November 22 Sunday 2026

മായാവി മുതൽ രാമായണം വരെ: മാറുന്ന കാഴ്ചയുടെ സംസ്കാരവും മിത്തുകളുടെ രാഷ്ട്രീയവും

ramayana movie review

നാല് പതിറ്റാണ്ടുകളിലൂടെ ഒരു തലമുറ അനുഭവിച്ച ദൃശ്യസംസ്കാരത്തിന്റെ പരിണാമവും രാമായണത്തിന്റെ പുതിയ രാഷ്ട്രീയ-സൗന്ദര്യശാസ്ത്ര വായനയും.

1984 ആഗസ്റ്റിൽ ബാലരമയിൽ മായാവി എന്ന ചിത്രകഥ ആദ്യമായി പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോൾ, ഞങ്ങളുടെ ബാല്യകാലത്ത് ഞങ്ങളും അത് വായിച്ചുതുടങ്ങിയിരുന്നു. പിന്നീട് ഏകദേശം എട്ടു വർഷത്തോളം, പത്താം ക്ലാസ് പാസാകുന്നതുവരെ, ഞങ്ങൾ മായാവി വായിച്ചിരുന്നു. മായാവി എന്ന ചിത്രകഥ കേരളത്തിൽ ഒരു കൾട്ട് പദവി നേടുന്നതും അങ്ങനെയായിരുന്നു. ഒരു തലമുറ മുഴുവൻ ആഘോഷിച്ച ജനപ്രിയ ഫാന്റസി ലോകമായി മായാവി കേരളത്തിൽ രൂപപ്പെട്ടു. കുട്ടൂസനും ഡാകിനിയും വിക്രമനും മുത്തുവും പുട്ടാലുവും ലുട്ടാപ്പിയുമൊക്കെ കൾട്ട് ഫിഗറുകളായി. ഇവരൊക്കെ മലയാളിയുടെ ഇരട്ടപ്പേരുകളായി മാറി. ഡാകിനിയുടെയും കുട്ടൂസന്റെയും പ്രണയത്തെക്കുറിച്ച് വായനകളുണ്ടായി. ലുട്ടാപ്പിയുടെ കുന്തം പലതരം സിഗ്നിഫയറുകളായി മാറി. കേരളം അങ്ങനെ ഒരു മിത്തിക്കൽ സ്റ്റോറി നിർമിച്ചെടുക്കുകയായിരുന്നു. ആഗോളവൽക്കരണ കാലത്തെ മീഡിയ എക്സ്പാൻഷനു മുമ്പുതന്നെ ചിത്രകഥ എന്ന ഗ്രാഫിക്കൽ ആർട്ടിലൂടെ കേരളീയ സമൂഹത്തിൽ മായാവി ഇടംപിടിച്ചത് അങ്ങനെയായിരുന്നു. ജനപ്രിയ സംസ്കാരത്തിൽ ഒരു സാംസ്കാരിക ഉൽപ്പന്നത്തിന്റെ അർഥം അതിന്റെ നിർമാതാവ് മാത്രം തീരുമാനിക്കുന്നതല്ല; പ്രേക്ഷകരും വായനക്കാരും അവരുടെ സാമൂഹികാനുഭവങ്ങളിലൂടെ അതിന് പുതിയ അർഥങ്ങൾ നൽകുന്നു. അങ്ങനെയാണ് മായാവി എന്ന കഥാപാത്രം ബാലരമയിലെ ഒരു ഫിക്ഷണൽ കഥാപാത്രം എന്ന നിലയിൽനിന്ന് മലയാളിയുടെ പൊതുസാംസ്കാരിക ഓർമയിലേക്ക് പ്രവേശിക്കുന്നത്. മിത്ത് എന്നത് പുരാതനമായ ഒരു ദൈവകഥ മാത്രമല്ല; സമൂഹം ആവർത്തിച്ച് ഉപയോഗിക്കുകയും പുതിയ അർഥങ്ങൾ നൽകുകയും ചെയ്യുന്ന ഒരു സാംസ്കാരിക ചിഹ്നവ്യവസ്ഥ കൂടിയാണ്. മായാവി, കുട്ടൂസൻ, ഡാകിനി തുടങ്ങിയ കഥാപാത്രങ്ങൾ കേരളീയ സമൂഹത്തിൽ അത്തരത്തിലുള്ള സാംസ്കാരിക ചിഹ്നങ്ങളായി മാറുകയായിരുന്നു.

അതേ 1984-ലാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റങ്ങളിലൊന്നായി കണക്കാക്കാവുന്ന ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങുന്നതും. കേരളീയ നാടോടി വിശ്വാസലോകത്തിൽനിന്നുള്ള കുട്ടിച്ചാത്തൻ എന്ന കഥാപാത്രത്തെയാണ് ഈ സിനിമ ത്രീഡി സാങ്കേതികവിദ്യയിലൂടെ അവതരിപ്പിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയിലെ ആദ്യത്തെ 3D ഫീച്ചർ സിനിമയായിരുന്നു. ത്രീഡി സിനിമ കാണാൻ ബാല്യത്തിൽ എനിക്ക് പേടിയായിരുന്നതിനാൽ അത് കാണിക്കാൻ എന്നെ കൊണ്ടുപോയില്ലെന്ന് എന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. 1984-ൽ മൈ ഡിയർ കുട്ടിച്ചാത്തൻ കാണാൻ കഴിയാതിരുന്ന ചുരുക്കം ചിലരിൽ ഒരാൾ ഞാനായിരിക്കാം. പിന്നീട് ആ സിനിമ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ കണ്ണൂർ കവിത ടാക്കീസിൽ പോയി ഞാൻ അത് കണ്ടു. മായാവിയും അതുപോലെ കുട്ടിച്ചാത്തനും മലയാളികളുടെ ജനപ്രിയ സാംസ്കാരിക ഓർമ്മയിൽ ഇടം നേടിയ രണ്ട് വ്യത്യസ്ത കഥാപാത്രലോകങ്ങളായി മാറി. ഒരു കഥയുടെ/മിത്തിന്റെ ഉള്ളടക്കം മാത്രമല്ല, ആ കഥ മനുഷ്യരിലേക്ക് എത്തുന്ന മാധ്യമവും അവരുടെ അനുഭവത്തെ നിർണയിക്കുന്നു. ചിത്രകഥയിലൂടെ വായിച്ച മായാവിയും ത്രിമാന ദൃശ്യാനുഭവത്തിലൂടെ കണ്ട കുട്ടിച്ചാത്തനും ഒരേ തരത്തിലുള്ള അനുഭവങ്ങളല്ല. മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിൽ സ്ക്രീനിൽനിന്ന് പുറത്തേക്ക് വരുന്നതുപോലെ അനുഭവപ്പെടുന്ന ത്രീഡി സാങ്കേതികത ഒരു കഥാപാത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രേക്ഷകന്റെ ബോധത്തെത്തന്നെ മാറ്റി. ഇവിടെ ടെക്നോളജി കഥ പറയാനുള്ള ഒരു ഉപകരണം മാത്രമല്ല, കഥയുടെ അനുഭവത്തെ പുനർനിർമ്മിക്കുന്ന സാംസ്കാരിക ശക്തികൂടിയാണ്. My Dear Kuttichathan ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഫീച്ചർ സിനിമയെന്ന ചരിത്രപ്രാധാന്യവും മലയാള സിനിമയുടെ സാങ്കേതിക പരീക്ഷണങ്ങളുടെ ചരിത്രത്തിൽ അതിനുള്ള സ്ഥാനവും പ്രത്യേകമാണ്.

