ഹരിജൻ എന്ന പ്രയോഗത്തിന് ഗാന്ധി നൽകിയത് ദൈവത്തിന്റെ മക്കൾ എന്ന വാചക അർത്ഥമാണ്. അയിത്ത ജാതിക്കാരോടുള്ള സവർണ്ണ മനോഘടനയെ മറികടക്കാനും അവരോടുള്ള മനോഭാവം മാറ്റാനുമായിരുന്നു ഈ പ്രയോഗം എന്ന് ആയിരുന്നു ഗാന്ധിയുടെ നിലപാട്. എന്നാൽ, ഇതിന്റെ ഗുരുതരമായ രാഷ്ടീയ പ്രശ്നം
സ്വന്തംചരിത്രവും സ്വത്വവും രാഷ്ട്രീയ അവകാശങ്ങളും നിർവചിക്കുന്ന ഒരു സമൂഹമായി ഹരിജൻ സങ്കല്പത്തിൽ അയിത്തജാതിക്കാർ പ്രത്യക്ഷപ്പെടുന്നില്ല. പകരം, മറ്റുള്ളവരുടെ കാരുണ്യവും പരിഷ്കരണവും സംരക്ഷണവും ആവശ്യമുള്ള ഒരു വിഭാഗമായി അവതരിപ്പിക്കപ്പെടുന്നു. അപ്പോൾ അവർ സ്വന്തം വിമോചനത്തിന്റെ കർത്താക്കൾ അല്ല മറ്റുള്ളവരുടെ കാരുണ്യത്തിന്റെയും സേവനത്തിന്റെയും ഗുണഭോക്താക്കൾ മാത്രമാകുന്നു. ഇതുതന്നെയാണ് മിഷനറി പ്രവർത്തനങ്ങളുടെയും ആന്തരിക സത്ത.
മിഷനറിമാർ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പോലെയുള്ള സേവന പ്രവർത്തനങ്ങൾ തന്നെയാണ്ഗാ ന്ധിയുടെ ഹരിജനോദ്ധാരണ സേവ് സംഘവും നടത്തിയത്. ഗാന്ധിയൻ ഹരിജനോദ്ധാരണത്തിന്റെ ക്രിസ്ത്യൻ പതിപ്പാണ് മിഷനറി പ്രവർത്തനം. രണ്ടു കൂട്ടരുടെയും മതപരമായ താൽപര്യങ്ങളിൽ മാത്രമാണ് വ്യത്യാസം ഉണ്ടായിരുന്നത്. രണ്ട് ഇടത്തും അയിത്ത ജാതിക്കാരുടെ സ്വന്തം നേതൃത്വത്തെയും സംഘാടന ശേഷിയെയും പോരാട്ട വീര്യത്തേയും സ്വത്വത്തെയും ചരിത്രത്തെയും വിമോചനത്തിനു വേണ്ടിയുള്ള സ്വന്തം പോരാട്ടങ്ങളെയും അംഗീകരിക്കുന്നില്ല.
ദലിത് വിമോചനചരിത്രത്തെ പരിശോധിക്കുമ്പോൾ സേവനവും വിമോചനവും തമ്മിലുള്ള ഈ വ്യത്യാസം പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രശ്നമാണ്. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും ഭക്ഷണവും ചികിത്സയും സാമൂഹികസഹായവും നൽകുന്നത് സേവനമാണ്. എന്നാൽ, അവരെ അടിച്ചമർത്തുന്ന സാമൂഹിക അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള അധികാരം നൽകുകയും ചെയ്യുന്നതാണ് വിമോചനം. സേവനം ദുരിതങ്ങൾക്ക് ആശ്വാസം നൽകുമ്പോൾ വിമോചനം ദുരിതങ്ങൾ സൃഷ്ടിക്കുന്ന വ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. അതിനെ മാറ്റി പണിയാൻ ശ്രമിക്കുന്നു.
1932 നവംബർ 14ന് ഡോ ബി.ആർ അംബേദ്കർ ഹരിജൻ സേവക് സംഘത്തിന് എഴുതിയ കത്തിലെ വിമർശനങ്ങളുടെ അടിസ്ഥാന ആശയം ഇതായിരുന്നു. ദലിതരുടെ ഉന്നമനത്തിനുവേണ്ടി മറ്റുള്ളവർ നടത്തുന്ന സേവനപ്രവർത്തനങ്ങൾക്കപ്പുറം ദലിതർക്ക് സ്വന്തം നേതൃത്വവും സംഘടനാശേഷിയും സാമൂഹിക അധികാരവും ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ദലിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അധികാരം ദലിതരുടെ കൈകളിൽത്തന്നെ എത്തണം, മറ്റുള്ളവരുടെ കാരുണ്യത്തിന്റെ ഗുണഭോക്താക്കളായി തുടരുന്നതല്ല വിമോചനം.
