ഉൾക്കൊള്ളുന്ന സാമ്പത്തിക പ്രശ്നമാണ്. ദുരന്തമുണ്ടായശേഷം പണം കണ്ടെത്തുന്നതിനേക്കാൾ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ മുൻകൂട്ടി നിക്ഷേപിക്കുന്നതാണ് സാമ്പത്തികമായും സാമൂഹികമായും ഉചിതം.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ 2035-ഓടെ പ്രതിവർഷം ആറ് ട്രില്യൺ ഡോളറിലധികം നിക്ഷേപം ആവശ്യമായി വരുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ പണം എവിടെനിന്ന് വരും എന്നതുപോലെ തന്നെ അത് എങ്ങനെയാണ് ലഭ്യമാക്കുന്നത് എന്നതും നിർണായകമാണ്. വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ ധനസഹായം നൽകുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെല്ലാം വായ്പയുടെ രൂപം നൽകുന്നത് പരിഹാരമല്ല. കാലാവസ്ഥാ ദുരന്തം നേരിട്ട രാജ്യങ്ങൾക്ക് ഗ്രാന്റ് അടിസ്ഥാനത്തിലുള്ള ധനസഹായം വർധിപ്പിക്കണം. ദുരന്തമുണ്ടായാൽ കടം തിരിച്ചടയ്ക്കൽ താൽക്കാലികമായി നിർത്തിവയ്ക്കുന്ന വ്യവസ്ഥകൾ അന്താരാഷ്ട്ര വായ്പാ കരാറുകളിൽ ഉൾപ്പെടുത്തണം. Sovereign Credit Rating സംവിധാനങ്ങളിൽ കാലാവസ്ഥാ അപകടസാധ്യതയെ വിലയിരുത്തുമ്പോൾ രാജ്യങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന നിക്ഷേപങ്ങൾക്കും പരിഗണന നൽകണം. കാലാവസ്ഥാ പ്രതിരോധത്തിനായി പണം ചെലവഴിക്കുന്നതിനെ സാമ്പത്തിക ബലഹീനതയായി കാണുന്നതിന് പകരം ഭാവിയിലെ സാമ്പത്തിക തകർച്ച ഒഴിവാക്കുന്ന നിക്ഷേപമായി വിലയിരുത്തണം. Loss and Damage എന്ന ആശയത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. കാലാവസ്ഥാ ആഘാതങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് അവയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം നൽകേണ്ടത് ധാർമിക ഉത്തരവാദിത്തം മാത്രമല്ല, ചരിത്രപരമായ പുറന്തള്ളൽ അസമത്വത്തിന്റെ അടിസ്ഥാനത്തിലുള്ള നീതിയുടെ പ്രശ്നം കൂടിയാണ്. എന്നാൽ വാഗ്ദാനം ചെയ്യുന്ന കാലാവസ്ഥാ ധനസഹായം യഥാർത്ഥത്തിൽ ലഭിക്കുന്നുണ്ടോ, അത് പുതിയ കടബാധ്യത സൃഷ്ടിക്കുന്നുണ്ടോ, അതിന്റെ വിനിയോഗത്തിൽ ദുരന്തബാധിത സമൂഹങ്ങൾക്ക് പങ്കാളിത്തമുണ്ടോ എന്നീ ചോദ്യങ്ങളും തുടർച്ചയായി ഉയർത്തണം.
കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾ ഇപ്പോഴും കാർബൺ പുറന്തള്ളൽ കുറയ്ക്കുക, പുനരുപയോഗ ഊർജം വർധിപ്പിക്കുക, ഹരിത സാങ്കേതികവിദ്യ വികസിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്നു. എന്നാൽ കാലാവസ്ഥാ പ്രതിസന്ധിയുടെ സാമ്പത്തിക രാഷ്ട്രീയം അതിനേക്കാൾ ആഴത്തിലുള്ളതാണ്. ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രകൃതിദുരന്തം തകർത്താൽ അതിനെ പുനർനിർമിക്കാനുള്ള അവകാശം ആ രാജ്യത്തിനുണ്ട്. അതിനാവശ്യമായ പണം കണ്ടെത്താൻ അന്താരാഷ്ട്ര വിപണിയിൽ പോകുമ്പോൾ അതേ ദുരന്തത്തെ ചൂണ്ടിക്കാട്ടി കൂടുതൽ പലിശ ഈടാക്കുന്നത് വികസനനീതിയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. പ്രകൃതിദുരന്തം ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പല്ല. എന്നാൽ അതിനുശേഷം ആ രാജ്യം നേരിടേണ്ടിവരുന്ന സാമ്പത്തിക ശിക്ഷ മനുഷ്യർ നിർമ്മിച്ച വ്യവസ്ഥയുടെ ഫലമാണ്. ഒരു ചുഴലിക്കാറ്റ് വീടുകൾ തകർക്കുന്നു. കടൽ കൃഷിയിടങ്ങൾ വിഴുങ്ങുന്നു. ഉഷ്ണതരംഗം തൊഴിലാളിയുടെ അധ്വാനശേഷി ഇല്ലാതാക്കുന്നു. പ്രളയം നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നു. ഇതിനെല്ലാം ശേഷം രാജ്യങ്ങൾ കടം വാങ്ങി പുനർനിർമിക്കുന്നു. പിന്നെ ആ കടത്തിന് ഉയർന്ന പലിശ നൽകുന്നു. അടുത്ത ദുരന്തം വരുമ്പോൾ വീണ്ടും കടം വാങ്ങുന്നു. ഈ വ്യവസ്ഥയിൽ പ്രകൃതിയാണ് ദുരന്തമുണ്ടാക്കുന്നതെങ്കിലും അതിന്റെ സാമ്പത്തിക ശിക്ഷ നിശ്ചയിക്കുന്നത് ആഗോള മൂലധനമാണ്.
കാലാവസ്ഥാ നീതി എന്നത് കാർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള പ്രതിജ്ഞകളിൽ മാത്രം ഒതുങ്ങുന്നില്ല. ദുരന്തത്തിൽ തകർന്ന ഒരു രാജ്യത്തിന് വീണ്ടും കടക്കാരനാകാതെ ഉയിർത്തെഴുന്നേൽക്കാനുള്ള അവകാശം കൂടിയാണത്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങൾ ചരിത്രപരമായ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും ഏറ്റവും ദുർബലമായ രാജ്യങ്ങൾ ദുരന്തത്തിനും കടത്തിനും പലിശയ്ക്കും ഒരേസമയം വില നൽകുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയെ വികസനമെന്നു വിളിക്കാനാവില്ല. ഒരു രാജ്യത്തെ ചുഴലിക്കാറ്റ് തകർക്കുന്നത് പ്രകൃതിയാണ്. ആ രാജ്യത്തിന്റെ പുനർനിർമാണത്തിന് ശിക്ഷയായി പലിശ ചുമത്തുന്നത് മനുഷ്യർ നിർമ്മിച്ച സാമ്പത്തിക വ്യവസ്ഥയാണ്. ഈ രണ്ടിനെയും ഒരുപോലെ കാണാനാവില്ല.