കേരളത്തിന്റെയും ഇന്ത്യയുടെയും പ്രബലമായ ഇതിഹാസ-പുരാണ പാരമ്പര്യങ്ങളിൽനിന്ന് വ്യത്യസ്തമായ സാംസ്കാരിക വഴികളിലൂടെയാണ് ഈ രണ്ട് സാങ്കൽപ്പിക ലോകങ്ങളും കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിൽ ഇടം നേടിയത്. ഇതിന്റെ സാമൂഹികവും കാലികവുമായ പരിസരങ്ങൾ കൂടി അന്വേഷിക്കുന്നത് ഒരുപക്ഷേ കൗതുകകരമായിരിക്കും. കേരളത്തിലെ വിവിധ സമൂഹങ്ങളിൽ രാമായണ-മഹാഭാരത പാരമ്പര്യങ്ങൾക്കൊപ്പം ചാത്തൻകഥകൾ പോലുള്ള പ്രാദേശിക വിശ്വാസങ്ങളും വാമൊഴിക്കഥകളും നിലനിന്നിരുന്നു എന്ന് എന്റെ ബാല്യകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പറയാം. ചാത്തൻ, മറുത, കൂളി, യക്ഷി തുടങ്ങിയ കഥകൾ ഞങ്ങളുടെ ബാല്യകാലത്ത് ചില പ്രാദേശിക സമൂഹങ്ങളിൽ, പ്രത്യേകിച്ച് കീഴാള-ദലിത് ജീവിതപരിസരങ്ങളിൽ, കേട്ടുവളർന്നിരുന്നു. ഞങ്ങളുടെ ചതുപ്പുനിറഞ്ഞ ചെമ്മീൻകിണ്ടിയിൽ നാരായണി എന്ന യക്ഷി നിലനിൽക്കുന്നുണ്ടെന്ന് ഞങ്ങൾ അന്ന് വിശ്വസിച്ചിരുന്നു. തോട്ടിൻകരയിലൂടെ തീച്ചാമുണ്ഡി പോകുന്നുണ്ടെന്ന കഥകളും കേട്ടിരുന്നു. ചാത്തൻ, മറുത, യക്ഷി, കൂളി എന്നിങ്ങനെ അനേകം അമ്മൂമ്മക്കഥകൾ കേട്ടാണ് ഞങ്ങൾ വളർന്നത്. കേരളത്തിലെ അന്നത്തെ തലമുറകൾ ഇത് പല രൂപങ്ങളിൽ കേട്ടിട്ടുണ്ടാകാം. അതേസമയം, 1980-കൾ എന്നത് അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമയിലെന്നപോലെ കേരളത്തിൽ വൈദ്യുതി വ്യാപകമാകാൻ തുടങ്ങിയ കാലഘട്ടം കൂടിയായിരുന്നു. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിലും വോൾട്ടേജ് കുറഞ്ഞ ബൾബിന്റെ അടിയിലിരുന്നുമാണ് ഞങ്ങൾ ഈ ചാത്തൻകഥകൾ കേട്ടത്.

ഈ അനുഭവത്തെ വായിക്കാൻ പൗള റിച്ച്മാൻ (Paula Richman) എഡിറ്റ് ചെയ്ത Many Ramayanas: The Diversity of a Narrative Tradition in South Asia എന്ന പുസ്തകം വളരെ പ്രധാനപ്പെട്ട ഒരു അക്കാദമിക് പശ്ചാത്തലം നൽകുന്നുണ്ട്. രാമായണം എന്നത് ഒരൊറ്റ ആധികാരികമായ കഥയല്ലെന്നും ചരിത്രപരമായും പ്രാദേശികമായും ജാതി-മതപരമായും സ്ത്രീകളുടെ വാമൊഴി പാരമ്പര്യങ്ങളിലൂടെയും പലതരം രാമായണങ്ങൾ നിലനിന്നിരുന്നുവെന്നും ഈ സമാഹാരം വ്യക്തമാക്കുന്നു. രാമായണത്തിന് പുറമെ, മേൽപ്പറഞ്ഞ പ്രാദേശിക കഥകളും വിശ്വാസങ്ങളും വ്യത്യസ്ത സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളിൽ രൂപപ്പെടുകയും തലമുറകളിലൂടെ കൈമാറപ്പെടുകയും ചെയ്തിരുന്നു. മധ്യപ്രദേശിലെ തൊട്ടുകൂടാത്തവരായി അടയാളപ്പെടുത്തപ്പെട്ട സമൂഹങ്ങൾ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ രാമകഥയെ തങ്ങളുടേതായ രീതിയിൽ പുനരാഖ്യാനം ചെയ്തിട്ടുണ്ടെന്ന് ഈ സമാഹാരത്തിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതായത്, രാമായണം എന്നത് ഒരേയൊരു സാംസ്കാരിക അധികാരകേന്ദ്രത്തിൽനിന്ന് നിർമ്മിക്കപ്പെട്ട ഏകശിലാരൂപമല്ല. അതുപോലെ കേരളത്തിലെ ചാത്തൻ, യക്ഷി, മറുത തുടങ്ങിയ പ്രാദേശിക മിത്തുകളും വ്യത്യസ്തമായ സാമൂഹികാനുഭവങ്ങളുടെയും വിശ്വാസങ്ങളുടെയും സാംസ്കാരിക ആവിഷ്കാരങ്ങളായിരുന്നു.

ചിത്രകഥയിലൂടെയും ത്രീഡി സിനിമയിലൂടെയും ആധുനിക മാധ്യമസാങ്കേതികവിദ്യകൾ കുട്ടികളുടെ മുന്നിലെത്തിയപ്പോൾ മലയാളികൾ അവയെ അത്യപൂർവമായ ആവേശത്തോടെയാണ് സ്വീകരിച്ചത്. മായാവി ഇന്നും ഒരു കൾട്ട് കഥാപാത്രമായി നിലനിൽക്കുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ ഇന്ത്യൻ സിനിമയിൽ വലിയ സാങ്കേതിക ശ്രദ്ധ നേടി. ഈ രണ്ട് കഥാപാത്രലോകങ്ങളും ജനപ്രിയ സംസ്കാരത്തിൽ ഇടം നേടുന്നതിനു പിന്നിൽ അവയെ ജനങ്ങളിലെത്തിച്ച മാധ്യമസാങ്കേതികവിദ്യകൾ വലിയ പങ്കുവഹിച്ചിരുന്നു എന്നതാണ് വാസ്തവം. അതായത്, ത്രീഡി എന്ന സാങ്കേതികവിദ്യയിലൂടെ കുട്ടിച്ചാത്തനെ അവതരിപ്പിച്ചപ്പോൾ ആ കഥാപാത്രത്തിന്റെ ദൃശ്യസാന്നിധ്യം പ്രേക്ഷകരിൽ പുതിയൊരു അനുഭവം സൃഷ്ടിച്ചു. സമൂഹം മുഴുവനായി അതിനെ ഏറ്റെടുത്തു. പിന്നീട് കുട്ടിച്ചാത്തൻ, യക്ഷി തുടങ്ങിയ പ്രാദേശിക മിത്തിക്കൽ രൂപങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളും ജനപ്രിയ സംസ്കാരത്തിൽ ഇടം നേടി. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ടെക്നോളജിക്കൽ സപ്പോർട്ടോടുകൂടി സിനിമ എന്ന മോഡേണിറ്റി മീഡിയയിലൂടെ പുരാണങ്ങൾക്കും രാമായണത്തിനും മഹാഭാരതത്തിനും അപ്പുറമുള്ള നിരവധി ലോക്കൽ മിത്തിക്കൽ ഫിഗറുകളും കഥകളും സിനിമകളിലൂടെ സാംസ്കാരിക മണ്ഡലത്തിലേക്ക് കടന്നുവന്നിരുന്നു എന്നതാണ്. ആ കാലത്ത് കേരളത്തിലെ എല്ലാ സാമൂഹിക വിഭാഗങ്ങളിലും രാമായണമാസവും രാമായണ പാരായണവും ഒരേ തരത്തിൽ വ്യാപകമായിരുന്നില്ല. ജാതി എന്നത് വളരെ ഫിസിക്കലായ രൂപത്തിൽ നിലനിൽക്കുകയും ചെയ്തിരുന്നു. പക്ഷേ, ഹിന്ദുത്വത്തിന്റെ കൾച്ചറൽ പ്ലോട്ടുകൾക്കും മിത്തിക്കൽ സ്റ്റോറികൾക്കുമൊപ്പം തന്നെ പലതരം ആൾട്ടർനേറ്റീവ് സ്റ്റോറികളും രൂപപ്പെട്ടിരുന്നു. ബാലരമ, പൂമ്പാറ്റ, അമർചിത്രകഥ എന്നിവയിൽ പുരാണങ്ങൾ ആഘോഷിക്കപ്പെട്ടെങ്കിലും മായാവി, ഡിങ്കൻ, കപീഷ്, പൂച്ചപ്പൊലീസ്, പപ്പൂസ് തുടങ്ങിയ ചിത്രകഥകളും ചരിത്രത്തിൽ ഇടംതേടി. ബോബനും മോളിയും പോലുള്ള കാർട്ടൂണുകളും ഹാസ്യത്തിന്റെ ചില കലകൾ രൂപപ്പെടുത്തി.