ഈ വിമർശനം ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾക്കും ബാധകമാണ് ഇന്ത്യയിലും കേരളത്തിലും മിഷനറിമാർ വിദ്യാഭ്യാസം ചികിത്സ മതപരിവർത്തനം തുടങ്ങിയ മേഖലകളിൽ ദലിതർക്കും മറ്റു അധഃസ്ഥിത വിഭാഗങ്ങൾക്കും പുതിയ അവസരങ്ങൾ തുറന്നുകൊടുത്തു. എന്നാൽ, വിദ്യാഭ്യാസവും മതപരിവർത്തനവും ലഭിച്ചതുകൊണ്ടുമാത്രം അവരുടെ ചരിത്രപരമായ സാമൂഹിക അവസ്ഥ മാറിയൊ എന്ന ചോദ്യം അവശേഷിക്കുന്നു. ഈ ചോദ്യം ഇപ്പോഴും തുടരുന്നു. തലമുറകൾക്ക് മുമ്പ് ക്രിസ്തുമതത്തിലേക്ക് പോയവരുടെ ഇപ്പോഴത്തെ തലമുറ അതുകൊണ്ടാണ് ദലിത് പ്രസ്ഥാനങ്ങളുടെ ഭാഗമായി മാറുന്നത്. മിഷനറിമാരിൽ നിന്ന് കിട്ടിയ സേവനങ്ങൾ അവരുടെ സാമൂഹിക പദവിയിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല.
സേവനപ്രവർത്തനങ്ങൾക്കു ഇരട്ട സ്വഭാവമുണ്ട്. അവ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ ചില മെച്ചപ്പെടുത്ത ലുകൾ ഉണ്ടാക്കാം. എന്നാൽ, നിലവിലുള്ള അധികാരബന്ധങ്ങളെ ചോദ്യം ചെയ്യാതിരിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കുന്നു. അങ്ങനെ അത്തരം സേവനങ്ങൾ ആധിപത്യത്തിന്റെ പുനരുത്പാദനത്തിനും സഹായകമാകുന്നു.
എന്നാൽ, അയ്യങ്കാളിയുടെ സമരചരിത്രം ഈ സേവനരാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു വിമോചനമാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്.
1893-ലെ വില്ലുവണ്ടി സമരത്തിലൂടെ പൊതുവഴികളിലെ സഞ്ചാരസ്വാതന്ത്ര്യം ജാതിവ്യവസ്ഥയുടെ ഔദാര്യമല്ല അവകാശമാണെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. ദലിത് കുട്ടികൾക്ക് വിദ്യാലയപ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വന്തം ജനതയായ കാർഷികത്തൊഴിലാളികളെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നൽകി. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുമ്പോൾ അവരുടെ വയലുകളിൽ പണിയെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത് സാമൂഹികാവകാശത്തെ സാമ്പത്തിക ഉല്പാദന ശക്തിയുമായി ബന്ധിപ്പിച്ച ശക്തമായ രാഷ്ട്രീയ ഇടപെടലായിരുന്നു. 1907 ൽ സാധുജന പരിപാലന സംഘം രൂപീകരിച്ചതിലൂടെ ദലിതർക്ക് സ്വന്തമായ സംഘടനയും നേതൃത്വവും സൃഷ്ടിച്ചു. 1915-ലെ കല്ലുമാല സമരത്തിലൂടെ ദലിത് സ്ത്രീകൾക്കെതിരായ ജാതീയമായ അപമാനചിഹ്നങ്ങളെയും ചോദ്യം ചെയ്തു.
ഈ സമരങ്ങളുടെ പ്രത്യേകത ദലിതർക്ക് മറ്റുള്ളവർ അവകാശങ്ങൾ നൽകുന്നതിനുവേണ്ടി കാത്തിരിക്കുകയായിരുന്നില്ല എന്നതാണ്. സ്വന്തം അധ്വാനശക്തിയും സംഘടനാശേഷിയും ഉപയോഗിച്ച് അവകാശങ്ങൾ നേടിയെടുക്കുകയായിരുന്നു. ജാതിവ്യവസ്ഥയുടെ അധികാരത്തെ അംഗീകരിച്ചുകൊണ്ടുള്ള പരിഷ്കരണമല്ല, അതിന്റെ ദൈനംദിന അധികാരപ്രയോഗങ്ങളെ നേരിട്ടുള്ള വെല്ലുവിളിയായിരുന്നു അയ്യങ്കാളിയുടെ രാഷ്ട്രീയം.
