November 23 Monday 2026

സമയത്തിനു വിലയില്ലാത്ത ഇടത്-വലത് ആണധികാരങ്ങള്‍

J Devika
J Devika

കേരളത്തിലെ ആണധികാരപൂരിതമായ മുഖ്യധാരാരാഷ്ട്രീയത്തിൽ ഗൗരവമായ ചിന്തയോ ചർച്ചയോ സാധ്യമല്ലെന്ന് അറിഞ്ഞുകൂടാത്തതുകൊണ്ടല്ല ഇത്തവണ അബദ്ധം പിണഞ്ഞത് – തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബിൽ കഴിഞ്ഞ ദിവസം സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ പേരിൽ ശ്രീ കായിക്കര ബാബുവിൻറെ നേതൃത്വത്തിൽ ‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയെപ്പറ്റിയാണ് പറയുന്നത്.

സച്ചിദാനന്ദൻ, തമ്പാൻ തോമസ് എന്നീ രണ്ടു പേരുകൾ പ്രാസംഗികരായി അച്ചടിച്ചു കണ്ടതാണ് അബദ്ധം പറ്റാനിടയാക്കിയ ആദ്യകാരണം – ഇവർ രണ്ടുപേരും രണ്ടുവിധത്തിൽ ശ്രദ്ധേയരാണ്, രണ്ടുതരം രാഷ്ട്രീയ ഗൗരവങ്ങൾ തങ്ങളുടെ പ്രതാപകാലത്ത് സൃഷ്ടിച്ചവരാണ്. സ്വാഭാവികമായും ആ ഗൗരവം പരിപാടിക്കുണ്ടാകുമെന്ന് ഞാൻ വിചാരിച്ചുപോയി. ഈ പരിപാടി സെമിനാർ ആണെന്ന് പറഞ്ഞതാണ് അബദ്ധം പിണയാനുള്ള രണ്ടാമത്തെ കാരണം. സെമിനാർ എന്നാൽ ഗൗരവമുള്ള ചർച്ചയെയാണ് സൂചിപ്പിക്കുന്നത്, മുദ്രാവാക്യംവിളിയോ നാടകീയഭാഷണമോ ഒന്നും സെമിനാർ ആകുന്നില്ല.

പ്രസ് ക്ലബ്ബിലെത്തിയപ്പോൾ മനസ്സിലായി, സെമിനാർ എന്നാണ് വിവരണമെങ്കിലും സംഗതി രാഷ്ട്രീയക്കാരുടെ നാട്യവേദിയാണിതെന്ന്. അവിടെ ഉണ്ടായിരുന്നത് ഇപ്പോൾ ടിവി ചർച്ചകളിൽ വലിയ സാന്നിദ്ധ്യമായ ഒരു രാഷ്ട്രീയ നിരീക്ഷകൻ, പത്തിരുപതു-മുപ്പതു പേർ ചേർന്ന സദസ്സ്. ശരാശരി അമ്പത്തിയഞ്ചിനും എഴുപതിനും ഇടയ്ക്കു പ്രായമായ പുരുഷന്മാരാണ് ഭൂരിപക്ഷവും.

ഉദ്ഘാടനം ചെയ്യാൻ വരുമെന്നു പറഞ്ഞ മന്ത്രി ശ്രീ കെ. മുരളീധരൻ മൂന്നര മണിക്കല്ല, അഞ്ചര മണിക്കാണെത്തിയത്. തമ്പാൻ തോമസും സച്ചിദാനന്ദനും വരില്ലെന്ന് അപ്പോഴാണറിഞ്ഞത്. അതിനിടെ മറ്റൊരു പ്രാസംഗികനായ മുൻമന്ത്രി ശ്രീ സി. ദിവാകരൻ എത്തി. അദ്ദേഹത്തെ ഇരുത്തി വൈകിക്കാൻ പറ്റാത്തതുകൊണ്ടാവണം, പരിപാടി തുടങ്ങേണ്ടിവന്നു. അധികാരികളായ ആണുങ്ങൾക്ക് കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയം പതിവായി കൊടുക്കുന്ന അധികമെച്ചമാണത്, എങ്കിലും അത് പരിചിതമായതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല.

ഡോ. മോഹൻ വർഗീസ് സംസാരിച്ചു തുടങ്ങി. പൊതുരാഷ്ട്രീയത്തെപ്പറ്റിയും ജനാധിപത്യസ്ഥാപനങ്ങളുടെ ശോഷണത്തെപ്പറ്റിയും ഇപ്പോൾ നടന്നുവരുന്ന സമരങ്ങളെപ്പറ്റിയും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപ്രകടനത്തെപ്പറ്റിയുമെല്ലാം അദ്ദേഹം രസകരവും നാടകീയവുമായി സംസാരിച്ചു – നാം ടി.വി ചർച്ചകളിൽ കേട്ട കാര്യങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ആ സംസാരം.