1987 ജനുവരി 25-നാണ് രാമായണം എന്ന ഇന്ത്യൻ സീരിയൽ ഇന്ത്യൻ സമൂഹത്തിലേക്ക് ഒരുതരത്തിൽ ഇരച്ചുകയറുന്നത്. 1988 ജൂലൈ 31 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. അപ്പോഴും മായാവിയൊക്കെ ഇവിടെ നിലനിന്നിരുന്നു. രാമായണം എന്ന സീരിയൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട അതേ കാലത്തുതന്നെയാണ് ടി.വി. എന്ന മീഡിയ ഇൻഫ്രാസ്ട്രക്ചർ അഥവാ ടെക്നിക്കൽ ടൂൾ ഇന്ത്യൻ സമൂഹത്തിൽ വ്യാപകമാകുന്നതും. ഒരുപക്ഷേ, രാമായണം കാരണമാണ് ടി.വി. എന്ന ടൂൾ ഇന്ത്യൻ സമൂഹത്തിൽ കൂടുതൽ ജനപ്രിയമായതെന്ന് വേണം പറയാൻ. എന്നാൽ, 1982-ലെ ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേഷണം ആരംഭിക്കുകയും തുടർന്ന് ദൂരദർശന്റെ പ്രക്ഷേപണ ശൃംഖല വികസിക്കുകയും ചെയ്തിരുന്നു. രാമായണം ടി.വി.യുടെ ജനപ്രിയത വർധിപ്പിച്ച നിർണായക പരിപാടികളിലൊന്നായിരുന്നു. രാമായണം കാണാൻവേണ്ടി മാത്രം മനുഷ്യർ ടി.വി. വാങ്ങിച്ചു. രാമായണം എന്ന സീരിയൽ ഇന്ത്യയിലും കേരളത്തിലും വ്യാപകമായി ഒരു ഹിന്ദുത്വ ഓറ സൃഷ്ടിച്ചു. ഇതിനുമുമ്പേ ആരംഭിച്ചിരുന്ന ബാലഗോകുലങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി. രാമായണ പാരായണങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിച്ചു. രാമായണ ക്വിസുകൾ രൂപപ്പെട്ടു. അങ്ങനെ പലതരത്തിലുള്ള ഹിന്ദുത്വ കടന്നുകയറ്റങ്ങൾ സമൂഹത്തിലുണ്ടായി. രാമായണം കാണാൻ ടി.വി.യുള്ള വീടുകളിൽ ഞങ്ങളെപ്പോലുള്ളവർ തടിച്ചുകൂടി. ടി.വി.യുള്ള വീടുകളിൽ ഞായറാഴ്ച രാവിലകൾ ജനസമുദ്രങ്ങളായി മാറി. ഞങ്ങളുടെ വളർന്നുവരുന്ന ദലിത് മിഡിൽ ക്ലാസ് കുടുംബങ്ങളിൽ പിന്നീട് മഹാഭാരതം കാണാനായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്രൗൺ ടി.വി. വാങ്ങുകയും ചെയ്തു.

എന്നാൽ, രാമായണത്തിന്റെ ടെലിവിഷൻ സംപ്രേഷണത്തെ കേവലം ഒരു ജനപ്രിയ സീരിയലിന്റെ വിജയമായി മാത്രം വായിക്കാൻ കഴിയില്ല. അരവിന്ദ് രാജഗോപാലിന്റെ Politics After Television: Religious Nationalism and the Reshaping of the Indian Public എന്ന പുസ്തകം ഈ വിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് പഠനങ്ങളിലൊന്നാണ്. 1987-ൽ ദൂരദർശനിൽ രാമായണം സംപ്രേഷണം ആരംഭിച്ചതും അതേ കാലഘട്ടത്തിൽ രാമജന്മഭൂമി പ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിൽ ശക്തിപ്പെട്ടതും തമ്മിലുള്ള ബന്ധമാണ് രാജഗോപാൽ വിശദമായി പരിശോധിക്കുന്നത്. രാമായണത്തിന്റെ ടെലിവിഷൻ അവതരണം രാമൻ എന്ന പ്രതീകത്തെ രാജ്യവ്യാപകമായ ദൃശ്യസാന്നിധ്യമായി മാറ്റി. ഈ പ്രതീകത്തിന്റെ രാഷ്ട്രീയ സാധ്യതകളെ ഹിന്ദുത്വ സംഘടനകൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. രാമൻ എന്നത് ഒരു മതകഥയിലെ കഥാപാത്രം മാത്രമല്ലാതെ ദേശീയതയുടെയും മതപരമായ സ്വത്വത്തിന്റെയും രാഷ്ട്രീയ ചിഹ്നമായി മാറുന്ന പ്രക്രിയയിൽ ടെലിവിഷൻ നിർണായകമായ ഒരു മാധ്യമമായി പ്രവർത്തിച്ചു.

രാജഗോപാലിന്റെ പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം, ടെലിവിഷൻ രാഷ്ട്രീയത്തെ ജനങ്ങളിലേക്ക് എത്തിച്ച ഒരു മാധ്യമം മാത്രമായിരുന്നില്ല, മറിച്ച് രാഷ്ട്രീയത്തിന്റെ പൊതുഇടത്തെത്തന്നെ പുനർനിർമ്മിച്ച മാധ്യമമായിരുന്നു എന്നതാണ്. ഞായറാഴ്ച രാവിലെയുള്ള രാമായണത്തിന്റെ സംപ്രേഷണം ഒരേ സമയത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലുള്ള മനുഷ്യരെ ഒരേ ദൃശ്യാനുഭവത്തിലേക്ക് കൊണ്ടുവന്നു. അതൊരു പുതിയ തരത്തിലുള്ള ദേശീയ പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ചു. അങ്ങനെയാണ് ടെലിവിഷൻ സ്ക്രീനിലെ രാമൻ പൊതുഇടങ്ങളിലെ രാഷ്ട്രീയ പ്രതീകമായും വളർന്നു. ടെലിവിഷൻ കാണൽ വെറുമൊരു വിനോദപ്രവർത്തനമല്ലെന്നും കുടുംബം, സ്ത്രീത്വം, വർഗം, ജാതി, മതം, ദേശീയത തുടങ്ങിയ സാമൂഹിക ബന്ധങ്ങൾ അതിലൂടെ പുനർനിർമ്മിക്കപ്പെടുന്നുണ്ടെന്നും പൂർണിമ മങ്കേക്കർ തന്റെ Screening Culture, Viewing Politics: An Ethnography of Television, Womanhood, and Nation in Postcolonial India എന്ന പഠനത്തിൽ വിശദീകരിക്കുന്നു. അതായത്, രാമായണം സംപ്രേഷണം ചെയ്തിരുന്ന വീടുകളിൽ മനുഷ്യർ ഒരു പുരാണകഥ കാണുക മാത്രമായിരുന്നില്ല; കുടുംബത്തിന്റെ കൂട്ടായ കാഴ്ചാനുഭവത്തിലൂടെ ഒരു പ്രത്യേക സാംസ്കാരിക സ്വത്വവും രൂപപ്പെടുത്തുകയായിരുന്നു.

ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടി പറയേണ്ടതുണ്ട്. രാമായണത്തിന്റെ ടെലിവിഷൻ സംപ്രേഷണം മാത്രമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് കാരണമായതെന്ന് പറയുന്നത് ചരിത്രത്തെ ലളിതവൽക്കരിക്കലായിരിക്കും. അതിനു മുമ്പുതന്നെ ആർ.എസ്.എസ്., വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകൾ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിരുന്നു. രാമജന്മഭൂമി പ്രസ്ഥാനവും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും ടെലിവിഷൻ സംപ്രേഷണത്തിനു മുമ്പുതന്നെ രൂപപ്പെട്ടിരുന്നു. എന്നാൽ, രാമായണത്തിന്റെ ദേശീയ ടെലിവിഷൻ സംപ്രേഷണം ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു വലിയ സാംസ്കാരിക ദൃശ്യഭാഷയും പൊതുസമൂഹത്തിലേക്കുള്ള പ്രതീകാത്മക പ്രവേശനവും നൽകി. ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട രാമനും അയോധ്യയും പിന്നീട് തെരുവുകളിലും പ്രകടനങ്ങളിലും രാഷ്ട്രീയ പോസ്റ്ററുകളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ആവർത്തിക്കപ്പെട്ടു. അങ്ങനെ മതപരമായ മിത്ത് ഒരു രാഷ്ട്രീയ സിഗ്നിഫയറായി മാറുകയായിരുന്നു.