ശ്രീമൂലം പ്രജാസഭയിലെ അയ്യങ്കാളിയുടെ പ്രവർത്തനം ഈ രാഷ്ട്രീയത്തിന്റെ മറ്റൊരു തലമാണ്. തിരുവിതാംകൂറിലെ പ്രജാസഭയിൽ എത്തിയ അദ്ദേഹം വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, സർക്കാർ സഹായം തുടങ്ങിയ വിഷയങ്ങൾ ഭരണകൂടത്തിന്റെ മുന്നിൽ ഉന്നയിച്ചു. ദലിതരുടെ പ്രശ്നങ്ങൾ പരിഷ്കർത്താക്കളുടെ കാരുണ്യത്തിനോ മതസ്ഥാപനങ്ങളുടെ സേവനത്തിനോ വിട്ടുകൊടുക്കാതെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും പൊതുനയത്തിന്റെ വിഷയവുമാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പ്രജാസഭയിലെ അദ്ദേഹത്തിന്റെ ഇടപെടൽ തെരുവിലെ സമരത്തെയും ഭരണകൂടത്തിനകത്തെ രാഷ്ട്രീയ പ്രതിനിധാനത്തെയും ബന്ധിപ്പിച്ചു. ദലിതർ സ്വന്തം രാഷ്ട്രീയബോധവും സംഘടനയും നേതൃത്വവും രൂപപ്പെടുത്താതെ നിലവിലുള്ള ആധിപത്യത്തെ മറികടക്കാനാവില്ല. ദലിതർ സ്വന്തം ബൗദ്ധികവും രാഷ്ട്രീയവുമായ നേതൃത്വശേഷി വികസിപ്പിക്കണം. അയ്യങ്കാളിയുടെ സംഘടനാപ്രവർത്തനവും സമരങ്ങളും പ്രജാസഭയിലെ ഇടപെടലുകളും അത്തരമൊരു രാഷ്ട്രീയ സ്വയംനിർമാണത്തിന്റെ ചരിത്രപരമായ ഉദാഹരണങ്ങളാണ്.
ഇതിലൂടെ അംബേദ്കറുടെയും അയ്യങ്കാളിയുടെയും രാഷ്ട്രീയചിന്തകൾ തമ്മിൽ ഒരു പ്രധാനപ്പെട്ട ആശയപരമായ ബന്ധം കാണാം. ദലിതരെ മറ്റുള്ളവരുടെ സേവനത്തിന്റെ ഗുണഭോക്താക്കളായി നിലനിർത്തുന്നതിനു പകരം സ്വന്തം വിമോചനത്തിന്റെ കർത്താക്കളാക്കുകയായിരുന്നു അംബേദ്കർ. അംബേദ്കർ ഹരിജൻ സേവക് സംഘത്തിന്റെ സേവനരാഷ്ട്രീയത്തെ ചോദ്യം ചെയ്തതും അയ്യൻകാളി ദലിതരെ സംഘടിതമായ സമരശക്തിയും രാഷ്ട്രീയപ്രതിനിധാനവുമുള്ള സമൂഹമാക്കി മാറ്റാൻ പ്രവർത്തിച്ചതും ഒരെ കാര്യമാണ്. അതിനാൽ, മിഷനറി സ്ഥാപനങ്ങളെയും ഗാന്ധിയൻ പരിഷ്കരണപ്രസ്ഥാനത്തേയും ഒരെ രീതിയിൽ കാണാം. സേവനം ദലിതരുടെ ദുരിതങ്ങൾക്ക് ആശ്വാസം നൽകുന്നു. വിമോചനം ആ ദുരിതങ്ങൾ സൃഷ്ടിക്കുന്ന അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുന്നു. സേവനത്തിന്റെ ഗുണഭോക്താവായി ദലിതനെ നിലനിർത്തുന്നതല്ല വിമോചനം സ്വന്തം ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും കർത്താവായി ദലിതനെ മാറ്റുന്നതാണ് വിമോചനം. അംബേദ്കറുടെ വിമർശനവും അയ്യങ്കാളിയുടെ സമരചരിത്രവും ചേർത്തുവായിക്കുമ്പോൾ തെളിയുന്ന അടിസ്ഥാന രാഷ്ട്രീയപ്രശ്നം ഇതാണ്.
അയ്യങ്കാളിയുടെ കാർഷികത്തൊഴിലാളി സമരവും പ്രജാസഭാ ഇടപെടലുകളും തമ്മിലുള്ള ഈ ബന്ധം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദലിതർക്ക് സ്വന്തം അധ്വാനശക്തിയുണ്ടെന്നും അതിനെ കൂട്ടായ രാഷ്ട്രീയശക്തിയാക്കി മാറ്റാമെന്നും അദ്ദേഹം തെളിയിച്ചു. തുടർന്ന് അതേ സമൂഹത്തിന്റെ ആവശ്യങ്ങൾ ഭരണകൂടത്തിന്റെ തീരുമാനമെടുക്കൽ വേദിയിലും അവതരിപ്പിച്ചു. അംബേദ്കർ ഹരിജൻ സേവ് സംഘത്തിനും മേൽ നടത്തിയ വിമർശനം എന്താണ് ആവശ്യപ്പെടുന്നതെന്ന് അയ്യങ്കാളിയുടെ ജീവിതവും സമരങ്ങളും പ്രായോഗികമായി കാണിച്ചുതരുന്നു.