വേദിയിലിരുന്ന് നോക്കുമ്പോൾ എനിക്ക് അത്ര സന്തോഷമൊന്നും തോന്നിയില്ല. മുപ്പതു പേരുള്ള സദസ്സിൽ കുറഞ്ഞത് പത്തുപേരെങ്കിലും നല്ല ഉറക്കത്തിലായിരുന്നു, ചിലർ ശരിക്കും വാ പൊളിച്ചുതന്നെ. ഇടയ്ക്ക് സ്ത്രീകളുടെ ഒരു സംഘം കലപില കൂട്ടി മുന്നിൽ വന്നിരുന്നു, അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ അടക്കംപറഞ്ഞു, ശേഷം വന്നതുപോലെ എഴുന്നേറ്റു പോയി. ഡോ. മോഹൻ വർഗീസിൻറെ ജനപ്രിയ അവതരണത്തിനു പോലും ഉറക്കത്തിലാണ്ടവരെ ഉണർത്താനോ കലപിലക്കാരികളുടെ ശ്രദ്ധയെ ആകർഷിക്കാനോ കഴിഞ്ഞില്ലെന്ന് ഞാൻ കണ്ടു.
ഡോ. വർഗീസിൻറെ സംസാരം കഴിഞ്ഞപ്പോൾ എൻറെ ഊഴം വന്നു. സ്ത്രീകളുടെ പക്ഷത്തു നിന്നും, ഇന്ത്യൻ സാമ്പത്തികചരിത്രത്തിൻറെ പക്ഷത്തു നിന്നും ഇപ്പോഴത്തെ രാഷ്ട്രീയപ്രതിസന്ധിയെ നോക്കിയാൽ കാണാൻ സാധിക്കുന്ന കാര്യങ്ങളെപ്പറ്റിയാണ് ഞാൻ പറയാൻ നോക്കിയത്.

സെമിനാർ എന്ന് എന്നോടു പറഞ്ഞിരുന്നതുകൊണ്ട് നന്നായി തയ്യാറായിരുന്നു. യുപിഎ സർക്കാരിൻറെ കാലത്തെ വനിതാവികസനനയം, സ്ത്രീനീതി എന്നിവയെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേദിയിലിരുന്ന മുൻമന്ത്രി സി. ദിവാകരൻ ഉറക്കെ സംസാരിച്ചു തുടങ്ങി. കഷ്ടിച്ച് ഒരു ക്ലാസ്സ് മുറിയുടെ വലുപ്പം മാത്രമുണ്ടായിരുന്ന ആ സെമിനാർ ഹാളിൽ അദ്ദേഹത്തിൻറെ ശബ്ദം വളരെ ഉറക്കെ മുഴങ്ങിയപ്പോൾ ഞാൻ നിർത്തി, അതു കഴിയാൻ കാത്തു. പക്ഷേ, ആ സൂചനയൊന്നും അദ്ദേഹത്തിനു പ്രശ്നമായില്ല. ഇടതുപക്ഷമെന്നൊന്നും പറഞ്ഞിട്ടുകാര്യമില്ല, അധികാരം കുറേയധികംകാലം സേവിച്ചുകഴിഞ്ഞാൽ ചർച്ചാവേദികളിലും സദസ്സുകളിലും പാലിക്കേണ്ട മര്യാദകൾ പോലും ഇവർ മറന്നുപോകുമെന്നു തോന്നുന്നു. വല്ലാത്തൊരു മയക്കുമരുന്നാണ് അധികാരം, ശരിക്കും.

ഞാൻ പത്മജാ വേണുഗോപാലോ ചിഞ്ചുറാണിയോ ഒന്നുമല്ല, ഈ മുഷ്ക് സഹിക്കേണ്ട കാര്യമില്ല – അതുകൊണ്ട് ഞാനദ്ദേഹത്തിനു നേരെ തിരിഞ്ഞ് പരസ്യമായിത്തന്നെ ഈ പെരുമാറ്റം തികച്ചും അപമാനകരമാണെന്നു പറഞ്ഞു. മോഹൻ വർഗീസിനു നൽകിയ മര്യാദ ഞാനും അർഹിക്കുന്നുണ്ടെന്നും, ഞാൻ പറയുന്നത് അർഥശൂന്യമാണെന്നാണ് തോന്നലെങ്കിൽ എനിക്കവിടെ നിൽക്കേണ്ട കാര്യമില്ലെന്നും തീർത്തുപറഞ്ഞു. അദ്ദേഹം മര്യാദ കാട്ടാമെന്ന് തലയാട്ടി. ഞാൻ പറഞ്ഞ കാര്യത്തിലേക്കു മടങ്ങിയപ്പോഴാണ് പെട്ടെന്ന് മന്ത്രിയുടെ വരവ്. ഉടനെ ശ്രീ കായിക്കര ബാബു അദ്ദേഹത്തെ ആനയിച്ചിരുത്തി – എന്നിട്ട് എന്നോട് നിർത്താൻ ആംഗ്യം കാട്ടി.