2025 ജനുവരിയിൽ പ്രസിദ്ധീകരിക്കുകയും 2026 ആഗസ്റ്റിൽ പുതുക്കുകയും ചെയ്ത ഡീൻ യാങ്, അലസാൻഡ്രോ സായ, അഖില കൊവ്വൂരി, റെസുഫ് അഹമ്മദ്, പോൾ ബ്രിംബിൾ എന്നീ ഗവേഷകരുടെ Ancient Epics in the Television Age: Religious Identity and the Rise of Hindu Nationalism in India എന്ന പഠനം ഈ ബന്ധത്തെക്കുറിച്ച് പുതിയൊരു അനുഭവപരിശോധനാപരമായ വാദം മുന്നോട്ടുവയ്ക്കുന്നുണ്ട്. 1987-ലെ രാമായണ സംപ്രേഷണകാലത്തെ ടെലിവിഷൻ സിഗ്നൽ ലഭ്യതയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ, കൂടുതൽ സിഗ്നൽ ലഭിച്ച പ്രദേശങ്ങളിൽ ഹിന്ദു മതസ്വത്വവുമായി ബന്ധപ്പെട്ട ചില ദീർഘകാല മാറ്റങ്ങൾ ഗവേഷകർ കണ്ടെത്തി. നവജാതശിശുക്കൾക്ക് നൽകിയ പേരുകളെ മതസ്വത്വത്തിന്റെ ഒരു സൂചകമായി അവർ പരിശോധിച്ചു. 1990-കളിലെ ഹിന്ദുത്വ രാഷ്ട്രീയ സമാഹരണകാലത്ത് ആ പ്രദേശങ്ങളിൽ ഹിന്ദു-മുസ്‌ലിം വർഗീയ സംഘർഷങ്ങൾ വർധിച്ചതായും ദീർഘകാലാടിസ്ഥാനത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയസാധ്യത ഉയർന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കണ്ടെത്തലുകൾ ടെലിവിഷൻ ലഭ്യതയുടെ പൊതുവായ ഫലമല്ല, രാമായണ സംപ്രേഷണവുമായി പ്രത്യേകമായി ബന്ധപ്പെട്ടതാണെന്ന് ഉറപ്പാക്കാൻ ഗവേഷകർ വിവിധ പരിശോധനകളും നടത്തിയിട്ടുണ്ട്.

എന്നാൽ, ഇത്തരം കണ്ടെത്തലുകൾ ഓരോ വ്യക്തിയുടെയും പ്രേക്ഷകാനുഭവം ഒരുപോലെയായിരുന്നു എന്ന് അർത്ഥമാക്കുന്നില്ല. രാമായണവും മഹാഭാരതവുമെന്ന രണ്ട് പുരാണങ്ങൾ ടി.വി. എന്ന മാധ്യമത്തിന്റെ ജനപ്രിയത വർധിപ്പിച്ചെങ്കിലും ഞങ്ങളെപ്പോലുള്ള കാണികൾ മഹാഭാരതത്തിലേക്കും രാമായണത്തിലേക്കും മാത്രം ചുരുങ്ങിയില്ല എന്നത് മറ്റൊരു വാസ്തവമാണ്. ഇടുക്കി ജില്ലയിൽ താമസിക്കുമ്പോൾ കൊടൈക്കനാൽ എന്ന തമിഴ് ചാനലിലൂടെ എം.ജി.ആർ. മുതൽ കാർത്തിക് വരെയുള്ളവരുടെ സിനിമകൾ ഇതേ ക്രൗൺ ടി.വി.യിൽ കണ്ട് ഞങ്ങൾ കൈയടിച്ചിരുന്നു. പീരുമേട് എന്ന സ്ഥലത്തെ എസ്.എം.എസ്. ക്ലബ്ബിൽ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ കാണാൻ ജനങ്ങൾ രാമായണത്തെക്കാൾ കൂടുതൽ തടിച്ചുകൂടി. ടി.വി. രാമായണത്തെ വ്യാപകമാക്കിയതിനൊപ്പം തന്നെ മറ്റു പലതരം സീരിയലുകളും സയൻസ് ഫിക്ഷനുകളും സിനിമകളും പാട്ടുകളും ദേശീയ ചാനലുകളിലെ മറ്റു പരിപാടികളുമെല്ലാം ഒരു തലമുറയുടെ സെൻസിബിലിറ്റി രൂപപ്പെടുത്തി. അതേസമയം, The Sword of Tipu Sultan എന്ന സീരിയൽ 1990–91 കാലത്ത് ദൂരദർശനിൽ സംപ്രേഷണം ചെയ്തു. ചരിത്രാവതരണത്തെച്ചൊല്ലി ഈ പരമ്പരക്കെതിരെ പ്രതിഷേധങ്ങളും നിയമപരമായ തടസ്സങ്ങളും ഉയർന്നിരുന്നു. Bible Ki Kahaniyan എന്ന പരമ്പര 1992-ൽ സംപ്രേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഏതാനും എപ്പിസോഡുകൾക്കുശേഷം സംപ്രേഷണം തടസ്സപ്പെടുകയും പിന്നീട് 1996-ൽ വീണ്ടും സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്തു. രാമായണവും മഹാഭാരതവും ഒരു ഹിന്ദുത്വ സാംസ്കാരികത രൂപപ്പെടുത്തിയെങ്കിലും, അത്തരം ഹിന്ദുത്വ പൊളിറ്റിക്കൽ അജണ്ടകൾ ദൂരദർശനിൽ നിലനിന്നിരുന്നെങ്കിലും, ഇതേ ടെലിവിഷനിലൂടെ ഇന്ത്യൻ, കേരളീയ സമൂഹങ്ങളിലെ ഞങ്ങളുടെ വിഷ്വൽ സെൻസിബിലിറ്റി പലതരത്തിൽ മാറുകയായിരുന്നു. സിനിമാ തിയേറ്ററുകളെക്കാൾ കൂടുതൽ വീഡിയോ കാസറ്റ് എന്ന മാധ്യമത്തിലൂടെയായിരുന്നു മമ്മൂട്ടിയെയും മോഹൻലാലിനെയും റഹ്മാനെയും ശങ്കറിനെയും അന്ന് ഞങ്ങൾ ഇഷ്ടപ്പെട്ടുതുടങ്ങിയത്.

ടെലിവിഷൻ എന്നത് ഓരോ പരിപാടികളും ഒറ്റപ്പെട്ട് കാണുന്ന ഒരു മാധ്യമമല്ല; വാർത്തകൾ, പരസ്യങ്ങൾ, സീരിയലുകൾ, സിനിമകൾ, സംഗീതം തുടങ്ങിയ വ്യത്യസ്ത ഉള്ളടക്കങ്ങൾ തുടർച്ചയായി ഒഴുകുന്ന ഒരു സാംസ്കാരിക അനുഭവമാണ്. അതുകൊണ്ടുതന്നെ ഒരേ ടെലിവിഷൻ സ്ക്രീനിൽ രാമായണം കാണുന്ന പ്രേക്ഷകൻ പിന്നീട് എം.ജി.ആറിന്റെ സിനിമയും ഒരു പ്രണയസിനിമയും സയൻസ് ഫിക്ഷനും സംഗീതപരിപാടിയും കാണുകയായിരുന്നു. ഈ വ്യത്യസ്ത ദൃശ്യാനുഭവങ്ങളുടെ തുടർച്ചയാണ് ഒരു തലമുറയുടെ കാഴ്ചയുടെ സംസ്കാരത്തെ രൂപപ്പെടുത്തി. രാമായണം എന്ന ഒരൊറ്റ ടെലിവിഷൻ പരിപാടി ഒരു തലമുറയുടെ മുഴുവൻ ദൃശ്യബോധത്തെയും നിർണയിച്ചുവെന്ന് പറയാൻ കഴിയാത്തതിന്റെ കാരണവും അതാണ്. അതായത്, പ്രേക്ഷകൻ എന്നത് മാധ്യമം നൽകുന്ന സന്ദേശങ്ങൾ നിഷ്ക്രിയമായി സ്വീകരിക്കുന്ന ഒരാളല്ല. ഒരേ ദൃശ്യത്തെ വ്യത്യസ്ത സാമൂഹിക സ്ഥാനങ്ങളിൽനിന്ന് മനുഷ്യർ വ്യത്യസ്ത രീതിയിൽ വായിക്കുമെന്ന് മനസ്സിലാക്കാം. രാമായണം കണ്ട ഒരാൾ അതിനെ ഭക്തിയോടെ സ്വീകരിച്ചിരിക്കാം. മറ്റൊരാൾ കുടുംബത്തിന്റെ കൂട്ടായ ടെലിവിഷൻ അനുഭവമായി ഓർത്തിരിക്കാം. മറ്റൊരാൾ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വിമർശനാത്മകമായി വായിച്ചിരിക്കാം. ഞങ്ങളെപ്പോലുള്ളവർ അതേ കാലത്ത് വീഡിയോ കാസറ്റുകളിലൂടെ മറ്റൊരു സിനിമാലോകത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് രാമായണത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ അംഗീകരിക്കുമ്പോഴും പ്രേക്ഷകന്റെ സ്വതന്ത്രമായ വായനകളെയും വ്യത്യസ്തമായ സാംസ്കാരിക അനുഭവങ്ങളെയും മറന്നുകൂടാ.

