November 22 Sunday 2026

ഗ്രാസ മഷേൽ: മനുഷ്യാവകാശ പോരാട്ടങ്ങളുടെയും സമാധാനത്തിന്‍റെയും ആഗോള മുഖം

Graça Machel

പ്രകൃതിസൗന്ദര്യത്താലും സാംസ്കാരിക വൈവിധ്യത്താലും സമ്പന്നമായ, തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്നുകിടക്കുന്ന മൊസാംബിക്കിൽ നിന്നും ഇന്ത്യയിലെത്തി, സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള 2025-ലെ ഇന്ദിരാഗാന്ധി പുരസ്കാരം സ്വീകരിച്ച ഗ്രാസ മഷേലിൻ്റെ ജീവിതവും സമരവഴികളും എല്ലാ സാമൂഹിക പ്രവർത്തകരും മനസ്സിലാക്കുകയും പ്രചോദനാത്മകവും മാതൃകപരാവുമായി ഉൾക്കൊള്ളേണ്ടതുമുണ്ട്.

മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ, വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പതിറ്റാണ്ടുകളുടെ പ്രവർത്തനങ്ങൾ ലോകജനതയ്ക്കായി സംഭാവന ചെയ്ത മാതൃകാ വ്യക്തിത്വമാണ് ഗ്രാസ മഷേൽ. അനീതിയെ ചോദ്യം ചെയ്യാനുള്ള ധൈര്യവും മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രതിബദ്ധതയുമാണ് നേതൃത്വത്തിന്‍റെ അളവുകോൽ എന്ന് അവരുടെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു. സമോറ മഷേലിന്‍റെ വിധവയായും പിന്നീട് നെൽസൺ മണ്ടേലയുടെ പത്നിയായും രണ്ട് രാജ്യങ്ങളുടെ പ്രഥമ വനിതയായ ലോകത്തിലെ ഏക വ്യക്തി കൂടിയാണ് അവർ.

ആദ്യകാല ജീവിതവും സ്വാതന്ത്ര്യസമര പോരാട്ടവും

1945 ഒക്ടോബർ 17-ന് മൊസാംബിക്കിലെ ഗാസ (Gaza) പ്രവിശ്യയിലാണ് ഗ്രാസ സിംബിനെ (Graça Simbine)  ജനിച്ചത്. പോർച്ചുഗലിലെ ലിസ്ബൺ സർവകലാശാലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അവർ, പോർച്ചുഗീസ് ഭരണത്തിനെതിരായ മൊസാംബിക്കിന്‍റെ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ‘ഫ്രെലിമോ’യിൽ (FRELIMO) അധ്യാപികയായും പോരാളിയായും പ്രവർത്തിച്ചു. 1975-ൽ മൊസാംബിക് സ്വതന്ത്രമായപ്പോൾ രാജ്യത്തിന്‍റെ ആദ്യത്തെ വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രിയായി അവർ ചുമതലയേറ്റു. മന്ത്രിസഭയിലെ ഏക വനിതയായിരുന്നു അവർ. നേതൃനിരയിലെത്താൻ വിദ്യാഭ്യാസം തനിക്ക് നൽകിയ ശക്തി മനസ്സിലാക്കിയ ഗ്രാസ, വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനും നിരക്ഷരത ഗണ്യമായി കുറയ്ക്കാനും സ്വന്തം പ്രവർത്തന മേഖല സജ്ജീകരിച്ചെടുത്തു.

യുദ്ധമുഖത്തെ കുട്ടികൾക്കായുള്ള ചരിത്രപരമായ ഇടപെടൽ

തെക്കൻ ആഫ്രിക്കയിൽ നിന്നും ലോകത്തിന്‍റെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശയും ഇടപെടലുകളും ഗ്രാസ നടത്തിവരുന്നു. സായുധ പോരാട്ടങ്ങളിലെ കുട്ടികളെക്കുറിച്ചുള്ള യു.എൻ (UN) പഠനത്തിന് നേതൃത്വം നൽകിയ ഗ്രാസ, 1996-ൽ ഐക്യരാഷ്ട്രസഭയ്ക്ക് (UN General Assembly) സമർപ്പിച്ച “സായുധ കലാപങ്ങൾ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം” (Impact of Armed Conflict on Children) എന്ന ചരിത്രപരമായ റിപ്പോർട്ട്, ആധുനിക യുദ്ധങ്ങളിൽ കുട്ടികൾ നേരിടുന്ന ക്രൂരതകളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി.

യുദ്ധങ്ങളിൽ കുട്ടികൾ കേവലം യാദൃച്ഛികമായി ഇരകളാകുകയല്ല, മറിച്ച് ബോധപൂർവ്വം ലക്ഷ്യം വെക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ് എന്നതായിരുന്നു ഈ റിപ്പോർട്ടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം.

ഈ പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

ആധുനിക യുദ്ധങ്ങളിൽ സൈനികരേക്കാൾ കൂടുതൽ സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. 1986-നും 1996-നും ഇടയിലുള്ള പത്ത് വർഷത്തിനിടെ ലോകമെമ്പാടുമുള്ള യുദ്ധങ്ങളിൽ ഏകദേശം 20 ലക്ഷം കുട്ടികൾ കൊല്ലപ്പെടുകയും, 40 മുതൽ 60 ലക്ഷം വരെ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു.