സ്ത്രീകളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് നല്ലതാണന്നോ അതിൽ പ്രശ്നമില്ലെന്നോ ഈ കായിക്കര ബാബുവും അദ്ദേഹത്തിൻറെ തലമുറയിലെ ദിനോസറുകളും കരുതുന്നുണ്ടാകും. കായിക്കര ബാബുവിൻറെ ആംഗ്യം കാണിക്കലും കൂടിയായപ്പോൾ ഞാൻ പരസ്യമായി പ്രതിഷേധിച്ച് വേദിയിൽ നിന്നിറങ്ങിപ്പോന്നു.

ഉറങ്ങുന്ന വൃദ്ധപുരുഷന്മാർ മന്ത്രിയെക്കണ്ട് ഉണർന്നിട്ടുണ്ടാകും, അധികാരദാസ്യത്തിൻറെ പതിവ് നാട്യങ്ങൾ നടന്നിട്ടുണ്ടാകും. ആലോചിച്ചു നോക്കൂ – ഇന്ത്യൻ ജനാധിപത്യത്തിൻറെ പ്രതിസന്ധിയാണ് വിഷയം. ശരിക്കും മന്ത്രിയെക്കാണുമ്പോൾ ജനാധിപത്യമെല്ലാം മറന്ന് അധികാരദാസ്യത്തിൻറെ ശരീരഭാഷയിലേക്ക് എളുപ്പം വഴുതിവീഴുന്ന നിങ്ങളൊക്കെ ഇന്ത്യൻ ജനാധിപത്യത്തിൻറെ സമകാലികപ്രതിസന്ധിയുടെ ഭാഗമാണ് – ഇനിയെങ്കിലും തിരിച്ചറിയുക. മുഖ്യധാരാഷ്ട്രീയം ഇടതായാലും വലതായാലും കണക്കുതന്നെ. മോഹൻ വർഗീസ് സാമാന്യരാഷ്ട്രീയകാര്യങ്ങളാണ് പറഞ്ഞത്. ഇടതടവില്ലാതെ അദ്ദേഹം പത്തിരുപതു നിമിഷം സംസാരിച്ചു. പക്ഷെ, സ്ത്രീകളുടെ പക്ഷത്തുനിന്നു വിലയിരുത്തുമ്പോൾ ത്രസിപ്പിക്കുന്ന രാഷ്ട്രീയനാടകങ്ങളെപ്പറ്റിയല്ല, ദീർഘകാല ജനക്ഷേമനയങ്ങളെയും നീതിസംവിധാനങ്ങളെയും പറ്റി സംസാരിക്കേണ്ടിവരുന്നു – രാഷ്ട്രീയ ഇടത്തെപ്പറ്റി മാത്രമല്ല ജനാധിപത്യം, സാമൂഹ്യ ഇടങ്ങളെപ്പറ്റിയും കൂടിയാണത്. അത് അപ്രധാനമാണെന്ന് ശ്രീ കായിക്കര ബാബുവിനും കൂട്ടർക്കും ഇപ്പോഴും തോന്നുന്നുണ്ടെങ്കിൽ, കഷ്ടം, അതൊരു ദിനോസർ മനോഭാവമാണ്.

എന്നെ അവിടെ വിളിച്ചുകയറ്റിയതെന്തിനാണെന്നറിയില്ല. മന്ത്രിയുടെയും മുൻമന്ത്രിയുടെയും കാൽക്കൽ വീണ് അവരുടെ മുന്നിൽ ഇളിച്ചുനിൽക്കുന്ന എത്രയോ വനിതകളെ നിങ്ങൾക്കു സംഘടിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ശരിക്കും കുറ്റം എൻറേതു തന്നെ – സച്ചിമാഷെ നേരിട്ടുവിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഈ അബദ്ധം പറ്റില്ലായിരുന്നു. സ്വന്തം സമയത്തിനു വിലയില്ലാത്ത കൂട്ടരാണ് മുഖ്യധാരാരാഷ്ട്രീയത്തിൽ അധികാരത്തിൻറെ ഓരംപറ്റി കഴിയുന്ന ആണുങ്ങൾ. അതുപോലെയല്ല ഞാനെന്ന് ഞാൻ ഓർക്കേണ്ടിയിരുന്നു.

 

Related