1991-ൽ ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിക്കുകയും, 1992 ഡിസംബർ 6-ന് ബാബ്‌റി മസ്ജിദ് തകർക്കപ്പെടുകയും ചെയ്ത അതേ കാലഘട്ടത്തിലാണ് ആഗോളവൽക്കരണം ശക്തിപ്പെടുന്നതും. ആ കാലഘട്ടത്തിലാണ് ഞങ്ങൾ ടെർമിനേറ്റർ 2 എന്ന സിനിമയും കാണുന്നത്. അതിലെ ഷ്വാർസ്നെഗറുടെ ആക്ഷൻ സീനുകളെക്കുറിച്ചും അതിലെ ടെക്നിക്കാലിറ്റികളെക്കുറിച്ചും അന്നത്തെ ടീനേജുകാർ സംസാരിച്ചുതുടങ്ങി. പിന്നീട് ഇൻഡിപെൻഡൻസ് ഡേ (1996), ടൈറ്റാനിക് (1997) തുടങ്ങിയ ഗ്രാഫിക് എഫക്ടുകൾകൊണ്ട് വിസ്മയിപ്പിച്ച സിനിമകളെക്കുറിച്ചും ഞങ്ങളുടെ തലമുറകൾ സംസാരിച്ചു. ടൈറ്റാനിക് രൂപപ്പെടുത്തിയ കമ്പ്യൂട്ടർ ഗ്രാഫിക്സിനെക്കുറിച്ചൊക്കെ ഞങ്ങൾ ചർച്ച ചെയ്തുതുടങ്ങി. ടോയ് സ്റ്റോറി (1995) പൂർണമായും കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ ഫീച്ചർ-ലെങ്ത് ആനിമേഷൻ സിനിമയായി സിനിമാചരിത്രത്തിൽ ഇടം നേടി. ദി മാട്രിക്സ് (1999) ബുള്ളറ്റ്-ടൈം ഉൾപ്പെടെയുള്ള ദൃശ്യസങ്കേതങ്ങളിലൂടെ ഡിജിറ്റൽ വിഷ്വൽ എഫക്ടുകളുടെ സാധ്യതകൾ ജനപ്രിയമാക്കി. പിന്നീട് കിംഗ് കോങ് (2005), അവതാർ (2009), ലൈഫ് ഓഫ് പൈ (2012), ഗ്രാവിറ്റി (2013), ഇന്റർസ്റ്റെല്ലാർ (2014), അവതാർ: ദ വേ ഓഫ് വാട്ടർ (2022) തുടങ്ങിയ സിനിമകൾ CGI, VFX, മോഷൻ ക്യാപ്ചർ, 3D സാങ്കേതികവിദ്യകളുടെ സാധ്യതകൾ വിപുലപ്പെടുത്തി.

ഇവിടെ സിനിമയുടെ സാങ്കേതിക പരിണാമം എന്നത് കൂടുതൽ മികച്ച ക്യാമറകളും കൂടുതൽ വലിയ സ്ക്രീനുകളും വന്നതിന്റെ ചരിത്രം മാത്രമല്ല. അത് ദൃശ്യങ്ങൾ നിർമ്മിക്കുന്നതിലും ദൃശ്യങ്ങളെ വിശ്വസിക്കുന്നതിലും പ്രേക്ഷകർക്ക് പുതിയ ശീലങ്ങൾ രൂപപ്പെട്ടതിന്റെ ചരിത്രം കൂടിയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യ സിനിമയുടെ പരമ്പരാഗത ദൃശ്യഭാഷയെ പൂർണമായും ഇല്ലാതാക്കുകയല്ല ചെയ്തത്; മറിച്ച് ക്യാമറയിൽ നേരിട്ട് പകർത്തിയ ദൃശ്യവും കമ്പ്യൂട്ടറിൽ നിർമ്മിച്ച ദൃശ്യവും ഒരേ സിനിമാറ്റിക് ഫ്രെയിമിൽ സംയോജിപ്പിക്കാനുള്ള സാധ്യത സൃഷ്ടിച്ചു. അതായത്, ഒരു ദൃശ്യത്തിന്റെ യാഥാർത്ഥ്യം ഇനി ക്യാമറ പകർത്തിയതാണോ എന്നതിൽ മാത്രം ആശ്രയിക്കുന്നില്ല. ഡിജിറ്റൽ നിർമ്മാണവും ദൃശ്യത്തിന്റെ വിശ്വാസ്യതയും തമ്മിലുള്ള പുതിയ ബന്ധമാണ് രൂപപ്പെട്ടത്. ടെർമിനേറ്റർ 2 മുതൽ അവതാർ വരെയുള്ള സിനിമകളെ ഈ ചരിത്രത്തിന്റെ ഭാഗമായും കാണാം.

ഇന്ത്യൻ സിനിമയിലും ശിവ കാ ഇൻസാഫ് (1985) ഇന്ത്യയിലെ ആദ്യ ഹിന്ദി 3D ചിത്രമായി ശ്രദ്ധിക്കപ്പെട്ടു. ഹോണ്ടഡ് – 3D (2011), റാസ് 3D (2012), ABCD: Any Body Can Dance (2013), 2.0 (2018) തുടങ്ങിയ ചിത്രങ്ങൾ സ്റ്റീരിയോസ്കോപ്പിക് 3D പ്രദർശനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി. അതേസമയം, എന്തിരൻ (2010), ഈച്ച (2012), ബാഹുബലി: ദ ബിഗിനിങ് (2015), ബാഹുബലി 2: ദ കൺക്ലൂഷൻ (2017), കൽക്കി 2898 എ.ഡി. (2024) തുടങ്ങിയ ചിത്രങ്ങൾ CGI, VFX സാങ്കേതികവിദ്യകളുടെ വളർച്ചയിൽ ശ്രദ്ധേയമായ ഇടം നേടി. മലയാള സിനിമയിലും മിന്നൽ മുരളി (2021), 2018 (2023), ആടുജീവിതം (2024) തുടങ്ങിയ സിനിമകൾ ഡിജിറ്റൽ വിഷ്വൽ എഫക്ടുകളുടെ വ്യത്യസ്ത സാധ്യതകൾ മുന്നോട്ടുവച്ചു. 3D പ്രൊജക്ഷനും CGI/VFX സാങ്കേതികതകളും വ്യത്യസ്തമായ സാങ്കേതിക പ്രയോഗങ്ങളാണെന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

ഈ സിനിമകളുടെ സാങ്കേതിക ചരിത്രം പരിശോധിക്കുമ്പോൾ അവയെല്ലാം ഒരേ തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച സിനിമകളല്ലെന്നതും മനസ്സിലാക്കേണ്ടതുണ്ട്. സ്റ്റീരിയോസ്കോപ്പിക് 3D പ്രൊജക്ഷൻ പ്രേക്ഷകന് ആഴമുള്ള ദൃശ്യാനുഭവം നൽകുന്ന പ്രദർശനരീതിയാണ്. CGI എന്നത് കമ്പ്യൂട്ടർ ഉപയോഗിച്ച് ദൃശ്യങ്ങൾ നിർമ്മിക്കുന്ന രീതിയും VFX എന്നത് യഥാർത്ഥത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളെയും ഡിജിറ്റൽ ഘടകങ്ങളെയും സംയോജിപ്പിക്കുന്ന വിപുലമായ സാങ്കേതികപ്രവർത്തനവുമാണ്. മോഷൻ ക്യാപ്ചർ മനുഷ്യരുടെയോ മറ്റു ജീവികളുടെയോ ചലനങ്ങളെ ഡിജിറ്റൽ കഥാപാത്രങ്ങളിലേക്ക് മാറ്റാൻ സഹായിക്കുന്നു. അതിനാൽ ഒരു സിനിമയിൽ ത്രീഡി ഉണ്ടെന്നതുകൊണ്ടുമാത്രം അതിന്റെ CGI നിലവാരം മികച്ചതാകണമെന്നില്ല. അതുപോലെ മികച്ച VFX ഉള്ള സിനിമ നിർബന്ധമായും 3D സിനിമയായിരിക്കണമെന്നുമില്ല. ഈ വ്യത്യാസം രാമായണം എന്ന സിനിമയുടെ ദൃശ്യസൗന്ദര്യശാസ്ത്രം പരിശോധിക്കുമ്പോൾ പ്രധാനപ്പെട്ടതാണ്.