യുദ്ധം കാരണം ഏകദേശം 1.2 കോടി കുട്ടികൾ ഭവനരഹിതരാവുകയും, 10 ലക്ഷത്തിലധികം കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെടുകയോ കുടുംബത്തിൽ നിന്ന് വേർപിരിയുകയോ ചെയ്യേണ്ടി വന്നു.

പെൺകുട്ടികൾക്കെതിരെയുള്ള ബലാത്സംഗവും ലൈംഗിക ചൂഷണവും യുദ്ധങ്ങളിൽ ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, ആസൂത്രിതമായ ഒരു യുദ്ധതന്ത്രമായി (Tactical weapon of war) ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് വെളിവാക്കിയത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും ഇടപെടലുകൾക്കും കാരണമായി.

യുദ്ധങ്ങളിൽ തകർക്കപ്പെടുന്ന സ്കൂളുകളും ആശുപത്രികളും കുട്ടികളുടെ വിദ്യാഭ്യാസ-ആരോഗ്യ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും, പോഷകാഹാരക്കുറവും പകർച്ചവ്യാധികളും യുദ്ധമേഖലകളിലെ കുട്ടികളുടെ മരണനിരക്ക് വർധിപ്പിക്കുന്നുവെന്നും അവർ ലോകശ്രദ്ധയിൽ കൊണ്ടുവന്നു.

ഉറ്റവരുടെ മരണം നേരിൽ കാണുന്നതും നിരന്തരമായ ഭയവും കുട്ടികളിൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന കടുത്ത മാനസിക ആഘാതത്തിന് (Trauma) കാരണമാകുന്നുവെന്ന കണ്ടെത്തൽ പിന്നീട് ആഗോള സമാധാന ചർച്ചകൾക്ക് അടിസ്ഥാന രേഖയായി മാറി.

ആഗോള സമാധാന ദൗത്യങ്ങളും ‘ഗേൾസ് നോട്ട് ബ്രൈഡ്സും’

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം, കൊറിയൻ ഉപദ്വീപ്, സുഡാൻ, സിംബാബ്‌വെ തുടങ്ങിയ മേഖലകളിലെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ മുന്നിൽ നിൽക്കുന്ന ‘ദി എൽഡേഴ്‌സ്’ (The Elders) എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് ഗ്രാസ മഷേൽ. കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, എല്ലാവർക്കും ആരോഗ്യ പരിരക്ഷ (Universal Health Coverage) തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിൽ നയരൂപീകരണത്തിനായി ദി എൽഡേഴ്സ് നിലകൊള്ളുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 വയസ്സായി നിജപ്പെടുത്തുന്നതിനും, ശൈശവവിവാഹ നിരോധന നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ആഗോള കൂട്ടായ്മയാണ് ‘ഗേൾസ് നോട്ട് ബ്രൈഡ്സ്’ (Girls Not Brides). 2011-ൽ ഗ്രാസ മഷേൽ തുടക്കമിട്ട ഈ പ്രസ്ഥാനം ഇന്ന് ഏകദേശം നൂറോളം രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) ‘2030-ഓടെ ശൈശവവിവാഹം പൂർണ്ണമായി അവസാനിപ്പിക്കുക’ എന്ന ലക്ഷ്യം ഉൾപ്പെടുത്തുന്നതിൽ ഇതിന്‍റെ പ്രവർത്തനങ്ങൾ നിർണ്ണായക പങ്കുവഹിച്ചു.

അംഗീകാരങ്ങളും പുരസ്കാരങ്ങളും

മനുഷ്യരാശിക്ക് നൽകിയ നിസ്തുലമായ സംഭാവനകളെ മുന്‍നിര്‍ത്ത് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ഗ്രാസ മഷേലിനെ തേടിയെത്തിയിട്ടുണ്ട്. 1995-ലെ യു.എൻ നാൻസെൻ അഭയാർഥി പുരസ്കാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ മേഖലയിലെ സംഭാവനകൾക്കുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) സ്വർണ്ണ മെഡൽ, ദക്ഷിണാഫ്രിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ഓർഡർ ഓഫ് മാപുങ്കുബ്വെ എന്നിവയും, ഏറ്റവും ഒടുവിലായി 2025-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരവും.

അധികാരത്തിന്‍റെ ഉന്നതങ്ങളിൽ നിൽക്കുമ്പോഴും സാധാരണക്കാരന്‍റെയും നിസ്സഹായരായ കുട്ടികളുടെയും കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച മഹത് വ്യക്തിത്വമാണ് ഗ്രാസ മഷേൽ. സ്വാതന്ത്ര്യസമര പോരാളിയിൽ നിന്ന് ഭരണാധികാരിയിലേക്കും, അവിടെനിന്ന് ലോകം ആദരിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയിലേക്കുമുള്ള അവരുടെ വളർച്ച അസാധാരണമാണ്. യുദ്ധങ്ങളും സംഘർഷങ്ങളും അസമത്വങ്ങളും ലോകത്തെ ഇന്നും വേട്ടയാടുന്ന ഈ കാലഘട്ടത്തിൽ, ഗ്രാസ മഷേലിന്‍റെ പോരാട്ടവീര്യവും കരുണാർദ്രമായ ഇടപെടലുകളും വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കും.

Related