അതേസമയം, കേബിൾ ടി.വി.യുടെ വികാസത്തിലൂടെ സി.എൻ.എൻ., ബി.ബി.സി. പോലുള്ള ചാനലുകളും എം.ടി.വി., ബി ഫോർ യു പോലുള്ള മ്യൂസിക് ചാനലുകളും സ്റ്റാർ മൂവീസ് പോലുള്ള മൂവി ചാനലുകളും എഫ്.ടി.വി. പോലുള്ള ഫാഷൻ ചാനലുകളും ഞങ്ങൾ കണ്ടുതുടങ്ങി. അതുപോലെ, അന്നത്തെ സി-ക്ലാസ് തിയേറ്ററുകളിൽ മലയാളം ബി-ഗ്രേഡ് സിനിമകളും കണ്ടുതുടങ്ങി. ജുറാസിക് പാർക്ക് പോലുള്ള സിനിമകളിലെ ഗ്രാഫിക് എഫക്ടുകളുടെ സാങ്കേതികതകളെക്കുറിച്ച് സിനിമാ ചർച്ചകൾ രൂപപ്പെട്ടു. പിന്നീട് ലോർഡ് ഓഫ് ദ റിങ്സ് (2001–2003) പോലുള്ള മിത്തിക്കൽ കഥാപാത്രങ്ങളുള്ള സിനിമകളും ദ ഡാർക്ക് നൈറ്റ് (2008), ജോക്കർ (2019) തുടങ്ങിയ ബാറ്റ്മാൻ-പ്രപഞ്ചത്തിലെ സിനിമകളും പുതിയതരം മിത്തുകളിലേക്ക് വളർന്നുവരുന്ന സമൂഹത്തെ പരിചയപ്പെടുത്തി. രാമായണം ഇന്ത്യൻ സമൂഹത്തിൽ പല ഇടങ്ങളിലും പല തരത്തിലും വളർന്നുവന്നെങ്കിലും, രാമൻ എന്ന കൾട്ട് ഫിഗർ ഇന്ത്യൻ സമൂഹത്തിൽ ഒരു പൊളിറ്റിക്കൽ ഫിഗറായി വളർന്നുവന്നെങ്കിലും, ടി.വി., ഗ്ലോബലൈസേഷൻ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, മൊബൈൽ ഫോൺ, ടെലിഗ്രാം, എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ കടന്നുപോയ ഞങ്ങളുടേതും പുതിയതുമായ തലമുറ പലതരം മിത്തുകളിലേക്ക് എക്സ്പോസ് ചെയ്യപ്പെട്ടു.

സിനിമകളായും സീരീസുകളായും കൊറിയൻ സീരീസുകളായും കോവിഡ് കാലത്തെ ഒ.ടി.ടി., ടെലിഗ്രാം കാഴ്ചകളായും മൊബൈൽ ഗെയിമുകളായും പലതരം മിത്തിക്കൽ ലോകങ്ങളിലേക്ക് മനുഷ്യർ എക്സ്പോസ് ചെയ്യപ്പെട്ടു. വിഷ്വൽ കൾച്ചർ എന്നത് മനുഷ്യർ കാണുന്ന ചിത്രങ്ങളുടെയും സിനിമകളുടെയും ഒരു ശേഖരം മാത്രമല്ല; മനുഷ്യർ എങ്ങനെ കാണുന്നു, എന്തിനെ കാണാൻ തിരഞ്ഞെടുക്കുന്നു, ഒരു ദൃശ്യത്തിന് എങ്ങനെ അർത്ഥം നൽകുന്നു എന്നതിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രം കൂടിയാണ്. അതുകൊണ്ട് തന്നെ ഒരു തലമുറയുടെ വിഷ്വൽ സെൻസിബിലിറ്റി എന്നത് അവർ കണ്ട സിനിമകളുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ല. അവർ കണ്ടുവളർന്ന മാധ്യമങ്ങൾ, ചിത്രങ്ങൾ, പരസ്യങ്ങൾ, വാർത്തകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഗെയിമുകൾ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്.

ഒരേ കാലഘട്ടത്തിൽ ജനിച്ചവരാണ് ഒരേ തലമുറ എന്നതിലുപരി, ഒരേ ചരിത്രസംഭവങ്ങളെയും സാമൂഹിക മാറ്റങ്ങളെയും വ്യത്യസ്തമായ അനുഭവങ്ങളിലൂടെ നേരിടുന്നവരാണ് ഒരു തലമുറയുടെ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ 1980-കളിൽ ചിമ്മിനിവിളക്കിനടിയിൽ അമ്മൂമ്മക്കഥകൾ കേട്ടുവളർന്ന ഒരാളുടെ ദൃശ്യബോധവും 1990-കളിൽ കേബിൾ ടെലിവിഷനും വീഡിയോ കാസറ്റും കണ്ടുവളർന്ന ഒരാളുടെ ദൃശ്യബോധവും ഒരുപോലെയല്ല. അതുപോലെ മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒ.ടി.ടി.യും എ.ഐ.യും സ്വാഭാവിക ജീവിതപരിസരമായി അനുഭവിക്കുന്ന പുതിയ തലമുറയുടെ കാഴ്ചയുടെ സംസ്കാരവും വ്യത്യസ്തമാണ്.

അങ്ങനെ വൈവിധ്യമാർന്ന ദൃശ്യസംസ്കാരങ്ങളിലൂടെ വളർന്ന ജെൻ എക്സ്, മില്ലേനിയൽസ്, ജെൻ സെഡ്, ജെൻ ആൽഫ എന്നീ തലമുറകൾ ആകാശവാണി മുതൽ എ.ഐ. വരെയുള്ള സാങ്കേതികവിദ്യകളുമായി ഇടപഴകി ജീവിക്കുന്ന കാലത്തേക്കാണ് രാമായണം എന്ന സിനിമ ത്രീഡി സാങ്കേതികതയുടെ പ്രദർശനവ്യാപ്തിയുമായി എത്തുന്നത്. ഇവിടെ ജെൻ എക്സ്, മില്ലേനിയൽസ്, ജെൻ സെഡ്, ജെൻ ആൽഫ എന്നീ തലമുറകൾ തമ്മിലുള്ള വ്യത്യാസവും പ്രധാനമാണ്. ഓരോ തലമുറയും വ്യത്യസ്തമായ സാങ്കേതിക പരിസരങ്ങളിലാണ് വളർന്നത്. എന്നാൽ അവയെല്ലാം ഒരേ തരത്തിലുള്ള കാഴ്ചശീലങ്ങൾ പങ്കിടുന്നില്ല.

ചരിത്രപരമായ അനുഭവങ്ങളാണ് ഒരു തലമുറയുടെ ബോധത്തെ രൂപപ്പെടുത്തുന്നത്. അതിനാൽ രാമായണം പോലുള്ള ഒരു പുരാണകഥയെ പുതിയ തലമുറ എങ്ങനെ സ്വീകരിക്കുന്നു എന്നത് ആ കഥയുടെ ഉള്ളടക്കത്തിൽ മാത്രം ആശ്രയിച്ചിരിക്കുന്നില്ല; അവർ ഇതിനുമുമ്പ് കണ്ടുവളർന്ന ദൃശ്യലോകങ്ങളുമായുള്ള താരതമ്യത്തിലും ആശ്രയിച്ചിരിക്കുന്നു.

അവിടെയാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത 2026-ലെ രാമായണം എന്ന സിനിമ എന്റെ കാഴ്ചയിൽ സൗന്ദര്യശാസ്ത്രപരമായി ഒരു ഗംഭീര പരാജയമായി മാറുന്നത്. ഇവിടെ വിമർശനവിധേയമാകുന്നത് അതിന്റെ ദൃശ്യ-സൗന്ദര്യശാസ്ത്രപരമായ അവതരണമാണ്. ഒന്നാമതായി, രാമൻ എന്ന ആണത്തം പഴയ രാമായണ സീരിയലിൽനിന്ന് ഒരു പടി പോലും വളരാതെ പുതിയ തലമുറയ്ക്കുമുന്നിൽ ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചതുപോലെ അവതരിപ്പിക്കപ്പെട്ടത് പുതിയ കാഴ്ചയുടെ സെൻസിബിലിറ്റിക്ക് അത്രത്തോളം അരോചകമാണ്. സിനിമയിലൂടെ അന്താരാഷ്ട്ര സിനിമകളിലെ പലതരം ആണത്തങ്ങളുമായി എക്സ്പോസ് ചെയ്യപ്പെട്ട പുതിയൊരു ജനസമൂഹത്തിന്റെ മുന്നിലേക്കാണ് പഴയ ആര്യപുത്ര ലെവലിലുള്ള രാമായണത്തിലെ രാമൻ വീണ്ടും പുനരവതരിക്കുന്നത്. രാമൻ, രാമന്റെ കുടുംബം, രാമന്റെ പൊളിറ്റിക്കൽ മൊറാലിറ്റി, അയാളുടെ ആണത്തം എന്നിവയെല്ലാം പുതിയ ദൃശ്യാനുഭവങ്ങളുമായി പരിചയപ്പെട്ട സമൂഹത്തിന് സഹിക്കാവുന്നതിലും അപ്പുറം അരോചകമാണ് എന്നതാണ് വാസ്തവം. അതുപോലെ, രാമന്റെ കുടുംബബന്ധങ്ങൾ, പ്ലോട്ട്, ഇമോഷനുകൾ, റൊമാൻസ്, സഹോദരബന്ധം, ഗുരു-ശിഷ്യബന്ധം, ലക്ഷ്മണനുമായുള്ള സഹോദരബന്ധം തുടങ്ങിയവയെല്ലാം പഴയ രാമായണ സീരിയലിന്റെ ക്രിഞ്ച് ലെവലിൽനിന്ന് ഒരു പടി പോലും മുന്നോട്ടുപോയില്ല എന്നതാണ് വാസ്തവം. അതായത്, സെമിയോട്ടിക്കലായും മിത്തിക്കലായും പൊളിറ്റിക്കലായും ഒരു എ.ഐ. യുഗത്തിലേക്ക് വളർന്ന ഒരു സമൂഹത്തിലേക്കാണ് ഇത്തരമൊരു ചപ്പടാച്ചിയുമായി സിനിമ ഇറങ്ങിയത്.

കേരളീയ സമൂഹത്തിൽ രാമായണ പാരായണം മുതൽ സുനിൽ പി. ഇളയിടത്തിന്റെ രാമനെ കണ്ടെത്തൽ വരെയുള്ള പലതരം പരിപാടികളിലൂടെ രാമനെ വീണ്ടും നോക്കിക്കാണാൻ ശ്രമിച്ചപ്പോഴും, ആർ.എസ്.എസ്. അതുപോലെ പൊതുഇടങ്ങളിലെ ഹിന്ദുത്വ ധാരകൾ രാമനെ ആഘോഷിക്കുമ്പോഴും, അത്തരം സങ്കേതങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് കൂടുതൽ മിത്തുകളിലേക്കും പുതിയ ദൈവവിശ്വാസങ്ങളിലേക്കും വളർന്നുവന്ന വിഘടിത സമൂഹത്തിലേക്കാണ് രാമനെ വീണ്ടും പ്രതിഷ്ഠിക്കുന്നത്. അതിന്റെ അവതരണരീതിയാണ് എന്റെ കാഴ്ചയിൽ സൗന്ദര്യശാസ്ത്രപരമായി അമ്പേ പരാജയപ്പെടുന്നതും. ത്രീഡി എന്ന സാങ്കേതികതയും ഗ്രാഫിക്സും ഉപയോഗിച്ചാണ് ഈ ടെക്നിക്കൽ പ്രതിഷ്ഠ നടത്താൻ ശ്രമിക്കുന്നത്.

1980-കളിൽ ടെലിവിഷൻ എന്ന പുതിയ ടൂളിലൂടെ, അന്ന് രാമായണത്തിൽ കൂട്ടിമുട്ടി പൊട്ടിത്തെറിക്കുന്ന അമ്പുകളിലൂടെ, വിജയിച്ചുവെങ്കിലും ഇന്നത്തെ ടെക്നോളജിക്കലായി എക്സ്പോസ് ചെയ്യപ്പെട്ട സമൂഹത്തിന്റെ കാഴ്ചയുടെ സംസ്കാരത്തിൽ ഈ രാമായണം പരാജയപ്പെടുകയാണ് ചെയ്തത്. കാരണം, ത്രീഡി സാങ്കേതികതയിലുള്ള പലതരം ലോകസിനിമകൾ സമൂഹം കണ്ടുകഴിഞ്ഞു. അതുപോലെതന്നെ, ഈ സിനിമയിലെ ഗ്രാഫിക്കൽ ആയ രാക്ഷസരൂപങ്ങളുടെയും അസുരരൂപങ്ങളുടെയും വിഷ്വലൈസേഷന്റെ സൗന്ദര്യശാസ്ത്രം തന്നെ മുമ്പെങ്ങോ എടുത്ത് തോട്ടിൽ കളഞ്ഞ സെൻസിബിലിറ്റിയുടേതുകൂടിയാണ്. യാഷ് എന്ന നടൻ, കെ.ജി.എഫ്. എന്ന സിനിമയിലെ സൂപ്പർതാരമായ റോക്കി ഭായിയുടെ മറ്റൊരു വേർഷനെ രാവണനിലൂടെ അവതരിപ്പിച്ചപ്പോൾ പുതിയ സെൻസിബിലിറ്റിയുള്ളവർ രാവണനെക്കാൾ റോക്കി ഭായിയെയാണ് ആഘോഷിച്ചത് എന്നതാണ് വാസ്തവം.

രാവണന്റെ പുഷ്പകവിമാനമൊക്കെ കണ്ടാൽ ചിരിച്ചുമറിയും. രാമായണം സിനിമയ്‌ക്കെതിരെ വന്ന ഒരു ട്രോൾ, റോക്കി ഭായി ഒരു പക്ഷിക്കെതിരെ യുദ്ധം ചെയ്യുന്നു എന്നതാണ്. അത് പുതിയ തലമുറയുടെ സാമൂഹിക-ദൃശ്യസംസ്കാരത്തിൽ രൂപപ്പെടുന്ന കൃത്യമായ ഒരു ട്രോൾ കൂടിയാണ്. റോക്കി ഭായി ഒരു കൾട്ടായി മാറുമ്പോൾ പുതിയ തലമുറ റോക്കി ഭായിയുമായാണ് റിലേറ്റ് ചെയ്യുന്നത് എന്നതാണ് വാസ്തവം. അതുപോലെ, ദേവൻ, അസുരൻ, രാമൻ, രാവണൻ, സീത, ശൂർപ്പണഖ തുടങ്ങിയ ബൈനറികളിലൂടെ ഈസ്തെറ്റിക്സും സിനിമയുടെ സംഘർഷങ്ങളും രൂപപ്പെടുത്തുന്നത് സിനിമ തുടങ്ങുന്നതുമുതൽ ഇന്ത്യൻ പുരാണങ്ങൾ ചൊല്ലിത്തുടങ്ങുന്നതുവരെയുള്ള വംശീയതയുടെ ടെക്സ്റ്റുകളാണ്. ഇതിലെ സംഭാഷണാവതരണം ഉൾപ്പെടെ പല ഘടകങ്ങളും എൺപതുകളുടെ അവതരണശൈലിയിൽനിന്ന് കാര്യമായി മുന്നോട്ടുപോയിട്ടില്ല. അതിനുപുറമെ, കാട്ടിൽ എവിടെയാണ് ലക്ഷ്മണന് പഴക്കുല കിട്ടുക തുടങ്ങിയ ട്രോളുകളും പുതിയ തലമുറ ഏറ്റെടുത്തുകഴിഞ്ഞു.

ഈ സിനിമയിലെ രാമൻ-രാവണൻ ബൈനറിയെക്കുറിച്ച് പറയുമ്പോൾ അതിന്റെ ജാതി, വർഗ, വംശീയ രാഷ്ട്രീയവും പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യൻ പുരാണങ്ങളിൽ ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘർഷം കേവലം നന്മയും തിന്മയും തമ്മിലുള്ള സംഘർഷമായി മാത്രം നിലനിൽക്കുന്നില്ല. പല ചരിത്രഘട്ടങ്ങളിലും ഈ കഥാപാത്രങ്ങൾ വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥങ്ങൾ സ്വീകരിച്ചിട്ടുണ്ട്. രാവണനെ ഒരു അസുരനായി മാത്രം വായിക്കുന്നതും മറ്റൊരു സാമൂഹിക-സാംസ്കാരിക പാരമ്പര്യത്തിൽ അറിവിന്റെയും അധികാരത്തിന്റെയും സംഗീതത്തിന്റെയും പ്രതീകമായി വായിക്കുന്നതും വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ്. ശൂർപ്പണഖയുടെ ശരീരത്തെയും ആഗ്രഹത്തെയും പ്രതിനിധീകരിക്കുന്ന രീതി പോലും പരിശോധിക്കാവുന്നതാണ്.

ഒരു പ്രത്യേക മിത്തിക്കൽ രൂപത്തെ ആവർത്തിച്ച് ദൃശ്യവൽക്കരിക്കുമ്പോൾ അത് സ്വാഭാവികമായ ഒരു സത്യമായി പ്രേക്ഷകന്റെ പൊതുബോധത്തിൽ സ്ഥാപിക്കപ്പെടാം. അങ്ങനെ ദേവൻ, അസുരൻ, ആര്യൻ, അനാര്യൻ, ധർമം, അധർമം തുടങ്ങിയ ബൈനറികൾ സിനിമയുടെ ദൃശ്യഭാഷയിലൂടെ സാമൂഹികമായ അർത്ഥങ്ങൾ നേടുന്നു. അതിനാൽ സിനിമയിലെ രാക്ഷസരൂപങ്ങളുടെ ഗ്രാഫിക്കൽ ഡിസൈൻ പോലും കേവലം ഒരു ആർട്ട് ഡയറക്ഷൻ പ്രശ്നമല്ല; അത് ഒരു പ്രതിനിധാന രാഷ്ട്രീയത്തിന്റെ ഭാഗമാണ്.

എന്നാൽ ഇവിടെ മറ്റൊരു വൈരുധ്യംകൂടിയുണ്ട്. 1987-ലെ രാമായണ സീരിയൽ ഒരു പ്രത്യേക തരത്തിലുള്ള ദേശീയ മതസ്വത്വത്തെ ശക്തിപ്പെടുത്തിയപ്പോൾ, അതേ കാലഘട്ടത്തിലും അതിനുശേഷവും ഇന്ത്യയിലെ ജനപ്രിയ സംസ്കാരം നിരവധി വ്യത്യസ്ത മിത്തുകളെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് ഒരു യുവപ്രേക്ഷകൻ രാമനെക്കാൾ രാവണനുമായി, അല്ലെങ്കിൽ ദൈവിക നായകനെക്കാൾ ഒരു ആന്റി-ഹീറോയുമായി കൂടുതൽ വൈകാരികമായി ബന്ധപ്പെടുന്നുണ്ടെങ്കിൽ അതിനെ വെറും മതവിരുദ്ധതയായി വായിക്കാനാവില്ല. അത് സിനിമകളിലൂടെയും ഗെയിമുകളിലൂടെയും ഡിജിറ്റൽ സംസ്കാരത്തിലൂടെയും രൂപപ്പെട്ട പുതിയ കഥാപാത്രസങ്കൽപ്പങ്ങളുടെ ഭാഗമാണ്.

യാഷിന്റെ റോക്കി ഭായി എന്ന കഥാപാത്രം ഇവിടെ ഒരു ഉദാഹരണമാണ്. കെ.ജി.എഫ്. എന്ന സിനിമയിലെ റോക്കി ഭായി അധികാരത്തോടും സാമൂഹിക പദവികളോടും സ്ഥാപനങ്ങളോടും ഏറ്റുമുട്ടുന്ന ഒരു ജനപ്രിയ ആന്റി-ഹീറോയാണ്. അതിന്റെ ശരീരഭാഷയും വസ്ത്രധാരണവും സംഭാഷണശൈലിയും ആക്ഷൻ ഇമേജറിയും ഒരു പ്രത്യേക തരത്തിലുള്ള പുരുഷാധികാര ഫാന്റസിയെ നിർമ്മിക്കുന്നു. അതേ നടൻ രാവണനായി പ്രത്യക്ഷപ്പെടുമ്പോൾ പ്രേക്ഷകർ അദ്ദേഹത്തിന്റെ മുൻകാല കഥാപാത്രത്തെ ഓർത്തെടുക്കുന്നത് സ്വാഭാവികമാണ്. ഒരു സിനിമയിലെ കഥാപാത്രം ഒറ്റപ്പെട്ട ദൃശ്യരൂപമല്ല; പ്രേക്ഷകൻ മുമ്പ് കണ്ട സിനിമകളുടെയും കഥാപാത്രങ്ങളുടെയും ഓർമ്മകളുമായി ചേർന്നാണ് അതിന്റെ അർത്ഥം രൂപപ്പെടുന്നത്.

അതുകൊണ്ട് തന്നെ രാമായണം എന്ന സിനിമയിലെ രാവണനെ കാണുമ്പോൾ പ്രേക്ഷകൻ കാണുന്നത് രാവണനെ മാത്രമല്ല. കെ.ജി.എഫ് ലെ റോക്കി ഭായിയെയും അയാളുടെ ശരീരഭാഷയെയും താരപരിവേഷത്തെയും കൂടിയാണ്. ഒരു പുതിയ കഥാപാത്രം പഴയ താരപ്രതിച്ഛായയിൽനിന്ന് സ്വതന്ത്രമാകാൻ കഴിയാതെ വരുമ്പോൾ അതിന്റെ മിത്തിക്കൽ വ്യക്തിത്വം ദുർബലപ്പെടാം. ഈ സിനിമയുടെ കാര്യത്തിൽ എന്റെ കാഴ്ചയിൽ സംഭവിച്ചിട്ടുള്ളതും അതുതന്നെയാണ്.

രാമായണം സിനിമ ഇറങ്ങിയതോടെ ഒരു കാര്യം മനസ്സിലായി: 1980-കൾ മുതൽ സമൂഹം പലവിധ വിഷ്വൽ ടെക്സ്റ്റുകളിലൂടെ കടന്നുപോയതുകൊണ്ടുതന്നെ അതിന്റെ സെൻസിബിലിറ്റിയിലേക്ക് വളർന്നിട്ടുണ്ട്. ആ സെൻസിബിലിറ്റിയിലേക്കാണ് ഈ പഴയൊരു ടിപ്പിക്കൽ ദൃശ്യഭാഷ കൊണ്ടുവന്ന് വെക്കുന്നത്. ബാഹുബലി, ആർ.ആർ.ആർ. പോലുള്ള പുരാണ-ദേശീയ ചപ്പടാച്ചികൾ ഇന്ത്യൻ സമൂഹത്തിൽ വിജയിച്ചതുപോലെ, എന്റെ കാഴ്ചയിൽ സൗന്ദര്യശാസ്ത്രപരമായ അതേ സ്വാധീനം രാമായണത്തിന് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ രാമായണം സിനിമയുടെ രണ്ടാം ഭാഗം കൂടി പുറത്തിറങ്ങുമ്പോൾ എന്ത് അനുരണനങ്ങളുണ്ടാകുമെന്ന് ഇനിയാണ് ആശങ്കപ്പെടേണ്ടത്. പക്ഷേ, എൺപതുകൾ മുതൽ വിവിധതരം വിഷ്വൽ ടെക്സ്റ്റുകളിലൂടെ കടന്നുപോയ ഈ ലേഖകനെപ്പോലുള്ളവർക്ക് എങ്കിലും ഈ സിനിമ ഒരു മുറ്റ് കോമഡിയായിട്ടാണ് അനുഭവപ്പെട്ടത്. ഞങ്ങൾ ശരിക്കും തിയേറ്ററിൽ രാമനെയും സീതയെയുമൊക്കെ കാണുമ്പോൾ കമന്റടിച്ച് ചിരിക്കുകയായിരുന്നു. ഞങ്ങളുടെ മുന്നിലിരുന്ന കൗമാരക്കാരോടൊപ്പമായിരുന്നു ആ കമന്ററി. ഈ സിനിമ കണ്ടിറങ്ങിയപ്പോൾ തൊട്ടടുത്തിരുന്ന ഒരു പ്രായമായ സ്ത്രീ പറഞ്ഞ വാക്കുകളാണ് ഏറ്റവും ഇഷ്ടമായത്:

“ഇതെന്ത് സിനിമ, കുടുംബവിളക്ക് സീരിയൽ പോലെയുണ്ടല്ലോ….!”

 

Related